﴿ اِهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴾ (6)
അല്ലാഹുവിന്ന് മാത്രം ഇബാദത്ത് ചെയ്യുന്ന, അവനോട് മാത്രം സഹായം തേടുന്ന അടിയാറുകൾക്ക് ഏറ്റവും ആവശ്യം, അവനു സ്വീകാര്യവും തൃപ്തികരവുമായ കാര്യങ്ങൾ ഏതാണെന്ന് മനസ്സിലാക്കലാണ്. അതിനുള്ള വഴിതേടുകയാണ് ഈ സൂക്തത്തിലൂടെ. മുൻ സൂക്തത്തിനോടൊപ്പം അവൻ കേഴുന്നു: ﴾اِهْدِنَا الصِّرَاطَ الْمُسْتَقِيمَ﴿ നീ ഞങ്ങളെ നേർവഴി നയിക്കേണമേ!
ഹിദായത്ത് (هَدَى، يَهْدِي، هُدَى، هِدَايَةٌ) എന്നതിൻെറ വിവക്ഷ നേർവഴി കാണിക്കുക എന്നതാണ്. അല്ലാഹുവിലേക്കുള്ള, അവൻെറ തൃപ്തിയിലേക്കുള്ള, സ്വർഗ്ഗത്തിലേക്കുള്ള, അവിടെ വെച്ച് അവൻെറ തിരുമുഖം ദർശിക്കുന്നതിലേക്കുള്ള നേർവഴിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആദമിനെയും ഹവ്വാഇനെയും عَلَيْهِمَا السَلَامُ ഭൂലോകത്തേക്ക് ഇറക്കി വിട്ടപ്പോൾ നൽകിയ വാഗ്‌ദാനമാണ് അവൻ തന്നെ നേർവഴി കാണിക്കാമെന്നത്. ആ നേർവഴി പിന്തുടരുന്നവർക്ക് ഭയപ്പെടാനൊന്നുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
ഹിദായത്ത് രണ്ടു തരമാണ്. (ഒന്ന്) ഏതാണ് നേർവഴി എന്ന് അറിയിച്ചു കൊടുക്കലും വിവരിച്ചു കൊടുക്കലും (هِدَايَةُ الْبَيَانِ). (രണ്ട്) നേർവഴി സ്വീകരിക്കാനും പിന്തുടരാനുമുള്ള തൗഫീഖും ഉതവിയും നൽകൽ (هِدَايَةُ التَوْفِيقَ). ആദ്യത്തേത്, അല്ലാഹു നിയോഗിക്കുന്ന ദൂതന്മാരിലൂടെയും, അവൻ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൂടെയുമാണ് സാധിപ്പിക്കുന്നത്. രണ്ടാമത്തേത്, ജീവിതത്തോട് ഓരോ വ്യക്തിയും കൈക്കൊള്ളുന്ന സമീപനത്തിൻെറയും, തന്നെ ഏൽപിച്ചിരിക്കുന്ന അമാനത്ത് കൈകാര്യം ചെയ്യുന്ന രീതിയുടെയും, തനിക്ക് നൽകിയിരിക്കുന്ന ഇഛാസ്വാതന്ത്ര്യവും വരണാധികാരവും വിനിയോഗിക്കുന്ന പ്രകാരത്തിൻെറയും അടിസ്ഥാനത്തിൽ അല്ലാഹു നൽകുന്ന സവിശേഷമായ ദാനവുമാണ്. അല്ലാഹു പൂർണ്ണ നീതിമാനാണ്, അടിയാറുകളോട് അൽപം പോലും അനീതി കാണിക്കാത്തവൻ!
മുഹമ്മദ് നബി ﷺ യെ നിയോഗിക്കുകയും ഖുർആൻ അവതരിപ്പിക്കുകയും ചെയ്തതോടെ ലോകാവസാനം വരെയുള്ള ജനപദങ്ങൾക്കെല്ലാം ആവശ്യമായ ഹിദായത്ത് പൂർണ്ണമായും വിവരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി അല്ലാഹുവിലേക്കുള്ള നേർവഴി മുഹമ്മദ് നബി ﷺ കാണിച്ചു തരുന്നത് മാത്രമായിരിക്കും.
