﴿ لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ ﴾ [التوبة ١٠٨]

[നീ ഒരിക്കലും അതില്‍ നമസ്കരിക്കാൻ നില്‍ക്കരുത്‌. ആദ്യ ദിനം തൊട്ടു തന്നെ സൂക്ഷ്മതയുടെമേൽ സ്ഥാപിക്കപ്പെട്ട മസ്‌ജിദിലാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും തരപ്പെട്ടത്. അതിൽ ശുദ്ധികൈവരിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. ശുദ്ധിയാർജ്ജിക്കുന്നവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.] (തൗബഃ 108)


എന്നാല്‍, ക്വുബാ നിവാസികള്‍, മലമൂത്രവിസര്‍ജ്ജനാനന്തരം കല്ലുകൊണ്ട്‌ തടവി മതിയാക്കാതെ വെള്ളംകൊണ്ടുകൂടി ശുചിയാക്കിയിരുന്നുവെന്നും, ശുചിത്വത്തിൻെറ കാര്യത്തില്‍ അവര്‍ അത്രയും ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും, അതുകൊണ്ടാണ്‌ അല്ലാഹുവിൻെറ ഈ പ്രശംസക്ക്‌ അവര്‍ പാത്രമായതെന്നും നബി (സ) പറയുകയുണ്ടായെന്ന്‌ അഹ്‌മദ്‌, ഇബ്‌നുഖുസൈമഃ, അബൂദാവൂദ്‌, ത്വബ്‌റാനി (റ) മുതലായവര്‍ ഉദ്ധരിച്ച ഹദീഥുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1358)


വിശുദ്ധ ഖുർആൻ വിവരണത്തിൽ സൂചിപ്പിച്ച മേൽ ഹദീസ് സ്ഥിരപ്പെട്ടതല്ല. ശൗച്യം ചെയ്യുമ്പോൾ കല്ലുകൊണ്ട് തടവി മതിയാക്കാതെ വെള്ളം കൊണ്ട് കഴുകുക കൂടി ചെയ്യുന്ന പതിവ് ഖുബാ നിവാസികൾക്ക് ഉണ്ടായിരുന്നില്ല താനും.  അവർ വെള്ളം ഉപയോഗിച്ചാണ് ശൗച്യം ചെയ്തിരുന്നത്. ശുചിത്വത്തിലുള്ള അവരുടെ ഈ ശ്രദ്ധ തന്നെയാണ് മേൽ സൂക്തത്തിൽ എടുത്തു പറയുന്നത്. മുകളിൽ സൂചിപ്പിച്ച ഹദീസിൻെറ ദൗർബ്ബല്യം വ്യക്തമാക്കിയതിനു ശേഷം ഇമാം അൽബാനി -رَحِمَهُ اللهُ- പറയുന്നത് കാണുക:

والصحيح أن الآية نزلت فى استعمالهم الماء فقط، كما يأتى فى الكتاب من حديث أبى هريرة قريبا إن شاء الله تعالى (رقم ٤٤). [الألباني في إرواء الغليل في تخريج أحاديث منار السبيل]

[അവർ വെള്ളം മാത്രം ഉപയോഗിച്ചിരുന്നതിനെ സംബന്ധിച്ചാണ് മേൽ സൂക്തം അവതരിച്ചത് എന്നതാണു ശരി. അക്കാര്യം അബൂഹുറെയ്റഃ –رَضِيَ اللهُ عَنْهُ– നിവേദനം ചെയ്യുന്ന ഹദീസിലുള്ളത് അടുത്തു തന്നെ إن شاء الله ഈ ഗ്രന്ഥത്തിൽ 44–ാം നമ്പറിൽ വരുന്നുണ്ട്.] (അൽബാനി ഇർവാഉൽ ഗലീലിൽ രേഖപ്പെടുത്തിയത്)

അൽബാനി –رَحِمَهُ اللهُ– സൂചിപ്പിക്കുന്ന ഹദീസ് താഴെ കൊടുക്കാം:

روى أبو داود من حديث أبى هريرة مرفوعا: نزلت هذه الآية فى أهل قباء ﴿فيه رجال يحبون أن يتطهروا﴾ قال: كانوا يستنجون بالماء فنزلت هذه الآية – صحيح – أخرجه أبو داود من حديث أبى هريرة. [الألباني في إرواء الغليل في تخريج أحاديث منار السبيل]

[അബൂഹുറെയ്റഃ –رَضِيَ اللهُ عَنْهُ– നബി ﷺ യിലേക്ക് ചേർത്ത് നിവേദനം ചെയ്യുന്ന ഹദീസ് അബൂദാവൂദ് ഉദ്ധരിച്ചത് ഇപ്രകാരമാണ്: ഈ സൂക്തം ഖുബാ നിവാസികളെ സംബന്ധിച്ചാണ് അവതരിച്ചത്: “ആ മസ്‌ജിദിൽ ശുദ്ധികൈവരിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട് ” (തൗബഃ 108). അവിടുന്ന് പറഞ്ഞു: “അവർ വെള്ളം ഉപയോഗിച്ചാണ് ശൗച്യം ചെയ്തിരുന്നത്. അപ്പോഴാണ് ഈ സൂക്തം അവതരിക്കുകയുണ്ടായത്.” അബൂദാവൂദ് അബൂഹുറെയ്റഃയിൽ നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസ്.] (അൽബാനി ഇർവാഉൽ ഗലീലിൽ ഉദ്ധരിച്ചത്)

ശൗച്യം ചെയ്യാൻ വെള്ളം തന്നെ ഉപയോഗിക്കണമെന്നില്ല. മൂന്ന് കല്ലുകൾ കൊണ്ട് ശൗച്യം ചെയ്താൽ തന്നെ മതിയാകും.

عن عائشة أن رسول الله ﷺ قال إذا ذهب أحدكم إلى الغائط فليذهب معه بثلاثة أحجار فليستطب بها فإنها تجزي عنه. [النسائي وأبو داود في سننهما وصححه الألباني]

[ആയിശ –رَضِيَ اللهُ عَنْهَا– നിവേദനം. നബി ﷺ പറയുന്നു: നിങ്ങളിലൊരാൾ മലമൂത്ര വിസർജ്ജനത്തിനു പോവുകയാണെങ്കിൽ കൂടെ മൂന്നു കല്ലുകൾ കൊണ്ടു പോകട്ടെ. അതുമായി അവനു ശൗച്യം ചെയ്യാവുന്നതാണ്. അവന് അതു തന്നെ മതിയാകും.] (നസാഇയും തിർമുദിയും സുനനുകളിൽ ഉദ്ധരിച്ചത്)

മൂന്നു കല്ലുകൾ കൊണ്ടു ശൗച്യം ചെയ്താൽ അതു മതി എന്ന മേൽ നിർദ്ദേശം ചില വസ്തുതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്:

(ഒന്ന്) നേരത്തെ വ്യക്തമാക്കിയതു പോലെ, മലമൂത്ര വിസർജ്ജനത്തിനു ശേഷം കല്ലുകൊണ്ട് തടവി മതിയാക്കാതെ വെള്ളം കൊണ്ട് കഴുകുക കൂടി ചെയ്യണം എന്നതിന് അടിസ്ഥാനമില്ല. കല്ലും പിന്നീട് വെള്ളവും ഉപയോഗിക്കുന്നത് അഭിലഷണീയം പോലുമല്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, അത് മിതത്വം വിട്ടുള്ള അതിരുകവിയലും വസ്‌വാസുമാണ്.

(രണ്ട്) മലമൂത്ര വിസർജ്ജനത്തിനു ശേഷം വെള്ളം ഉപയോഗിച്ച് ശൗച്യം ചെയ്യുന്നതാണ് കൂടുതൽ കരണീയം. കാരണം, ഖുബാ നിവാസികൾ വെള്ളം ഉപയോഗിച്ച് ശൗച്യം ചെയ്തിരുന്നതു കൊണ്ടാണ് അവരെ കുറിച്ച് “ആ മസ്‌ജിദിൽ ശുദ്ധിയാർജ്ജിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട് ” എന്ന് അല്ലാഹു പ്രകീർത്തിച്ചത്.

