﴿ أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا ﴾ [النساء ٦٠]
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്നവരെ നീ കണ്ടില്ലേ? ത്വാഗൂതുകളോട് വിധിതേടാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. യഥാർത്ഥത്തിൽ ത്വാഗൂതുകളിൽ അവിശ്വസിക്കാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അവരെ ബഹുദൂരം വഴിതെറ്റിക്കുവാനാണ് പിശാച് ഉദ്ദേശിക്കുന്നത്. [നിസാഅ് 60]
രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ ഏറെ ദുരുപയോഗം ചെയ്യാറുള്ള സൂക്തമാണ് മുകളിൽ കൊടുത്തത്. അത് യഥാവിധം മനസ്സിലാക്കുന്നതിനായി ആരാണ് ത്വാഗൂത്, ത്വാഗൂതിനോട് വിധിതേടുക എന്നതിൻെറ പരിധിയിൽ എന്തെല്ലാം ഉൾപ്പെടും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതായി വരുന്നു.
ആദ്യമായി, ആരാണ് ത്വാഗൂത് എന്നത് പരിശോധിക്കാം. طاغوت എന്ന പദം طغى എന്നതിൽ നിന്ന് നിഷ്പാദിതമായിട്ടുള്ളതാണ്. ഈ പ്രരൂപം തീക്ഷ്ണതയെയും അതിശയോക്തിയെയും കുറിക്കുന്നു. അതിരു കവിയുക, പരിധി ലംഘിക്കുക എന്നൊക്കെയാണ് طغى എന്നതിൻെറ ഭാഷാർത്ഥം. അപ്പോൾ എല്ലാ സീമകളും ലംഘിക്കുന്ന, ഒരിക്കലും ലംഘിക്കാൻ പാടില്ലാത്ത ചുവന്ന രേഖകൾ മറികടക്കുന്ന വ്യക്തിക്കാണ് طاغوت എന്ന് പറയുക.
ഏതൊരു വ്യക്തിയും സൃഷ്ടി എന്ന നിലയിൽ തൻെറ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. യാതൊരുവൻ തൻെറ പരിധികൾ ലംഘിക്കുകയും സ്രഷ്ടാവായ അല്ലാഹുവിൻെറ അധികാരാവകാശങ്ങളിലേക്ക് കടന്നുകേറുകയും ചെയ്യുന്നുവോ അവൻ ത്വാഗൂതാണ്. ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് പറയുന്നത് കാണുക:
والطواغيت كثيرة ورؤسهم خَمْسَةٌ إِبْلِيسُ لَعَنَهُ اللهُ، وَمَنْ عُبِدَ وَهُوَ رَاضٍ وَمَنْ دَعَا النَّاسَ إِلَى عِبَادَةِ نَفْسِهِ، ومن أدعى شيئاً من علم الغيب ومن حكم بغير ما أنزل الله، [محمد بن عبد الوهاب في ثلاثة الأصول]
താഗൂത്തുകൾ നിരവധിയുണ്ട്. അവരുടെ തലവന്മാർ അഞ്ചു തരക്കാരാണ്: (1) ഇബ്‌ലീസ് – അല്ലാഹു അവനെ ശപിക്കട്ടെ – (2) തൻെറ തൃപ്തിയോടെ ആരാധിക്കപ്പെടുന്ന മൂർത്തികൾ (3) തന്നെ ആരാധിക്കണമെന്ന് ജനങ്ങളോട് പറയുന്നവൻ (4) തനിക്ക് ഗൈബ് അറിയുമെന്ന് വാദിക്കുന്നവൻ (5) അല്ലാഹു അവതരിപ്പിച്ചതു കൊണ്ടല്ലാതെ വിധിക്കുന്നവൻ. [മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് ഥലാഥതുൽ ഉസൂലിൽ രേഖപ്പെടുത്തിയത്]
ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللهُ- നൽകുന്ന ഒരു വിശദീകരണം കൂടി കാണുക:
