﴿ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴾ (5)
മനുഷ്യരാശിയിലേക്ക് അല്ലാഹു അവതരിപ്പിച്ച മുഴുവൻ ഗ്രന്ഥങ്ങളുടെയും സർവ്വസാരാംശം, ഭൂലോകത്തേക്ക് ഇതഃപര്യന്തം നിയുക്തരായ ദൂതന്മാരുടെയെല്ലാം അധ്യാപനത്തിൻെറ ആകത്തുക, അതാണ് ഈ സൂക്തത്തിൻെറ ഉള്ളടക്കം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:
فَهُوَ قد جمع بَين الْعِبَادَة والتوكل فِي عدَّة مَوَاضِع لِأَن هذَيْن يجمعان الدّين كُله وَلِهَذَا قَالَ من قَالَ من السّلف إِن الله جمع الْكتب الْمنزلَة فِي الْقُرْآن وَجمع علم الْقُرْآن فِي الْمفصل وَجمع علم الْمفصل فِي فَاتِحَة الْكتاب وَجمع علم فَاتِحَة الْكتاب فِي قَوْله ﴿إياك نعْبد وَإِيَّاك نستعينُ﴾. [ابن تيمية في مجموع فتاويه]
[അവൻ, അല്ലാഹു, ഒന്നിലധികം സന്ദർഭങ്ങളിൽ ഇബാദത്തിനെയും തവക്കുലിനെയും കുറിച്ച് ഒരുമിച്ച് പറഞ്ഞിട്ടുണ്ട്. കാര്യം, അവ രണ്ടും ചേരുമ്പോഴാണ് ദീൻ പൂർണ്ണമായും സമന്വയിപ്പിക്കപ്പെടുന്നത്. അതു കൊണ്ടാണ് മുൻഗാമികളിൽ ചിലർ ഇങ്ങനെ പറഞ്ഞത്: ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവനും അല്ലാഹു ഖുർആനിൽ ഏകോപിപ്പിച്ചിരിക്കുന്നു. ഖുർആനിക വിജ്ഞാനീയങ്ങളുടെ ആകത്തുക, അതിലെ ഇടത്തരം അധ്യായങ്ങളിൽ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. അവയിലുള്ള മുഴുവൻ അറിവുകളും ഫാതിഹഃയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഫാതിഹഃ സൂറത്തിലുള്ള സമസ്ത വൈജ്ഞാനിക മൂല്യങ്ങളെയും ﴾إياك نعْبد وَإِيَّاك نستعينُ﴿ എന്ന സൂക്തത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്, ഭൂലോകത്ത് അധിവസിപ്പിച്ചത്, ഗ്രന്ഥങ്ങൾ അവതരിപ്പിച്ചത്, ദൂതന്മാരെ നിയോഗിച്ചത്, അവരെ വിശ്വാസികളും അവിശ്വാസികളുമാക്കി വേർതിരിച്ചത്, പിതാവ് മകനോടും മകൻ പിതാവിനോടും യുദ്ധം ചെയ്തത്, പുനരുത്ഥാനവും വിചാരണയും ശിക്ഷാരക്ഷയും നിശ്ചയിച്ചത്, സ്വർഗ്ഗനരകങ്ങൾ സംവിധാനിച്ചത് എല്ലാമെല്ലാം ഈ സൂക്തത്തിൻെറ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണ്.
നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
എന്താണ് ഇബാദത്ത്? ഇസ്‌ലാമിലെ സവിശേഷമായ ഒരു സാങ്കേതിക ശബ്ദം എന്ന നിലയിൽ ഇബാദത്തിന് കൃത്യമായ ഒരു പരിഭാഷ നൽകുക സാധ്യമല്ല. പക്ഷെ, എന്താണ് ഇബാദത്തിൻെറ ശർഇയ്യായ വിവക്ഷ എന്ന് വിശദീകരിക്കാൻ കഴിയും. അത്തരം ഒരു വിശദീകരണത്തിൽനിന്ന് കാര്യം ഗ്രഹിക്കുകയും, ഇബാദത്ത് എന്ന സംജ്ഞയെ ലിപ്യന്തരണം ചെയ്ത് അതേപടി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരിക്കും കൂടുതൽ ഉചിതം. എന്നാൽ ആരാധന എന്ന പദം ഇബാദത്തിനുള്ള സാമാന്യ പരിഭാഷയായി പൊതുവെ ഉപയോഗിക്കാറുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.
നിരവധി ഖുർആൻ സൂക്തങ്ങളിലും, സ്ഥിരപ്പെട്ട നബിവചനങ്ങളിലും, മുൻഗാമികളായ ഇമാമുകളുടെയും പണ്ഡിതന്മാരുടെയും വിവരണങ്ങളിലും ഇബാദത്തിനെ കുറിച്ച് സവിശദം പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളുടെ ആകത്തുകയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിസ്താരഭയത്താൽ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല.
ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:
فإن العبادة متضمنة لكمال الحب مع كمال الذل وهذا حقيقة دين إبراهيم الخليل عليه السلام إمام الحنفاء [ابن تيمية في الصفدية]
[ഇബാദത്തിൻെറ ഉള്ളടക്കം പരിപൂർണ്ണമായ താഴ്‌മയോടുകൂടിയ അങ്ങേയറ്റത്തെ സ്നേഹമാണ്. ഇതാണ് മുവഹ്ഹിദുകളുടെ ഇമാമായ ഖലീലുള്ളാഹി ഇബ്‌റാഹീം عَلَيْهِ السَلَامُ കൊണ്ടുവന്ന ദീനിൻെറ യാഥാർത്ഥ്യം.] (ഇബ്‌നു തൈമിയ്യ സ്വഫ്‌ദിയ്യഃയിൽ രേഖപ്പെടുത്തിയത്)
അദ്ദേഹം തന്നെ തുടരുന്നു:
الْعِبَادَة هِيَ اسْم جَامع لكل مَا يُحِبهُ الله ويرضاه من الْأَقْوَال والأعمال الْبَاطِنَة وَالظَّاهِرَة. [ابن تيمية في العبودية]
[അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാവിധ വാക്കുകളെയും പ്രവർത്തനങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്ന നാമമാണ് ഇബാദത്ത്.] (ഇബ്‌നു തൈമിയ്യ ഉബൂദിയ്യഃയിൽ രേഖപ്പെടുത്തിയത്)
സ്വമദിയ്യത്ത് കൽപിച്ചുകൊണ്ടും, ഇലാഹാണെന്ന വിശ്വാസത്തോടെയും ചെയ്യുന്ന അങ്ങേയറ്റത്തെ വണക്കമാണ് ഇബാദത്ത് എന്നതാണ് ‘സുന്നത്ത് ജമാഅത്തി’ൻെറ പക്ഷം. അവർ പറയുന്ന സ്വമദിയ്യത്തിൻെറ വിവക്ഷ സ്വയംഭൂ ആയിരിക്കുക, സ്വന്തമായ കഴിവുകളുള്ളവനായിരിക്കുക, മറ്റാരെയും ആശ്രയിക്കാതിരിക്കുക എന്നൊക്കെയാണ്. ഇങ്ങനെയുള്ളവനാണെന്ന് കരുതാതെ ഒരുത്തനു മുന്നിൽ നിങ്ങൾ എന്ത് ചെയ്താലും അത് ഇബാദത്താവില്ലെന്നാണ് അവരുടെ വാദം. മാത്രമല്ല, അവൻ ഇലാഹാണെന്ന് വിശ്വസിക്കുകയും വേണം. ഈ രണ്ടു നിബന്ധനകളും പൂർത്തീകരിച്ചു കൊണ്ട് അല്ലാഹുവിന് പങ്കാളികളെ നിശ്ചയിച്ച മുശ്‌രിക്കുകൾ ചരിത്രത്തിൽ ഏറെയൊന്നും ഉണ്ടായിരിക്കാനിടയില്ല!
ഖുർആനിൽ മുശ്‌രിക്കുകൾ എന്ന് അഭിസംബോധന ചെയ്യപ്പെട്ട, നബി ﷺ യും അനുചരന്മാരും ആയുധമേന്തി പടവെട്ടിയ, നരകാവകാശികളെന്ന് മുദ്രകുത്തിയ മക്കയിലെ മുശ്‌രിക്കുകൾ പോലും ഇങ്ങനെ വിശ്വസിക്കുന്നവരായിരുന്നില്ല. അവരുടെ വിഗ്രഹങ്ങൾ സ്വയംഭൂവാണെന്നോ സ്വന്തമായി കഴിവുകളുള്ള പൂർണ്ണ നിരാശ്രയരാണെന്നോ അവർ വിശ്വസിച്ചിരുന്നില്ല. അവരെ കുറിച്ച്, തങ്ങൾക്കു വേണ്ടി അല്ലാഹുവിങ്കൽ ശിപാർശ പറയുന്നവരും, തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവരുമാണെന്ന് മാത്രമേ അവർ വിശ്വസിച്ചിരുന്നുള്ളു. ഇക്കാര്യം യൂനുസ് 18-ാം സൂക്തത്തിലും, അസ്സുമർ 3-ാം സൂക്തത്തിലും അല്ലാഹു അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാത്രമല്ല, അന്തരാള കാലത്ത് ഹജ്ജിൻെറ വേളയിൽ അവർ ചൊല്ലാറുണ്ടായിരുന്ന തൽബിയ്യത്തിൻെറ വാക്കുകൾ ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അവർ തൽബിയത്ത് ചൊല്ലാറുണ്ടായിരുന്നത് ഇപ്രകാരമായിരുന്നു: “അല്ലാഹുവേ! നിനക്ക് നീ നിശ്ചയിച്ച പങ്കാളിയല്ലാതെ മറ്റൊരു പങ്കാളിയുമില്ല. ആ പങ്കാളിയും അവൻ അധീനപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും നിൻെറ ഉടമസ്ഥതയിലാണ്”. ‘സുന്നത്ത് ജമാഅത്തി’ൻെറ നിർവ്വചന പ്രകാരം മക്കാ മുശ്‌രിക്കുകൾ പോലും മുവഹ്ഹിദുകളായിത്തീരും!!
സ്വമദിയ്യത്ത് കൽപിക്കുക, ഇലാഹാണെന്ന് വിശ്വസിക്കുക പോലുള്ള നിബന്ധനകൾ ചേർത്ത് ഇബാദത്തിനെ നിർവ്വചിക്കുന്നത് ‘സുന്നത്തുജമാഅത്തുകാർ’ ചെയ്തുകൊണ്ടിരിക്കുന്ന ശിർക്കൻ ദുരാചാരങ്ങളെ വെള്ളപൂശാൻ വേണ്ടിയാണ്. ഇത്തരം തട്ടിക്കൂട്ട് നിർവ്വചനങ്ങൾ ഖുർആൻ സൂക്തങ്ങളുമായോ സ്ഥിരപ്പെട്ട നബിവചനങ്ങളുമായോ യോജിക്കുന്നില്ല. മാതൃകായോഗ്യരായ മുൻഗാമികളുടെ വിവരണങ്ങളിലൊന്നും ഇങ്ങനെയൊരു നിർവ്വചനം കാണാനും കഴിയില്ല.
