﴿ثُمَّ بَعَثْنَاكُم مِّن بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ﴾ (56)
മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം എഴുതിയതായി കാണുന്നു:
“ഇടിത്തീകൊണ്ടും മറ്റുമായി അവർ മരണമടയുകയും, അവർ നിശ്ശേഷം നശിച്ചേക്കുമെന്ന് കരുതപ്പെടുകയും ചെയ്ത ശേഷം അവരുടെ സന്തതികളെ അല്ലാഹു വർദ്ധിപ്പിച്ചു. അവരെ പുനരുദ്ധരിച്ചു. (تفسير المنار).” (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/178)
‘സലഫീ’ങ്ങളുടെ മാതൃകയനുസരിച്ച് പൗരാണികാദർശത്തിലുള്ള ഒരു സലഫീ തഫ്‌സീർ ആയിരിക്കുവാൻ വേണ്ടി രചയിതാക്കൾ ശ്രമിച്ചിട്ടുള്ള ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ഇത്തരം സ്ഖലിതങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
സലഫുകളുടെ വ്യാഖ്യാനരീതി ഖുർആനിക സൂക്തങ്ങൾക്ക് ബാഹ്യവും യഥാതഥവുമായ അർത്ഥം മാത്രം നൽകുക എന്നതാണ്. മുകളിൽ കണ്ടതു പോലെ, സൂക്തങ്ങളുടെ ബാഹ്യാർത്ഥം വിട്ട് മറ്റു വ്യാഖ്യാനങ്ങൾ നൽകുക എന്നത് അവരുടെ രീതിയല്ല. അത് ദുർവ്യാഖ്യാനവും അല്ലാഹുവിൻെറ പേരിൽ കള്ളം ചമക്കലുമാണ്.
ഈ സൂക്തത്തിന് ഇബ്‌നു ജരീർ അത്ത്വബ്‌രി رَحِمَهُ اللهُ നൽകിയ അർത്ഥം ഒരു ഉദാഹരണമെന്ന നിലയിൽ താഴെ ചേർക്കാം.
يعني بقوله: (ثم بعثناكم) ثم أحييناكم… يعني بقوله: (من بعد موتكم) ، من بعد موتكم بالصاعقة التي أهلكتكم [أبو جعفر الطبري في جامع البيان]
[‘പിന്നീട് നിങ്ങളെ നാം പുനരുത്ഥാനത്തിന് വിധേയമാക്കി’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് പിന്നീട് നാം നിങ്ങളെ ജീവിപ്പിച്ചു എന്നാണ്… ‘നിങ്ങളുടെ മരണ ശേഷം’ എന്നതിൻെറ അർത്ഥം നിങ്ങളെ നാമാവശേഷമാക്കിയ ഇടിത്തീയേറ്റ് നിങ്ങൾ മരണപ്പെട്ടതിനു ശേഷം എന്നുമാണ്.] (ഇബ്‌നു ജരീർ അത്ത്വബ്‌രി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
ത്വബ്‌രി രേഖപ്പെടുത്തിയതു പോലെ ബാഹ്യവും യഥാതഥവുമായ അർത്ഥമാണ് മേൽ സൂക്തത്തിന് സലഫുകൾ നൽകിപ്പോന്നത്. എന്നിരിക്കെ തെറ്റായ മറ്റു അർത്ഥങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും പോകേണ്ട കാര്യമില്ലായിരുന്നു.
എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിൻറെ രചയിതാക്കൾ മുഹമ്മദ് അബ്ദുവിൻെറ യുക്തിയും അഭിപ്രായവുമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ഉദ്ധരിച്ച ആശയമാണെങ്കിൽ പരമാബദ്ധവും. അത് പ്രമാണ രേഖകൾക്ക് നിരക്കുന്ന കാര്യമല്ല. സലഫുകളുടെ വ്യാഖ്യാനങ്ങളുമായോ വ്യാഖ്യാന രീതിയുമായോ യോജിക്കുന്നതുമല്ല. ബുദ്ധിയുടെയും യുക്തിയുടെയും പേരിൽ എഴുന്നള്ളിക്കുന്ന പ്രസ്തുത ആശയം വളരെ വികലവുമാണ്; അതിനെ ബുദ്ധിപരമെന്നോ യുക്തിഭദ്രമെന്നോ വിശേഷിപ്പിക്കാവതല്ല. സത്യാന്വേഷിയായ ഒരു ഖുർആൻ പഠിതാവിൻറെ വൈജ്ഞാനിക തൃഷ്ണകളെ ശമിപ്പിക്കാൻ അതിന് സാധിക്കുകയുമില്ല.