നേർവഴി ഏകമായിരിക്കും. അതിൽ ബഹുത്വം സാധ്യമല്ല. രണ്ടു ബിന്ദുക്കൾക്കിടയിൽ ഒരു നേർരേഖ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതിനാൽ മുഹമ്മദ് നബി ﷺ കാണിച്ചു തരുന്ന വഴിയല്ലാതെ മറ്റു വഴികളെല്ലാം അടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയുക നാം.
നീ ഞങ്ങളെ നേർവഴി നയിക്കേണമേ എന്ന് ദുആ ചെയ്യുമ്പോൾ അതിലൂടെ അംഗീകരിക്കപ്പെടുന്നത് മുഹമ്മദ് നബി ﷺ യുടെ രിസാലത്തും, ഖുർആൻ അല്ലാഹുവിൻെറ ഗ്രന്ഥവും വചനവുമാണെന്ന യാഥാർത്ഥ്യവുമാണ്.
വഴിതെറ്റിയ ഞങ്ങൾക്ക് നിൻെറ നേർവഴി ഏതാണെന്ന് നീ കാണിച്ചു തരേണമേ. ആ വഴിയിലേക്ക് തിരിച്ചുവരാനും ആ വഴിയിൽ അനുവർത്തിക്കേണ്ട കാര്യങ്ങളെല്ലാം അസന്ദിഗ്‌ധമായും വിശദമായും ഉൾക്കൊണ്ട് മുന്നേറാനും, ആ വഴിയിലായിരിക്കെ ഗുണകരമായ അവസ്ഥയിൽ ജീവിതം പര്യവസാനിക്കാനുമുള്ള തൗഫീഖ് നൽകേണമേ. നിൻെറ നേർവഴിയിലേക്ക് എത്തിക്കുക, അതിൽ യഥാവിധം തുടരാൻ അനുഗ്രഹിക്കുക, ജീവിതപര്യവസാനം ആ നേർവഴിയിലായിരിക്കെ സംഭവിക്കുക ഈ മൂന്നു കാര്യങ്ങളും നീ ഞങ്ങളെ നേർവഴി നയിക്കേണമേ എന്ന ദുആയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സ്വിറാത് (صِرَاطٌ), എന്നാൽ മാർഗ്ഗം, വഴി, പാത എന്നെല്ലാമാണ് ഭാഷാർത്ഥം. സബീൽ, ജാദ്ദഃ മിൻഹാജ്, മൻഹജ്, ത്വരീഖ്, മഹജ്ജഃ, സുന്നഃ പോലുള്ള പദങ്ങളും ഏതാണ്ട് ഈ അർത്ഥത്തിൽ തന്നെയാണ് അറബിയിൽ പ്രയോഗിച്ചു വരുന്നത്.
ഇവിടുത്തെ വിവക്ഷ, മനുഷ്യൻ ആത്യന്തികമായ ജീവിത വിജയം നേടുന്നതിന് അല്ലാഹു നിർണ്ണയിച്ചു കൊടുത്ത, നബി ﷺ കാണിച്ചു തന്ന, സ്വഹാബത്തും സച്ചരിതരായ മറ്റു സലഫുകളും പിന്തുടർന്ന മാർഗ്ഗമാണ്. ഇതിനെ കുറിച്ച് കൃത്യമായ പ്രമാണരേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ നൽകിയിട്ടുള്ള ഒരു വിവരണമുണ്ട്.