അതേപോലെ, അഭൗതികമായ മാർഗ്ഗത്തിൽ ഗുണം പ്രതീക്ഷിച്ചു കൊണ്ടോ ദോഷം ഭയന്നു കൊണ്ടോ ചെയ്യുന്ന ഏതൊരു പ്രവർത്തനവും ഇബാദത്താണ് എന്നതാണ് ഇസ്വ്‌ലാഹികളുടെ പക്ഷം. ഇബാദത്തിൻെറ നിർവ്വചനത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട പരമമായ സ്നേഹം ഇതിൽനിന്ന് ചോർന്നു പോയിരിക്കുന്നു. മാത്രമല്ല, ഈ നിർവ്വചനം ഉണ്ടാക്കിയവർ വിഷയത്തിൻെറ കാതലായ عِبَادَةُ اللهِ അഥവാ അല്ലാഹുവിനുള്ള ആരാധന എന്ന അടിസ്ഥാന ആശയം തന്നെ വിസ്മരിച്ചിരിക്കുന്നു. വ്യാജ ദൈവങ്ങൾക്കുള്ള ആരാധനയെയും ശിർക്കിനെയും അളക്കാനുള്ള ഒരു സമവാക്യം രചിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.
ഇബാദത്തിന് ആരാധന, അടിമവേല, അനുസരണം എന്നിങ്ങനെ മൂന്ന് അർത്ഥങ്ങളുണ്ടെന്നും അവ തനിച്ചോ ഒന്നിച്ചോ ഉദ്ദേശിക്കാവതാണെന്നുമാണ് മൗദൂദിയൻ പരിഭാഷകളുടെ പക്ഷം. ഇസ്‌ലാമിൻെറ മൗലികമായ അധ്യാപനങ്ങളുമായോ അറബി ഭാഷാ തത്വങ്ങളുമായോ ഒരു നിലക്കും യോജിക്കാത്ത ഈ വ്യാഖ്യാനം തൗഹീദിനകത്ത് മതരാഷ്ട്രവാദം ഉൾപ്പെടുത്താനുള്ള അഭിനവ ഖവാരിജുകളുടെ നിരർത്ഥകമായ ഒരു ബൌദ്ധിക വ്യായാമം മാത്രമാണ്. അഭീഷ്ടങ്ങൾ പിന്തുടരുകയും പ്രമാണവാക്യങ്ങളെ അതിനനുസൃതമായി ദുർവ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണല്ലോ ഖവാരിജുകളുടെ രീതി. ഹാകിമിയ്യത്തുല്ലാഹ് എന്ന ഓമനപ്പേരിൽ കടുത്ത خُرُوج മുസ്‌ലിംകളുടെ മതബോധത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമാണിത്. അതിനെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതും പൂർണ്ണാർത്ഥത്തിൽ തള്ളിക്കളയേണ്ടതുമാണ്.
അല്ലഹുവിന്ന് മാത്രം ഇബാദത്ത് ചെയ്യുക എന്നതാണ് മനുഷ്യൻെറ ജീവിതലക്ഷ്യം. അല്ലാഹുവിനെ മാത്രമായി ആരാധിക്കാനല്ലാതെ ജിന്നു വർഗ്ഗത്തെയും മനുഷ്യ വർഗ്ഗത്തെയും അവൻ സൃഷ്ടിച്ചിട്ടില്ല.
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ۞ مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ ۞ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ﴾ (الذاريات: 56-58)
മറ്റെല്ലാ ലൗകിക വ്യാപാരങ്ങളും കഴിഞ്ഞ് സമയം കിട്ടിയെങ്കിൽ, മനസ്സുവന്നെങ്കിൽ അല്ലാഹുവിന് അൽപം ഇബാദത്തും ചെയ്തുകളയാം എന്ന മനോഭാവം മുകളിൽ ഉദ്ധരിച്ച സൂക്തം നിർദ്ദേശിക്കുന്ന അടിസ്ഥാന ആശയവുമായി നിരക്കുന്നതല്ല. അല്ലാഹുവിന് മാത്രമായി ഇബാദത്ത് ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യവും ദൗത്യവും. അതിനു കുറവു വരാതെ ജീവിതത്തെ ക്രമപ്പെടുത്തുക എന്നതാണ് ഒരു അടിയാൻെറ പ്രാഥമികമായ കടമ. അതിനു സഹായകരമായിട്ടുള്ള മറ്റു കാര്യങ്ങൾ അഭികാമ്യം തന്നെ. എന്നാൽ ഇബാദത്തിനു സഹായകരമല്ലാത്തതോ അതിൽനിന്ന് നമ്മെ വ്യതിചലിപ്പിക്കുന്നതോ ആയ കാര്യങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഈ മൗലിക യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് നമ്മുടെ മുഴുവൻ ചലനങ്ങളെയും ജീവിത വ്യവഹാരങ്ങളെയും ക്രമീകരിക്കേണ്ടതാണ്.
അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുമ്പോൾ മാത്രമേ ഒരു അടിയാന് മനഃസമാധാനം കൈവരികയുള്ളു. ഇബാദത്തിൻെറ പൊരുൾ ശരിയായ വിധത്തിൽ ഉൾക്കൊണ്ട വ്യക്തിക്ക് ഇബാദത്തിലൂടെ കൈവരുന്ന ഒരു പരമാനന്ദമുണ്ട്. അത് അനുഭവിക്കാനല്ലാതെ പറഞ്ഞറിയിക്കാൻ കഴിയില്ല. തൻെറ സ്രഷ്ടാവിനെ അറിയുക, അവൻെറ സാമീപ്യം നേടുക, അന്യചിന്തകളേതുമില്ലാതെ അവനുമായി തനിച്ചാവുക, അവനുമായി സ്വകാര്യ ഭാഷണത്തിൽ ഏർപ്പെടുക, അവൻെറ മുന്നിൽ മനസ്സു തുറക്കുക, ഭാരങ്ങളെല്ലാം ഇറക്കിവെക്കുക. എല്ലാം അവനിൽ ഭരമേൽപിക്കുക, അവൻെറ കാരുണ്യത്തിലും ഔദാര്യത്തിലും തികഞ്ഞ പ്രതീക്ഷ പുലർത്തുക, അവൻെറ വിചാരണയും ന്യായവിധിയും ശിക്ഷാ രക്ഷകളുമോർത്ത് ഹൃദയം വിഹ്വലമാവുക, അവൻെറ നാമങ്ങളും ഗുണവിശേഷങ്ങളും പഠിക്കുക, അവയുടെ പൂർണ്ണതയും സൗന്ദര്യവും അറിയുക, അപ്പോൾ അവനോടുണ്ടാകുന്ന സ്നേഹത്തിൽ അലിയുക, അവൻെറ കാരുണ്യവും ഔദാര്യവും ഓർക്കുക, അവക്ക് കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം തൃപ്തിവരുവോളം നന്ദി പ്രകാശിപ്പിക്കുക. അവൻെറ സ്നേഹവും കാരുണ്യവും നേടാനുള്ള തേട്ടത്തിലും കർമ്മത്തിലും മുഴുകുക. അതാണു സഫലമായ ജീവിതം. അതാണ് ജീവതത്തിലെ പരമാനന്ദം.
ഇബാദത്തിൻെറ പൊരുൾ അറിയാത്തവർക്ക് അതൊരു ഭാരമാണ്, ഒരു കടംതീർക്കലാണ്. ഉബൂദിയ്യത്തിൻെറ യാഥാർത്ഥ്യം അറിയുന്നവർക്കാണെങ്കിൽ ഇബാദത്താണ് യഥാർത്ഥമായ ജീവിതാനുഭവം. ഈ അനുഭവ മൂല്യത്തെ കുറിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നത് കാണുക:
ولهذا فرضت عليهم قراءتها في كل صلاة دون غيرها من السور ولم ينزل في التوراة، ولا في الإنجيل، ولا في الزبور، ولا في القرآن مثلها، فإن فيها: ﴿إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ﴾ [الفاتحة: 5] فالمؤمن يرى أن عمله لله؛ لأنه إياه يعبد، وأنه بالله؛ لأنه إياه يستعين، [ابن تيمية في الحسنة والسيئة]
[അതുകൊണ്ടാണ് എല്ലാ നമസ്കാരങ്ങളിലും ഫാതിഹഃ പാരായണം ചെയ്യൽ നിർബ്ബന്ധമാക്കിയത്. മറ്റു സൂറത്തുകളുടെ കാര്യത്തിലില്ലാത്ത നിർബ്ബന്ധം. തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുർആനിൽ തന്നെയോ ഇതിനു തുല്യമായ മറ്റൊന്ന് അവതരിച്ചിട്ടില്ല. കാരണം അതിലാണ് ﴾إياك نعْبد وَإِيَّاك نستعينُ﴿ എന്ന സൂക്തമുള്ളത്. ഒരു വിശ്വാസിയുടെ വിഭാവനയനുസരിച്ച് അവൻെറ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്നുള്ളതാണ്. കാരണം അവൻ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്, അവനെ മാത്രം. അവൻ നിലനിൽക്കുന്നത് അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്. കാരണം, അവൻ സഹായം തേടുന്നത് അല്ലാഹുവിനോടാണ്, അവനോട് മാത്രം.] (ഇബ്‌നു തൈമിയ്യഃ അൽഹസനഃ വസ്സയ്യിഅഃയിൽ രേഖപ്പെടുത്തിയത്)
ഇബാദത്ത് പോലെ, ഈ സൂക്തത്തിൽ പരാമർശിക്കപ്പെട്ട സുപ്രധാനമായ മറ്റൊരു വിഷയമാണ് إَسْتِعَانَةٌ (സഹായാർത്ഥന). വിവിധ ഖുർആൻ പരിഭാഷകളിൽ ഇതു സംബന്ധമായി നൽകപ്പെട്ടിട്ടുള്ളത് സത്യാസത്യങ്ങൾ കൂട്ടിക്കുഴച്ച വിവരണങ്ങളാണ്. അതിനാൽ സഹായാർത്ഥനയുടെ (إَسْتِعَانَةٌ) ശരിയായ വിവക്ഷ എന്താണെന്നു നോക്കാം.
എല്ലാ കാര്യങ്ങളും നിവർത്തിച്ചു തരുന്നവൻ അല്ലാഹുവാണ്. ഇഹലോകത്തും പരലോകത്തും കാര്യങ്ങൾ നിവർത്തിച്ചു കൊടുക്കാൻ അവനു ചില നടപടിക്രമങ്ങളുണ്ട്. കാരണങ്ങളിലൂടെയാണ് അവൻ കാര്യങ്ങൾ നിവർത്തിക്കുന്നത്. കാരണങ്ങളും കാര്യങ്ങളും എല്ലാം അവൻെറ സൃഷ്ടികളാണ്. കാരണങ്ങൾ കാര്യങ്ങളെ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളുടെ നിയന്ത്രണം പൂർണ്ണമായും അല്ലാഹുവിൻെറ കൈയിലാണ്. കാര്യങ്ങൾ നിവർത്തിക്കാനുള്ള കാരണങ്ങൾ നിശ്ചയിക്കുന്നതും അവ തമ്മിൽ ബന്ധിപ്പിക്കുന്നതും അല്ലാഹു മത്രമാണ്. കാരണങ്ങൾക്ക് ഉപകരണപരമായ ധർമ്മം മാത്രമേയുള്ളു. കാര്യങ്ങളുടെ മേൽ ഉടമസ്ഥതയോ നിയന്ത്രണമോ ഇല്ല.