ثم أخبر سبحانه أن من تحاكم أو حاكم إلى غير ما جاء به الرسول، فقد حكم الطاغوت وتحاكم إليه، والطاغوت: كل ما تجاوز به العبد حده من معبود أو متبوع أو مطاع؛ فطاغوت كل قوم من يتحاكمون إليه غير الله ورسوله، او يعبدونه من دون الله، أو يتبعونه على غير بصيرة من الله، أو يطيعونه فيما لا يعلمون أنه طاعة لله؛ فهذه طواغيت العالم إذا تأملتها وتأملت أحوال الناس معها رأيت أكثرهم ممن أعرض عن عبادة الله إلى عبادة الطاغوت. [ابن القيم في إعلام الموقعين عن رب العالمين]
തുടർന്ന് അല്ലാഹു പറയുന്നത്, ഏതൊരുവൻ റസൂൽ കൊണ്ടുവന്നതല്ലാത്തതിലേക്ക് വിധിയന്വേഷിച്ച് പോയോ അവൻ ത്വാഗൂത്തിനെ വിധികർത്താവാക്കുകയും അതിനോട് വിധിതേടുകയും ചെയ്തവനായി. തൻെറ പരിധി ലംഘിക്കുന്ന ഏതൊരു അടിമയും, അവൻ ആരാധിക്കപ്പെടുന്നവനോ പിന്തുടരപ്പെടുന്നവനോ അനുസരിക്കപ്പെടുന്നവനോ ആയിരിക്കട്ടെ അവനാണ് ത്വാഗൂത്ത്. ഏതൊരു ജനതയിലെയും ത്വാഗൂത്ത് അല്ലാഹുവും റസൂലും അല്ലാതെ അവർ വിധിതേടി ചെല്ലുന്നവരോ അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്നവരോ അല്ലാഹുവിങ്കൽനിന്നുള്ള വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിലല്ലാതെ അവർ പിന്തുടരുന്നവരോ അല്ലാഹുവിനുള്ള കീഴ്വണക്കമാണെന്ന് തങ്ങൾക്കറിയാത്ത കാര്യങ്ങളിൽ അവർ അനുസരിക്കുന്നവരോ ആണ്. ഇതാണ് ലോകത്ത് കാണപ്പെടുന്ന ത്വാഗൂത്തുകൾ. അവയെ കുറിച്ചും അവയോടുള്ള ജനങ്ങളുടെ അവസ്ഥകളെ കുറിച്ചും ചിന്തിച്ചു നോക്കിയാൽ അവരിൽ അധിക പേരും അല്ലാഹുവിനെ ആരാധിക്കുന്നതിൽനിന്ന് ത്വാഗൂത്തുകളെ ആരാധിക്കുന്നതിലേക്ക് തിരിഞ്ഞവരാണെന്ന് നിനക്ക് കാണാൻ സാധിക്കും. [ഇബ്‌നു ഖയ്യിം ഇഅ്ലാമുൽ മുവഖിഈനിൽ രേഖപ്പെടുത്തിയത്]
ഇബ്‌ലീസാണ് ഒന്നാമത്തെ ത്വാഗൂത്ത്. പിന്നെ മനുഷ്യരിൽപെട്ട ചില വിഭാഗങ്ങളും. മനുഷ്യൻ സ്വതേ അതിരുകളും നിയമങ്ങളും ലംഘിക്കുന്നവനാണ്. തനിക്കു താൻ മതിയായവനാണെന്ന തോന്നൽ കൂടുതൽ കൂടുതൽ അവനെ അതിരുകൾ ലംഘിക്കാൻ പ്രേരിപ്പിക്കുകുയം ചെയ്യും. അല്ലാഹു പറയുന്നു:
﴿ كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ۞ أَن رَّآهُ اسْتَغْنَىٰ ﴾ [العلق ٦ – ٧]
എന്നാൽ, ഉബൂദിയ്യത്തിൻെറ പരിധി ലംഘിച്ച് റബൂബിയ്യത്തിൻെറയോ ഉലൂഹിയ്യത്തിൻെറയോ മേഖലകളിലേക്ക് കടന്നുകേറാൻ ശ്രമിക്കുമ്പോൾ അവൻ ത്വാഗൂതായിത്തീരുന്നു. അത്തരം കടുത്ത ധർമ്മലംഘകരുടെ ഇനങ്ങളാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് -رَحِمَهُ اللهُ- മുകളിൽ വിവരിച്ചത്.
