﴿ وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ۞ إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ ﴾ [هود ١١٨-١١٩]
[നിൻെറ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ, അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുകയാണ്; നിൻെറ റബ്ബ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്. ജിന്ന് മനുഷ്യ വിഭാഗങ്ങളെ കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും എന്ന നിൻെറ റബ്ബിൻെറ വചനം പൂർത്തീകരിച്ചിരിക്കുന്നു.] (ഹൂദ് 118-119)
കൂടുതല്‍ വ്യക്തമായി തോന്നുന്നതും, അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചു വരുന്നതുമായ മൂന്നാമത്തെ അഭിപ്രായം ഭിന്നാഭിപ്രായത്തിനു വേണ്ടി മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നുവെന്നാകുന്നു. മനുഷ്യരെ സൃഷ്‌ടിച്ചതിന്‍റെ ലക്ഷ്യവും യുക്തിയും ഭിന്നിപ്പാണെന്നല്ല ഇതിന്‍റെ അര്‍ത്ഥം. മനുഷ്യരുടെ കലാശം ഭിന്നിപ്പിലാണു എത്തിച്ചേരുന്നതു എന്നത്രെ അര്‍ത്ഥം. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1505)
സ്വതന്ത്രമായി ഇച്ഛിക്കാനും ആവിഷ്കരിക്കാനും, ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനും വരിക്കാനുമുള്ള കഴിവ് നൽകിക്കൊണ്ടാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത്. പരീക്ഷണാർത്ഥമാണ് അവനു ഭൂമുഖത്ത് ഒരു ജീവിതം സംവിധാനിച്ചു കൊടുത്തത്. ഒറ്റ സമുദായമായിട്ടാണ് അവരുടെ തുടക്കം. പിന്നീട് പിശാചിന് വഴിപ്പെടുകയും തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗിക്കുകയും ചെയ്തു കൊണ്ട് അവർ ഭിന്നിച്ചു. അത് ഭൂമുഖത്തുള്ള അവരുടെ ജീവിത നിയോഗത്തിൻെറ ഭാഗമാണ്. അല്ലാഹുവിൻെറ പ്രാപഞ്ചികവും വിധിനിർണ്ണയപരവുമായ ഹിതമാണ്. മേൽ സൂക്തത്തിനു നൽകപ്പെട്ട വ്യത്യസ്ത വ്യാഖ്യാനങ്ങളിൽനിന്ന് ഇബ്‌നു ജരീർ അത്ത്വബ്‌രി -رَحِمَهُ اللهُ- മുൻഗണന നൽകി ശരിവെച്ച പക്ഷം ഇതാണ്: മനുഷ്യർ രണ്ടു വിഭാഗമായിത്തീരുക എന്നത് അവൻെറ സൃഷ്ടിപരവും പ്രാപഞ്ചികവുമായ ഹിതത്തിൻെറ ഭാഗമാണ്. അവരിൽ ഭിന്നിക്കാതെ കാരുണ്യത്തിനർഹരായിത്തീരുന്ന വിഭാഗവും, ഭിന്നിച്ചു കാരുണ്യത്തിനര്‍ഹരല്ലാതായിത്തീരുന്ന വിഭാഗവുമുണ്ടായിരിക്കും. ഇതു തന്നെയാണ് ശരിയായ വ്യാഖ്യാനം. പക്ഷെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ എല്ലാം കൂടി കൂട്ടിക്കുഴക്കുകയും, അവസാനം അശ്അരികളുടെ പക്ഷത്തിനു മുൻഗണന നൽകുകയുമാണ് ചെയ്തിരിക്കുന്നത്. ശൈഖ് സഅ്ദി -رَحِمَهُ اللهُ- യുടെ ഏതാനും വരികൾ ഇവിടെ പകർത്തുന്നത് ഫലപ്രദമായിരിക്കും.
قَوله: ﴿وَلِذَلِكَ خَلَقَهُمْ ْ﴾ أي: اقتضت حكمته، أنه خلقهم، ليكون منهم السعداء والأشقياء، والمتفقون والمختلفون، والفريق الذين هدى الله، والفريق الذين حقت عليهم الضلالة، ليتبين للعباد، عدله وحكمته، وليظهر ما كمن في الطباع البشرية من الخير والشر، ولتقوم سوق الجهاد والعبادات التي لا تتم ولا تستقيم إلا بالامتحان والابتلاء. [السعدي في تيسير الكريم الرحمن]
“അതിന്നു വേണ്ടിയാണ് അവൻ അവരെ സൃഷ്ടിച്ചിരിക്കുന്നത്” : അതായത് മനുഷ്യരിൽ സൗഭാഗ്യവാന്മാരും ദൗർഭാഗ്യവാന്മാരും, ഒന്നിക്കുന്നവരും ഭിന്നിക്കുന്നവരും, അല്ലാഹുവിൻെറ സന്മാർഗ്ഗം ലഭിച്ചവരും വഴികേട് ഉറപ്പായവരും ഉണ്ടായിരിക്കുക എന്നത് അവൻെറ ഹിക്‌മത്തിൻെറ താൽപര്യമാണ്. അതിലൂടെ അല്ലാഹുവിൻെറ നീതിയും സോദ്ദേശ്യപരതയും അടിയാറുകൾക്ക് വ്യക്തമാകണം, മനുഷ്യ പ്രകൃതിയിൽ ഗുപ്തമായി കിടക്കുന്ന നന്മയും തിന്മയും പ്രകാശിതമാകണം, പരീക്ഷണത്തിലൂടെയും പരിശോധനയിലൂടെയും മാത്രം ശരിയാംവണ്ണം നിറവേറ്റപ്പെടുന്ന ജിഹാദിൻെറയും ഇബാദത്തിൻെറയും ചന്തകൾ നിലനിൽക്കണം. (സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
അധിക വായനക്കായി അൻആം: 148 കാണുക.