സ്വർണ്ണ നാണയവും വെള്ളിക്കാശും
മനുഷ്യാസ്തിത്വത്തിൽ നിലീനമായി കിടക്കുന്ന ഒരു ഭാവമാണ് ആരാധന. അതിനെ മനുഷ്യപ്രകൃതത്തിൽ നിന്ന് പിഴുതുമാറ്റുക സാധ്യമല്ല. മതങ്ങളെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരുമെല്ലാം ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ ആരാധന ചെയ്യുന്നവരാണ്. നിസ്സഹായതകളിൽ, വിഹ്വലതകളിൽ, അനിശ്ചിതത്വങ്ങളിൽ, അപാരതകളിൽ… മനുഷ്യന് അഭയം തേടാനുള്ള വഴി കൂടിയാണ് ആരാധന.
ഇസ്‌ലാമികേതരമായ നിരവധി പാരമ്പര്യങ്ങൾ നിലനിന്നുപോരുന്ന ഇടമാണ് നമ്മുടെ രാജ്യം. അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ആരിലൂടെയാണോ ലഭിക്കുന്നത് അവരെയെല്ലാം ദൈവമായി കണ്ട് ആരാധിക്കുക എന്നതാണ് അവയുടെ പൊതുവായ രീതി. അധിഷ്ഠാനപരമായ നന്മകൾ ലഭിക്കുന്നത് ഭൂമിയിൽനിന്നാണ്. അതിനാൽ ഭൂമിദേവിയെ പൂജിക്കുക. വെളിച്ചവും ഊർജ്ജവും ലഭിക്കുന്നത് സൂര്യനിൽനിന്നാണ്. അതിനാൽ സൂര്യദേവനെ ആരാധിക്കുക. അതേപ്രകാരം കടലമ്മയുണ്ടായി, ഗോമാതാവുണ്ടായി, അങ്ങനെ പലതും! പലതും!! ഭയവിഹ്വലതകൾ, വിസ്മയങ്ങൾ, പ്രതീക്ഷകൾ, സ്നേഹം ഇത്യാദി വികാരങ്ങൾ കൊളുത്താനുള്ള എന്തും മൂർത്തികളായി, ദൈവങ്ങളായി, ആരാധ്യ വസ്തുക്കളായി. സിനിമാ-കായിക താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ പോലുള്ളവരോടു പോലും ആരാധാനാ മനോഭാവം വളർന്നു. ഇതാണ് ഇവിടുത്തെ ഭൂരിപക്ഷ പാരമ്പര്യം.
ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് ഇസ്‌ലാമിൻെറ കാതൽ. അവനാണ് അനുഗ്രഹങ്ങളുടെയും ഐശ്വര്യങ്ങളുടെയും ദാതാവ്. ചില കാരണങ്ങളിലൂടെയാണ് അവൻ അനുഗ്രഹങ്ങൾ നൽകുന്നത്. കാര്യങ്ങൾക്ക് അവൻ കാരണങ്ങൾ നിശ്ചയിച്ചിരിക്കുന്നു. പക്ഷെ കാരണങ്ങളല്ല അനുഗ്രഹങ്ങൾ സൃഷ്ടിച്ചത്. അവ കേവലമായ കാരണങ്ങൾ മാത്രമാണ്. ആ കാരണങ്ങളെയും കാര്യങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവക്കിടയിൽ കാര്യകാരണബന്ധം സ്ഥാപിച്ചതും അവനാണ്. അതിനാൽ അവയെ ആരാധിക്കരുത്. അവയുടെയെല്ലാം സ്രഷ്ടാവായ, അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. അനുഗ്രഹങ്ങൾ അവയുടെ സ്രഷ്ടാവും ദാതാവുമായ അല്ലാഹുവിലേക്ക് ചേർക്കണം. ഉപകരണപരമായ പങ്ക് മാത്രമുള്ള കാരണങ്ങളിലേക്ക് ചേർക്കരുത്. ഇതാണ് ഇസ്‌ലാമിക വിശ്വാസം.
