﴿ وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّهِ وَهُوَ شَدِيدُ الْمِحَالِ ﴾ [الرعد ١٣]
[റഅ്ദ് എന്ന മലക്ക് അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവനെ വാഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്; അവനെ കുറിച്ചുള്ള ഭയപ്പാടിനാൽ മറ്റു മലക്കുകളും. അവനാണ് ഇടിവാളുകള്‍ അയക്കുന്നത്. അങ്ങനെ അത് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊള്ളുന്നു. അവരാണെങ്കിലോ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുകയുമാണ്. അതിഭയങ്കരമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍.] (റഅ്ദ് 13)
കാറ്റുമൂലം മേഘങ്ങൾ തമ്മിൽ സന്ധിക്കുമ്പോൾ അതിൽനിന്നുണ്ടാകുന്ന ഒരു തരം വൈദ്യുത പ്രവാഹം നിമിത്തം മിന്നൽ പ്രകാശവും, ഇടിനാദവും ഉണ്ടായിത്തീരുന്നുവെന്നു പറയപ്പെടുന്നു. രണ്ടും ഒരേ സമയത്ത് ഉണ്ടാകുന്നുവെങ്കിലും പ്രകാശത്തിന്റെ സഞ്ചാരം വേഗത്തിലും, ശബ്ദത്തിന്റെ സഞ്ചാരം അതിനെ അപേക്ഷിച്ചു സാവാധാനത്തിലുമാക കൊണ്ടും ആദ്യം നമുക്ക് അനുഭവപ്പെടുന്നതു മിന്നലായിരിക്കും. അതുകൊണ്ടായിരിക്കാം ആദ്യം അല്ലാഹു മിന്നലിനെ കുറിച്ച് പ്രസ്താവിച്ചത്… എന്നാൽ, ഒരു ശബ്ദം മാത്രമാകുന്ന ഇടി അല്ലാഹുവിനെ സ്തുതിക്കുകയും അവനു തസ്ബീഹ് നടത്തുകയും ചെയ്യുന്നുവന്നു പറഞ്ഞതിന്റെ വിവക്ഷ എന്തായിരിക്കും?… അതുകൊണ്ടു ഇടിയുടെ സ്തുതി കീർത്തനങ്ങളെ കൊണ്ടുള്ള സാക്ഷാൽ വിവക്ഷ എന്താണെന്നു നമുക്ക് ഗ്രഹിക്കുവാൻ കവിയാത്തതാണെന്നും, അതിനോട് യോജിക്കുന്ന ഒരർത്ഥത്തിലുള്ള സ്തുതിയും, കീർത്തനവുമായിരിക്കും അതെന്നും വെച്ച് സമാധാനിക്കുവാനേ നിവൃത്തിയുള്ളു. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1588)
ഇടിയും, ഇടിവാളും കേള്‍ക്കുമ്പോള്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇബ്‌നു ഉമര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു: ‘അല്ലാഹുവേ, നിന്റെ കോപംകൊണ്ടു ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷ കൊണ്ടു ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനുമുമ്പു നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ!’ (അ; തി; ന മുതലായവരും, ബുഖാരീ – കിതാബുല്‍ അദബിലും) (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1589)
ഭൗതികശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ പലതും ഖുർആനിക യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുന്നവയല്ല. ഇക്കാര്യം ഒന്നിലധികം തവണ വിശദീകരിച്ചിട്ടുള്ളതാണ്. അതു പോലെ, ശാസ്ത്രം ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാനിക്കുക എന്നത് സലഫുകളുടെ രീതിക്ക് വിരുദ്ധവുമാണ്. ആയതിനാൽ മുകളിൽ കൊടുത്തതു പോലുള്ള വിശദീകരണങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിൽനിന്ന് ഒഴിവാക്കേണ്ടതായിരുന്നു. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ശാസ്ത്രം ഇസ്‌ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം കൂടി വായിക്കുക.
