﴿ وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُم بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴾ (63)

മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം കാണാം:

〈… ബുദ്ധിപരമായി നോക്കുമ്പോൾ അസംഭവ്യം (مُحال) അല്ലാത്ത ഏതൊരു കാര്യവും സംഭവിക്കുവാൻ സാധ്യതയുണ്ടെന്നും, ബുദ്ധിപരമായി സാധ്യതയുള്ള ഏതൊരു കാര്യവും അല്ലാഹുവിൻറെ കഴിവിൽപെട്ടതാണെന്നും…〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/188)

മനുഷ്യ ബുദ്ധിക്കും യുക്തിചിന്തനത്തിനും ‌അല്ലാഹു നൽകിയ സ്ഥാനമെന്ത്? ബുദ്ധി പ്രയോഗിക്കുന്നതിന് ഇസ്‌ലാമിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്? സത്യത്തിൽ ഇക്കാര്യത്തെ കുറിച്ച് വീണ്ടുവിചാരമില്ലാതെയാണ് വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കൾ മേൽ പരാമർശം നടത്തിയിരിക്കുന്നത്. അശ്അരിയ്യത്തിൻെറയും, മുഹമ്മദ് അബ്ദു-റശീദ് രിളാ, ഖുത്വുബ്-ബന്നാ എന്നീ  അച്ചുതണ്ടുകളുടെയും സ്വാധീനമായിരിക്കും അല്ലാഹുവിൻെറ കാര്യത്തിൽ ഇത്തരം പരാമർശങ്ങൾ ആശാസ്യമാണെന്നതിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

മനുഷ്യൻ, മനുഷ്യ ബുദ്ധി, യുക്തിചിന്തനം എന്നിവയെല്ലാം അല്ലാഹുവിൻെറ സൃഷ്ടികൾ; അവൻെറ സൃഷ്ടികളിൽ തുലോം ചെറുതെന്ന് വിശേഷിപ്പിക്കാവുന്നവ മാത്രം. അല്ലാഹുവിൻെറ കഴിവുകളെ ബുദ്ധിയുടെ ഭാവനാ പരിധിക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കടുത്ത അന്യായവും (ظلم) കൃത്യവിലോപവും (إلحاد) ആണ്. സലഫുകളുടെ രീതിയിൽ രചിക്കാനുദ്ദേശിച്ച ഖുർആൻ വിവരണത്തിൽ മേൽ പരാമർശം കടന്നുകൂടിയത് ഖേദകരമായിപ്പോയി. ഇത്തരം വിഷയങ്ങളിൽ സലഫുകളുടെ രീതി ഇപ്രകാരമാണ്:

  • അല്ലാഹുവിൻെറ ഗ്രന്ഥത്തിലോ നബി ﷺയുടെ സുന്നത്തിലോ സ്ഥിരപ്പെട്ട കാര്യം നാം സ്ഥിരീകരിക്കുക.
  • അവയിൽ നിഷേധിക്കപ്പെട്ട കാര്യങ്ങൾ നാം നിരാകരിക്കുക.
  • അവയിൽ പരാമർശിക്കപ്പെടാത്ത കാര്യങ്ങളെ കുറിച്ച് നാം മൗനം പാലിക്കുക.

﴾إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴿ 〈 നിശ്ചയമായും അല്ലാഹു എല്ലാറ്റിനും കഴിവള്ളവനാണ്〉. ഇവിടെ ബുദ്ധിപരമായി സാധ്യതയുള്ളതെന്നോ ഇല്ലാത്തതെന്നോ ഒരു വേർതിരിവ് നൽകേണ്ടതില്ല. കാരണം പ്രമാണവാക്യങ്ങളിൽ അത്തരം ഒരു വേർതിരിവില്ല. സലഫുകൾ അങ്ങനെ ഒരു വേർതിരിവ് കൽപിച്ചിട്ടുമില്ല. ഇത്തരം വിഷയങ്ങളിൽ സലഫുകളുടെ രീതി മൗനം അവലംബിക്കലാണ്. അതിനാൽ മാന്യ വായനക്കാർ പ്രസ്തുത പരാമർശത്തെ അസാധുവായി കണക്കാക്കണമെന്ന് ഉണർത്തുന്നു.

