﴿ مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَىٰ أَنفُسِهِم بِالْكُفْرِ ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ ﴾ [التوبة ١٧]
[സ്വന്തത്തിനെതിരിൽ സത്യനിഷേധം സാക്ഷ്യപ്പെടുത്തുന്നവർ എന്ന നിലയിൽ മുശ്‌രിക്കുകൾക്ക് അല്ലാഹുവിന്‍റെ മസ്‌ജിദുകൾ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്‌ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.] (തൗബഃ 17)
‘ഞങ്ങളുടെ നന്മകളെ നിങ്ങൾ മൂടിവെക്കുകയും, തിന്മകളെ നിങ്ങൾ എടുത്തു പറയുകയും ചെയ്യുന്നു’വെന്നു അവർക്കു ആക്ഷേപം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പ്രസ്തുത നന്മകളെ സമ്മതിച്ചുകൊണ്ടുതന്നെ, അതിനുള്ള മറുപടിയാണു ഈ വചനങ്ങളിലും അടുത്ത ചില വചനങ്ങളിലും കാണുന്നത്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1281)
അമ്പിയാക്കളുടെ പ്രബോധനത്തിന് ഉദാത്തമായ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളുമുണ്ട്. അവ നിർണ്ണയിച്ചിരിക്കുന്നത് അല്ലാഹുവാണ്. അഭിനവ ഖവാരിജുകൾ അവ അടിമുടി പൊളിച്ചെഴുതുകയും ഇസ്‌ലാമിന് നൂതനമായി ഒരു രാഷ്ട്രീയ വ്യാഖ്യാനം ചമക്കുകയുമാണ് ചെയ്തത്. ഇസ്‌ലാമിൻെറ പ്രബോധനവും പ്രചാരവും ഇതര സമൂഹങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ അറബി ഭാഷക്കുണ്ടായ അപചയം മൂലം റബ്ബ്, ഇലാഹ്, ഇബാദത്ത്, ദീൻ പോലുള്ള ഖുർആനിലെ മൗലികമായ സാങ്കേതിക ശബ്ദങ്ങൾ പോലും ആദ്യതലമുറക്കു ശേഷം വന്നവർക്ക് ശരിയായ അർത്ഥത്തിലും വിവക്ഷയിലും മനസ്സിലാക്കാൻ കഴിയാതെ പോയെന്നും, പീന്നീട് അത് വീണ്ടെടുക്കാനായത് ഖുതുബ്- മൗദൂദി അച്ചുതണ്ടിനാണെന്നുമാണ് അവരുടെ ജൽപനം. അവരുടെ വാദമുഖങ്ങളുടെ ആകത്തുക ഇതാണ്:
അല്ലാഹുവിൻെറ ഭൂമിയിൽ അവനു നഷ്ടപ്പെട്ടുപോയ അധികാരം പുനസ്ഥാപിക്കുകയാണ് ഭൂമിയിൽ അവൻെറ പ്രതിനിധിയായി വന്ന മനുഷ്യൻെറ പ്രഥമവും പ്രമുഖവുമായ കടമ. നിലവിൽ അധികാരം കൈയാളുന്ന വ്യവസ്ഥിതി ഏതായിരുന്നാലും അവയൊക്കെ ത്വാഗൂത്തുകളാണ്. അവയെ തകിടം മറിച്ച് തൽസ്ഥാനത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാതെ ഒരു മുസൽമാനും അടങ്ങിയിരിക്കാനാവില്ല. മാനവ ചരിത്രത്തിൽ ഇതഃപര്യന്തം വന്നുപോയ മുഴുവൻ നബിമാരുടെയും ദൗത്യം അതായിരുന്നു; അവരുടെ പ്രബോധനത്തിനു മറ്റൊരു ലക്ഷ്യമുണ്ടായിരുന്നില്ല. അവരെല്ലാം ലോകത്തു വന്നതു തന്നെ ഇഖാമത്തുദ്ദീനിനു വേണ്ടിയാണ്. നിലവിലുള്ള വ്യവസ്ഥിതികൾ തകിടം മറിച്ച് തൽസ്ഥാനത്ത് ഇസ്‌ലാമിക ഭരണം പ്രതിസ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. ഇതാണ് മൗലികമായ കാര്യം; മറ്റെല്ലാം ശാഖാപരവും നിസ്സാരവും. അടിസ്ഥാനപരമായ ഈ ലക്ഷ്യ സാക്ഷാത്കാരത്തിൻെറ മാർഗ്ഗത്തിൽ അടവു നയങ്ങളും നീക്കുപോക്കുകളുമായി ഏതറ്റം വരെയും പോകാവുന്നതാണ്. അത് ആശയാദർശങ്ങളുടെ വിശുദ്ധി ഏതളവോളം ചോർത്തിക്കളഞ്ഞാലും ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കാനുണ്ടാകും. അല്ലാഹു അനുശാസിക്കുന്ന സകലമാന വിശ്വാസങ്ങളും ആരാധനകളും, ഇസ്‌ലാം ഉയർത്തിക്കാണിക്കുന്ന സമസ്ത മൂല്യങ്ങളും വിഭാവനകളും, മതവിജ്ഞാന രംഗത്ത് പ്രയോഗിക്കപ്പെടുന്ന തത്ത്വങ്ങളും സങ്കേതങ്ങളും എല്ലാം തന്നെ ഇതിനനുഗുണമായി ആവശ്യാനുസാരം പുനർനിർവ്വചിക്കുകയും പുനഃസംരചിക്കുകയും ചെയ്യേണ്ടതാണ്. ഇവ്വിധം ഇസ്‌ലാമിൻെറ ആധാരശിലകളെ ഇളക്കി പ്രതിഷ്ഠിക്കാതെയും പ്രമാണരേഖകൾ കാലത്തിനൊത്ത് പുനർവായന നടത്താതെയും അഭിനവ യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കാൻ മുസ്‌ലിംകൾ പ്രാപ്തരാവില്ല. ഇതാണ് അവരുടെ കാഴ്ചപ്പാട്.
ഒരു ഇസ്‌ലാമിസ്റ്റ് വാചാടോപം മാത്രമായി ഇതിനെ കാണാവതല്ല. കാരണം, ആധുനിക കാലത്ത് അറബിയിലോ ഇതര ഭാഷകളിലോ ആവിഷ്കരിക്കപ്പെട്ട അഹ്‌ലുസ്സുന്നഃയുടേതല്ലാത്ത രചനകളിലും പ്രഭാഷണങ്ങളിലും ഇതിൻെറ സ്വാധീനം വ്യത്യസ്ത തോതുകളിൽ കാണാൻ കഴിയും. അത് ഇസ്‌ലാമിൻെറ ആശയാദർശങ്ങളുടെ ഭദ്രതക്ക് ഭീഷണി ഉയർത്തുകയും വൈജ്ഞാനിക മൂല്യങ്ങളെ ഏറെ ദുഷിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് വസ്തുത. വിശുദ്ധ ഖുർആൻ വിവരണത്തിൻെറ അവലംബങ്ങളിൽ ഖുതുബിൻെറ കൃതികൾ ഉൾപ്പെട്ടതും, മേൽ സൂക്തത്തിനു കീഴിൽ മുകളിൽ ഉദ്ധരിച്ച വിശദീകരണം കടന്നുകൂടിയതും അതിനുള്ള ഒരു ഉദാഹരണം മാത്രമാണ്.
പ്രത്യക്ഷത്തിൽ നിർദ്ദോഷകരമായി തോന്നാവുന്നതാണ് മേൽ വിശദീകരണം. അഭിനവ ഖവാരിജുകളായ ഇസ്‌ലാമിസ്റ്റുകൾക്ക് തങ്ങളുടെ അജണ്ട സുഗമമായി നടപ്പിലാക്കാനുള്ള പശ്ചാത്തല സംവിധാനങ്ങളിലൊന്നിൻെറ സ്ഫൂർത്തീകരണമാണ് യഥാർത്ഥത്തിൽ ഇത്. ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ വേണം. സത്യത്തിൻെറ ബലത്തിലല്ല, ആൾബലത്തിൽ മാത്രമേ അത് നടക്കുകയുള്ളു. അതിനാൽ സത്യത്തിൻെറ കക്ഷി മാത്രം പോരാ, അതിൽനിന്ന് വിഘടിച്ചു പോയ പിഴച്ച കക്ഷികളെയും കൂടെ കൂട്ടണം. അതിനുള്ള നയപരമായ കുതന്ത്രമാണ് ഇസ്‌ലാമിസ്റ്റുകളുടെ فِقْهُ الْمُوَازَانَاتِ !
