﴿ وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ ﴾ [التوبة ٦]

[മുശ്‌രിക്കുകളിൽ ആരെങ്കിലും നിൻെറയുടുക്കൽ അഭയം തേടിയാൽ അല്ലാഹുവിന്‍റെ വചനം അവന്‍ കേൾക്കുന്നതു വരെ അവനു അഭയം നല്‍കുക. ശേഷം അവനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ഒരു ജനതയാണ് എന്നതിനാലാണത്.] (തൗബഃ 6)


ഖുർആൻ കേൾക്കുക എന്നു പറഞ്ഞുതുകൊണ്ടു വിവക്ഷ ഇസ്‌ലാമിനെപ്പറ്റി സാമാന്യമായെങ്കിലും അവർ പഠിക്കുക എന്നാകുന്നു. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1273)


മേൽ സൂക്തത്തിൽ പറഞ്ഞിരിക്കുന്ന ‘അല്ലാഹുവിൻെറ വചനം’ കൊണ്ടു വിവക്ഷിക്കുന്നത് ഖുർആനിനെയാണ്. അല്ലാഹുവിൻെറ വചനം എന്നോ അല്ലാഹു സംസാരിച്ചു എന്നോ പറയുമ്പോൾ അതുകൊണ്ട് അർത്ഥമാക്കുന്നത് അവനു വചനം (كَلَام) എന്നു പറയുന്ന ഗുണവിശേഷമുണ്ട് എന്നാണ്. അത് പൂർണ്ണതയുടെയും സൗന്ദര്യത്തിൻെറയും ഗുണവിശേഷമാണ്.

അല്ലാഹു ഉദ്ദേശിക്കുന്നത്, ഉദ്ദേശിക്കുന്ന വിധത്തിൽ, ഉദ്ദേശിക്കുന്ന സമയത്ത് അവൻ സംസാരിക്കും. അവൻെറ വചനം അവൻെറ മഹത്വത്തിനു നിരക്കുന്ന വിധമായിരിക്കും. അത് കിടയറ്റതാണ്, അതിനു താരതമ്യമില്ല; സൃഷ്ടികളുടെ വചനങ്ങളോട് സാദൃശ്യവുമില്ല. ചില ഉദാഹരണങ്ങൾ കാണുക: അല്ലാഹു സ്വർഗ്ഗത്തിൽ വെച്ച് ആദമിനോടും ഹവ്വായോടും -عَلَيْهِمَا السَلَامُ- സംസാരിച്ചു.

﴿ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴾ [الأعراف 22]

[അവര്‍ ഇരുവരുടെയും റബ്ബ് അവരെ വിളിച്ചു പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിരുന്നില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലേ?] (അഅ്റാഫ് 22).

ത്വൂർ പർവ്വതത്തിൻെറ വലതു ഭാഗത്തെ പരിശുദ്ധമായ ത്വുവാ താഴ്‌വരയിൽ വെച്ച് അല്ലാഹു മൂസാ നബി -عَلَيْهِ السَلَامُ- യോട് സംസാരിച്ചു.

﴿ وَنَادَيْنَاهُ مِن جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا ﴾ [مريم 52]

[ത്വൂർ പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ ഉച്ചത്തിൽ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം അനുവദിക്കുകയും ചെയ്തു.]  (മർയം 52)

﴿ إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى [النازعات 16]

[പരിശുദ്ധമായ ത്വുവാ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ റബ്ബ് അദ്ദേഹത്തെ വിളിച്ച് സംസാരിച്ച സന്ദര്‍ഭം.] (നാസിആത് 16)

ആകാശാരോഹണ വേളയിൽ അല്ലാഹു മുഹമ്മദ് നബി ﷺ യോട് സംസാരിച്ചു.

فلم أزل أرجع بين ربي وبين موسى ويحط عني خمسا خمسا حتى قال: يا محمد! هن خمس صلوات في كل يوم وليلة بكل صلاة عشر فتلك خمسون صلاة. [مسلم وأحمد والسياق له وصححه الألباني]

[അങ്ങനെ ഞാൻ എൻെറ റബ്ബിനും മൂസാ നബിക്കും ഇടയിൽ പോയിവന്നുകൊണ്ടിരുന്നു. അങ്ങനെ ഓരോ തവണയും അഞ്ചു വീതം നമസ്കാരങ്ങൾ എനിക്ക് ഒഴിവാക്കിത്തന്നു. അവസാനം അല്ലാഹു പറഞ്ഞു: ഓരോ രാപ്പകലുകളിലും അഞ്ചു നമസ്കാരം. ഓരോ നമസ്കാരത്തിനും പത്തിൻെറ ഫലം. അങ്ങനെ അമ്പത് നമസ്കാരം.] (മുസ്‌ലിം സ്വഹീഹിലും അഹ്‌മദ് മുസ്‌നദിലും ഉദ്ധരിച്ചത്)

