﴿ وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ﴾ (٤٥)
മേൽ സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന പരിഭാഷ ഇപ്രകാരമാണ്:
ക്ഷമയും, നമസ്കാരവും വഴി നിങ്ങൾ സഹായം തേടിക്കൊള്ളുവിൻ. നിശ്ചയമായും ഇത് വലിയ (ഭാരിച്ച) കാര്യം തന്നെയാകുന്നു, ഭക്തന്മാർക്ക് ഒഴികെ. (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/169)
الخَاشِعِين എന്നതിന് ഭക്തന്മാർ എന്ന പരിഭാഷ കൃത്യമല്ല. ആ പദം മറ്റൊരു വ്യവഹാരത്തിൽനിന്ന് കടമെടുത്തതാണ്. മതിയായ വിശദീകരണമില്ലാതെ ഇത്തരം ശബ്ദാവലികൾ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. വിശദീകരണത്തിനായി മുഖവുര, ഭാഗം-3 വായിക്കുക. മാത്രമല്ല خُشُوع എന്ന ഖുർആനിക ശബ്ദം വേണ്ടതു പോലെ പരിചയപ്പെടുത്തിയിട്ടുമില്ല. ഈ ശബ്ദം ഉൾക്കൊള്ളുന്ന അടിസ്ഥാന ആശയങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഅ്ദി رَحِمَهُ اللهُ യെ ഉദ്ധരിക്കാം.
والخشوع هو خضوع القلب وطمأنينته، وسكونه لله تعالى، وانكساره بين يديه، ذلا وافتقارا، وإيمانا به وبلقائه [عبد الرحمن السعدي في تفسيره]
[خُشُوع എന്നത് ഹൃദയത്തിൻെറ താഴ്മയും അടക്കവുമാണ്. അല്ലാഹുവിന്നു വേണ്ടിയുള്ള അതിൻെറ ഒതുക്കമാണ്. പതിത്വത്തോടും ആശ്രിതത്വത്തോടും കൂടി അവൻെറ മുമ്പാകെ അത് തകർന്നിരിക്കുന്ന അവസ്ഥയാണ്. അതു തന്നെ അവനിലുള്ള തികഞ്ഞ വിശ്വാസത്തോടും അവനെ കണ്ടുമുട്ടേണ്ടിവരുമെന്ന ബോധ്യത്തോടും കൂടി.] (സഅ്ദി തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
വ്യക്തതക്കു വേണ്ടി ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ യുടെ വിശദീകരണം കൂടി വായിക്കാം:
وَالْخُشُوعُ فِي أَصْلِ اللُّغَةِ الِانْخِفَاضُ وَالذُّلُّ وَالسُّكُونُ قَالَ تَعَالَى ﴿وَخَشَعَتِ الْأَصْوَاتُ لِلرَّحْمَنِ﴾ (طه: 108) أَيْ سَكَنَتْ وَذَلَّتْ وَخَضَعَتْ، وَمِنْهُ وَصْفُ الْأَرْضِ بِالْخُشُوعِ، وَهُوَ يُبْسُهَا وَانْخِفَاضُهَا وَعَدَمُ ارْتِفَاعِهَا بِالرَّيِّ وَالنَّبَاتِ، قَالَ تَعَالَى: ﴿وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ﴾ (فصلت: 39)، وَالْخُشُوعُ قِيَامُ الْقَلْبِ بَيْنَ يَدَيِ الرَّبِّ بِالْخُضُوعِ وَالذُّلِّ وَالْجَمْعِيَّةِ عَلَيْهِ، وَقِيلَ: الْخُشُوعُ الِانْقِيَادُ لِلْحَقِّ، وَهَذَا مِنْ مُوجِبَاتِ الْخُشُوعِ، فَمِنْ عَلَامَاتِهِ أَنَّ الْعَبْدَ إِذَا خُولِفَ وَرُدَّ عَلَيْهِ بِالْحَقِّ اسْتَقْبَلَ ذَلِكَ بِالْقَبُولِ وَالِانْقِيَادِ. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين)
