നാലും മൂന്നും ഏഴ് !!
അഥവാ
അവശേഷിക്കുന്ന സുകൃതങ്ങൾ


ഇത് വിഹ്വലമായ ഒരു മനസ്സിൻെറ മന്ത്രമാണ്. മനസ്സിൽനിന്ന് മനസ്സിലേക്ക് പടരാനുള്ള വീര്യം. സിരകൾക്ക് അതിനെ ആവാഹിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ വിട്ടേക്കുക. വെറുതെ വായിച്ചു മുഷിയേണ്ടതില്ല. കാരണം, ആകർഷകമായ ശൈലിയിൽ ഉയർന്ന പാരായണക്ഷമതയോടെ എഴുതപ്പെട്ട ഒരു ലേഖനമല്ല ഇത്.

അവസാന കാലത്താണ് നാം ജീവിക്കുന്നത്. ഇസ്‌ലാമിൻെറ ആദ്യനാളുകളിൽ നബി ﷺ യും അനുചരന്മാരും അനുഭവിച്ച അപരവത്ക്കരണത്തിൻെറയും അന്യതാബോധത്തിൻെറയും പീഢനങ്ങളുടെയും തീച്ചുളകളെ കുറിച്ച് കേട്ടിട്ടുണ്ട്. സമാനമായ തീച്ചൂളകൾ ജ്വലിക്കുന്ന കാലം. അവയിൽ നിന്ന് വെറുപ്പിൻെറയും ശത്രുതയുടെയും ലാവ പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്നു. ഇതൊന്നും തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളല്ല. ഇത്തരം ഒരു സാഹചര്യത്തിൻെറ തിരിച്ചുവരവിനെ കുറിച്ച് നബി ﷺ തന്നെ കാലേക്കൂട്ടി മുന്നറിയിപ്പു നൽകിയതാണ്.

അല്ലാഹുവാണ് ഞങ്ങളുടെ റബ്ബ്, അവനെ മാത്രമേ ഞങ്ങൾ ആരാധിക്കൂ എന്നൊരു നിലപാടെടുത്തതിൻെറ പേരിൽ ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന മുഖമില്ലാത്ത, മേൽവിലാസമില്ലാത്ത, ആലംബരഹിതരായ ജനങ്ങൾ. റബ്ബിൻെറ മാത്രം കാവൽ തേടുന്ന അഭയാർത്ഥികൾ! റബ്ബേ, ഞങ്ങൾ അശക്തരാണ്, കഴിവുകെട്ടവരാണ്. ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യണേ റഹ്‌മാനേ!

ഈ കുറിപ്പ് എനിക്കു വേണ്ടി തയ്യാറാക്കിയതാണ്. ഭൂലോകത്ത് മനസ്സമാധാനം കിട്ടാൻ. പരലോകത്ത് അവസാനമായിട്ടെങ്കിലും രക്ഷപ്പെട്ട് കരകേറാൻ. മറ്റുള്ളവരെ നന്നാക്കുക എന്നതിനല്ല പ്രഥമ പരിഗണന. സ്വയം രക്ഷപ്പെടുക, അതിനുള്ള അവസാനത്തെ ശ്രമം നടത്തുക, അതാണ് മുഖ്യലക്ഷ്യം. ഇത് ആർക്കെങ്കിലും ഉപകരിച്ചാൽ അതും ആത്മരക്ഷക്ക് ഒരു താങ്ങായിക്കിട്ടുമല്ലോ എന്നൊരു പ്രതീക്ഷ കൂടിയുണ്ട്.

അല്ലാഹു നമുക്ക് മുന്നിൽ വെച്ചുനീട്ടുന്ന വിലയേറിയ ഒരു ചരക്കുണ്ട്. അതാണ് സ്വർഗ്ഗം. അതെ, സ്വർഗ്ഗത്തിനു ജീവൻെറ വിലയാണ്. ജീവൻ നൽകി സ്വർഗ്ഗം വാങ്ങാൻ കഴിയാത്ത ചിലരുണ്ട്. സ്വർഗ്ഗത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തിൽ എല്ലാവർക്കുമൊപ്പം എത്താൻ കഴിയാത്ത അതിദുർബ്ബലരായ ആളുകൾ. ഇരുട്ട് പടരും മുമ്പ് കൂടണയാൻ പോലും കഴിയാതെ പാതിവഴിയിൽ പെട്ടുപോകുന്ന പാവങ്ങൾ. അവർക്കു പോലും പ്രതീക്ഷ നൽകുന്ന ഒരു മഹാകാര്യത്തെ കുറിച്ചാണ് ഈ പരിചിന്തനം.

