﴿ قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ ﴾ [يوسف ١٠٨]

[പറയൂ, ഇതാണ് എൻെറ മാർഗ്ഗം: വഹ്‌യിൽനിന്ന് ലഭിക്കുന്ന ജ്ഞാനത്തിൻെറ അടിസ്ഥാനത്തിൽ ഞാനും എന്നെ പിൻപറ്റിയവരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവിൻെറ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവനെ ഞാൻ വാഴ്‌ത്തുന്നു. അവനോട് പങ്കുചേര്‍ക്കുന്നവരിൽപെട്ടവനല്ല ഞാൻ.] (യൂസുഫ് 108)


അന്ധമായ നിലക്കോ, വസ്തുനിഷ്ഠമല്ലാത്ത വിധത്തിലോ ഒന്നുമല്ല – ശരിക്കും മനസ്സിലാക്കാവുന്ന തെളിവും രേഖയും മുമ്പില്‍വെച്ചുകൊണ്ടു തന്നെയാണു – ഞാനും എന്നില്‍ വിശ്വസിച്ചു പിന്‍പറ്റിക്കൊണ്ടിരിക്കുന്ന സത്യവിശ്വാസികളും ഈ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് എന്നു സാരം.. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1574)


വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വിശദീകരണം അപര്യാപ്തമാണെന്ന് തോന്നുന്നു. ആയതിനാൽ പ്രസക്തമായ കുറച്ചു കാര്യങ്ങൾ കൂടി ചേർക്കുന്നത് ഉപകാരപ്രദമായിരിക്കും.

ആദ്യം മതപരമായ അറിവു നേടുക, തുടർന്ന് അത് പ്രാവർത്തികമാക്കുക, അറിയുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്ത കാര്യങ്ങളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുക, ഈ മൂന്നു കാര്യങ്ങളിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഉപദ്രവങ്ങളും പ്രയാസങ്ങളും സഹിക്കുക. ഇങ്ങനെയാണ് പ്രമാണബദ്ധമായ ഒരു ഇസ്‌ലാമിക ജീവിതക്രമം ചിട്ടപ്പെടുത്തേണ്ടത്. സൂറത്തുൽ അസ്വ്‌ർ നൽകുന്ന ഏറ്റവും വലിയ പാഠവും ഇതു തന്നെ.

ദൗർഭാഗ്യകരമെന്നു പറയട്ടെ, മൂല്യങ്ങൾ കുഴാമറിയുകയും മൂല്യക്രമങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ന് ഒരാൾ ദീനിൽ താൽപര്യം കാണിച്ചു തുടങ്ങുന്നതു തന്നെ ദഅ്‌വത്ത് നടത്തിക്കൊണ്ടാണ്. അറിവു നേടുക, അറിവുകൾ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരിക, ക്ഷമയും സഹനവും അവലംബിക്കുക എന്നിത്യാദി കാര്യങ്ങളെ കുറിച്ച് അധികം പേരും കേൾക്കുക പോലും ചെയ്തിട്ടില്ല. ഇസ്‌ലാം ദീനിനെ കുറിച്ച് ഒരു മുസ്‌ലിം നിർബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പോലും കേട്ടിട്ടില്ലാത്തവരാണ് ഇന്ന് വലിയ പ്രബോധകരായി വിലസുന്നത്. ആയതിനാൽ, എന്താണ് ദഅ്‌വത്ത്, ആരാണ് ദഅ്‌വത്ത് ചെയ്യേണ്ടത്, എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ദഅ്‌വത്ത് നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു ലഘുവിവരണം നൽകാം.

ഇസ്‌ലാമിനെ കുറിച്ച് ജനങ്ങൾക്ക് പ്രാഥമികമായ ധാരണ എത്തിച്ചുകൊടുക്കുക, തുടർന്ന് മതപരമായ വിഷയങ്ങൾ ക്രമപ്രകാരം പഠിപ്പിക്കുക, അത് മനുഷ്യൻെറ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് വിവർത്തനം ചെയ്യുക എന്നതാണ് ദഅ്‌വത്തിൻെറ സാമാന്യമായ വിവക്ഷ.

മനുഷ്യരാശിയിലേക്ക് നിയുക്തരായ നബിമാരുടെ ഉത്തരവാദിത്തമാണ് ദഅ്‌വത്ത്. അവരാണ് അല്ലാഹുവിൻെറ ദീൻ അവൻെറ അടിയാറുകളിലേക്ക് വിനിമയം ചെയ്യാൻ കൽപിക്കപ്പെട്ടവർ. അല്ലാഹു പറയുന്നു:

﴿ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴾ [المائدة 67]

[ഓ റസൂൽ, താങ്കളുടെ റബ്ബിങ്കൽനിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടത് താങ്ങൾ പ്രബോധനം ചെയ്യുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കൾ അവൻെറ ദൗത്യം നിറവേറ്റിയിട്ടില്ലെന്നു വരും. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കും. സത്യനിഷേധികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല തന്നെ.] (മാഇദഃ 67)

നബിമാർ മാത്രമല്ല അവരുടെ അനന്തരവന്മാരും ഈ ചുമതല ഏൽപിക്കപ്പെട്ടവരാണ്. പണ്ഡിതന്മാരാണ് അവരുടെ അനന്തരവന്മാർ. അവിടുന്ന് പറയുന്നത് കാണുക:

وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا وَإِنَّمَا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ [أخرجه الترمذي وحسنه الألباني]

