﴿ وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ ﴾ [الحجر: ٢٢]

[നാമാണ് സമ്പുഷ്ടമായ നിലയിൽ കാറ്റുകളെ അയച്ചത്. എന്നിട്ട് ആകാശത്തു നിന്ന് വെള്ളം വർഷിപ്പിക്കുകയും, അങ്ങനെ നാം അത് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ അത് സംഭരിച്ച് വെക്കുന്നവരല്ല.] (ഹിജ്ർ 22)


رِيح (രീഹ് – കാറ്റു) എന്ന വാക്കിന്റെ ബഹുവചനമാണു رِيَاح (രിയാഹ് – കാറ്റുകള്‍) എങ്കിലും ഈ രണ്ടു വാക്കുകളും ക്വുര്‍ആനില്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ പരിശോധിക്കുമ്പോള്‍ ബഹുവചനരൂപത്തിലുള്ള പ്രയോഗം (رِيَاحَ) അനുഗ്രഹത്തിന്റെ കാറ്റുകളെ കുറിക്കുന്നതും, ഏകവചനരൂപത്തിലുള്ള പ്രയോഗം (رِيح) ആപല്‍ക്കരമായ കാറ്റിനെ കുറിക്കുന്നതുമായിട്ടാണു കാണപ്പെടുന്നത്. കാറ്റടിക്കുമ്പോള്‍ നബി (സ) ‘അല്ലാഹുവേ, നീ ഇതു കാറ്റുകളാ(رِيَاح)ക്കേണമേ, ഇതു ഒരു കാറ്റാ(رِيح)ക്കരുതേ!’ എന്നു പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീഥിലും വന്നിട്ടുണ്ട്. (ബ; ശാഫിഈ) (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1657)


വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ വിശദീകരണത്തിൽ അപാകങ്ങളുണ്ട്. ബഹുവചനരൂപത്തിൽ കാറ്റുകൾ (رِيَاحَ) എന്നു പ്രയോഗിക്കുമ്പോൾ അത് അനുഗ്രഹത്തിന്റെ കാറ്റുകളെ സൂചിപ്പിക്കുന്നു, ഏകവചനരൂപത്തിൽ കാറ്റ് (رِيح) എന്ന് പ്രയോഗിക്കുമ്പോൾ ശിക്ഷയുടെ കാറ്റിനെ സൂചിപ്പിക്കുന്നു എന്ന അനുമാനത്തിന് ഭാഷാപരമായി യാതൊരു അടിസ്ഥാനവുമില്ല. അതിന് ഉപോൽബലകമായി ഉന്നയിച്ച ഹദീസ് സ്ഥിരപ്പെട്ടതുമല്ല. ഇമാം അൽബാനി -رَحِمَهُ اللهُ- യുടെ ഒരു ലഘുവിവരണം താഴെ കൊടുക്കാം:

وفي الحديث دلالة واضحة على أن الريح قد تأتي بالرحمة، وقد تأتي بالعذاب، وأنه لا فرق بينهما إلا بالرحمة والعذاب، وأنها ريح واحدة لا رياح، فما جاء في حديث الطبراني عن ابن عباس مرفوعا بلفظ: اللهم اجعلها رياحا ولا تجعلها ريحا، فهو باطل، وقال الطحاوي: لا أصل له، وقد صح عن ابن عباس خلافه، كما بينته تحت حديث الطبراني المخرج في الكتاب الآخر: الضعيفة (٥٦٠٠) [الألباني في الصحيحة]

[കാറ്റ് ചിലപ്പോൾ കാരുണ്യം കൊണ്ടുവരും, മറ്റു ചിലപ്പോൾ ശിക്ഷ കൊണ്ടുവരും, കാരുണ്യമോ ശിക്ഷയോ കൊണ്ടുവരും എന്നതല്ലാത്ത മറ്റു വ്യത്യാസങ്ങളൊന്നും അവക്കിടയിലില്ല എന്നതിന് ഈ ഹദീസിൽ വ്യക്തമായ തെളിവുണ്ട്. ഇബ്‌നു അബ്ബാസ് -رَضِيَ اللهُ عَنْهُ- നബി ﷺ യിലേക്ക് ചേർത്ത് നിവേദനം ചെയ്യുന്ന, “അല്ലാഹുവേ, അതിനെ നീ കാറ്റുകളാക്കണേ, അതിനെ നീ ഒരു കാറ്റ് ആക്കരുതേ” എന്ന പദങ്ങളിലുള്ള ത്വബ്റാനിയുടെ ഹദീസ് വ്യാജമാണ്. ത്വഹാവി പറഞ്ഞിട്ടുള്ളത് അതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. അതിന് എതിരായ ഒരു ഹദീസ് ഇബ്‌നു അബ്ബാസ് -رَضِيَ اللهُ عَنْهُ- ൽനിന്ന് സ്വഹീഹായി വന്നിട്ടുമുണ്ട്. നമ്മുടെ മറ്റൊരു ഗ്രന്ഥമായ ളഈഫഃയിൽ (നമ്പർ 5600) വിശകലനം ചെയ്തിട്ടുള്ള ത്വബ്റാനിയുടെ മേൽ ഹദീസിനു കീഴിൽ  നാം അത് വ്യക്തമാക്കിട്ടുള്ളതുമാണ്.] (അൽബാനി സ്വഹീഹയിൽ രേഖപ്പെടുത്തിയത്)

