﴿ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴾ (2)

എല്ലാ ഹംദും ലോകങ്ങളുടെയും ലോകരുടെയും റബ്ബായ അല്ലാഹുവിന്നാകുന്നു.

حَمْدٌ എന്ന പദത്തിൻെറ ഭാഷാർത്ഥം സ്തുതി, സ്തോത്രം, വാഴ്ത്തൽ, കീർത്തനം എന്നൊക്കെയാണ്. അതിനോട് ചേർത്തിരിക്കുന്ന ‘اَلْـ’ വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ اَلْحَمْدُ للهِ എന്നതിൻെറ സാമാന്യമായ അർത്ഥം, സർവ്വ സ്തുതിയും അല്ലാഹുവിന്ന് എന്നായിരിക്കും.

حَمْدٌ നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. اَلْحَمْدُ للهِ – എല്ലാ സ്തുതിയും അല്ലാഹുവിന്ന് – എന്ന് ഒരു അടിയാൻ പറയുമ്പോൾ തൻെറ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്ത്തുന്നു; അവൻെറ അപദാനങ്ങൾ വാഴ്ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന്ന് حَمْدٌ ചൊല്ലുന്നത്:

(ഒന്ന്) അവൻെറ പൂർണ്ണതയെ മുൻനിർത്തി:
അല്ലാഹുവിൻെറ പൂർണ്ണത ഭാവനകൾക്ക് അതീതമാണ്, അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനനും അനന്യവും അതിമനോഹരവുമാണ്. അവൻെറ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ.. തുടങ്ങി മുഴുപ്രശ്നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണ്ണതയും വർണ്ണനാതീതമാണ്. അവൻ ഏകനും അതുല്യനും അദ്വിതീയനുമാണ്. അവൻ ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവൻ ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവൻ കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാർശകരില്ല. അവൻെറ കാര്യങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അതിൽ ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവൻ സൃഷ്ടികൾക്ക് അതീതനാണ്, ഏഴ് ആകാശങ്ങൾക്കും മീതെ അർശിനും ഉപരിയിലാണ്. അവൻ ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെ കുറിച്ച് നാം സ്വയം വർണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവൻ തന്നെ അവനെ കുറിച്ച് ദൂതന്മാർ മുഖേന വർണ്ണിച്ചു തന്നത് അതേപടി സ്വീകരിക്കുക, ആവർത്തിക്കുക. അതാണ് വിശ്വാസത്തിൻെറയും സമർപ്പണത്തിൻെറയും മാർഗ്ഗം. അതു മാത്രമാണ് സുരക്ഷിതമായ വഴി. അവൻെറ അപദാനങ്ങൾ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിച്ചതും വാഴ്ത്തിയതും എപ്രകാരമാണോ അങ്ങനെയാണു നീ; നിൻെറ മുഴുവൻ കാര്യങ്ങളും തഥൈവ! നിന്നെ അറിയുന്ന ഒരു അടിയാന് എങ്ങനെ നിന്നെ വാഴ്ത്താതിരിക്കാൻ കഴിയും! നിനക്കുള്ള സ്തുതി ചേതനയിൽ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്തുതിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അൽഹംദു ലില്ലാഹ്…

(രണ്ട്) അവൻെറ അനുഗ്രഹങ്ങളെ മുൻനിർത്തി:
അല്ലാഹു റഹ്‌മാനാണ്, കാരുണ്യത്തിൻെറ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവൻേറതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവൻെറ കോപത്തെ കവച്ചുവെച്ചിരിക്കുന്നു. അവൻ ഇഹത്തിലും പരത്തിലും റഹ്‌മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്ക് കാരുണ്യം ചൊരിയുന്നവൻ. അവൻ കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികൾക്കിടയിൽ വീതിച്ചു. അതുമൂലമാണ് അവർ പരസ്പരം കാരുണ്യത്തോടെ വർത്തിക്കുന്നത്. മനുഷ്യർ മാത്രമല്ല മുഴുവൻ ജീവജാലങ്ങളും. മൃഗങ്ങൾ കിടാങ്ങളോട്, പക്ഷികൾ കുഞ്ഞുങ്ങളോട്.. അങ്ങനെ എല്ലാവരും. അവൻെറ കാരുണ്യം എല്ലാറ്റിനെയും ചൂഴ്ന്നുനിൽക്കുന്നു. അവൻ ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിൻെറ താൽപര്യം നല്ല സദുദ്ദേശ്യങ്ങൾ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളിൽനിന്ന് കാവൽ നൽകുക, സംഭവിച്ചു പോയ വീഴ്ചകൾ പൊറുത്തുതരിക എന്നതാണ്. റഹ്‌മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ അപാരവും അസംഖ്യവുമാണ്. അവൻെറ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാൻ തന്നെയും, എൻേറതും എനിക്കുള്ളതും എൻെറ ചുറ്റുപാടുകളും, എല്ലാമെല്ലാം നിൻെറ അനുഗ്രഹം മാത്രം. നിൻെറ ആശിസ്സുകളില്ലാതെ ഒരു നിമിഷാർദ്ധം എനിക്ക് നിലനിൽക്കാനാവില്ല. നിൻെറ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ ഉള്ളിൽ നിറയുന്ന സ്തുതി നാവിലൂടെ പുറത്ത് വരുന്നു: അൽഹംദു ലില്ലാഹ്..