അല്ലാഹുവിന് മാത്രമേ കാര്യം സാധിപ്പിച്ചു തരാൻ കഴിയൂ. കാര്യസാധ്യത്തിനായി നാം തിരിയേണ്ടത് അവൻെറ അടുക്കലേക്ക് മാത്രമാണ്. നമ്മുടെ കണ്ണും മനസ്സും അവനിലേക്ക് മാത്രം തിരിക്കണം. അവനോട് മാത്രം ചോദിക്കണം. കാര്യസാധ്യത്തിന് അവൻ നിശ്ചയിച്ച കാരണങ്ങൾ നമുക്ക് അറിയിച്ചു തന്നിട്ടുണ്ടെങ്കിൽ ആ കാരണം പൂർത്തീകരിക്കണം. കാരണങ്ങളെ കാരണങ്ങളായി മാത്രമേ കാണാവൂ. കാരണങ്ങൾ കാര്യങ്ങളെ സൃഷ്ടിക്കുന്നില്ല. ആത്യന്തികമായി കാര്യം സാധിപ്പിക്കുന്നുമില്ല. ഒരു കാര്യം സാധിക്കാൻ നാം ചെയ്യേണ്ടത് അല്ലാഹുവിനോട് ചോദിക്കുക, ആ കാര്യം സാധിക്കുന്നതിന് അല്ലാഹു നിശ്ചയിച്ച കാരണം നമുക്ക് അറിയിച്ചു തന്നിട്ടുണ്ടങ്കിൽ അത് പൂർത്തീകരിക്കുക എന്നതാണ്. കാരണങ്ങളെ കേവല നിമിത്തങ്ങളായിട്ടു മാത്രമേ കാണാൻ പാടുള്ളു. അവയിലേക്ക് കണ്ണും മനസ്സും തിരിയുകയും അവയിൽ കാര്യങ്ങൾ ഭരമേൽപിക്കുകയും അവയോട് തേടുകയും ചെയ്യുക എന്നത് നിമിത്തങ്ങളെ അല്ലാഹുവിൽ പങ്കുചേർക്കലാണ്. അതു ശിർക്കാണ്.
നാം തേടുന്ന കാര്യം ഭൗതികമോ അഭൗതികമോ ആവട്ടെ, കാര്യകാരണ ബന്ധങ്ങൾക്ക് അധീനമോ അതീതമോ ആവട്ടെ, സൃഷ്ടികളുടെ കഴിവിൽപെട്ടതോ അല്ലാത്തതോ ആവട്ടെ, അതു സാധിപ്പിച്ചു തരുന്നവൻ അല്ലാഹു മാത്രമാണ്. അതിനാൽ അവനോട് മാത്രമേ സഹായം ചോദിക്കാവൂ. കാരണങ്ങൾക്കും നിമിത്തങ്ങൾക്കും ഉപകരണപരമായ ധർമ്മം മാത്രമേയുള്ളു. അതിൽ കവിഞ്ഞ ഒരു സ്ഥാനവും അവക്ക് നൽകാവതല്ല. അവയിലേക്ക് മനസ്സ് തിരിയാനും പാടില്ല.
ഉദാഹരണമായി, രോഗശാന്തി തേടുന്ന ഒരു വ്യക്തി അല്ലാഹുവിനോടാണ് ശമനം തേടേണ്ടത്. ഡോക്‌ടറും മരുന്നും അതിനുള്ള കാരണം മാത്രമാണ്. രോഗശമനത്തിന് അല്ലാഹു നിശ്ചയിച്ച കാരണം എന്ന നിലക്ക് ഡോക്‌ടറെ കാണിച്ച് മരുന്നു കഴിക്കുക എന്ന നടപടി രോഗി പൂർത്തീകരിക്കേണ്ടതാണ്. ഡോക്‌ടറോട് ശമനം തേടാനോ മരുന്നിനെ ആശ്രയമായി കാണാനോ പാടില്ല. കാര്യം സാധിച്ചാൽ ആത്യന്തികവും അപരിമേയവുമായ നന്ദി (الشكر الخالص) കാണിക്കേണ്ടത് അല്ലാഹുവിനോടാണ്. അതിനു കാരണക്കാരായി അല്ലാഹു നിശ്ചയിച്ച സൃഷ്ടികളോട് അല്ലാഹു കൽപിച്ച തരത്തിലുള്ള നന്ദിയോ പ്രത്യുപകാരമോ ചെയ്യേണ്ടതാണ്. എന്നാൽ ഡോക്‌ടറാണ് ശമനം നൽകുന്നത് എന്ന് വിശ്വസിക്കാനും കാര്യസാഫല്യത്തിനായി ഡോക്‌ടറിലേക്കോ മരുന്നിലേക്കോ മനസ്സുതിരിക്കാനും പാടില്ല. ശമനം ലഭിച്ചില്ലെങ്കിൽ കാരണങ്ങളെ പഴിക്കുന്നതും ശരിയല്ല. അനുഗ്രഹങ്ങൾ അവയുടെ സ്രഷ്ടാവും ദാതാവുമായ അല്ലാഹുവിലേക്ക് ചേർത്തു പറയണം. കാരണങ്ങളിലേക്കല്ല ചേർത്തു പറയേണ്ടത്. അനുഗ്രഹം ലഭിച്ചില്ലെങ്കിൽ കാരണങ്ങളെ പഴിക്കരുത്. തനിക്ക് അത് അല്ലാഹു വിധിച്ചിട്ടില്ലെന്നു കരുതുകയും അവൻെറ വിധിയിൽ തൃപ്തിയടഞ്ഞ് അവനെ സ്തുതിക്കുന്നതിനായി اَلْحَمْدُ لِلَّهِ عَلَى كُلِّ حَالٍ എന്നു പറയുകയും വേണം.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നത് കാണുക:
فَلَيْسَ فِي الدُّنْيَا وَالْآخِرَةِ شَيْءٌ إلَّا بِسَبَبِ وَاَللَّهُ خَالِقُ الْأَسْبَابِ وَالْمُسَبَّبَاتِ، وَلِهَذَا قَالَ بَعْضُهُمْ: الِالْتِفَاتُ إلَى الْأَسْبَابِ شِرْكٌ فِي التَّوْحِيدِ وَمَحْوُ الْأَسْبَابِ أَنْ تَكُونَ أَسْبَابًا نَقْصٌ فِي الْعَقْلِ، وَالْإِعْرَاضُ عَنْ الْأَسْبَابِ بِالْكُلِّيَّةِ قَدْحٌ فِي الشَّرْعِ. [ابن تيمية في مجموع فتاويه]
