﴿ بِسْــــمِ اللَّهِ الرَّحْمَنِ الرَّحِيمِ ﴾ (1)

ഖുർആനിലെ പ്രാരംഭ അധ്യായമാണ് ഫാതിഹഃ; ഈ മഹദ് ഗ്രന്ഥത്തിൻെറ മാതാവ് (أُمُّ الْكِتَابِ). പേരിനെ അന്വർത്ഥമാക്കും വിധം അതിഗഹനവും ഗംഭീരവുമായ ഉള്ളടക്കം. നമസ്കാരത്തിൽ ഓരോ റക്അത്തിലും പാരായണം ചെയ്യാനുള്ള അധ്യായം. അനന്യവും അനിതരവുമായ ഏഴു സൂക്തികൾ. സമാനമായ വചനങ്ങൾ മുൻകാല ഗ്രന്ഥങ്ങളിലൊന്നിൽ പോലുമില്ല.

بِسْـمِ اللَّهِ الرَّحْمَنِ الرَّحِيمِ ﴿ എന്നത് ഫാതിഹഃയിലെ പ്രഥമ സൂക്തം. മുഖവുര [ഭാഗം 8.6]ൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല. ഈ മഹദ്വചനത്തെ പരിഭാഷപ്പെടുത്തുക സാധ്യമല്ല. കാരണം ഖുർആൻ സൂക്തങ്ങൾ അല്ലാഹുവിൻെറ വചനങ്ങളാണ്. അവക്ക് കൃത്യമായ ഒരു പരിഭാഷ നൽകാൻ സൃഷ്ടികൾക്കാവില്ല. അതിനാൽ അതുൾക്കൊള്ളുന്ന പ്രാഥമികമായ ആശയങ്ങൾ പരിചയപ്പെടുത്താം.

മാനവ ചരിത്രത്തിൻെറ ഗതിവിഗതികൾ നിർണ്ണയിച്ച, മനുഷ്യരിലെയും ജിന്നുകളിലെയും മുഴുവൻ പ്രതിഭകളെയും വെല്ലുവിളിച്ച, കാലപ്പകർച്ചക്കു വഴങ്ങാതെ പതിനാലു നൂറ്റാണ്ടിലധികമായി സ്വന്തം അജയ്യതയും അപ്രമാദിത്വവും ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു മഹാഗ്രന്ഥം! അത് മനുഷ്യലോകത്തിന് കൈമാറിയ മുഹമ്മദ് നബി ﷺ പറയുന്നു,  അത് തൻേറതല്ല; അല്ലാഹുവിൻേറതാണ്. തനിക്ക് വഹ്‌യിലൂടെ അത് അവതരിപ്പിച്ചു തന്ന റഹ്‌മാനും റഹീമുമായ അല്ലാഹുവിൻെറ പേരിൽ ഞാനിതാ അതു നിങ്ങളെ ഓതിക്കേൾപ്പിക്കുന്നു.

ബക്കയെ വലയംചെയ്തു കിടക്കുന്ന വിജനമായ മലമടക്കുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ عَلَيْهِ السَلَامُ മുഹമ്മദ് നബി ﷺ ക്ക് ആദ്യമായി വഹ്‌യ് കൈമാറുന്നു.

﴿ اِقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ۞ خَلَقَ الْإِنْسَانَ مِنْ عَلَقٍ ۞ اقْرَأْ وَرَبُّكَ الْأَكْرَمُ ۞ الَّذِي عَلَّمَ بِالْقَلَمِ ۞ عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ ۞ ﴾ (العلق: 1-5)