മനസ്സു നിറയാതെ, നാവു കൊണ്ട് സ്തുതിയെന്നു പറഞ്ഞാൽ ഹംദ് ആവില്ല. അത് അർത്ഥശൂന്യമായ പുകഴ്ത്തൽ (مَدْحٌ) മാത്രമായിത്തീരും. അല്ലാഹുവിൻെറ പൂർണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തിൽ, അവനോടുള്ള അപരിമേയമായ സ്നേഹവും ഭയപ്പാടും പ്രതീക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിർന്നു വീഴണം. അപ്രകാരം നാവിൽനിന്ന് വീഴുന്ന മുത്തുകളാണ് ഹംദ്.

സ്തുതിയും നന്ദിയും തമ്മിൽ ഒരു താരതമ്യം:
സ്തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കിൽ, നന്ദിയുടെ ഉപാധികൾ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിൻെറ പൂർണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്തുതിയുടെ ബന്ധം. എന്നാൽ സ്തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാൻ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങൾ മൂന്നും നന്ദി പ്രകടിപ്പിക്കാനുള്ള ഉപാധികളാണ്. എന്നാൽ നന്ദിയുടെ ബന്ധം അല്ലാഹുവിൻെറ അനുഗ്രഹങ്ങളോട് മാത്രമാണ്.

തഹ്‌മീദ് സ്ഥിരീകരണമാണ്. എന്നാൽ തസ്ബീഹ് നിരാസമാണ് -വിവരദോഷികളായ അക്രമികൾ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. അല്ലാഹുവിനെ കുറിച്ചുള്ള അവൻെറ സ്വന്തം വർണ്ണന. സത്യസന്ധരായ ദുതന്മാർ അറിയിച്ചു തന്ന ആ വർണ്ണനകളുടെ സ്ഥിരീകരണം, അതാണ് തഹ്‌മീദ്. തസ്ബീഹ് പൂർണ്ണമാകുന്നത് തഹ്‌മീദോടു കൂടിയാണ്. അതുകൊണ്ടാണ് ദിക്റുകളിൽ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വർണ്ണനകളും ആരോപണങ്ങളും ഞാൻ നിരാകരിക്കുന്നു. അവനെ കുറിച്ച് ദൂതന്മാർ മുഖേന അവൻ അറിയിച്ചു തന്ന വർണ്ണനകൾ ഞാൻ വാഴ്ത്തുന്നു. സുബ്ഹാനല്ലാഹി വബി ഹംദിഹീ…

رَبٌّ എന്നത് അല്ലാഹുവിൻെറ ഉൽകൃഷ്ടമായ ഒരു നാമമാണ്. അല്ലാഹ് എന്ന പേരിൽ അവനെ വിളിക്കുന്നതു പോലെ റബ്ബ് എന്ന പേരിലും അവനെ വിളിക്കാം. അതിൻെറ വിവക്ഷ മുഴുസൃഷ്ടികളുടെയും രക്ഷാകർത്തൃത്വമുള്ളവൻ എന്നാണ്. രക്ഷാകർത്തൃത്വം വിപുലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംവർഗ്ഗമാണ്. അവയിൽ പ്രധാനപ്പെട്ട മൂന്ന് ഇനങ്ങൾ പറയാം. മാന്യവായനക്കാർ രക്ഷാകർത്തൃത്വത്തിനു കീഴിൽ അവ മാത്രമേയുള്ളു എന്ന് തെറ്റിദ്ധരിക്കരുത്.