(മൂന്ന്) മലമൂത്ര വിസർജ്ജനത്തിനു  ശേഷം വെള്ളം ഉപയോഗിച്ചു തന്നെ ശൗച്യം ചെയ്യണം എന്ന് ശഠിക്കേണ്ടതില്ല. മൂന്നു കല്ലകുകൾ ഉപയോഗിച്ച് ശൗച്യം ചെയ്താൽ അതു തന്നെ മതിയാകും.

(നാല്) ഇവിടെ, മൂന്നു കല്ലുകൾ എന്ന പരാമർശം അർത്ഥമാക്കുന്നത് ഒരു കല്ല് മതിയാവില്ല, ചുരുങ്ങിയത് മൂന്നു കല്ലുകളെങ്കിലും ഉപയോഗിക്കണം എന്നു തന്നെയാണ്.

(അഞ്ച്) കല്ല് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മൂത്രത്തിൻെറയും കാഷ്ടത്തിൻെറയും അവശിഷ്ടങ്ങൾ വലിച്ചെടുത്ത് ശുദ്ധികരിക്കാൻ കഴിവുള്ള വസ്തുക്കളെ കൂടിയാണ്. നബി ﷺ പറയുന്ന കാര്യങ്ങളിൽ ചിലത് അക്ഷരാർത്ഥത്തിൽ തന്നെ സ്വീകരിക്കേണ്ടവയും മറ്റു ചിലത് അവയുടെ പൊരുളറിഞ്ഞ് വ്യംഗ്യാർത്ഥത്തിൽ എടുക്കേണ്ടവയുമായിരിക്കും. അല്ലാതെ ഇവിടെ കല്ലിന് പ്രത്യേകമായ ഭക്തിരസപ്രാധാന്യമൊന്നും ഇല്ല. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം.

عَنِ البَرَاءِ بْنِ عَازِبٍ، قَالَ: قَالَ النَّبِيُّ ﷺ: إِذَا أَتَيْتَ مَضْجَعَكَ، فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ، ثُمَّ قُلْ: اللَّهُمَّ أَسْلَمْتُ وَجْهِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلَّا إِلَيْكَ، اللَّهُمَّ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ، فَإِنْ مُتَّ مِنْ لَيْلَتِكَ، فَأَنْتَ عَلَى الفِطْرَةِ، وَاجْعَلْهُنَّ آخِرَ مَا تَتَكَلَّمُ بِهِ. قَالَ: فَرَدَّدْتُهَا عَلَى النَّبِيِّ ﷺ، فَلَمَّا بَلَغْتُ: اللَّهُمَّ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، قُلْتُ: وَرَسُولِكَ، قَالَ: لاَ، وَنَبِيِّكَ الَّذِي أَرْسَلْتَ. [البخاري في صحيحه]

[ബറാഅ് ബിൻ ആസിബ് –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറയുന്നു: നീ നിൻെറ കിടപ്പറയിലേക്ക് പോകുമ്പോൾ നസ്കാരത്തിന് വുളൂ ചെയ്യുന്നതു പോലെ വുളൂ ചെയ്യുക. എന്നിട്ട് വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുക. അനന്തരം ഇപ്രകാരം പ്രാർത്ഥിക്കുക:

«അല്ലാഹുവേ, നിന്നിലുള്ള പ്രതീക്ഷയാലും നിന്നോടുള്ള ഭയപ്പാടിനാലും ഞാൻ എൻെറ സ്വത്വം നിനക്കു സമർപ്പിച്ചിരിക്കുന്നു, എൻെറ കാര്യം നിന്നെ ഏൽപിച്ചിരിക്കുന്നു, സർവ്വാശ്രയത്തിനായി എൻെറ മുതുക് നിന്നിലേക്ക് ചായ്‌ച്ചിരിക്കുന്നു. നിന്നിൽനിന്ന് നിന്നിലേക്കല്ലാതെ ഒരു അഭയകേന്ദ്രമോ രക്ഷാസ്ഥാനമോ ഇല്ല. അല്ലാഹുവേ, നീ അവതരിപ്പിച്ച നിൻെറ ഗ്രന്ഥത്തിലും, നീ നിയോഗിച്ച നിൻെറ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു».

