﴿وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ﴾ (50)
മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്ത ഒരു പരാമർശം തെറ്റിദ്ധാരണാജനകണ്. അത് ഇപ്രകാരം വായിക്കാം:
“അന്ന് മൂസാ (അ) നോമ്പ് നോറ്റു എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: ‘മൂസായെ സംബന്ധിച്ച് ഞാൻ നിങ്ങളെക്കാൾ അവകാശപ്പെട്ടവനാണ്.’ അങ്ങനെ, അന്ന് തിരുമേനി നോമ്പ് പിടിക്കുകയും, അന്ന് നോമ്പ് നോൽക്കുവാൻ കൽപിക്കുകയും ചെയ്തു. (അ; ബു; മു; ന; ജ). ഈ ഹദീസനുരിച്ചാണ് ആശൂറാ ദിവസം മുസ്‌ലിംകൾ നോമ്പ് പിടിക്കുന്നത്. അത് നബി (സ) യുടെ സുന്നത്തിൽപെട്ടതാണെന്ന് പൊതുവെ അറിയപ്പെട്ടതുമാണ്.” (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/173-174)
മുഹറം പത്താണ് ആശൂറാഅ്. ജാഹിലിയ്യാ കാലത്തു തന്നെ അറബികൾ ആശൂറാ ദിവസം നോമ്പെടുക്കാറുണ്ടായിരുന്നു. നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനു മുമ്പ്, മക്കയിൽ ജീവിച്ചിരുന്ന കാലത്ത് നബി ﷺ യും ആശൂറാ ദിനം നോമ്പെടുത്തിരുന്നു. മദീനയിൽ വന്ന് ഹിജ്റഃ രണ്ടാം വർഷം റമദാനിൽ നോമ്പ് നിർബ്ബന്ധമാക്കിയപ്പോൾ ആശൂറാഇനെ ഒരു ഐഛിക നോമ്പാക്കി മാറ്റി.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الجَاهِلِيَّةِ، وَكَانَ رَسُولُ اللَّهِ ﷺ يَصُومُهُ، فَلَمَّا قَدِمَ المَدِينَةَ صَامَهُ، وَأَمَرَ بِصِيَامِهِ، فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ، فَمَنْ شَاءَ صَامَهُ، وَمَنْ شَاءَ تَرَكَهُ. [البخاري في صحيحه]
[ആയിശഃ َرَضِيَ اللهُ عَنْها നിവേദനം. അവർ പറയുന്നു: ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ആശൂറാ ദിവസം നോമ്പെടുക്കാറുണ്ടായിരുന്നു. നബി ﷺ യും ആ നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. മദീനഃയിൽ വന്നപ്പോൾ അവിടുന്ന് ആ നോമ്പ് അനുഷ്ഠിക്കുകയും അനുഷ്ഠിക്കാൻ കൽപിക്കുകയും ചെയ്തു. പിന്നീട് റമദാൻ നിർബ്ബന്ധമാക്കിയപ്പോൾ ആശൂറാ ദിവസം വിട്ടു. അഥവാ നോമ്പെടുക്കാൻ ഉദ്ദേശിച്ചവർ അനുഷ്ഠിക്കുകയും ഉപേക്ഷിക്കാൻ ഉദ്ദേശിച്ചവർ അങ്ങനെയും ചെയ്തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മദീനയിൽ വരുന്നതു വരെ നബി ﷺ ക്ക് ആശൂറാ നോമ്പിനെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നോ അവിടുന്ന് അത് അനുഷ്ഠിക്കാറുണ്ടായിരുന്നില്ലെന്നോ അനുവാചകർ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇത്രയും പറഞ്ഞത്. വിശുദ്ധ ഖുർആൻ വിവരണം വായിക്കുന്ന ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിക്കാനിടയുണ്ട്. മാത്രമല്ല, റമദാൻ മാസത്തെ നോമ്പ് നിർബ്ബന്ധമാക്കുന്നതു വരെ മദീനാ നിവാസികളും നബി ﷺ യുടെ കൽപന പ്രകാരം ആശൂറാഇന് വലിയ പ്രാധാന്യം കൽപിച്ചിരുന്നു. താഴെ കൊടുത്തിരിക്കുന്ന ഹദീസ് ശ്രദ്ധിക്കുക:
عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ، قَالَتْ: أَرْسَلَ النَّبِيُّ ﷺ غَدَاةَ عَاشُورَاءَ إِلَى قُرَى الأَنْصَارِ: مَنْ أَصْبَحَ مُفْطِرًا، فَلْيُتِمَّ بَقِيَّةَ يَوْمِهِ وَمَنْ أَصْبَحَ صَائِمًا، فَليَصُمْ، قَالَتْ: فَكُنَّا نَصُومُهُ بَعْدُ، وَنُصَوِّمُ صِبْيَانَنَا، وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ العِهْنِ، فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهُ ذَاكَ حَتَّى يَكُونَ عِنْدَ الإِفْطَار. [البخاري في صحيحه]