“പർവ്വതം ഉയർത്തിയതു ഒരു പ്രകൃതി ദൃഷ്ടാന്തം (آية كونية) ആയിരുന്നുവെന്നതിൽ അൽ ഉസ്താദുൽ ഇമാം (ശൈഖ് അബ്‌ദ) ഖുർആൻ വ്യാഖ്യാതാക്കളുടെ പക്ഷത്താകുന്നു.” (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/189)

വിശുദ്ധ ഖുർആൻ വിവരണത്തിൽ അഭിനവ അഖ്‌ലാനീ പ്രസ്ഥാനത്തിൻെറ സ്ഥാപകനായ മുഹമ്മദ് അബ്ദുവിനെ നിർലോഭം ഉദ്ധരിച്ചതും ഉപജീവിച്ചതും വലിയ വീഴ്ച തന്നെയാണ്. ഇസ്റാഈല്യരുടെ മേൽ പർവ്വതം ഉയർത്തിക്കാണിച്ചത് ഒരു പ്രകൃതി ദൃഷ്ടാന്തമാണെന്ന കാര്യത്തിൽ അദ്ദേഹം ഖുർആൻ വ്യാഖ്യാതാക്കളുടെ പക്ഷത്താണെന്ന് എടുത്തു പറയുന്നതിൽ ഒരു സാംഗത്യവുമില്ല. അദ്ദേഹം അവരുടെ പക്ഷത്തായതു കൊണ്ട് അവരുടെ വാക്കുകളുടെ മൂല്യം ഉയരാൻ പോകുന്നില്ല. മറിച്ചാണെങ്കിൽ, അദ്ദേഹത്തിൻെറ വിയോജിപ്പ് അവരുടെ സ്വീകാര്യത കുറക്കുകയുമില്ല. ഖുർആൻ വ്യാഖ്യാനത്തിൽ യാതൊരു പരിഗണനയും അർഹിക്കാത്ത വ്യക്തിയാണ് മുഹമ്മദ് അബ്ദു. കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.

“അന്ത്യപ്രവാചകരായ മുഹമ്മദ് (സ) തിരുമേനിയുടെ കാലമായപ്പോഴക്കു മനുഷ്യവർഗ്ഗത്തിൻറെ പക്വപ്രായം ആരംഭിച്ചു കഴിഞ്ഞു. ആ നിലക്ക് തിരുമേനിയുടെ കൈക്ക് – പല അമാനുഷിക ദൃഷ്ടാന്തങ്ങളും വെളിപ്പെട്ടിട്ടുണ്ടെങ്കിൽ പോലും – അവിടുത്തെ പ്രത്യക്ഷ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതു വിശുദ്ധ ഖുർആനെയാണല്ലോ. ഈ യാഥാർത്ഥ്യം അല്ലാഹു തന്നെ സൂറത്തുൽ ഇസ്‌റാഇൽ ഇങ്ങനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. وما منعنا أن نرسل بالآيات إلا تخويفا (സാരം: ദൃഷ്ടാന്തങ്ങളെയും കൊണ്ടു അയക്കുവാൻ നമുക്കു തടസ്സമായതു പൂർവ്വീകന്മാർ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗോത്രത്തിനു കണ്ടറിയത്തക്ക ഒരു ദൃഷ്ടാന്തമായിക്കൊണ്ടും നാം ഒട്ടകത്തെ നൽകി. എന്നിട്ട് അവർ അതിനെ അക്രമിച്ചു കളഞ്ഞു. ഭയപ്പെടുത്തുവാൻ വേണ്ടിയല്ലാതെ ദൃഷ്ടാന്തങ്ങളെയും കൊണ്ട് നാം അയക്കാറില്ല. (ഇസ്‌റാഅ് 59)” (വിശുദ്ധ ഖുർആൻ വിവരണം, പുറം  1/190)

