﴿ وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا ﴾ (٨٣)
സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്കെത്തിയാൽ അതവർ പ്രചരിപ്പിക്കുകയായി. റസൂലിനും അവരിലെ കൈകാര്യകർത്താക്കൾക്കും അത് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്നും വസ്തുതകൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവർ അതിൻെറ യാഥാർത്ഥ്യം മനസ്സിലാക്കിയെടുക്കുമായിരുന്നു. നിങ്ങളുടെ മേൽ അല്ലാഹുവിൻെറ ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ അൽപം ചിലരൊഴികെ എല്ലാവരും പിശാചിനെ പിൻപറ്റിപ്പോകുമായിരുന്നു. (നിസാഅ് 83)
ഒരു മുസ്‌ലിമിനെ ബാധിക്കുന്ന സകലമാന പ്രശ്നങ്ങൾക്കുമുള്ള വിധി ഖുർആനിലും സുന്നത്തിലുമാണുള്ളത്. തനിക്കറിയാത്ത കാര്യങ്ങൾ പണ്ഡിതന്മാരോടാണ് ചോദിക്കേണ്ടത്. റബ്ബാനികളായ മുതിർന്ന പണ്ഡിതന്മാരോടാണ് മതപരമായ കാര്യങ്ങൾ ചോദിച്ചു പഠിക്കേണ്ടത്. ബിദ്അത്തുകളുമായി നടക്കുന്ന അൽപന്മാരായ എളമക്കാരിൽനിന്ന് ദീൻ പഠിക്കുകയോ മതപരമായ വിധികൾ ചോദിക്കുകയോ ചെയ്യാവതല്ല. വിശദാംശങ്ങൾക്കു വേണ്ടി അറിവിൻെറ ആധികാരികതയിലേക്ക് എന്ന ലേഖനം കാണുക.
എന്നാൽ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന ഗൗരവതരമായ കാലിക പ്രശ്നങ്ങളുടെ വിധിയും അവക്കുള്ള പരിഹാരവും അന്വേഷിക്കേണ്ടത് أُولو الأمر എന്ന് അല്ലാഹു വിശേഷിപ്പിച്ച കൈകാര്യകർത്താക്കളോട് മാത്രമാണ്. മേൽ സൂക്തം അവതരിച്ചതു തന്നെ അത്തരം ഒരു സംഭവത്തൻെറ പശ്ചാത്തലത്തിലാണ്. അത് താഴെ കൊടുക്കുന്നു.
عن عمر بن الخطاب رضي الله عنه قال: لَمَّا اعْتَزَلَ نَبِيُّ اللهِ ﷺ نِسَاءَهُ، قَالَ: دَخَلْتُ الْمَسْجِدَ، فَإِذَا النَّاسُ يَنْكُتُونَ بِالْحَصَى، وَيَقُولُونَ: طَلَّقَ رَسُولُ اللهِ ﷺ نِسَاءَهُ، وَذَلِكَ قَبْلَ أَنْ يُؤْمَرْنَ بِالْحِجَابِ، فَقَالَ عُمَرُ، فَقُلْتُ: لَأَعْلَمَنَّ ذَلِكَ الْيَوْمَ، قَالَ: فَدَخَلْتُ عَلَى عَائِشَةَ، فَقُلْتُ: يَا بِنْتَ أَبِي بَكْرٍ، أَقَدْ بَلَغَ مِنْ شَأْنِكِ أَنْ تُؤْذِي رَسُولَ اللهِ ﷺ، فَقَالَتْ: مَا لِي وَمَا لَكَ يَا ابْنَ الْخَطَّابِ، عَلَيْكَ بِعَيْبَتِكَ، قَالَ فَدَخَلْتُ عَلَى حَفْصَةَ بِنْتِ عُمَرَ، فَقُلْتُ لَهَا: يَا حَفْصَةُ، أَقَدْ بَلَغَ مِنْ شَأْنِكِ أَنْ تُؤْذِي رَسُولَ اللهِ ﷺ؟ وَاللهِ، لَقَدْ عَلِمْتِ أَنَّ رَسُولَ اللهِ ﷺ لَا يُحِبُّكِ، وَلَوْلَا أَنَا لَطَلَّقَكِ رَسُولُ اللهِ ﷺ، فَبَكَتْ أَشَدَّ الْبُكَاءِ، فَقُلْتُ لَهَا: أَيْنَ رَسُولُ اللهِ ﷺ؟ قَالَتْ: هُوَ فِي خِزَانَتِهِ فِي الْمَشْرُبَةِ، فَدَخَلْتُ، فَإِذَا أَنَا بِرَبَاحٍ غُلَامِ رَسُولِ اللهِ ﷺ، قَاعِدًا عَلَى أُسْكُفَّةِ الْمَشْرُبَةِ، مُدَلٍّ رِجْلَيْهِ عَلَى نَقِيرٍ مِنْ خَشَبٍ – وَهُوَ جِذْعٌ يَرْقَى عَلَيْهِ رَسُولُ اللهِ ﷺ وَيَنْحَدِرُ – فَنَادَيْتُ: يَا رَبَاحُ، اسْتَأْذِنْ لِي عِنْدَكَ عَلَى رَسُولِ اللهِ ﷺ، فَنَظَرَ رَبَاحٌ إِلَى الْغُرْفَةِ، ثُمَّ نَظَرَ إِلَيَّ، فَلَمْ يَقُلْ شَيْئًا، ثُمَّ قُلْتُ: يَا رَبَاحُ، اسْتَأْذِنْ لِي عِنْدَكَ عَلَى رَسُولِ اللهِ ﷺ، فَنَظَرَ رَبَاحٌ إِلَى الْغُرْفَةِ، ثُمَّ نَظَرَ إِلَيَّ، فَلَمْ يَقُلْ شَيْئًا، ثُمَّ رَفَعْتُ صَوْتِي، فَقُلْتُ: يَا رَبَاحُ، اسْتَأْذِنْ لِي عِنْدَكَ عَلَى رَسُولِ اللهِ ﷺ، فَإِنِّي أَظُنُّ أَنَّ رَسُولَ اللهِ ﷺ ظَنَّ أَنِّي جِئْتُ مِنْ أَجْلِ حَفْصَةَ، وَاللهِ، لَئِنْ أَمَرَنِي رَسُولُ اللهِ ﷺ بِضَرْبِ عُنُقِهَا، لَأَضْرِبَنَّ عُنُقَهَا، وَرَفَعْتُ صَوْتِي، فَأَوْمَأَ إِلَيَّ أَنِ ارْقَهْ، فَدَخَلْتُ عَلَى رَسُولِ اللهِ ﷺ وَهُوَ مُضْطَجِعٌ عَلَى حَصِيرٍ، فَجَلَسْتُ، فَأَدْنَى عَلَيْهِ إِزَارَهُ وَلَيْسَ عَلَيْهِ غَيْرُهُ، وَإِذَا الْحَصِيرُ قَدْ أَثَّرَ فِي جَنْبِهِ، فَنَظَرْتُ بِبَصَرِي فِي خِزَانَةِ رَسُولِ اللهِ ﷺ، فَإِذَا أَنَا بِقَبْضَةٍ مِنْ شَعِيرٍ نَحْوِ الصَّاعِ، وَمِثْلِهَا قَرَظًا فِي نَاحِيَةِ الْغُرْفَةِ، وَإِذَا أَفِيقٌ مُعَلَّقٌ، قَالَ: فَابْتَدَرَتْ عَيْنَايَ، قَالَ: مَا يُبْكِيكَ يَا ابْنَ الْخَطَّابِ، قُلْتُ: يَا نَبِيَّ اللهِ، وَمَا لِي لَا أَبْكِي وَهَذَا