ആരാധന എന്ന സംജ്ഞയെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ ഒന്നു വിശകലനം ചെയ്യാം. ഇബാദത്തിന് നൽകപ്പെട്ട നിർവ്വചനങ്ങൾ പരിശോധിക്കുക. പരമമായ താഴ്മയും വിനയവും (أَقْصَى غَايَةِ الخُضُوعِ والتَذَلُّلِ). അതാണ് ഇബാദത്ത് എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാൽ അത് ഇബാദത്തിൻെറ ഒരു വശം മാത്രമേ ആകുന്നുള്ളു.
പരമമായ ഈ താഴ്മയും വിനയവും ഉടലെടുക്കുന്നത് എങ്ങനെയാണ്? അങ്ങേയറ്റത്തെ പ്രതീക്ഷയിൽനിന്നും ഭയപ്പാടിൽനിന്നും (الخوف والرجاء). എല്ലാ അർത്ഥങ്ങളിലും മുഴുവൻ തലങ്ങളിലുമുള്ള പ്രതീക്ഷയും ഭയപ്പാടും. അറ്റമില്ലാത്ത പ്രതീക്ഷ! അതിരില്ലാത്ത ഭയപ്പാട്!! എൻെറ എല്ലാ ആഗ്രഹങ്ങളും ഒരുവൻ സഫലീകരിക്കുമെന്ന ഉറച്ച പ്രതീക്ഷ. തൻെറ ഭാഗത്തുനിന്ന് സംഭവിക്കുന്ന തെറ്റുകുറ്റങ്ങൾ നിരീക്ഷിക്കപ്പെടാതെ, വിസ്തരിക്കപ്പെടാതെ വിട്ടുകളയില്ല എന്ന അങ്ങേയറ്റത്തെ ഭയപ്പാട്. അവ രണ്ടിൽനിന്നുമാണ് പരമമായ താഴ്മയും വിനയവും ഉടലെടുക്കുന്നത്.
മുകളിൽ പറഞ്ഞ പ്രകാരം ഒരുവനോട് അങ്ങേയറ്റത്തെ പ്രതീക്ഷയും ഭയപ്പാടും തോന്നുന്നുവെങ്കിൽ അതിനാണ് تَعْظِيمُ അഥവാ ആരാധനാ മനോഭാവം എന്നു പറയുന്നത്. تَعْظِيم ൽനിന്ന് ഉടലെടുക്കുന്ന പരമമായ താഴ്മയും വിനയവുമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതു മാത്രം ഇബാദത്ത് ആയിത്തീരുമോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം.
അതിലേക്ക് അങ്ങേയറ്റത്തെ സ്നേഹം (الْمَحَبَّةُ) കൂടി ചേരേണ്ടതുണ്ട്. അത് അപരിമേയമായ സ്നേഹം തന്നെയായിരിക്കണം. അങ്ങനെയുള്ള സ്നേഹം മറ്റാരുമായി പങ്കുവെക്കാനും പാടില്ല. സ്നേഹ മുക്തമായ താഴ്‌മയും വിനയവും ഇബാദത്തല്ല. അങ്ങേയറ്റത്തെ താഴ്‌മയും വണക്കവും ഇല്ലാത്ത സ്നേഹം മാത്രവും ഇബാദത്താവില്ല. രണ്ടും കൂടി ചേരുമ്പോൾ മാത്രമാണ് ഇബാദത്തായിത്തീരുന്നത്. ഇവിടെ പറയുന്ന താഴ്‌മ, വിനയം, പ്രതീക്ഷ, ഭയപ്പാട്, സ്നേഹം എന്നിവയെല്ലാം അറ്റമില്ലാത്തതും അപരിമേയവുമായിരിക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഒരുവനോട് അങ്ങേയറ്റത്തെ ഭയപ്പാടും പ്രതീക്ഷയും തോന്നുന്നു. അതുകൊണ്ട് അവന് تَعْظِيم കൽപിക്കുന്നു. ആ تَعْظِيم നും അപ്പുറം, അവൻെറ ഉന്നതമായ ഗുണങ്ങൾ മുൻനിർത്തി അവനോട് അപരിമേയമായ സ്നേഹം കാണിക്കുന്നു. ഈ മാനസികാവസ്ഥയിൽ അവൻെറ മുന്നിൽ പ്രകടിപ്പിക്കുന്ന അങ്ങേയറ്റത്തെ താഴ്‌മയും വണക്കവുമാണ് ഇബാദത്ത്.