(ഒന്ന്) സൃഷ്ടിപ്പ് (اَلْخَلْقُ): സൃഷ്ടിപ്രക്രിയയും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നവൻ അല്ലാഹു മാത്രമാണ്.

(രണ്ട്) ഉടമസ്ഥത (اَلْمُلْكُ): മുഴുവൻ സൃഷ്ടികളുടെയും ആത്യന്തികവും നിരുപാധികവുമായ ഉടമസ്ഥത അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാണ്.

(മൂന്ന്) നിയന്ത്രണവും പരിപാലനവും (اَلتدْبِيرُ): അഖിലാണ്ഡങ്ങളുടെയും പരിപൂർണ്ണ നിയന്ത്രണവും പരിപാലനവും നിർവ്വഹിക്കുന്നത് അല്ലാഹു മാത്രമാണ്.

മുകളിൽ പറഞ്ഞതും അല്ലാത്തതുമായ, രക്ഷാകർത്തൃത്വവുമായി ബന്ധപ്പെട്ട മുഴുകാര്യങ്ങളുടെയും അവകാശിയാരോ അവനാണ് റബ്ബ്. അഖിലാണ്ഡങ്ങളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിച്ച് പരിപാലിക്കുകയും ചെയ്യുന്നവൻ അല്ലാഹു മാത്രമാണ്. അവനു തുല്യരില്ല, പങ്കുകാരില്ല, സഹായികളില്ല. അവൻെറ കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന ശിപാർശകരുമില്ല. അല്ലാഹുവാണ് ഏകനായ റബ്ബ്. രക്ഷാകർത്തൃത്വത്തിലുള്ള ഏകത്വം തൗഹീദിൻെറ മൂന്നു ഭാഗങ്ങളിൽ ഒന്നാണ്.

عَالَمٌ എന്നതിൻെറ ബഹുവചന രൂപമാണ് عَالَمُونَ، عَالَمِينَ എന്നത്. ലോകം, ലോകർ എന്നൊക്കെയാണ് അതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാറുള്ളത്. അല്ലാഹുവിൻെറ സൃഷ്ടികളെ കുറിച്ചുള്ള പര്യാലോചന നമ്മെ അതിശയിപ്പിക്കും. അതിവിപുലവും അതിസങ്കീർണ്ണവുമായ അണ്ടകടാഹങ്ങൾ. പരമാണു മുതൽ പരകോടി നക്ഷത്ര സമൂഹങ്ങൾ വരെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ചങ്ങൾ. മനുഷ്യൻെറ അറിവിലും അനുഭവത്തിലും വരുന്നത് തുലോം തുഛമായ ലോകങ്ങൾ മാത്രം. അവൻെറ അറിവിനു പുറത്തുള്ളത് ഭാവനകൾക്കും അതീതം. ദൃശ്യാദൃശ്യ പ്രപഞ്ചങ്ങൾ, ഗോചരവും അഗോചരവുമായ ലോകങ്ങൾ, ഭൌതികവും ആത്മീയവുമായ ലോകങ്ങൾ, ഉപരിലോകങ്ങളും കീഴ്‌ലോകങ്ങളും, ജീവീയ അജീവിയ ലോകങ്ങൾ… ഇങ്ങനെ സൃഷ്ടികളുടെ വർഗ്ഗീകരണം തന്നെ നമ്മെ സ്തബ്ധമാക്കിക്കളയും. അല്ലാഹു പറയുന്നത് കാണുക:

﴿ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ ﴾ (المدثر: 31)

〈നിന്‍റെ റബ്ബിൻെറ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.〉 (മുദ്ദസ്സിർ 31)

﴿ رَبَّنَا مَا خَلَقْتَ هَذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴾ (آل عمران: 191)

〈ഞങ്ങളുടെ റബ്ബേ! ഇതൊന്നും നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല‌. നിൻെറ വിശുദ്ധി ഉയർത്തിപ്പിടിച്ച് നിന്നെ ഞാൻ വാഴ്ത്തുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.〉 (ആലുഇംറാൻ 191)

ചുരുക്കത്തിൽ, മുഴുലോകങ്ങളുടെയും ലോകരുടെയും ഏകനായ സൃഷ്ടാവും ഉടമസ്ഥനും പരിപാലകനുമായ അല്ലാഹുവിന്നാണ് എല്ലാ സ്തുതിയും.