﴿ وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ﴾ [النساء 86]

നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ ഉത്തമമായതു കൊണ്ട് നിങ്ങളും പ്രത്യഭിവാദ്യം ചെയ്യുക; അല്ലെങ്കില്‍ അതെങ്കിലും മടക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും കണക്ക് നോക്കുന്നവനാകുന്നു. [നിസാഅ് 86]

തഹിയ്യത്തിനാണ് അഭിവാദ്യം എന്ന് മുകളിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. സമൂഹമായി ജീവിക്കുന്ന മനുഷ്യർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അന്യോന്യം അഭിവാദ്യം ചെയ്യുന്നവരാണ്. കണ്ടുമുട്ടുമ്പോഴുള്ള പരസ്പര ബഹുമാനവും സന്തോഷവും അഭ്യുദയകാംക്ഷയുമാണ് അഭിവാദ്യത്തിലൂടെ പ്രകടിപ്പിക്കുന്നത്.

ഏറ്റവും പരിഷ്കൃതരും സംസ്കൃതചിത്തരുമായ ഒരു സമൂഹമെന്ന നിലയിൽ തഹിയ്യത്തിനെ കുറിച്ചുള്ള മുസ്‌ലിംകളുടെ വിഭാവന എങ്ങനെയായിരിക്കണമെന്നും, ഒരു സാമൂഹ്യ മര്യാദ എന്നതിലപ്പുറം മതപരമായ ഒരു കർത്തവ്യമെന്ന നിലയിൽ കൂടി അത് എങ്ങനെ അനുവർത്തിക്കപ്പെടണമെന്നും പ്രമാണങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അവയിലൊന്നാണ് മുകളിലുദ്ധരിച്ച സൂറത്തുന്നിസാഇലെ 86-ാം സൂക്തം. അതിനു വിശദീകരണം നൽകിക്കൊണ്ട് ശൈഖ് സഅ്ദി رَحِمَهُ اللهُ പറയുന്നത് കാണുക:

التحية هي: اللفظ الصادر من أحد المتلاقيين على وجه الإكرام والدعاء، وما يقترن بذلك اللفظ من البشاشة ونحوها. وأعلى أنواع التحية ما ورد به الشرع، من السلام ابتداء وردًّا  [السعدي في تيسير الكريم الرحمن]

പരസ്പരം കണ്ടുമുട്ടുന്ന രണ്ടു പേരിൽ ഒരാൾ ആദരവോടെയും പ്രാർത്ഥനയോടെയും പറയുന്ന വചനവും, ഹർഷം പോലെ അതോടൊപ്പമുണ്ടാകുന്ന വൈകാരികതകളുമാണ് തഹിയ്യത്ത്. ശർഅ് നിർദ്ദേശിച്ചിട്ടുള്ള സലാം പറയലും മടക്കലുമാണ് അഭിവാദ്യങ്ങളുടെ ഇനങ്ങളിൽ ഏറ്റവും ഉന്നതം. [സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്]

തഹിയ്യത്ത് എന്ന അറബി ശബ്ദം ധ്വനിപ്പിക്കുന്ന അടിസ്ഥാന ആശയം ദീർഘായുസ്സ് നേരുക എന്നതാണ്. എന്നാൽ നമസ്കാരത്തിൽ അല്ലാഹുവിന് തഹിയ്യത്ത് പറയുമ്പോൾ അവിടെ അർത്ഥമാക്കുന്നത് രക്ഷ, സമാധാനം, ആധിപത്യം, അനന്തത (السَلَامُ وَالْمُلْكُ وَالْبَقَاءُ) പോലുള്ള എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിന്നാണ് എന്നാണ്.

പരസ്പരം  തഹിയ്യത്ത് കൈമാറാൻ സലാം (سَلَامٌ) എന്ന പദം ഉപയോഗിക്കാനാണ് മുസ്‌ലിംകൾ കൽപിക്കപ്പെട്ടിരിക്കുന്നത്. മുഹമ്മദ് നബി ﷺ ക്ക് മാത്രമല്ല, മുൻഗാമികൾക്കും ഈ പദം തന്നെയാണ് തഹിയ്യത്തിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിരുന്നത്. അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളിലൊന്നാണ് അസ്സലാം (السلام). രക്ഷ, സമാധാനം എന്നെല്ലാമാണ് അതിൻെറ ഭാഷാർത്ഥം. താഴെ കൊടുക്കുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