സ്രഷ്ടാവായ നിൻെറ റബ്ബിൻെറ പേരിൽ നീ ചൊല്ലിക്കൊടുക്കുക. ഇത് അല്ലാഹുവിൻേറതാണ്, നിൻേറതല്ല. ഇതു അല്ലാഹുവിൻെറ വചനമാണ്, സൃഷ്ടിയല്ല. മനുഷ്യനെ അവൻ സിക്താണ്ഡത്തിൽനിന്നാണ് സൃഷ്ടിച്ചത്. അറപ്പുളവാക്കുന്ന ഇന്ദ്രിയത്തുള്ളിയിൽനിന്ന്, ബീജസങ്കലനത്തിലൂടെ രൂപപ്പെടുന്ന സിക്താണ്ഡത്തിൽനിന്ന്, ക്രമാനുഗതമായ വളർച്ചയുടെ പടികൾ താണ്ടിക്കേറുന്ന ഭ്രൂണത്തിൽനിന്ന്. ഒന്നുമറിയാതെ, ഒരു കഴിവുമില്ലാതെ ദുർബ്ബലനായി പിറന്ന് ശക്തനായി വളരുന്ന മനുഷ്യൻ എന്ന മഹാവിസ്‌മയം സംവിധാനിച്ച അല്ലാഹു. അവൻെറ വചനം നീ വായിച്ചുകൊടുക്കുക. നിൻെറ റബ്ബ് അത്യുദാരനാണ്. അവനാണ് മനുഷ്യനെ പേന ഉപയോഗിക്കാൻ പഠിപ്പിച്ചത്. ആലേഖന വിദ്യയിലൂടെ സാംസ്കാരികക്കൈമാറ്റം സാധിപ്പിച്ചത്. ഒന്നുമറിയാതെ, ഒന്നിനും കഴിയാതെ ഭൂമുഖത്തേക്ക് കടന്നു വന്ന മനുഷ്യനെ ഈ പ്രകൃതിയെ പഠിക്കാൻ, പ്രകൃതി നിയമങ്ങൾ മനസ്സിലാക്കാൻ, അവയെ മെരുക്കാൻ, അവയുടെമേൽ ആധിപത്യം സ്ഥാപിക്കാൻ പ്രാപ്തനാക്കിയത്.

بسم الله  യുടെ അർത്ഥം അല്ലാഹുവിൻെറ പേരിൽ, അല്ലെങ്കിൽ അല്ലാഹുവിൻെറ നാമം കൊണ്ട് എന്നാണ്. അവനു ധാരാളം പേരുകളുണ്ട്. അവ ക്ലിപ്തപ്പെടുത്തുക നമുക്കു സാധ്യമല്ല. الله എന്നത് അവൻെറ അടിസ്ഥാന നാമമാണ്. بسم الله എന്ന വചനം الله എന്ന നാമം മാത്രമല്ല, അവൻെറ എല്ലാ നാമങ്ങളെയും ഉദ്ദേശിക്കുന്ന പ്രയോഗമാണ്. അഥവാ അല്ലാഹുവിൻെറ എല്ലാ നാമങ്ങൾ കൊണ്ടും.

بِـ എന്ന അവ്യയം സഹായാർത്ഥന നടത്തുക, ഐശ്വര്യം തേടുക, എന്ന ആശയവും ധ്വനിപ്പിക്കുന്നുണ്ട്. اَللهُ എന്ന മഹദ് നാമത്തിൻെറ പദപരമായ ചർച്ചകൾ മുൻഗാമികൾ നടത്തിയിട്ടുള്ളത് പരിശോധിച്ചാൽ അവയിൽ ഏറ്റവും പ്രസക്തവും ശരിയും ഇതാണ്: അതിൻെറ ബന്ധം أَلَهَ എന്ന പദത്തോടാണ്. أَلَهَ يَأْلَهُ أُلوهَةً وإِلاهَةً وأُلوهِيةً؛ بِمَعْنَى عبدَ عِبَادةً എന്ന പദം ഇബാദത്ത് ചെയ്യുക, ആരാധനയർപ്പിക്കുക എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. അപ്പോൾ ആരാധിക്കപ്പെടാൻ തരപ്പെട്ടവൻ എന്ന ആശയമാണ് الله എന്ന പദം ധ്വനിപ്പിക്കുന്നത്. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ പറഞ്ഞതായി ഇബ്‌നു ജരീർ അത്ത്വബ്‌രി رحمه الله ഇപ്രകാരം ഉദ്ധരിക്കുന്നു: (اللهُ ذُو الإلهيةِ والعُبوديةِ علَى خَلْقِهِ أَجْمَعِينَ) 〈സൃഷ്ടികൾ അഖിലവും ആരാധനയും ഉബൂദിയ്യത്തും നൽകാൻ കടപ്പെട്ടവനാരോ അവനാണ് അല്ലാഹു.〉 ഇബ്‌നു അബ്ബാസ് رضي الله عنه ൽനിന്നുള്ള മേൽ ഉദ്ധരണിയുടെ നിവേദക പരമ്പര ദുർബ്ബലമാണെന്ന് ചില നിരൂപകന്മാർ പറഞ്ഞിട്ടുള്ളത് വിസ്മരിക്കുന്നില്ല.