അന്ത്യനാളിൽ അല്ലാഹു ഓരോരുത്തരോടും സംസാരിക്കും. നബി ﷺ പറയുന്നു:

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ: قَالَ النَّبِيُّ ﷺ: مَا مِنْكُمْ مِنْ أَحَدٍ إِلَّا وَسَيُكَلِّمُهُ اللَّهُ يَوْمَ القِيَامَةِ، لَيْسَ بَيْنَ اللَّهِ وَبَيْنَهُ تُرْجُمَانٌ، ثُمَّ يَنْظُرُ فَلاَ يَرَى شَيْئًا قُدَّامَهُ، ثُمَّ يَنْظُرُ بَيْنَ يَدَيْهِ فَتَسْتَقْبِلُهُ النَّارُ، فَمَنِ اسْتَطَاعَ مِنْكُمْ أَنْ يَتَّقِيَ النَّارَ وَلَوْ بِشِقِّ تَمْرَةٍ. [البخاري في صحيحه]

[അദിയ്യ് ബിൻ ഹാതിം -رَضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറഞ്ഞു: തനിക്കും അല്ലാഹുവിനും ഇടയിൽ ഒരു ദ്വിഭാഷി പോലുമില്ലാതെ, അന്ത്യനാളിൽ നിങ്ങളിൽ ഒരാളെ പോലും അല്ലാഹു സംസാരിക്കാതെ വിടില്ല. അങ്ങനെ അവൻ തൻെറ മുന്നിലേക്ക് നോക്കുന്നു. ഒരു നന്മയും കാണാനില്ല. പിന്നെ നോക്കുമ്പോൾ അവൻെറ മുമ്പാകെ നരകമാണ് അവനെ അഭിമുഖീകരിക്കുന്നത്. നിങ്ങൾക്ക് ആർക്കെങ്കിലും ഒരു കാരക്കച്ചീൾ കൊണ്ടെങ്കിലും നരകം തടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

വചനം എന്നത് അവൻെറ ഒരു ഗുണവിശേഷമാണ്. അത് പൂർണ്ണതയുടെയും സൗന്ദര്യത്തിൻെറയും ഗുണമാണ്. അതൊരു നിലയിലും വിലക്ഷണമല്ല, അതിലൊരു ന്യൂനതയുമില്ല. അത് അവൻെറ സത്തയോടൊപ്പം അനാദിയും അനന്തവുമായി നിലകൊള്ളുന്നു. അടിസ്ഥാനപരമായ ഈ ഗുണത്തെ അല്ലാഹുവിൻെറ സത്താപരമായ സ്വിഫത് (صِفَةٌ ذَاتِيَّةٌ) എന്നു വിശേഷിപ്പിക്കാം.

എന്നാൽ, അല്ലാഹു ഉദ്ദേശിക്കുമ്പോൾ സംസാരിക്കുന്ന അവൻെറ ഓരോരോ വചനവിശേഷത്തിൻെറ കാര്യം എടുക്കാം. അത് അവൻെറ ഇഛയുമായി (مَشِيئَةٌ) ബന്ധപ്പെട്ട കർമ്മപരമായ ഗുണവിശേഷമാണ് (صِفَةٌ فِعْلِيَّةٌ). മുൻഗാമികൾക്ക് അല്ലാഹു നൽകിയ തൗറാത്ത്, ഇൻജീൽ, സബൂർ പോലുള്ള  ഗ്രന്ഥങ്ങൾ അവൻെറ വചനങ്ങളാണ്. ഖുർആൻ അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് ഇറക്കിക്കൊടുത്ത വചനമാണ്. അവയെല്ലാം അവൻ വചിക്കുന്നത് ശബ്ദവും ലിപിയുമായിട്ടാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന നിരവധി പ്രമാണരേഖകൾ ഖുർആനിലും സുന്നത്തിലുമുണ്ട്. ഉദാഹരണമായി ചർച്ചയിലിരിക്കുന്ന സൂക്തം തന്നെ പരിശോധിക്കുക: അതിൽ “അല്ലാഹുവിന്‍റെ വചനം അവന്‍ കേൾക്കുന്നതു വരെ” (حَتَّى يَسْمَعَ كَلَامَ اللهِ) എന്നത് സൂചിപ്പിക്കുന്നത് അതിന് ശബ്ദമുണ്ട് എന്നു തന്നെയാണ്. കൂടാതെ, അല്ലാഹുവിൻെറ സംസാരത്തിന് ശബ്ദമുണ്ട് എന്ന കാര്യം നബി ﷺ വ്യക്തമായി തന്നെ പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ بْنِ أُنَيْسٍ قَالَ: سَمِعْتُ النَّبِيَّ ﷺ يَقُولُ: يَحْشُرُ اللَّهُ العِبَادَ، فَيُنَادِيهِمْ بِصَوْتٍ يَسْمَعُهُ مَنْ بَعُدَ كَمَا يَسْمَعُهُ مَنْ قَرُبَ: أَنَا المَلِكُ، أَنَا الدَّيَّانُ. [البخاري في صحيحه معلقا ووصله في خلق أفعال العباد وأحمد في مسنده وصححه الألباني]

