﴿ قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴾ [يوسف ٥]

[അദ്ദേഹം പറഞ്ഞു: എൻെറ കുഞ്ഞുമകനേ, നീ കണ്ട സ്വപ്നം നിൻെറ സഹോദരന്‍മാര്‍ക്ക് നീ വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല കുതന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യൻെറ പ്രത്യക്ഷ ശത്രുവാകുന്നു.] (യൂസുഫ് 5)


ഇവര്‍ രണ്ടാളും ഒരു മാതാവില്‍ നിന്നുള്ളവരായിരുന്നുവെന്നും, ഇവര്‍ രണ്ടാളോടും – പ്രത്യേകിച്ചും യൂസുഫിനോടു – പിതാവിനു കൂടുതല്‍ വാത്സല്യമുണ്ടായിരുന്നുവെന്നും, അതുകൊണ്ടു മൂത്ത പുത്രന്‍മാര്‍ക്ക് അവരുടെ നേരെ അനിഷ്ടം തോന്നിയിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു. ബൈബിളിലും അപ്രകാരം കാണാം. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1513)


 

ഖുർആനിലോ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലോ പറഞ്ഞ വല്ല കാര്യവും ബൈബിളിലുണ്ടെങ്കിൽ നേരെ അതിലേക്ക് എടുത്തുചാടി അത് ഉദ്ധരിക്കാൻ തുനിയുന്ന ഒരു പ്രവണതയാണ് സലഫുകളുടെ മാതൃകയിലുള്ള ഒരു ഖുർആൻ വ്യാഖ്യാനമായി ദർശനം ചെയ്ത വിശുദ്ധ ഖുർആൻ വിവരണത്തിൽ കാണുന്നത്. അത് ഒരു നിലയിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഇതിനു മുമ്പ് പല തവണ സൂചിപ്പിച്ചതു പോലെ, മുസ്‌ലിം ബഹുജനങ്ങൾക്ക് ഖുർആൻ സൂക്തങ്ങൾ വിവരിച്ചു കൊടുക്കാൻ വേണ്ടി ബൈബിളിനെ കൂട്ടുപിടിക്കുന്ന രീതി സലഫുകളുടെ മാർഗ്ഗത്തിനു വിരുദ്ധമാണ്. ഖുർആനിനെ ബൈബിളുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ബൈബിളിനോടുള്ള ഭക്ത്യാദരവുകൾ ഇവ്വിധം അതിരു വിടുന്നത് അപലപനീയമാണ്. ഖുർആനിൽ നിന്ന് വെളിച്ചം തേടുന്ന സാധാരണക്കാരുടെ ഹൃദയങ്ങൾ ബൈബിൾ കഥകൾ കേൾപ്പിച്ച് മലിനീകരിക്കാതിരിക്കുക. അവർ ശുദ്ധപ്രകൃതിയിലും ഹൃദയവിശുദ്ധിയിലും ജീവിച്ചു മരിച്ചു പോകട്ടെ.

ഖുർആൻ വ്യാഖ്യാനത്തിന് ബൈബിൾ ഉപയോഗിക്കുന്നത് സലഫുകളുടെ രീതിയല്ല. പൂർവ്വഗ്രന്ഥങ്ങൾ നമ്മുടെ സ്രോതസ്സുമല്ല. വിശദാംശങ്ങൾക്കു വേണ്ടി മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം വായിക്കുക.