﴿ أَوَلَمْ يَرَوْا أَنَّا نَأْتِي الْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَاللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ ۚ وَهُوَ سَرِيعُ الْحِسَابِ ﴾ [الرعد: ٤١]
[നാം ഭൂമിയെ സമീപിച്ച് നാനാവശങ്ങളിനിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് അവർ കണ്ടില്ലേ? അല്ലാഹു വിധിക്കുന്നു. അവൻെറ വിധി ഭേദഗതി ചെയ്യാന്‍ ആരുമില്ല. അവന്‍ അതിവേഗം കണക്ക് നോക്കുന്നവനത്രെ.] (റഅ്ദ് 41)
അറേബ്യാ മുഴുവനും ശിര്‍ക്കിൻൻെറ വാഴ്ച്ചയിലായിരുന്നുവല്ലോ. മുസ്‌ലിംകള്‍ വര്‍ദ്ധിച്ചും ഇസ്‌ലാമിനു പ്രചാരം സിദ്ധിച്ചും കൊണ്ടിരിക്കുന്നതും, അങ്ങിനെ ഓരോ രാജ്യങ്ങളിലായി ക്രമേണ ഇസ്‌ലാമിനു അധീനമായിത്തീരുന്നതും അവര്‍ക്കു കാണാവുന്നതാണ്. ഇങ്ങിനെ തങ്ങളുടെ നാടു ചുരുങ്ങിച്ചുരുങ്ങി തങ്ങള്‍ക്കു ഭൂമിയില്‍ സ്ഥലമില്ലാതായിത്തീരുകയും, ഒടുക്കം അവിടെ നിന്നു അവര്‍ തുടച്ചുനീക്കപ്പെടുകയും ചെയ്യുമെന്നു അവര്‍ക്കു മനസ്സിലാക്കിക്കൂടേ? (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1609)
മേൽ സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയ വിശദീകരണം ഇസ്‌ലാമിൻെറ പ്രബോധനവും വ്യാപനവുമായി ബന്ധപ്പെട്ടതാണ്. അത് സലഫുകളുടെ വ്യാഖ്യാനം തന്നെ. എന്നാൽ അതിനു പുറമെ പ്രസക്തമായ മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്.
ഭൂപ്രദേശങ്ങൾ ജീവിക്കുന്നത് അവിടെയുള്ള ജീവജാലങ്ങളിലൂടെയാണ്. മനുഷ്യ ജനുസ്സിൻെറ സാന്നിധ്യമാണ് ജന്തുജാതികളെ മൂല്യവത്താക്കുന്നത്. പദാർത്ഥവൽക്കരിക്കപ്പെട്ട ജീവിതമല്ല മനുഷ്യനെ മനുഷ്യനാക്കിത്തീർക്കുന്നത്. മറിച്ച്, ആത്മീയതയാണ് അവനെ മാനവീകരിച്ച് അനശ്വരനാക്കുന്നത്. അതിനുള്ള ജീവാമൃതമാണ് അറിവ്. ഭൂപ്രദേശങ്ങളെ നാനാഭാഗങ്ങളിൽനിന്നും ചുരുക്കിക്കളയുക എന്നതിൻെറ വിവക്ഷ അറിവിൻെറ തിരോധാനമാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഏതാനും രേഖകൾ ചുവടെ കൊടുക്കാം:
നാനാവശങ്ങളിൽനിന്ന് ഭൂമിയെ ചുരുക്കിക്കളയുക എന്നതിൻെറ വിവക്ഷയായി ഇബ്‌നു അബ്ബാസ് -رضي الله عنهما- പറയുന്നത് ഇപ്രകാരമാണ്:
عن ابن عباس قال: ذهابُ علمائها وفقهائِها وخيار أهلِها. [جامع البيان للطبري]
[അത് അവിടെയുള്ള ഉലമാക്കളുടെയും ഫുഖഹാക്കളുടെയും ശ്രേഷ്ടരായ നിവാസികളുടെയും തിരോധാനമാണ്. ] (ഇബ്‌നു ജരീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)
മുജാഹിദ് ബിൻ ജബ്ർ -رَحِمَهُ اللهُ- പറയുന്നു:
عن مجاهد قال: موتُ العلماء. [جامع البيان للطبري]
[പണ്ഡിതന്മാരുടെ വിയോഗമാണ് അത്. ] (ഇബ്‌നു ജരീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)
