വിശ്വാസം

നന്ദി കാണിക്കൂ..

എങ്കിൽ ഞാൻ നിങ്ങൾക്ക് കൂടുതൽ നൽകാം !

അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) 26-10-2021 ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കുവൈത്തിൻെറ സ്ഥാനം യെല്ലോ രാജ്യങ്ങളുടെ മുൻനിരയിലാണ്.

ഇത് അർത്ഥമാക്കുന്നത്, കോവിഡ് വിഷയത്തിൽ ഏറ്റവും ഭീതി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്നു തന്നെയാണ്.

CDC യുടെ വിജ്ഞാപനമനുസരിച്ച് സുരക്ഷയുടെ കാര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുന്നിലുള്ളത് കുവൈത്തും ഒമാനുമാണ്.

അമേരിക്ക, ബ്രിട്ടൻ, നോർവ്വെ, സ്വിറ്റ്സർലാൻറ് എന്നിവ യാത്രക്കാർക്ക് ഏറ്റവും ഉയർന്ന ഭീഷണി നിലനിൽക്കുന്ന രാഷ്ട്രങ്ങളിലാണ് ഉൾപ്പെടുന്നത്. അതേ പോലെ, കാനഡ, സ്വീഡൻ, ഡെൻമാർക്ക്, ഫ്രാൻസ്, ജെർമനി, ഇറ്റലി, സ്പെയിൻ, ആസ്ട്രേലിയ തുടങ്ങിയവയും ഉയർന്ന യാത്രാ ഭീഷണിയുള്ള രാജ്യങ്ങളാണ്.

സാങ്കേതിക വിവരങ്ങൾക്ക് മിക്കപ്പോഴും ഓക്സ്ഫോർഡ് പോലും അവലംബമാക്കാറുള്ള ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയുടെ ഒരു പ്രസ്താവന ശ്രദ്ധിക്കുക: മില്ല്യണിൽ ഒരാൾ എന്ന തോതിൽ, 24-10-2021 വരെയുള്ള കോവിഡ് മരണങ്ങളു മൊത്തം കണക്കെടുക്കുമ്പോൾ, ഗൾഫ് രാഷ്ട്രങ്ങളിലെ മരണ നിരക്ക്
അമേരിക്ക, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ജർമനി എന്നിവിടങ്ങളെ അപേക്ഷിച്ച് വളരെ കുറവാണത്.

അല്ലാഹു പറയുന്നു:

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ

“നിങ്ങളുടെ റബ്ബ് വിളംബരം ചെയ്തതതോർക്കുക! നിങ്ങൾ നന്ദികാണിച്ചാൽ നിങ്ങൾക്കു ഞാൻ തീർച്ചയായും വർധനവു നൽകും”

وَسَنَجْزِي الشَّاكِرِينَ

“നന്ദിയുള്ളവർക്ക് നാം പ്രതിഫലം നൽകും”

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

“നിൻെറ റബ്ബിൻെറ അനുഗ്രഹങ്ങൾ നീ എടുത്തുപറയുക”

അല്ലാഹുവിൻെറ റസൂൽ صلى الله عليه وسلم പറയുന്നു:

التَّحَدُّثُ بِنِعْمَةِ اللَّهِ شُكْرٌ، وَتَرْكُهَا كُفْرٌ، مَنْ لَا يَشْكُرُ الْقَلِيلَ لَا يَشْكُرُ الْكَثِيرَ، وَمَنْ لَا يَشْكُرُ النَّاسَ لَا يَشْكُرُ اللَّهَ، وَالْجَمَاعَةُ بَرَكَة وَالْفُرْقَةُ عَذَابٌ. (حسنه الألباني)

“അല്ലാഹുവിൻെറ അനുഗ്രഹം എടുത്തുപറയുക എന്നത് നന്ദികാണിക്കലാണ്; അതിൽ ഉപേക്ഷ വരുത്തൽ നന്ദികേടും. ചെറുതിന് നന്ദികാണിക്കാത്തവൻ വലുതിനും നന്ദികാണിക്കുകയില്ല. ജനങ്ങളോട് നന്ദിയില്ലാത്തവൻ അല്ലാഹുവിനോടും നന്ദികാണിക്കുകയില്ല. ഭരണകർത്താക്കളുടെയും ഭരണീയരുടെയും ഒരുമയിലാണ് ബറകത്ത്; ഭിന്നത ഒരു വല്ലാത്ത ശിക്ഷയും. (അൽബാനി ഹസൻ എന്ന് രേഖപ്പെടുത്തിയത്)

