ഖുർആൻ വിവരണം പദ്ധതി സംബന്ധിച്ച നയരേഖ
بِسْمِ اللهِ الرَحْمَنِ الرَحِيمِ، الْحَمْدُ لِلهِ رَبِّ الْعَالَمِينَ، وَالصَلاةُ وَالسَلامُ على خَاتَمِ الْأنْبِيَاءِ والْمُرْسَلِينَ، نَبِيِّنَا مُحَمَّدٍ، وَعَلى آلِهِ وَصَحْبِهِ أَجْمَعِينَ، وَمَنْ سَارَ عَلَى نَهْجِهِ وَاسْتَنَّ بِسُنَّتِهِ إِلَى يَوْمِ الدِينِ، وَبَعْدُ:
ഖുർആൻ പരിഭാഷകൾ വായിക്കുന്നവർക്കുള്ള ഒരു മാർഗ്ഗരേഖയായിട്ടാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഏറെ പ്രചാരമുള്ള വിശുദ്ധ ഖുർആൻ വിവരണത്തിൻെറ മുഖ്യരചയിതാവ് മുഹമ്മദ് അമാനി മൗലവി (رَحِمَهُ اللهُ) യുടെ ഇളയ പുത്രൻ അബ്ദുൽ കരീം അമാനിയാണ് ഇതിനു നേതൃത്വം നൽകുന്നത്.
മേൽ പദ്ധതിയുടെ ആസൂത്രണത്തിലേക്കും നിർവ്വഹണത്തിലേക്കും നയിച്ച സാഹചര്യങ്ങളുടെ ഒരു സംക്ഷേപം താഴെ കൊടുക്കാം.
ഒലവക്കോട് കെ.പി. മുഹമ്മദ് സാഹിബ് കെ.എം. മൗലവിക്ക് (رَحِمَهُمَا اللهُ) അയച്ച ഒരു കത്താണ് വിശുദ്ധ ഖുർആൻ വിവരണം എന്ന കൃതിക്കു തടുക്കമിട്ടത്. കത്തിലുന്നയിച്ച ആവശ്യമനുസരിച്ച്, പൗരാണികരുടെ മാതൃകയിൽ ഒരു ഖുർആൻ വിവരണം തയ്യാറാക്കാൻ എ. അലവി മൗലവി, പി.കെ. മൂസ മൗലവി, മുഹമ്മദ് അമാനി മൗലവി (رَحِمَهُمُ اللهُ) എന്നിവരെ അദ്ദേഹം ചുമതലപ്പെടുത്തി. ഖുർആനിൻെറ രണ്ടാം പാതി ആദ്യവും, ആദ്യപാതി പിന്നീടുമാണ് എഴുതി തയ്യാറാക്കിയത്. രചന പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ പി.കെ. മൂസ മൗലവി അനാരോഗ്യം കാരണം അതിൽനിന്നു പിന്മാറി. കൂടാതെ, എ. അലവി മൗലവി ഇടക്കാലത്തു വെച്ച് മരണപ്പെടുകയും ചെയ്തു. രചനയിൽ ആദ്യന്തം പങ്കെടുക്കാനും പൂർത്തീകരിക്കാനും മുഖ്യപങ്ക് വഹിക്കാനുമുള്ള തൗഫീഖ് മുഹമ്മദ് അമാനി മൗലവിക്കാണുണ്ടായത്. അവരിൽ ഓരോരുത്തരെയും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
ഖുർആൻ അവസാന പാതിയുടെ വിവരണമാണ് ആറു വാള്യങ്ങളിലായി ആദ്യം തയ്യാറാക്കിയത്. അതിൽ നാലു വാള്യം ഒലവക്കോട്ടെ കെ.പി. ബ്രദേഴ്‌സാണ് പ്രസാധനം ചെയ്തത്. പിന്നീട് പ്രസാധനാവകാശം കൊച്ചി മുജാഹിദീൻ ട്രസ്റ്റിനു കൈമാറി. ബാക്കിയുള്ള രണ്ടു വാള്യങ്ങൾ പ്രസിദ്ധീകരിച്ചതും തുടർന്നുള്ള പ്രസാധനാവകാശം കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന സംഘടനക്കു നൽകിയതും അവരാണ്.