ഇമാം അത്വാഅ് അടക്കമുള്ള ഒരുസംഘം പണ്ഡിതന്മാർ ഈ വചനത്തെ വിവരിച്ചത് കാണുക:
وَقَالَ عَطَاءٌ وَجَمَاعَةٌ: نُقْصَانُهَا مَوْتُ الْعُلَمَاءِ، وَذَهَابُ الْفُقَهَاءِ. [البغوي في تفسيره معالم التنزيل]
[‘ഭൂമി ചുരുങ്ങുക’ എന്നത് അതിലെ പണ്ഡിതന്മാരുടെ വിയോഗവും ഫുഖഹാക്കളുടെ വേർപാടുമാണ്. ] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
ഭൂമിയെ അൽപാൽപമായി അല്ലാഹു ചുരുക്കിക്കളയുന്നത് അവിടെയുള്ള പണ്ഡിതന്മാരെ പിടിച്ചു കൊണ്ടാണ്. ഒരു ഭൂപ്രദേശത്ത് അറിവും അറിവിൻെറ കേന്ദ്രങ്ങളും അറിവിൻെറ അവകാശികളുമില്ലെങ്കിൽ പിന്നെ ആ മണ്ണിനെന്തു മൂല്യമാണുള്ളത്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ الْعِبَادِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُؤَسَاءَ جُهَّالًا فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا. [البغوي في تفسيره]
[അംറ് ഇബ്‌നുൽ ആസ്വ് رَضِيَ اللهُ عَنْهُ- നിവേദനം: അല്ലാഹുവിൻെറ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: നിശ്ചയമായും അല്ലാഹു അറിവ് പിടികൂടുക അടിയന്മാരിൽ നിന്ന് ഒറ്റയടിക്ക് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരെ അവൻെറയടുക്കലേക്ക് എടുത്തുകൊണ്ടാണ് അറിവിനെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാതാകുമ്പോൾ ജനങ്ങൾ നേതാക്കന്മാരായി സ്വാകരിക്കുക വിവരംകെട്ടവരെയായിരിക്കും. പിന്നെ എല്ലാം ചോദിക്കുക അവരോടാണ്. അറിവില്ലാതെ അവർ മതവിധി നൽകുകയും ചെയ്യും. അങ്ങനെ അവർ സ്വയം പിഴക്കുന്നു. മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു. ] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
പണ്ഡിതന്മാരുടെ വിയോഗം നികത്താനാകാത്ത ഒരു വിടവാണ്. കാലങ്ങൾ കൊണ്ട് പരിഹരിക്കപ്പെടുമെന്ന് പോലും പ്രതീക്ഷിക്കാനാവാത്ത നഷ്ടമാണ്.
وَقَالَ الْحَسَنُ: قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ: مَوْتُ الْعَالِمِ ثُلْمَةٌ فِي الْإِسْلَامِ لَا يَسُدُّهَا شَيْءٌ مَا اخْتَلَفَ اللَّيْلُ وَالنَّهَارُ . [البغوي في تفسيره]
[ഹസനുൽ ബസ്വ്‌രി -رَحِمَهُ اللهُ- അബ്ദുല്ല ഇബ്‌നു മസ്ഊദ് -رَضِيَ اللهُ عَنْهُ- പറഞ്ഞതായി നിവേദനം ചെയ്യുന്നു: പണ്ഡിതൻെറ മരണം ഇസ്’ലാമിനേൽക്കുന്ന വിള്ളലാണ്, രാപ്പകലുകൾ എത്ര കടന്നുപോയാലും അത് നികത്താൻ ഒന്നിനുമാവില്ല. ] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
അറിവ് തിരോഭവിക്കുന്നതിന് മുമ്പ് നാം അത് ആർജ്ജിക്കുക തന്ന വേണം. പോയിക്കഴിഞ്ഞാൽ തിരിച്ചു കിട്ടാത്ത ധനമാണ് അറിവ്.