الْحَصِيرُ قَدْ أَثَّرَ فِي جَنْبِكَ، وَهَذِهِ خِزَانَتُكَ لَا أَرَى فِيهَا إِلَّا مَا أَرَى، وَذَاكَ قَيْصَرُ وَكِسْرَى فِي الثِّمَارِ وَالْأَنْهَارِ، وَأَنْتَ رَسُولُ اللهِ ﷺ وَصَفْوَتُهُ، وَهَذِهِ خِزَانَتُكَ، فَقَالَ: يَا ابْنَ الْخَطَّابِ، أَلَا تَرْضَى أَنْ تَكُونَ لَنَا الْآخِرَةُ وَلَهُمُ الدُّنْيَا؟ قُلْتُ: بَلَى، قَالَ: وَدَخَلْتُ عَلَيْهِ حِينَ دَخَلْتُ، وَأَنَا أَرَى فِي وَجْهِهِ الْغَضَبَ، فَقُلْتُ: يَا رَسُولَ اللهِ، مَا يَشُقُّ عَلَيْكَ مِنْ شَأْنِ النِّسَاءِ؟ فَإِنْ كُنْتَ طَلَّقْتَهُنَّ، فَإِنَّ اللهَ مَعَكَ، وَمَلَائِكَتَهُ، وَجِبْرِيلَ، وَمِيكَائِيلَ، وَأَنَا، وَأَبُو بَكْرٍ، وَالْمُؤْمِنُونَ مَعَكَ، وَقَلَّمَا تَكَلَّمْتُ وَأَحْمَدُ اللهَ بِكَلَامٍ، إِلَّا رَجَوْتُ أَنْ يَكُونَ اللهُ يُصَدِّقُ قَوْلِي الَّذِي أَقُولُ، وَنَزَلَتْ هَذِهِ الْآيَةُ آيَةُ التَّخْيِيرِ: ﴿ عَسَى رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبْدِلَهُ أَزْوَاجًا خَيْرًا مِنْكُنَّ﴾ [التحريم: ٥]، ﴿ وَإِنْ تَظَاهَرَا عَلَيْهِ فَإِنَّ اللهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ ﴾ [التحريم: ٤]، وَكَانَتْ عَائِشَةُ بِنْتُ أَبِي بَكْرٍ، وَحَفْصَةُ تَظَاهَرَانِ عَلَى سَائِرِ نِسَاءِ النَّبِيِّ ﷺ، فَقُلْتُ: يَا رَسُولَ اللهِ أَطَلَّقْتَهُنَّ؟ قَالَ: لَا، قُلْتُ: يَا رَسُولَ اللهِ، إِنِّي دَخَلْتُ الْمَسْجِدَ وَالْمُسْلِمُونَ يَنْكُتُونَ بِالْحَصَى، يَقُولُونَ: طَلَّقَ رَسُولُ اللهِ ﷺ نِسَاءَهُ، أَفَأَنْزِلُ، فَأُخْبِرَهُمْ أَنَّكَ لَمْ تُطَلِّقْهُنَّ، قَالَ: نَعَمْ، إِنْ شِئْتَ، فَلَمْ أَزَلْ أُحَدِّثُهُ حَتَّى تَحَسَّرَ الْغَضَبُ عَنْ وَجْهِهِ، وَحَتَّى كَشَرَ فَضَحِكَ، وَكَانَ مِنْ أَحْسَنِ النَّاسِ ثَغْرًا، ثُمَّ نَزَلَ نَبِيُّ اللهِ ﷺ، وَنَزَلْتُ، فَنَزَلْتُ أَتَشَبَّثُ بِالْجِذْعِ، وَنَزَلَ رَسُولُ اللهِ ﷺ كَأَنَّمَا يَمْشِي عَلَى الْأَرْضِ مَا يَمَسُّهُ بِيَدِهِ، فَقُلْتُ: يَا