[خُشُوع എന്നതിൻെറ മൂലാർത്ഥം താഴ്മ, പതിത്വം, ഒതുക്കം എന്നെല്ലാമാണ്. അല്ലാഹു പറയുന്നു: “ശബ്ദങ്ങളെല്ലാം റഹ്‌മാനായ അല്ലാഹുവിന്നായി അടങ്ങിക്കഴിഞ്ഞിരിക്കുന്നു”. (ത്വാഹാ 108) അഥവാ അത് ഒതുങ്ങുകയും കീഴ്‌പ്പെടുകയും താഴുകയും ചെയ്തിരിക്കുന്നു. ഇതേ ആശയത്തിലാണ് ഭൂമിയെ ഒതുങ്ങിയത് എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഭൂമി ഉണങ്ങുകയും താഴുകയും, വെള്ളവും ചെടികളും കൊണ്ട് പൊങ്ങിനിൽക്കാതിരിക്കുകയും ചെയ്യുന്നു എന്നു സാരം. അല്ലാഹു പറയുന്നു: “അവൻെറ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് ഭൂമിയെ നീ അടങ്ങിക്കിടക്കുന്നതായി കാണുന്നു എന്നത്. അതിനു മീതെ നാം വെള്ളം വർഷിച്ചാൽ അത് സടകുടഞ്ഞ് എഴുന്നേൽക്കുകയും വളർന്നു പൊങ്ങുകയും ചെയ്യുന്നു.” (ഫുസ്സിലത് 39) خُشُوع എന്നാൽ താഴ്മയോടും പതിത്വത്തോടും കൂടി ഹൃദയം റബ്ബിൻെറ മുന്നിൽ നിൽക്കുകയും അവനിൽ ഏകാഗ്രത പുലർത്തുകയും ചെയ്യുന്ന അവസ്ഥയാണ്. സത്യത്തിന് കീഴ്‌പ്പെടലാണ് خُشُوع എന്നും പറയപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ അത് خُشُوع ൻെറ അനിവാര്യതകളിൽപെട്ട കാര്യമാണ്. അതിൻെറ അടയാളങ്ങളിൽപെട്ടതാണ് ഒരു അടിയാൻ എതിർക്കപ്പെടുകയും സത്യം കൊണ്ട് ഖണ്ഡിക്കപ്പെടുകയും ചെയ്താൽ വണക്കത്തോടും സ്വീകാര്യതയോടും കൂടി അതിനെ അവൻ പുണരും എന്നുള്ളത്.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീൻ എന്ന കൃതിയിൽ രേഖപ്പെടുത്തിയത്)
കൂടാതെ, ഈ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ ക്ഷമയെ കുറിച്ച് നൽകിയ വിവരണവും അപൂർണ്ണമാണ്. മനസ്സിനെ തടഞ്ഞുവെക്കുക എന്നതാണ് صَبْرٌ ൻെറ വിവക്ഷ. അത് മൂന്ന് വിധമാണ്.
ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ ക്ഷമയെ വിശദീകരിക്കുന്നത് കാണുക:
فَالصَّبْرُ حَبْسُ النَّفْسِ عَنِ الْجَزَعِ وَالتَّسَخُّطِ. وَحَبْسُ اللِّسَانِ عَنِ الشَّكْوَى. وَحَبْسُ الْجَوَارِحِ عَنِ التَّشْوِيشِ. وَهُوَ ثَلَاثَةُ أَنْوَاعٍ: صَبْرٌ عَلَى طَاعَةِ اللَّهِ. وَصَبْرٌ عَنْ مَعْصِيَةِ اللَّهِ. وَصَبْرٌ عَلَى امْتِحَانِ اللَّهِ. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين]
[വെപ്രാളവും വിമ്മിട്ടവും കാണിക്കുന്നതിൽ നിന്ന് മനസ്സിനെയും പരാതിപ്പെടുന്നതിൽനിന്ന് നാവിനെയും ക്രമവിരുദ്ധമായ കാര്യങ്ങളിൽനിന്ന് അവയവങ്ങളെയും തടഞ്ഞുവെക്കലാണ് ക്ഷമ. അത് മൂന്നു തരമാണ്. അല്ലാഹുവിന് വഴിപ്പെടുന്ന കാര്യങ്ങളിലുള്ള ക്ഷമ, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽനിന്നുള്ള ക്ഷമ, അല്ലാഹുവിൻെറ പരീക്ഷണങ്ങളിലുള്ള ക്ഷമ.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീൻ എന്ന കൃതിയിൽ രേഖപ്പെടുത്തിയത്)