അതിൽ അഞ്ചാമതായി പറഞ്ഞത് അല്ലാഹു അവതരിപ്പിച്ചതു കൊണ്ടല്ലാതെ വിധിക്കുന്നവരെ സംബന്ധിച്ചാണ്. അത്തരക്കാർ ത്വാഗൂതുകളുടെ പരിധിയിൽപെടുന്നു. അവരെ കുറിച്ച് ഖുർആനിൽ كافر – فاسق – ظالم അഥവാ അവിശ്വാസി, അധർമ്മകാരി, അക്രമി എന്നിങ്ങനെ മൂന്ന് രൂപത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചതു കൊണ്ടല്ലാതെ വിധിക്കുന്നവൻ എപ്പോഴാണ് ദീനിൽനിന്ന് പുറത്ത് പോകുന്ന കാഫിർ ആയിത്തീരുക എന്നത് സൂറത്തുൽ മാഇദഃ 44, 45, 47 സൂക്തങ്ങളുടെ വിവരണത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഒരു വിശ്വാസി ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന സകലമാന പ്രശ്നങ്ങൾക്കുമുള്ള വിധി അന്വേഷിച്ചു ചെല്ലേണ്ട് അല്ലാഹുവിലേക്കും അവൻെറ ദൂതരിലേക്കുമാണ്. അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവരും അല്ലാഹുവിൻെറ വിധിവിലക്കുകൾ മാറ്റിമറിക്കുന്നവരുമാണ് ത്വാഗൂത്തുകൾ. അവരിൽനിന്നായിരിക്കും അവിശ്വാസികൾ വിധിതേടുക. എന്നാൽ ഒരു വിശ്വാസിക്ക് അവരോട് വിധി തേടാൻ പാടില്ലാത്തതാണ്. മറിച്ച്, ത്വാഗൂത്തുകളിൽ അവിശ്വാസം രേഖപ്പെടുത്താനാണ് അവർ കൽപിക്കപ്പെട്ടിരിക്കുന്നത്.
അല്ലാഹുവിൻെറയും റസൂലിൻെറയും വിധി തേടാതെ, മുകളിൽ പറഞ്ഞ ത്വാഗൂത്തുകളോട് വിധി ചോദിക്കുക എന്നത് വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന അപരാധമാണ്. സൂറത്തുൽ മാഇദഃ 44, 45, 47 സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇവിടെയും പ്രസക്തമാണ്. മതത്തിൽനിന്നു തന്നെ പുറത്തുപോകാൻ കാരണമാകുന്നതും അല്ലാത്തതുമായ അവസ്ഥാന്തരങ്ങൾ ഇതിലുണ്ട്.
ത്വാഗൂത്തുകളോട് വിധി ചോദിച്ച് പോകേണ്ടി വരുന്നത് ഒരു സത്യം നിഷേധിക്കാനോ ഒരു അവകാശം ഹനിക്കാനോ വേണ്ടിയായിരിക്കും. അല്ലെങ്കിൽ ഒരു അസത്യമോ അന്യായമോ ആയ ഒരു കാര്യം സ്ഥാപിച്ചു കിട്ടാൻ വേണ്ടിയായിരിക്കും. സത്യം റദ്ദുചെയ്യാനും അസത്യം സ്ഥാപിക്കാനും വേണ്ടി വ്യാജമായ തെളിവുകളെയും സാക്ഷികളെയും അണിനിരത്തി ഭരണകർത്താക്കളെയും ന്യായാധിപന്മാരെയോ സമീപിക്കുന്നതും التحاكم إلى الطاغوت അഥവാ ത്വാഗൂത്തിനോട് വിധിതേടുക എന്നതിൻെറ വിശാലമായ അർത്ഥ പരിധിയിൽ ഉൾപ്പെടും.
സത്യവും ന്യായവും റദ്ദുചെയ്യാനും അസത്യവും അന്യായവും സ്ഥാപിച്ചെടുക്കാനും വേണ്ടി അല്ലാഹുവിനെയും റസൂലിനെയും വിട്ട് മറ്റുള്ളവരെ സമീപിക്കുക എന്നതാണ് ത്വാഗൂത്തിനോട് വിധിതേടുക (التحاكم إلى الطاغوت) എന്നതിൻെറ പൊരുൾ. അതിനു കൂട്ടുനിൽക്കുന്നവർ ത്വാഗൂത്തുകളായിരിക്കും. അതിനു മുതിരുന്നവർ ത്വാഗൂത്തുകളോട് വിധി തേടുന്നവരും. ത്വാഗൂത്തുകളല്ലാത്തവരോട് ഇതേ ലക്ഷ്യത്തിനായി സമീപിക്കുന്നതും അവരെ കബളിപ്പിച്ച് അന്യായമായ വിധി സമ്പാദിക്കുന്നതും ഇതു പോലെ തന്നെയാണ്. നബി ﷺ യിൽനിന്ന് അന്യായമായ വിധി സമ്പാദിക്കുന്നതു പോലും കടുത്ത അതിർ ലംഘനമാണെന്നും വളരെയേറെ സൂക്ഷിക്കേണ്ട തീക്കളിയാണെന്നും അവിടുന്ന് ഉണർത്തിയിട്ടുള്ളതാണ്.