بِسْمِ اللهِ എന്ന് ഉരുവിടുമ്പോൾ അർത്ഥമാക്കുന്നത്, സൃഷ്ടികളെല്ലാം ആരാധനയും ഉബൂദിയ്യത്തും നൽകാൻ  കടപ്പെട്ടവനായ അല്ലാഹുവിൻെറ സർവ്വ നാമങ്ങളും കൊണ്ട്, അവൻെറ സഹായവും ആശിസ്സുകളും തേടുന്നു എന്നാണ്. അല്ലാഹുവിൻെറ പരിരക്ഷയും (عصمة) ഉതവിയും (توفيق) ഇല്ലാതെ താൻ ഉദ്യമിക്കുന്ന ഒരു കാര്യവും വിജയിക്കുകയില്ലെന്ന ബോധ്യത്തിൽനിന്നായിരിക്കണം അത് ഉച്ചരിക്കേണ്ടത്.  അല്ലാഹുവിൻെറ സദ്ഗുണ സമ്പൂർണ്ണമായ സർവ്വ നാമങ്ങളും മനസ്സിൽ വെച്ച്,  اللهُ എന്ന ഐശ്വര്യപൂർണ്ണമായ  അടിസ്ഥാന നാമം ഉരുവിട്ട്, അവൻെറ പരിരക്ഷയും (عصمة) ഉതവിയും (توفيق) തേടിക്കൊണ്ട് വേണം ഒരു വിശ്വാസി നല്ല കാര്യങ്ങൾ ചെയ്യാൻ മുതിരേണ്ടത്. അത് തൻെറ ഹൃദയത്തിൽ ഉളവാക്കുന്ന നിർഭയത്വവും പ്രതീക്ഷയും അളവറ്റതായിരിക്കും. അത് അനുഭവിച്ചറിയുക തന്നെ വേണം, പറഞ്ഞറിയിക്കാവതല്ല.

അവൻ റഹ്‌മാനും റഹീമുമാണ്. ഇവ രണ്ടും അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളാണ്. അല്ലാഹു എന്ന പേരിൽ അവനെ വിളിക്കുന്നതു പോലെ ഈ രണ്ടു പേരിലും അവനെ വിളിക്കാവുന്നതാണ്. ഇവയിൽ ഉൾച്ചേർന്നിരിക്കുന്നത് رَحْمَةٌ എന്ന ഗുണവിശേഷമാണ്. റഹ്‌മത്ത് എന്നതു കൊണ്ട് വിവക്ഷിക്കുന്നത് മൂന്നു കാര്യങ്ങളാണ്:

  1. ഉദാത്തമായ എല്ലാ ആഗ്രഹങ്ങളുടെയും സഫലീകരണം
  2. ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്നെല്ലാമുള്ള സംരക്ഷണം
  3. സംഭവിച്ചുപോയ തെറ്റുകളിൽനിന്നുള്ള പാപവിമുക്തി

അല്ലാഹു നമ്മുടെ എല്ലാ നല്ല ലക്ഷ്യങ്ങളും നിറവേറ്റിത്തരുന്നു. നാം ഭയപ്പെടുന്ന കാര്യങ്ങളിൽനിന്ന് നമുക്ക് സംരക്ഷണം നൽകുന്നു. അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകുറ്റങ്ങൾ പൊറുത്തു തരുന്നു. ഇതാണ് അവൻ റഹ്‌മത്ത് ചെയ്യുന്നു എന്നതിൻെറ വിവക്ഷ.

മേൽ പ്രസ്താവിച്ച കാര്യങ്ങളിൽ മൂന്നമത്തേത് വേർതിരിച്ച് പ്രത്യേകം പരാമർശിക്കുന്ന ശൈലിയുണ്ട്. അഥവാ റഹ്‌മത്തും പാപമോചനവും (مغفرة) ഒരുമിച്ച് പറയും. അത്തരം സന്ദർഭങ്ങളിൽ റഹ്‌മത്തിൻെറ വിവക്ഷ ആദ്യത്തെ രണ്ടു കാര്യങ്ങൾ മാത്രമായിരിക്കും.