മുഹമ്മദ് അബ്ദുവിൻെറ അഭിപ്രായം സലഫുകൾ പറയാത്തതാണ് എന്നതിലുപരി പിൽകാലക്കാർക്ക് പോലും ഉൾക്കൊള്ളാൻ കഴിയാത്ത വിധം അബദ്ധവും ശുദ്ധ അംസബന്ധവുമാണ്. അതിനാൽ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കൾക്കു തന്നെ അതിനെ ഖണ്ഡിക്കേണ്ടതായി വന്നു. പക്ഷെ, അതിനെ ഖണ്ഡിക്കുമ്പോഴും സലഫുകളുടെ രീതി അവർ പിന്തുടരുന്നില്ല.
തെറ്റായ ഒരു ആശയത്തെ ഖണ്ഡിക്കാൻ അഹ്‌ലുസ്സുന്നഃ തെളിവ് ഉദ്ധരിക്കുക പ്രമാണരേഖകളിൽ നിന്നാണ്. വ്യാജവാദികളെ പോലെ തെറ്റായ സ്രോതസ്സുകളെ അവർ ഉദ്ധരിക്കുകയില്ല. കാരണം അത് തെളിവല്ല. തന്നിഷ്ടക്കാർ തെളിവു പിടിക്കാനും സമർത്ഥിക്കാനും അവലംബിക്കുക അവരുടെ ബുദ്ധി, യുക്തി, അഭിഷ്ടങ്ങൾ പോലുള്ളവയായിരിക്കും. അത്തരം രീതികളും അഹ്‌ലുസ്സുന്നഃ അവലംബിക്കുകയില്ല.
ഇവിടെ മുഹമ്മദ് അബ്ദുവിൻെറ അഭിപ്രായത്തെ ഖണ്ഡിക്കുന്നത് അഹ്‌ലുസ്സുന്നഃയുടെ രീതി വിട്ട് ബൈബിളിൽനിന്ന് തെളിവ് ഉദ്ധരിച്ചു കൊണ്ടാണ്.
“ബൈബിളിൽ ഇസ്റാഈല്യർ അല്ലാഹുവിനെ കാണുവാൻ ആവശ്യപ്പെട്ടതായി വ്യക്തമാക്കപ്പെട്ടും കാണുന്നില്ല.” (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/179)
അതുകൊണ്ടുമായില്ല. തുടർന്ന് ബൈബിളിൻെറ നിലപാടിനെയും ഖണ്ഡിക്കാൻ മുതിരുകയാണ്. അതിനു വേണ്ടി ഉദ്ധരിക്കുന്നതും ബൈബിളിൽനിന്നുള്ള ചില വാക്യങ്ങൾ തന്നെ!
