﴿ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴾ (7)

അല്ലാഹുവിൻെറ നേരായ വഴിയിൽ മുമ്പേ പോയവരും കൂടെയുള്ളവരും ആരാണ്? നേരിൻെറ വഴിയിൽനിന്ന് വ്യതിചലിച്ചവർ ആരൊക്കെ? അവർ വ്യതിചലിച്ചത് ഏതടിസ്ഥാനത്തിലാണ്? ഇക്കാര്യങ്ങൾ പ്രായോഗികമായി വ്യക്തത വരുത്തുന്നതും സത്യാസത്യങ്ങൾ അസന്ദിഗ്‌ധമായി വേർതിരിക്കുന്നതുമാണ് ഈ സൂക്തം.

അതായത്, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

ആരാണ് അല്ലാഹു അനുഗ്രഹിച്ചവർ? ഖുർആനിലെ ചില വചനങ്ങൾ മറ്റു ചില വചനങ്ങൾക്ക് വിശദീകരണമായിത്തീരാറുണ്ട്. അങ്ങനെയുള്ള ഒരു സൂക്തം ഉദ്ധരിക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

﴿وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا﴾ (النساء: 69)

[ആര്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ച നബിമാര്‍, സാത്വികർ, ശുഹദാക്കൾ, സച്ചരിതർ എന്നിവരുടെ കൂടെയായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!] (നിസാഅ് 69)

എന്നാൽ, അല്ലാഹുവിൻെറ കോപശാപങ്ങൾക്ക് വിധേയരായവർ ആരാണെന്നും വഴിപിഴച്ചവർ ആരാണെന്നും നബി ﷺ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം:

عَنْ عَدِيِّ بْنِ حَاتِمٍ، عَنِ النَّبِيِّ ﷺ قَالَ: اليَهُودُ مَغْضُوبٌ عَلَيْهِمْ وَالنَّصَارَى ضُلَّالٌ. [الترمذي في سننه وصححه الألباني]

[അദിയ്യ് ബിൻ ഹാതിം رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ജൂതന്മാരാണ് കോപത്തിന് വിധേയരായവർ. ക്രൈസ്തവർ വഴിപഴച്ചവരും.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

ഉപരിസൂചിത വിശദീകരണത്തിന് ചരിത്രപരവും പ്രായോഗികവുമായ തലങ്ങളുണ്ട്. എന്നാൽ അത് നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്നത് എങ്ങനെ എന്നു കൂടി പരിശോധിക്കാതെ ഈ വിവരണം പൂർണ്ണമാവില്ല. അത് സച്ചരിതരായ മുൻഗാമികൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:

قَالَ سُفْيَان بن عُيَيْنَة كَانُوا يَقُولُونَ من فسد من الْعلمَاء فَفِيهِ شبه من الْيَهُود وَمن فسد من الْعباد فَفِيهِ شبه من النَّصَارَى. [ابن تيمية في الاستقامة]

[സുഫ്‌യാൻ ബിൻ ഉയെയ്‌നഃ رَحِمَهُ اللهُ പറയുന്നു: സച്ചരിതരായ മുൻഗാമികൾ പറയാറുണ്ടായിരുന്നു, പണ്ഡിതന്മാർ ദുഷിച്ചാൽ അവർക്കുള്ള സാമ്യം ജൂതന്മാരോടാണ്. സാധാരണക്കാർ ദുഷിച്ചാൽ അവർക്കുള്ള സാമ്യം ക്രൈസ്തവരോടുമാണ്.] (ഇബ്‌നു തൈമിയ്യഃ ഇസ്തിഖാമഃയിൽ ഉദ്ധരിച്ചത്)

ഈ ഉപമയുടെ സാധർമ്യം വിശകലനം ചെയ്യുന്നത് കാര്യങ്ങൾ വ്യവഛേദിച്ചു മനസ്സിലാക്കാൻ ഉപകരിക്കും. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ തന്നെ പറയുന്നു:

فإنَّ اليهودَ عرفوا الحق وما عملوا به فالعالمُ الفاجر فيه شَبَه منهم والنصارى عبدوا الله بغير علم فالعابد الجاهل فيه شَبَه منهم. [ابن تيمية في الرد على الشاذلي]

[കാരണം ജൂതന്മാർ സത്യം മനസ്സിലാക്കിയിട്ടും അതനുസരിച്ച് പ്രർത്തിച്ചില്ല. അതിനാലാണ് അധർമ്മകാരിയായ ഒരു പണ്ഡിതന് അവരുമായി സാദൃശ്യമുണ്ടാകുന്നത്. ക്രൈസ്തവർ അല്ലാഹുവിനെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെയാണ് ആരാധിച്ചത്. അതിനാലാണ് വിവരമില്ലാതെ ആരാധന ചെയ്യുന്നവന് അവരുമായി സാദൃശ്യമുണ്ടാകുന്നതും.] (ഇബ്‌നു തൈമിയ്യഃ, അർറദ്ദു അലശ്ശാദുലി)

അല്ലാഹുവേ! ഞങ്ങളെയും നീ നബിമാരുടെ, സ്വിദ്ദീഖുകളുടെ, ശുഹദാക്കളുടെ, സജ്ജനങ്ങളുടെ വൃന്ദത്തിലായി, നേരിൻെറ വഴിയിൽ നേരെ നയിക്കേണമേ.