[അബ്‌ദുല്ലാ ബിൻ ഉനൈസ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറഞ്ഞു: അന്ത്യനാളിൽ അല്ലാഹു സൃഷ്ടികളെ ഒരുമിച്ച് കൂട്ടും. സമീപത്തുള്ളവർ കേൾക്കുന്നതു പോലെ വിദൂരത്തള്ളവരും കേൾക്കുന്ന ശബ്ദത്തിൽ അവൻ അവരോട് ഉച്ചത്തിൽ വിളിച്ചു പറയും: ഞാനാണ് അധികാരസ്ഥൻ, ഞാനാണ് പ്രതിഫലം നൽകുന്നവൻ.] (ബുഖാരി സ്വഹീഹിൽ മുഅല്ലഖായി ഉദ്ധരിച്ചത്)

അല്ലാഹു വചിക്കുന്നത് ശബ്ദമെന്ന പോലെ ലിപിയോടും കൂടിയാണ്. ശബ്ദം പോലെ തന്നെ, ആശയം വിനിമയ സാധ്യമാക്കുന്ന മറ്റൊരുപാധിയാണല്ലോ ലിപി. നമുക്ക് നൽകിയ ഗ്രന്ഥത്തെ ഖുർആൻ എന്നു പറയുന്നത് വായിക്കാവുന്നത് എന്ന അർത്ഥത്തിലാണ്. അതിനു തന്നെ എഴുതാവുന്നത് എന്ന അർത്ഥത്തിൽ കിതാബ് എന്ന വിശേഷണവുമുണ്ട്. അപ്പോൾ അല്ലാഹു തൻെറ വചനം അവതരിപ്പിച്ചത് ശബ്ദത്തോടും ലിപിയോടും കൂടിയാണെന്ന് വ്യക്തം. അതു പോലെ, മൂസാ നബി -عَلَيْهِ السَلَامُ- ന് അല്ലാഹു തൗറാത്ത് നൽകിയത് ഫലകത്തിൽ എഴുതിയാണ്. അല്ലാഹു പറയുന്നു:

﴿ وَكَتَبْنَا لَهُ فِي الْأَلْوَاحِ مِن كُلِّ شَيْءٍ مَّوْعِظَةً وَتَفْصِيلًا لِّكُلِّ شَيْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا بِأَحْسَنِهَا ۚ سَأُرِيكُمْ دَارَ الْفَاسِقِينَ ﴾ [الأعراف 145]

[സകലതിനുമുള്ള വിശദീകരണവും സദുപദേശവും എന്ന നിലയിൽ എല്ലാറ്റിനെ കുറിച്ചും അദ്ദേഹത്തിനു നാം ഫലകങ്ങളിൽ എഴുതിക്കൊടുത്തു. അവയെ നീ മുറുകെപിടിക്കുക, അവയിലുള്ള ഉത്തമ കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിൻെറ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം ഞാന്‍ നിങ്ങള്‍ക്ക് പിന്നിട് കാണിച്ചുതരാം.] (അഅ്റാഫ് 145)

അല്ലാഹുവിൻെറ വചനത്തിൽനിന്ന് വായിക്കപ്പെടുന്നത് അതിലെ അക്ഷരങ്ങളാണ്. അല്ലാഹുവിൻെറ വചനമായ ഖുർആൻ ശബ്ദത്തോടും അക്ഷരത്തോടും കൂടിയതാണെന്നതിനുള്ള മറ്റൊരു തെളിവ് കൂടി കാണുക:

عن عَبْدِ اللَّهِ بْنَ مَسْعُودٍ، يَقُولُ: قَالَ رَسُولُ اللَّهِ ﷺ: مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ [الترمذي في سننه وصححه الألباني]

[അബ്‌ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിൻെറ ഗ്രന്ഥത്തിൽ നിന്ന് ഒരാൾ ഒരക്ഷരം പാരായണം ചെയ്താൽ അത് അവന്നുള്ള ഒരു നന്മയാണ്. നന്മ പത്തിരട്ടിയായിട്ടാണ് നൽകപ്പെടുക. അലിഫ്-ലാം-മീം എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. മറിച്ച്, അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരവും. മീം വേറെ ഒരക്ഷരവും.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

