മാസപ്പിറവി നിശ്ചയിക്കുന്നത് എങ്ങനെ?
അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അറബി മാസം തീരുമാനിക്കേണ്ടത് . മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമയം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.
ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്.
മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാൾ വിഷയത്തിൽ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ رحمهما الله പോലുള്ളവര്‍ പറഞ്ഞതിൻെറ സാംഗത്യവും അതു തന്നെയാണ്. അഥവാ ദുൽഹിജ്ജ മാസം എന്ന് തുടങ്ങുന്നു, അറഫയും ബലി പെരുന്നാളും ഏതു ദിവസമാണ് എന്ന കാര്യത്തിൽ മറ്റു നാട്ടുകാരെല്ലാം, യഥാസമയം അവർക്ക് ആ വിവരം ലഭിക്കുന്ന പക്ഷം, മക്കക്കാരെ പിന്തുടരണം. അല്ലാതെ ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന “സമയത്ത് തന്നെ” അറഫാ നോമ്പ് പിടിക്കണം എന്നൊരു വിധിയില്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടില്ല. അത് പ്രായോഗികവുമല്ല.
ഈ വർഷം (1442/2021) ജൂലായ് 19 തിങ്കളാഴ്ചയാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ അറഫാ നോമ്പ് പിടിക്കേണ്ടത്. കേരളത്തിൽ ചില സംഘടനാ പക്ഷപാതികൾ ജൂലായ് 20 ചൊവ്വാഴ്ചയാണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല, തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ജൂലായ് 9 വെള്ളിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുൽഹിജ്ജ മാസപ്പിറവി കാണാൻ കഴിഞ്ഞില്ല. അതിനാൽ ജൂലായ് 10 ശനിയാഴ്ച ദുൽഖഅദ് 30 ആയി കണക്കാക്കുകയും ജൂലായ് 11ഞായറാഴ്ച ദുൽഹിജ്ജ ഒന്നായി മക്കയിലെ ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ജൂലായ് 19 തിങ്കളാഴ്ചയാണ് ഈ വർഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം അഥവാ ജൂലായ് 20 ചൊവ്വാഴ്ച മുസ്‌ലിം ലോകം ബലിപെരുന്നാൾ ആഘോഷിക്കുകയുമാണ്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്നും, അവരുടെ കമ്മിറ്റിക്കാണ് തീരുമാനിക്കാൻ അവകാശമെന്നും വാശിപിടിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു ആശയക്കുഴപ്പം ഉടലെടുക്കുന്നത്.
ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവർ ഉന്നയിക്കുന്ന ഒരു ദുർന്യായമാണ് മക്കയുടെ എതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർക്ക് എങ്ങനെയാണ് ഹാജിമാർ അറഫയിൽ നിൽക്കുന്ന “സമയത്ത് തന്നെ” അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓർക്കുക:
1. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന “സമയത്ത് തന്നെ” അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തിൽപെട്ട ആരും പറഞ്ഞിട്ടില്ല. അതിനു പ്രമാണ രേഖകളുടെ പിൻബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുൽഹിജ്ജ ഒമ്പതിനാണ്. ദുൽഹിജ്ജ ഒമ്പത് പറമ്പും പ്രദേശവും നാടും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്.
2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിൻെറ ഏത് കോണിൽ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുൽഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജല്പിക്കുകയും ചെയ്യുന്നവർ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങൾക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഹാജിമാര്‍ അറഫയിൽ നില്ക്കുന്ന “സമയത്ത് തന്നെ” അറഫാ നോമ്പ് പിടിക്കണമെന്നോ, എങ്ങനെയാണ് അതിനു സാധിക്കുകയെന്നോ ഉള്ള സംശയം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകൾക്കും അതീതമാണെന്ന് കരുതുന്ന ചില അല്പബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിർബന്ധമില്ലാത്തതാണ്. “മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പെടുക്കു, പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക” എന്നാണ് നബി ﷺ പറഞ്ഞത്. സ്വന്തം പറമ്പിലെന്നോ, അവനവൻെറ പ്രദേശത്തെന്നോ, ഓരോ നാട്ടിലെന്നോ ഉള്ള ഒരു നിബന്ധനയും അവിടുന്ന് നിശ്ചയിച്ചിട്ടില്ല. അല്ലോുഹവോ അവൻെറ റസൂലോ നിശ്ചയിക്കാത്ത ഒരു നിബന്ധന ആരു നിശ്ചയിച്ചാലും അത് നിലനിൽക്കുകയുമില്ല. പ്രാദേശികമായ കാഴ്ച വേണം എന്നതിന് തെളിവായി പറയാറുള്ളത് കുറൈബിൽനിന്ന് ഉദ്ധരിക്കുന്ന ഒരു രിവായത്താണ്. അതിൽ തന്നെ അങ്ങനെ ഒരു നിബന്ധ പറഞ്ഞിട്ടില്ല. ആ സംഭവം മുൻനിർത്തി ശാഫിഈ മദ്ഹബുകാരനായ നവവി പ്രകടിപ്പിച്ച അഭിപ്രായം മാത്രമാണ് പ്രാദേശികമായ കാഴ്ച വേണമെന്നത്. മുസ്‌ലിം സമൂഹത്തിൽ വലിയ ഭിന്നതകൾക്ക് കാരണമായ ഒരു അഭിപ്രായമായിപ്പോഴി അതെന്ന് മറ്റു പലരും പറഞ്ഞിട്ടുണ്ട്.
