﴿ مَالِكِ يَوْمِ الدِينِ ﴾ (4)
പ്രതിഫല നാളിൻെറ ഉടമസ്ഥന്‍. അല്ലാഹു മാത്രമാണ് എല്ലാ വസ്തുക്കളുടെയും വസ്തുതകളുടെയും ഉടമസ്ഥനും അധിപനും. അവൻെറ ആധിപത്യവും ഉടമസ്ഥതയും പരിപൂർണ്ണവും അപരിമേയവുമാണ്. അവൻെറ അധീശത്വത്തിനു കാല വ്യത്യാസമില്ല. പക്ഷെ, അത് ഏറ്റവുമധികം പ്രകടമാകുന്ന വേളകളിൽ ഒന്നാണ് പ്രതിഫല നാൾ.
ദീൻ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അടിയാറുകൾ അല്ലാഹുവിന്ന് വഴിപ്പെടുന്ന കാര്യങ്ങൾ മുഴുവനുമാണ്. അഥവാ അന്ത്യനാളിൽ അല്ലാഹു അടിയാറുകളുടെമേൽ എന്തെല്ലാം കാര്യങ്ങൾ ചുമത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നുവോ അക്കാര്യങ്ങൾ മുഴുവനും.
സൃഷ്ടികൾക്കിടയിൽ തീർപ്പ് കൽപ്പിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യുന്ന ഘട്ടമാണ് പ്രതിഫല നാൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിപ്പ് സോദ്ദേശപരമായിരിക്കണമെങ്കിൽ അത് അനിവാര്യമാണ്. അതിൻെറ അഭാവത്തിൽ ജീവിതം തന്നെ നിരർതഥകമായിത്തീരും. അന്ത്യനാളിൽ വിശ്വസിക്കാത്തവർക്കു പോലും ഈ യാഥാർത്ഥ്യം നിഷേധിക്കാൻ കഴിയാറില്ല. ഐഹിക വ്യവസ്ഥിതികൾ നീതി പൂർണ്ണമായി നടപ്പിലാക്കാൻ അപര്യമാപ്തമാണ്. പരലോകത്തു മാത്രമേ നീതിയുടെയും പ്രതിഫലത്തിൻെറയും പൂർത്തീകരണം സാധ്യമാവുകയുള്ളു. നബി ﷺ പറയുന്നത് കാണുക:
عَنْ أَبِي هُرَيْرَةَ رَضِي اللهُ عنهُ، أَنَّ رَسُولَ اللهِ ﷺ، قَالَ: لَتُؤَدُّنَّ الْحُقُوقَ إِلَى أَهْلِهَا يَوْمَ الْقِيَامَةِ، حَتَّى يُقَادَ لِلشَّاةِ الْجَلْحَاءِ مِنَ الشَّاةِ الْقَرْنَاء. [مسلم في صحيحه]
〈അബൂ ഹുറെയ്റഃ رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: അന്ത്യനാളിൽ അന്യായക്കാർക്ക് നിങ്ങൾ ന്യായം കൊടുത്തു വീട്ടേണ്ടിവരും, തീർച്ച. കൊമ്പില്ലാത്ത ആടിനു വേണ്ടി കൊമ്പൻ ആടിനെ പ്രതിക്രിയക്ക് വിധേയമാക്കപ്പെടുക പോലും ചെയ്യും.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
عَنْ أَبَي هُرَيْرَةَ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ. [البخاري في صحيحه]
〈അബൂ ഹുറെയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു ഭൂമിയെ കൈപ്പിടിയിൽ ഒതുക്കും. ആകാശങ്ങൾ തൻെറ കൈ കൊണ്ട് ചുരുട്ടിപ്പിടിക്കും. എന്നിട്ട് പറയും: ഞാനാണ് സർവ്വാധിപതി. ഭൂലോകത്തുണ്ടായിരുന്ന രാജാക്കൾ എവിടെ?!〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
