12. സൂറത്തു – യൂസുഫ്
ഈ ചരിത്രം മുന്‍വേദ ഗ്രന്ഥത്തില്‍ – അഥവാ തൗറാത്തില്‍ – ഉള്ളതായി അവസാനത്തെ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ ബൈബിളിലും (ഉല്‍പത്തി: അദ്ധ്യായം 37-50) അതു സവിസ്തരം കാണാവുന്നതുമാണ്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1510)
യൂസുഫ് നബി -عَلَيْهِ السَلَام- ൻെറ ചരിത്രം ഖുർആനിൽ മാത്രമല്ല മുൻകാലക്കാർക്കു നൽകപ്പെട്ട ഗ്രന്ഥത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്. ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ പകർപ്പാണവയെല്ലാം. അല്ലാതെ, അവയൊന്നും ആർക്കെങ്കിലും ചമച്ചുണ്ടാക്കാവുന്ന കള്ളക്കഥകളല്ല. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളെല്ലാം അവൻെറ വഹ്‌യാണ്. അവ പരസ്പര പൂരകങ്ങളും അന്യോന്യം സത്യപ്പെടുത്തുന്നവയുമാണ്. ഈ വസ്തുത ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സൂറത്തു യൂസുഫ് അവസാനിപ്പിക്കുന്നത്.
‘അതിനു മുമ്പുള്ളതിനെ അഥവാ പൂർവ്വഗ്രന്ഥത്തെ ശരിവെക്കുന്ന’ (تَصْدِيقَ الَّذِي بَيْنَ يَدَيْهِ) എന്ന പരാമർശം മുൻനിർത്തി നേരെ ബൈബിളിലേക്കും, സത്യാസത്യങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്ന അതിലെ ആഖ്യാനങ്ങളിലേക്കും എടുത്തു ചാടുന്നത് അവിവേകമാണ്. സലഫുകളുടെ മാതൃകയിലുള്ള ഖുർആൻ വ്യാഖ്യാനത്തിൽ ഒരു നിലയിലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണത്. സാധാരണക്കാരായ മുസ്‌ലിം ബഹുജനങ്ങൾക്ക് ഖുർആൻ സൂക്തങ്ങൾ വിവരിച്ചു കൊടുക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ വിവരണത്തിൽ അനവസരത്തിൽ പോലും ബൈബിളിനെ കൂട്ടുപിടിക്കുന്ന രീതി യഥാർത്ഥത്തിൽ അവജ്ഞ ഉളവാക്കുന്നതാണ്. മതതാരതമ്യവും ബൈബിൾ വിമർശനവും വഴിമാറിയൊഴുകുന്നുവോ എന്ന തോന്നലാണ് അതുണ്ടാക്കുന്നത്. ബൈബിളിനോടുള്ള ഭക്തിയനുരാഗങ്ങൾ സ്വയം കുടിച്ചു വീർത്ത ഹൃദയങ്ങൾ ശുദ്ധപ്രകൃതിയിൽ തുടരുന്ന സാമാന്യ മുസ്‌ലിം മനസ്സുകളെ കൂടി അതു കോരിക്കുടിപ്പിക്കാൻ മുതിരുകയാണോ? ബുദ്ധിയുടെയും യുക്തിയുടെയും അഭീഷ്ടങ്ങളുടെയും അഭിപ്രായങ്ങളുടെയും പിന്നാലെ പോയവരാരും രക്ഷപ്പെട്ട ചരിത്രമില്ല. മതമൂല്യങ്ങളെയും ഇസ്‌ലാമിൻെറ ആശയാവലികളെയും അവയുടെ ആദിവിശുദ്ധിയിൽ പിന്തുടരുകയും നിലനിർത്തുകയും ചെയ്യുകയാണു വേണ്ടത്. യുക്തിയുടെയും തർക്കശാസ്ത്രത്തിൻെറയും വഴി തെരഞ്ഞെടുത്ത, ഇതര മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമായി ഇസ്‌ലാമിനെ കൂട്ടിക്കുഴക്കാൻ ശ്രമിച്ച വൻമരങ്ങൾ തലകുത്തി വീഴുന്നതാണ് നാം കാണുന്നത്. അശ്അരിയ്യത്തിൻെറ ദുർഘട പാതകളെല്ലാം താണ്ടിക്കടന്ന ഇമാമുൽ ഹറമൈൻ, അബുൽ മആലി അൽജുവൈനി ഏറ്റവും ഒടുവിൽ മരണശയ്യയിൽ വെച്ച് പ്രഖ്യാപിച്ചത് ഇപ്രകാരമാണ്:
قال أبو المعالي الجويني: اشهدوا علي أني قد رجعت عن كل مقالة تخالف السنة، وأني أموت على ما يموت عليه عجائز نيسابور. [الذهبي في سير أعلام النبلاء]
[നിങ്ങൾ സാക്ഷി! സുന്നത്തിനോട് വിയോജിക്കുന്ന സകലമാന വാദമുഖങ്ങളിൽനിന്നും ഞാൻ ഇതാ മടങ്ങിയിരിക്കുന്നു. നൈസാപൂരിലെ സർവ്വസാധാരണക്കാരികളായ ഉമ്മാമമാർ ഏതൊരു വിശ്വാത്തിലാണോ അതിലാണു ഞാൻ മരിച്ചു പോകുന്നത്.] (ദഹബി സിയറു അഅ്‌ലാമുന്നുബലായിൽ രേഖപ്പെടുത്തിയത്)
ബൈബിളും ഗീതയും എന്തെന്ന കേട്ടുകേൾവി പോലുമില്ലാത്ത നിരപരാധികളായ മുസ്‌ലിം ബഹുജനങ്ങളെ വെറുതെ വിട്ടേക്കുക. അവരുടെ ഹൃദയങ്ങൾ ബൈബിൾ കഥകൾ കേൾപ്പിച്ച് മലിനീകരിക്കാതിരിക്കുക. അവർ ശുദ്ധപ്രകൃതിയിലും ഹൃദയവിശുദ്ധിയിലും മരിച്ചു പോകട്ടെ.
ഖുർആൻ വ്യാഖ്യാനത്തിന് ബൈബിൾ ഉപയോഗിക്കുന്നത് സലഫുകളുടെ രീതിയല്ല. പൂർവ്വഗ്രന്ഥങ്ങൾ നമ്മുടെ സ്രോതസ്സുമല്ല. വിശദാംശങ്ങൾക്കു വേണ്ടി മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം വായിക്കുക.