അറിയുക! പണ്ഡിതാഭിപ്രായങ്ങൾ പ്രമാണങ്ങളല്ല. അവ നിലനിൽക്കണമെങ്കിൽ സാധൂകരിക്കുന്ന പ്രമാണവാക്യങ്ങൾ വേണം. നവവിക്ക് മുമ്പും പിമ്പും വന്ന പല പണ്ഡിതന്മാരും ആ സംഭവത്തെ വിവരിച്ചത് മറ്റു രുപത്തിലാണ്. ഇക്കാര്യം എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല?! മാസപ്പിറവി കാണുന്നത് ആഗോള തലത്തിൽ പരിഗണിക്കപ്പെടണം എന്നതാണ് പ്രമാണബദ്ധവും പ്രായോഗികവുമായ നിലപാട്. ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോൾ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അല്പൻന്മാരുടെ കുബുദ്ധിയിൽ ഉദിക്കുന്ന കാര്യമാണ് ‘മക്കയുടെ ഏതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർ ഹാജിമാർ അറഫയിൽ നില്ക്കുന്ന “സമയത്ത് തന്നെ” എങ്ങനെ അറഫാ നോമ്പ് പിടിക്കും’ എന്നുള്ള ചോദ്യം.
മാസപ്പിറവി സംബന്ധിച്ച് ഓരോ വർഷവും ഓരോ തരം യമണ്ടൻ വാദങ്ങൾ പുറത്തുവരാറുണ്ട്. ഈ വർഷം പുതുതായി കേൾക്കാൻ സാധിച്ചത്, പെരുന്നാൾ ഭൂരിപക്ഷത്തിൻെറ കൂടെ ആഘോഷിക്കണം എന്നാണ്. കേരളത്തിൽ ഈ വർഷം ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത് എന്ന് ചിലർ വാദിക്കുന്നു. അതിനു വേണ്ടി അവർ ഒരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്തു. നോമ്പും പെരുന്നാളും (الناس، عظم الناس) ൻെറ കൂടെയായിരിക്കണം എന്നു നിർദ്ദേശിക്കുന്ന ഹദീസുകളാണവ. ഹദീസുകളിൽ വന്നിട്ടുള്ള (الناس، عظم الناس، الجماعة) എന്നതിൻറെ വിവക്ഷ മുസ്‌ലിം ഭരണാധികാരിയും അദ്ദേഹത്തിനു ബൈഅത്ത് ചെയ്തിട്ടുള്ള പ്രജകളുമാണ്. ബൈഅത്ത് നൽകിയ ഒരു ഭരണാധികാരിയുടെ കീഴിലല്ലാതെ ചിതറിത്തെറിച്ച് പരസ്പരം പോരടിക്കുന്ന സംഘടനകളെയല്ല അതു കൊണ്ടുദ്ദേശിക്കുന്നത്. തെങ്ങിൽ കേറുന്നതിനു മുമ്പ് അതിന് തലയുണ്ടോ എന്നു നോക്കണം. അല്ലാതെ തലയില്ലാത്ത തെങ്ങിൽ കേറാനുള്ള ഉപദേശമായി ആ ഹദീസിനെ കാണരുത്. അത്തരം ഹദീസുകൾ ഖുലഫാക്കളും സ്വഹാബത്തും എങ്ങനെ മനസ്സിലാക്കി എന്നു നോക്കണം. ഭരണാധികാരിയും പ്രജകളുമാണ് അതിൻെറ വിവക്ഷയെന്നത് സലഫുകളുടെ നടപടികളിൽനിന്നും പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിൽനിന്നും അനായാസം ഗ്രഹിക്കാവുന്നതാണ്. സങ്കടകരമെന്നു പറയട്ടെ, കേരളത്തിൽ കാര്യങ്ങൾ ശരിയായ വിധത്തിൽ ചിന്തിക്കാനും സത്യമായ മാർഗ്ഗം ഉപദേശിക്കാനും ആരുമില്ലാതായിരിക്കുകയാണ്. والله المستعان
ഈ വർഷം, ജൂലായ് 19 തിങ്കളാഴ്ച അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാൾ ആഘോഷിക്കേണ്ടത് മുസ്‌ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. അപ്പോൾ മാത്രമേ ജനങ്ങളുടെ കൂടെ എന്ന ഹദീസ് നമുക്ക് പ്രാവർത്തികമാക്കാൻ കഴിയൂ. കേരളത്തിൽ, ഇമാമിൻെറ നേതൃത്വമില്ലാത്ത നാൽപത് പേരുടെ കൂടെ പുത്തനുടുപ്പണിഞ്ഞ് ഭക്ഷണം കഴിക്കാൻ വേണ്ടി ലോകത്തെങ്ങുമുള്ള മുസ്‌ലിം ഭരണാധികാരികളെയും അവരോടൊപ്പമുള്ള പ്രജകളെയും ജനങ്ങളായി കാണാതെ തള്ളിവിടുന്നത് എന്തൊരബദ്ധമാണ്!
ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാൻ സാഹചര്യം ലഭിക്കാത്തവർ, ഏതു നാട്ടിലാണോ അവരുള്ളത് ആ നാട്ടിലെ മുസ്‌ലിംകളോടൊപ്പം പെരുന്നാൾ ആഘോഷിക്കട്ടെ. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുർ റഹ്ത്വിൻറെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതാണല്ലോ. والله أعلم