﴿ فَإِن كُنتَ فِي شَكٍّ مِّمَّا أَنزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِن قَبْلِكَ ۚ لَقَدْ جَاءَكَ الْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ ﴾ [يونس ٩٤]
[ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ ഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിൻെറ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്.] (യൂനുസ് 94)
മേൽ സൂക്തത്തിൻെറ നേർ പരിഭാഷ ശരാശരി വായനക്കാരിൽ സംശയമുളവാക്കാവുന്നതാണ്. മാത്രമല്ല, ചില പിഴച്ച കക്ഷികൾ അതിനെ മുൻകാലക്കാർക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ അവലംബിക്കുന്നതിനും അവരിൽനിന്ന് അറിവു തേടുന്നതിനുമുള്ള തെളിവായി ദുർവ്യാഖ്യാനിക്കാറുമുണ്ട്. മത താരതമ്യപഠനവുമായി നടക്കുന്നവരും മേൽ സൂക്തം ശരിയായി മനസ്സിലാക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാറില്ല. ഇവ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കൂടി വായിക്കുക.
യഥാർത്ഥത്തിൽ ഈ സൂക്തത്തിലുള്ളത് ഗ്രന്ഥം നൽകപ്പെട്ട മുൻഗാമികളോട് മതപരമായ കാര്യങ്ങൾ ചോദിച്ചു പഠിക്കാനുള്ള കൽപനയല്ല. മറിച്ച്, ഒട്ടുമേ സംശയമില്ലാത്ത ഒരു കാര്യത്തെ കുറിച്ച് പറയാൻ അറബി ഭാഷയിൽ പ്രചാരത്തിലുള്ള ഒരു തനതു ശൈലിയാണിത്. ഖുർആനിക ഭാഷാ പ്രയോഗങ്ങളും ശൈലികളും സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ഫർറാഅ് അതിനെ കുറിച്ച് പറയുന്നത് കാണുക:
قَالَ الْفَرَّاءُ: عَلِمَ اللَّهُ سُبْحَانَهُ وَتَعَالَى أَنَّ رَسُولَهُ غَيْرُ شَاكٍّ، لَكِنَّهُ ذَكَرَهُ عَلَى عَادَةِ الْعَرَبِ، يَقُولُ الْوَاحِدُ مِنْهُمْ لِعَبْدِهِ: إِنْ كُنْتَ عَبْدِي فَأَطِعْنِي، وَيَقُولُ لِوَلَدِهِ: افْعَلْ كَذَا وَكَذَا إِنْ كُنْتَ ابْنِي، وَلَا يَكُونُ بِذَلِكَ عَلَى وَجْهِ الشَّكِّ. [البغوي في معالم التنزيل]
[ഫർറാഅ് പറയുന്നു: തൻെറ ദൂതൻ അതിനെ കുറിച്ച് ഒട്ടും സംശയിക്കുന്നവനല്ല എന്ന് അല്ലാഹുവിനറിയാം. പക്ഷെ, അറബികളുടെ തനതു രീതിയനുസരിച്ച് അവൻ അങ്ങനെ പറഞ്ഞെന്നു മാത്രം. അവരിൽ ഒരാൾ തൻെറ അടിമയോട് പറയും: നീ എൻെറ അടിമയാണെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക. അയാൾ തൻെറ സന്തതിയോട് പറയും: നീ എൻെറ മകനാണെങ്കിൽ നീ ഇന്നതെല്ലാം ചെയ്യുക. അങ്ങനെ പറയുന്നത് സംശയത്തിൻെറ അടിസ്ഥാനത്തിലല്ല.] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)
നബി ﷺ ക്ക് അക്കാര്യത്തിൽ ഒട്ടും സംശയമുണ്ടായിട്ടില്ല. അവിടുന്ന് അവരോട് ചോദിച്ചിട്ടുമില്ല. ചോദിക്കേണ്ട കാര്യവുമില്ല. മേൽ സൂക്തത്തിനു സലഫുകൾ നൽകിയ വ്യാഖ്യാനവും അങ്ങനെയാണ്.
قَالَ قَتَادَةُ بْنُ دِعَامة: بَلَغَنَا أَنَّ رَسُولَ اللَّهِ ﷺ قَالَ: لَا أَشُكُّ وَلَا أَسْأَلُ، وَكَذَا قَالَ ابْنُ عَبَّاسٍ، وَسَعِيدُ بْنُ جُبَيْرٍ، وَالْحَسَنُ الْبَصْرِيُّ،. [ابن كثيرفي تفسيره]
[ഖതാദഃ പറയുന്നു: നബി ﷺ ഇപ്രകാരം പറഞ്ഞതായി നമുക്ക് വിവരം ലഭച്ചിരിക്കുന്നു: “ഞാൻ ഒട്ടും സംശയിക്കുന്നില്ല; ഞാൻ അതിനെ കുറിച്ച് ചോദിക്കുന്നുമില്ല.” ഇപ്രാകരമാണ് ഇബ്‌നു അബ്ബാസ്, സഈദ് ബിൻ ജുബൈർ, ഹസൻ ബസ്വ്‌രി എന്നിവർ വ്യാഖ്യാനിച്ചിരിക്കുന്നത്.] (ഇബ്‌നു കഥീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)
അത്രമേൽ ഉറപ്പുള്ള ഒരു കാര്യത്തെ കുറിച്ച് പറയാനുള്ള ഭാഷാശൈലി എന്നതല്ലാതെ, നബി ﷺ ക്കോ തൻെറ അനുയായികൾക്കോ അല്ലാഹു തൻെറ ദൂതന് അവതരിപ്പിച്ച സത്യത്തിൻെറ സന്ദേശത്തിൽ യാതൊരു സന്ദേഹവും ഉണ്ടായിരിക്കാൻ പാടില്ല. മേൽ സൂക്തം അല്ലാഹു അവസാനിപ്പിക്കുന്നത് ശ്രദ്ധിക്കുക:
﴿ لَقَدْ جَاءَكَ الْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ ﴾ [يونس ٩٤]
[തീര്‍ച്ചയായും നിനക്ക് നിൻെറ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്.] (യൂനുസ് 94)