പലപ്പോഴും കാരുണ്യം എന്ന മലയാള പദമാണ് ഇതിനു പകരമായി ഉപയോഗിക്കാറുള്ളത്. അത് ഉദ്ദിഷ്ട ആശയങ്ങളെ പ്രകാശിപ്പിക്കാൻ പര്യാപ്തമല്ലെന്നു പറയേണ്ടതില്ലല്ലോ. കാരുണ്യം എന്ന പദം ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിച്ചു കാണുമ്പോൾ അതിൻെറ വിവക്ഷ മേൽ വിശദീരിച്ച കാര്യങ്ങളാണെന്ന് മനസ്സിലാക്കുക.

റഹ്‌മാനും റഹീമും തമ്മിലുള്ള വ്യത്യാസം കൂടി പറയാം. മേൽ വിവരിച്ച റഹ്‌മത്ത് എന്ന ഗുണവിശേഷമുള്ളവനാണ് റഹ്‌മാൻ. മുഴുവൻ റഹ്‌മത്തും അവനിൽനിന്നുള്ളതാണ്. അവനാണ് റഹ്‌മത്തിൻെറ സ്രോതസ്സ്. അവൻ സമ്പൂർണ്ണമായ റഹ്‌മത്തിനുടയവനാണ് ( ذو الرحمة الواسعة). അവൻെറ സത്താപരമായ വിശേഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. റഹ്‌മാൻ എന്ന പദം അല്ലാഹുവിന് മാത്രമേ ഉപയോഗിക്കാവൂ. അത് സൃഷ്ടികളുടെ പേരോ വിശേഷണമോ ആയി ഉപയോഗിക്കാവതല്ല. അവൻെറ റഹ്‌മത്ത് അത്യപാരമാണ്. അത് അവൻെറ കോപത്തെയും മറികടന്നിരിക്കുന്നു. നബി ﷺ പറയുന്നു:

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ ﷺ: لَمَّا قَضَى اللَّهُ الْخَلْقَ كَتَبَ كِتَابًا فَهُوَ عِنْدَهُ فَوْقَ عَرْشِهِ: إِنَّ رَحْمَتِي سَبَقَتْ غَضَبِي. [متفق عليه]

〈അബു ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: അല്ലാഹു സൃഷ്ടികളെ പടച്ചപ്പോൾ ഒരു ലിഖിതം ഉല്ലേഖനം ചെയ്തു. അത് അവൻെറയടുക്കൽ അർശിന്മേലുണ്ട്: “എൻെറ റഹ്‌മത്ത് എൻെറ കോപത്തെ മറികടന്നിരിക്കുന്നു, തീർച്ച.”〉 (ബുഖാരി, മുസ്‌ലിം)

റഹീം എന്നാൽ സൃഷ്ടികൾക്ക് റഹ്‌മത്ത് ചെയ്തു കൊടുക്കുന്നവൻ. അളവറ്റ റഹ്‌മത്ത്  പ്രദാനം ചെയ്യുന്നവനാണ് അല്ലാഹു. അവൻ ذو الرحمة الواصلة സമൃദ്ധവും അനുസ്യൂതവുമായ റഹ്‌മത്ത് നൽകിക്കൊണ്ടിരിക്കുന്നവനാണ്. റഹ്‌മത്ത് ചെയ്തുകൊടുക്കുക എന്നത് അല്ലാഹുവിൻെറ ഇഛയുമായി (مشيئة) ബന്ധപ്പെട്ട കർമ്മപരമായ ഗുണവിശേഷണമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോൾ ഉദ്ദേശിക്കുന്ന വിധേന അവൻ റഹ്‌മത്ത് ചെയ്യും. സൃഷ്ടികളും അവർക്കുള്ളതുമെല്ലാം അവൻെറ റഹ്‌മത്ത് മാത്രം. നബി ﷺ പറയുന്നു:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ﷺ قَالَ: إِنَّ لِلَّهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالْإِنْسِ وَالْبَهَائِمِ وَالْهَوَامِّ، فَبِهَا يَتَعَاطَفُونَ، وَبِهَا يَتَرَاحَمُونَ، وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا، وَأَخَّرَ اللهُ تِسْعًا وَتِسْعِينَ رَحْمَةً، يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ. [البخاري في صحيحه]

