വിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കിൽ കുളിച്ച് ശുദ്ധിയാകുക. നിങ്ങളിൽ ആരെങ്കിലും രോഗികളോ യാത്രയിലോ ആകുമ്പോൾ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ സ്ത്രീകളുമായി സംസര്‍ഗ്ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതെ വരികയാണെങ്കിൽ ഭൂമിയുടെ ശുദ്ധമായ പ്രതലം ഉപയോഗിച്ച് തയമ്മും ചെയ്യുക. അഥവാ അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ട് വരുത്തണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച്, നിങ്ങളെ ശുദ്ധീകരിക്കാനും തന്‍റെ അനുഗ്രഹം നിങ്ങളുടെമേൽ പൂര്‍ത്തീകരിക്കാനുമാണ് അവൻ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (മാഇദഃ 6)
എന്നാലും അതോടു കൂടി ഓരോ നമസ്കാരുത്തിനും പ്രത്യേകം പ്രത്യേകം വുളു പുതുക്കുന്നതു നല്ലതാണെന്നും നബിചര്യയിൽനിന്നു അറിയപ്പെട്ടിട്ടുള്ളതാകുന്നു. (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/843)
വിശുദ്ധ ഖുർആൻ വിവരണത്തിൽ പറഞ്ഞതു പോലെ ഓരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു പുതുക്കുന്നത് നല്ലതാണെന്ന് നബിചര്യയിൽ സ്ഥിരപ്പെട്ടിട്ടില്ല. നവവിയെ പോലുള്ള ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്മാർ അങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നു മാത്രം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- പറയുന്നത് കാണുക:
وَكَذَلِكَ هُوَ ﷺ قَدْ ثَبَتَ عَنْهُ فِي الصَّحِيحَيْنِ مِنْ حَدِيثِ ابْنِ عَبَّاسٍ وَعَائِشَةَ وَغَيْرِهِمْ أَنَّهُ كَانَ يَتَوَضَّأُ لِصَلَاةِ اللَّيْلِ، فَيُصَلِّي بِهِ الْفَجْر، مَعَ أَنَّهُ كَانَ يَنَامُ حَتَّى يَغُطَّ، وَيَقُولُ: تَنَامُ عَيْنَايَ وَلَا يَنَامُ قَلْبِي، فَهَذَا أَمْرٌ مِنْ أَصَحِّ مَا يَكُونُ أَنَّهُ: كَانَ يَنَامُ ثُمَّ يُصَلِّي بِذَلِكَ الْوُضُوءِ الَّذِي تَوَضَّأَ لِلنَّافِلَةِ يُصَلِّي بِهِ الْفَرِيضَةَ. فَكَيْفَ يُقَالُ: إنَّهُ كَانَ يَتَوَضَّأُ لِكُلِّ صَلَاةٍ؟ وَقَدْ ثَبَتَ عَنْهُ فِي الصَّحِيحِ أَنَّهُ ﷺ صَلَّى الظُّهْرَ. ثُمَّ قَدِمَ عَلَيْهِ وَفْدُ عَبْدِ الْقَيْسِ فَاشْتَغَلَ بِهِمْ عَنْ الرَّكْعَتَيْنِ بَعْدَ الظُّهْرِ حَتَّى صَلَّى الْعَصْرَ وَلَمْ يُحْدِثْ وُضُوءًا، وَكَانَ يُصَلِّي تَارَةً الْفَرِيضَةَ ثُمَّ النَّافِلَةَ، وَتَارَةً النَّافِلَةَ ثُمَّ الْفَرِيضَةَ، وَتَارَةً فَرِيضَةً ثُمَّ فَرِيضَةً، كُلُّ ذَلِكَ بِوُضُوءِ وَاحِدٍ. وَكَذَلِكَ الْمُسْلِمُونَ صَلَّوْا خَلْفَهُ فِي رَمَضَانَ بِاللَّيْلِ بِوُضُوءِ وَاحِدٍ مَرَّاتٍ مُتَعَدِّدَةً. وَكَانَ الْمُسْلِمُونَ عَلَى عَهْدِهِ يَتَوَضَّئُونَ ثُمَّ يُصَلُّونَ مَا لَمْ يُحْدِثُوا كَمَا جَاءَتْ بِذَلِكَ الْأَحَادِيثُ الصَّحِيحَةُ، وَلَمْ يُنْقَلْ عَنْهُ – لَا بِإِسْنَادِ صَحِيحٍ وَلَا ضَعِيفٍ – أَنَّهُ أَمَرَهُمْ بِالْوُضُوءِ لِكُلِّ صَلَاةٍ.فَالْقَوْلُ بِاسْتِحْبَابِ هَذَا يَحْتَاجُ إلَى دَلِيلٍ. [ابن تيمية في مجموع فتاويه]
അപ്രകാരം, നബി ﷺ യിൽനിന്ന് ഇബ്‌നു അബ്ബാസ്, ആയിശഃ പോലുള്ളവർ -رَضِيَ اللهُ عَنْهُمْ- നിവേദനം ചെയ്തതായി ബുഖാരിയുടെയും മുസ്‌ലിമിൻെറയും സ്വഹീഹുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നത് അവിടുന്ന് രാത്രി നമസ്കാരത്തിനായി എടുത്ത അതേ വുളു കൊണ്ട് സുബ്ഹ് നമസ്കരിക്കാറുണ്ടായിരുന്നു എന്നാണ്. മാത്രമല്ല, അവിടുന്ന് തല കുനിച്ച് ഉറങ്ങുക പോലും ചെയ്യാറുണ്ടായിരുന്നു. എൻെറ രണ്ടു കണ്ണുകളും ഉറങ്ങുന്നുവെങ്കിലും എൻെറ മനസ്സ് ഉറങ്ങുന്നില്ല എന്നായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. ഇത് ശരിവെക്കുന്നത് അവിടുന്ന് ഐഛികമായ നമസ്കാത്തിനു വേണ്ടി ചെയ്ത വുളു കൊണ്ട് ചെറുതായി ഉറങ്ങിയ ശേഷവും നിർബ്ബന്ധ നമസ്കാരം നിർവ്വഹിക്കുമായിരുന്നു എന്നാണ്. പിന്നെ എങ്ങനെയാണ് അവിടുന്ന് ഒരോ നമസ്കാരത്തിനും പ്രത്യേകം വുളു ചെയ്യാറുണ്ടായിരുന്നു എന്നു പറയുക?! ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചതനുസരിച്ച്, നബി ﷺ ളുഹ്ർ നമസികരിച്ചയുടനെ അബ്ദുൽ ഖൈസിൽ നിന്നുള്ള ഒരു സംഘം അദ്ദേഹത്തിൻെറ അരികിൽ വന്നു. അവരുമായി തിരക്കിലായതിനാൽ അദ്ദേഹത്തിന് ളുഹ്റിനു ശേഷമുള്ള രണ്ടു റക്അത്തുകൾ നമസ്കരിക്കാനായില്ല. പിന്നീട് അവിടുന്ന് വുളൂ പുതുക്കാതെ തന്നെ അസ്വ്‌ർ നമസ്കരിക്കുകയും ചെയ്തു. അവിടുന്ന് ഒരു വുളൂ കൊണ്ട് ചിലപ്പോൾ ഒരു നിർബ്ബന്ധ നമസ്കാരവും പിന്നീട് ഒരു ഐഛിക നമസ്കാരവും നിർവ്വഹിക്കും. മറ്റു ചിലപ്പോൾ ഒരു ഐഛിക നമസ്കാരവും പിന്നീട് ഒരു നിർബ്ബന്ധ നമസ്കാരവും നിർവ്വഹിക്കും. മറ്റു ചിലപ്പോൾ ഒരു നിർബ്ബന്ധ നമസ്കാരവും പിന്നീട് മറ്റൊരു നിർബ്ബന്ധ നമസ്കാരവും നിർവ്വഹിക്കും. അതേ പോലെ, റമളാനിൻെറ രാവിൽ നബി ﷺ ക്കു പിന്നിൽ മുസ്‌ലിംകൾ ഒരു വുളു കൊണ്ട് പല തവണ നമസ്കരിക്കാറുണ്ടായിരുന്നു. നബി ﷺ യുടെ കാലത്ത് മുസ്‌ലിംകൾ ഒരിക്കൽ വുളൂ ചെയ്താൽ അത് മുറിയുന്നതു വരെ നമസ്കരിക്കാറുണ്ടായിരുന്നതായി സ്വഹീഹായ ഹദീസുകളിൽ വന്നിരിക്കുന്നു. ഓരോ നമസ്കാരത്തിനും പ്രത്യേകം വുളൂ ചെയ്യാൻ നബി ﷺ അവരോട് കൽപിച്ചതായി സ്വീകാര്യ യോഗ്യമോ ദുർബ്ബലമോ ആയ സനദുമായി ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ആയതിനാൽ അത് അഭിലഷണീയമാണെന്നു പറയാൻ തെളിവ് ആവശ്യമാണ്. (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
വുളുഇൻെറ രൂപം ഹദീസുകളിൽ വന്നത് ഇപ്രകാരമാണ്:
عَنْ حُمْرَانَ، رَأَيْتُ عُثْمَانَ رَضِيَ اللهُ عَنْهُ، تَوَضَّأَ فَأَفْرَغَ عَلَى يَدَيْهِ ثَلاَثًا، ثُمَّ تَمَضْمَضَ وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلاَثًا، ثُمَّ غَسَلَ يَدَهُ اليُمْنَى إِلَى المرفق ثَلاَثًا، ثُمَّ غَسَلَ يَدَهُ اليُسْرَى إِلَى المرفق ثَلاَثًا، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ رِجْلَهُ اليُمْنَى ثَلاَثًا، ثُمَّ اليُسْرَى ثَلاَثًا، ثُمَّ قَالَ: رَأَيْتُ رَسُولَ اللهِ ﷺ تَوَضَّأَ نَحْوَ وَضُوئِي هَذَا. [البخاري في صحيحه]
ഉസ്‌മാൻ -رَضِيَ اللهُ عَنْهُ- ൻെറ പരിചാരകനായിരുന്ന ഹുംറാൻ നിവേദനം. അദ്ദേഹം പറയുന്നു: ഉസ്മാൻ -رَضِيَ اللهُ عَنْهُ- വുളൂ ചെയ്യുന്നത് ഞാൻ കണ്ടു. അദ്ദേഹം തൻെറ ഇരുകൈകളിലേക്കും വെള്ളം ഒഴിച്ച് മൂന്ന് തവണ കഴുകി. പിന്നീട് കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കേറ്റി ചീറ്റിക്കളുയുകയും ചെയ്തു. പിന്നീട് മൂന്ന് തവണ മുഖം കഴുകി. പിന്നീട് വലതു കൈ മുട്ടുൾപ്പെടെ മൂന്നു തവണ കഴുകി. അനന്തരം ഇടതു കൈയും മുട്ടുൾപ്പെടെ മൂന്നു തവണ കഴുകി. പിന്നീട് തൻെറ തല തടവി. പിന്നീട് വലതു കാൽ മൂന്നു തവണ കഴുകി. ശേഷം ഇടതു കാലും മൂന്നു തവണ കഴുകി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഇപ്രകാരം നബി ﷺ വുളൂ ചെയ്തതായി ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
വുളു കഴിഞ്ഞ ശേഷം اللهم اجعلني من التوابين واجعلني من المتطهرين (അല്ലാഹുവേ, എന്നെ നീ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ, എന്നെ ശുദ്ധിയായവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തേണമേ!) എന്നു പ്രാർത്ഥിക്കുവാൻ നബി (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ളതും (തി) സ്മരണീയമാകുന്നു. (വിശുദ്ധ ഖുർആൻ വിവരണം പുറം 1/844)
വുളുഇന് ശേഷമുള്ള പ്രാർത്ഥനയുടെ പൂർണ്ണ രൂപം വിശുദ്ധ ഖുർആൻ വിരണത്തിൽ ഉദ്ധരിച്ചിട്ടില്ല. അതിൻെറ പ്രസക്തമായ ആദ്യഭാഗം വിട്ടുകളഞ്ഞത് വായനക്കാരിൽ തെറ്റിദ്ധാരണ ഉളവാക്കിയേക്കാം. അത് പൂർണ്ണമായി താഴെ കൊടുക്കാം.
عَنْ عُمَرَ بْنِ الخَطَّابِ، قَالَ: قَالَ رَسُولُ الله ﷺ: مَنْ تَوَضَّأَ فَأَحْسَنَ الوُضُوءَ ثُمَّ قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ المُتَطَهِّرِينَ، فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ. [الترمذي في سننه وصححه الألباني]
ഉമർ ബിൻ ഖത്ത്വാബ് –رَضِيَ اللهُ عَنْهُ– നിവേനം. നബി ﷺ പറയുന്നു: ഒരാൾ കുറ്റമറ്റ രൂപത്തിൽ വുളൂ ചെയ്തു. എന്നിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കാൻ തരപ്പെട്ടവനായി ആരുമില്ല. അവൻ ഏകനാണ്, അവനൊരു പങ്കാളിയുമില്ല എന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അവൻെറ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ നീ പശ്ചാത്തപിക്കുന്നവരിലും ശുദ്ധിയാർജ്ജിക്കുന്നവരിലും ഉൾപ്പെടുത്തണേ.” എങ്കിൽ സ്വർഗ്ഗത്തിൻെറ എട്ടു വാതിലുകൾ അവനു വേണ്ടി തുറക്കപ്പെടും. അവൻ ഉദ്ദേശിക്കുന്നതിലൂടെ അവനു പ്രവേശിക്കാം. (തിർമുദി സുനനിൽ ഉദ്ധരിച്ചത്)
കൂടാതെ, വുളൂഇനു ശേഷം പ്രാർത്ഥിക്കാൻ ഹദീസിൽ വന്നിരിക്കുന്ന മറ്റൊരു ദുആ കൂടി താഴെ കൊടുക്കാം:
عَن أبي سعيد عَن النَّبِي ﷺ قَالَ: من تَوَضَّأ فَقَالَ سُبْحَانَكَ اللَّهُمَّ وَبِحَمْدِك أشهد أَن لَا إِلَه إِلَّا أَنْت استغفرك وَأَتُوب إِلَيْك، كتب فِي رق، ثمَّ طبع بِطَابع، فَلم يكسر إِلَى يَوْم الْقِيَامَة. [النسائي في عمل اليوم والليلة وصححه الألباني]
ഏതൊരാൾ വുളൂ ചെയ്യുകയും അനന്തരം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: “അല്ലോഹുവേ, നിൻെറ സ്തോത്രങ്ങൾ പ്രകീർത്തിക്കുന്നതോടൊപ്പം നിൻെറ വിശുദ്ധിയെ ഞാൻ ഉയർത്തിപ്പിടിക്കുന്നു. നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ല. ഞാൻ നിന്നോട് പാപമോചനത്തിനായി കേഴുന്നു, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.” എങ്കിൽ അതൊരു തുകലിൽ എഴുതി സീൽ വെക്കപ്പെടും. അന്ത്യനാൾ വരെ അത് പൊട്ടിക്കപ്പെടുകയുമില്ല. (നസാഈ അമലുൽ യൗമി വല്ലൈലഃയിൽ ഉദ്ധരിച്ചത്)
തലയുടെ എത്ര ഭാഗം തടവണം എന്നു ആയത്തിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ട് മുഴുവൻ ഭാഗവും തടവൽ നിർബ്ബന്ധമാണെന്നും, കുറച്ചു ഭാഗം തടവിയാൽ മതിയാകുമെന്നും പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്. മുഴുവൻ തടവുകയാണു നല്ലതെന്നുള്ളതിൽ പക്ഷാന്തരമില്ല താനും. (വിശദവിവരങ്ങൾക്കു ഹദീസു ഗ്രന്ഥങ്ങളും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും ആശ്രയിക്കേണ്ടതാകുന്നു.) (വിശുദ്ധ ഖുർആൻ വിവരണം പുറം 1/844)
വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ പ്രസ്താവം തെറ്റിദ്ധാരണാജനകമാണ്. അനുഷ്ഠാന കർമ്മങ്ങളുടെ വിശദാംശങ്ങൾ പലപ്പോഴും ഖുർആൻ സൂക്തങ്ങളിൽ വ്യക്തമായി പ്രസ്താവിക്കാറില്ല. മിക്കപ്പോഴും നബിചര്യയിലാണ് അത്തരം കാര്യങ്ങൾ വിശദീകരിക്കാറുള്ളത്. ആയതിനാൽ ആയത്തിൽ പറഞ്ഞിട്ടില്ലെന്ന ന്യായം പറഞ്ഞ് ഇത്തരം കാര്യങ്ങൾ തള്ളിക്കളയുന്നത് ശരിയല്ല. നബിചര്യയിൽ വന്നത് കൂടി പരിശോധിക്കുക തന്നെ വേണം.