സത്യത്തിൻെറ ശത്രുക്കളോട് പൊരുതിക്കേറാനുള്ള വീര്യവും ശൗര്യവുമില്ലാത്തവർ. സത്യത്തിൻെറ മാർഗ്ഗത്തിൽ കൈവശമുള്ള സ്വത്ത് പോലും ചെലവഴിക്കാൻ ഹൃദയവിശാലത കിട്ടാത്തവർ. രാത്രിയുടെ ഇരുട്ടറകളിൽ ആരോരുമറിയാതെ അല്ലാഹുവിനുള്ള ആരാധനയിൽ മുഴുകാമെന്ന് കരുതിയാൽ അതിന് കരുത്തും സഹനവും ലഭിക്കാത്തവർ. ഇത്രത്തോളം അശക്തരും ഭീരുക്കളുമായ പാവങ്ങൾക്കുമുണ്ട് ഒരു പോംവഴി! അവരുടെ മുന്നിൽ പോലും വിരിയുന്ന പ്രതീക്ഷയുടെ പൊൻകിരണത്തെ കുറിച്ചാണ് ഈ പര്യാലോചന.

സ്രഷ്ടാവായ അല്ലാഹുവിൻെറ മുന്നിൽ ഏകനായി വന്ന് പിറന്നപടി നിൽക്കുമ്പോൾ, താൻ താൻ ചെയ്തുവെച്ച പ്രവർത്തനങ്ങളുടെ കണക്കു ബോധിപ്പിക്കുമ്പോൾ, കൂട്ടിയും കിഴിച്ചും, കൊണ്ടും കൊടുത്തും കൈ ശൂന്യമായിത്തീരുമ്പോൾ ബാക്കിയായി കിട്ടാവുന്ന ഒരു വലിയ കാര്യത്തെ കുറിച്ചാണ് ഇവിടെ ചിന്തിക്കുന്നത്. അതെ, എല്ലാം കൈവിട്ടുപോകുമ്പോൾ അവസാനം നമ്മുടെ കൂടെ നിൽക്കുന്ന അനിതരമായ ഒരു മഹാകാര്യത്തെ കുറിച്ച് തന്നെ.

നാലു കീർത്തനങ്ങൾ! മൂന്നു പ്രാർത്ഥനകൾ!! നാലും മൂന്നും ഏഴു കാര്യങ്ങൾ!!! ബിരുദവും വിദ്യാഭ്യാസവുമില്ലാത്ത സർവ്വസാധാരണക്കാരനായ ഏതൊരു അഅ്റാബിക്ക് പോലും അയത്നലളിതമായി മനസ്സിലാക്കിയെടുക്കാവുന്ന ഗണിതം. ദുർബ്ബലരിൽ ദുർബ്ബലരും അശണരിൽ അശണരുമായ ഭീരുക്കൾക്കു പോലും നേടിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾ. വരിയിൽ നിൽക്കുന്ന അവസാന വ്യക്തിയെ മാത്രമല്ല, വരി കണ്ടെത്താൻ പോലും കഴിയാത്ത ആലംബഹീനർക്കു പോലും വിജയം നേടാനുള്ള മന്ത്രം. ആ നാലു കീർത്തനങ്ങൾ അന്ത്യനാളിൽ കാവലാളായി വരും. ഇടതും വലതും കാവൽനിൽക്കുന്ന സൈനിക സംഘമായിത്തീരും. മുന്നിലും പിന്നിലും സംരക്ഷണം ഉറപ്പിക്കുന്ന സൈനികവ്യൂഹമായി നിലകൊള്ളും. അവയാണ് ഏറ്റവും ഒടുവിൽ നമ്മുടെ കൂടെ ബാക്കിയാകുന്ന നന്മകൾ. പ്രതിക്രിയകളുടെ അവകാശവാദങ്ങൾ പോലും മറികടന്ന് നമ്മുടെ കൂടെ ബാക്കിയാകുമെന്ന് പലരും പ്രത്യാശിക്കുന്ന ‘അവശേഷിക്കുന്ന സുകൃതങ്ങൾ’!!

