14. സൂറത്തു ഇബ്‌റാഹീം


വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇബ്റാഹീം നബി -عَلَيْهِ السَلَام- നെ കുറിച്ച് നൽകിയ വിശദീകരണം ബൈബിൾ-ഖുർആൻ-ഹദീസ് മിശ്രിതമാണ്. സാധാരണക്കാരായ ഖുർആൻ പഠിതാക്കളെ കൊണ്ട് ബൈബിൾ വായിപ്പിക്കാനുള്ള പദ്ധതിയാണോ ഇതെന്ന് പോലും സംശയിച്ചു പോകുന്ന വിധത്തിലാണ് കാര്യങ്ങൾ ചർച്ച ചെയ്തിരിക്കുന്നത്. സലഫുകളുടെ മാതൃകയിലുള്ള ഖുർആൻ വ്യാഖ്യാനം എന്ന് പരിചയപ്പെടുത്തുന്ന ഒരു കൃതിയിൽ ഇത്തരം വിവരണങ്ങൾ കടന്നു കൂടുന്നത് വളരെ ദൗർഭാഗ്യകരമാണ്.

അല്ലാഹു നൽകിയ ശുദ്ധപ്രകൃതിയിൽ ജീവിച്ചു മരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ മുസ്‌ലിം, ഖുർആൻ വായിക്കുകയും പഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും വേണം. പക്ഷെ, അതിൻെറ മറവിൽ അവർ എന്തിന് ദുർബ്ബലപ്പെടുത്തപ്പെട്ട മുൻകാല ഗ്രന്ഥങ്ങൾ വായിക്കണം? പുരോഹിതന്മാർ സ്വന്തം കൈകൾ കൊണ്ട് എഴുതിയുണ്ടാക്കിയതും സത്യവും അസത്യവും കൂടിക്കുഴഞ്ഞു കിടക്കുന്നതുമായ കൃതികൾ അവർ എന്തിന് പഠിക്കണം? നിരപരാധികളായ മുസ്‌ലിം ജനസാമാന്യത്തിന് ഇത്തരം വ്യാജ ഗ്രന്ഥങ്ങൾ വായിക്കാൻ അവസരം ഒരുക്കുന്നത് തെറ്റായ നടപടിയാണ്. വിശിഷ്യാ ഖുർആൻ പഠനത്തിൻെറയും വ്യാഖ്യാനത്തിൻെറയും പേരിൽ അത്തരം ഒരു നടപടി കൈക്കൊള്ളുന്നത് വളരെ ഗുരുതരമാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കളുടെ ഉദ്ദേശ്യശുദ്ധിയെയോ മഹത്തായ ലക്ഷ്യങ്ങളെയോ ചോദ്യം ചെയ്യാനില്ല. പക്ഷെ, ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന് പറയാനാവില്ലല്ലോ.

ശ്രദ്ധിക്കുക! പൂർവ്വകാല ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല. അവയെ ഖുർആൻ വ്യാഖ്യാനത്തിന് ഉപയോഗിക്കാനും പാടില്ല. അത് സലഫുകളുടെ രീതിക്ക് വിരുദ്ധമാണ്. വിശദാംശങ്ങൾക്കു വേണ്ടി മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കൂടി വായിക്കുക.