നീ ആ രാവിൽ മരണപ്പെടുകയാണെങ്കിൽ ആദിവിശുദ്ധിയിലായിരിക്കും നീ മരണപ്പെടുന്നത്. അതിനാൽ ആ വചനങ്ങളായിരിക്കട്ടെ ഏറ്റവും അവസാനമായി നീ ഉച്ചരിക്കുന്നത്.

അദ്ദേഹം പറയുന്നു: ഞാൻ അവ നബി ﷺ ക്ക് തിരിച്ചു കേൾപ്പിച്ചു കൊടുത്തു. അങ്ങനെ, ‘അല്ലാഹുവേ, നീ അവതരിപ്പിച്ച നിൻെറ ഗ്രന്ഥത്തിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു’ എന്നതു വരെ എത്തിയ ശേഷം ഞാൻ പറഞ്ഞത് ‘നിൻെറ റസൂലിലും’ എന്നാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: അല്ല, ‘നീ നിയോഗിച്ച നിൻെറ നബിയിലും..’] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

നബി എന്നതിനെക്കാൾ റസൂൽ എന്ന പദത്തിനാണ് അർത്ഥവ്യാപ്തിയുള്ളത്. എന്നിട്ടും ആ പദം പകരം പ്രയോഗിക്കാൻ അവിടുന്ന് അവദിച്ചില്ല. കാരണം, ആ വചനങ്ങൾക്കു തന്നെ ആരാധനാപരമായ (تَعَبُّدِي) പ്രാധാന്യമുണ്ട്. അതു പോലെയല്ല ഇവിടെ കല്ലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സകാത്തുൽ ഫിത്വ്‌റിനെ കുറിച്ച് അവിടുന്ന് പറഞ്ഞ വസ്തുക്കളിൽ അരി (أَرُزٌ) എന്ന പദം ഉപയോഗിച്ചിട്ടില്ല. പക്ഷെ, നമുക്ക് അരി നൽകാവുന്നതേയുള്ളു. കാരണം, അവിടുന്ന് ഭക്ഷ്യവസ്തുക്കളെ കുറിച്ച് വ്യംഗ്യാർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിനെ തത്ത്വത്തിലെടുക്കുകയും പൊരുൾ അറിഞ്ഞ് പ്രവർത്തിക്കുകയുമാണ് ചെയ്യേണ്ടത്.

കല്ലുകൾ കൊണ്ട് ശൗച്യം ചെയ്യുന്നതു സംബന്ധിച്ച നബിവചനങ്ങൾ മുകളിൽ പറഞ്ഞതു പോലെ തത്ത്വത്തിലെടുക്കുകയാണ് വേണ്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന രണ്ടു ഹദീസുകൾ കൂടി താഴെ കൊടുക്കാം.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ : قَالَ رَسُولُ اللَّهِ ﷺ: لَا تَسْتَنْجُوا بِالرَّوْثِ وَلَا بِالْعِظَامِ، فَإِنَّهُ زَادُ إِخْوَانِكُمْ مِنَ الْجِنِّ. [الترمذي في سننه وصححه الألباني]

[അബ്ദുല്ലാ ബിൻ മസ്ഊദ് –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറയുന്നു: നിങ്ങൾ ചാണകമോ എല്ലുകളോ ഉപയോഗിച്ച് ശൗച്യം ചെയ്യരുത്. നിശ്ചയമായും അത് ജിന്നുകളിൽപെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

കല്ലുകൾ മാത്രമല്ല, അതു പോലെ ശുചീകരണ ശേഷിയുള്ള മറ്റു വസ്തുക്കളും ഉപയോഗിക്കാം എന്നതു കൊണ്ടാണ് ശൗച്യത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളെ അവിടുന്ന് നിർണ്ണയിച്ചു പറയുന്നത്. ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കുന്നതാണ് താഴെ കൊടുക്കുന്ന ഹദീസ്.

