﴿ إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ ﴾ [التوبة ٤٠]
[നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം ഇരുവരിൽ ഒരാളായി, അവർ രണ്ടു പേർ മാത്രം ആ ഗുഹയിലായിരിക്കെ, അദ്ദേഹം തൻെറ കൂട്ടാളിയോട്, നീ ദുഃഖിക്കരുത്, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ടെന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണത്. അപ്പോൾ അല്ലാഹു തൻെറ സമാധാനം അദ്ദേഹത്തിനുമേൽ വർഷിച്ചു കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളാൽ അദ്ദേഹത്തിന് ശക്തിപകരുകയും ചെയ്തു. അങ്ങനെ സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കെട്ടി.. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉന്നതം. അല്ലാഹു അജയ്യനും ജ്ഞാനിയായ അധികാരസ്ഥനുമാണ്.] (തൗബഃ 40)
ഖുറൈശികൾ നബി ﷺ യെയും അനുചരന്മാരെയും വിശ്വാസത്തിൻെറ പേരിൽ പീഡിപ്പിക്കുകയും ഊരുവിലക്കുകയും നാട്ടിൽനിന്ന് പുറത്താക്കുകയും വധിച്ചുകളയാൻ ഉദ്ദേശിക്കുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹു അവർക്ക് മദീനയിലേക്ക് പലായനം ചെയ്യാൻ അനുവാദം നൽകി. പരീക്ഷണങ്ങൾ പാരമ്യത്തിലെത്തി ജീവിതം മുൾമുനയിൽ നിൽക്കുമ്പോൾ അല്ലാഹുവിൻെറ സമാനതകളില്ലാത്ത സഹായം പെയ്തിറങ്ങിയതിനെ കുറിച്ചുള്ള അതിമനോഹരമായ വർണ്ണനയാണിത്. അല്ലാഹുവിൻെറ ദീൻ വിജയിപ്പിക്കാനും, തൻെറ ദൂതനു സംരക്ഷണമേകാനും അവനു പുറം സഹായികളാവശ്യമില്ല എന്ന് ഉണർത്തുകയാണിവിടെ. ആരെങ്കിലും സത്യത്തിൻെറ കൂടെ നിൽക്കുന്നുവെങ്കിൽ അത് അവനവൻെറ നന്മക്കു വേണ്ടി മാത്രമാണെന്നതാണ് ഇതു നൽകുന്ന പാഠങ്ങളിലൊന്ന്. പക്ഷെ, മേൽ സൂക്തത്തിൻെറ വിശദീകരണം സങ്കീർണ്ണവൽക്കരിക്കുകയും അനാവശ്യമായ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് വായനക്കാരെ വലിച്ചിഴച്ച് ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുകയാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ.
തുടർന്നു കൊണ്ടു وأيده بجنود لم تروها (നിങ്ങൾ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ കൊണ്ടു അവൻ നബിയെ ബലപ്പെടുത്തുകയും ചെയ്തു) എന്നു പറഞ്ഞതിലെ جنود (സൈന്യങ്ങൾ) കൊണ്ടുദ്ദേശ്യം മലക്കുകളാണെന്നുള്ളതിൽ ഭിന്നാഭിപ്രായമില്ല. പക്ഷെ, ഈ വാക്യം ഗുഹാസംഭവത്തോടു ബന്ധപ്പെട്ടതാണോ, അതല്ല, വേറെ ഒരു സംഭവത്തെ ചൂണ്ടിക്കാട്ടിയതാണോ എന്നതിൽ വ്യാഖ്യാതാക്കൾക്കിടയിൽ രണ്ടഭിപ്രായമുണ്ട്… ഗുഹാ സംഭവത്തിൽ മലക്കുകളെ ഇറക്കിയിട്ടുണ്ടെന്നുള്ളതിനു ഈ വാക്യമല്ലാതെ വേറെ തെളിവുകളൊന്നുമില്ല. ഈ വാക്യമാകട്ടെ, ഗുഹാസംഭവത്തെ ഉദ്ദേശിച്ചാണെന്നു തീർത്തു പറയുവാനും സാധ്യമല്ല. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1308)
കുറവുകളില്ലാത്ത മനുഷ്യരില്ല. അല്ലാഹു നമ്മോട് പൊറുക്കട്ടെ. മേൽ സൂക്തം സ്വതഃസ്പഷ്ടമാണ്. സാമാന്യമായ അറബി ഭാഷാ പരിജ്ഞാനമുള്ളവർക്ക് അയത്ന ലളിതമായി മനസ്സിലാക്കാവുന്ന വിധം കാര്യങ്ങൾ വ്യക്തമാണതിൽ. പക്ഷെ, മുകളിൽ കൊടുത്ത വിശദീകരണത്തിലേക്ക് പോകുമ്പോൾ ആശയക്കുഴപ്പങ്ങളുടെ നൂലാമാലകളിൽ അകപ്പെടുകയാണു നാം.