عَنْ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ ﷺ قَالَ: إِنَّكُمْ تَخْتَصِمُونَ إِلَيَّ، وَلَعَلَّ بَعْضَكُمْ أَلْحَنُ بِحُجَّتِهِ مِنْ بَعْضٍ، فَمَنْ قَضَيْتُ لَهُ بِحَقِّ أَخِيهِ شَيْئًا بِقَوْلِهِ فَإِنَّمَا أَقْطَعُ لَهُ قِطْعَةً مِنَ النَّارِ فَلاَ يَأْخُذْهَا. [البخاري في صحيحه]
ഉമ്മു സലമഃ -رَضِيَ اللهُ عَنْها- നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങൾ അന്യായം ബോധിപ്പിക്കാൻ എന്നെ സമീപിക്കുന്നു. നിങ്ങളിൽ ചിലർ ന്യായവാദം ഉന്നയിക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് വൈദഗ്ധ്യമുള്ളവരായിരിക്കും. തൻെറ സഹോദരന് അവകാശപ്പെട്ടത് വാഗ്‌വൈഭവം നിമിത്തം അവനു ഞാൻ വിധിച്ചാൽ നരകത്തിൻെറ ഒരു ഖണ്ഡമാണ് അവനു ഞാൻ പതിച്ചുകൊടുക്കുന്നത്. അത് അവൻ സ്വീകരിക്കാതിരിക്കട്ടെ. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
വിധികർത്താക്കളെ കുറിച്ച് നബി ﷺ പറഞ്ഞത് കൂടി കാണാം:
عن ابن بريدة عن أبيه عن النبي ﷺ قال: القضاة ثلاثة؛ واحد في الجنة، واثنان في النار، فأما الذي في الجنة فرجل عرف الحق فقضى به، ورجل عرف الحق فجار في الحكم فهو في النار، ورجل قضى للناس على جهل فهو في النار. [أبو داود في سننه وصححه الألباني]
ബുറൈദഃ ബിൻ ഹുസ്വൈബ് അൽഅസ്‌ലമി -رَضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറഞ്ഞു: ന്യായാധിപന്മാർ മൂന്നാണ്, ഒരു വിഭാഗം സ്വർഗ്ഗത്തിലും രണ്ടു വിഭാഗം നരകത്തിലും. എന്നാൽ സ്വർഗ്ഗത്തിൽ പോകുന്നത് സത്യം മനസ്സിലാക്കി അതു പ്രകാരം വിധിക്കുന്ന വ്യക്തിയാണ്. സത്യം അറിയുകയും തൻെറ വിധിയിൽ അന്യായം കാണിക്കുകയും ചെയ്യുന്ന വ്യക്തി നരകത്തിലാണ്. ജനങ്ങൾക്കിടയിൽ അജ്ഞതയുടെ മേൽ വിധിക്കുന്ന വ്യക്തി അവനും നരകത്തിലാണ്. (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
ചുരുക്കത്തിൽ, ഉബൂദിയ്യത്തിൻെറ പരിധി ലംഘിച്ച് അല്ലാഹുവിൻെറ അധികാരാവകാശങ്ങളിലേക്ക് കടന്നുകേറുന്നവർ ഇബ്‌ലീസാവട്ടെ, മനുഷ്യരിൽപെട്ട പിശാചുക്കളാവട്ടെ അവർ ത്വാഗൂത്തുകളാണ്. ഒരു വിശ്വാസി വിധി തേടി ചെല്ലേണ്ടത് അല്ലാഹുവിലേക്കും അവൻെറ ദൂതരിലേക്കുമാണ്. സത്യവും ന്യായവും റദ്ദുചെയ്യാനും അസത്യവും അന്യായവും സ്ഥാപിച്ചു കിട്ടാനും വേണ്ടി അല്ലാഹുവിനെയും റസൂലിനെയും വിട്ട് ത്വാഗൂത്തുകളോട് വിധി ചോദിക്കുന്നത് വിശ്വാസ രാഹിത്യമാണ്.
എന്നാൽ രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ മേൽ സൂക്തത്തെ ഇസ്‌ലാമിക ഭരണം നിലവിലില്ലാത്ത നാട്ടിൽ ജീവിക്കുന്ന മുസ്‌ലിംകൾ അനിവാര്യമായ സാഹചര്യങ്ങളിൽ അവിടുത്തെ നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നത് കുഫ്റാണെന്ന് സ്ഥാപിക്കാനാണ് ഉപയോഗിക്കാറുള്ളത്. അതിനാൽ അത്തരം ഭരണകൂടങ്ങൾ അട്ടിമറിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിക്കലാണ് അവരുടെ പ്രഥമമായ കടമയെന്ന് അവർ വാദിക്കുകയും ചെയ്യാറുണ്ട്. അതിലുള്ള പൊള്ളത്തരം സുതരാം വ്യക്തമാണല്ലോ.