മുഹമ്മദ് നബി ﷺ യുടെ മുഅ്ജിസത്തും അവസാന ഗ്രന്ഥവുമായ ഖുർആൻ സൃഷ്ടിയല്ല, അല്ലാഹുവിൻെറ വചനമാണ്. ശബ്ദവും ലിപിയും സഹിതമാണ് അവൻ അതു വചിച്ചത്. അത് ഉപരിയിൽനിന്ന് ഇറക്കപ്പെട്ടതാണ്. അവനിൽനിന്നുള്ളതും അവനിലേക്കു തന്നെ മടങ്ങാനുള്ളതുമാണ്. ഖുർആനിനെ കുറിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസ സംഗ്രഹം ഇങ്ങനെയാണ്. അല്ലാഹു പറയുന്നു:

﴿ وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ۞ نَزَلَ بِهِ الرُّوحُ الْأَمِينُ ۞ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ﴾ [الشعراء 192-194]

[തീര്‍ച്ചയായും ഇത് ലോകരുടെ റബ്ബായ അല്ലാഹു ഇറക്കിയതാണ്. വിശ്വസ്തനായ മലക്ക് ജീബ്‌രീലാണ് അതുമായി ഇറങ്ങിയത്. നിൻെറ ഹൃദയത്തിലേക്കാണ് അതുമായി വന്നത്. താങ്കൾ മുന്നറിയിപ്പുകാരിൽപെട്ടവനായിരിക്കുവാൻ വേണ്ടിയാണത്.] (ശുഅറാഅ് 192-194)

അല്ലാഹുവിൽനിന്നുള്ളതാണ് ഖുർആൻ. അവസാന കാലത്ത് അത് അല്ലാഹുവിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. പിന്നിട് ഭൂമുഖത്ത് അതിൽനിന്നുള്ള ഒരു വചനവും അവശേഷിക്കുകയില്ല. മനുഷ്യഹൃദയങ്ങളിലോ ഗ്രന്ഥത്താളുകളിലോ ഒന്നും ബാക്കി വെക്കാതെ ഒരു രാവുകൊണ്ട് അത് ഉയർത്തപ്പെടും. നബി ﷺ പറയുന്നത് കാണുക:

يدرس الإسلام كما يدرس وشي الثوب حتى لا يدرى ما صيام ولا صلاة ولا نسك ولا صدقة وليسرى على كتاب الله عز وجل في ليلة فلا يبقى في الأرض منه آية، وتبقى طوائف من الناس: الشيخ الكبير والعجوز، يقولون: أدركنا آباءنا على هذه الكلمة: ” لا إله إلا الله ” فنحن نقولها. [الألباني في الصحيحة]

[വസ്ത്രത്തിലെ അലങ്കാരവേലകൾ മാഞ്ഞു പോകുന്നതു പോലെ, ഇസ്‌ലാമിനു അപചയം സംഭവിച്ച് എല്ലാം തേഞ്ഞുമാഞ്ഞ് പോകും. നോമ്പോ നമസ്കാരമോ ബലികർമ്മമോ ദാനധർമ്മമോ എന്താണെന്ന് ആർക്കും അറിയാത്ത അവസ്ഥ വരും. അല്ലാഹുവിൻെറ ഗ്രന്ഥം ഒരു രാവു കൊണ്ട് ഉയർത്തപ്പെടും. പിന്നീട് അതിലെ ഒരു വചനം പോലും ഭൂമുഖത്ത് അവശേഷിക്കുകയില്ല. ജനങ്ങളിൽ ഏതാനും വിഭാഗങ്ങൾ അവശേഷിക്കും; വയോധികരായ സ്ത്രീ പുരുഷന്മാർ. അവർ പറയും: ഞങ്ങളുടെ പിതാക്കളെ ഞങ്ങൾ കാണുമ്പോൾ അവർ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ഈയൊരു വചനം ഉരുവിടാറുണ്ടായിരുന്നു. അതിനാൽ അത് ഞങ്ങളും ഉഛരിക്കുന്നു.] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

അല്ലാഹുവിൻെറ വചനങ്ങൾ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അവർണ്ണനീയമെന്നേ പറയേണ്ടൂ അവയുടെ ശക്തിയും സൗന്ദര്യവും. സപ്തസാഗരങ്ങൾ കൊണ്ടെഴുതിയാലും അല്ലാഹുവിൻെറ വചനങ്ങൾ തീർന്നു പോവുകയില്ല.

﴿ قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا ﴾ [الكهف 109]

[പറയുക: സാഗരങ്ങൾ എന്‍റെ റബ്ബിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ റബ്ബിൻെറ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുമായിരുന്നു. തത്തുല്യമായ മറ്റൊരു സമുദ്രം കൂടി നാം അതിലേക്ക് കൂട്ടിചേർത്താലും ശരി.] (കഹ്ഫ് 109)

വചനങ്ങൾ കൊണ്ടാണ് അവൻ സൃഷ്ടിക്കുന്നത്. വചനങ്ങൾ കൊണ്ടാണ് അവൻ സ്ഥിതി പരിപാലിക്കുന്നത്. വചനങ്ങൾ കൊണ്ടാണ് അവൻ എല്ലാം ഉടമപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും.