യഥാർത്ഥത്തിൽ കർമ്മപരമായ കാര്യങ്ങളുടെ വിധി നിർണ്ണയിക്കുമ്പോൾ അവയുടെ ഗുണപരവും ദോഷകരവുമായ വശങ്ങൾ തുലനം ചെയ്ത് മുൻഗണനാക്രമങ്ങൾ നിശ്ചയിക്കുന്ന പ്രക്രിയയാണ് فِقْهُ الْمُوَازَانَاتِ. ദോഷവശങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക, സാധ്യമല്ലെങ്കിൽ ലഘൂകരിക്കുക, ഗുണപരമായ വശങ്ങൾ പൂർണ്ണമായി സാക്ഷാത്കരിക്കുക, സാധ്യമല്ലെങ്കിൽ പരമാവധി സഫലീകരിക്കുക പോലുള്ള മുൻഗണനാക്രമങ്ങൾ വിധിനിർണ്ണയത്തിൽ പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണ്. ഈ തത്ത്വത്തെ അധികാര രാഷ്ട്രീയത്തിനു വേണ്ടി ഇസ്‌ലാമിസ്റ്റുകൾ പുനർനിർവ്വചിച്ചു. ഖവാരിജുകളുടെ എന്നത്തെയും നീറുന്ന പ്രശ്നം നീതിയാണല്ലോ. അഭിനവ ഖവാരിജുകളുടെ തുലാസിൽ നീതി പുലരണമെങ്കിൽ പ്രതിയോഗികളെ വിമർശിക്കുമ്പോൾ എത്രത്തോളം അവരുടെ തിന്മകൾ എടുത്തു കാണിക്കുന്നുവോ അത്ര തന്നെ അവരുടെ നന്മകളും വിസ്തരിക്കണം; അല്ലെങ്കിൽ നീതി പുലരുകയില്ല. അവരുടെ പക്ഷമനുസരിച്ച് ഇതാണ് فِقْهُ الْمُوَازَانَاتِ അഥവാ തുലനത്തിൻെറ തത്ത്വം. അധികാര രാഷ്ട്രീയത്തിനു വേണ്ടി സത്യാസത്യങ്ങൾ പരിഗണിക്കാതെ ആൾബലം വർദ്ധിപ്പിക്കാനാണ് ഇസ്‌ലാമിസ്റ്റുകൾ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. ഇതൊരു തത്ത്വമല്ല, ഇതിനൊരു മൂല്യവുമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിൻെറ വില കുറഞ്ഞ അടവുനയങ്ങളിലൊന്നായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ. ഇതിന് പ്രമാണങ്ങളുടെ പിന്തുണയുണ്ടെന്നു വരുത്തിത്തീർക്കുന്നത് ഏറെ ലജ്ജാകരം തന്നെ.
സത്യത്തിൻെറ ശത്രുക്കളുടെ ദോഷവശങ്ങൾ എടുത്തുകാട്ടി അവരെ കുറിച്ച് ജാഗ്രത പുലർത്താൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകുമ്പോൾ തത്തുല്യമായ അളവിൽ അവരുടെ നന്മയും ഉയർത്തിക്കാണിക്കണം എന്നു വരുന്നതോടുകൂടി അതിൻെറ വീര്യം ചോർന്നു പോകുന്നു. മതപരമായ കാര്യങ്ങളിൽ സത്യാസത്യങ്ങൾ തമ്മിലുള്ള മാറ്റുരക്കൽ ഒരു കടങ്കഥയായിത്തീരുന്നു. ഇസ്‌ലാമിൻെറ ആശയ ഭദ്രതക്കും ആദർശ വിശുദ്ധിക്കും അവശ്യം കൈക്കൊള്ളേണ്ട ഒരു നടപടി ആത്മാവ് നഷ്ടപ്പെട്ട് അതു തന്നെ ഒരു ഭീഷണിയായി സ്വയം ഉയർന്നുവരുന്നു. അവിശ്വാസികളെയും അഭീഷ്ടക്കാരെയും വ്യംഗ്യന്തരേണ മഹത്വവത്കരിക്കുന്ന നടപടിയാണത്. അവർ വമിക്കുന്ന കാളകൂട വിഷങ്ങളിൽ മറ്റുള്ളവർ വീണുപോകാൻ മാത്രമേ അത് ഉപകരിക്കുകയുള്ളു. അധിക വായനക്കായി നിസാഅ് 140 കാണുക.
