﴿ أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴾ [النساء 82]
എന്നാൽ അവർ ഖുർആനെ കുറിച്ച് ഉറ്റാലോചിക്കുന്നില്ലേ?! അത്, അല്ലാഹു അല്ലാത്ത (മറ്റു വല്ല)വരുടെ അടുക്കൽനിന്നുമായിരുന്നുവെങ്കിൽ, വളരെ പരസ്പര വ്യത്യാസം അതിൽ അവർ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു. [നിസാഅ് 82]
ഖുർആൻ ശരിയായ രീതിയിൽ പഠിക്കുകയും പര്യാലോചന നടത്തുകയും ചെയ്യുന്ന ഏതൊരാൾക്കും അത് അല്ലാഹുവിൻെറ വചനമാണെന്ന കാര്യം സംശയാതീതമായി ബോധ്യപ്പെടുന്നതായിരിക്കും. അതിലെ മുഴു ആശയങ്ങളും പരസ്പരപൂരകമാണെന്ന് മനസ്സിലാക്കാനാവും. അതിൻെറ ആദിമധ്യാന്ത ഭാഗങ്ങൾക്കിടയിലുള്ള ജൈവികമായ ഏകത്വം (organic unity) അവനെ അത്ഭുതപ്പെടുത്തും. കാലാതിവർത്തിയായ, യാതൊരുവിധ വൈരുദ്ധ്യങ്ങളുമില്ലാത്ത, മനുഷ്യരാശിയുടെ ഗതിവിഗതികൾ നിർണ്ണയിക്കാൻ കഴിവുള്ള ഇത്തരം ഒരു ബൃഹദ് ഗ്രന്ഥം സ്ഥലകാലങ്ങളെ സൃഷ്ടിക്കുകയും അവയെ ചൂഴ്ന്നുനിൽക്കുകയും ചെയ്യുന്ന സർവ്വജ്ഞാനിയായ അല്ലാഹുവിനു മാത്രമേ അവതരിപ്പിക്കാൻ കഴിയൂ.
ഇക്കാലത്തെ ഖുർആൻ പഠനം ഏറെ വികലവും അപര്യാപ്തവുമായ രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒന്നുകിൽ കേവല മനഃപാഠത്തിൽ ഒതുക്കി ‘ഹാഫിള്’ പട്ടം നൽകുന്നു. അല്ലെങ്കിൽ ശാസ്ത്രവും വേദങ്ങളുമായി കൂട്ടിക്കുഴക്കുന്ന താരതമ്യങ്ങളും ഗവേഷണങ്ങളുമായി അലയുന്നു. ഇതൊന്നുമല്ല സലഫുകൾ പിന്തുടർന്നിരുന്ന ഖുർആൻ പഠന രീതി. ഇതു സംബന്ധിച്ച് ലേഖനങ്ങൾ എന്ന വിഭാഗത്തിൽ ഖുർആൻ പഠനവും പാരായണവും എന്ന തലക്കെട്ടിൽ ഒരു ലേഖനമുണ്ട് അത് വായിക്കുക.