لَا يَشْكُرُ اللَّهَ من لا يشكرُ الناسَ (صححه الألباني)

“ജനങ്ങളോട് നന്ദിയില്ലാത്തവൻ അല്ലാഹുവിനോട് നന്ദികാണിക്കില്ല” (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്)

إِنَّ أَشْكَرَ النَّاسِ لِلَّهِ عَزَّ وَجَلَّ أَشْكَرُهُمْ لِلنَّاسِ ” (صححه الألباني)

“മനുഷ്യരോട് ഏറ്റവും നന്ദിയുള്ളവനാരോ അവൻ തന്നെയായിരിക്കും അവരിൽ വെച്ച് അല്ലാഹുവിനോട് ഏറ്റവും നന്ദികാണിക്കുന്നവനും” (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്)

അല്ലാഹുവിൻെറ നാമങ്ങളിൽപെട്ടതാണ് الشاكر، الشكور (അങ്ങേയറ്റം നന്ദിയുള്ളവൻ); الشكر (നന്ദി) എന്നത് അവൻെറ ഒരു ഗുണവിശേഷവും.

فَإِنَّ اللَّهَ شَاكِرٌ عَلِيمٌ

“തീർച്ചയായും അല്ലാഹു ഏറെ നന്ദിയുള്ളവനും എല്ലാം അറിയുന്നവനുമാണ്”

وَاللَّهُ شَكُورٌ حَلِيمٌ

“അല്ലാഹു അങ്ങേയറ്റം നന്ദിയുള്ളവനും ഏറെ സഹിക്കുന്നവനുമാണ്”

നബിമാരുടെ വിശേഷഗുണങ്ങളിൽപെട്ടതാണ് നന്ദി.

ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْدًا شَكُورًا

“നൂഹിനൊപ്പം നാം വഹിച്ചവരുടെ പിൻമുറക്കാരേ, അദ്ദേഹം ഏറെ നന്ദിയുള്ള ഒരു അടിയനായിരുന്നു”

ഇബ്രാഹീം നബി صلى الله عليه وسلم യുടെ വിശേഷിപ്പിച്ചുകൊണ്ട അല്ലാഹു പറയുന്നു:

شَاكِرًا لِّأَنْعُمِه

“അവൻെറ അനുഗ്രഹങ്ങൾക്ക് ഏറെ നന്ദി കാണിക്കുന്നവനായിരിക്കെ”
അഥവാ അല്ലാഹു അദ്ദേഹത്തിനു നൽകിയ അനുഗ്രഹങ്ങൾക്ക് സദാ നന്ദി കാണിച്ച് ജീവിച്ചവൻ.

സത്യവിശ്വാസിയുടെ വിശേഷണങ്ങളിൽപെട്ടതാണ് നന്ദി.

إِنْ أَصَابَتْهُ سَرَّاءُ شَكَرَ

“അവനു സന്തോഷമുള്ളത് ഭവിച്ചാൽ നന്ദികാണിക്കും” (മുസ്’ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

നന്ദിയെ കുറച്ചു തന്നെയാണ് കവിയും പറയുന്നത്:

إذا أنت لم تزدد على كل نعمة  ♦  لموليكها شكرًا فلست بشاكر

അനുഗ്രഹങ്ങളോരോന്നായി ലഭിക്കുമ്പോൾ ദാതാവിനോടുള്ള നന്ദിയും നീയേറ്റുക
ഇല്ലെങ്കിൽ, ഓർക്കുക! നീയാണു നന്ദികെട്ടവൻ.

മേൽ വസ്തുതകളുടെ വെളിച്ചത്തിലും, ഏറ്റവും ഋജുവായ നമ്മുടെ ദീൻ നമ്മോട് കൽപിച്ചതനുസരിച്ചും ഇവിടെ നാം നമുക്ക് ഉപകാരം ചെയ്തവരെയെല്ലാം നന്ദിപൂർവ്വം സ്മരിക്കുന്നു.

പറയട്ടെ, നമ്മുടെ ഭരണാധികാരിക്ക് നന്ദി, നമ്മുടെ ഭരണകൂടത്തിനു നന്ദി, പ്രയത്നിച്ചവർക്കെല്ലാം നന്ദി. തൃപ്തികരമാം വിധം നിങ്ങളൾ ഉത്തരവാദിത്തം നിറവേറ്റിയിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് ഏറ്റവും ഉത്തമമായ പ്രതിഫലമേകട്ടെ. സന്നദ്ധസേവകർക്കും മറ്റു സംഭാവനകൾ അർപ്പിച്ചവർക്കും നന്ദി. സമൂഹത്തിൻെറ പൊതുനന്മ സാക്ഷാത്കരിക്കുന്നതിന്ന് പ്രയത്നിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത ഭരണാധികാരികളും ഭരണീയരുമായ ഏല്ലാവർക്കും നന്ദി.