ഇമാം ബൈഹഖി ശുഅബുൽ ഈമാൻ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഒരു സംഭവമുണ്ട്. അത് ഇപ്രകാരം വായിക്കാം:

قَالَ الْبَيْهَقِيُّ رَحِمَهُ اللهُ تَعَالَى فِي شُعَبِ الْإِيمَانِ: أَخْبَرَنَا أَبُو الْحُسَيْنِ بْنُ بِشْرَان، أنا أَبُو جَعْفَرٍ مُحَمَّدُ بْنُ عَمْرٍو الرَّزَّازُ، ثنا الْحَسَنُ بْنُ ثَوَابٍ أَبُو عَلِيٍّ، حَدَّثَنِي عَمَّارُ بْنُ عُثْمَانَ الْحَلَبِيُّ أَبُو عُثْمَانَ، وَكَانَ أَحْمَدُ بْنُ حَنْبَلٍ يُوَثِّقُهُ وَتَأَسَّفَ عَلَى أَنَّهُ لَمْ يَكْتُبْ عَنْهُ شَيْئًا، حَدَّثَنِي جَعْفَرُ بْنُ سُلَيْمَانَ الضُّبَعِيُّ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ: جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ، عَلِّمْنِي خَيْرًا، فَأَخَذَ النَّبِيُّ ﷺ بِيَدِهِ، فَقَالَ: قُلْ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ ، قَالَ: فَعَقَدَ الأَعْرَابِيُّ عَلَى يَدِهِ وَمَضَى فَتَفَكَّرَ، ثُمَّ رَجَعَ فَتَبَسَّمَ النَّبِيُّ ﷺ قَالَ: تَفَكَّرَ الْبَائِسُ فَجَاءَ، فَقَالَ: يَا رَسُولَ اللَّهِ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ هَذَا لِلَّهِ فَمَا لِي؟ فَقَالَ لَهُ النَّبِيُّ ﷺ : يَا أَعْرَابِيُّ، إِذَا قُلْتَ: سُبْحَانَ اللَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: الْحَمْدُ لِلَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: لا إِلَهَ إِلا اللَّهُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُ أَكْبَرُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُمَّ اغْفِرْ لِي، قَالَ اللَّهُ: قَدْ فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْحَمْنِي، قَالَ اللَّهُ: فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْزُقْنِي، قَالَ اللَّهُ: قَدْ فَعَلْتُ، قَالَ: فَعَقَدَ الأَعْرَابِيُّ عَلَى سَبْعٍ فِي يَدِهِ ثُمَّ وَلَّى . [البيهقي في شعب الإيمان، وأورده الألباني في سلسلة الأحاديث الصحيحة]

അനസ് رضي الله عنه നിവേദനം. അദ്ദേഹം പറയുന്നു: ഗ്രാമീണനായ ഒരു അറബി നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, എനിക്കൊരു നല്ല കാര്യം പഠിപ്പിച്ച് തരൂ. അപ്പോൾ നബി ﷺ അദ്ദേഹത്തിൻെറ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: നീ സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുക. അനസ് رضي الله عنه പറയുന്നു: തൻെറ കൈ കൊണ്ട് കണക്കു പിടിച്ച് അദ്ദേഹം അൽപം നടന്നു നീങ്ങി. പിന്നീട് ഒന്നാലോചിച്ച ശേഷം തിരിച്ചു വന്നു. അപ്പോൾ നബി ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അതിനെ കുറിച്ച് ആലോചിച്ച് പാവം തിരിച്ചു വന്നിരിക്കുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ ഇത് അല്ലാഹുവിന്നുള്ളതാണല്ലോ. എനിക്കെന്താണുള്ളത്? അപ്പോൾ അദ്ദേഹത്തോട് നബി ﷺ പറഞ്ഞു: ഹേ, മനുഷ്യാ! നിങ്ങൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അൽഹംദു ലില്ലാഹ് എന്നു പറഞ്ഞാൾ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അല്ലാഹു അക്ബർ എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. അല്ലാഹുവേ, നീ എന്നോട് പൊറുക്കണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അങ്ങനെ ചെയ്തിരിക്കുന്നു. അല്ലാഹുവേ നീ എന്നോട് കരുണ ചെയ്യണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അല്ലാഹുവേ, എനിക്കാവശ്യമായ വിഭവങ്ങൾ നീ എനിക്കു നൽകണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അനസ് رضي الله عنه പറയുന്നു: അപ്പോൾ തൻെറ ഏഴു കൈവിരലുകൾ മടക്കി കണക്കും പിടിച്ച് അദ്ദേഹം പിരിഞ്ഞുപോയി. (ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

ഹദീസിൽ പറഞ്ഞ നാലു കീർത്തനങ്ങളെ കുറിച്ച് ഒരു ലഘുവിവരണം നൽകാം. വായിക്കാനല്ല, ആസ്വദിക്കാനല്ല, വിമർശിക്കാനല്ല… ജീവിക്കാൻ, അതിജീവനം കൈവരിക്കാൻ. അനുവാചകർക്കു വേണ്ടിയല്ല. ഈ എളിയവനു വേണ്ടി; പിന്നെ മാത്രം അനുവാചകരായ നിങ്ങൾക്കും.