 عَنْ عَبْدِ اللَّهِ بنِ مسْعُودِ رضيَ اللهُ عَنْهُ قال: كُنَّا نُصَلِّي خَلْفَ النَّبِيِّ ﷺ فَنَقُولُ: السَّلاَمُ عَلَى اللَّهِ، فَقَالَ النَّبِيُّ ﷺ: إِنَّ اللَّهَ هُوَ السَّلاَمُ، وَلَكِنْ قُولُوا: التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. [البخاري في صحيحه]

ഇബ്‌നു മസ്ഊദ് -رَضِيَ اللهُ عَنْهُ- നിവേദനം. അദ്ദേഹം പയുന്നു: ഞങ്ങൾ നബി ﷺ യുടെ പിറകിൽ വെച്ച് നമസ്കരിക്കുമ്പോൾ അല്ലാഹുവിൻെറമേൽ സലാം ഉണ്ടായിരിക്കട്ടെ എന്ന് പറയാറുണ്ടായിരുന്നു.

അപ്പോൾ നബി ﷺ പറഞ്ഞു: «നിശ്ചയമായും അല്ലാഹു, അവൻ തന്നെയാണ് സലാം. അതിനാൽ നിങ്ങൾ ഇപ്രകാരം പറയുക: തഹിയ്യത്തുകളെല്ലാം അല്ലാഹുവിനാകുന്നു; അപ്രകാരം തന്നെ എല്ലാ പ്രാർത്ഥനകളും സദ്‌വചനങ്ങളും..

നബി ﷺ യുടെ മേൽ സലാം ഉണ്ടായിരിക്കട്ടെ; പുറമെ അല്ലാഹുവിൻെറ റഹ്‌മത്തുകളും അവൻെറ ബറകത്തുകളും..

ഞങ്ങളുടെമേൽ സലാം ഉണ്ടായിരിക്കട്ടെ; അതു പോലെ അല്ലാഹുവിൻെറ നല്ലവരായ എല്ലാ അടിയാറുകളുടെ മേലും..

ഞാൻ സാക്ഷ്യം വഹിക്കുന്നു: അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. മുഹമ്മദ് അല്ലാഹുവിൻെറ അടിമയും ദൂതനുമാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. [ബുഖാരി സ്വഹീഹീൽ ഉദ്ധരിച്ചത്]

അങ്ങോട്ട് തഹിയ്യത്ത് പറയാൻ ഇസ്‌ലാം നിർദ്ദേശിച്ചിരിക്കുന്ന വചനം സലാം എന്നുള്ളതാണെങ്കിലും, ശർഅ് വിലക്കാത്ത മറ്റു വചനങ്ങളിൽ ആരെങ്കിലും അഭിവാദ്യം ചെയ്യുന്ന പക്ഷം അത് സ്വീകരിച്ച് പ്രത്യഭിവാദ്യം ചെയ്യണമെന്നതും മേൽ സൂക്തത്തിൻെറ താൽപര്യത്തിൽപെട്ടതാണ്. സഅ്ദി رَحِمَهُ اللهُ പറയുന്നത് കാണുക:

ويدخل في رد التحية كل تحية اعتادها الناس وهي غير محظورة شرعًا، فإنه مأمور بردّها وبأحسن منها [السعدي في تيسير الكريم الرحمن]

ജനങ്ങൾ പതിവാക്കിയ, എന്നാൽ ശർഅ് വിലക്കിയിട്ടില്ലാത്ത അഭിവാദ്യങ്ങളെല്ലാം തിരിച്ചു നൽകേണ്ട തഹിയ്യത്തിൻെറ പരിധിയിൽപെടുന്നു. അതു തന്നെയോ അതിനെക്കാൾ ഉത്തമമായതോ മടക്കാൻ ഒരു മുസ്‌ലിം കൽപിക്കപ്പെട്ടിരിക്കുന്നു. [സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്]