“അതിനും പുറമെ, ബൈബിളിൻറെ തന്നെ മറ്റൊരു പ്രസ്താവനക്ക് കടക വിരുദ്ധവുമാണിത്.” (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/179)
ഇതത്രയും അനാവശ്യവും കൃത്രിമവുമായ ചർച്ചകളാണ്. ഈ ചർച്ചകളുടെ ഉള്ളടക്കവും ചർച്ചകളിൽ പിന്തുടർന്ന രീതികളും സലഫുകളുടെ വ്യാഖ്യാന രീതിക്ക് വിരുദ്ധമാണ്. ഇതിലെല്ലാം അഭീഷ്ടക്കാരുടെ രീതികളാണ് പിന്തുടരുന്നത്. ഇതേ പോലെ പല സൂക്തങ്ങളുടെയും വ്യാഖ്യാനത്തിൽ അനാവശ്യമായി തന്നിഷ്ടക്കാരുടെ യുക്തിയും അഭിപ്രായങ്ങളും അഭീഷ്ടങ്ങളും ഉയർത്തിക്കൊണ്ടു വരികയും, പിന്നീട് അതിനെ ഖണ്ഡിക്കാൻ മുതിരുകയും ചെയ്യുന്നതു കാണാം. ഇങ്ങനെ ഉയർത്തിക്കൊണ്ടു വരുന്ന തെറ്റായ ആശയങ്ങൾ പലപ്പോഴും അവതരിപ്പിക്കുക ശക്തവും വിശദവുമായ ശൈലിയിലായിരിക്കും. അതിനെ ഖണ്ഡിക്കുമ്പോൾ അഹ്‌ലുസ്സുന്നഃയുടെ രീതി ഉപേക്ഷിക്കുകയും അതു മൂലം ഖണ്ഡനം ദുർബ്ബലവും അപ്രസക്തവുമായിമായിത്തീരുകയും ചെയ്യും. ഫലത്തിൽ ഒരു ശരാശരി വായനക്കാരന് ഇതിൽനിന്ന് ലഭിക്കുക ഖുർആൻ വ്യാഖ്യാനമല്ല, കടുത്ത ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മാത്രമായിരിക്കും.
ഇത്തരം ഒരു രീതി കൈക്കൊള്ളാൻ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കളെ പ്രേരിപ്പിച്ച ഘടകം സയ്യിദ് ഖുത്വ്‌ബിനോടും മുഹമ്മദ് അബ്ദുവിനോടുമുള്ള അനാവശ്യമായ ആദരവായിരുന്നു. വിശുദ്ധ ഖുർആൻ വിവരണം സലഫുകളുടെ രീതിയിൽനിന്ന് വ്യതിചലിച്ചു പോകുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച രണ്ടു യുക്തി കേന്ദ്രങ്ങൾ തന്നെയായിരുന്നു അവർ. യഥാർത്ഥത്തിൽ ആധുനിക കാലത്തെ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തെ ഇത്രത്തോളം ദൂഷിതമാക്കിത്തീർത്ത മറ്റു വ്യക്തികൾ വേറെയില്ല. അതു കൊണ്ടു തന്നെ അവരെ കുറിച്ച് ഒരു ലഘുവിവരണം ചേർക്കാതെ ഈ കുറിപ്പ് പൂർണ്ണമാകുകയില്ല.
സയ്യിദ് ഖുത്വ‌്‌ബും ഇഖ്‌വാനിയ്യത്തും അല്ലാഹു പ്രമാണ രേഖകൾ അവതരിപ്പിച്ചു. അവയുടെ വിവരണം അവൻ തന്നെ തൻെറ ദൂതനായ മുഹമ്മദ് നബി ﷺ യെ പഠിപ്പിച്ചു. അവിടുന്ന് പ്രമാണ രേഖകളും അവയുടെ വ്യാഖ്യാനവും തൻെറ അനുചരന്മാർക്ക് എത്തിച്ചു കൊടുത്തു. അവർ അടുത്ത തലമുറയിലേക്കും അവർ തൊട്ടടുത്ത തലമുറയിലേക്കും ഈ വിജ്ഞാനം സത്യസന്ധമായി തന്നെ കൈമാറ്റം ചെയ്തു. പ്രമാണ രേഖകളുടെ അർത്ഥവും വിവക്ഷയും വ്യാഖ്യാനവും പ്രയോഗവും നാം സ്വീകരിക്കേണ്ടത് അല്ലാഹു പഠിപ്പിച്ച, മുഹമ്മദ് നബി ﷺ കാണിച്ചു തന്ന, സഹാബത്ത് മനസ്സിലാക്കി അനുവർത്തിച്ച അതേ രൂപത്തിലായിരിക്കണം. അല്ലാതെ, ഓരോരുത്തരും അവരവരുടെ ബുദ്ധിക്കും യുക്തിക്കും നല്ലതെന്നു തോന്നുന്ന വിധത്തിൽ മൂലവാക്യങ്ങളെ വ്യാഖ്യാനിക്കാവതല്ല. ഇങ്ങനെ ബുദ്ധിയും യുക്തിയും അനുസരിച്ച് പ്രമാണ വാക്യങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ഖവാരിജുകളാണ്. പിന്നീട് വന്ന ഖദ്‌രികളും ജഹ്‌മികളും മുഅ്തസിലികളും ഇതേ മാർഗ്ഗം പിന്തുടർന്നു. ഇവരുടെ സ്വാധീനത്താൽ അഹ്‌ലുസ്സുന്നഃയാണെന്ന് അവകാശപ്പെടുന്ന കുല്ലാബികൾ, കർറാമികൾ, അശ്അരികൾ, മാതുരീദികൾ പോലുള്ള വിഭാഗങ്ങളിലും ബുദ്ധിയുടെയും യുക്തിയുടെയും അതിപ്രസരമുണ്ടായി. ഇസ്‌ലാമിൽ ഉടലെടുത്ത ഏതൊരു നൂതനചിന്താധാരയിലും ഈ പ്രവണത പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഇതിനെ കുറിച്ച് വ്യവഹരിക്കാൻ പൊതുവിൽ അഖ്‌ലാനിയ്യഃ എന്നാണ് പറയാറുള്ളത്.