വിശുദ്ധ ഖുർആൻ വിവരണത്തിനു പിന്നിൽ വലിയ ലക്ഷ്യങ്ങളും മഹത്തായ ത്യാഗങ്ങളുമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ, ഇന്ന് അത് വായിക്കുമ്പോൾ ചൂണ്ടിക്കാണിക്കപ്പെടേണ്ട അനൽപമായ പ്രമാദങ്ങളും സ്ഖലിതങ്ങളും കാണാനിടവരുന്നു. മലയാളത്തിൽ പ്രചാരത്തിലുള്ള മറ്റു ചില പരിഭാഷകൾ നോക്കുമ്പോൾ അവയുടെ കാര്യം പരമ ദയനീയമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പരിഭാഷകൾ വായിക്കുന്നവർക്ക് ഒരു മാർഗ്ഗരേഖ തയ്യാറുക്കുന്നതിെ കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
ഖുർആൻ പരിഭാഷകൾ, ഏതു ഭാഷയിലുള്ളതുമാവട്ടെ, അവ വായിക്കുന്നവർക്ക് സാമാന്യമായും, മലയാള പരിഭാഷകൾ വായിക്കുന്നവർക്ക് സവിശേഷമായും സ്വീകരിക്കാവുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിലുള്ളത്. ഈ സമീക്ഷയിൽ വിശുദ്ധ ഖുർആൻ വിവരണം എന്തുകൊണ്ട് കൂടുതൽ സംഗതമായിത്തീരുന്നു എന്നതു സംബന്ധിച്ച് അധ്യായങ്ങൾ എന്ന വിഭാഗത്തിനു കൊടുത്ത മുഖവുരയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വായനക്കാർ അതു കൂടി കാണുന്നത് നന്നായിരിക്കും.
മേൽ കൃതിയുടെ രചന, പ്രസാധനം, പകർപ്പവകാശം പോലുള്ള കാര്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു വിധത്തിലും ഇടപെടുന്നതല്ല ഈ പദ്ധതി. അഭിവന്ദ്യനായ എൻെറ പിതാവ് മുഹമ്മദ് അമാനി മൗലവിയും സഹരചയിതാക്കളും മുന്നോട്ടു വെച്ച മതപരമായ ആശയാവലികളുമായി മാത്രമേ ഇതിനു ബന്ധമുള്ളു. വ്യക്തതക്കു വേണ്ടി അവയിൽ ചിലതിന് അടിക്കുറിപ്പ് നൽകുകയും, മറ്റു ചിലതിനോട് വിയോജിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അവർ ചർച്ച ചെയ്തിട്ടില്ലാത്ത ചില പുതിയ കാര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.
ഈ സംരഭത്തിനുള്ള മുഖ്യമായ പ്രചോദനം അല്ലാഹുവിൻെറ കൽപന തന്നെയാണ്:
﴿ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا .. ﴾ [الإسراء 23]
〈നിൻെറ റബ്ബ് വിധിച്ചിരിക്കുന്നത് അവനു മാത്രമായി ഇബാദത്ത് നിർവ്വഹിക്കണമെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നുമാണ്〉. (ഇസ്‌റാഅ് 23)
മേൽ സൂക്തത്തിൽ, സ്രഷ്ടാവും നിയന്താവും പരിപാലകനുമായ അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന കൽപനയോടൊപ്പം ചേർത്തു പറഞ്ഞിരിക്കുന്നത് മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്നതാണല്ലോ. ആദരണീയനായ എൻെറ പിതാവിനു വേണ്ടി (رَحِمَهُ اللهُ وَغَفَرَ لَهُ) എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കർമ്മങ്ങളിൽ ഒന്ന്, ദീർഘകാലത്തെ കഠിന പരിശ്രമത്തിലൂടെ അദ്ദേഹവും സഹരചയിതാക്കളും കൂടി തയ്യാറാക്കിയ വിശുദ്ധ ഖുർആൻ വിവരണത്തിലെ ന്യൂനതകൾ കഴിയുന്നത്ര പരിഹരിക്കാൻ ശ്രമിക്കുകയും അതിനെ കൂടുതൽ അർത്ഥപൂർണ്ണവും ഉപകാരപ്രദവുമായ ഒരു വിജ്ഞാന സ്രോതസ്സാക്കി നിലനിർത്തുകയും ചെയ്യുക എന്നതാണ്.