1. തസ്ബീഹ് [ سُبْحَانَ اللهِ ]
‘സുബ്ഹാനല്ലാഹ്’ എന്നതാണ് തസ്ബീഹിൻെറ വാക്കുകൾ. സുബ്ഹാന എന്ന പദം ഒരു ക്രിയാനാമമാണ്. അതിൻെറ ഭാഷാർത്ഥം അകറ്റി നിർത്തുക, ഒഴിച്ചു നിർത്തുക എന്നെല്ലാമാണ്. തസ്ബീഹിൻെറ വിവക്ഷ ഇപ്രകാരമാണ്: ഞാൻ അല്ലാഹുവിൻെറ വിശുദ്ധി ഉയർത്തിപ്പിടിക്കുന്നു. അതിനെ കളങ്കപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും നിരാകരിക്കുന്നു. അത്തരം ദുരാരോപണങ്ങളിൽനിന്നും തെറ്റായ നടപടികളിൽനിന്നും അവനെ ഉയർത്തുകയും അവൻെറ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.

അവൻെറ വിശുദ്ധിയുടെ അടിസ്ഥാനം, അവനുമായി ബന്ധപ്പെട്ട എല്ലാം അവനു മാത്രമുള്ളതാണ് എന്നതത്രെ. അതിൽ ഒട്ടും കളങ്കമോ കലർപ്പോ ഇല്ല. അവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവൻെറ സത്താപരമായ കാര്യങ്ങൾ, ഉൽകൃഷ്ടമായ നാമങ്ങൾ, ഉന്നതമായ ഗുണവിശേഷങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ, അനന്യവും അപരിമേയവുമായ അധികാരാവകാശങ്ങൾ പോലുള്ളവയാണ്. അവൻെറ കാര്യങ്ങൾ അവനു മാതം അവകാശപ്പെട്ടതാണ്. അതിൽപെട്ട ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല.

ഉദാഹരണമായി, അവൻെറ സത്ത അവനു മാത്രം അവകാശപ്പെട്ടതാണ്. അത് പരിപൂർണ്ണവും അന്യൂനവും അതിമനോഹരവുമാണ്. അതേ പോലുള്ള സത്ത മറ്റൊരാൾക്കും ഇല്ല. മറ്റുള്ളവരുടെ സത്ത അവനു ചേരുകയുമില്ല. സത്താപരമായി പൂർണ്ണനും, കലർപ്പും കളങ്കവുമേശാത്ത വിശുദ്ധനുമാണ് അല്ലാഹു.

അവൻെറ നാമങ്ങളും ഗുണവിശേഷങ്ങളും അവനു മാത്രം അവകാശപ്പെട്ടതാണ്. അവ പരിപൂർണ്ണവും കുറ്റമറ്റവയും മനോഹരവുമാണ്. മറ്റൊരാൾക്കും അതുപോലുള്ള നാമ ഗുണവിശേഷങ്ങളില്ല. മറ്റുള്ളവരുടെ നാമങ്ങളോ ഗുണവിശേഷങ്ങളോ അവനു ചേരുകയുമില്ല. നാമ ഗുണവിശേഷങ്ങളിൽ അവൻ പൂർണ്ണനും വിശുദ്ധനുമാണ്. അവയിൽ യാതൊരു കളങ്കവും കലർപ്പുമില്ല എന്ന് സാരം.

അവൻെറ പ്രവർത്തനങ്ങൾ അവനുമാത്രം അവകാശപ്പെട്ടതാണ്. അവൻെറ ചെയ്തികൾ പൂർണ്ണവും സുന്ദരവും ഭദ്രവുമായിരിക്കും. മറ്റാർക്കും അതു പോലെ ഒരു പ്രവർത്തനം കാഴ്ചവെക്കാനാവില്ല. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ അവനു ചേരുകയുമില്ല. അവൻെറ പ്രവർത്തനങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. ഒരു തരത്തിലുള്ള കലർപ്പും കളങ്കവും ചേർന്നിട്ടില്ലാത്ത, വിശുദ്ധവും കുറ്റമറ്റതും സോദ്ദേശപരവുമായ പ്രവർത്തനങ്ങളായിരിക്കും അല്ലാഹുവിൻേറത്.