رَسُولَ اللهِ إِنَّمَا كُنْتَ فِي الْغُرْفَةِ تِسْعَةً وَعِشْرِينَ، قَالَ: إِنَّ الشَّهْرَ يَكُونُ تِسْعًا وَعِشْرِينَ، فَقُمْتُ عَلَى بَابِ الْمَسْجِدِ، فَنَادَيْتُ بِأَعْلَى صَوْتِي، لَمْ يُطَلِّقْ رَسُولُ اللهِ ﷺ نِسَاءَهُ، وَنَزَلَتْ هَذِهِ الْآيَةُ: ﴿ وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ ﴾ [النساء: ٨٣] فَكُنْتُ أَنَا اسْتَنْبَطْتُ ذَلِكَ الْأَمْرَ، وَأَنْزَلَ اللهُ عَزَّ وَجَلَّ آيَةَ التَّخْيِيرِ. [مسلم في صحيحه]
ഉമർ -رَضِيَ اللهُ عَنْهُ- നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ തൻെറ പത്നിമാരെ വെടിഞ്ഞ് മാറിനിന്നിരുന്ന വേളയിൽ ഒരിക്കൽ ഞാൻ പള്ളിയിൽ പോവുകയുണ്ടായി. അപ്പോഴതാ ജനങ്ങൾ ദുഃഖ ഭാരത്താൽ മണ്ണിലേക്ക് കല്ലുകൾ എറിഞ്ഞുകൊണ്ടിരിക്കുന്നു. അവർ പറയുന്നു: നബി ﷺ തൻെറ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നു. ഇത് ഹിജാബിൻെറ വിധികൾ പാലിക്കാനുള്ള കൽപന അവർക്ക് ലഭിക്കുന്നതിനു മുമ്പായിരുന്നു.
അദ്ദേഹം തുടരുന്നു: ഞാൻ പറഞ്ഞു, ഇന്ന് ഞാൻ ഇതിൻെറ നിജസ്ഥിതി മനസ്സിലാക്കുക തന്നെ ചെയ്യും.
അദ്ദേഹം പറയുന്നു: അങ്ങനെ ഞാൻ ആയിശയുടെ അടുക്കൽ പ്രവേശിച്ചു. എന്നിട്ട് പറഞ്ഞു: അബൂ ബക്കറിൻെറ മകളേ, അല്ലാഹുവിൻെറ റസൂലിനെ ഉപദ്രവിക്കാൻ മാത്രം നിങ്ങൾ മുതിർന്നോ?
അവർ പറഞ്ഞു: ഞാനും നിങ്ങളും തമ്മിൽ എന്തു കാര്യം? നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കാര്യം നോക്കാം.
അദ്ദേഹം പറയുന്നു: അങ്ങനെ ഞാൻ തൻെറ പുത്രിയായ ഹഫ്‌സഃയുടെ അടുക്കൽ പോയി. എന്നിട്ട് പറഞ്ഞു: അല്ലയോ ഹഫ്‌സാ, അല്ലാഹുവിൻെറ റസൂലിനെ ഉപദ്രവിക്കാൻ മാത്രം നീ മുതിർന്നോ? അല്ലാഹു തന്നെ സത്യം! നബി ﷺ നിന്നെ ഇഷ്ടപ്പെടുന്നില്ല എന്നത് നിനക്ക് അറിയാവുന്ന കാര്യമാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ അവിടുന്ന് നിന്നെ വിവാഹമോചനം ചെയ്തിട്ടുണ്ടാകുമായിരുന്നു. അപ്പോൾ അവർ അതീവ ദൈന്യതയോടെ കരയാൻ തുടങ്ങി.
അപ്പോൾ ഞാൻ അവരോട് ചോദിച്ചു: നബി ﷺ എവിടെയാണ്?
അവർ പറഞ്ഞു: അവിടുന്ന് തട്ടിൻപുറത്തുണ്ട്, തൻെറ സാധനങ്ങൾ സൂക്ഷിക്കുന്ന കലവറയിൽ.