قَالَ ابْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ. [البغوي في تفسيره]
[ഇബ്‌നു മസ്ഊദ് -رَضِيَ اللهُ عَنْهُ- പറയുന്നു: നിങ്ങൾ അറിവ് പിടിച്ചെടുക്കപ്പെടുന്നതിനു മുമ്പ് അത് നേടുവീൻ. അതിൻെറ അവകാശികളുടെ വിയോഗത്തിലൂടെയാണ് അത് പിടിച്ചെടുക്കപ്പെടുക.] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
അറിവിൻെറ നഷ്ടം അപരിഹാര്യമാണ്, ഒരിക്കലും വീണ്ടെടുക്കാനാവാത്തതാണ്.
قَالَ عَلِيَّ رَضِيَ اللَّهُ عَنْهُ: إِنَّمَا مَثَلُ الْفُقَهَاءِ كَمَثَلِ الْأَكُفِّ إِذَا قُطِعَتْ كَفٌّ لَمْ تَعُدْ.[البغوي في تفسيره]
[അലി -رَضِيَ اللهُ عَنْهُ- പറയുന്നു: പണ്ഡിതന്മാർക്കുള്ള ഉപമ, അവർ കൈപ്പത്തികൾ പോലെയാണ്. ഒരു കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ടാൽ വീണ്ടും അത് വളർന്നുവരുന്ന പ്രശ്നമില്ല. ] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
പണ്ഡിതന്മാർക്ക് അനന്തരാവകാശികൾ വേണം. അവരുടെ പക്കലുള്ള അറിവ് മരിച്ചു പോകുന്നതിനു മുമ്പ് അനന്തരമെടുക്കപ്പെടണം. അത് നന്മയുയെ ലക്ഷണമാണ്. മറിച്ച്, ഏറ്റെടുക്കാൻ പിൻമുറയിൽ ആളുകളില്ലാതെ പണ്ഡിതന്മാർ മരിച്ചു പോയാൽ അത് സമുദായത്തിൻെറ നാശവുമാണ്.
وَقَالَ سُلَيْمَانُ: لَا يَزَالُ النَّاسُ بِخَيْرٍ مَا بَقِيَ الْأَوَّلُ حَتَّى يَتَعَلَّمَ الْآخِرُ، فَإِذَا هَلَكَ الْأَوَّلُ قَبْلَ أَنْ يَتَعَلَّمَ الْآخِرُ هَلَكَ النَّاسُ. [البغوي في تفسيره]
[സുലൈമാൻ -رَحِمَهُ اللهُ- പറയുന്നു: മുതിർന്നവർ അവശേഷിക്കുകയും ഇളമുറക്കാർ അവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നിടത്തോളം ജനങ്ങൾ നല്ല അവസ്ഥയിലായിരിക്കും. ഇളമുറക്കാർ അവരുടെയടുക്കൽ നിന്ന് അറിവ് നേടും മുമ്പേ മുതിർന്നവർ മരണമടഞ്ഞാൽ ജനങ്ങൾ നശിച്ചതുതന്നെ. ] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
അറിവാണ് ആത്മാക്കളെ ജീവിപ്പിക്കുന്നത്. അറിവില്ലാത്ത സമൂഹം മൃതാവസ്ഥയിലാണ് കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നത്. അറിവാണ് ആത്മാക്കൾക്ക് അതിജീവനം സാധിപ്പിച്ചു കൊടുക്കുന്നത്. അറിവുള്ളവർ മരിച്ചു തീരുന്നത് നാശത്തിൻെറ ലക്ഷണമാണ്.
قِيلَ لِسَعِيدِ بْنِ جُبَيْرٍ: مَا عَلَامَةُ هَلَاكِ النَّاسِ؟ قَالَ: هَلَاكُ عُلَمَائِهِمْ. [البغوي في تفسيره]
[സഈദ് ബിൻ ജുബൈർ -رَحِمَهُ اللهُ- യോട് ഒരാൾ ചോദിച്ചു: ജനങ്ങളുടെ നാശത്തിൻെറ അടയാളമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിലെ പണ്ഡിതന്മാരുടെ വിയോഗം തന്നെ.] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)