കൂടാതെ, മേൽ സൂക്തത്തിൽ പറഞ്ഞ الرَعْدٌ ഒരു മലക്കിന്റെ പേരാണ്, ഇടിനാദമല്ല. വിശുദ്ധ ഖുർആൻ വിവരണത്തിൽ മാത്രമല്ല, മലയാളത്തിലുള്ള ഖുർആൻ പരിഭാഷകളിലെല്ലാം ഇടിനാദം എന്നു തന്നെയാണ് അതിനു പരിഭാഷ നൽകിയിരിക്കുന്നത്. അത് തെറ്റാണ്. ഇതു സംബന്ധിച്ചു നബി ﷺ പറയുന്നതായി സ്വഹീഹായ രിവായത്തുകളിൽ വന്നത് ഇപ്രകാരമാണ്:
الرعد ملك من الملائكة موكل بالسحاب، (بيديه أو في يده مخراق من نار يزجر به السحاب) والصوت الذي يسمع منه زجره السحاب إذا زجره حتى ينتهي إلى حيث أمره. [الألباني في الصحيحة]
[മലക്കുകളിൽനിന്ന് കാർമുകിലുകളുടെ കാര്യം ഏൽപിക്കപ്പെട്ട ഒരു മലക്കാണ് റഅ്ദ്. (അദ്ദേഹത്തിന്റെ ഇരുകൈകളിൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരു കൈയിൽ അഗ്നികൊണ്ടുള്ള ഒരു ഉറുമിയുണ്ട്. അതുപയോഗിച്ചാണ് അദ്ദേഹം കാർമേഘങ്ങളെ തെളിച്ചു കൊണ്ടുപോകുന്നത്. അതിനിന്ന് കേൾക്കുന്ന ശബ്ദം, കാർമേഘങ്ങൾ അവയോട് കൽപിച്ച സ്ഥാനത്ത് എത്തുന്നതു വരെ അദ്ദേഹം അവയെ തെളിക്കുന്ന അട്ടഹാസമാണ്. ] (അൽബാനി സ്വഹീഹയിൽ രേഖപ്പെടുത്തിയത്)
ഇടിവെട്ടുമ്പോൾ നടത്താനുള്ള പ്രാർത്ഥനയായി വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്തിരിക്കുന്നത് ربنا لا تقتلنا بغضببك ولا تهلكنا بعذابك وعافنا قبل ذلك – (അല്ലാഹുവേ, നിന്റെ കോപത്താൽ ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷ കൊണ്ടു ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനുമുമ്പു നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ) എന്നതാണ്. ഈ ദുആ സ്ഥിരപ്പെട്ടതല്ല. അത് ഉൾക്കൊള്ളുന്ന ഉദ്ധരണികൾ ദുർബ്ബലമാണ്. ഇക്കാര്യം ഇമാം അൽബാനി -رَحِمَهُ اللهُ- മേൽ തന്റെ سِلْسِلَةُ الْأَحَادِيثِ الضَعِيفَةِ ഹദീസ് നമ്പർ 1042 ൽ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ ഇടിനാദം കേൾക്കുമ്പോൾ പറയേണ്ടതു സംബന്ധിച്ചുള്ള രിവായത്ത് താഴെ കൊടുക്കാം:
عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ، أَنَّهُ كَانَ إِذَا سَمِعَ الرَّعْدَ تَرَكَ الْحَدِيثَ، وَقَالَ: سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ. وَالْمَلَائِكَةُ مِنْ خِيفَتِهِ، ثُمَّ يَقُولُ: إِنَّ هَذَا لَوَعِيدٌ شَدِيدٌ لِأَهْلِ الْأَرْضِ. [البخاري في الأدب المفرد وصححه الألباني]
അബ്ദുല്ലാ ബിൻ സുബൈർ -رَضِيَ اللهُ عَنْهُ- നിവേദനം. അദ്ദേഹം ഇടിവെട്ടുന്നതു കേട്ടാൽ സംസാരം നിർത്തി ഇപ്രാകരം പറയുമായിരുന്നു: “റഅ്ദ് എന്ന മലക്ക് യാതൊരുവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് വാഴ്‌ത്തിക്കൊണ്ടിരിക്കുന്നുവോ, അതേ പോലെ അവനെ കുറിച്ചുള്ള ഭയപ്പാടിനാൽ മറ്റു മലക്കുകളും ചെയ്യുന്നുവോ, അവനെ ഞാൻ തസ്ബീഹ് ചെയ്യുന്നു.” എന്നിട്ട് പറയും: നിശ്ചയമായും ഇത് ഭൂലോകവാസികൾക്കുള്ള ശക്തമായ താക്കീതു തന്നെയാണ്! (ബുഖാരി അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്)
ആധുനിക മനുഷ്യന്റെ ചിന്താരീതികൾ കാണുമ്പോൾ സങ്കടം തോന്നുകയാണ്. അവർക്ക് ഏറ്റവും വലുത് ശാസ്ത്രമാണ്. എന്നാൽ വലിയ വായയിൽ പറയുന്ന ഈ ശാസ്ത്രബോധം മനുഷ്യരാശിക്ക് സമ്മാനിക്കുന്നത് വിശ്വാസരാഹിത്യമല്ലാതെ മറ്റെന്താണ്? അല്ലാഹുവിന്റെ ഏതെല്ലാം ദൃഷ്ടാന്തങ്ങൾ കണ്ടാലും അതെല്ലാം അവർക്ക് പ്രകൃതി പ്രതിഭാസങ്ങളാണ്. അവക്കെല്ലാം ശാസ്ത്രത്തിനു വിശദീകരണങ്ങളുമുണ്ട്. ഇന്ന് യാതൊരു കുറിമാനവും മനുഷ്യ മനസ്സിനെ സ്പർശിക്കുന്നില്ല. അവയിൽനിന്ന് അവൻ ഒരു പാഠവും പഠിക്കുന്നില്ല. അവൻ വീണ്ടും വീണ്ടും ചോദിക്കുകയാണ്: എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്… അല്ല, അവയൊന്നും അല്ലാഹു വെറുതെ ഇറക്കുന്നതല്ല. ദൃഷ്ടാന്തങ്ങൾ അവൻ അയക്കുന്നത് മനുഷ്യരെ ഉർത്താനാണ്, അവരിൽ ഭയപ്പാട് ജനിപ്പിക്കാനാണ്. وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا – الإسراء: 59