ഇസ്‌ലാം നിർദ്ദേശിക്കുന്ന, സമാനതകളില്ലാത്ത അഭിവാദ്യവചനമാണ് സലാം (السَلَامُ عَلَيْكُمْ).  സലാമിനു താഴെ അടുക്കിവെച്ചിരിക്കുന്ന ആശയങ്ങളുടെ അടരുകൾ വർണ്ണനാതീതമാണ്. പരസ്പരം കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഹർഷാരവങ്ങളും മറ്റു വൈകാരികാനുഭവങ്ങളുമാണ് അതിലൂടെ പ്രാഥമികമായി ആവിഷ്കരിക്കപ്പെടുന്നത്. എന്നാൽ അത് കേവലമായ ഒരു ശബ്ദമോ അർത്ഥശൂന്യമായ ഒരു വചനമോ അല്ല. മറിച്ച്, പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനോടുള്ള അതിവിനീതമായ ഒരു പ്രാർത്ഥനയാണത്. താങ്കളിൽ രക്ഷയും സമാധാനവും വർഷിക്കട്ട എന്ന പ്രാർത്ഥന! ആ പ്രാർത്ഥനക്ക് ഉപയോഗിച്ചിരിക്കുന്നതോ അല്ലാഹുവിൻെറ ഉൽകൃഷ്ടവും മനോഹരവുമായ ഒരു നാമവും – അസ്സലാം! ഹൃദയത്തിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ പകയോ അസംതൃപ്തിയോ കുടികൊള്ളുന്നുണ്ടെങ്കിൽ അതിനെ ഉരുക്കിക്കളയാൻ പര്യാപ്തമായ വചനം. മനസ്സ് അതിനെ ഒരു പ്രാർത്ഥനയായി ഏറ്റെടുക്കുമ്പോൾ നാവ് അതിനെ ഊഷ്മളമായ ഒരഭിവാദ്യമായി പ്രകാശിപ്പിക്കുന്നു. എൻെറയും നിൻെറയും റബ്ബായ അല്ലാഹു നിനക്കുമേൽ രക്ഷയും സമാധാനവും വർഷിക്കട്ടെ എന്ന് മുഖത്തു നോക്കി,  കൈപിടിച്ച് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ അപരൻ ഏതു വിധേനയായിരിക്കും സ്വീകരിക്കുക എന്നു സങ്കൽപിച്ചു നോക്കൂ. കെട്ടുറപ്പുള്ള ഒരു സമൂഹ നിർമ്മിതിക്ക് അത് എത്രത്തോളം സഹായകമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. നബി ﷺ പറയുന്നത് കാണുക:

عن أنس قال: قال النبي ﷺ إن السلام اسم من أسماء الله تعالى، وضعه الله في الأرض، فأفشوا السلام بينكم. [البخاري في الأدب المفرد وحسنه الألباني]

അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: «അസ്സലാം എന്നത് അല്ലാഹുവിൻെറ നാമങ്ങളിൽപെട്ട ഒരു നാമമാണ്. അത് ഭൂലോകത്ത് അല്ലാഹു വിന്യസിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക». [ബുഖാരി അൽഅദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്]

ഭൂലോകത്ത് സമാധാനം വിളയാടണം. അതിനു വേണ്ടി അല്ലാഹു അവൻെറ ഉൽകൃഷ്ട നാമങ്ങളിലൊന്ന് ഇവിടെ വിന്യസിച്ചിരിക്കുന്നു. അതാണ് സലാം. അത് വിശ്വാസികളായ അവൻെറ അടിയാറുകൾ മനുഷ്യർക്കിടയിൽ പരമാവധി വ്യാപിപ്പിക്കണം എന്നതാണ് അല്ലാഹുവിൻെറ താൽപര്യം. രക്ഷയുടെയും സമാധാനത്തിൻെറയും വചനമാണത്. മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസത്തിൻെറയും ബഹുമാനത്തിൻെറയും സ്നേഹത്തിൻെറയും കണ്ണികൾ ഊട്ടിയുറപ്പിക്കുന്ന അഭിവാദ്യവചനം. അല്ലാഹുവിൻെറ നാമമായ അസ്സലാം ആവർത്തിച്ചു കൊണ്ടുള്ള ഈ പ്രാർത്ഥന ഹൃദയങ്ങളിൽ വിശ്വാസം ഉളവാക്കുകയും ഈമാൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ മുന്നിലേ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുകയുള്ളു എന്ന സത്യം കൂടി അതിലേക്ക് നാം കൂട്ടിവായിക്കുക.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ. [مسلم في صحيحه]

അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: «വിശ്വാസികളാകുന്നതു വരെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവില്ല. പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങൾക്ക് വിശ്വാസികളാകാനുമാവില്ല. പരസ്പരം സ്നേഹിക്കുന്നവർ ആയിരിക്കാൻ ഉതകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടയോ? നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക». [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