﴿ إِنَّمَا قَوْلُنَا لِشَيْءٍ إِذَا أَرَدْنَاهُ أَن نَّقُولَ لَهُ كُن فَيَكُونُ ﴾ [النحل 40]

[നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് നാം ഉണ്ടാകു എന്ന വചനം പറയുക മാത്രം. അപ്പോഴത് ഉണ്ടായിരിക്കും.] (നഹ്ൽ 40)

ഈരേഴ് പതിനാലുലകങ്ങളിലും അവൻെറ വചനങ്ങൾ മറികടക്കാൻ ഒരു മാടമ്പിക്കോ പുണ്യവാളനോ സാധിക്കുകയുമില്ല. സ്ഥിരപ്പെട്ട പ്രാർത്ഥനയിൽ ഇപ്രകാരം വന്നിരിക്കുന്നു:

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ..[أحمد في مسنده وصححه الألباني]

[ഞാൻ കാവൽ തേടുന്നത്, അല്ലാഹുവിൻെറ അന്യൂനമായ പൂർണ്ണതയുടെ വചനങ്ങൾ കൊണ്ടാണ്. ഒരു പുണ്യവാളനോ മാടമ്പിക്കോ അവയെ മറികടക്കാനാവില്ല..] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

അല്ലാഹുവിന് വചനം എന്ന സത്താപരമായ ഗുണവിശേഷമുണ്ട്. അവനുദ്ദേശിക്കുന്നത് ഉദ്ദേശിക്കന്ന പ്രകാരം അവൻ സംസാരിക്കുകയും ചെയ്യും. അവൻെറ മഹത്വത്തോട് നിരക്കുന്ന അതുല്യവും അജയ്യവുമായ വചനങ്ങൾ. എന്നാൽ ജഹ്‌മിയ്യഃ, മുഅ്തസിലഃ, ബാത്വിനിയ്യഃ, റാഫിളഃ, ഖവാരിജ്, അശ്അരിയ്യഃ പോലുള്ള പിഴച്ച കക്ഷികൾ അല്ലാഹുവിൻെറ ഈ ഗുണത്തെ നിഷേധിക്കുന്നു. അവരുടെ വാദമുഖങ്ങൾ വ്യത്യസ്തമാണെങ്കിലും അന്തിമമായി അവരെല്ലാം അല്ലാഹു സംസാരിക്കുകയില്ല എന്ന കാര്യത്തിൽ യോജിക്കുന്നു. വചനം എന്ന പൂർണ്ണതയുടെ ഗുണവിശേഷത്തിൽനിന്ന് അവനെ അവർ നിർഗ്ഗുണീകരിക്കുന്നു. അതിനാൽ തന്നെ ഖുർആനിനെ കുറിച്ച് അവർ അല്ലാഹുവിൻെറ വചനമെന്ന് പറയുകയില്ല. മക്കാ മുശ്‌രിക്കുകളുടെ ബുദ്ധികേന്ദ്രവും നായകനുമായിരുന്ന വലീദാണ് ഖുർആൻ അല്ലാഹുവിൻെറ വചനമാണെന്നത് അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ചത്. അതിൻെറ അനന്തര ഫലം എന്തെന്നു കൂടി അല്ലാഹു പറയുന്നത് കാണുക:

﴿ فَقَالَ إِنْ هَذَا إِلَّا سِحْرٌ يُؤْثَرُ ۞ إِنْ هَذَا إِلَّا قَوْلُ الْبَشَرِ۞ سَأُصْلِيهِ سَقَرَ ﴾ (المدثر 24-26)

[എന്നിട്ടവന്‍ പറഞ്ഞു: ഇത് ഉദ്ധരിക്കപ്പെട്ടുപോരുന്ന മാരണം മാത്രമാണ്. ഇത് മനുഷ്യൻെറ വാക്കല്ലാതെ മറ്റൊന്നുമല്ല. അവനെ ഞാൻ നരകത്തിലിട്ട് കരിക്കുക തന്നെ  ചെയ്യും. (മുദ്ദസിർ 24-26)