മതകാര്യങ്ങളിൽ ബുദ്ധിക്കും യുക്തിക്കും അനർഹമായ സ്ഥാനം നൽകുക, പ്രമാണങ്ങളെക്കാൾ യുക്തിക്ക് പ്രാമുഖ്യം കൽപിക്കുക, ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ നിഷേധിക്കുക, പ്രമാണവാക്യങ്ങൾ യുക്തിക്കനുസൃതമായി വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുക, വ്യക്തിപരമായ അഭിപ്രായങ്ങളിലും അഭീഷ്ടങ്ങളിലും അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ചിരന്തനമൂല്യങ്ങളെ പോലും അവരവരുടെ യുക്തിക്ക് നിരക്കുന്നില്ലെന്ന കാരണത്താൽ ചവിട്ടിമെതിക്കുക ഇതൊക്കെയാണ് ഈ ചിന്താരീതിയുടെ സവിശേഷതകൾ.
ആധുനിക കാലത്ത് അഖ്‌ലാനിയ്യത്തിനെ പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്തത് ഈജിപ്തിലെ ഹസനുൽ ബന്നായും സയ്യിദ് ഖുത്വ്‌ബും നേതൃത്വം കൊടുത്ത ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘടനയാണ്. അതിൻെറ ഇന്ത്യൻ പതിപ്പാണ് സയ്യിദ് മൗദൂദി രൂപം കൊടുത്ത ജമാഅത്തെ ഇസ്‌ലാമി. ഈ രണ്ടു സംഘടനകളും കൊണ്ടും കൊടുത്തും പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടാണ് ആധുനിക മുസ്‌ലിംസമൂഹങ്ങളിൽ വേരുറപ്പിച്ചത്. മതപരമായ വിഷയങ്ങളിൽ ശുദ്ധമായ അഖ്‌ലാനിയ്യഃ ചിന്താഗതി പിന്തുടരുകയും മതരാഷ്ട്രവാദം ആധാരശിലയായി കൊണ്ടുനടക്കുകയും ചെയ്യുന്നവരാണർ. ഖുത്വ്‌ബിൻെറയും മൗദൂദിയുടെയും കൃതികൾ ഇക്കാര്യങ്ങൾ സുതരാം വ്യക്തമാക്കുന്നവയാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചനയിൽ സയ്യിദ് ഖുത്വ്‌ബിൻെറ കൃതികൾ നിർലോഭം ഉദ്ധരിക്കുകയോ ഉപജീവിക്കുകയോ ചെയ്തിട്ടുണ്ടെന്നത് ഒരു ദുഃഖ സത്യമാണ്.