وَقَالَ ابْنُ مَسْعُودٍ خَطَّ لَنَا رَسُولُ اللَّهِ ﷺ خَطًّا، وَقَالَ: هَذَا سَبِيلُ اللَّهِ، ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ يَسَارِهِ، وَقَالَ: هَذِهِ سُبُلٌ، عَلَى كُلِّ سَبِيلٍ شَيْطَانٌ يَدْعُو إِلَيْهِ، ثُمَّ قَرَأَ قَوْلَهُ تَعَالَى ﴿وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ﴾ (الأنعام: 153). وَهَذَا لِأَنَّ الطَّرِيقَ الْمَُوَصِّلَ إِلَى اللَّهِ وَاحِدٌ، وَهُوَ مَا بَعَثَ بِهِ رُسُلَهُ وَأَنْزَلَ بِهِ كُتُبَهُ، لَا يَصِلُ إِلَيْهِ أَحَدٌ إِلَّا مِنْ هَذِهِ الطَّرِيقِ، وَلَوْ أَتَى النَّاسُ مِنْ كَُلِّ طَرِيقٍ، وَاسْتَفْتَحُوا مِنْ كُلِّ بَابٍ، فَالطُّرُقُ عَلَيْهِمْ مَسْدُودَةٌ، وَالْأَبْوَابُ عَلَيْهِمْ مُغَلَّقَةٌ إِلَّا مِنْ هَذَا الطَّرِيقِ الْوَاحِدِ، فَإِنَّهُ مُتَّصِلٌ بِاللَّهِ، مُوَصِّلٌ إِلَى اللَّهِ، قَالَ اللَّهُ تَعَالَى ﴿هَذَا صِرَاطٌ عَلَيَّ مُسْتَقِيمٌ﴾ (الحجر: 41). [ابن القيم في مدارج السالكين]
[ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ പറയുന്നു: നബി ﷺ ഞങ്ങളെ ഒരു നേർരേഖ വരച്ചു കാണിച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് അല്ലാഹുവിൻെറ വഴി. പിന്നീട് അതിൻെറ വലതും ഇടതും കുറേ വളഞ്ഞ രേഖകൾ വരച്ചു. എന്നിട്ട് പറഞ്ഞു: ഇവയാണ് പിഴച്ച വഴികൾ. ഓരോ വഴിയുടെയും മുഖത്ത് അതിലേക്ക് വിളിക്കാനായി ഓരോ പിശാചുമുണ്ട്. പിന്നീട് അവിടുന്ന് പാരായണം ചെയ്തു: “ഇതാണ് എൻെറ നേരായ വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു വഴികള്‍ പിന്തുടരരുത്. അവയൊക്കെ അവന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു നല്‍കിയ വസ്വിയ്യത്താണിത്. (അൽഅൻആം 153) ഇത് അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴി ഒന്നു മാത്രമായതിനാലാണ്. അതുമായിട്ടാണ് അല്ലാഹു നബിമാരെ നിയോഗിച്ചതും ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. ഈ വഴിയിലൂടെയല്ലാതെ ആർക്കും അവനിലേക്ക് എത്താൻ കഴിയില്ല. ജനങ്ങൾ മുഴുവൻ വഴികൾ താണ്ടിയാലും, എല്ലാ കവാടങ്ങളും മുട്ടിയാലും, ഏകമായ ഈ വഴിയല്ലാത്ത, മറ്റെല്ലാ വഴികളും അവരുടെ മുമ്പിൽ അടഞ്ഞിരിക്കും. ആ കവാടങ്ങളെല്ലാം അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കും. ആ വഴി മാത്രം അല്ലാഹുവുമായി ബന്ധിക്കപ്പെട്ടതാണ്, അതു മാത്രം അല്ലാഹുവിലേക്ക് എത്തിക്കുന്നതാണ്. അല്ലാഹു പറുയുന്നു: “അവൻ പറഞ്ഞു: എന്നിലേക്കുള്ള നേര്‍വഴിയാകുന്നു ഇത്.” (ഹിജ്ർ 41)] (ഇബ്‌നുൽ ഖയ്യിം, മദാരിജുസ്സാലികീൻ)
അല്ലാഹുവേ! നിന്നിലേക്ക് എത്തിക്കുന്ന, അനുഗൃഹീതമായ നിൻെറ വിജയ വീഥിയിലേക്ക് നീ ഞങ്ങളെ നയിക്കേണമേ. ആ വഴിയിൽനിന്നു തെറ്റാതെ അതിൽ തന്നെ തുടരാൻ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആ വഴിയിലായിരിക്കെ ജീവിതം ഗുണകരമായി പര്യവസാനിക്കാനുള്ള തൗഫീഖ് ഞങ്ങൾക്കു നീ നൽകേണമേ.