അവൻെറ അധികാരാവകാശങ്ങളുടെ കാര്യമാവട്ടെ അവനുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളാവട്ടെ അവയുടെയെല്ലാം സ്ഥിതിയും ഇങ്ങനെ തന്നെ. അവനു സമാനമായി മറ്റൊരുവനോ, അവൻെറ കാര്യങ്ങളിൽ പങ്ക് അവകാശപ്പെടാവുന്നവനോ, അവനു സഹായിയായി വർത്തിക്കുന്നവനോ, അവൻെറയടുക്കൽ അനുവാദമില്ലാതെ ശിപാർശ പറയാൻ സ്വാധീനമുള്ളവനോ ആയി ഒരാളുമില്ല.

അല്ലാഹുവിൻെറ കാര്യം അത്രമേൽ വിശുദ്ധമാണ്, കലർപ്പില്ലാത്തതാണ്. ഈ വിശുദ്ധിയാവട്ടെ അവൻെറ ഏകത്വത്തിൻെറ താൽപര്യവും അനിവാര്യതയുമാണ്. എന്നാൽ, അറിവില്ലാത്തവരും അക്രമികളുമായ ജനങ്ങൾ അവൻെറ വിശുദ്ധി കളങ്കപ്പെടുത്തുന്ന രൂപത്തിൽ വ്യാജമായ ദുരാരോപണങ്ങൾ കെട്ടിച്ചമക്കുന്നു.
അവനു പുത്രന്മാരെയും പുത്രിമാരെയും നിശ്ചയിക്കുന്നു. അവൻെറയടുക്കൽ സ്വാധീനമുള്ള ശിപാർശക്കാരുണ്ടെന്ന് വാദിക്കുന്നു. അവൻെറ ഉൽകൃഷ്ടമായ നാമങ്ങൾ സൃഷ്ടികൾക്ക് നൽകുന്നു. സ്വയം മെനഞ്ഞുണ്ടാക്കിയതോ സൃഷ്ടികൾക്ക് ഉപയോഗിക്കുന്നതോ ആയ നാമങ്ങൾ അവനു ചാർത്തുന്നു. അവൻെറ അതുല്യമായ ഗുണവിശേഷങ്ങൾ സൃഷ്ടികൾക്ക് പതിച്ചു കൊടുക്കുന്നു. സൃഷ്ടികളുടെ ഗുണവിശേഷങ്ങൾ അവനിൽ ആരോപിക്കുന്നു. അവൻെറ ചെയ്തികൾ സൃഷ്ടികളുടെ പേരിൽ വക ചേർക്കുന്നു. സൃഷ്ടികളുടേത് അവനിൽ ആരോപിക്കുന്നു. അവൻെറ അധികാരാവകാശങ്ങൾ സൃഷ്ടികൾക്ക് വകവെച്ചുകൊടുക്കുന്നു. സൃഷ്ടികളുടെ അപൂർണ്ണമായ അധികാരവകാശങ്ങളോട് അവൻെറ അപരിമേയമായ അധികാരവാകശങ്ങളെ സാദൃശ്യപ്പെടുത്തുന്നു. ഇങ്ങനെ എന്തെല്ലാം ദുരാരോപണങ്ങൾ! മനുഷ്യൻ എത്ര വലിയ അക്രമിയും വിവരദോഷിയുമാണ്!!

‘സുബ്ഹാനല്ലാഹ്’ എന്ന് ഉരുവിടുന്ന ഒരു വിശ്വാസി പ്രഖ്യാപിക്കുന്നത്:

  • വിവരദോഷികളായ അക്രമികളെ പോലെ, അല്ലാഹുവിൻെറ ഏകത്വത്തെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുന്നവനല്ല ഞാൻ.
  • വിവരദോഷികളായ അക്രമികളുടെ എല്ലാവിധ ദുരാരോപണങ്ങളെയും തെറ്റായ നടപടികളെയും ഞാൻ തീർത്തും നിരാകരിക്കുന്നു. അവയിൽനിന്നെല്ലാം അല്ലാഹുവിനെയും അവൻെറ വിശുദ്ധിയെയും ഞാൻ അകറ്റിനിർത്തുന്നു.
  • അവൻെറ ഏകത്വവും, അതിൻെറ താൽപര്യമായ വിശുദ്ധിയും ഞാൻ സദാ ഉയർത്തിപ്പിടിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു.

ഇതാണ് തസ്ബീഹ്. ഇവയാണ് ‘സുബ്ഹാനല്ലാഹ്’ എന്നതിൻെറ നിഹിതാർത്ഥങ്ങൾ. അല്ലാഹുവിനെ അറിയൂ, അറിഞ്ഞു കൊണ്ട് ആരാധിക്കൂ. അപ്പോഴാണ് ഇബാദത്ത് സാർത്ഥകമായിത്തീരുക.

