നിസാഅ് – اَلنِسَاء
﴿ حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُم مِّن نِّسَائِكُمُ اللَّاتِي دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا ﴾ [النساء 23]
വിവാഹം നിഷിദ്ധമാക്കപ്പെട്ട സ്ത്രീകൾ ആരെല്ലാമാണെന്ന് സൂറത്തുന്നിസാഇലെ 22, 23, 24 സൂക്തങ്ങളിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. പതിനാലു പേരാണ് വിവാഹം നിഷിദ്ധമായിട്ടുള്ളത്. അതിൽ ഏഴു പേർ രക്തബന്ധത്തിലുള്ളവരും ഏഴു പേർ വിവാഹബന്ധത്തിലുള്ളവരുമാണ്. വിവാഹബന്ധത്തിലുള്ള ഏഴു പേരിൽ മൂന്നു പേരെ ഒരുമിച്ച് വിവാഹം ചെയ്യുന്നതിനാണ് വിലക്ക്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു കാര്യം മുലകുടിബന്ധമാണ്. വിവാഹം നിഷിദ്ധമാകുന്ന കാര്യത്തിൽ രക്തബന്ധം പോലെയാണ് മുലകുടിബന്ധവും. ആരിൽനിന്ന് ഗർഭം ധരിച്ചതു കൊണ്ടാണോ പാലൂട്ടാൻ സാധിച്ചത് അദ്ദേഹവും മുലയൂട്ടിയ ഉമ്മയും മുലകുടിച്ച കുട്ടിയും തമ്മിലാണ് ഈ ബന്ധം സ്ഥാപിതമാവുക. മുലകുടിബന്ധത്തിലുള്ള മാതാവിൻെറയും സഹോദരിയുടെയും കാര്യം മേൽ സൂക്തത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു:
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ النَّبِيُّ ﷺ فِي بِنْتِ حَمْزَةَ: لاَ تَحِلُّ لِي، يَحْرُمُ مِنَ الرَّضَاعِ مَا يَحْرُمُ مِنَ النَّسَبِ، هِيَ بِنْتُ أَخِي مِنَ الرَّضَاعَةِ. [البخاري في صحيحه]
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം. ഹംസ رَضِيَ اللَّهُ عَنْهُ ൻെറ പുത്രി ഉമാമയുടെ വിവാഹക്കാര്യത്തിൽ നബി ﷺ പറഞ്ഞു: അവരുമായി എനിക്ക് വിവാഹം പാടില്ല. രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നതെല്ലാം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും. അവർ മുലകുടിബന്ധത്തിലുള്ള എൻെറ സഹോദര പുത്രിയാണ്. (ഹംസ رَضِيَ اللَّهُ عَنْهُ യും നബി ﷺ യും ഒരേ പോറ്റുമ്മയിൽനിന്ന് മുലകുടിച്ചിട്ടുണ്ട് എന്ന് സാരം.) [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]
വിവാഹം വിലക്കപ്പെട്ടവരുടെ പട്ടിക താഴെ കൊടുക്കാം:
രക്തബന്ധം (7): 1. ഉമ്മമാർ 2. പുത്രിമാർ 3. സഹോദരിമാർ 4. പിതൃസഹോദരിമാർ 5. മാതൃസഹോദരിമാർ 6. സഹോദര പുത്രിമാർ 7. സഹോദരീ പുത്രിമാർ
വിവാഹബന്ധം (4+3=7): 1. പിതാക്കൾ വിവാഹം ചെയ്തവർ 2. പുത്രന്മാർ വിവാഹം ചെയ്തവർ 3. ഭാര്യമാരുടെ ഉമ്മമാർ (ഇതിലെല്ലാം വിവാഹ ഉടമ്പടിയാണ് പരിഗണിക്കുക. ലൈംഗിക ബന്ധം നടന്നോ ഇല്ലയോ എന്നത് പരിഗണനീയമല്ല) 4. ഭാര്യമാർക്ക് – അവരുമായി ലൈംഗിക ബന്ധം നടന്നിട്ടുള്ളവരാണെങ്കിൽ – മറ്റു ഭർത്താക്കന്മാരിലുണ്ടായ പുത്രിമാർ
5. രണ്ടു സഹോദരിമാരെ ഒരുമിച്ച് വിവാഹം ചെയ്യൽ 6. ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരിയെയും ഒരുമിച്ച് വിവാഹം ചെയ്യൽ 7. ഒരു സ്ത്രീയെയും അവളുടെ മാതൃസഹോദരിയെയും ഒരുമിച്ച് വിവാഹം ചെയ്യൽ
കൂടാതെ, ഒരാളുടെ ഭാര്യാപദവിയിലുള്ള സ്ത്രീയെ വിവാഹം അന്വേഷിക്കാനോ മറ്റേതെങ്കിലും വിധത്തിൽ വിവാഹം ചെയ്യാനോ പാടില്ലാത്തതാകുന്നു. അല്ലാഹു വിധിവിലക്കുകൾ നിശ്ചയിച്ചിരിക്കുന്നത് മനുഷ്യരുടെ സുരക്ഷിതത്വത്തിനും സുസ്ഥിതിക്കും വേണ്ടിയാണ്. മതം, അസ്തിത്വം, ബുദ്ധി, അഭിമാനം, സമ്പത്ത് എന്നിവ സംരക്ഷിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിൻെറ അടിസ്ഥാന ലക്ഷ്യങ്ങളിൽപെട്ടതാണ്. അല്ലാഹു നിശ്ചയിച്ച അതിരുകൾ പാലിക്കുക. ഇഹത്തിലും പരത്തിലും ജീവിത വിജയം കരസ്ഥമാക്കുക. ഇതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.