﴿ اللهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمَّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ ﴾ [الرعد: ٢]

[നിങ്ങൾക്ക് കാണാവുന്ന തൂണുകളില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിയവൻ അല്ലാഹുവാണ്. എന്നിട്ട് അവൻ അർശിനു മീതെ ഇസ്‌തിവാഅ് ചെയ്യുകയും സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തുകയും ചെയ്തു. എല്ലാം ഒരു നിശ്ചിത അവധി വരെ ചലിച്ചുകൊണ്ടിരിക്കുകയാണ്. അവൻ കാര്യം നിയന്ത്രിക്കുന്നു, അവൻ ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നു. നിങ്ങളുടെ റബ്ബുമായി കണ്ടുമുട്ടേണ്ടിവരും എന്ന് നിങ്ങള്‍ക്ക് ദൃഢബോധ്യം ഉണ്ടായിരിക്കുന്നതിനു വേണ്ടിയാണത്. ] (റഅ്ദ് 2)


ശാസ്ത്രത്തിൻെറ ഭാഷയില്‍ അതിനു ആകര്‍ഷണശക്തി എന്നു പറയപ്പെടുന്നുവെങ്കിലും ആകര്‍ഷണശക്തിയുടെ യാഥാര്‍ത്ഥ്യമെന്തെന്നോ, അതെവിടെനിന്നു വന്നുവെന്നോ പറയുവാന്‍ ശാസ്ത്രത്തിനു കഴിവില്ല. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1580)


മുകളിൽ കൊടുത്തത് പ്രത്യക്ഷത്തിൽ നിർദോഷകരമായ ഒരു പ്രസ്താവനയായി തോന്നാം. പക്ഷെ, അത് വലിയ പ്രമാദങ്ങളിലേക്കാണ് വായനക്കാരെ വലിച്ചിഴക്കുക. കാരണം, ശാസ്ത്രത്തിൻെറ കണ്ടെത്തലുകൾ ആപേക്ഷികവും സമയബന്ധിതവുമാണ്. മനുഷ്യനു ലഭ്യമായ പരിമിത വിഭവങ്ങളും കഴിവുകളും വെച്ച് ഭൗതിക വസ്തുക്കളിൽ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തലുകളാണ് ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. അനുസ്യൂതം തെറ്റിയും തിരുത്തിയും മുന്നേറാനുള്ള വേദിയാണ് ശാസ്ത്രം. എന്നാൽ ഖുർആനിൽ പറയുന്ന കാര്യങ്ങൾ ആത്യന്തിക യാഥാർത്ഥ്യങ്ങളാണ്. അവ കാലാതിവർത്തിയായ നിലകൊള്ളുന്ന പരമസത്യങ്ങളാണ്. അതിൽ ഒരു നിലയിലും തെറ്റുകൾ സംഭവിക്കുന്ന പ്രശ്നമില്ല. ഖുർആനിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

﴿ لَا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ  تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ﴾ [فصلت: ٤٢]

[മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം കടന്നുകൂടുകയില്ല. പൂർണ്ണമായ അറിവും അധികാരവുമുള്ള സ്തുത്യര്‍ഹനായ അല്ലാഹുവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.] (ഫുസ്സിലത് 42)

വസ്തുത ഇങ്ങനെയായിരിക്കെ, ഇസ്‌ലാമിൻെറ ആത്യന്തിക യാഥാർത്ഥ്യങ്ങളെ ശാസ്ത്രത്തിൻെറ വ്യാവഹാരിക ചട്ടക്കൂടിനകത്ത് ഒതുക്കിവെച്ച് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് വങ്കത്തമാണ്. കൂടാതെ, സലഫുകളുടെ രീതിയനുസരിച്ച് ശാസ്ത്രം ഖുർആൻ വ്യാഖ്യാനിക്കാനുള്ള സ്രോതസ്സോ സങ്കേതമോ അല്ല താനും. ആയതിനാൽ വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ പരാമർശം അനുചിതമായിപ്പോയി എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ശാസ്ത്രം ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം വായിക്കുക.