〈അബൂ ഹുറയ്റഃ رضي الله عنه നബി ﷺ യിൽനിന്ന് നിവേദനം: നിശ്ചയമായും അല്ലാഹുവിന് നൂറ് റഹ്‌മത്തുണ്ട്. അതിൽനിന്ന് ഒരു റഹ്‌മത്ത് അവൻ ജിന്ന്, മനുഷ്യർ, മൃഗങ്ങൾ. ഇഴജന്തുക്കൾ പോലുള്ളവർക്കിടയിൽ ഇറക്കിക്കൊടുത്തു. അതു മുഖേനയാണ് അവർ പരസ്പരം കനിവ് കാണിക്കുന്നത്. അതു മൂലമാണ് അവർ അന്യോന്യം റഹ്‌മത്ത് ചെയ്യുന്നത്. അതു കൊണ്ടാണ് വന്യമൃഗം അതിൻെറ കിടാവിനോട് കനിവ് കാണിക്കുന്നത്. തൊണ്ണൂറ്റി ഒമ്പത് റഹ്‌മത്തും അവൻ മാറ്റിവെച്ചിരിക്കുന്നു. അതു മുഖേന അന്ത്യനാളിൽ അടിയാറുകൾക്ക് അവൻ റഹ്‌മത്ത് ചെയ്യും.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹുവിന് അടിയാറുകളോടുള്ള റഹ്‌മത്തിനെ കുറിച്ച് നബി ﷺ സ്വഹാബത്തിന് പ്രായോഗികമായ ഒരു പാഠം നൽകിയത് ഹദീസുകളിലുണ്ട്. ഒരിക്കൽ യുദ്ധത്തടവുകാർ വന്നപ്പോൾ കൂട്ടത്തിൽ മുലയൂട്ടുന്ന ഒരു ഉമ്മയുണ്ടായിരുന്നു. കൈക്കുഞ്ഞ് നഷ്ടപ്പെട്ട വെപ്രാളത്തിൽ കാണുന്ന കുഞ്ഞുങ്ങളെയെല്ലാം അവർ വാരിപ്പുണർന്ന് മാറോടു ചേർത്ത് മുലയൂട്ടുന്ന കാഴ്ച കണ്ടുനിന്നവരുടെയെല്ലാം കരളലിയിപ്പിച്ചു. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു: (أَتَرَوْنَ هَذِهِ الْمَرْأَةَ طَارِحَةً وَلَدَهَا فِي النَّارِ) 〈ഈ സ്ത്രീ അവരുടെ കുഞ്ഞിനെ തീയിൽ എറിയുമെന്ന് നിങ്ങൾ കരുതുന്നവോ?〉 അവർ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല. അവർക്ക് അവരുടെ കുഞ്ഞിനെ തീയിൽ എറിയാതിരിക്കാൻ മാത്രമേ സാധിക്കൂ. അപ്പോൾ നബി ﷺ അവരെ പഠിപ്പിച്ചു: (لَلَّهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا) 〈ഈ സ്ത്രീക്ക് അവളുടെ കുഞ്ഞിനോടുള്ളതിനെക്കാൾ റഹ്‌മത്ത് അല്ലാഹുവിന് അവൻെറ അടിയാറുകളോടുണ്ട്, തീർച്ച.〉 ഈ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ളതാണ്.

മനുഷ്യരും ജിന്നുകളും പക്ഷിമൃഗാദികളും എല്ലാമെല്ലാം പരസ്പരം റഹ്‌മത്ത് കാണിക്കുന്നതും ഇതര ജീവികളുമായി കാരുണ്യത്തിൽ വർത്തിക്കുന്നതും അല്ലാഹുവിൻെറ റഹ്‌മത്ത് നൂറായി ഭാഗിച്ചതിൽ ഒരംശം അവർക്കിടയിലേക്ക് ഇറക്കികൊടുത്തതിൽനിന്നാണ്. അന്ത്യനാളിൽ ഈ ഒരംശം തിരിച്ചെടുക്കുകയും അവൻെറ കാരുണ്യം നൂറാക്കി പൂർത്തീകരിച്ച് അത് മുഴുവനും കൊണ്ട് അടിയാറുകൾക്ക് റഹ്‌മത്ത് ചെയ്തു കൊടുക്കുകയും ചെയ്യുമെന്ന് മറ്റൊരു ഹദീസിലുണ്ട്.