അല്ലാഹു സ്വീകരിക്കുന്ന ഇബാദത്ത് ആകണമെങ്കിൽ ആ ഇബാദത്തുകൾ അവൻ നിർദ്ദേശിച്ചതും, അവൻ നിയോഗിച്ച ദൂതന്മാർ പഠിപ്പിച്ചതുമായിരിക്കണം.
അല്ലാഹുവിനെ യഥാവിധം അറിയാൻ കഴിയാത്തവർ അവനു മാത്രം നൽകേണ്ട ആരാധന വീതംവെക്കുന്നു. അത് അവൻെറ സൃഷ്ടികളിൽ പലർക്കുമായി പകുത്തുകൊടുക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന മനുഷ്യമഹത്വത്തിൻെറ സമുന്നത സ്ഥാനത്തുനിന്ന് കാൽതെറ്റി വീണുകഴിഞ്ഞാൽ അവൻ ആപതിക്കുന്നത് എവിടെയായിരിക്കും എന്നത് അചിന്ത്യമാണ്. ഊഹിക്കാൻ പോലും കഴിയാത്ത വിനാശങ്ങളുടെ, വൈരുദ്ധ്യങ്ങളുടെ, ബുദ്ധിശൂന്യതയുടെ, ഹൃദയരാഹിത്യത്തിൻെറ ഏതെങ്കിലും ഒരു ചെളിക്കുണ്ടിലായിരിക്കും അവൻ ചെന്നു പതിക്കുക. അല്ലാഹു പറയുന്നു.
﴿ وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ ﴾ (الحج 31)
〈ആരെങ്കിലും അല്ലാഹുവിൽ പങ്കുചേര്‍ക്കുന്ന പക്ഷം അവൻ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരഗർത്തങ്ങളിൽ കൊണ്ടു പോയി തള്ളുന്നു.〉 (ഹജ്ജ് 31)
വ്യാജ ദൈവങ്ങളെ വെടിഞ്ഞ് സ്രഷ്ടാവും നിയന്താവും പരിപാലകനും ഉടമസ്ഥനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് മനുഷ്യമഹത്വത്തിൻെറ പാരമ്യം. സ്രഷ്ടാവായ അല്ലാഹുവിൻെറ മുന്നിൽ മാത്രം തലകുനിക്കുക, മറ്റാരുടെയും മുന്നിൽ തലകുനിക്കാതിരിക്കുക ഇതാണ് മാനവമഹത്വത്തിൻെറ പ്രതീകം. അഖിലാണ്ഡങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിൻെറ മാത്രം അടിമയാണ് താൻ എന്ന ഔന്നത്യത്തിലും, തന്നെപ്പോലുള്ള സൃഷ്ടികൾകളെ ആരാധിക്കുന്നതിൽനിന്നുള്ള മോചനത്തിലുമാണ് മനുഷ്യമഹത്വത്തിൻെറ സ്വാതന്ത്ര്യവും പൂർണ്ണതയും കുടികൊള്ളുന്നത്.