وعن طلحة بن عبيد الله، رضي الله عنه، قال: قال رسول الله، صلى الله عليه وسلم: من أُولي معروفاً، فليذكره، فمن ذكره فقد شكره، ومن كتمه فقد كفره. (صححه الألباني).

ത്വൽഹഃ ബിൻ ഉബൈദില്ല رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ആർക്കെങ്കിലും വല്ല നന്മയും ലഭിച്ചാൽ അവൻ അത് എടുത്തു പറയട്ടെ. ആരാണോ അത് സ്മരിക്കുന്നത് അവൻ അതിന് നന്ദികാണിച്ചിരിക്കുന്നു. ആരാണോ അത് മൂടിവെക്കുന്നത് അവൻ നന്ദികേട് കാണിച്ചിരിക്കുന്നു.
(അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്)

وعن عائشة، رضي الله عنها، أن النبي صلى الله عليه وسلم قال: من أُتي إليه معروفٌ فليكافئ به، فإن لم يستطع فليذكره، فمن ذكره فقد شكره. (صحيح مسلم).

ആഇശ رضي الله عنها നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: ആർക്കെങ്കിലും വല്ല ഉപകാരവും ലഭിച്ചാൽ അവൻ അതിന് പ്രത്യുപകാരം ചെയ്യട്ടെ. അതിന് കഴിയില്ലെങ്കിൽ അത് എടുത്തുപറയട്ടെ, എടുത്തുപറഞ്ഞവൻ നന്ദികാണിച്ചിരിക്കുന്നു.
(മുസ്’ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

عَنْ جابر رضي الله عنه عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ أُعْطِيَ عَطَاءً فَوَجَدَ فَلْيَجْزِ بِهِ، فَإِنْ لَمْ يَجِدْ فَلْيُثْنِ فَإِنَّ مَنْ أَثْنَى فَقَدْ شَكَرَ، وَمَنْ كَتَمَ فَقَدْ كَفَرَ، وَمَنْ تَحَلَّى بِمَا لَمْ يُعْطَهُ كَانَ كَلَابِسِ ثَوْبَيْ زُورٍ. (حسنه الألباني)

ജാബിർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആർക്കെങ്കിലും ഒരു ദാനം ലഭിച്ചാൽ അതിനു പ്രത്യുപകാരം ചെയ്യാവുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതുകൊണ്ട് അവൻ പ്രത്യുപകാരം ചെയ്യട്ടെ. ഒന്നുമില്ലെങ്കിൽ അവൻ അതിനെ കുറിച്ച് പ്രശംസിക്കട്ടെ. നല്ലനിലയിൽ പ്രശംസിക്കുന്നതിലൂടെ അവൻ നന്ദികാണിക്കുകയാണ് ചെയ്യുന്നത്. തനിക്കില്ലാത്ത ഒന്ന് ഉണ്ടെന്ന് നടിക്കുന്നവൻ രണ്ടു വ്യാജ വസ്ത്രങ്ങൾ ധരിച്ചവനെപ്പോലെയാണ്. (അൽബാനി ഹസൻ എന്ന് രേഖപ്പെടുത്തിയത്)

സഈദ് ബിൻ ജുബൈർ رحمه الله ചോദിക്കപ്പെട്ടു: ഒരു മജൂസി (അഗ്നിയാരാധകൻ) എനിക്കൊരു ഉപകാരം ചെയ്താൽ അയാൾക്ക് ഞാൻ നന്ദികാണിക്കേണ്ടതുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.

അമുസ് ലിംകളോട് നന്ദികാണിക്കുന്നതിനെ കുറിച്ച് അല്ലാമാ ഇബ് നു ഉഥൈമീൻ رحمه الله പറഞ്ഞു: “അമുസ് ലിംകളിൽപെട്ട ഒരാൾ നിനക്ക് വല്ല ഉപകാരവും ചെയ്താൽ അവനു നീ പ്രത്യുപകാരം ചെയ്തുകൊടുക്കണം. തീർച്ചയായും അത് ഇസ് ലാം അനുശാസിക്കുന്ന ഉന്നതമായ സ്വഭാവഗുണങ്ങളിൽപെട്ടതാണ്”.