അനിഷേധ്യമായ ഒരു യാഥാർത്ഥ്യം ഇവിടെ അനുസ്മരിക്കുന്നത് ആനുഷംഗികമായിരിക്കും. തെറ്റുകളും ന്യൂനതകളുമില്ലാത്ത, പൂർണ്ണതയവകാശപ്പെടാവുന്ന ഒരു കൃതിയും രചിക്കാൻ മനുഷ്യർക്കാവില്ല. മനുഷ്യരുടെ രചനകളിൽ തെറ്റുകൾ സംഭവിക്കുകയെന്നത് ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. ഇമാം ശാഫിഇയുടെ ശിഷ്യൻ ഇമാം മുസ്‌നി (رَحِمَهُمَا اللهُ) പറയുന്നത് കാണുക:
قَرَأْت كِتَابَ الرِّسَالَةِ عَلَى الشَّافِعِيِّ ثَمَانِينَ مَرَّةً، فَمَا مِنْ مَرَّةٍ إلَّا وَكَانَ يَقِفُ عَلَى خَطَأٍ. فَقَالَ الشَّافِعِيُّ: هِيهِ، أَبَى اللَّهُ أَنْ يَكُونَ كِتَابًا صَحِيحًا غَيْرَ كِتَابِهِ. [ابن عابدين في حاشيته رد المحتار على الدر المختار]
〈ഇമാം ശാഫിയുടെ അൽ രിസാല എന്ന കൃതി അദ്ദേഹത്തെ ഞാൻ എൺപതു തവണ വായിച്ചു കേൾപ്പിച്ചു. ഓരോ തവണയും അദ്ദേഹം ഒരോ പിശക് കണ്ടെത്തിക്കൊണ്ടിരുന്നു. അപ്പോൾ ശാഫിഈ തന്നെ പറഞ്ഞു: ഹേയ്! അല്ലാഹു അവൻെറ ഗ്രന്ഥമല്ലാത്ത മറ്റൊന്നിനെയും അന്യൂനമായി അതിവർത്തിക്കാൻ അനുവദിച്ചിട്ടില്ല. (ഇബ്‌നു ആബിദീൻ, റദ്ദുൽ മുഹ്താർ അലാ അദ്ദുർറിൽ മുഖ്‌താർ)
സമാദരണീയനായ എൻെറ പിതാവിനോടും സഹരചയിതാക്കളോടും സ്നേഹവും ബഹുമാനവും മാത്രമേയുള്ളു. അല്ലാഹുവിൻെറ മുന്നിൽ നമ്രശിരസ്കനായി നിന്നു കൊണ്ട് അവർക്കു വേണ്ടി പ്രാർത്ഥനാ നിർഭരമായ ഹൃദയത്തോടെ പറയുന്നു: അവരുടെ സുകൃതങ്ങൾ അല്ലാഹുവേ നീ സ്വീകരിക്കുകയും, അവർക്ക് ഓരോരുത്തർക്കും അർഹമായ പ്രതിഫലം നീ നൽകുകയും ചെയ്യണേ. നമ്മളിൽനിന്നും അവരിൽനിന്നും സംഭവിച്ചു പോയ തെറ്റുകുറ്റങ്ങൾ നീ പൊറുത്തു മാപ്പാക്കിത്തരണേ !