ജഹ്‌മികളും മുഅ്തസിലികളും വചനം എന്ന ഗുണവിശേഷത്തെ നിഷേധിക്കുക മാത്രമല്ല ഖുർആൻ സൃഷ്ടിയാണെന്നു കൂടി വാദിച്ചു. അബ്ബാസി ഖലീഫമാരായ മഅ്മൂൻ, മുഅ്തസ്വിം, വാഥിഖ് എന്നിവർ അവരുടെ സ്വാധീന വലയത്തിൽ അകപ്പെട്ടു. അധികാരം ഉപയോഗിച്ച് ഈ തെറ്റായ വാദഗതി അഹ്‌ലുസ്സുന്നഃയുടെ മേൽ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിച്ചു. അവരെ കിരാതമായ പീഡന മർദ്ദനങ്ങൾക്ക് ഇരയാക്കി. ഇതോടനുബന്ധിച്ച് ഇസ്‌ലാമിക ചരിത്രത്തിൽ സമാനതകളില്ലാത്ത അതീവ ഗുരുതരമായ സാഹചര്യം ഉടലെടുത്തു. ഇമാം അഹ്‌മദ് -رَحِمَهُ اللهُ- അടക്കമുള്ള പല പണ്ഡിതന്മാരും മാനംമുട്ടുന്ന പർവ്വതനിരകൾക്കു പോലും താങ്ങാനാവാത്ത വിധമുള്ള അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. ഖുർആൻ സൃഷ്ടിയാണെന്ന് പറയാൻ വേണ്ടി പദവികളിൽനിന്ന് ഒഴിവാക്കുക, ഉപജീവനം മുട്ടിക്കുക, കൽതുറുങ്കിലടക്കുക, ചമ്മട്ടികൊണ്ട് അടിക്കുക, വധിച്ച് കളയുക പോലുള്ള നിഷ്‌ഠൂരമായ മർദ്ദന മുറകളാണ് അവർ നടപ്പിലാക്കിയിരുന്നത്. പല വൻമരങ്ങളും കടപുഴകി വീണു. ഈ പരീക്ഷണത്തിൻെറ തീച്ചൂളയിൽ ഇമാം അഹ്‌മദ് -رَحِمَهُ اللهُ- ആടാതെ ഉലയാതെ ഉറച്ചുനിന്നു. അലിയ്യു ബിൻ അൽമദീനി -رَحِمَهُ اللهُ- യുടെ വാക്കുകൾ തന്നെ ഉദ്ധരിക്കട്ടെ:

قال علي بن المديني: أيد الله هذا الدين برجلين، لا ثالث لهما، أبو بكر الصديق يوم الردة، وأحمد بن حنبل في يوم المحنة [أبو يعلى في طبقات الحنابلة]

[അല്ലാഹു ഈ ദീനിനെ ശക്തിപ്പെടുത്തിയത് രണ്ടു മനുഷ്യരെക്കൊണ്ടാണ്, അവരോടൊപ്പം മൂന്നാമതൊരാളെ പറയാനില്ല. നബി ﷺ യുടെ വിയോഗാനന്തരമുണ്ടായ മതപരിത്യാഗ കാലത്ത് അബൂബക്ർ -رَضِيَ اللهُ عَنْهُ- നെ കൊണ്ടും ഖുർആൻ അല്ലാഹുവിൻെറ വചനമല്ല, സൃഷ്ടിയാണെന്ന് പറയിപ്പിക്കാൻ വേണ്ടി നടത്തിയ പരീക്ഷണ കാലത്ത് അഹ്‌മദ് رَحِمَهُ اللهُ- യെ കൊണ്ടും. (അബൂ യഅ്ലാ | ത്വബഖാതുൽ ഹനാബിലഃ)

കുതന്ത്രങ്ങൾ അവസാനിക്കുന്നില്ല. ജഹ്‌മികളുടെ തേരോട്ടത്തോടെ പാമരന്മാരുടെയും പണ്ഡിതന്മാരുടെയും വിശ്വാസം ഒരു പോലെ ചോദ്യം ചെയ്യപ്പെട്ടു. ഖുർആൻ സൃഷ്ടിയാണെന്ന് സ്ഥാപിക്കാനായി ജഹ്‌മികൾ അല്ലാഹുവിലേക്ക് ചേർത്തു പറയുന്ന മറ്റു ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചു. അല്ലാഹുവിൻെറ ഒട്ടകം, അല്ലാഹുവിൻെറ ഭവനം എന്നൊക്കെ പറയുന്നതു പോലെ, ഖുർആൻ അല്ലാഹുവിൻെറ വചനം എന്നു പറഞ്ഞോളൂ, കുഴപ്പമില്ല എന്നായി. അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാർ വ്യക്തത വരുത്തി: ഖുർആൻ അല്ലാഹുവിൻെറ ഇറക്കപ്പെട്ട വചനമാണ്, സൃഷ്ടിയല്ല (القرآن كلام الله منزل غير مخلوق) എന്നു തന്നെ പറയണമെന്ന നിലപാടെടുത്തു.