عَنْ عَبْدِ اللَّهِ قَالَ : خَرَجَ النَّبِيُّ ﷺ لِحَاجَتِهِ، فَقَالَ : الْتَمِسْ لِي ثَلَاثَةَ أَحْجَارٍ. قَالَ: فَأَتَيْتُهُ بِحَجَرَيْنِ وَرَوْثَةٍ، فَأَخَذَ الْحَجَرَيْنِ وَأَلْقَى الرَّوْثَةَ، وَقَالَ : إِنَّهَا رِكْسٌ. [الترمذي في سننه وصححه الألباني]

[അബ്ദുല്ലാ ബിൻ മസ്ഊദ് –رَضِيَ اللهُ عَنْهُ– നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ മലമൂത്ര വിസർജ്ജനത്തിനായി പുറത്തു പോയപ്പോൾ പറഞ്ഞു: നീ എനിക്ക് മൂന്ന് കല്ലുകൾ കൊണ്ടുതരൂ. അങ്ങനെ ഞാൻ രണ്ടു കല്ലുകളും ഒരു ചാണകക്കഷ്ണവും കൊണ്ടുകൊടുത്തു. അപ്പോൾ അവിടുന്ന് രണ്ടു കല്ലുകൾ എടുക്കുകയും ചാണകം എറിഞ്ഞു കളയുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: അത് മ്ലേഛമാണ്.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

ശൗച്യം ചെയ്യാൻ കല്ലോ സമാന ഗുണമുള്ള വസ്തുക്കളോ ഉപയോഗിക്കാം എന്നാണ് രണ്ടു ഹദീസുകളും ദ്യോതിപ്പിക്കുന്നത്. അതു തന്നെയാണ് അവയിൽനിന്ന് സ്വഹാബികൾ മനസ്സിലാക്കിയതും. ഇക്കാര്യം മേൽ ഹദീസുകളിൽ സ്പഷ്ടമാണ്.

ആകയാൽ, ശുചീകരണത്തിനു വേണ്ടി ഇന്ന് നാം ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പറുകളും മറ്റും കല്ലിൻെറ സ്ഥാനത്ത് ഉപയോഗിക്കാവുന്നതാണ്. അവക്ക് മാലിന്യത്തെ വലിച്ചെടുത്ത് ശുദ്ധീകരിക്കാൻ കഴിവുണ്ടോ എന്നതാണു പ്രധാനം. എങ്കിൽ ശൗച്യം ചെയ്യാൻ അത്തരം വസ്തുക്കൾ മതിയാകുന്നതാണ്. ശീലങ്ങളും സമ്പ്രദായങ്ങളും വസ്‌വാസുകളും ഇതിനു തടസ്സമാവേണ്ടതില്ല. അവയുടെ ഉപയോഗം യാത്രകളിലും മറ്റും കൂടുതൽ സൌകര്യപ്രദവും വസ്ത്രവും ശരീരവും വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കാൻ കൂടുതൽ സഹായകരവുമാണ്.

വ്യക്തിശുചിത്വത്തിൻെറ (Personal Hygiene) കാര്യത്തില്‍ ഏറ്റവും ഉന്നതമായ നിലവാരമാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മൂത്രമൊഴിച്ചാല്‍ ശുചീകരിക്കുക എന്നത് ആധുനിക ജീവിത രീതികള്‍ പിന്തുടരുന്നവര്‍ പോലും നിര്‍ബന്ധമായി കാണാറില്ല. അത് അവര്‍ക്ക് ഐച്ഛികം മാത്രമാണ്. പക്ഷെ, മുസ്‌ലിംകള്‍ക്ക് അത് നിര്‍ബ്ബന്ധമാണ്. വ്യക്തിഗതമായ വിശുദ്ധി വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. എന്നാല്‍ വിക്തിശുചിത്വത്തില്‍ അതിരുവിടുന്ന ചിലരുണ്ട്, പ്രത്യേകിച്ച് മധ്യവയസ്കർ. അവരുടെ ശ്രദ്ധയിലേക്കായി പച്ചയായ ചില കാര്യങ്ങൾ കൂടി പറയേണ്ടതുണ്ട്. ആകയാൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- ഒരു ചോദ്യത്തിനു നൽകിയ ഉത്തരം പരിശോധിക്കാം:

وَسُئِلَ عَنْ الِاسْتِنْجَاءِ هَلْ يَحْتَاجُ إلَى أَنْ يَقُومَ الرَّجُلُ وَيَمْشِيَ وَيَتَنَحْنَحَ وَيَسْتَجْمِرَ بِالْأَحْجَارِ وَغَيْرِهَا بَعْدَ كُلِّ قَلِيلٍ فِي ذَهَابِهِ وَمَجِيئِهِ لِظَنِّهِ أَنَّهُ خَرَجَ مِنْهُ شَيْءٌ: فَهَلْ فَعَلَ هَذَا السَّلَفُ رَضِيَ اللَّهُ عَنْهُمْ. أَوْ هُوَ بِدْعَةٌ أَوْ هُوَ مُبَاحٌ؟

فَأَجَابَ: الْحَمْدُ لِلَّهِ، التَّنَحْنُحُ بَعْدَ الْبَوْلِ وَالْمَشْيُ وَالطَّفْرُ إلَى فَوْقٍ وَالصُّعُودُ فِي السُّلَّمِ وَالتَّعَلُّقُ فِي الْحَبْلِ وَتَفْتِيشُ الذَّكَرِ بِإِسَالَتِهِ وَغَيْرُ ذَلِكَ: كُلُّ ذَلِكَ بِدْعَةٌ لَيْسَ بِوَاجِبِ وَلَا مُسْتَحَبٍّ عِنْدَ أَئِمَّةِ الْمُسْلِمِينَ بَلْ وَكَذَلِكَ نَتْرُ الذَّكَرِ بِدْعَةٌ عَلَى الصَّحِيحِ لَمْ يُشَرِّعْ ذَلِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. وَكَذَلِكَ سَلْتُ الْبَوْلِ بِدْعَةٌ لَمْ يُشَرِّعْ ذَلِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. وَالْحَدِيثُ الْمَرْوِيُّ فِي ذَلِكَ ضَعِيفٌ لَا أَصْلَ لَهُ وَالْبَوْلُ يَخْرُجُ بِطَبْعِهِ وَإِذَا فَرَغَ انْقَطَعَ بِطَبْعِهِ وَهُوَ كَمَا قِيلَ: كَالضَّرْعِ إنْ تَرَكْته قَرَّ وَإِنْ حَلَبْته دَرَّ. وَكُلَّمَا فَتَحَ الْإِنْسَانُ ذَكَرَهُ فَقَدْ يَخْرُجُ مِنْهُ وَلَوْ تَرَكَهُ لَمْ يَخْرُجْ مِنْهُ. وَقَدْ يُخَيَّلُ إلَيْهِ أَنَّهُ خَرَجَ مِنْهُ وَهُوَ وَسْوَاسٌ وَقَدْ يُحِسُّ مَنْ يَجِدُهُ بَرْدًا لِمُلَاقَاةِ رَأْسِ الذَّكَرِ فَيَظُنُّ أَنَّهُ خَرَجَ مِنْهُ شَيْءٌ وَلَمْ يَخْرُجْ. وَالْبَوْلُ يَكُونُ وَاقِفًا مَحْبُوسًا فِي رَأْسِ الْإِحْلِيلِ لَا يَقْطُرُ فَإِذَا عَصَرَ الذَّكَرَ أَوْ الْفَرْجَ أَوْ الثُّقْبَ بِحَجَرِ أَوْ أُصْبُعٍ أَوْ غَيْرِ ذَلِكَ خَرَجَتْ الرُّطُوبَةُ فَهَذَا أَيْضًا بِدْعَةٌ وَذَلِكَ الْبَوْلُ الْوَاقِفُ لَا يَحْتَاجُ إلَى إخْرَاجٍ بِاتِّفَاقِ الْعُلَمَاءِ لَا بِحَجَرِ وَلَا أُصْبُعٍ وَلَا غَيْرِ ذَلِكَ بَلْ كُلَّمَا أَخْرَجَهُ جَاءَ غَيْرُهُ فَإِنَّهُ يَرْشَحُ دَائِمًا. وَالِاسْتِجْمَارُ بِالْحَجَرِ كَافٍ لَا يَحْتَاجُ إلَى غَسْلِ الذَّكَرِ بِالْمَاءِ وَيُسْتَحَبُّ لِمَنْ اسْتَنْجَى أَنْ يَنْضَحَ عَلَى فَرْجِهِ مَاءً فَإِذَا أَحَسَّ بِرُطُوبَتِهِ قَالَ: هَذَا مِنْ ذَلِكَ الْمَاءِ. وَأَمَّا مَنْ بِهِ سَلَسُ الْبَوْلِ – وَهُوَ أَنْ يَجْرِيَ بِغَيْرِ اخْتِيَارِهِ لَا يَنْقَطِعُ – فَهَذَا يَتَّخِذُ حِفَاظًا يَمْنَعُهُ فَإِنْ كَانَ الْبَوْلُ يَنْقَطِعُ مِقْدَارَ مَا يَتَطَهَّرُ وَيُصَلِّي وَإِلَّا صَلَّى وَإِنْ جَرَى الْبَوْلُ – كَالْمُسْتَحَاضَةِ – تَتَوَضَّأُ لِكُلِّ صَلَاةٍ. وَاَللَّهُ أَعْلَمُ. [ابن تيمية في مجموع فتاويه]