അവരുടെ പഠന കാലത്ത് ദക്ഷിണേന്ത്യയിൽനിന്ന് കരസ്ഥമാക്കാൻ കഴിഞ്ഞിരുന്ന ദീനീ വിജ്ഞാനങ്ങൾക്ക് ധാരാളം പരിമിതികളുണ്ടായിരുന്നു. അശ്അരീ ത്വരീഖത്ത് അനുസരിച്ചും അതിൻെറ സ്രോതസ്സുകളും സാമഗ്രികളും ഉപയോഗിച്ചുമാണ് അന്ന് മിക്കവരും മതം പഠിച്ചിരുന്നത്. വിശുദ്ധ ഖുർആൻ വിവരണം വായിക്കുമ്പോൾ ഈ കെടുതിയിൽനിന്ന് അവരും മുക്തരായിരുന്നില്ല എന്നാണ് ബോധ്യപ്പെടുന്നത്. കൂടാതെ, ഈജിപ്തിൽ ആവിർഭവിച്ച അഭിനവ അഖ്‌ലാനീ ചിന്താധാരകളും അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇക്കാരണങ്ങളാൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ അനൽപമായ സ്ഖലിതങ്ങൾ സംഭവിച്ചിട്ടുണ്ട്. തെറ്റുകൾ തെറ്റുകളായി മനസ്സിലാക്കുന്നതും അതു സഹൃദയത്വത്തോടെ ചൂണ്ടിക്കാണിക്കുന്നതും ഒരു പാതകമല്ല. മറിച്ച്, ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. തെറ്റുകൾ മനസ്സിലായിട്ട് അത് മൂടിവെക്കുന്നത് അല്ലാഹുവിൻെറ ശാപകോപങ്ങൾക്ക് ഇടവരുത്തും. മാത്രമല്ല, അത് സ്വന്തത്തോടും അവരോടും ചെയ്യുന്ന വഞ്ചനയുമായിരിക്കും. വ്യക്തിപരമായ സംസാരങ്ങളിൽ ഇക്കാര്യം ചില സഹോദരന്മാരുമായി ഞാൻ പങ്കുവെക്കുകയുണ്ടായി. അവരുടെ കൂടി പ്രോത്സാഹനം ലഭിച്ചപ്പോൾ ഇസ്‌തിഖാറഃ നടത്തുകയും അല്ലാഹുവിൻെറ സഹായമർത്ഥിച്ചുകൊണ്ട് ഈ ഉദ്യമത്തിന് മുതിരുകയും ചെയ്തു.
നന്ദികേടാവരുതല്ലോ എന്നു കരുതി മാത്രമാണ് പറയുന്നത് – ബഹുമാന്യ സഹോദരന്മാരായ അബൂ ത്വാരിഖ് സുബൈർ, അബൂ തൈമിയ്യ ഹനീഫ്, അബൂ അബ്ദില്ല ബഷീർ എന്നിവർ നൽകിയ വൈജ്ഞാനിക പിന്തുണയും, വി.കെ. അബ്ദുല്ലത്വീഫ്, പി.കെ, ഷബീർ, ശരീഫ് മുസ്തഫ എന്നിവരും മറ്റു ചില മാന്യ സഹോദരന്മാരും നൽകിയ ഭൗതിക പിന്തുണയും ഈ സന്ദർഭത്തിൽ അനുസ്മരിക്കാതിരിക്കാൻ കഴിയില്ല. അവർക്കെല്ലാം അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.
ഈ ഉദ്യമം ഒരു അവസാന ശ്രമമായി കണക്കാക്കേണ്ടതില്ല. എൻെറ ശ്രദ്ധയിൽപെടാത്തതോ എനിക്ക് വിശദീകരിക്കാൻ കഴിയാത്തതോ ആയ നിരവധി കാര്യങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിലും മറ്റു പരിഭാഷകളിലും ഉണ്ടായിരിക്കും. അതു പോലെ, ഞാൻ എഴുതിയ കാര്യങ്ങളിലും ചിലപ്പോൾ സ്ഖലിതങ്ങൾ സംഭവിച്ചിരിക്കാം. അവയെല്ലാം ഇതു പോലെ ചൂണ്ടിക്കാണിക്കപ്പടണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അറബിയിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്: كَمْ تَرَكَ الْأَوَّلُ لِلْآخِرِ എത്രയാണ് മുൻഗാമികൾ പിൻഗാമികൾക്കായി വിട്ടേച്ചിരിക്കുന്നത് !! അങ്ങനെ നന്മ കൽപിക്കുക, തിന്മ വിലക്കുക എന്ന അതിജീവന തന്ത്രം ഈ സമുദായത്തിൽ അനുസ്യൂതം അനുവർത്തിക്കപ്പെടുമെന്ന് പ്രത്യാശിക്കുക നാം.
അല്ലാഹു നമ്മുടെ സുകൃതങ്ങൾ സ്വീകരിക്കുകയും, വീഴ്ചകൾ പൊറുത്തു തരികയും ചെയ്യട്ടെ, ആമീൻ.
അബ്‌ദുൽ കരീം അമാനി (ദാറുൽ ഹദീസ്, 18 ദുൽഹിജ്ജ 1442)