താൻ ആരെന്ന് മനസ്സിലാക്കാത്ത, തൻെറ സൃഷ്ടിപരമായ സാധ്യതകളെയും ബാധ്യതകളെയും കുറിച്ച് ബോധമില്ലാത്ത, സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ച് അറിയാത്ത, സൃഷ്ടികൾക്ക് അവനോടുള്ള കടമ എന്തെന്ന് ഗ്രഹിക്കാനാവാത്ത മനസ്സുകൾ അസ്തിത്വപരമായ പ്രതിസന്ധിയിൽ അകപ്പെടുക സ്വാഭാവികമാണ്. അത്തരം വിഭ്രാന്തിയിൽ അകപ്പെടുന്ന ഒരു മനസ്സ് എത്രത്തോളം ചപലവും ദുർബ്ബലവുമായിരിക്കുമെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. അഭയത്തിനു വേണ്ടിയുള്ള തൻെറ അസ്തിത്വത്തിൻെറ ദാഹം തീർക്കാൻ അവൻ ഇറങ്ങിച്ചെല്ലുന്ന ചെളിക്കുഴികൾ എത്രമാത്രം ദുർഗന്ധം വമിക്കുന്നതായിരിക്കുമെന്നും പറയാനാവില്ല. മാനവമഹത്വം പൂർണ്ണമായും തിരസ്കരിച്ച് അധമത്വത്തിൻെറ അഗാധ ഗർത്തങ്ങളിലേക്ക് അവൻ എടുത്തെറിയപ്പെടുന്നു. തൻെറ പ്രകൃതിയിൽ വീർപ്പുമുട്ടി നിറഞ്ഞു കിടക്കുന്ന ആരാധന ഭാവം ആർക്കാണ് അർപ്പിക്കേണ്ടതെന്ന് അറിയാതെ അവൻ ഉഴറുന്നു. തന്നിൽ വിസ്മയം ഉളവാക്കുന്ന ഏതെങ്കിലും ഒരു വ്യക്തിക്കോ ശക്തിക്കോ പ്രതിഭാസത്തിനോ മുന്നിൽ പതിത മനോഭാവത്തോടെ അടിമപ്പെടുകയും അതിന് ആരാധനയർപ്പിക്കുകയും ചെയ്യുന്നു.
ഐഹിക ജീവിതത്തിൻെറ നട്ടെല്ലാണ് ധനം. ധനസമ്പാധനവും വിനിയോഗവും അല്ലാഹുവിൻെറ കൽപനാ വിലക്കുകൾ പാലിച്ചു കൊണ്ടായിരിക്കണം. നിയമാനുസാരം ആർജ്ജിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന ഒരു ധനത്തെയും ഇസ്‌ലാം നിന്ദിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. മറിച്ച് അതിനെ ശ്ലാഘിക്കുന്ന ചില വചനങ്ങൾ നമുക്ക് നബിചര്യയിൽ വായിക്കാൻ സാധിക്കും.
ധനം മനുഷ്യന് ഐശ്വര്യമേകുന്നു. ഐഹികമായി ധാരാളം സൌകര്യങ്ങൾ ഒരുക്കിത്തരുന്നു. എന്നാൽ സ്രഷ്ടാവിനെ അറിയാത്ത മനസ്സുകൾക്ക് ധനം അല്ലാഹുവിൻെറ ഒരു സൃഷ്ടിയാണെന്ന കാര്യം ഗ്രഹിക്കാനാവില്ല. അത് ഒരു കാരണം മാത്രമാണ്, അതിന് ഉപകരണപരമായ പങ്ക് മാത്രമേയുള്ളു എന്ന് അവരറിയുന്നില്ല. ധനത്തെ സൃഷ്ടിക്കുകയും തൻെറ ഇഛാനുസാരം സൃഷ്ടികൾക്കിടയിൽ ധനവിതരണം നടത്തുകയും ചെയ്യുന്ന അല്ലാഹുവിനെ തന്നെ അവർ മറന്നിരിക്കുന്നു. അത്തരക്കാർക്ക് സമ്പത്ത് കൈയിൽ കിട്ടുമ്പോൾ അതിനോട് മതിഭ്രമം തോന്നുകയും അവർ അതിന് അടിമപ്പെടുകയും ചെയ്യുന്നു. തൻെറ ഉള്ളിൽ വിങ്ങിനിൽക്കുന്ന ആരാധനാ ഭാവം ആ സമ്പത്തിനു മുന്നിൽ അണപൊട്ടിയൊഴുകുന്നു. സമ്പത്ത് തൻെറ വിവകത്തിനും വിവേചനത്തിനും വിധേയമായി കൈകാര്യം ചെയ്യപ്പെടേണ്ടതിനു പകരം അവൻ സമ്പത്തിൻെറ അടിമയായിത്തീരുന്നു, സമ്പത്തിനെ ആരാധകനായിത്തീരുന്നു. ഈ ചപമായ അവസ്ഥയെ കുറിച്ച് നബി ﷺ പറയുന്നത് കാണുക:
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: تَعِسَ عَبْدُ الدِّينَارِ وَعَبْدُ الدِّرْهَمِ وَعَبْدُ الْخَمِيصَةِ، إِنْ أُعْطِيَ رَضِيَ، وَإِنْ لَمْ يُعْطَ سَخِطَ، تَعِسَ وَانْتَكَسَ، وَإِذَا شِيكَ فَلاَ انْتَقَشَ، طُوبَى لِعَبْدٍ آخِذٍ بِعِنَانِ فَرَسِهِ فِي سَبِيلِ اللَّهِ، أَشْعَثَ رَأْسُهُ مُغْبَرَّةٍ قَدَمَاهُ، إِنْ كَانَ فِي الْحِرَاسَةِ كَانَ فِي الْحِرَاسَةِ، وَإِنْ كَانَ فِي السَّاقَةِ كَانَ فِي السَّاقَةِ، إِنِ اسْتَأْذَنَ لَمْ يُؤْذَنْ لَهُ، وَإِنْ شَفَعَ لَمْ يُشَفَّعْ. [البُخاريُّ في صَحِيحِهِ]
〈അബുഹുറെയ്റഃ നിവേദനം. നബി ﷺ പറഞ്ഞു: സ്വർണ്ണ നാണയത്തിൻെറയും വെള്ളിക്കാശിൻെറയും അലങ്കാരവസ്ത്രങ്ങളുടെയും അടിമ നശിക്കട്ടെ. അത് കിട്ടിക്കൊണ്ടിരിക്കുമ്പോൾ അവൻ സന്തുഷ്ടനാകും. കിട്ടാതിരുന്നാൽ അവൻ കോപിഷ്ഠനാകും. നശിക്കട്ടെ അവൻ! വീണ്ടും വീണ്ടും നാശത്തിൽ വീണു തകരട്ടെ!! അവന് ഒരു മുള്ളു കൊണ്ടാൽ അത് എടുത്തുമാറ്റപ്പെടാതിരിക്കട്ടെ!!! അല്ലാഹുവിൻെറ മാർഗ്ഗത്തിൽ തൻെറ അശ്വത്തിൻെറ കടിഞ്ഞാണു പിടിക്കുന്ന ഒരു അടിയാന് സ്വർഗ്ഗത്തിലെ വടവൃക്ഷം ലഭിക്കട്ടെ. അവർ തലമുടിയെല്ലാം ജഡകുത്തി പാദങ്ങൾ ചെളി പുരണ്ടവനാണ്. അവൻ കാവൽ നിൽക്കാനാണ് നിയോഗിക്കപ്പെട്ടതെങ്കിൽ കാവൽ പണിയിൽ തന്നെ തുടരും. പിന്നണിയിലാണ് നിർത്തിയതെങ്കിൽ പിന്നണിയിൽ തന്നെ നിൽക്കും. അവൻ അനുവാദം ചോദിച്ചാൽ അവനു അനുവാദം നൽകപ്പെടുകയില്ല. അവൻ ശിപാർശ പറഞ്ഞാൽ അവൻെറ ശിപാർശ ചെവിക്കൊള്ളുകയില്ല.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
Narrated Abu Huraira: The Prophet said, Let the slave of Dinar and Dirham, of Quantify and Khamisa perish as he is pleased if these things are given to him, and if not, he is displeased. Let such a person perish and relapse, and if he is pierced with a thorn, let him not find anyone to take it out for him. Paradise is for him who holds the reins of his horse to strive in Allah’s Cause, with his hair unkempt and feet covered with dust: if he is appointed in the vanguard, he is perfectly satisfied with his post of guarding, and if he is appointed in the rearward, he accepts his post with satisfaction; (he is so simple and unambiguous that) if he asks for permission he is not permitted, and if he intercedes, his intercession is not accepted.