﴿ اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ﴾ [التوبة ٨٠]
«നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവൻെറ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല». (തൗബഃ 80)
അവിശ്വാസികളുടെ പാപം പൊറുത്തുകൊടുത്തു അവരെ സന്‍മാര്‍ഗ്ഗികളാക്കിത്തീര്‍ക്കുകയെന്നുള്ളത് അല്ലാഹുവിൻെറ നിയമചട്ടത്തിനു നിരക്കാത്തതാകുന്നു. …إِنّ اَللهَ لا يَغْفِرُ أَنْ يُشْرَكَ بِهِ (നിശ്ചയമായും, അല്ലാഹുവിനോട് പങ്കുചേര്‍ക്കപ്പെടുന്നതിനെ അവന്‍ പൊറുക്കുകയില്ല. അതിന്നിപ്പുറമുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതുമാണ്.) എന്ന് സൂ: നിസാഉ്: 48ലും 116ലും അവന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1337)
വിശുദ്ധ ഖുർആൻ വിവരണത്തിൽനിന്നുള്ള മേൽ വിശദീകരണത്തിൽ സന്ദർഭവശാൽ അബദ്ധം പിണഞ്ഞുപോയിട്ടുണ്ട്. അത് ഉദ്ദേശ്യപൂർവ്വമാണെന്നു കരുതുന്നില്ല. നിസാഅ് 48, 116 സൂക്തങ്ങളിൽ ശിർക്ക് ചെയ്യുന്നത് അല്ലാഹു പൊറുക്കുകയില്ലെന്നു പറഞ്ഞത് മരണശേഷമുള്ള പരലോകത്തെ കാര്യമാണ്. അല്ലാതെ, ഇഹലോകത്ത് വെച്ച് അവർക്ക് പശ്ചാത്തപിച്ച് മടങ്ങാനോ സന്മാർഗ്ഗം പ്രാപിക്കാനോ അല്ലാഹുവിൻെറ മഗ്‌ഫിറത്ത് ലഭിക്കാനോ അവസരമില്ല എന്നതിന് അർത്ഥമില്ല. എന്നാൽ ശിർക്ക് ചെയ്തവർ അതിൽനിന്ന് തൌബഃ ചെയ്തു മടങ്ങാതെ ശിർക്കിൽ തന്നെ മരണപ്പെടുകയാണെങ്കിൽ അവർക്ക് പരലോകത്തു വെച്ച് മഗ്‌ഫിറത്ത് ലഭിക്കില്ല. അവർ ശാശ്വതമായി നരക ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും. അല്ലാഹു പറയുന്നു:
﴿ إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴾ [النساء ٤٨]
«തന്നോട് പങ്കുചേര്‍ക്കുന്നത് അല്ലാഹു ഒരിക്കലും പൊറുക്കില്ല. അതിനു താഴെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ തീർച്ചയായും അവന്‍ ഗുരുതരമായ കുറ്റകൃത്യം തന്നെയാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്». (നിസാഅ് 48)
ഇതേ കാര്യം നിസാഅ് 116 ലും അല്ലാഹു പറയുന്നുണ്ട്. കൂടാതെ ശിർക്കിൻെറ ഗൗരവത്തെ കുറിച്ച് ഉണർത്തുന്ന നിരവധി വചനങ്ങൾ ഹദീസിലും വന്നിരിക്കുന്നു. ഉദാഹരണമായി താഴെ കൊടുക്കുന്ന നബിവചനം കാണുക:
