﴿ إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴾ [النساء 48]
അതേ സമയത്തു പാപങ്ങൾ വർദ്ധിക്കുന്തോറും – അവയിൽനിന്നു പശ്ചാത്തപിച്ചു മടങ്ങാത്ത പക്ഷം – അത് ഈമാനിനു (സത്യവിശ്വാസത്തിനു) നഷ്ടം വരുത്തിക്കൊണ്ടിരിക്കുകയും അവസാനം നിശ്ശേഷം അത് നശിക്കാൻ കാരണമായിത്തീരുകയും ചെയ്യുമെന്ന യാഥാർത്ഥ്യംകൂടി ഖുർആനിൽനിന്നും, ഹദീസിൽനിന്നും, അറിയപ്പെട്ടതാകുന്നു. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/677]
പാപങ്ങളെ രണ്ടായി തിരിക്കാം; വൻപാപങ്ങളും ചെറിയ ദോഷങ്ങളും. വൻപാപങ്ങളിൽ വിനാശകരമായ ഏഴെണ്ണം സൂക്ഷിക്കാൻ പ്രത്യേകമായ കൽപനയുണ്ട്. അവയിൽ ഒന്നു മാത്രം അല്ലാഹു പൊറുക്കാത്തതും മറ്റുള്ളവ പൊറുക്കാവുന്നവയുമാണ്. അല്ലാഹു പൊറുക്കാത്ത പാപം അവനിൽ പങ്കുചേർക്കുന്ന ശിർക്കാണ്. അപ്പോൾ കുഫ്റോ എന്നു ചോദിക്കും. എല്ലാ കുഫ്റും ശിർക്കാണെന്ന വസ്തുത ബഖറഃ : 221 ൽ വിശദീകരിച്ചിട്ടുണ്ട്. വ്യക്തത ആവശ്യമുള്ളവർക്ക് അത് വായിക്കാവുന്നതാണ്.
ശിർക്ക് രണ്ട് തരമുണ്ട്; വലിയ ശിർക്കും ചെറിയ ശിർക്കും. അല്ലാഹു അവനിൽ പങ്കുചേർക്കുന്നത് പൊറുക്കില്ല എന്നു പറയുമ്പോൾ അതിൽ രണ്ടു തരം ശിർക്കും ഉൾപ്പെടും എന്നാണ് സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. അവ തമ്മിലുള്ള വ്യത്യാസം, വലിയ ശിർക്ക് ചെയ്യുന്നവൻ ഇഹലോകത്ത് മതപരിത്യാഗിയാവുകയും പരലോകത്ത് ശാശ്വതമായി നരകത്തിൽ വസിക്കേണ്ടി വരികയും ചെയ്യും. എന്നാൽ ചെറിയ ശിർക്ക്, അത് ചെയ്യുന്നവനെ മതപരിത്യാഗിയാക്കില്ല; പരലോകത്ത് ശാശ്വതമായി നരകത്തിൽ കിടക്കേണ്ടിവരികയുമില്ല. പക്ഷെ അത് പൊറുക്കപ്പെടാത്ത പാപമാണ്. അതിനുള്ള ശിക്ഷ അയാൾ അനുഭവിക്കേണ്ടിവരിക തന്നെ ചെയ്യും. അല്ലാഹു പൊറുക്കാത്തത് എന്നതു കൊണ്ട് വിവക്ഷിക്കുന്നത് മരണപ്പെടുന്നതിനു മുമ്പ് സ്വീകാര്യ യോഗ്യമായ നിലയിൽ തൗബഃ ചെയ്യാത്തവ അല്ലാഹു പൊറുക്കില്ലെന്നാണ്.
നരകത്തിൽ പ്രവേശിക്കാതെ നേരെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള അടിസ്ഥാന യോഗ്യത മരണപ്പെടുമ്പോൾ വലുതോ ചെറുതോ ആയ ശിർക്ക് അവശേഷിക്കാതെ, മുവഹ്ഹിദായി മരിക്കുക എന്നതാണ്. ശിർക്കിനു താഴെയുള്ള പാപങ്ങളുടെ കാര്യം അല്ലാഹുവിൻെറ ഹിതമനുസരിച്ചിരിക്കും (فِي مَشِيئَةِ اللهِ). അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കും; അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. പൊറുത്തു കൊടുക്കാത്ത പാപങ്ങൾക്കുള്ള ശിക്ഷ കഴിഞ്ഞാൽ അവരെ നരകത്തിൽനിന്ന് മോചിപ്പിച്ച് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.