2. തഹ്‌മീദ് [اَلْحَمْدُ لِلَّهِ]
അൽഹംദു ലില്ലാഹ്.. ഹംദിൻെറ വാക്കുകൾ! ‘ഹംദി’ൻെറ ഭാഷാർത്ഥം സ്തുതി, സ്തോത്രം, വാഴ്ത്തൽ, കീർത്തനം എന്നൊക്കയാണ്. അതിനോട് ചേർത്തിരിക്കുന്ന ‘അൽ’ വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ, അൽഹംദു ലില്ലാഹ് എന്നതിൻെറ സാമാന്യമായ അർത്ഥം, സർവ്വ സ്തുതിയും അല്ലാഹുവിന്ന് എന്നായിത്തീരുന്നു.

ഹംദ് നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. അൽഹംദു ലില്ലാഹ് – എല്ലാ സ്തുതിയും അല്ലാഹുവിന്ന് – എന്ന് ഒരു അടിയാൻ പറയുമ്പോൾ തൻെറ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്ത്തുന്നു; അവൻെറ അപദാനങ്ങൾ വാഴ്ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന്ന് ഹംദ് ചൊല്ലുന്നത്:

1. അവൻെറ പൂർണ്ണതയെ മുൻനിർത്തി:
അല്ലാഹുവിൻെറ പൂർണ്ണത ഭാവനകൾക്ക് അതീതമാണ്, അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനനും അനന്യവും അതിമനോഹരവുമാണ്. അവൻെറ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ.. തുടങ്ങി മുഴുപ്രശ്നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണ്ണതയും വർണ്ണനാതീതവുമാണ്. അവൻ ഏകനും അതുല്യനും അദ്വിതീയനുമാണ്. അവൻ ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവൻ ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവൻ കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാർശകരില്ല. അവൻെറ കാര്യങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അതിൽ ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവൻ സൃഷ്ടികൾക്ക് അതീതനാണ്, അർശിനും ഉപരിയിലാണ്. അവൻ ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെ കുറിച്ച് നാം സ്വയം വർണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവൻ തന്നെ അവനെ കുറിച്ച് തൻെറ ദൂതന്മാർ മുഖേന വർണ്ണിച്ചു തന്നത് അതേപടി സ്വീകരിക്കുക, ആവർത്തിക്കുക. അതാണ് വിശ്വാസത്തിൻെറയും സമർപ്പണത്തി ൻെറയും മാർഗ്ഗം. അതു മാത്രമാണ് സുരക്ഷിതമായ വഴി. അവൻെറ അപദാനങ്ങൾ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നീ നിന്നെ സ്വയം വാഴ്ത്തിയത് എപ്രകാരമാണോ അങ്ങനെയാണു നീ! നിൻെറ സകലമാന കാര്യങ്ങളും തഥൈവ!! നിന്നെ അറിയുന്ന ഒരു അടിയാന് എങ്ങനെ നിന്നെ വാഴ്ത്താതിരിക്കാൻ കഴിയും? നിനക്കുള്ള സ്തുതി ചേതനയിൽ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്തുതിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അൽഹംദു ലില്ലാഹ്..

2. അവൻെറ അനുഗ്രഹങ്ങളെ മുൻനിർത്തി:
അല്ലാഹു റഹ്‌മാനാണ്, കാരുണ്യത്തിൻെറ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവൻേറതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവൻെറ കോപത്തെ കവച്ചുവെച്ചിരിക്കുന്നു. അവൻ ഇഹത്തിലും പരത്തിലും റഹ്‌മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്ക് കാരുണ്യം ചൊരിയുന്നവൻ. അവൻ കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികൾക്കിടയിൽ വീതിച്ചു. അതുമൂലമാണ് അവർ പരസ്പരം കാരുണ്യത്തോടെ വർത്തിക്കുന്നത്. മനുഷ്യർ മാത്രമല്ല മുഴുവൻ ജീവജാലങ്ങളും. മൃഗങ്ങൾ കിടാങ്ങളോട്, പക്ഷികൾ കുഞ്ഞുങ്ങളോട്.. അങ്ങനെ എല്ലാവരും. അവൻെറ കാരുണ്യം എല്ലാറ്റിനെയും ചൂഴ്ന്നുനിൽക്കുന്നു. അവൻ ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിൻെറ താൽപര്യം നല്ല ഉദ്ദേശ്യങ്ങൾ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളിൽനിന്ന് രക്ഷയേകുക, സംഭവിച്ചു പോയ വീഴ്ചകൾ പൊറുത്തുതരിക എന്നതാണ്. റഹ്‌മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ അപാരവും അസംഖ്യവുമാണ്. അവൻെറ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാൻ തന്നെയും, എൻേറതും എനിക്കുള്ളതും എൻെറ ചുറ്റുപാടുകളും, എല്ലാമെല്ലാം നിൻെറ അനുഗ്രഹം മാത്രം. നിൻെറ ആശിസ്സുകളില്ലാതെ ഒരു നിമിഷാർദ്ധം എനിക്ക് നിലനിൽക്കാനാവില്ല. നിൻെറ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ ഉള്ളിൽ നിറയുന്ന സ്തുതി നാവിലൂടെ പുറത്ത് വരുന്നു: അൽഹംദു ലില്ലാഹ്..