[മൂത്രമൊഴിച്ച ശേഷം ശുചിയാക്കുന്നതിനെ കുറിച്ച് ഇബ്‌നു തൈമിയ്യഃയോട് ചോദിക്കുകയുണ്ടായി: താന്‍ ചലിച്ചു തുടങ്ങിയാലുടനെ വല്ലതും പുറത്തു വരുമോ എന്ന തോന്നല്‍ കാരണം, ഒരാള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും കാര്‍ക്കിക്കുകയും കല്ലുകളോ മറ്റോ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യേണ്ടതുണ്ടോ? പൂര്‍വ്വസൂരികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നോ? ഇത് ബിദ്അത്താകുമോ, അതോ അനുവദനീയമോ?

അദ്ദേഹം നല്‍കിയ ഉത്തരം: അല്ലാഹുവിന്ന് സ്തുതി. മൂത്രമൊഴിച്ച ശേഷം കാര്‍ക്കിച്ച് ശബ്ദമുണ്ടാക്കുക, എഴുന്നേറ്റു നടക്കുക, മേലോട്ട് കുതിക്കുക, പടികള്‍ കേറുക, കയറില്‍ തൂങ്ങുക, ലിംഗം കിനിയുന്നുവോ എന്ന് പരിശോധിക്കുക, മുതലായവയെല്ലാം തന്നെ ബിദ്അത്താണ്. ഇമാമുകളാരും അത് നിര്‍ബ്ബന്ധമായോ അഭിലഷണീയമായോ കാണുന്നില്ല. കൂടാതെ, ലിംഗം പിടിച്ചുവലിക്കുന്നതും നബി ﷺ നിയമമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ശരിയായ പക്ഷമനുസരിച്ച് ബിദ്അത്താണ്. അപ്രകാരം തന്നെ മൂത്രം വലിച്ചൂറ്റിക്കളയുന്നതും ബിദ്അത്താണ്. അതും നബി ﷺ നിയമമായി നിശ്ചയിച്ചിട്ടില്ല. തദ്വിഷയകമായി ഉദ്ധരിക്കപ്പെടാറുള്ള ഹദീസ് ദുര്‍ബ്ബലവും അടിസ്ഥാന രഹിതവുമാണ്. മൂത്രം സ്വാഭാവികമായി പുറത്തുവരും. വിരമിച്ചാല്‍ സ്വാഭാവികമായിതന്നെ നില്‍ക്കുകയും ചെയ്യും. “വിട്ടാല്‍ നിലച്ചുപോവുകയും കറക്കുന്തോറും ചുരത്തുകയും ചെയ്യുന്ന അകിടു പോലെ” എന്ന് പറയാറുള്ളതു പോലെയാണ് അതിൻെറ കാര്യം. ഒരാള്‍ തൻെറ ലിംഗം തുറന്നുവെക്കുമ്പോഴെല്ലാം എന്തെങ്കിലും പുറത്തുവരും. അതിനെ വെറുതെ വിട്ടാല്‍ ഒന്നും പുറത്ത് വരികയുമില്ല. ചിലപ്പോള്‍ വല്ലതും പുറത്തുവന്നോ എന്നു തോന്നും. അത് വസ്‌വാസാണ്. ലിംഗാഗ്രം സ്പര്‍ശിക്കുന്നതു