അപ്പോൾ ഞാൻ അവിടേക്ക് ചെന്നു. അങ്ങനെ നബി ﷺ യുടെ പരിചാരകനായ റബാഹിൻെറ അടുത്തെത്തി. അദ്ദേഹം തട്ടിൻപുറത്തേക്കുള്ള വാതിലിൻെറ താഴത്തെ പടിയിൽ ഇരുന്ന്, കേറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഈത്തപ്പനത്തടിയുടെ ഒരു പടിയിലേക്ക് കാലുകൾ തൂക്കിയിട്ടിരിക്കുന്നു.
അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞു: റബാഹ്, നിൻെറയടുക്കൽ റസുലുണ്ടല്ലോ, എനിക്ക് അദ്ദേഹത്തിൻെറയടുക്കലേക്ക് വരാൻ അനുവാദം ചോദിക്കൂ..
അദ്ദേഹം മുറിക്കകത്തേക്ക് നോക്കി. പിന്നെ എൻെറയടുത്തേക്ക് തിരിഞ്ഞു. പക്ഷെ, ഒന്നും പറഞ്ഞില്ല.
ഞാൻ വീണ്ടും പറഞ്ഞു: റബാഹ്, നിൻെറയടുക്കൽ റസുലുണ്ടല്ലോ, എനിക്ക് അദ്ദേഹത്തിൻെറയടുക്കലേക്ക് വരാൻ അനുവാദം ചോദിക്കൂ..
അദ്ദേഹം വീണ്ടും മുറിക്കകത്തേക്ക് നോക്കി. പിന്നെ എൻെറയടുത്തേക്ക് തിരിഞ്ഞു. എങ്കിലും ഒന്നും പറഞ്ഞില്ല.
അങ്ങനെ ഞാൻ ഒന്നു കൂടെ ശബ്ദമുയർത്തി: റബാഹ്, നിൻെറയടുക്കൽ റസുലുണ്ടല്ലോ, എനിക്ക് അദ്ദേഹത്തിൻെറയടുക്കലേക്ക് വരാൻ അനുവാദം ചോദിക്കൂ. ഞാൻ കരുതുന്നത്, ഹഫ്‌സുടെ കാര്യത്തിനു വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നതെന്ന് നബി ﷺ വിചാരിച്ചിട്ടുണ്ടാകും. അല്ലാഹു തന്നെ സത്യം! നബി ﷺ അവരുടെ കഴുത്തു വെട്ടാൻ എന്നോട് കൽപിച്ചാൽ ഞാൻ അവരുടെ കഴുത്ത് വെട്ടുക തന്നെ ചെയ്യും – ഞാൻ ശബ്ദമുയർത്തി.
അപ്പോൾ കേറിവരാൻ അദ്ദേഹം ആംഗ്യം കാണിച്ചു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുക്കലേക്ക് ചെന്നു. അവിടുന്ന് ഒരു പായയിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു. ഞാൻ അവിടെ ഇരിക്കുകയും അവിടുന്ന് തൻെറ ഉടുമുണ്ട് തിരുദേഹത്തോട് ചേർത്തുവെക്കുകയും ചെയ്തു. അദ്ദേഹത്തിനു മേൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴതാ പായ അവിടുത്തെ പാർശ്വഭാഗത്ത് പാടുകൾ വീഴ്ത്തിയിരിക്കുന്നു. അനന്തരം നബി ﷺ യുടെ നിലവറയിലൂടെ ഞാൻ എൻെറ കണ്ണുകൾ പായിച്ചു. അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് ഏതാണ്ട് ഒരു സ്വാഅ് ഗോതമ്പും, ഒരു മൂലയിൽഏതാണ്ട് അത്ര തന്നെ ഊറക്കിടാനുള്ള ഇലയും ഉണ്ടായിരുന്നു. കൂടാതെ ഊറക്കിടാത്ത ഒരു തുകൽ അവിടെ തൂക്കിയിട്ടിട്ടുമുണ്ട്.
