﴿ الْرَحْمَنِ الرَحِيمِ ﴾ (3)
ഈ സൂക്തത്തിലുള്ളത് അല്ലാഹുവിൻെറ രണ്ട് ഉൽകൃഷ്ടമായ നാമങ്ങളാണ്. അവയെ കുറിച്ചും, അവ ഉൾക്കൊള്ളുന്ന ഗുണവിശേഷത്തെ കുറിച്ചും ഒന്നാം സൂക്തത്തിൽ പരാമർശിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നില്ല.
ലോകങ്ങളുടെയും ലോകരുടെയും റബ്ബായ അല്ലാഹുവിന് സ്തുതി പറഞ്ഞ ഒരു അടിയാൻ, പിന്നീടു വേണ്ടത് അവൻെറ അപദാനങ്ങൾ വാഴ്ത്തുകയാണ്. അവൻെറ രക്ഷാകർത്തൃത്വം (رُبُوبِيَّة) റഹ്‌മത്തിലും കാരുണ്യത്തിലും അധിഷ്ഠിതമാണ്. അവൻ റഹ്‌മാനും റഹീമുമാണ്; ഇഹത്തിൽ മാത്രമല്ല, പരത്തിലും.
നബി ﷺ ആദ്യമായി അഭിസംബോധന ചെയ്ത മക്കാ മുശ്‌രിക്കുകൾ അല്ലാഹുവിനെ കുറിച്ച് വെച്ചുപുലർത്തിയിരുന്ന വിഭാവനയെന്തായിരുന്നു? ഉപരി ലോകങ്ങളുടെയും കീഴ്‌ലോകങ്ങളുടെയും സ്രഷ്ടാവും നിയന്താവും അന്നദാതാവുമെല്ലാം അല്ലാഹു തന്നെ. എല്ലാ കാര്യങ്ങളുടെയും മേലുള്ള സർവ്വാധിപത്യവും അല്ലാഹുവിനു തന്നെ. പക്ഷെ, അവൻ റഹ്‌മാനാണെന്ന ഒരു വിഭാവന തന്നെ അവർക്കുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നത് കാണുക:
﴿ وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا﴾ (الفرقان: 60)
〈റഹ്‌മാനായ അല്ലാഹുവിന് നിങ്ങള്‍ സുജൂദ് ചെയ്യൂ എന്ന് അവരോട് പറഞ്ഞാൽ അവര്‍ തിരിച്ചു ചോദിക്കും: എന്താണീ റഹ്‌മാൻ ? നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ സുജൂദ് ചെയ്യണമോ? അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു.〉 (ഫുർഖാൻ 60)
റഹ്‌മാനായ അല്ലാഹു എന്ന വിഭാവന നഷ്ടപ്പെട്ടതു മൂലം അവർ അവനിൽനിന്ന് കൂടുതൽ കൂടുതൽ അകന്നു പോയി. അവനോട് നേരിട്ട് കാര്യങ്ങൾ ചോദിക്കാതെ, അവനും അവർക്കും ഇടയിൽ അവർ മധ്യവർത്തികളെയും ശിപാർശക്കാരെയും ഇടയാളന്മാരെയും സ്ഥാപിച്ചു. അവരോട് ചോദിക്കുകയും അവരിൽ കാര്യം ഭരമേൽപിക്കുകയും ചെയ്തു. ഇതായിരുന്നു അവരിൽ സാർവ്വത്രികമായി കണ്ടുവന്നിരുന്ന ശിർക്ക്.
ഒരു മനുഷ്യനോട് അവൻെറ കണ്ഠനാഡിയെക്കാളും നാം അടുത്തിരിക്കുന്നു എന്നാണ് അല്ലാഹു പറയുന്നത്. എങ്കിൽ അവനും നമുക്കുമിടയിൽ ഒരു ഇടയാളനെ വെക്കാൻ ഇടമെവിടെ? തൻെറ മനസ്സിൽ ഉദിക്കുന്ന വികാര വിചാരങ്ങൾ സൂക്ഷ്മമായി അറിയുന്ന അല്ലാഹുവിനോട് കാര്യം ബോധിപ്പിക്കാൻ ഒരു ശിപാർശക്കാരൻെറ ആവശ്യമെന്ത്?
റഹ്‌മാൻ എന്ന അടിസ്ഥാന വിഭാവനയില്ലാതെ അല്ലാഹുവിനെ മനസ്സിലാക്കാൻ മുതിർന്നാൽ അത് അപൂർണ്ണവും വികലവുമായിരിക്കും. അതിൻെറ പ്രത്യാഘാതം ശിർക്കിലും കുഫ്‌റിലും ആപതിക്കുക എന്നതുമായിരിക്കും. അതു കൊണ്ടു തന്നെയാണ് റഹ്‌മാൻ, റഹീം, റഹ്‌മഃ പോലുള്ള പേരുകളും വിശേഷണങ്ങളും ഖുർആനിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും.