﴿ وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا [النساء ١١٥]

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷം ആരെങ്കിലും റസൂലിനെ എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്കു തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നാമവനെ നരകത്തിൽ വെച്ച് കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! (നിസാഅ് 115)

അഹ്‌ലുസ്സുന്നഃ അവലംബിക്കുന്ന പ്രമാണങ്ങൾ രണ്ടാണ്. ഖുർആനിലും സുന്നത്തിലുമുള്ള മൂലവാക്യങ്ങളും ഇജ്‌മാഉമാണ് (النص والإجماع) അവ. ഇവ്വിഷയകമായി ലേഖനങ്ങൾ എന്ന വിഭാഗത്തിൽ രണ്ടു വ്യത്യസ്ത ഉപന്യാസങ്ങളുണ്ട്. വായനക്കാർ പ്രാഥമികമായി അവ പരിശോധിക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമിൻെറ പ്രമാണങ്ങൾഇജ്‌മാഅ്

പണ്ഡിതന്മാർ ഇജ്‌മാഇന് തെളിവായി ഖുർആനിൽനിന്ന് ഉദ്ധരിക്കാറുള്ളത് മേൽ സുക്തമാണ്. അതിനെ കുറിച്ച് സൂക്ഷ്മമായ ഒരു പരിചിന്തനം ആവശ്യമാണ്. സ്വഹാബത്തിൻെറ ഇജ്‌മാഅ് സംശയരഹിതവും അവിതർക്കിതവുമാണ്. പിൽക്കാലത്ത് ഉണ്ടായ ഇജ്‌മാഉകൾ ഖണ്ഡിമോ സംശയരഹിതമോ അല്ല. ഖുർആനിലോ സുന്നത്തിലോ വന്നിട്ടുള്ള ഒരു രേഖയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇജ്‌മാഅ് ഉണ്ടാവുകയുള്ളു. അപ്പോൾ മേൽ സൂക്തത്തിൽ വന്ന ‘അൽമുസ്‌ലിമൂൻ’ കൊണ്ട് പ്രഥമമായും ഉദ്ദേശിക്കുന്നത് സ്വഹാബത്തിനെയാണെന്നു പറയാം. അതുകൊണ്ടു തന്നെ അവരുടെ മാർഗ്ഗം പിന്തുടരാതിരിക്കുന്നതും അവരുടെ ഇജ്‌മാഇനെ എതിർക്കുന്നതും കുഫ്റാകുമെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. ഇതു സംബന്ധിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- നൽകുന്ന ചില വിശദീകരണങ്ങൾ അടിക്കുറിപ്പുകളില്ലാതെ നേരെ ഉദ്ധരിക്കുക മാത്രം ചെയ്യാം.

والشافعي رضي الله عنه لما جرد الكلام في أصول الفقه احتج بهذه الآية على الإجماع كما كان هو وغيره ومالك ذكر عن عمر بن عبد العزيز، والآية دلت على أن متبع غير سبيل المؤمنين مستحق للوعيد كما أن مشاق الرسول من بعد ما تبين له الهدى مستحق للوعيد. [ابن تيمية في مجموع فتاويه]

ഇമാം ശാഫിഈ -رَحِمَهُ اللهُ- ഫിഖ്ഹിൻെറ നിദാനങ്ങൾ സംബന്ധിച്ച ചർച്ച ക്രോഡീകരിച്ചപ്പോൾ ഈ സൂക്തത്തെയാണ് ഇജ്‌മാഇനുള്ള തെളിവാക്കിയത്. അദ്ദേഹവും അതുപോലെ ഇമാം മാലികും മറ്റു ചിലരും ഉമർ ബിൻ അബ്ദിൽ അസീസ് -رَحِمَهُ اللهُ ൽനിന്ന് അപ്രകാരം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ മാർഗ്ഗമല്ലാത്ത മറ്റൊന്ന് പിന്തുടരുന്നവർ ശിക്ഷയെ കുറിച്ചുള്ള താക്കീതിന് അർഹരാണ്. അപ്രകാരം, സന്മാർഗ്ഗം വ്യക്തമായതിനു ശേഷം നബി ﷺ യോട് വിഘടിച്ചു നിൽക്കുന്നവനും ശിക്ഷയെ കുറിച്ചുള്ള താക്കീതിന് അർഹരാണ്. (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

﴿ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ﴾ قال العلماء: من لم يكن متبعا سبيلهم كان متبعا غير سبيلهم، فاستدلوا بذلك على أن اتباع سبيلهم واجب، فليس لأحد أن يخرج عما أجمعوا عليه. [ابن تيمية في منهاج السنة النبوية]

“ആർ വിശ്വാസികളുടെ മാർഗ്ഗമല്ലാത്ത മറ്റൊന്ന് പിന്തുടരുകയും ചെയ്യുന്നുവോ” എന്ന വചനത്തെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത് അവരുടെ മാർഗ്ഗം പിന്തുടരാത്തവൻ മറ്റുള്ളവരുടെ മാർഗ്ഗം പിന്തുടരുന്നവനായിത്തീരും എന്നാണ്. വിശ്വാസികളുടെ മാർഗ്ഗം പിന്തുടരൽ നിർബ്ബന്ധമാണ് എന്നതിന് ഇതാണ് അവർ തെളിവാക്കുന്നത്. അതിനാൽ ഒരാൾക്കും അവർ ഏകോപിച്ചതിൽനിന്ന് പുറത്തു പോകാൻ പാടുള്ളതല്ല. (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നത്തിന്നബവിയ്യഃയിൽ രേഖപ്പെടുത്തിയത്)

وهذه الآية تدل على أن إجماع المؤمنين حجة من جهة أن مخالفتهم مستلزمة لمخالفة الرسول، وإن كان ما أجمعوا عليه فلا بد أن يكون فيه نص عن الرسول، فكل مسألة يقطع فيها بالإجماع وبانتفاء المنازع من المؤمنين فإنها مما بين الله فيه الهدى، ومخالف مثل هذا الإجماع يكفر، كما يكفر مخالف النص البين، وأما إذا كان يظن الإجماع ولا يقطع به فهنا قد لا يقطع أيضا بأنها مما تبين فيه الهدى من جهة الرسول، ومخالف مثل هذا الإجماع قد لا يكفر، بل قد يكون ظن الإجماع خطأ والصواب في خلاف هذا القول، وهذا هو فصل الخطاب فيما يكفر به من مخالفة الإجماع وما لا يكفر. [ابن تيمية في مجموع فتاويه]

ഈ ഖുർആൻ സൂക്തം വ്യക്തമാക്കുന്നത് വിശ്വാസികളുടെ ഇജ്‌മാഇന് പ്രാമാണികതയുണ്ടെന്നാണ്. കാരണം വിശ്വാസികളോടുള്ള വിയോജിപ്പ് അനിവാര്യമായും നബി ﷺ യോടുള്ള വിയോജിപ്പായിത്തീരുന്നു. അവർ ഏകോപിച്ച വിഷയത്തിൽ നബി ﷺ യിനിന്നുള്ള ഒരു പ്രമാണരേഖ ഉണ്ടാവാതിരിക്കാൻ നിർവ്വാഹമില്ല. എങ്കിൽ, വിശ്വാസികളിൽനിന്നുള്ള ഒരു എതിർ ശബ്ദവുമില്ലാതെ ഇജ്‌മാഅ് പ്രകാരം തീരുമാനിക്കപ്പെടുന്ന യാതൊരു വിഷയവും അല്ലാഹു സന്മാർഗ്ഗം വ്യക്തമാക്കിയ കാര്യങ്ങളിൽപെട്ടതായിരിക്കും. വ്യക്തമായ പ്രമാണരേഖയെ എതിർക്കുന്നവൻ കാഫിറായിത്തീരുന്നതു പോലെ ഇങ്ങനെയുള്ള ഇജ്‌മാഇനെ എതിർക്കുന്നവനും കാഫിറായിത്തീരുന്നു. എന്നാൽ ഇജ്‌മാഅ് സംശയാസ്പദമാണ്, ഖണ്ഡിതമല്ല എങ്കിൽ അക്കാര്യം നബി ﷺ യുടെ ഭാഗത്തുനിന്ന് സന്മാർഗ്ഗം വ്യക്തമാക്കപ്പെട്ടതാണെന്ന് ഖണ്ഡിതമായി പറയാനാവില്ല. ഇങ്ങനെയുള്ള ഇജ്‌മാഇനെ എതിർക്കുന്നവൻ കാഫിറായിക്കൊള്ളണമെന്നില്ല. എന്നല്ല, ചിലപ്പോൾ ഇജ്‌മാഅ് ഉണ്ടെന്ന ധാരണയിലായിരിക്കാം പിശക് സംഭവിച്ചിട്ടുള്ളത്. സത്യം ഇതിൻെറ എതിർ പക്ഷത്തായിരിക്കുകയും ചെയ്യും. ഇജ്‌മാഇനെ എതിർക്കുന്നവൻ കാഫിറാകുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പറയാവുന്ന തീർപ്പ് ഇതാണ്. (ഇബ്‌നു തൈമിയ്യഃ ഫാതാവായിൽ രേഖപ്പെടുത്തിയത്)

പുതിയവ