[കാരണം മുഖേനയല്ലാതെ ഇഹലോകത്തോ പരലോകത്തോ ഒരു കാര്യവും നടക്കുന്നില്ല. എന്നാൽ അല്ലാഹുവാണ് കാരണങ്ങളുടെയും കാര്യങ്ങളുടെയും വിധാതാവ്. അതു കൊണ്ടാണ് ചിലർ ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത്: നിമിത്തങ്ങളിലേക്ക് തിരിയുന്നത് അല്ലാഹുവിൻെറ ഏകത്വത്തിൽ പങ്കുചേർക്കലാണ്. എന്നാൽ നിമിത്തങ്ങളെ നിമിത്തങ്ങൾ എന്ന സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് ബുദ്ധിമോശമാണ്. കാരണങ്ങളിൽനിന്ന് മൊത്തമായി തിരിഞ്ഞുകളയുന്നത് ശറഇനെ അപവദിക്കലുമാണ്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:
لَكِن ينبوع الْخَيْر وَأَصله اخلاص العَبْد لرَبه عبَادَة واستعانة كَمَا فِي قَوْله اياك نعْبد واياك نستعين. [ابن تيمية، الزهد والورع والعبادة]
[സർവ്വൈശ്വര്യങ്ങളുടെയും ഉറവിടവും അടിസ്ഥാനവും ഏകത്വമാണ്, അടിയാൻ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം തേടുകയും ചെയ്യുന്നതിലുള്ള ഏകത്വം. അല്ലാഹുവിൻെറ വചനം ﴾إياك نعْبد وَإِيَّاك نستعينُ﴿ എന്നതിലുള്ള കാര്യം അതാണ്.] (ഇബ്‌നു തൈമിയ്യഃ സുഹ്‌ദിൽ രേഖപ്പെടുത്തിയത്)
ഒരു അടിയാൻ അല്ലാഹുവിനോട് നടത്തുന്ന ഏറ്റവും വലിയ തേട്ടമാണ് ﴾إياك نعْبد وَإِيَّاك نستعينُ﴿. അതിനെക്കാൾ വലിയ ദുആ വേറെയില്ല. തൻെറ കൈകളിൽ അല്ലാഹു ജീവിതം ഏൽപിച്ചിരിക്കുന്നത് ഇബാദത്തിനു വേണ്ടിയാണ്. ആ ഇബാദത്ത് മുടക്കം കൂടാതെയും, അല്ലാഹു തൃപ്തിപ്പെടുന്ന രൂപത്തിലും നിർവ്വഹിക്കാൻ കഴിയുക എന്നതാണ് തൻെറ ഏറ്റവും വലിയ ആവശ്യം. അതിനെക്കാൾ വലിയ ഒരാവശ്യവും മനുഷ്യനില്ല. ഇക്കാര്യം വിജയിച്ചാൽ എല്ലാം സഫലമായി. ഇതു വിജയിക്കാതെ മറ്റെന്തു ലഭിച്ചാലും താൻ ആത്യന്തികമായ പരാജയത്തിലാണ്. അതിനാൽ, ഇതിലൂടെ അവൻ തേടുന്നത് അല്ലാഹുവേ, നിനക്കു മാത്രമേ ഞാൻ ഇബാദത്ത് ചെയ്യുകയുള്ളു. അതാണ് എൻെറ ജീവിതം. അത് യഥാവിധം നിർവ്വഹിക്കാൻ ഞാൻ നിന്നോട് സഹായം തേടുന്നു, നിന്നോട് മാത്രം. ഈ ദുആയുടെ പൊരുളറിഞ്ഞ് ഹൃദയസാന്നിധ്യത്തോടെയാണ് ഒരാൾ പ്രാർത്ഥിക്കുന്നതെങ്കിൽ അത് അഹങ്കാരവും നാട്യവും ഇല്ലാതാക്കുകയും ചെയ്യും. ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ യുടെ വാക്കുകൾ ശ്രദ്ധിക്കുക:
وقال شيخ الإسلام ابن تيمية – قدس الله روحه -: تأملت أنفع الدعاء فإذا هو سؤال العون على مرضاته، ثم رأيته في الفاتحة في ﴿إياك نعْبد وَإِيَّاك نستعينُ﴾. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين]
[ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുകയുണ്ടായി: ഏറ്റവും ഉപകാരപ്രദമായ ദുആ ഏത് എന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു നോക്കി. അത് അല്ലാഹുവിൻെറ തൃപ്തി കരസ്ഥമാക്കാനുള്ള ദുആയാണ്. അതു ഞാൻ കണ്ടത് ഫാതിഹഃയിൽ ﴾إياك نعْبد وَإِيَّاك نستعينُ﴿ എന്നതിലാണ്.] (ഇബ്‌നുൽ ഖയ്യിം, മദാരിജുസ്സാലികീൻ)
﴿إيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾؛ فالعبادة إرادته، والاستعانة وسيلة إلى العبادة إرادة المقصود، وإرادة الاستعانة إرادة الوسيلة إلى المقصود، ولهذا قدّم قوله ﴿إِيَّاْكَ نَعْبُدُ﴾، وإن كانت لا تحصل إلا بالاستعانة. [ابن تيمية في النبوات]
[നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം സഹായം ചോദിക്കുന്നു. ഇബാദത്താണ് അവൻെറ ലക്ഷ്യം. സഹായാർത്ഥന (إَسْتِعَانَةُ) ഉദ്ദേശ്യലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമാണ്. സഹായാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത് ആ മാർഗ്ഗം മുഖേന ലക്ഷ്യസാഫല്യം നേടലാണ്. അതു കൊണ്ടാണ് ﴾إيَّاكَ نَعْبُدُ﴿ നിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു എന്ന വചനം ആദ്യം പറഞ്ഞത്, അത് സഹായാർത്ഥനയിലൂടെയല്ലാതെ കരസ്ഥമാക്കാൻ കഴിയില്ലെങ്കിലും.] (ഇബ്‌നു തൈമിയ്യഃ, അന്നുബുവ്വാത്ത്)