ഇസ്‌ലാമിസ്റ്റുകളുടെ فِقْهُ الْمُوَازَانَاتِ നെ പിന്തുണക്കുന്ന യാതൊരു ഉള്ളടക്കമോ ധ്വനിയോ തൗബഃ 17-ാം സൂക്തത്തിലില്ല. അത് സലഫുകളുടെ മാർഗ്ഗവുമല്ല. എന്നാൽ വിമർശനങ്ങളിൽ പാലിക്കേണ്ട ഇസ്‌ലാമിക മര്യാദയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൻെറ ഉദാത്ത മാതൃകകൾ ചരിത്രത്താളുകളിലുണ്ട്. അതു കൂടി പരിശോധിക്കാവുന്നതേയുള്ളു.
ഖുത്വുബോ മൌദൂദിയോ ഖർളാവിയോ അല്ല അഹ്‌ലുസ്സുന്നഃയുടെ സ്രോതസ്സ്. അവരൊന്നും സലഫുകളിൽ പെട്ടവരല്ല, നമുക്ക് മാതൃകയോ അവലംബിക്കാവുന്ന പണ്ഡിതന്മാരോ അല്ല. എന്നാൽ ഇമാം അഹ്‌മദ് -رَحِمَهُ اللهُ- സലഫുകളിൽപെട്ട അഗ്രേസരനായ പണ്ഡിതനാണ്, ഇമാമാണ്. അദ്ദേഹത്തിൻെറ നിലപാട് കാണൂ.
അലി ബിൻ അബീ ഖാലിദ് വയോധികനായ തൻെറ അയൽവാസിയെയും കൂട്ടി ഇമാം അഹ്‌മദ് -رَحِمَهُ اللهُ- യുടെ അടുക്കൽ വരുന്നു. ആ അയൽവാസി ബിദ്അത്തുകാരനായ ഹാരിസ് അൽ മുഹാസിബിയുടെ അടുത്തു പോകുകയും അയാളിൽനിന്ന് ദീൻ കേൾക്കുകയും ചെയ്യുന്നവനാണ്. മുഹാസിബിയുടെ പുറംപൂച്ചിൽ വഞ്ചിതനായ വയോധികനോട് ഇമാം അഹ്‌മദ് -رَحِمَهُ اللهُ- അയാളുടെ ഗുണദോഷങ്ങൾ നുള്ളിയൊപ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, ദീനിൻെറ പരിശുദ്ധി സംരക്ഷിക്കാനാവശ്യമായ വിധം അദ്ദേഹത്തെ തൊലിയുരിച്ച് കാണിക്കുകയാണ് ചെയ്യുന്നത്.
فقال له الشيخ: يا أبا عَبْد اللَّه، يروي الحديث، ساكن خاشع، من قصته ومن قصته، فغضب أَبُو عَبْدِ اللَّهِ، وجعل يقول: لا يغرك خشوعه ولينه، ويقول: لا تغتر بتنكيس رأسه، فإنه رجل سوء، ذاك لا يعرفه إلا من قد خبره، لا تكلمه، ولا كرامة له، كل من حدث بأحاديث رَسُول اللَّهِ ﷺ وكان مبتدعا تجلس إليه، لا، ولا كرامة ولا نعمى عين، وجعل يقول ذاك ذاك. [شمس الدين الذهبي في طبقات الحنابلة]
[വയോധികൻ പറയുന്നു: അല്ലയോ അബൂ അബിദില്ലാ, അദ്ദേഹം ഹദീസ് ഉദ്ധരിക്കുന്നവനാണ്, അദ്ദേഹം ശാന്തനാണ്, അദ്ദേഹം അടങ്ങിയൊതുങ്ങിക്കഴിയുന്നവനാണ്, അദ്ദേഹം അങ്ങനെയാണ്, ഇങ്ങനെയാണ്..
അപ്പോൾ അബൂ അബ്ദില്ലാ അഹ്‌മദ് ബിൻ ഹൻബൽ -رَحِمَهُ اللهُ- കോപത്തോടെ പറയാൻ തുടങ്ങുന്നു: അയാളുടെ വിനയവും സൗമ്യഭാവവും കണ്ട് താങ്കൾ വഞ്ചിതനാകരുത്.