മുഹമ്മദ് അബ്ദുവും ഇസ്വ്‌ലാഹിയ്യത്തും ഇതേ കാലയളവിൽ തന്നെ ഈജിപ്തിൽ നവോത്ഥാനത്തിൻെറയും നവീകരണത്തിൻെറയും മറപിടിച്ച് മറ്റൊരു രൂപത്തിൽ അഖ്‌ലാനിയ്യഃ വീക്ഷണഗതി സ്ഥാപിക്കപ്പെടുന്നുണ്ടായിരുന്നു. ഇഅ്തിസാലും അഖ്‌ലാനിയ്യത്തും ഖുറൂജും സമം ചേർത്ത് തയ്യാറാക്കിയ ഈ മിശ്രിതം ഇസ്വ്‌ലാഹിയ്യത്ത് എന്ന പേരിലാണ് അറിയ്യപ്പെടുന്നത്. മുകളിൽ പറഞ്ഞ ചിന്താധാരകളുടെ ഏറ്റവും ഒടുവിലത്തെ രൂപഭേദമാണ് അത്. പക്ഷെ പലരും അതിനെ അഹ്‌ലുസ്സുന്നഃയുടെ ഭാഗമാണെന്ന് പോലും തെറ്റിദ്ധരിച്ചിട്ടുണ്ട്.
നിഗൂഢ വ്യക്തിത്വത്തിൻെറ ഉടമയായിരുന്ന ഇറാനിയൻ വിപ്ലവകാരി ജമാലുദ്ദീൻ അൽഅഫ്‌ഗാനിയുടെ ചിന്താപദ്ധതികളിലും പ്രത്യയശാത്രങ്ങളിലും ആകൃഷ്ടനായ ഈജിപ്ഷ്യൻ നവീകരണവാദി മുഹമ്മദ് അബ്ദുവും അദ്ദേഹത്തിൻെറ ശിഷ്യനായ സയ്യിദ് റശീദ് റിളയുമാണ് ആധുനിക കാലത്ത് ഇസ്വ്‌ലാഹിയ്യത്തിന് രൂപം കൊടുക്കുന്നത്. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം അതിൻെറ ഒരു താവഴി മാത്രമാണ്. അവർ ഉയർത്തിപ്പിടിച്ച ഇസ്വ്‌ലാഹിയ്യത്ത് അഖ്‌ലാനിയ്യത്തിൻെറ പര്യായം മാത്രമാണ്. മുഹമ്മദ് അബ്ദുവിൻെറ താർക്കികവും യുക്തിവാദപരവുമായ ആശയങ്ങൾ ശിഷ്യനായ സയ്യിദ് റശീദ് രിളാ തഫ്‌സീറുൽ മനാറിലൂടെയും അൽമനാർ മാസികയിലൂടെയും മനോഹരമായ ഭാഷയിൽ അനുവാചർക്ക് കൈമാറിക്കൊണ്ടിരുന്നു. ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളും വഹ്‌യിലൂടെ മാത്രം ലഭിക്കുന്ന അദൃശ്യമായ വിഷയങ്ങളും അദ്ദേഹം തൻെറ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ചു. യൂറോപ്പിൻെറ സ്വതന്ത്ര ചിന്തയുമായി സംവദിക്കാൻ ഉപയുക്തമായ മാർഗ്ഗം വേറെയില്ലെന്നതായിരുന്നു അദ്ദേഹത്തിൻെറ ന്യായം. ഉദാഹരണമായി മലക്കുകൾക്ക് അദ്ദേഹം നൽകിയ യുക്തിപരമായ വ്യാഖ്യാനം തന്നെ എടുക്കാം. തഫ്‌സീറുൽ മനാറിലെ പ്രസ്തുത ഭാഗം മൊഴിമാറ്റം നടത്തി ഇവിടെ ചേർക്കാതിരിക്കുന്നത് അത് സച്ചരിതരായ മുൻഗാമികൾ കാണിച്ചുതന്ന രീതിക്ക് വിരുദ്ധമായതിനാൽ മാത്രമാണ്. ഇത്തരം യുക്തിവാദങ്ങളും അഭീഷ്ടങ്ങളും മനസ്സിൽ സ്ഥാനം പിടിച്ചാൽ അതിനെ പിഴുതുമാറ്റുക പ്രയാസകരമാണ്. പ്രമാണരേഖകളെക്കാൾ ബുദ്ധിക്കും യുക്തിക്കുമാണ് മുഹമ്മദ് അബ്ദു പ്രാമുഖ്യം കൽപിച്ചിരുന്നത് എന്നതിന് സാക്ഷീകരണമായി ഒരു ഉദ്ധരണി മാത്രം നൽകാം.
