﴿ قُلْ إِن كَانَتْ لَكُمُ الدَّارُ الْآخِرَةُ عِندَ اللَّهِ خَالِصَةً مِّن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ ﴾ (94)
ബഖറഃ 94-ാം സൂക്തത്തിന് വിശുദ്ധ ഖുർആൻ വിരണത്തിൽ നൽകിയ വ്യാഖ്യാനത്തിൽ ഇപ്രകാരം കാണുന്നു:
〈’ഞങ്ങൾ മരിച്ചാൽ നന്നായേനെ’ എന്ന് അവർ വായകൊണ്ടു പറയുക എന്നാണുദ്ദേശ്യം. ഖുർആനിൻെറ വാക്കിനോട് കൂടുതൽ യോജിക്കുന്നത് ഇതാണെന്നും, ഇതിനാണ് മുൻഗണന നൽകേണ്ടതെന്നുമാണ് ഇമാം റാസി (റ) പറയുന്നത്.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/214)
ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം സൂചിപ്പിക്കേണ്ടതായിട്ടുണ്ട്.
(ഒന്ന്) വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കളും പ്രസാധകരും പഠിച്ചത് അശ്അരീ സ്രോതസ്സുകളും സാമഗ്രികളും ഉപയോഗിച്ചാണ്. ദീൻ കാര്യത്തിൽ അവർ മിക്കപ്പോഴും അറിഞ്ഞോ അറിയാതെയോ അശ്അരീ ചിന്താഗതിയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് അശ്അരികളുടെ ഏറ്റവും പ്രമുഖ പ്രത്യയശാസ്ത്ര വിദഗ്‌ധനായിരുന്ന റാസിയെ തന്നെ അവർ ഉദ്ധരിക്കുന്നത്. റാസി എഴുതിയ ഖുർആൻ വ്യാഖ്യാനം വിശുദ്ധ ഖുർആൻ വിവരണത്തിൻെറ അവലംബ കൃതികളിൽ ഉൾപ്പെടുത്തിയത് അശ്അരിയ്യത്തുമായി അവർക്കുള്ള ബന്ധത്തിന് മതിയായ തെളിവാണ്. ഞങ്ങളും സലഫിയ്യത്തിലാണെന്ന ഇസ്‌ലാഹികളുടെ വാദം നിരർത്ഥകമായിത്തീരുന്നതും ഇതുകൊണ്ടാണ്. അധിക വായനക്കായി ഖദരിയ്യഃ; വിധിവിശ്വാത്തിലുള്ള വിലോപം എന്ന ലേഖനം നിർദ്ദേശിക്കുന്നു.
സലഫുകൾ എന്നതുകൊണ്ട് പ്രഥമമായും പ്രമുഖമായും വിവക്ഷിക്കുന്നത് സ്വഹാബികളെയാണ്. നബി ﷺയും സ്വഹാബികളും ഏതൊരു മാർഗ്ഗത്തിലായിരുന്നുവോ അതാണ് സലഫിയ്യത്ത്. സലഫിയ്യത്തുമായി യോജിച്ചു പോകാത്ത അശ്അരിയ്യത്ത് അറിഞ്ഞോ അറിയാതെയോ പിന്തുടരുകയും അതു പഠിപ്പിക്കുന്ന രചനകൾ സലഫീ മാതൃകയിലുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് തെറ്റിദ്ധാരണാജനകമാണ്. അതു കൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.
(രണ്ട്) ‘എങ്കിൽ നിങ്ങൾ മരണം കൊതിക്കുക’ എന്നതിനെ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ വ്യാഖ്യാനിച്ചിരിക്കുന്നത് മുബാഹലഃയായിട്ടാണ്. പരലോകവിജയം ജൂതർക്ക് മാത്രം അവകാശപ്പെട്ടതാണെന്നതായിരുന്നു അവരുടെ വാദം. അത് അസത്യവും കാപട്യവുമാണ്. ഈ വാദത്തിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെ മുബാഹലഃ (ശാപപ്രാർത്ഥന) നടത്താൻ വെല്ലുവിളിക്കുന്നു. മരിക്കാനുള്ള സന്നദ്ധതയും ആഗ്രഹവും എടുത്തു പറഞ്ഞ് പ്രാർത്ഥിക്കാൻ നിങ്ങൾ തയ്യാറാണോ? ഇതാണ് ഈ സൂക്തത്തിൻെറ വിവക്ഷ.
മുകളിൽ പറഞ്ഞ ശരിയായ വ്യാഖ്യാനത്തെ അസ്ഥിരപ്പെടുത്തുകയും പ്രാബല്യമില്ലാത്ത വ്യാഖ്യാനത്തിനു മുൻഗണന നൽകുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതിന് തെളിവായി ഉദ്ധരിക്കുന്നത് റാസിയെയും!!