അല്ലാഹു ഈ പ്രപഞ്ചത്തിൽ വിന്യസിച്ച അടയാളങ്ങളെ ചവിട്ടിമെതിച്ച് പിന്തിരിഞ്ഞു പോകുന്നതും, കാറ്റു പോലുള്ള ദൃഷ്ടാന്തങ്ങളെ ഒരു സ്വാഭാവിക പ്രകൃതി  പ്രതിഭാസമാക്കി അവഗണിച്ച് തള്ളുന്നതും നാശത്തിന്റെ ലക്ഷണമാണ്. ശാസ്ത്രബോധം ആധുനിക മനുഷ്യനു നൽകിയ അവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമായിട്ടേ അതിനെ കണക്കാക്കാൻ കഴിയൂ. എന്നാൽ വിനീതനായ ഒരു വിശ്വാസി അത്തരം ദൃഷ്ടാന്തങ്ങളിലൂടെ കടന്നു പോകുമ്പോൾ ആത്മവിചാരണ നടത്തുകയും അവ നൽകുന്ന അപായ സൂചനകളിൽനിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയത് അവയോട് കാണിക്കേണ്ട മര്യാദകളെങ്കിലും പാലിച്ചിരിക്കും. അത്തരം മര്യാദകളിൽപെട്ടതാണ് അവയെ പഴിക്കാതിരിക്കലും അവ വഹിക്കുന്ന നന്മകൾക്കു വേണ്ടി യാചിക്കലും അവ ഉയർത്തുന്ന ആപത്തുകളിൽനിന്ന് രക്ഷതേടലും. പ്രശസ്തമായ ഒരു നബിവചനം താഴെ കൊടുക്കാ:

عَنْ أُبَيِّ بْنِ كَعْبٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: لَا تَسُبُّوا الرِّيحَ، فَإِذَا رَأَيْتُمْ مَا تَكْرَهُونَ فَقُولُوا: اللَّهُمَّ إِنَّا نَسْأَلُكَ مِنْ خَيْرِ هَذِهِ الرِّيحِ وَخَيْرِ مَا فِيهَا وَخَيْرِ مَا أُمِرَتْ بِهِ، وَنَعُوذُ بِكَ مِنْ شَرِّ هَذِهِ الرِّيحِ وَشَرِّ مَا فِيهَا وَشَرِّ مَا أُمِرَتْ بِهِ. [الترمذي في سننه وصححه الألباني]

[ഉബയ്യു ബിൻ കഅ്ബ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറയുന്നു: നിങ്ങൾ കാറ്റിനെ പഴിക്കരുത്. അനിഷ്ടകരമായ വല്ലതും നിങ്ങൾ കാണുകയാണെങ്കിൽ ഇപ്രകാരം പ്രാർത്ഥിക്കുക: അല്ലാഹുവേ, ഈ കാറ്റിന്റെ നന്മയിൽനിന്ന്, അതിലുള്ള നന്മയിൽനിന്ന്, അതിനോട് കൽപിക്കപ്പെട്ട നന്മയിൽനിന്ന് ഞങ്ങൾ നിന്നോട് ചോദിക്കുന്നു. ഈ കാറ്റിന്റെ തിന്മയിൽനിന്ന്, അതിലുള്ള തിന്മയിൽനിന്ന്, അതിനോട് കൽപിക്കപ്പെട്ട തിന്മയിൽനിന്ന് ഞങ്ങൾ നിന്നോട് രക്ഷ ചോദിക്കുന്നു.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കാനുള്ള മറ്റൊരു ദുആ ഇപ്രകാരമാണ്:

عَنْ سَلَمَةَ بْنِ الْأَكْوَعِ، رَفَعَهُ إِنْ شَاءَ اللَّهُ أَنَّهُ كَانَ إِذَا اشْتَدَّتِ الرِّيحُ يَقُولُ: اللَّهُمَّ لَقْحًا لَا عَقِيمًا. (الحاكم وحسنه الألباني)

