﴿ بَلَىٰ مَن كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴾ (81)
മേൽ സൂക്തത്തിനു വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്:
〈’തിന്മ സമ്പാദിക്കുകയും തെറ്റുകുറ്റം വലയം ചെയ്യുകയും ചെയ്തു’ എന്ന വാക്യത്തിൽനിന്ന് ഒരു സംഗതി മനസ്സിലാക്കാവുന്നതാണ്: പാപം ചെയ്യുന്തോറും രക്ഷാമാർഗ്ഗം കുറേശ്ശെ കുറേശ്ശെയായി അടഞ്ഞുപോയിക്കൊണ്ടിരിക്കും. അത് വർദ്ധിച്ചു വർദ്ധിച്ചു വലയം ചെയ്യുന്നതോടു കൂടി രക്ഷാമാർഗ്ഗം നിശ്ശേഷം അടഞ്ഞുപോകുകയും ചെയ്യുന്നു. ഒരു ഹദീസിൽ ഈ സംഗതി നബി (സ) ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ‘നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങളെ നിങ്ങൾ സൂക്ഷിക്കൂവീൻ. കാരണം, അവ മനുഷ്യനിൽ ഒരുമിച്ച് കൂടി അവസാനം അവനെ അത് നാശത്തിലകപ്പെടുത്തുന്നതാണ്’. (അഹ്‌മദ്)〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/203)
ഈ വ്യാഖ്യാനം പ്രസ്തുത വചനത്തിന് സലഫുകൾ നൽകിയ വ്യാഖ്യാനവുമായോ അഹ്‌ലുസ്സുന്നയുടെ വിശ്വാസ സംഹിതയുമായോ ഒത്തുപോകുന്നതല്ല. പാപം (معصية) കുഫ്റല്ല. പാപം ചെയ്തതു കൊണ്ട് ഒരാൾ അവിശ്വാസിയാകുന്നുമില്ല. വിശ്വാസികളായ പാപികളുടെ പര്യവസാനം അല്ലാഹുവിൻെറ ഹിതമനുസരിച്ചിരിക്കും. ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും, ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കും. ശിക്ഷിക്കുകയാണെങ്കിൽ തന്നെ പാപത്തിനനുസരിച്ചുള്ള ശിക്ഷ കഴിഞ്ഞ് അവരെ മോചിപ്പിക്കും. അവർ നരകത്തിൽ ശാശ്വതരായിരിക്കുകയില്ല. ഇതാണ് പാപത്തെയും പാപികളെയും സംബന്ധിച്ചുള്ള അഹ്‌ലുസ്സുന്നയുടെ വിശ്വാസം.
പല മാർഗ്ഗങ്ങളിലൂടെയണ് പാപമോചനം ലഭിക്കുന്നത്. അവയിൽ പത്തെണ്ണം ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ വിശദീകരിക്കുന്നുണ്ട്. തൗബ, ഇസ്തിഗ്‌ഫാർ, തിന്മകൾ മായ്ചുകളയുന്ന സുകൃതങ്ങൾ, വിശ്വാസികളുടെ പ്രാർത്ഥന, മരണപ്പെട്ടവർക്കു വേണ്ടി നിർവ്വഹിക്കപ്പെടുന്ന ശറഅ് നിർദ്ദേശിച്ച പുണ്യകർമ്മങ്ങൾ, നബി ﷺ യുടെയോ പ്രമാണങ്ങളിൽ പറയപ്പെട്ട മറ്റുള്ളവരുടെയോ ശിപാർശകൾ, ഇഹത്തിൽ അനുഭവിക്കേണ്ടിവരുന്ന പരീക്ഷണങ്ങൾ, ഖബ്റിൽ വെച്ച് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങൾ, അന്ത്യനാളിൽ നേരിടേണ്ടി വരുന്ന ഭയവിഹ്വലതകൾ, അല്ലാഹുവിൻെറ കേവലമായ ഔദാര്യം കൊണ്ടു ലഭിക്കുന്ന പാപമോചനം എന്നിവയാണത്.
ഒരാൾ ചെയ്യുന്ന സുകൃതങ്ങൾ അയാൾ ചെയ്യുന്ന മിക്ക ചെറുപാപങ്ങളെയും മായ്‌ചുകളയുന്നു. ഇത് അല്ലാഹുവിൻെറ കാരുണ്യവും ഔദാര്യവുമാണ്. എന്നാൽ പാപങ്ങളെ കുറിച്ച് ഒട്ടും ഗൗനിക്കാതെ കൈയും കണക്കുമില്ലാതെ ചെറുദോഷങ്ങളിൽ മുഴുകുന്നതും അവയിൽ മൂടുറച്ചു പോകുന്നതും വിനാശകരമാണെന്നും പാപമോചനം ലഭിക്കുന്നതിന് വിഘാതമാണെന്നുമാണ് ഇമാം അഹ്‌മദ് ഉദ്ധരിക്കുന്ന ഹദീസിൻെറ താൽപര്യം.
ആശയ വ്യക്തതക്കായി ഇമാം ത്വബ്‌രിയുടെ വ്യാഖ്യാനം കൂടി ഉദ്ധരിക്കട്ടെ.
وأما السيئة التي ذكرها الله في هذا المكان فإنها الشرك بالله… والخلود في النار لأهل الكفر بالله دون أهل الإيمان به لتظاهر الأخبار عن رسول الله صلى الله عليه وسلم أن أهل الإيمان لا يخلدون فيها وأن الخلود في النار لأهل الكفر بالله دون أهل الإيمان به… فتأويل الآية إذا؛ من أشرك بالله واقترف ذنوبا جمة فمات عليها قبل الإنابة والتوبة فأولئك أصحاب النار هم مخلدون فيها أبدا. [الطبري في جامع البيان]
അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്ന തിന്മ (السيئة) അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്… നരകത്തിൽ ശാശ്വതരാവുക എന്നത് അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്കുള്ളതാണ്; അവനിൽ വിശ്വസിക്കുന്നവർക്കുള്ളതല്ല. കാരണം വിശ്വാസികൾ നരകത്തിൽ ശാശ്വതരാവില്ലെന്നും നരകത്തിൽ ശാശ്വതരാവുക എന്നത് അല്ലാഹുവിൽ വിശ്വസിക്കുന്നവർക്കല്ല, അവനിൽ അവിശ്വസിക്കുന്നവർക്കാണെന്നും നബി ﷺ യിൽനിന്ന് വ്യക്തമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്… അപ്പോൾ ഇങ്ങനെയായിരിക്കും ഈ സൂക്തത്തിൻെറ വ്യാഖ്യാനം: ആർ അല്ലാഹുവിൽ പങ്കുചേർക്കുകയും കൂടിയ തോതിൽ പാപങ്ങൾ പ്രവർത്തിക്കുകയും അതിൽനിന്ന് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതിനു മുമ്പ് മരണപ്പെടുകയും ചെയ്യുന്നുവോ അവർ നരകാവകാശികളായിരിക്കും. അവർ അതിൽ അറ്റമില്ലാതെ, ശാശ്വതരായി കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്യും. (ഇബ്‌നു ജരീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)