മൂലം നനവ് അനുഭവപ്പെടുമ്പോള്‍ എന്തോ പുറത്ത് വന്നിരിക്കുന്നു എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഒന്നും പുറത്ത് വന്നിട്ടുണ്ടാവില്ല. മൂത്രനാളിയുടെ ആരംഭത്തില്‍ തന്നെ മൂത്രം മുടങ്ങി നിന്നുപോയിട്ടുണ്ടാകും; ഒട്ടും പൊടിയുന്നുണ്ടാവില്ല. എന്നാല്‍, ലിംഗത്തിലോ മൂത്രനാളിയിലോ ദ്വാരത്തിലോ വിരല്‍ കൊണ്ടോ കല്ലു കൊണ്ടോ മര്‍ദ്ദം ചെലുത്തിയാല്‍ നനവ് പുറപ്പെടുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതും ബിദ്അത്താണ്. കല്ലോ വിരലോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് നിന്നുകഴിഞ്ഞ മൂത്രം പുറത്തെടുക്കേണ്ട ആവശ്യമില്ല എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുള്ള കാര്യമാണ്. മാത്രമല്ല, പുറത്തെടുക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഉല്‍സര്‍ജ്ജിച്ചുകൊണ്ടേയിരിക്കും. കല്ലു കൊണ്ട് ശുചീകരിച്ചാല്‍ അതുമതി. പിന്നെ വെള്ളം കൊണ്ട് ലിംഗം കഴുകേണ്ട ആവശ്യമില്ല. ശുചീകരിക്കുന്നതിന് ഗുഹ്യഭാഗത്ത് വെള്ളം ഒഴിക്കുന്നതാണ് അഭിലഷണീയം. പിന്നീട് വല്ല നനവും അനുഭവപ്പെട്ടാല്‍ അത് ആ വെള്ളം മൂലമാണെന്ന് ഗണിക്കാവുന്നതാണ്. എന്നാല്‍ മൂത്രവാര്‍ച്ചയുള്ളവര്‍, അഥവാ ഉദ്ദേശ്യപൂര്‍വ്വമല്ലാതെയുള്ള നിലക്കാത്ത ഒഴുക്ക് ഉള്ളവർ, അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ശുദ്ധിവരുത്തി നമസ്കരിക്കാനാവശ്യമായ സമയം നിന്നുകിട്ടുമെങ്കില്‍ അങ്ങനെയും, അല്ലാത്ത പക്ഷം മൂത്രം പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കില്‍ പോലും നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യണം – രക്തസ്രാവമുള്ള സ്ത്രീ ഒരോ നമസ്കാരത്തിനും വുളുചെയ്തു നമസ്കരിക്കുന്നതു പോലെ.] (ഇബ്‌നു തൈമിയ്യഃ, ഫതാവായിൽ രേഖപ്പെടുത്തിയത്)

പുതിയവ