[സലമതു ബ്‌നുൽ അക്‌വഅ് -رَضِيَ اللهُ عَنْهُ- നബി ﷺ ചേർത്ത് നിവേദനം ചെയ്യുന്നു. കാറ്റ് ശക്തമായാൽ അവിടുന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നത് ഇപ്രകാരമാണ്: അല്ലാഹുവേ, അതിനെ പുഷ്ടിപ്പെടുത്തുന്നതാക്കണേ, തരിശാക്കരുതേ.] (ഹാകിം മുസ്‌തദ്റകിൽ ഉദ്ധരിച്ചത്)

പക്ഷെ, ഇത്തരം ദൃഷ്ടാന്തങ്ങൾ ഇന്നു മനുഷ്യരെ സ്പർശിക്കുന്നതേയില്ല. അവയിൽ അഹിതകരമായ യാതൊന്നുമില്ലെന്ന പൂർണ്ണ നിർഭയത്വത്തിലാണവർ. അതിന്റെ കാര്യകാരണങ്ങൾ ശാസ്ത്രം അവനെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ആംഗലേയ ഭാഷയുടെ നാലു ശബ്ദങ്ങൾ കൊണ്ട് ദിഗന്തങ്ങൾ വെട്ടിപ്പിടിക്കാനാവും എന്ന ഭാവത്തിലാണവൻ. അവ വല്ല വെല്ലുവിളികളും ഉയർത്തുകയാണെങ്കിൽ തന്നെ ശാസ്ത്രത്തിന്റെ തിണ്ണബലത്തിൽ അതിനെ കീഴടക്കാനും അതിജീവിക്കാനും കഴിയുമെന്ന ആത്മവിശ്വാസവും അവനുണ്ട്. പക്ഷെ, മുഹമ്മദ് നബി ﷺ അവയെ കണ്ടിരുന്നത് അങ്ങനെയായിരുന്നില്ല. താഴെ കൊടുക്കുന്ന നബിവചനം കാണുക:

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، زَوْجِ النَّبِيِّ ﷺ قَالَتْ: مَا رَأَيْتُ رَسُولَ اللَّهِ ﷺ ضَاحِكًا حَتَّى أَرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ، قَالَتْ: وَكَانَ إِذَا رَأَى غَيْمًا أَوْ رِيحًا عُرِفَ فِي وَجْهِهِ، قَالَتْ: يَا رَسُولَ اللَّهِ إِنَّ النَّاسَ إِذَا رَأَوْا الغَيْمَ فَرِحُوا رَجَاءَ أَنْ يَكُونَ فِيهِ المَطَرُ، وَأَرَاكَ إِذَا رَأَيْتَهُ عُرِفَ فِي وَجْهِكَ الكَرَاهِيَةُ، فَقَالَ: يَا عَائِشَةُ مَا يُؤْمِنِّي أَنْ يَكُونَ فِيهِ عَذَابٌ؟ عُذِّبَ قَوْمٌ بِالرِّيحِ، وَقَدْ رَأَى قَوْمٌ العَذَابَ، فَقَالُوا: هَذَا عَارِضٌ مُمْطِرُنَا. [البخاري في صحيحه]

[നബി ﷺ യുടെ പത്നി ആയിശ -رَضِيَ اللهُ عَنْهَا- നിവേദനം. അവർ പറയുന്നു: മേൽവായിന്റെ അറ്റം കാണും വിധം നബി ﷺ പൊട്ടിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്യാറുള്ളു. അവർ പറയുന്നു: അവിടുന്ന് കാർമേഘമോ കാറ്റോ കണ്ടാൽ അത് തന്റെ മുഖത്ത് പ്രകടമാകുമായിരുന്നു. അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ജനം കാർമേഘം കാണുമ്പോൾ അതിൽ മഴയുണ്ടാകും എന്ന പ്രതീക്ഷയിൽ സന്തോഷിക്കുകയാണു ചെയ്യാറുള്ളത്. താങ്കൾ അത് കാണുമ്പോൾ താങ്കളുടെ മുഖത്ത് ഒരു വല്ലായ്മ പ്രകടമാകുന്നതായിട്ടാണ് ഞാൻ കാണുന്നത്. അവിടുന്ന് പറഞ്ഞു: ഓ ആയിശാ, അതിൽ ശിക്ഷ ഉണ്ടായേക്കുമോ എന്ന കാര്യത്തിൽ എനിക്ക് എന്ത് നിർഭയത്വമാണുള്ളത്? ഒരു ജനത കാറ്റു കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ജനത ശിക്ഷ വരുന്നത് കണ്ടപ്പോൾ പറഞ്ഞത്, അത് ഞങ്ങൾക്ക് മഴ നൽകാനുള്ള പ്രതിഭാസമാണ് എന്നാണ് !] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)