قَالَ عَبْدُ اللهِ، قَالَ رَجُلٌ: يَا رَسُولَ اللهِ، أَيُّ الذَّنْبِ أَكْبَرُ عِنْدَ اللهِ؟ قَالَ: أَنْ تَدْعُوَ لِلَّهِ نِدًّا وَهُوَ خَلَقَكَ، قَالَ: ثُمَّ أَيٌّ؟ قَالَ: أَنْ تَقْتُلَ وَلَدَكَ مَخَافَةَ أَنْ يَطْعَمَ مَعَكَ، قَالَ: ثُمَّ أَيٌّ؟ قَالَ: أَنْ تُزَانِيَ حَلِيلَةَ جَارِكَ، فَأَنْزَلَ اللهُ عَزَّ وَجَلَّ تَصْدِيقَهَا: ﴿وَالَّذِينَ لَا يَدْعُونَ مَعَ اللهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَلَا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا﴾ (الفرقان: 68).[البخاري ومسلم في صحيحيهما]
«അബ്ദുല്ലാ ബിൻ മസ്ഊദ് -رَضِيَ اللهُ عَنْهُ- നിവേദനം. ഒരാൾ പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, അല്ലാഹുവിങ്കൽ ഏറ്റവും വലിയ പാപം ഏതാണ്? അവിടുന്ന് പറഞ്ഞു: നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നിരിക്കെ നീ അവന് ഒരു തുല്യനെ വെച്ച് ആരാധിക്കലാണ്. അയാൾ ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: നിൻെറ കൂടെ ഭക്ഷിക്കുമോ എന്നു ഭയന്ന് നീ നിൻെറ സന്തതിയെ വധിക്കലാണ്. അയാൾ വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: നിൻെറ അയൽവാസിയുടെ ഭാര്യയോടൊപ്പം നീ വ്യഭിചരിക്കലാണ്. അതിൻെറ സാധൂകരണമായി അല്ലാഹു അവതരിപ്പിച്ചു: “അല്ലാഹുവിൻെറ കൂടെ മറ്റൊരു ദൈവത്തോടും പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കിയ മനുഷ്യ ജീവൻ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. അവ ആരെങ്കിലും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും”». (ഫുർഖാൻ 68) (ബുഖാരിയും മുസ്‌ലിമും സ്വഹീഹുകളിൽ ഉദ്ധരിച്ചത്)
മുകളിൽ കൊടുത്ത പ്രമാണ വാക്യങ്ങളുടെ താൽപര്യം ഒരിക്കൽ ശിർക്ക് ചെയ്തുപോയ ഒരു വ്യക്തിക്ക് പിന്നീട് ഒരിക്കലും ദുനിയാവിൽ വെച്ച് പശ്ചാത്താപമില്ല എന്നല്ല. മറിച്ച്, അതിൽനിന്ന് പശ്ചാത്തപിക്കാതെ ശിർക്കിൽ തന്നെ മരണമടയുന്ന ആളുകളോട് അല്ലാഹു ഒരിക്കലും പരലോകത്തു വെച്ച് പൊറുക്കുകയില്ല, അവർ ശാശ്വതമായി നരക ശിക്ഷ അനുഭവിക്കേണ്ടി വരും എന്നാണ്. ഇസ്‌ലാമിൻെറ പ്രബോധന ചരിത്രം തന്നെ ഇതിനു സാക്ഷിയാണ്. എത്രയോ അവിശ്വാസികൾക്ക് ശിർക്ക് ഉപേക്ഷിക്കാനും മഗ്‌ഫിറത്ത് നേടാനും സന്മാർഗ്ഗം പ്രാപിക്കാനും അല്ലാഹു തൌഫീഖ് നൽകിയിട്ടുണ്ട്. മാത്രമല്ല, താഴെ പറയുന്ന സംഭവവും അതിൽ പരാമർശിക്കുന്ന വചനങ്ങളും അതിനെ സാധൂകരിക്കുകയും ചെയ്യുന്നു.