സലാം പറയുന്നതു സംബന്ധിച്ചുള്ള ചില മര്യാദകൾ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവയെ കുറിച്ച് സാമാന്യമായ ഒരു വിവരണം കൂടി നൽകാം.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: يُسَلِّمُ الرَّاكِبُ عَلَى المَاشِي، وَالمَاشِي عَلَى القَاعِدِ، وَالقَلِيلُ عَلَى الكَثِيرِ. [البخاري في صحيحه]

അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: «വാഹനത്തിലുള്ളവൻ കാൽനടക്കാരനോടും കാൽനടക്കാരൻ ഇരിക്കുന്നവനോടും ചെറുസംഘം വലിയ സംഘത്തോടും സലാം പറയണം». [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

عن جابر قال: يسلم الراكب على الماشي والماشي على القاعد، والماشيان أيهما يبدأ بالسلام فهو أفضل. [البخاري في الأدب المفرد وصححه الألباني موقوفا ومرفوعا]

ജാബിർ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: വാഹനത്തിലുള്ളവൻ കാൽനടക്കാരനോടും കാൽനടക്കാരൻ ഇരിക്കുന്നവനോടും സലാം പറയണം. (പസ്പരം കണ്ടുമുട്ടുന്നത്) കാൽനടക്കാരായ രണ്ടു പേരാണെങ്കിൽ അവരിൽ ആരാണോ സലാം തുടങ്ങുന്നത് അവനാണ് കൂടുതൽ ശ്രേഷ്ഠൻ». [ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്]

പരസ്പരം കണ്ടുമുട്ടുമ്പോൾ ആദ്യം സലാം പറയേണ്ടത് ആരാണ്? മുകളിൽ പറഞ്ഞ രണ്ടു ഹദീസുകളും അക്കാര്യമാണ് വ്യക്തമാക്കുന്നത്. ഇത്തരം മര്യാദകൾ പാലിക്കുന്നതിലൂടെ വൈയക്തികമായ സംഘർഷങ്ങൾ (ego clashes) ഒഴിവാക്കാനും പരസ്പര ധാരണയുടെ കണ്ണികൾ ഊട്ടിയുറപ്പിക്കാനും കഴിയുന്നു.

عن أبي هريرة، أن رجلا مر على رسول الله ﷺ وهو في مجلس فقال: السلام عليكم، فقال: عشر حسنات، فمر رجل آخر فقال: السلام عليكم ورحمة الله، فقال: عشرون حسنة، فمر رجل آخر  فقال: السلام عليكم ورحمة الله وبركاته، فقال: ثلاثون حسنة، فقام رجل من المجلس ولم يسلم، فقال رسول الله ﷺ: ما أوشك ما نسي صاحبكم! إذا جاء أحدكم المجلس فليسلم، فإن بدا له أن يجلس فليجلس، وإذا قام فليسلم، ما الأولى بأحق من الآخرة. [البخاري في الأدب المفرد وصححه الألباني]

അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ ഒരു സദസ്സിലിരിക്കെ തൻെറ അരികിലൂടെ ഒരാൾ നടന്നു പോവുകയും അസ്സലാമു അലൈകും എന്ന് പറയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: «പത്തു നന്മകൾ!» (എഴുതപ്പെട്ടു). പിന്നീട് മറ്റൊരാൾ നടന്നു പോവുകയും അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹ് എന്ന് പറയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: «ഇരുപത് നന്മകൾ!!» അനന്തരം മറ്റൊരാൾ നടന്നു പോവുകയും അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹി വ ബറകാതുഹൂ എന്നു പറയുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: «മുപ്പത് നന്മകൾ!!!» ശേഷം ഒരാൾ സലാം പറയാതെ സദസ്സിൽനിന്ന് എഴുന്നേറ്റു പോയി. അപ്പോൾ നബി ﷺ പറഞ്ഞു: «എത്ര പെട്ടന്നാണ് നിങ്ങളുടെ കൂട്ടുകാരൻ കാര്യങ്ങൾ മറന്നു പോയത്! നിങ്ങളിലൊരാൾ സദസ്സിലേക്ക് കേറിവന്നാൽ അവൻ സലാം പറയട്ടെ. ഇരിക്കണമെന്ന് തോന്നിയാൽ അവൻ അവിടെ ഇരിക്കട്ടെ. അനന്തരം അവൻ എഴുന്നേറ്റു പോവുകയാണെങ്കിൽ അപ്പോഴും സലാം പറയട്ടെ. ആദ്യത്തേത് അവസാനത്തേതിനെക്കാൾ കൂടുതൽ തരപ്പെട്ടതല്ല». [ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്]