[റുബയ്യിഅ് ബിൻത് മുഅവ്വിദ് رَضِيَ اللهُ عَنْهَا നിവേദനം. ആശൂറാ ദിവസം രാവിലെ നബി ﷺ അൻസാരികളുടെ ഗ്രാമങ്ങളിലേക്ക് ദൂതരെ അയച്ചു. പുലർകാലത്ത് നോമ്പില്ലാത്തവർ അന്നേ ദിവസം ബാക്കി സമയം വ്രതമനുഷ്ഠിക്കാനും നോമ്പുള്ളവർ നോമ്പ് പൂർത്തീകരിക്കാനും അവിടുന്ന് കൽപിച്ചു. അവർ പറയുന്നു: അതിനു ശേഷം ഞങ്ങൾ ആ നോമ്പ് അനുഷ്ഠിച്ചുപോന്നു. ഞങ്ങളുടെ കുട്ടികളെ കൊണ്ട് നോമ്പ് എടുപ്പിക്കുകയും ചെയ്തു. പരുത്തി കൊണ്ട് അവർക്ക് ഞങ്ങൾ കളിക്കോപ്പുകൾ ഉണ്ടാക്കി വെച്ചിരുന്നു. അവരിൽ ആരെങ്കിലും ഭക്ഷണത്തിനായി കരഞ്ഞാൽ നോമ്പുതുറക്കുന്ന സമയം വരെ അവന് ഞങ്ങൾ ആ കളിക്കോപ്പുകൾ നൽകുമായിരുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ജൂതന്മാരും പ്രാധാന്യം കൽപിച്ചിരുന്ന ദിവസമാണ് ആശൂറാഅ്. അന്നേ ദിവസം അവരും നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബി ﷺ മദീനയിലെത്തി കുറേ കഴിഞ്ഞ് അവിടെയുണ്ടായിരുന്ന ജൂതന്മാരുമായി ഇടപഴകിയ ശേഷമാണ് ഈ വസ്തുത അവിടുത്തെ ശ്രദ്ധയിൽ വരുന്നത്. ഇക്കാര്യം ഇമാം ബുഖാരി رَحِمَهُ اللهُ ഉദ്ധരിക്കുന്നത് കാണുക:
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: قَدِمَ النَّبِيُّ ﷺ المَدِينَةَ فَرَأَى اليَهُودَ تَصُومُ يَوْمَ عَاشُورَاءَ، فَقَالَ: مَا هَذَا؟، قَالُوا: هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ، فَصَامَهُ مُوسَى، قَالَ: فَأَنَا أَحَقُّ بِمُوسَى مِنْكُمْ، فَصَامَهُ، وَأَمَرَ بِصِيَامِهِ. [البخاري في صحيحه]
[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا നിവേദനം. നബി ﷺ മദീനയിൽ വന്നപ്പോൾ ജൂതന്മാർ ആശൂറാ ദിവസം നോമ്പെടുക്കുന്നത് കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണു കാര്യം? അവർ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഈ ദിവസമാണ് അല്ലാഹു ഇസ്രാഈൽ സന്തതികളെ അവരുടെ ശത്രുക്കളിൽനിന്ന് രക്ഷപ്പെടുത്തിയത്. അതിനാൽ അന്ന് മൂസാ നോമ്പനുഷ്ഠിച്ചു. അവിടുന്ന് പറഞ്ഞു: എന്നാൽ ഞാനാണ് മൂസയോട് നിങ്ങളെക്കാൾ കടപ്പെട്ടവൻ. അങ്ങനെ അവിടുന്ന് ആ ദിവസം നോമ്പെടുത്തു. മറ്റുള്ളവരോട് നോമ്പെടുക്കാൻ കൽപിക്കുകയും ചെയ്തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
നബി ﷺ നേരത്തെ അനുഷ്ഠിച്ചു പോന്നിരുന്ന ഒരു കാര്യം ജൂതന്മാർ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ അവിടുന്ന് അതിനെ കുറിച്ച് അന്വേഷിച്ചു. അത് മൂസാ നബി عَلَيْهِ السَلَام യുടെ ചര്യയാണെന്ന് പറഞ്ഞപ്പോൾ ജൂതന്മാരെക്കാൾ അദ്ദേഹത്തോട് ആദർശപരമായ കടപ്പാട് തനിക്കുണ്ടെന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങളിൽ വ്യതിരിക്തത പുലർത്തുകയെന്നത് അവിടുത്തെ നിലപാടുകളിൽപെട്ടതാണ്. അതു കൊണ്ട് മറ്റൊരു നിർദ്ദേശം കൂടി അവിടുന്ന് മുന്നോട്ടു വെച്ചു.
عَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَالَ رَسُولُ اللهِ ﷺ: لَئِنْ بَقِيتُ إِلَى قَابِلٍ لَأَصُومَنَّ التَّاسِعَ. [مسلم في صحيحه]
[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا നിവേദനം. നബി ﷺ പറയുകയുണ്ടായി: അടുത്ത വർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ താസൂആ (മുഹറം 9) നോമ്പെടുക്കുമായിരുന്നു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ചുരുക്കത്തിൽ, ജാഹിലിയ്യത്തിൽ തന്നെ ഖുറൈശികൾ അനുഷ്ഠിച്ചിരുന്നതും നബി ﷺ യുടെ വാചികവും കർമ്മപരവുമായ ചര്യകളിൽ സ്ഥരിപ്പെട്ടിട്ടുള്ളതുമായ കാര്യമാണ് ആശൂറാ നോമ്പ്. റമളാനിലെ നോമ്പ് നിർബ്ബന്ധമാക്കിയപ്പോൾ അതിനെ ഐഛികമായ നോമ്പായിട്ട് കണക്കാക്കി. പിന്നീട്, ജൂതന്മാരും അന്നേ ദിവസം നോമ്പ് അനുഷ്ഠിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അനുഷ്ഠാനപരമായ വ്യതിരിക്തതക്കു കൂടി താസൂആ ദിവസം അതിലേക്ക് ചേർക്കാൻ അവിടുന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതാണ് വസ്തുത.