ഇമാം അഹ്‌മദ് -رَحِمَهُ اللهُ- തുടരുന്നു: അയാൾ തലതാഴ്‌ത്തിയിരിക്കുന്നത് കണ്ട് താങ്കൾ വഞ്ചിതനാകരുത്. തീർച്ചയായും അയാൾ ദുഷിച്ച വ്യക്തിയാണ്. അയാളെ പരീക്ഷിച്ച ഒരാൾക്കല്ലാതെ അത് അറിയാൻ കഴിയില്ല. അയാളോട് താങ്കൾ സംവദിക്കാൻ പോകരുത്. അയാൾക്ക് ഒട്ടും അന്തസ്സില്ല. നബി ﷺ യുടെ ഹദീസ് ഉദ്ധരിക്കുന്ന ഏതൊരുത്തൻെറയും കൂടെ, അവൻ ദീനിൽ അപനിർമ്മിത നടത്തുന്നവനാണെങ്കിൽ, നീ പോയി ഇരിക്കുകയാണോ? അരുത്, അവർക്ക് ഒരു അന്തസ്സോ നയനാനന്ദമോ ഇല്ലാതിരിക്കട്ടെ. അദ്ദേഹം അത്, അതു തന്നെ ആവർത്തിക്കാൻ തുടങ്ങി.] (ദഹബി ത്വബഖാത്തുൽ ഹനാബിലയിൽ ഉദ്ധരിച്ചത്)
വിമർശിക്കുമ്പോൾ ദോഷം പറയുന്നുവെങ്കിൽ അത്ര തന്നെ ഗുണവും പറയണമെന്ന തത്ത്വമെവിടെ? ബിദ്അത്തുകാരുടെ പൊള്ളയായ അന്തസ്സിനല്ല, ഇസ്‌ലാമിൻെറ പരിപാവനമായ ആശയ വിശുദ്ധിക്കാണു വില.
അതേ സമയം, അഹ്‌ലുസ്സുന്നഃയിൽപെട്ട ഒരു മാന്യനു പിഴവു സംഭവിച്ചാൽ ആ പിഴവിൽ അദ്ദേഹത്തെ ന്യായീകരിക്കുകയോ പിന്തുണക്കുകയോ പിൻപറ്റുകയോ ചെയ്യാവതല്ല. അദ്ദേഹത്തിൻെറ പിഴവ് ഉചിതമായ രൂപത്തിൽ തിരുത്തേണ്ടതും വിമർശിക്കേണ്ടതുമാണ്. പക്ഷെ, അദ്ദേഹത്തിൻെറ മാന്യത പിച്ചിച്ചീന്താൻ പാടില്ല; അതിന് അർഹിക്കുന്ന വിലകൽപിക്കുകയും അത് ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതാണ്. കാരണം, അദ്ദേഹം അഹ്‌ലുസ്സുന്നഃയുടെ മൻഹജിൽനിന്ന് വ്യതിചലിച്ചിട്ടില്ല; അദ്ദേഹത്തിനു മസ്അലയിൽ പിഴവു സംഭവിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉദാഹരണമായി, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- യുടെ ചില ഫത്‌വകളിൽ അദ്ദേഹത്തിൻെറ ശിഷ്യന്മാർക്കു തന്നെ വിയോജിപ്പുണ്ടായിട്ടുണ്ട്. പക്ഷെ, വിമർശനത്തിൻെറയും വിയോജിപ്പിൻെറയും ഉന്നതമായ മര്യാദയാണ് ഇമാം ദഹബി -رَحِمَهُ اللهُ- യെ പോലുള്ളവർ നമുക്ക് കാണിച്ചു തരുന്നത്:
وقد انفرد بفتاوى نيل من عرضه لأجلها، وهي مغمورة في بحر علمه، فالله تعالى يسامحه ويرضى عنه، فما رأيت مثله، وكل أحد من الأمة فيؤخذ من قوله ويترك؛ فكان ماذا؟ [شمس الدين الذهبي في تذكرة الحفاظ]
[അദ്ദേഹം പുറപ്പെടുവിച്ച ഒറ്റപ്പെട്ട ചില ഫത്‌വകൾ കാരണം തൻെറ അഭിമാനത്തിന് നേരെ കാര്യമായ കൈയേറ്റങ്ങളുമുണ്ടായി. ആ ഫത്‌വകളാണെങ്കിൽ അദ്ദേഹത്തിൻെറ അറിവിൻെറ മഹാസാഗരത്തിൽ തിരിച്ചറിയാനാവാത്ത വിധം മുങ്ങിപ്പോയവയാണ്. അല്ലാഹു അദ്ദേഹത്തോട് പൊറുക്കുകയും പൊരുത്തമേകി തൃപ്തിപ്പെടുകയും ചെയ്യട്ടെ. അദ്ദേഹത്തെ പോലെ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ഈ സമുദായത്തിൽപെട്ട ഏതൊരാളുടെ വാക്കുകളിലും തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടായിരിക്കില്ലേ. പിന്നെന്താ?!!] (ദഹബി തദ്കിറത്തുൽ ഹുഫ്ഫാളിൽ രേഖപ്പെടുത്തിയത്)