ഖുർആൻ വ്യാഖ്യാനിക്കേണ്ടത് എങ്ങനെയാണെന്ന് സലഫുകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പാലിക്കാത്തതാണ് അടിസ്ഥാനപരമായി ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാം കാരണം. ഖുർആൻ സൂക്തങ്ങൾ പരസ്പര പൂരകങ്ങളും അന്യോന്യം വിശദീകരിക്കുന്നവയുമാണ്. ആദ്യമായി ആ സാധ്യത പരിശോധിക്കണം. അതോടൊപ്പം ഖുർആനിൻെറ പ്രായോഗിക വ്യാഖ്യാനമായ സുന്നത്ത് പരിശോധിക്കണം. നബി ﷺ യിൽനിന്ന് നേരിട്ട് ഉദ്ധരിക്കുന്ന ഹദീസുകളും സ്വഹാബികൾ നബി ﷺ യിലേക്ക് ചേർക്കാതെ പറയുന്ന വചനങ്ങളും (مَرَاسِيل) പരിഗണിക്കണം. ഒന്നും രണ്ടും മൂന്നും തലമുറകളിൽപെട്ട, അഥവാ സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമായ ഖുർആൻ വ്യാഖ്യാതക്കളുടെ വചനങ്ങൾ (آثار) ഉദ്ധരിക്കണം. അറബി ഭാഷയിലെ തനതു പ്രയോഗങ്ങളും ശൈലികളും വിശകലനം ചെയ്ത്, വ്യാഖ്യാന വിധേയമാക്കുന്ന സൂക്തത്തിൻെറ പ്രാഥമികമായ ആശയങ്ങളും മറ്റു സൂക്ഷ്മമായ അർത്ഥ തലങ്ങളും കണ്ടെത്തണം. അവതരണ കാരണങ്ങളും പശ്ചാത്തലങ്ങളും മനസ്സിലാക്കി സൂക്തങ്ങളുടെ കേവലമായ അർത്ഥത്തിൽനിന്ന് അവയുടെ ചരിത്രബന്ധങ്ങളിലേക്കും സാമൂഹികമായ അനുഭവങ്ങളിലേക്കും കടന്നു ചെല്ലണം. വിശദീകരിക്കാനുദ്ദേശിക്കുന്ന സൂക്തം കൊണ്ട് അല്ലാഹുവും അവൻെറ ദൂതനും എന്താണോ ഉദ്ദേശിച്ചത് അതു തന്നെയാണ് അതിൽനിന്ന് നാം ഗ്രഹിച്ചതെന്ന് സ്വഹാബത്തിൻെറ ധാരണകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം.
ഇതെല്ലാം വിസ്‌മൃതിയിൽ തള്ളി മേൽ സൂക്തം വിശദീകരിക്കാൻ അശ്അരികളുടെ ബുദ്ധികേന്ദ്രമായ റാസിയെ പിടിച്ചത് വല്ലാത്ത പുലിവാലായിപ്പോയി. ഈ വാക്യം ഗുഹാസംഭവത്തോടു ബന്ധപ്പെട്ടതാണോ അല്ലയോ എന്നതിലുള്ള ഭിന്നത തീർത്തും അപ്രസക്തമാണ്. അത് ഇവിടെ ഉയർത്തിക്കാണിക്കേണ്ട കാര്യമില്ലായിരുന്നു. വിശുദ്ധ ഖുർആൻ വിവരണത്തിൽ പലയിടങ്ങളിലും ഇതു പോലെ അവഗണിക്കേണ്ട അഭിപ്രായങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് സംശയവും ആശയക്കുഴപ്പവും സൃഷ്ടിക്കുകയും പിന്നീട് അത് പരിഹരിക്കാതെ വിട്ടുപോകുകയും ചെയ്യുന്ന രീതിയുണ്ട്. അത് സലഫുകളുടെ വ്യാഖ്യാന രീതിയുമായി ചേർന്നുനിൽക്കുന്നതല്ലെന്ന് പറയേണ്ടതില്ലല്ലോ. തുടർന്ന്, ഗുഹാ സംഭവത്തിൽ മലക്കുകളെ ഇറക്കി എന്ന യാഥാർത്ഥ്യത്തിനു മേൽ സംശയത്തിൻെറ കരിനിഴൽ വീഴ്ത്താൻ ശ്രമിക്കുകയാണ്. അക്കാര്യം അസന്നിഗ്ദ്ധമായി പറയുന്ന തെളിവ് കൈയിൽ കിട്ടിയിട്ട് അതിനെ വിട്ടുകളഞ്ഞ് മറ്റു തെളിവുകളില്ലെന്ന് പരിതപിക്കുകയാണ് ചെയ്യുന്നത്. അൻഫാൽ 30-ാം സൂക്തത്തിലും അതിൻെറ വ്യാഖ്യാനത്തിലും ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. എന്നിട്ടും തീർത്തു പറയാവുന്ന കാര്യങ്ങളിൽ സംശയം ജനിപ്പിക്കുന്നതും, അപ്രസക്തമായ ഭിന്നാഭിപ്രായങ്ങൾ ഉയർത്തിക്കാട്ടുന്നതും, അഭിപ്രായ വ്യത്യാസങ്ങളിൽ ശരി ഏതെന്ന് നിർണ്ണയിക്കാതിരിക്കുന്നതും റാസിയുടെ സ്വാധീനഫലമാണെന്ന് കരുതാനേ നിർവ്വാഹമുള്ളു.
നമുക്ക് അവലംബിക്കാവുന്ന വ്യാഖ്യാതാക്കൾ ആരെന്ന് തിട്ടം വേണം. അപ്രസക്തമായ ഭിന്നതകൾ ഉയർത്തിക്കാണിക്കരുത്. അഭിപ്രായ ഭേദങ്ങൾ പ്രസക്തമാണെങ്കിൽ മാത്രം ഉദ്ധരിക്കുകയും അവയിൽ ശരിയായ പക്ഷം കാര്യകാരണ സഹിതം നിർണ്ണയിക്കുകയും തെറ്റായ അഭിപ്രായങ്ങളെ തള്ളുകയും വേണം. ഇതു സംബന്ധിച്ച് ഒരു കുറിപ്പ് ബഖറഃ : 141 നു കീഴിൽ നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് അതു കൂടി വായിച്ചു നോക്കാവുന്നതാണ്.