അദ്ദേഹം പറയുന്നു: അപ്പോൾ എൻെറ രണ്ടു കണ്ണുകളും കണ്ണീർ പൊഴിക്കാൻ തുടങ്ങി.
അതു കണ്ട് നബി ﷺ ചോദിച്ചു: ഖത്താബിൻെറ മകനേ, നിന്നെ കരയിപ്പിച്ച കാര്യമെന്താണ്?
ഞാൻ പഞ്ഞു: അല്ലാഹുവിൻെറ റസൂലേ, ഞാൻ എങ്ങനെ കരയാതിരിക്കും!? ഈ പായ അങ്ങയുടെ പാർശ്വഭാഗത്ത് പാടുകൾ വീഴ്ത്തിയിരിക്കുന്നു. അങ്ങയുടെ കലവറയിൽ ഞാൻ ഈ കാണുന്നതല്ലേയുള്ളു!? കണ്ടില്ലേ, കിസ്റമാരും ഖൈസ്വറുമാരും കഴിച്ചു കൂട്ടുന്നത് സമൃദ്ധിയുടെ അരുവികളും കായ്‌കനികളിലുമാണ്. അങ്ങ് അല്ലാഹുവിൻെറ ദൂതനും വരേണ്യനുമല്ലേ. എന്നിരിക്കെ അങ്ങയുടെ കലവറയാണിത്!!
അവിടുന്ന് പറഞ്ഞു: ഖത്താബിൻെറ മകനേ, നമുക്ക് പരലോകവും അവർക്ക് ഇഹലോകവും ആകുന്നത് നിനക്ക് പൊരുത്തമല്ലേ? ഞാൻ പറഞ്ഞു, അതെ.
ഞാൻ അദ്ദേഹത്തിൻെറ അടുത്ത് ചെല്ലുമ്പോൾ അവിടുത്തെ മുഖത്ത് എനിക്ക് കോപം പ്രകടമായി കാണാമായിരുന്നു.
ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, പത്നിമാരുടെ കാര്യത്തിൽ താങ്കളെ വിഷമിപ്പിക്കുന്നതെന്താണ്? താങ്കൾ അവരെ വിവാഹ മോചനം ചെയ്യുന്ന പക്ഷം നിശ്ചയമായും അല്ലാഹു താങ്കളുടെ കൂടെയുണ്ടായിരിക്കും, അവൻെറ മലക്കുകളും ജിബ്‌രീലും മീക്കാഈലും ഞാനും അബൂബക്കറും വിശ്വാസികളും താങ്കളോടൊപ്പമുണ്ടായിരിക്കും. അല്ലാഹുവിന് സ്തുതി! ഞാൻ ഒരു കാര്യം സംസാരിക്കുമ്പോൾ എൻെറ ആ വാക്ക് അല്ലാഹു സത്യപ്പെടുത്തുമെന്ന് പ്രത്യാശിച്ചു കൊണ്ടല്ലാതെ ഞാൻ സംസാരിക്കുക വളരെ വിരളമാണ്. അങ്ങനെ ഈ സൂക്തം അവതരിക്കുകയുണ്ടായി. “നിങ്ങളെ അവിടുന്ന് വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് തൻെറ റബ്ബ് പകരം നല്‍കിയേക്കാം.” (തഹ്‌രീം 5) “ഇനി നിങ്ങള്‍ ഇരുവരും റസൂലിനെതിരില്‍ പരസ്പരം സഹകരിക്കാനാണ് ഉദ്ദേശമെങ്കിൽ തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ രക്ഷാധികാരി. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്.” (തഹ്‌രീം 4)
അബൂബക്കറിൻെറ മകൾ ആയിശയും ഉറിൻെറ മകൾ ഹഫ്‌സയും അവിടുത്തെ മറ്റു ഭാര്യമാർക്കെതിരിൽ പരസ്പര സഹകരണത്തോടെ നീങ്ങുകയായിരുന്നു.