അന്ത്യനാൾ വരെ പിശാചിനു മരണമില്ല, അവൻ അടങ്ങിയിരിക്കുകയുമില്ല. ആശയക്കുഴപ്പങ്ങളുടെ പെരുമഴയായി അവൻ വീണ്ടും പെയ്തിറങ്ങി. പുതിയ വാദമുഖം തുറന്നു: മനുഷ്യൻ ഖുർആൻ ഉച്ചരിക്കുമ്പോൾ അത് സൃഷ്ടിയാണ്, മനുഷ്യൻ ഖുർആൻ ലിപികളിലേക്ക് പകർത്തുമ്പോൾ അത് സൃഷ്ടിയാണ്. അതിനാൽ പറയൂ: لَفْظِي بِالْقُرْآنِ مَخْلُوقٌ (ഖുർആൻ ഞാൻ ഉച്ചരിക്കുമ്പോൾ അത് സൃഷ്ടിയാണ്) എന്ന്. ഇതായിരുന്നു അവരുടെ അവസാനത്തെ കച്ചിത്തുരുമ്പ്.

ഉച്ചരിക്കുക എന്ന പ്രവൃത്തി വേറെ, ഉച്ചരിക്കപ്പെടുന്ന കാര്യം വേറെ. എഴുതുക എന്ന പ്രവൃത്തി വേറെ, എഴുതപ്പെടുന്ന കാര്യം വേറെ. ഖുർആൻ ആർ ഉച്ചരിച്ചാലും അത് അല്ലാഹു ഇറക്കിയ അവൻെറ വചനമാണ്, സൃഷ്ടിയല്ല. ഖുർആൻ ആർ ലിപിയിലേക്ക് പകർത്തിയാലും അത് അല്ലാഹു ഇറക്കിയ അവൻെറ വചനമാണ്, സൃഷ്ടിയല്ല. ഉച്ചരിക്കുക, എഴുതുക എന്നീ പ്രവൃത്തികളുടെ മറവിൽ ഉച്ചരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്ന വചനത്തെ സൃഷ്ടിയാക്കി കട്ടുകടത്താനാണ് അവർ ശ്രമിച്ചത്. സുന്നത്തിൻെറ ഇമാമുകളും പണ്ഡിതന്മാരും അതിന് തടയിട്ടു. അവരുടെ നിലപാടുകൾ അസന്ദിഗ്ദ്ധമായിരുന്നു. അവർ പറഞ്ഞു: ആരെങ്കിലും لَفْظِي بِالْقُرْآنِ مَخْلُوقٌ (ഖുർആൻ ഞാൻ ഉച്ചരിക്കുമ്പോൾ അത് സൃഷ്ടിയാണ്) എന്ന് പറഞ്ഞാൽ അവൻ ജഹ്‌മീ പക്ഷക്കാരനാണ്, ബിദ്അത്തുകാരനാണ്.

പിശാച് അറ്റത്തിനുമപ്പുറം നിന്ന് ആഞ്ഞുപിടിച്ചു. അവനറിയാം വിശ്വാസത്തിന് വ്യക്തതയും ദാർഢ്യവും അസന്ദിഗ്ദ്ധതയും അനിവാര്യമാണെന്ന്. സന്ദേഹവും സംശയവും ജനിപ്പിച്ച് ആളുകളുടെ വിശ്വാസം തകർക്കാമെന്ന വ്യാമോഹവുമായി അവൻ രംഗത്തിറങ്ങി. ഖുർആൻ ഞാൻ ഉച്ചരിക്കുമ്പോൾ അത് സൃഷ്ടിയാണോ അല്ലേ എന്ന കാര്യം, സൂക്ഷ്മതയുടെ ഭാഗമായി തീർച്ചപ്പെടുത്താതെ, നിലപാടു വ്യക്തമാക്കാതെ ഒഴിഞ്ഞുനിൽക്കാൻ അവൻ ഉപദേശിച്ചു. തീയിൽ കുരുത്ത സത്യം വെയിലത്തു വാടുകയില്ലല്ലോ. അഹ്‌ലുസ്സുന്നഃയുടെ ഇമാമായ അഹ്‌മദ് -رَحِمَهُ اللهُ- സത്യത്തിൻെറ അതിരുകൾ ദ്വന്ദരേഖകൾ വരച്ചു വ്യക്തമാക്കി: വിശ്വാസ കാര്യങ്ങളിൽ ഉറപ്പു വേണം, സംശയം പാടില്ല. വ്യക്തത വേണം, അസ്പഷ്ടത പാടില്ല, സത്യത്തോട് പ്രതിബദ്ധതയും ആർജ്ജവവും പുലർത്തണം, ഒഴിഞ്ഞുമാറാനോ മാറിനിൽക്കാനോ പാടില്ല. ആരെങ്കിലും തൻെറ വിശ്വാസത്തിൽ – അഥവാ താൻ ഖുർആൻ ഉച്ചരിക്കുമ്പോൾ അത് അല്ലാഹു ഇറക്കിയ അവൻെറ വചനം തന്നെയാണ്, സൃഷ്ടിയല്ല എന്ന കാര്യത്തിൽ – സംശയിക്കുകയോ, തീർച്ചപ്പെടുത്താതെയും നിലപാടു വ്യക്തമാക്കാതെയും മാറിനിൽക്കുകയോ ചെയ്യുന്നുവെങ്കിൽ അത് നൂതന പ്രവണതയാണ്, ബിദ്അത്താണ്, ജഹ്‌മിയ്യത്തിൻെറ ഭാഗമാണ്.