[നിശ്ചയമായും പണ്ഡിതന്മാരാണ് നബിമാരുടെ അനന്തരവന്മാർ. നബിമാർ സ്വർണ്ണ നാണയമോ വെള്ളിക്കാശോ അല്ല അനന്തരം നൽകിയിട്ടുള്ളത്. അവർ അനന്തരം നൽകിയത് അറിവു മാത്രമാണ്. ആരെങ്കിലും അത് സ്വീകരിച്ചാൽ വലിയൊരു വിഹിതം തന്നെയാണ് അവൻ കൈപ്പറ്റിയിരിക്കുന്നത്. ] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

നബിമാരിൽനിന്ന് അറിവ് അനന്തരമെടുത്ത പണ്ഡിതന്മാരാണ് അവരുടെ അഭാവത്തിൽ അവർ വഹിച്ചിരുന്ന ചുമതല നിർവ്വഹിക്കേണ്ടത്. പണ്ഡിതന്മാർ അറിവിൻെറ വാഹകരാണ്. അറിവ് മറ്റുള്ളവർക്ക് വിനിമയം ചെയ്യേണ്ടതും അത് പ്രാവർത്തികമാക്കുന്നതിന് മാതൃകയായി നിലക്കൊള്ളേണ്ടതും അവരാണ്. അല്ലാതെ, അറിവില്ലാത്ത പാമര ജനങ്ങളല്ല പ്രബോധനം ചെയ്യേണ്ടത്. അവർ പ്രബോധിതരും സ്വീകർത്താക്കളുമാണ്.

നബിമാരായിരുന്നാലും അവരെ അനന്തരമെടുക്കുന്ന പണ്ഡിതന്മാരായിരുന്നാലും അവരെല്ലാം പ്രബോധനം ചെയ്യേണ്ടത് അല്ലാഹുവിലേക്കാണ്, അവൻെറ ഏകത്വത്തിലേക്കാണ്, അവൻെറ മാത്രം ആരാധ്യതയിലേക്കാണ്. അവനു പങ്കുകാരെ നിശ്ചയിക്കാൻ പാടില്ലെന്ന പരമസത്യത്തിലേക്കാണ്. അവനു പുറമെ ആരാധിക്കപ്പെടുന്ന സകലമാന ദൈവങ്ങളെയും അവർക്ക് സമർപ്പിക്കപ്പെടുന്ന ആരാധനാ കർമ്മങ്ങളെയും അവരെ ആരാധിക്കുന്ന മുശ്‌രിക്കുകളെയും വെടിയണമെന്ന വസ്തുതയിലേക്കാണ്. അല്ലാഹുവിനെ ആരാധിക്കേണ്ടത് അവൻെറ ദൂതന്മാർ മുഖേന അവൻ പഠിപ്പിച്ച രൂപത്തിൽ മാത്രമാണെന്ന മൗലിക സത്യത്തിലേക്കാണ്. ഇതാണ് അല്ലാഹു ഇറക്കിയ സന്ദേശത്തിൻെറ ആകത്തുക. അല്ലാതെ ഒരാൾക്കും തന്നിലേക്കോ തനിക്കു ഹിതകരമായ തോന്നുന്ന മറ്റു വ്യക്തികളിലേക്കോ കേന്ദ്രങ്ങളിലേക്കോ ജനങ്ങളെ ക്ഷണിക്കാൻ അവകാശമില്ല.

അറിവിൻെറയും തെളിവിൻെറയും അടിസ്ഥാനത്തിൽ മാത്രമേ ദഅ്‌വത്ത് ചെയ്യാവൂ. യുക്തിയുടെയോ ശാസ്ത്രത്തിൻെറയോ അഭീഷ്ടങ്ങളുടെയോ അഭിപ്രായങ്ങളുടെയോ അടിസ്ഥാനത്തിൽ പ്രബോധനം ചെയ്യാൻ ഒരാൾക്കും പാടില്ലാത്തതാണ്. പ്രബോധനം ചെയ്യാൻ ആവശ്യമായ അറിവു ലഭിക്കുന്നത് വഹ്‌യിൽനിന്നാണ്. അതു പോലെ പ്രമാണരേഖകളെയാണ് തെളിവായി ഗണിക്കുക. അറിവിൻെറയും തെളിവിൻെറയും അടിസ്ഥാനത്തിൽ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നതാണ് മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗം. അതിനാൽ താനും തൻെറ അനുയായികളും പിന്തുടരുന്നത് അറിവിൻെറയും തെളിവിൻെറയും അടിസ്ഥാനത്തിൽ അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കുക എന്ന മാർഗ്ഗമാണ്. എന്നാൽ അറിവിൻെറയും തെളിവിൻെറയും അടിസ്ഥാനത്തിലല്ലാതെ പ്രബോധനം ചെയ്യുന്നവർ വിവരദോഷികളാണ്. നബി ﷺ പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا [البخاري في صحيحه]

[അബ്ദുല്ലാഹ് ബിൻ അംറ് ബ്‌നുൽ ആസ്വ് -رضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറയുന്നു: അല്ലാഹു അറിവ് പിടിച്ചെടുക്കുന്നത് മനുഷ്യരിൽനിന്ന് അറിവ് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരുടെ തിരോധാനത്തിലൂടെയാണ് അവൻ അറിവ് പിടിച്ചെടുക്കുന്നത്. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാത്ത സ്ഥിതിയെത്തിയാൽ ജനങ്ങൾ നേതാക്കളായി സ്വീകരിക്കുക വിവരദോഷികളെയാണ്. അവരോട് ചോദിക്കപ്പെടുകയും, അറിവില്ലാതെ അവർ മതവിധി നൽകുകയും ചെയ്യും. അങ്ങനെ അവർ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. ] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)