ശിർക്ക് വലുതും ചെറുതും കഴിഞ്ഞാൽ ഏറ്റവും ഗൗരവമുള്ള കുറ്റം ബിദ്അത്താണ്. അല്ലാഹുവിൻെറ ദീനിലുള്ള അപനിർമ്മിതികൾക്കാണ് ബിദ്അത്ത് എന്നു പറയുന്നത്. നബി ﷺ ദീൻ പൂർത്തീകരിച്ച് തന്നിരിക്കുന്നു. അതിൽ പിന്നെ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യാവതല്ല. മതത്തിൽ നൂതനമായ കാര്യങ്ങളുണ്ടാക്കുന്നത് അല്ലാഹുവിൻെറ അധികാരാവകാശങ്ങൾക്കുമേലുള്ള കടന്നു കേറ്റമാണ്. അത് ദീനിൻെറ വിശുദ്ധി നശിപ്പിക്കുകയും, മതത്തിൽ ശൈഥില്യവും കക്ഷിത്വവും ഉണ്ടാക്കുകയും, സമുദായത്തിൻെറ ഐക്യം തകർക്കുകയും ചെയ്യുന്നു. ബിദ്അത്ത് ചെയ്യുന്നവൻ മറ്റു പാപങ്ങൾ ചെയ്യുന്നവനെപ്പോലെയല്ല. തൻെറ അപനിർമ്മിതകൾ നല്ലതാണെന്ന് കരുതുകയും അത് ദീനായി പ്രചരിപ്പിക്കുകയും ചെയ്യും. അതിനാൽ ബിദ്അത്തുകളിൽനിന്ന് അവൻ മടങ്ങുകയില്ല. അതു കൊണ്ടു തന്നെയാണ് ഇബ്‌ലീസിന് മറ്റു പാപങ്ങളെക്കാൾ ബിദ്അത്ത് കൂടുതൽ പ്രിയങ്കരമായിത്തീരുന്നതും.
ഈമാൻ കൂടുകയും കുറയുകയും ചെയ്യും. പുണ്യകർമ്മങ്ങൾ കൊണ്ട് ഈമാൻ വർദ്ധിക്കുന്നു. കുറ്റകൃത്യങ്ങൾ കൊണ്ട് ഈമാൻ ക്ഷയിക്കുന്നു. വൻപാപം ചെയ്താൽ പോലും ഒരു വ്യക്തി അവിശ്വാസിയാകുന്നില്ല. പക്ഷെ, ഈമാനിൻെറ നില തീരെ താണുപോകും. എങ്കിലും, ഈമാനിൻെറ അടിത്തറ അയാളിൽ ബാക്കി നിൽക്കും. ഇതാണ് അഹ്‌ലുസ്സുന്നഃ ഉയർത്തിപ്പിടിക്കുന്ന വിശ്വാസം.
എന്നാൽ വൻപാപം ചെയ്തവൻ ഇഹലോകത്ത് കാഫിറായിപ്പോകുകയും പരലോകത്ത് ശാശ്വതമായി നരകത്തിൽ വസിക്കേണ്ടി വരികയും ചെയ്യും എന്നാണ് ഖവാരിജുകളും സഹയാത്രികരും വിശ്വസിക്കുന്നത്. അതേ സമയം, മുഅ്തസിലികൾ തത്ത്വത്തിൽ അവരോട് യോജിക്കുന്നു. അവർ ഇഹലോകത്ത് മുസ്‌ലിമുമല്ല, കാഫിറുമല്ല, രണ്ടിനും മധ്യെ മറ്റൊരു സ്ഥാനത്താണെന്നും, പരലോകത്ത് അവർ നരകത്തിൽ ശാശ്വതരായിരിക്കുകയും ചെയ്യും എന്നാണ് പറയുന്നത്. രണ്ടും തെറ്റായ നിലപാടുകളാണ്. ശിർക്ക് ഒഴികെയുള്ള ഏതു പാപമായാലും അത് ചെയ്യുന്നവൻ ഇഹലോകത്ത് മതപരിത്യാഗിയാവില്ല. പരലോകത്ത് ശാശ്വതമായി നരകത്തിൽ വസിക്കേണ്ടി വരികയുമില്ല. ഈമാനിൻെറ നില തീരെ താണു പോകുമെങ്കിലും അതിൻെറ അടിത്തറ അയാളിൽ അവശേഷിക്കുകയും ചെയ്യും. പരലോകത്ത് അയാളുടെ കാര്യം അല്ലാഹുവിൻെറ ഹിതമനുസരിച്ചിരിക്കും. അവൻ ഉദ്ദേശിച്ചാൽ പൊറുത്തുകൊടുക്കും. ഉദ്ദേശിച്ചാൽ ശിക്ഷിക്കും. ഇതാണ് അഹ്‌ലുസ്സുന്നഃയുടെ നിലപാട്. ഈ നിലപാട് കൃത്യമായി സാധൂകരിക്കാത്ത വിധത്തിലാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്.