عَنْ عبد الله بن زيد، قال: ثُمَّ مَسَحَ رَأْسَهُ بِيَدَيْهِ، فَأَقْبَلَ بِهِمَا وَأَدْبَر، بَدَأَ بِمُقَدَّمِ رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى الْمَكَانِ الَّذِي بَدَأَ مِنْهُ، ثُمَّ غَسَلَ رِجْلَيْهِ. [البخاري في صحيحه]
അബ്ദുല്ലാ ബിൻ സൈദ് -رَضِيَ اللهُ عَنْهُ- നിവേദനം. … പിന്നീട് രണ്ടു കൈകളും കൊണ്ട് അദ്ദേഹം തൻെറ തല മുന്നോട്ടും പിന്നോട്ടുമായി തടവി. അഥവാ തലയുടെ മുൻഭാഗത്തു നിന്ന് തുടങ്ങി ഇരു കൈകളും പിരടി വരെ കൊണ്ടുപോയി. പിന്നീട് അവ രണ്ടും തുടങ്ങിയ സ്ഥാനത്തേക്ക് തന്നെ മടക്കുകയും ചെയ്തു. പിന്നീട് രണ്ടു കാലുകളും കഴുകി. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മേൽ ഹദീസിൽ പറഞ്ഞതു പോലെയാണ് തല തടവേണ്ടത്. അതാണ് നബിചര്യ. പരാമൃഷ്ട സൂക്തത്തിൽ പറഞ്ഞ بِرُءُوسِكُم എന്ന ഭാഷാ പ്രയോഗം മുൻനിർത്തി ഇമാം ശാഫിഈ -رَحِمَهُ اللهُ- പോലുള്ളവർ തലയിൽനിന്നുള്ള ചെറിയ ഒരു ഭാഗം മാത്രം തടവിയാൽ മതിയാകും എന്നു പറഞ്ഞത് തികച്ചും സാങ്കേതികമാണ്.
വെള്ളം ലഭ്യമല്ലാതാവുകയോ ഉപയോഗിക്കാൻ പാടില്ലാതാവുകയോ ചെയ്താൽ ചെറിയ അശുദ്ധി നീക്കാനുള്ള വുളൂഇനു പകരമായും വലിയ അശുദ്ധി നീക്കാനുള്ള കുളിക്ക് പകരമായും തയമ്മും ചെയ്യുകയാണ് വേണ്ടത്. വുളൂഇൻെറ ഭാഗത്ത് എവിടെയെങ്കിലും വെള്ളം ചേർക്കാൻ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടായാലും തയമ്മും ചെയ്യുകയാണ് വേണ്ടത്. വുളൂഇൻെറ മറ്റു ഭാഗങ്ങൾ കഴുകി വെള്ളം ചേർക്കാൻ പറ്റാത്ത ഭാഗത്ത് തടവുന്നതിനെ കുറിച്ച് വന്ന ഹദീസ് സ്വീകാര്യയോഗ്യമല്ല. തയമ്മുമിൻെറ രൂപം മനസ്സിലാക്കാൻ നിസാഅ് : 43 ൻെറ വിശദീകരണം കാണുക.