ഏറെ പ്രചാരമുള്ള ഒരു പഴമൊഴി ഇപ്രകാരമാണ്: “കടമ നിറവേറ്റിയതിന് നന്ദി ആവശ്യമില്ല”

അതായത്, ആരെങ്കിലും തൻെറ ഉത്തരവാദിത്തം നിറവേറ്റിയാൽ അതിന് നന്ദി അർഹിക്കുന്നില്ല.

അല്ലാമാ ഇബ് നു ബാസ് رحمه الله പറയുന്നു:
“ഈ വാചകം തെറ്റാണ്. കാരണം കടമ നിറവേറ്റിയതിന് നന്ദികാണിക്കുക തന്നെ വേണം. ഒരാൾ അല്ലാഹുവിൻെറ അവകാശങ്ങളിൽപെട്ടതോ അടിമകളുടെ അവകാശങ്ങളിൽപെട്ടതോ ആയ ശർഇയ്യായ നിർബന്ധ ബാധ്യത നിറവേറ്റിയാൽ അതിന് നന്ദികാണിക്കണം. അതുപോലെ ഐഛികമായ കടമകൾനിറവേറ്റിയാൽ അതിനും നന്ദികാണിക്കണം”

അല്ലാഹു പറയുന്നു:

وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ

“എൻെറ അടിമകളിൽ നന്ദിയുള്ളവർ അൽപം മാത്രം”

വഹബ് ബിൻ മുനബ്ബിഹ് رحمه الله പറഞ്ഞു:
“പ്രത്യുപകാരം ചെയ്യുന്നതിൽ ഉപേക്ഷ വരുത്തൽ അളവിൽ കൃത്രിമം കാണിക്കുന്നതിൽപെട്ടതാണ്”. അഥവാ, ജനങ്ങളോടുള്ള കടപ്പാടുകളിൽ കുറവുവരുത്തലാണ്. നമുക്ക് വല്ല ഉകാരമോ ഗുണമോ ചെയ്തവർക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുമെങ്കിൽ അത് നിറവേറ്റൽ അനിവാര്യമായ നീതിനിർവ്വഹണത്തിൻെറ ഭാഗമാണ്.

عن عمر بن الخطاب رضي الله عنه أنه دخل على النبي صلى الله عليه وسلم فقال: يا رسول الله، رأيت فلانا يشكر يذكر أنك أعطيته دينارين فقال رسول الله صلى الله عليه وسلم: لكن فلانا قد أعطيته ما بين العشرة إلى المائة فما شكر وما يقوله…(صححه الألباني)

ഉമർ ബിൻ ഖത്താബ് رضي الله عنه നിവേദനം. അദ്ദേഹം നബി صلى الله عليه وسلم യുടെ അടുക്കൽ ചെന്നുകൊണ്ട് പറയുകയുണ്ടായി: അല്ലാഹുവിൻെറ ദൂതരേ, ഞാൻ ഒരാളെ നന്ദികാണിക്കുന്നവനായി കണ്ടു, താങ്കൾ അയാൾക്ക് രണ്ട് ദീനാർ നൽകിയ കാര്യം അയാൾ എടുത്തു പറയുന്നുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിൻെറ റസൂൽ صلى الله عليه وسلم പറഞ്ഞു: എന്നാൽ മറ്റൊരാൾക്ക് ഞാൻ പത്ത് മുതൽ നൂറുവരെ ദീനാറുകൾ കൊടുത്തു. അയാൾ നന്ദികാണിച്ചില്ല; അതിനെ കുറിച്ച് അനുസ്മരിക്കുക പോലും ചെയ്തില്ല. (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്)

നാശത്തിൻെറ പ്രകടമായ അടയാങ്ങളാണ് സത്യത്തെ അവഹേളിക്കൽ,
നന്മകൾ നിഷേധിക്കൽ, ഔദാര്യങ്ങളും ഉപകാരങ്ങളും മൂടിവെക്കൽ തുടങ്ങിയവ.

അതിനുള്ള കാരണം ശുദ്ധപ്രകൃതിയുടെ കുഴാമറിച്ചിലും രോഗാതുരമായ ഹൃദയത്തിൻെറ അതിക്രമങ്ങളുമാണ്.

അല്ലാഹു പറയുന്നു:

وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ

“നിങ്ങൾ നല്ലത് എന്തു തന്നെ ചെലവഴിച്ചാലും അതിനുള്ള പ്രതിഫളം നിങ്ങൾക്കു തന്നെ പൂർണ്ണമായി ലഭിക്കും”

ശൈഖ് മുഹമ്മദ് അൽ അൻജരി
മൊഴിമാറ്റം: അബൂ തൈമിയ്യ