ഒടുവിൽ അസത്യത്തിൻെറ കരിനിഴൽ നീങ്ങി. ജഹ്‌മിയ്യത്തിൻെറ സ്വാധീനത്തിന് അറുതി വരുത്തി അബ്ബാസീ ഖലീഫഃയായ മുതവക്കിൽ അധികാരത്തിൽ വന്നു അഹ്‌ലുസ്സുന്നഃയെ വേട്ടയാടുന്നത് നിർത്തി. ഇമാം അഹ്‌മദ് -رَحِمَهُ اللهُ- യെ  പോലുള്ളവർക്ക് അംഗീകാരവും സ്വീകാര്യതയും വർദ്ധിച്ചു.

യഅ്ഖൂബ് ബിൻ ശൈബഃ ഹദീസ് വിജ്ഞാനീയങ്ങളിൽ ഇമാമായി ഗണിക്കപ്പെട്ടിരുന്ന വ്യക്തിയാണ്. സ്വന്തമായി ഒരു മുസ്‌നദ് തന്നെ സമാഹരിച്ചിട്ടുണ്ട്. പക്ഷെ, ജഹ്‌മികളുടെ പടയോട്ടത്തിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. താൻ ഖുർആൻ ഉച്ചരിക്കുമ്പോൾ അത് അല്ലാഹു ഇറക്കിയ അവൻെറ വചനം തന്നെയാണ്, സൃഷ്ടിയല്ല എന്ന കാര്യത്തിൽ അദ്ദേഹം സന്ദേഹിച്ചു. തീർച്ചപ്പെടുത്താതെയും നിലപാടു വ്യക്തമാക്കാതെയു മാറിനിന്നു. അദ്ദേഹത്തെ ന്യായാധിപത്യം (قَضَاءٌ) ഏൽപിക്കുന്നതു സംബന്ധിച്ച് ഇമാം അഹ്‌മദ് -رَحِمَهُ اللهُ- യോട് ഖലീഫഃ കൂടിയാലോചിച്ചു. ജഹ്‌മിയ്യത്തിൻെറ അപനിർമ്മിതികളിൽനിന്ന് മുക്തി നേടാനാവാത്ത യഅ്ഖൂബ് ബിൻ ശൈബഃയെ ന്യായാധിപത്യം ഏൽപിക്കരുതെന്ന് അദ്ദേഹം ശിപാർശ ചെയ്തു. ഖലീഫഃ അത് സ്വീകരിച്ച് നടപ്പിലാക്കുകയും ചെയ്തു. ولله الحمد

ശൈഖ് മുഹമ്മദ് അമാനുൽ ജാമീ -رَحِمَهُ اللهُ- യുടെ പ്രഭാഷണത്തിൽനിന്നുള്ള ഒരു ഭാഗം ഉദ്ധരിക്കാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല. അദ്ദേഹം പറയുന്നു:

سينتهي كل باطل، طالت الأيام أم قصرت، ويبقى الحق، دائماً وأبداً، هكذا هذه سنة الله، وقد تطول المهلة، لأن الله يمهل ولا يهمل، ولكن العاقبة للمتقين. [محمد أمان الجامي في محضارة ليس من النصيحة في شيء]

[വ്യാജങ്ങൾക്കെല്ലാം അറുതി വരും. ദിവസങ്ങൾ എത്ര നീളുകയോ ചുരുങ്ങുകയോ ചെയ്യട്ടെ, സത്യം നിത്യമായി അജയ്യമായി എന്നുമെന്നും നിലകൊള്ളുക തന്നെ ചെയ്യും. ഇങ്ങനെയാണു കാര്യം, ഇതാണ് അല്ലാഹുവിൻെറ നടപടിക്രമം. ചിലപ്പോൾ കാലം കുറേ നീണ്ടു പോയെന്നു വരാം. അല്ലാഹു കാലവിളംബം നൽകാം. പക്ഷെ, അവൻ ഒരിക്കലും വിട്ടുകളയില്ല. ഗുണകരമായ പര്യവസാനം സൂക്ഷ്മാലുക്കൾക്ക് തന്നെയായിരിക്കും.] (മുഹമ്മദ് അമാനുൽ ജാമീ)

പുതിയവ