മഹാനായ സ്വഹാബിവര്യൻ മുആദ് ബിൻ ജബൽ رَضِيَ اللهُ عَنْهُ വിന് നബി ﷺ നൽകിയ ഒരു വസ്വിയ്യത്തുണ്ട്. ഈ സൂക്തത്തിൻെറ മറ്റൊരു പ്രയോഗരൂപമാണ് അതിൻെറ ഉള്ളടക്കം.
عَنْ مُعَاذِ بْنِ جَبَلٍ، أَنَّ رَسُولَ اللهِ ﷺ أَخَذَ بِيَدِهِ، وَقَالَ: يَا مُعَاذُ، وَاللَّهِ إِنِّي لَأُحِبُّكَ، وَاللَّهِ إِنِّي لَأُحِبُّكَ، فَقَالَ: أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ: اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ. [أبو داود في سننه وصححه الألباني]
[മുആദ് ബിൻ ജബൽ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ അദ്ദേഹത്തിൻെറ കൈപിടിച്ചിട്ട് പറഞ്ഞു:
മുആദ്! അല്ലാഹു തന്നെ സത്യം, തീർച്ചയായും ഞാൻ താങ്കളെ സ്നേഹിക്കുന്നു. അല്ലാഹു തന്നെ സത്യം, തീർച്ചയായും ഞാൻ താങ്കളെ സ്നേഹിക്കുന്നു.
എന്നിട്ട് അവിടുന്ന് പറഞ്ഞു: മുആദ്! ഞാൻ താങ്കൾക്ക് വസ്വിയ്യത്ത് നൽകുന്നു, എല്ലാ നമസ്കാരത്തിൻെറയും ഒടുവിൽ ഇങ്ങനെ പ്രാർത്ഥിക്കാൻ താങ്കൾ ഒരിക്കലും വിട്ടുപോകരുത്:
അല്ലാഹുവേ! നിന്നെ സ്മരിക്കാനും നിന്നോട് നന്ദികാണിക്കാനും കുറ്റമറ്റ രൂപത്തിൽ നിനക്ക് ഇബാദത്ത് ചെയ്യാനും എനിക്ക് നീ സഹായം നൽകണേ.] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
ഈ സൂക്തം നമസ്കാരങ്ങളിലെല്ലാം ആവർത്തിച്ച് പാരായണം ചെയ്യുന്ന ഒരു വിശ്വാസി തൻെറ ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥനയാണ് നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നത്. തൻെറ ഭാഗധേയം നിർണ്ണയിക്കാനുള്ള, ഇഹപര ജീവിത വിജയം നേടാനുള്ള പ്രാർത്ഥന! ഇത് മനസ്സാന്നിധ്യത്തോടെ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലാഹുവിൻെറ ഏകത്വം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും ആത്മസംസ്കൃതിയുടെ കാര്യത്തിലും അദ്ദേഹം എത്ര ഉന്നതനായിരിക്കും എന്നു ചിന്തിച്ചു നോക്കുക. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ പറയുന്നത് കാണുക:
وَكَثِيرًا مَا يَقْرِنُ النَّاسُ بَيْنَ الرِّيَاءِ وَالْعُجْبِ فَالرِّيَاءُ مِنْ بَابِ الْإِشْرَاكِ بِالْخَلْقِ وَالْعُجْبُ مِنْ بَابِ الْإِشْرَاكِ بِالنَّفْسِ وَهَذَا حَالُ الْمُسْتَكْبِرِ فَالْمُرَائِي لَا يُحَقِّقُ قَوْلَهُ ﴿إيَّاكَ نَعْبُدُ﴾ وَالْمُعْجَبُ لَا يُحَقِّقُ قَوْلَهُ: ﴿وَإِيَّاكَ نَسْتَعِينُ﴾ فَمَنْ حَقَّقَ قَوْلَهُ ﴿إيَّاكَ نَعْبُدُ﴾ خَرَجَ عَنْ الرِّيَاءِ وَمَنْ حَقَّقَ قَوْلَهُ ﴿وَإِيَّاكَ نَسْتَعِينُ﴾ خَرَجَ عَنْ الْإِعْجَابِ وَفِي الْحَدِيثِ الْمَعْرُوفِ: “ثَلَاثٌ مُهْلِكَاتٌ: شُحٌّ مُطَاعٌ وَهَوًى مُتَّبَعٌ وَإِعْجَابُ الْمَرْءِ بِنَفْسِهِ”.[ابن تيمية في مجموع فتاويه]