മനസ്സു നിറയാതെ, നാവു കൊണ്ട് സ്തുതിയെന്നു പറഞ്ഞാൽ ഹംദ് ആവില്ല. അത് അർത്ഥശൂന്യമായ പുകഴ്ത്തൽ മാത്രമായിത്തീരും. അല്ലാഹുവിൻെറ പൂർണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തിൽ, അവനോടുള്ള അപരിമേയമായ സ്നേഹവും ഭയപ്പാടും പ്രതീക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിർന്നു വീഴണം. അപ്രകാരം നാവിൽനിന്ന് ഉതിർന്നു വീഴുന്ന മുത്തുകളാണ് ഹംദ്.

സ്തുതിയും നന്ദിയും തമ്മിൽ ഒരു താരതമ്യം:
സ്തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കിൽ, നന്ദിയുടെ ഉപാധികൾ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിൻെറ പൂർണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്തുതിയുടെ ബന്ധം. എന്നാൽ സ്തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാൻ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങൾ.. മൂന്നും നന്ദി പ്രകടിപ്പിക്കാനുള്ള ഉപാധികളാണ്. എന്നാൽ നന്ദിയുടെ ബന്ധം അല്ലാഹുവിൻെറ അനുഗ്രഹങ്ങളോട് മാത്രമാണ്.

തസ്ബീഹ് നിരാസമാണ്. വിവരദോഷികളായ അക്രമികൾ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. തഹ്‌മീദ് സ്ഥിരീകരണമാണ്. അല്ലാഹുവിനെ കുറിച്ചുള്ള അവൻെറ സ്വന്തം വർണ്ണന. സത്യസന്ധരായ ദുതന്മാർ അറിയിച്ചു തന്ന ആ വർണ്ണനകളുടെ സ്ഥിരീകരണം. തസ്ബീഹ് പൂർണ്ണമാകുന്നത് തഹ്‌മീദോടു കൂടിയാണ്. അതുകൊണ്ടാണ് ദിക്റുകളിൽ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വർണ്ണനകളും ആരോപണങ്ങളും ഞാൻ നിരാകരിക്കുന്നു. അവനെ കുറിച്ച് ദൂതന്മാർ മുഖേന അവൻ അറിയിച്ചു തന്ന വർണ്ണനകൾ ഉയത്തിപ്പിടിച്ച് ഞാൻ അവനെ വാഴ്ത്തുന്നു. സുബ്ഹാനല്ലാഹി വബി ഹംദിഹീ…

3. തഹ്‌ലീൽ [لَا إِلَهَ إِلَّا اللهُ]
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് അല്ലാഹുവിൻെറ ഏകത്വം ഉദ്ഘോഷിക്കാനുള്ള സത്യസാക്ഷ്യത്തിൻെറ വചനം. ദൃഢബോധ്യത്തോടെ ഇത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരാൾ സത്യവിശ്വാസിയാകുന്നത്. അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല എന്നാണ് അതിൻെറ അർത്ഥം. ഇതിനെ
സാക്ഷ്യവചനം كلمة الشهادة എന്നു പറയുന്നു. അങ്ങനെ പറയാൻ രണ്ടുണ്ട് കാര്യം: (ഒന്ന്) അതിൻെറ സാക്ഷികളുടെ വലിപ്പം തന്നെ. അത് സാക്ഷ്യപ്പെടുത്തിയത് അല്ലാഹു; പിന്നെ മലക്കുകളും അറിവു നൽകപ്പെട്ട പണ്ഡിതവരേണ്യരും. (രണ്ട്) സാക്ഷ്യപ്പെടുത്തപ്പെട്ട ഉള്ളടക്കത്തിൻെറ മഹത്വം. ഏകനായ അല്ലാഹുമാത്രമാണ് മുഴുലോകങ്ങളുടെയും ലോകരുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും ആയിട്ടുള്ളവൻ. അതിനാൽ ന്യായമായും ആരാധിക്കപ്പെടേണ്ടത് അവനെ മാത്രം. അവനു പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം വ്യാജന്മാർ. മറ്റുള്ളവരെ ആരാധിക്കുന്നത് കടുത്ത അക്രമവും അപരാധവുമാണ്. ഇതാണ് പരമമായ നീതിയും ന്യായവും.