റഹ്‌മാൻ എന്നാൽ, ഇഹലോകത്തു വെച്ച് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും റഹ്‌മത്ത് ചെയ്യുന്നൻ എന്നും, റഹീം എന്നാൽ പരലോകത്തു വെച്ച് വഴിപ്പെട്ടവർക്കു മാത്രം റഹ്‌മത്ത് ചെയ്യുന്നവൻ എന്നും ഒരു വ്യാഖ്യാനം പല പരിഭാഷകളിലുമുണ്ട്. ഇത് ശരിയാണെന്നു പറയാനാവില്ല. അല്ലാഹു ഇഹത്തിലും പരത്തിലും റഹ്‌മാനാണ്, റഹീമുമാണ്. താഴെ കൊടുത്തിരിക്കുന്ന ഹദീസ് ശ്രദ്ധിക്കുക:

اللهم مالك الملك تؤتي الملك من تشاء وتنزع الملك ممن تشاء وتعز من تشاء وتذل من تشاء بيدك الخير إنك على كل شيء قدير، رحمن الدنيا والآخرة ورحيمهما تعطيهما من تشاء وتمنع منهما من تشاء ارحمني رحمة تغنيني بها عن رحمة من سواك. [الطبراني في الصغير وحسنه الألباني]

〈സർവ്വാധികാരത്തിൻെറയും ഉടമസ്ഥാനായ അല്ലാഹുവേ, നീ ഉദ്ദേശിച്ചവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിച്ചവരിൽനിന്ന് നീ അധികാരം എടുത്തു കളയുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഉദ്ദേശിച്ചവരെ നീ നിന്ദ്യരാക്കുന്നു. നിൻെറ കൈവശമത്രെ എല്ലാ നന്മയും. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവനാകുന്നു. ഇഹത്തിലും പരത്തിലും റഹ്‌മാനും റഹീമുമായിട്ടുള്ളവനേ, ഇരുലോകത്തും നീ ഉദ്ദേശിക്കുന്നവർക്ക് നീ ആ റഹ്‌മത്ത് നൽകുന്നു. ഇരുലോകത്തും നീ ഉദ്ദേശിച്ചവർക്ക് നീ അത് നിഷേധിക്കുന്നു. എനിക്ക് നീ ബൃഹത്തായ ഒരു റഹ്‌മത്ത് നൽകണേ. അതു മുഖേന മറ്റുള്ളവരുടെ കാരുണ്യം ആവശ്യമില്ലാത്ത വിധം എന്നെ നീ ധന്യനാക്കണേ.〉 (ത്വബ്‌റാനി മുഅ്ജമുസ്സ്വഗീറിൽ ഉദ്ധരിച്ചത്)

വിശുദ്ധ ഖുർആൻ വിവരണത്തിലെ ഫാതിഹഃക്ക് ആമുഖമായി നൽകിയ വിശദീകരണത്തിൽ, സാക്ഷാൽ ദൈവം, ഏകദൈവ സിദ്ധാന്തം, മൗലിക സിദ്ധാന്തം പോലുള്ള തെറ്റായ ചില പ്രയോഗങ്ങളുണ്ട്. അതേ പ്രകാരം അർശിനു സിംഹാസനം എന്നു പരിഭാഷ നൽകിയിട്ടുമുണ്ട്. ഇവയിലുള്ള അബദ്ധങ്ങൾ മനസ്സിലാക്കാൻ മുഖവുര ഭാഗം 3, 4 ൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുക.

اللهُ എന്ന നാമത്തെ കുറിച്ച് പറയുമ്പോൾ “ഏക മഹാശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമം”   (പുറം 106) എന്നു പ്രയോഗിച്ചു കാണുന്നു. അല്ലാഹുവിനെ കുറിച്ചു പറയാൻ പാടില്ലാത്തതാണത്. عفى الله عنا وعنهم അല്ലാഹുവിനെ കുറിച്ച് അല്ലാഹു പറഞ്ഞതു മാത്രമേ പറയാവൂ. അവനെ കുറിച്ച് അത്തരം ഒരു പ്രയോഗം ഖുർആനിലോ ഹദീസിലോ സ്ഥിരപ്പെട്ടിട്ടില്ല.