[മിക്കപ്പോഴും ജനങ്ങൾ നാട്യത്തെയും അഹന്തയെയും ചേർത്താണ് പറയാറുള്ളത്. നാട്യം (رَيَاءٌ) സൃഷ്ടികളെ പങ്കാളികളാക്കുക എന്ന ഇനത്തിലും, അഹന്ത സ്വന്തത്തെ പങ്കാളിയാക്കുക എന്ന ഇനത്തിലുമാണ് ഉൾപ്പെടുക. ഇവ ഒരു അഹങ്കാരിയുടെ അവസ്ഥയാണ്. നാട്യക്കാരൻ ﴾إيَّاكَ نَعْبُدُ﴿ നിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു എന്ന വചനത്തെ സാക്ഷാൽകരിക്കുന്നില്ല. അഹംഭാവി ﴾وَإِيَّاكَ نَسْتَعِينُ﴿ നിന്നോടു മാത്രം സഹായം തേടുന്നു എന്ന വചനത്തെയും സാക്ഷാൽകരിക്കുന്നില്ല. ﴾إيَّاكَ نَعْبُدُ﴿ എന്ന വചനത്തെ സാക്ഷാൽകരിച്ചവൻ നാട്യത്തിൽനിന്ന് രക്ഷപ്പെട്ടു. ﴾وَإِيَّاكَ نَسْتَعِينُ﴿ എന്ന വചനത്തെ സാക്ഷാൽകരിച്ചവൻ അഹന്തയിൽനിന്നും രക്ഷപ്പെട്ടു. പ്രശസ്തമായ ഒരു നബിവചനത്തിൽ ഇപ്രകാരം കാണാം: “മൂന്നു കാര്യങ്ങൾ വിനാശകരമാണ്: വിധേയത്വം കാണിക്കപ്പെടുന്ന സങ്കുചിതത്വം, പിന്തുടരപ്പെടുന്ന അഭീഷ്ടം, അഹത്തിൻെറ കാര്യത്തിൽ ഒരാൾ കാണിക്കുന്ന ഡംഭ്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
ചുരുക്കത്തിൽ, സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം നിർണ്ണയിക്കുന്ന, അല്ലാഹുവിനോട് മനുഷ്യൻ തൻെറ ഉടമ്പടി പുതുക്കുന്ന, തൻെറ ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ബോധ്യം പുതുക്കുന്ന, അത് സാക്ഷാൽകരിക്കാൻ അല്ലാഹുവിനോട് സഹായം തേടുന്ന, ജീവിതത്തിന് അർത്ഥവും വെളിച്ചവും നൽകുന്ന മഹത്തായ സുക്തം. അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഇതുപോലൊരു സൂക്തം വേറെയില്ല.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ النَبِيِّ ﷺ فإنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: قَالَ اللهُ تَعَالَى: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ: ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ (الفاتحة: 2)، قَالَ اللهُ تَعَالَى: حَمِدَنِي عَبْدِي، وَإِذَا قَالَ: ﴿الرَّحْمَنِ الرَّحِيمِ﴾ (الفاتحة: 3)، قَالَ اللهُ تَعَالَى: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ: ﴿مَالِكِ يَوْمِ الدِّينِ﴾ (الفاتحة: 4)، قَالَ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً فَوَّضَ إِلَيَّ عَبْدِي – فَإِذَا قَالَ: ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ (الفاتحة: 5) قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ: ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾ (الفاتحة: 7) قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ. [مسلم في صحيحه]
അബൂഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
അല്ലാഹു പറയുന്നു: നമസ്കാരം എനിക്കും എൻെറ അടിയാനും ഇടയിൽ രണ്ടായി ഞാൻ പകുത്തിരിക്കുന്നു. എൻെറ അടിയാൻ എന്തു ചോദിക്കുന്നുവോ അത് അവനുണ്ടായിരിക്കും.
അടിയാൻ പറയുന്നു: اَلْحَمْدُ لِلهِ رَبِّ الْعَالَمِينَ
അല്ലാഹു പ്രതിവചിക്കുന്നു: എൻെറ അടിയാൻ എന്നെ സ്തുതിച്ചിരിക്കുന്നു
അടിയാൻ പറയുന്നു: اَلرَحْمَنِ الرَحِيمِ
അല്ലാഹു പ്രതിവചിക്കുന്നു: എൻെറ അടിയാൻ എന്നെ പ്രകീർത്തിച്ചിരിക്കുന്നു.
അടിയാൻ പറയുന്നു: مَالِكِ يَوْمِ الدَينِ
അല്ലാഹു പ്രതിവചിക്കുന്നു: എൻെറ അടിയാൻ എൻെറ പ്രതാപം വാഴ്ത്തിയിരിക്കുന്നു.
മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: എൻെറ അടിയാൻ എന്നെ ഏൽപിച്ചിരിക്കുന്നു.
അടിയാൻ പറയുന്നു: إَيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
അല്ലാഹു പ്രതിവചിക്കുന്നു: ഇതാണ് ഞാനും എൻെറ അടിയാനും തമ്മിലുള്ളത്. എൻെറ അടിയാൻ എന്ത് ചോദിക്കുന്നുവോ അത് അവനുള്ളതാണ്.
അടിയാൻ പറയുന്നു: صِرَاطَ الَذِينَ أَنْعَمْتَ عَلَيْهِمْ، غَيْرِ الْمَغْضُوبِ عَلَيْهِمْ، وَلَضَّالِّينَ
അല്ലാഹു പ്രതിവചിക്കുന്നു: ഇവയെല്ലാം എൻെറ അടിയാനുള്ളതാണ്. അവൻ ചോദിച്ചത് അവനുണ്ട്.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)