അങ്ങനെ ഞാൻ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, അങ്ങ് അവരെ വിവാഹ മോചനം ചെയ്തോ?
അവിടുന്ന് പറഞ്ഞു: ഇല്ല.
ഞാൻ പറഞ്ഞു: അല്ലാഹുവിൻെറ റസൂലേ, ഞാൻ പള്ളിയിൽ ചെന്നപ്പോൾ മുസ്‌ലിംകൾ ദുഃഖഭാരത്താൽ കല്ലുകൾ മണ്ണിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ താഴെയിറങ്ങി, അങ്ങ് അവരെ വിവാഹ മോചനം ചെയ്തിട്ടില്ലെന്ന് അവരെ അറിയിക്കട്ടെയോ?
അവിടുന്ന് പറഞ്ഞു: അതെ, താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ..
അങ്ങനെ അവിടുത്തെ തിരുമുഖത്തുനിന്ന് കോപം നീങ്ങുന്നതു വരെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് തൻെറ പല്ലുകൾ കാണിച്ച് ചിരിക്കുന്നതു വരെയും സംസാരിച്ചു കൊണ്ടിരുന്നു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും നല്ല മുൻപല്ലുകളുള്ളവനായിരുന്നു.
അനന്തരം നബി ﷺ താഴെയിറങ്ങി, ഞാനും കൂടെയിറങ്ങി.
ഞാൻ ഇറങ്ങിയത് ഈത്തപ്പനത്തടിയിൽ പിടിച്ചുകൊണ്ടായിരുന്നു. റസൂലുള്ളാ ഇറങ്ങിയത് തൻെറ കൈകൊണ്ട് ഒന്നും പിടിക്കാതെ ഭൂമിയിലൂടെ നടക്കുന്നതു പോലെയായിരുന്നു.
ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, അങ്ങ് 29 ദിവസമല്ലേ ഭാര്യമാരെ വെടിഞ്ഞ് മുറിയിൽ കഴിച്ചുകൂട്ടിയത്?
അവിടുന്ന് പറഞ്ഞു: മാസം 29 ദിവസമായിരിക്കും.
അങ്ങനെ ഞാൻ പള്ളിയുടെ വാതിലിൽ നിന്നുകൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: നബി അവിടുത്തെ പത്നിമാരെ വിവാഹ മോചനം ചെയ്തിട്ടില്ല. അങ്ങനെ ഈ സൂക്തം അവതരിക്കുകയും ചെയ്തു. “സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്കെത്തിയാൽ അതവർ പ്രചരിപ്പിക്കുകയായി. റസൂലിനും അവരിലെ കൈകാര്യ കർത്താക്കൾക്കും അത് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്നും വസ്തുതകൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവർ അതിൻെറ യാഥാർത്ഥ്യം മനസ്സിലാക്കിയെടുക്കുമായിരുന്നു. (നിസാഅ് 83)”
ഞാനായിരുന്നു അക്കാര്യത്തിൻെറ നിജസ്ഥിതി പുറത്തുകൊണ്ടുവന്നത്. അങ്ങനെ അല്ലാഹു آية التخيير (അഹ്സാബ് 28, 29) അവതരിപ്പിക്കുകയും ചെയ്തു. (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
മേൽ സംഭവത്തിൽ സൂചിപ്പിച്ചതു പോലുള്ള വലിയ പ്രശ്നങ്ങൾ കൈകാര്യ കർത്താക്കളിലേക്ക് മടക്കണം. അവരുടെ കൂട്ടത്തിൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിവുള്ളവർ അതിൻെറ യാഥാർത്ഥ്യവും വിധിയും പരിഹാരവും കണ്ടെത്തും. അല്ലാതെ, തന്നിഷ്ടം പിന്തുടരുന്ന അൽപന്മാരും അവിവേകികളുമായ ചെറുപ്പക്കാരോടല്ല അവയെ കുറിച്ച് അന്വേഷിക്കേണ്ടത്.