عن ابن عمر رضي الله عنه، أن رسول الله ﷺ قرأ هذه الآية ذات يوم على المنبر: ﴿وما قدروا الله حق قدره والأرض جميعاً قبضته يوم القيامة والسماوات مطويات بيمينه سبحانه وتعالى عما يشركون﴾ (الزمر: 67)، ورسول الله ﷺ يقول هكذا بيده ويحركها؛ يقبل بها ويدبر، يمجِّد الرب نفسه: أنا الجبار، أنا المتكبر، أنا العزيز، أنا الكريم، فرجف برسول الله ﷺ المنبر، حتى قلنا ليخرَّن به. [أحمد في مسنده وصححه الألباني]
〈ഇബ്‌നു ഉമർ رضي الله عنهما നിവേദനം. നബി ﷺ ഒരു ദിവസം മിമ്പറിൽ വെച്ച് ഈ വചനം ഓതുകയുണ്ടായി: “അല്ലാഹുവിനെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയില്ല. പുനരുത്ഥാന നാളില്‍ ഭൂമിയെ മുഴുവനായി അവൻ തൻെറ ഒരു കൈപിടിയില്‍ ഒതുക്കും. ആകാശങ്ങള്‍ മുഴുക്കെ അവൻെറ കൈയിൽ ചുരുട്ടിക്കൂട്ടും. അവൻെറ വിശുദ്ധി ഉയർത്തിപ്പിടിച്ച് ഞാൻ അവനെ വാഴ്ത്തുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതിൽനിന്നെല്ലാം അതീതനും ഉന്നതനുമാണ് അവൻ.” (സുമർ 67) എന്നിട്ട് നബി ﷺ തൻെറ കൈ മുന്നോട്ടും പിന്നോടും ശക്തിയിൽ ആഞ്ഞു ചലിപ്പിച്ചു കൊണ്ട് ഇപ്രകാരം പറയുന്നുണ്ടായിരുന്നു: റബ്ബ് അവൻെറ പ്രതാപം സ്വയം വാഴ്ത്തുന്നു: “ഞാനാണ് ജബ്ബാർ, ഞാനാണ് മുതകബ്ബിർ, ഞാനാണ് അസീസ്, ഞാനാണ് കരീം.” അങ്ങനെ മിമ്പർ നബി ﷺ യെയും കൊണ്ട് ഇളകിയാടാൻ തുടങ്ങി. അത് നബി ﷺ യെയും കൊണ്ട് നിലംപതിക്കുമല്ലോ എന്ന് ഞങ്ങൾ പറയുക പോലും ചെയ്തു.〉 (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
അല്ലാഹുവിനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് സമസ്ത സൃഷ്ടിപ്രപഞ്ചങ്ങളുടെയും മേലുള്ള അവൻെറ രക്ഷാകർത്തൃത്വമാണ്. കാരുണ്യത്തിൽ അധിഷ്ഠിതമാണ് ആ രക്ഷാകർത്തൃത്വം. കാരണം അവൻ റഹ്‌മാനും റഹീമുമാണ്. അവൻ മാത്രമാണ് സൃഷ്ടികളുടെ സർവ്വാശ്രയവും പ്രതീക്ഷയും. പക്ഷെ, അവൻെറ കാരുണ്യത്തിലുള്ള പ്രതീക്ഷ മനുഷ്യനെ അക്രമിയാക്കാതിരിക്കട്ടെ. അവൻ നീതിമാനും സർവ്വപ്രതാപിയുമാണെന്ന കാര്യം മറന്നു കൂടാ. അക്രമകാരികൾ അവൻെറ ശിക്ഷയെ കുറിച്ച് നിർഭയരായിരിക്കാൻ പാടില്ല. അവനെ കുറിച്ചുള്ള പ്രതീക്ഷ പോലെ, അവനെ കുറിച്ചുള്ള ഭയപ്പാടും മനുഷ്യ മനസ്സിൽ സദാ അങ്കുരിക്കേണ്ടതുണ്ട്. ലക്കും ലഗാനുമില്ലാത്ത മനുഷ്യനെ ഈ സന്തുലിതത്വത്തിൻെറ കയറിൽ ബന്ധിച്ചു വേണം നേർവഴി നയിക്കാൻ. റഹ്‌മാനും റഹീമുമായ അല്ലാഹുവിനെ കുറിച്ച് പറഞ്ഞ ശേഷം പ്രതിഫലനാളിൻെറ അധിപൻ എന്നുള്ള പരാമർശം ഈ ആശയത്തിനു തന്നെയാണ് അടിവരയിടുന്നത്.