മേൽ ഹദീസ് നൽകുന്ന പാഠങ്ങൾ ഇവയാണ്: സലാം പറയുമ്പോൾ സലാമിനു പുറമെ (السلام عليكم) മറ്റു ചില പദങ്ങളും ഉപയോഗിക്കാം. അത്തരം സദ്‌വചനങ്ങൾ അധികരിപ്പിച്ച് അഭിവാദ്യവും പ്രാർത്ഥനയും അർത്ഥപൂർണ്ണമാക്കുന്നത് കൂടുതൽ പുണ്യകരമാണ്. പിരിഞ്ഞു പോകുമ്പോഴും സലാം പറയണം. അത് കണ്ടുമുട്ടുമ്പോൾ പറയുന്ന സലാമിനെക്കാൾ ഒട്ടും അപ്രധാനമല്ല.

പള്ളിയിൽ പ്രവേശിക്കുമ്പോൾ പലതരം ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ആളുകളോട് മൊത്തത്തിൽ സലാം പറയുക എന്ന രീതി സ്ഥിരപ്പെട്ട നബിവചനങ്ങളിലോ ക്രോഡീകരിക്കപ്പെട്ട നബിചരിതങ്ങളിലോ കാണാൻ കഴിയുന്നില്ല. പള്ളിയിൽ പ്രവേശിക്കുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത് രണ്ടു റക്അത്ത് തഹിയ്യത് നമസ്കരിക്കുകയാണ്. ശേഷം ഏതെങ്കിലും സദസ്സുകളിലേക്ക് കടന്നു ചെല്ലുകയോ ആരെയെങ്കിലും അഭിമുഖീകരിക്കുകയോ ചെയ്യുകയാണെങ്കിൽ അവരോട് സലാം പറയുകയുമാണ് വേണ്ടത്. ഇതാണ് നബി ﷺ യുടെയും സലഫുകളുടെയും രീതി. അല്ലാതെ മറ്റു ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ആളുകളെ അതിൽനിന്നു ശ്രദ്ധതിരിച്ചു കളയുന്നത് ശരിയായ നടപടിയല്ല. അതിനു സലഫുകളുടെ മാതൃകയുമില്ല. താഴെ കൊടുത്ത ഹദീസ് കൂടി കാണുക:

عن المقداد بن الأسود قال: كان النبيﷺ يجيْ من الليل فيسلم تسليما لا يوقظ نائما ويسمع اليقظان. [البخاري في الأدب المفرد وصححه الألباني]

മിഖ്‌ദാദ് ബിൻ അൽ അസ്‌വദ് رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ചിലപ്പോൾ രാത്രിയിൽ കേറിവരാറുണ്ടായിരുന്നു. അപ്പോൾ ഉറങ്ങുന്നവനെ ഉണർത്താതെ, ഉണർന്നിരിക്കുന്നവനെ കേൾപ്പിക്കുന്ന വിധത്തിലായിരുന്നു സലാം ചൊല്ലിയിരുന്നത്. [ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്]

ശ്രദ്ധിക്കുക! ഉറങ്ങുന്നവർ ഉണരാനിടവരാതെ, ഉണർന്നിരിക്കുന്നവർ കേൾക്കത്തക്ക വിധത്തിൽ, പതിഞ്ഞ സ്വരത്തിലാണ് അവിടുന്ന് രാത്രിയിൽ കേറിവരുമ്പോൾ സലാം ചൊല്ലിയിരുന്നത്. അപ്പോൾ പള്ളിയിൽ നമസ്കാരത്തിലോ മറ്റു ആരാധനകളിലോ മുഴുകിയിരിക്കുന്നവരെ അതിൽനിന്ന് ശ്രദ്ധ തിരിക്കുന്ന വിധത്തിൽ സലാം പറയുന്നത് ഒട്ടും കരണീയമല്ലെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജൂതന്മാർ അഭിവാദ്യം ചെയ്തിരുന്ന രീതി സദ്‌വചനങ്ങളൊന്നും ഉരിയാടാതെ, വെറുതെ കൈവീശിക്കാണിക്കുക എന്നതായിരുന്നു. മതപരവും സാംസ്കാരികവുമായ ഇത്തരം വിഷയങ്ങളിൽ അവരുമായി താദാത്മ്യം പുലർത്താതിരിക്കുക എന്നത് ഇസ്‌ലാമിൻെറ താൽപര്യമാണ്. എന്നാൽ സലാം പറഞ്ഞു കൊണ്ട് കൈവീശിക്കാണിക്കുക എന്നത് അവരുടേതിൽനിന്ന് വ്യത്യസ്തമാണ്. ആയതിനാൽ അതിനു തെറ്റു പറയപ്പെട്ടിട്ടില്ല. താഴെ കൊടുക്കുന്ന ഹദീസ് ശ്രദ്ധിക്കുക:

وقالت أسماء: ألوى النبي ﷺ بيده إلى النساء بالسلام [البخاري في الأدب المفرد وصححه الألباني]

അസ്‌മാഅ് رَضِيَ اللهُ عَنْهَا നിവേദനം. അവർ പറയുന്നു: നബി ﷺ സ്ത്രീകളുടെ നേരെ സലാം പറഞ്ഞുകൊണ്ട് കൈവീശിക്കാണിച്ചു. [ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്]

പാർട്ടിയടിസ്ഥാനത്തിലോ ഗ്രൂപ്പ് നോക്കിയോ അഭിവാദ്യമർപ്പിക്കുകയും സലാം പറയുകയും ചെയ്യുന്ന രീതി ഇന്ന് സാർവ്വത്രികമാണ്. മനഷ്യർ എത്തി നിൽക്കുന്ന ധർമ്മച്യുതിയുടെ ആഴമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. എല്ലാ വിധ സങ്കുചിതത്വങ്ങളും ഭേദിച്ച് മനസ്സിൻെറ വിശാല വിഹായുസ്സിലേക്ക് കടന്നു ചെല്ലാനുള്ള മന്ത്രമാണ് സലാം. അതിനെപ്പോലും ഇവ്വിധം സങ്കുചിതവൽക്കരിക്കുന്നത് എന്തു മാത്രം സങ്കടകരമല്ല! നബി ﷺ പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ ﷺ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ. [البخاري في صحيحه]

അബ്ദുല്ലാഹ് ബിൻ അംറ് -رَضِيَ اللهُ عَنْهُمَا- നിവേദനം. അദ്ദേഹം പറയുന്നു: ഒരാൾ നബി ﷺ യോട് ചോദിച്ചു: ഇസ്‌ലാമിക അനുഷ്ഠാനങ്ങളിൽ ഏറ്റവും ഗുണകരമായ കാര്യമേതാണ്? അവിടുന്ന് പറഞ്ഞു: നീ അഗതികൾക്ക് ഭക്ഷണം നൽകലും അറിയുന്നവർക്കും അറിയാവത്തവർക്കും സലാം പറയലുമാണ്. [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

പാർട്ടി നോക്കാതെ, ഗ്രൂപ് നോക്കാതെ, സകലമാന സങ്കുചിതത്വങ്ങളും മറികടന്ന് മനസ്സു തുറന്നു പറയട്ടെ: സലാം.. അല്ലാഹു ഭൂലോകത്ത് വിന്യസിച്ച അവൻെറ ഉൽകൃഷ്ടമായ നാമം. അത് ഉരുവിടുക. സഹജീവികൾക്ക് രക്ഷയും സമാധാനവും നേരുക. അടഞ്ഞ മനസ്സുകൾ തുറക്കട്ടെ. എങ്ങും സലാം വഴിഞ്ഞൊഴുകട്ടെ. നബി ﷺ പറയുന്നത് കാണൂ:

عن أبي هريرة عن النبي ﷺ قال: أعجز الناس من عجز عن الدعاء، وأبخل الناس من بخل بالسلام. [عبد الغني المقدسي في كتاب الدعاء وأورده الألباني في الصحيحة]

അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: പ്രാർത്ഥിക്കാൻ കഴിയാത്തവനാണ് ജനങ്ങളിൽ ഏറ്റവും ദുർബ്ബലൻ. സലാം പറയാതെ പിശുക്ക് കാണിക്കുന്നവനാണ് ജനങ്ങളിൽ ഏറ്റവും വലിയ ലുബ്ധൻ. [അബ്ദുൽ ഗനി അൽ മഖ്‌ദസി കിതാബുദ്ദുആയിൽ ഉദ്ധരിച്ചത്]

പുതിയവ