﴿خَتَمَ اللَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ وَعَلَى أَبْصَارِهِمْ غِشَاوَةٌ وَلَهُمْ عَذَابٌ عَظِيمٌ﴾ (7)

അല്ലാഹു ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത് അറബി ഭാഷയിലാണ്. അതിസങ്കീർണ്ണമായ ആശയങ്ങൾ പോലും മനോഹരമായി ആവിഷ്കരിക്കാനും, അവയുടെ സൂക്ഷ്മ തലങ്ങളെ വ്യവഛേദിച്ചു കാണിക്കാനും അറബിക്കുള്ള ഭാഷാ ശേഷി അസാമാന്യമാണ്. തനതായ അറബി ഭാഷാ ശൈലിയിലാണ് ഖുർആൻ സൂക്തങ്ങളെല്ലാം ഇറക്കപ്പെട്ടിരിക്കുന്നത്. അവയിലെ മുഴുവൻ വാക്കുകളും പ്രയോഗങ്ങളും ബാഹ്യവും യഥാതഥവുമായ അർത്ഥമാണ് ഉൾക്കൊള്ളുന്നത്. അവക്ക് ഗൂഢാർത്ഥങ്ങൾ കൽപിക്കുന്നതും  ആലങ്കാരിക പ്രയോഗങ്ങളെന്ന വ്യാജേന ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും അല്ലാഹുവിൻെറ വചനങ്ങളിൽ കൃത്യവിലോപം കാണിക്കലാണ്.

പിഴച്ച കക്ഷികൾ പല ഖുർആൻ സൂക്തങ്ങളെയും തങ്ങളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കാൻ വേണ്ടി അവയെ ആലങ്കാരിക പ്രയോഗമായി ചിത്രീകരിക്കാറുണ്ട്. നൂതനമായ പല വാദമുഖങ്ങളും ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാൻ അവർ ഇതുപോലുള്ള ഭാഷാ സങ്കേതങ്ങളെ സമർത്ഥമായി ഉപയോഗിക്കാറുമുണ്ട്. യഥാർത്ഥത്തിൽ തനതായ അറബി ഭാഷാ പ്രയോഗങ്ങൾ മാത്രമേ ഖുർആനിലുള്ളൂ. അവയിൽ ചിലതിനെ ആലങ്കാരിക പ്രയോഗമായി ചിത്രീകരിക്കുന്നതും, ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും കൃത്യവിലോപവും ദുർവ്യാഖ്യാനവുമാണ്. ഇതാണ് സലഫുകളുടെ സമീപനം.

എന്നാൽ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ബഖറഃ 7-ാം സൂക്തത്തിൻെറ വ്യാഖ്യാനത്തിലും മറ്റനേകം സന്ദർഭങ്ങളിലും തനതായ പല ഭാഷാ പ്രയോഗങ്ങളെയും അലങ്കാര പ്രയോഗമായി ചിത്രീകരിക്കുന്നതു കാണാം. ചില പ്രയോഗങ്ങൾക്ക് ബാഹ്യവും യഥാതഥവുമായ അർത്ഥം കൽപിക്കേണ്ടതിനു പകരം മറ്റു ചില വ്യാഖ്യാനങ്ങൾ നൽകുന്നതും കാണാം. ഇത് സച്ചരിതരായ മുൻഗാമികളുടെ രീതിക്ക് വിരുദ്ധവും, സത്യാന്വേഷണ ബുദ്ധിയോടെയുള്ള ഖുർആൻ പഠനത്തിനു നിരക്കാത്ത കാര്യവുമാണ്. കൂടുതൽ അറിയുന്നതിനായി ഭാഷയും പരിഭാഷയും എന്ന ലേഖനം കൂടി കാണുക.

പുതിയവ