عن ابن عباس أن ناسا من أهل الشرك أتوا محمدا فقالوا: إن الذي تقول وتدعو إليه لحسن، لو تخبرنا أن لما عملنا كفارة؟ فنزلت: ﴿والذين لا يدعون مع الله إلها آخر﴾ ونزلت: ﴿قل يا عبادي الذين أسرفوا على أنفسهم﴾ [النسائي في سننه وصححه الألباني]
«ഇബ്‌നു അബ്ബാസ് -رَضِيَ اللهُ عَنْهُمَا- നിവേദനം. മുശ്‌രിക്കുകളിൽപെട്ട ഒരു പറ്റം ആളുകൾ മുഹമ്മദ് നബി ﷺ യുടെ അരികിൽ വന്നിട്ട് പറഞ്ഞു: താങ്കൾ പറയുന്നതും ക്ഷണിക്കുന്നതുമായ കാര്യം വളരെ നല്ലതു തന്നെ. പക്ഷെ, ഞങ്ങൾ ചെയ്തുപോയതിന് ഞങ്ങൾക്ക് വല്ല പ്രായശ്ചിത്തവുമുണ്ടോ? അപ്പോഴാണ്, “അല്ലാഹുവിൻെറ കൂടെ മറ്റൊരു ദൈവത്തോടും ദുആ ചെയ്യാത്തവരും, അല്ലാഹു പവിത്രമാക്കിയ മനുഷ്യ ജീവൻ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. വല്ലവനും അത്തരം കാര്യങ്ങൾ ചെയ്യുന്ന പക്ഷം തൻെറ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും” (ഫുർഖാൻ 68) എന്ന വചനവും “പറയുക: സ്വന്തത്തോട് അതിരുവിട്ട് അതിക്രമം ചെയ്തുപോയ എൻെറ അടിയന്മാരേ, അല്ലാഹുവിൻെറ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനും” (സുമർ 53) എന്ന വചനവും അവതരിച്ചത്». (നസാഈ സുനനിൽ ഉദ്ധരിച്ചത്)
ശിർക്കോ മറ്റു വൻപാപങ്ങളോ ചെയ്യാത്തവരാണ് അല്ലാഹുവിൻെറ ഇഷ്ടദാസന്മാർ. അവരെ കുറിച്ച് പറഞ്ഞ ഫുർഖാൻ അധ്യാത്തിലെ സൂക്തങ്ങൾ വായിച്ച് ഒരാളും നിരാശപ്പെടേണ്ടതില്ല. കാരണം, ജീവിതത്തിൻെറ ഏതെങ്കിലും ഘട്ടത്തിൽ ശിർക്കോ മറ്റു വൻപാപങ്ങളോ ചെയ്തു പോയവരുടെ മുന്നിൽ പശ്ചാത്താപത്തിൻെറ കവാടങ്ങൾ തുറന്നു കിടക്കുന്നുണ്ട്. അനുതാപത്തോടെ മടങ്ങി വരുന്ന തൻെറ ദാസന്മാരെ രാപ്പകൽ ഭേദമന്യെ സ്വീകരിക്കാൻ അല്ലാഹു സന്നദ്ധനാണ്. അതിൽ അവനു സന്തോഷമേയുള്ളു. മരുഭൂമിയിൽ വാഹനം നഷ്ടപ്പെട്ട് മരണവുമായി മുഖാമുഖം നിൽക്കുന്ന ഒരൾക്ക് അപ്രതീക്ഷിതമായി തൻെറ വാഹനം തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തിൽ കവിഞ്ഞ സന്തോഷം. അവൻ മുഴുവൻ പാപങ്ങളും പൊറുക്കുന്നവുനം അത്യധികം കരുണ ചെയ്യുന്നവനുമാണ്.
എന്നാൽ ചർച്ചയിലിരിക്കുന്ന തൗബഃ 80-ാം സൂക്തം അവതരിച്ചത് മുനാഫിഖുകളുടെ കാര്യത്തിലാണ്. അവരെ നേർവഴിയിൽ കൊണ്ടുവരാൻ നബി ﷺ എത്ര തന്നെ ആഗ്രഹിച്ചാലും അവർ കാപട്യം കൈവിടാൻ പോകുന്നില്ല. അതു കൊണ്ടു തന്നെ അല്ലാഹു അവരോട് പൊറുക്കാനും പോകുന്നില്ല എന്നതാണ് അതിൻെറ താൽപര്യം. അല്ലാതെ, ഒരിക്കൽ ശിർക്ക് ചെയ്തു പൊയ ഒരാൾക്ക് ഒരിക്കലും തൗബഃ ഇല്ലെന്നോ അവർ ഒരിക്കലും സന്മാർഗ്ഗത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ലെന്നോ അല്ലാഹു അവരോട് ഒരിക്കലും പൊരുക്കുകയില്ലെന്നോ അതിനർത്ഥമില്ല. തൗബഃ 84-ാം സൂക്തം കൂടി വായിക്കുമ്പോൾ കാര്യം വ്യക്തമാകും.
﴿ وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ ﴾ [التوبة ٨٤]
«നീ ഒരിക്കലും അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നമസ്കരിക്കരുത്. അവൻെറ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവൻെറ ദൂതനിലും അവിശ്വസിക്കുകയും, അധർമ്മകാരികാളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു». (തൗബഃ 84)