اتفق أهل الملة الإسلامية إلا قليلا ممن لا ينظر إليه على أنه إذا تعارض العقل والنقل أخذ بما دل عليه العقل. [محمدعبده، الإسلام والمسيحية]
[പരിഗണനീയരല്ലാത്ത അൽപം ചിലരൊഴികെ, ഇസ്‌ലാം മതാനുയായികൾ എല്ലാവരും ഏകോപിച്ചിരിക്കുന്നകാര്യം ഇതാണ്, ബുദ്ധിയും പ്രമാണവും തമ്മിൽ എതിരായാൽ ബുദ്ധി നിർദ്ദേശിക്കുന്നതാണ് സ്വീകരിക്കപ്പെടേണ്ടത്.] (മുഹമ്മദ് അബ്ദു, ഇസ്‌ലാമും ക്രൈസ്തവതയും)
എന്നാൽ സയ്യിദ് റശീദ് രിളാ അവസാന നാളുകളിൽ സുന്നത്തിൻെറ മാർഗ്ഗത്തിലേക്ക് തിരിഞ്ഞിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അല്ലാഹു അഭിജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. അവൻെറ നീതിയിലും കാരുണ്യത്തിലുമാണ് നമ്മുടെ പ്രതീക്ഷയെല്ലാം.
ഇസ്വ്‌ലാഹീ പ്രസ്ഥാനമാണ് വിശുദ്ധ ഖുർആൻ വിവരണത്തിൻെറ പ്രസാധകർ. മുഹമ്മദ് അബ്ദുവും സയ്യിദ് റശീദ് രിളായും നേതൃത്വം കൊടുത്ത അഖ്‌ലാനീ വീക്ഷണഗതിയുടെ അനുവാചകരാണവർ. പേരിലും പൊരുളിലും പൊരുത്തമുള്ള രണ്ടു പ്രസ്ഥാനങ്ങൾ. രണ്ടിൻെറയും മൗലികമായ ചിന്താരീതി അഖ്‌ലാനിയ്യത്തു തന്നെ. രണ്ടും അറിയപ്പെടാൻ ഇഷ്ടപ്പെടുന്നത് ഇസ്വ്‌ലാഹിയ്യത്ത് എന്ന പേരിൽ. റശീദ് രിളാ പ്രസിദ്ധീകരിച്ചിരുന്ന അൽമനാർ മാസികയുടെ ഉള്ളടക്കമായിരുന്നു പലപ്പോഴും കെ.എം. മൗലവിയുടെ അൽമുർശിദിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. തഫ്‌സീറുൽ മനാർ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിൻെറ എക്കാലത്തെയും മുഖ്യ സ്രോതസ്സുകളിലൊന്നാണ്. അതുകൊണ്ടു തന്നെ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചനയിൽ അതിൻെറ സ്വാധീനം വളരെ വലുതാണ്.
ചുരുക്കത്തിൽ, വിശുദ്ധ ഖുർആൻ വിവരണത്തിൻെറ പ്രസാധകർ ഈജിപ്തിലെ അഖ്‌ലാനീ ചിന്താഗതിയുടെ (المدرسة العقلانية) സ്ഥാപകനായ മുഹമ്മദ് അബ്ദുവിൻെറയും ശിഷ്യൻ റശീദ് രിളായുടെയും അനുഭാവികളും സഹചാരികളുമാണ്. അതേ സമയം, വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചനയിൽ അഖ്‌ലാനിയ്യത്തിൻെറ രണ്ടു കൈവഴികളായ ഇഖ്‌വാനിയ്യത്തും ഇസ്വ്‌ലാഹിയ്യത്തും പ്രകടമായി തന്നെ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ആയതിനാൽ മാന്യ വായനക്കാർ മതിയായ ജാഗ്രത പുലർത്തണമെന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.