ഖുർആൻ പരിഭാഷകളും വിവരണങ്ങളും സാധാരണക്കാരെയാണ് അഭിസംബോധന ചെയ്യുന്നത്. മതപരമായ കാര്യങ്ങളിൽ വ്യക്തതയും അനുഷ്ഠാന വിഷയങ്ങളിൽ (المسائل) തീർപ്പും ലഭിക്കുന്ന വിധത്തിലായിരിക്കണം അവയുടെ പ്രതിപാദന രീതി. മേൽ വ്യാഖ്യാനം ഈ ലക്ഷ്യം നിറവേറ്റുന്നില്ല. കാരണം, വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് യാഥാതഥമായിട്ടല്ല. അപ്രസക്തമായ അഭിപ്രായങ്ങളാണ് നിരത്തിയിരിക്കുന്നത്. അതു മൂലം വായനക്കാർ യാഥാർത്ഥ്യം ഗ്രഹിക്കാനാവാതെ കൂടുതൽ കൂടുതൽ ആശയക്കുഴപ്പത്തിൽ അകപ്പെടുന്നു.

മുൻഗാമികളായ ദൂതന്മാർക്ക് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. അക്കാര്യം ഖുർആനിലും നബിചര്യയിലും വിശദമാക്കിയിട്ടുണ്ട്. മുഹമ്മദ് നബി ﷺക്കും അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ പ്രാപഞ്ചികവും (كَوْنِيَّة) ആശയപരവും (مَعْنَوِيَّة) ആയ ദൃഷ്ടാന്തങ്ങളുണ്ട്. ഖുർആൻ ഇന്നും ലോകത്ത് അവശേഷിക്കുന്ന ദൃഷ്ടാന്തമാണ്.

ധിക്കാരികളായ അവിശ്വാസികൾ നബിമാരെ കളവാക്കാനും പരിഹസിക്കാനും വേണ്ടി ദൃഷ്ടാന്തങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടാറുണ്ട്. അവർ ആവശ്യപ്പെടുന്നതനുസരിച്ച് അല്ലാഹു ദൃഷ്ടാന്തങ്ങൾ കൊണ്ടുവരികയാണെങ്കിൽ അവർ അതിൽ വിശ്വസിച്ചു കൊള്ളണം. അല്ലാത്ത പക്ഷം അവരെ അല്ലാഹു ഇഹലോകത്തു വെച്ചു തന്നെ ശിക്ഷിക്കും. സൃഷ്ടികളിൽ അവൻ നടപ്പിലാക്കുന്ന ചര്യയാണിത്. അവൻ ഇത്തരം ദൃഷ്ടാന്തങ്ങൾ ഇറക്കുന്നത് ഭീതിയുളവാക്കാനാണ്.

മക്കാ നിവാസികൾ സഫാ മല സ്വർണ്ണമാക്കി മാറ്റാനും അവരുടെ ഭൂമി കൃഷിക്ക് ഉപയുക്തമാകും വിധം ഉർവരമാക്കാനും നബി ﷺയോട് ആവശ്യപ്പെടുകയുണ്ടായി. അത്തരം ഒരു ദൃഷ്ടാന്തം അല്ലാഹു ഇറക്കി കൊടുത്താൽ പിന്നീടവർക്ക് സാവകാശം നൽകപ്പെടില്ല. ഉടനടി അവരെ ശിക്ഷ പിടികൂടുക തന്നെ ചെയ്യും. അല്ലാഹു തൻെറ സൃഷ്ടികളിൽ നടപ്പിലാക്കുന്ന നടപടിക്രമം അങ്ങനെയാണ്. ഈ വസ്തുതയാണ് സൂറത്തുൽ ഇസ്‌റാഇലെ 59-ാം സൂക്തത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതിനാൽ നബി ﷺ അവർ ആവശ്യപ്പെട്ട ദൃഷ്ടാന്തം ഇറക്കാൻ അല്ലാഹുവിനോട് അർത്ഥിച്ചില്ല താനും.  ഇതാണ് വസ്തുത. പക്ഷെ, ഇക്കാര്യം വിശദീകരിക്കുന്നിടത്ത് അപ്രസക്തമായ കാര്യങ്ങളും അർദ്ധസത്യങ്ങളും നിരത്തി വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്തിട്ടുള്ളത്. വ്യക്തതയും കൃത്യതയുമാണ് സലഫുകളുടെ മുഖമുദ്ര. സലഫുകളുടെ മാതൃകയനുസരിച്ചുള്ള ഖുർആൻ വിവരണത്തിൽ അത് പ്രകടമാവുക തന്നെ വേണം. അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാൻ പാടില്ല താനും.

പുതിയവ