സമസ്ത ലോകങ്ങളിലും വാഴ്ത്തപ്പെട്ട, ദിഗന്തങ്ങളിൽ മുഴങ്ങിക്കേട്ട, ചിരന്തനമായി നിലനിന്നുപോന്ന, അഖില പ്രവാചകന്മാരും പ്രബോധനം ചെയ്തതിൽ സർവ്വോൽകൃഷ്ടമായ വചനം. അല്ലാഹുവിനെ സ്മരിക്കാൻ, അവനോട് പ്രാർത്ഥിക്കാൻ ഇതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നു വേറെയില്ല.

ഈ സാക്ഷ്യവചനത്തിന് രണ്ടു ഭാഗങ്ങളുണ്ട്.

1. ‘ലാ ഇലാഹ’ ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന സമ്പൂർണ്ണ നിരാസത്തിൻെറ ഭാഗം
2. ‘ഇല്ലല്ലാഹ്’ അല്ലാഹു ഒഴികെ, ന്യായമായി ആരാധിക്കപ്പെടേണ്ടവൻ അവൻ മാത്രമെന്ന സ്ഥിരീകരണത്തിൻെറ ഭാഗം

ആദ്യഭാഗം മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുഴുദൈവങ്ങളെയും കുടിയിറക്കി ഹൃദയം ശുദ്ധീകരിക്കുന്നു. രണ്ടാമത്തെ ഭാഗം വ്യാജദൈവങ്ങളിൽനിന്നെല്ലാം തീർത്തും മുക്തമായ ആ ഹൃദയവിശുദ്ധിയിൽ അല്ലാഹുവിനെ മാത്രം സ്ഥാപിക്കുന്നു. ആ സംസ്ഥാപനം യഥാവിധമാണെങ്കിൽ ഇനി ഒരു വ്യാജദൈവത്തിനും അവിടേക്ക് പ്രവേശിക്കാനാവില്ല. അവിടം വാഴാൻ ഏകനായ അല്ലാഹു മാത്രം. അവനു പങ്കുകാരില്ല. എല്ലാം അവൻേറത് മാത്രം. അവന്നുള്ള വണക്കം സമ്പൂർണ്ണമാകുമ്പോഴാണ് ഹൃദയം അതിൻെറ മഹത്വം കൈവരിക്കുന്നത്.

ആരാധന മുഴുവനായും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് നിറവേറ്റൽ അടിയാന്മാരുടെ കടമയും. അല്ലാഹുവിനെ ആരാധിക്കാൻ മടികാണിക്കുന്ന ഒരു അഹങ്കാരി, അല്ലാഹുവിനു മാത്രം അർഹതപ്പെട്ടതും അടിയാന്മാരുടെമേൽ ബാധ്യതപ്പെട്ടതുമായ മൗലിക കർത്തവ്യം നിറവേറ്റാത്ത അവിശ്വാസിയായിത്തീരുന്നു.

ആരാധനയിൽനിന്ന് എന്തെങ്കിലുമൊന്ന് മറ്റാർക്കെങ്കിലും വീതിച്ചുകൊടുക്കുന്നവൻ മുശ്‌രിക്ക്. വീതംവെക്കുന്ന ഒന്നും അല്ലാഹുവിന്ന് ആവശ്യമില്ല. അവൻ ധന്യനാണ്. പങ്കുവെക്കുന്ന മുശ്‌രിക്കിനെയും അവൻ സമർപ്പിക്കുന്ന വിഹിതത്തെയും ഒരു പോലെ അല്ലാഹു പരിവർജ്ജിക്കുന്നു. മുഴുവനായി, യാതൊരു കലർപ്പുമില്ലാതെ, അവനു മാത്രം സമർപ്പിക്കുന്നതേ അവൻ സ്വീകരിക്കുകയുള്ളു.

ഈ വചനം ഒരു മനോഗതമായി കൊണ്ടുനടന്നാൽ പോരാ, ഉഛൈസ്തരം ഉദ്ഘോഷിച്ചാൽ പോരാ, അതു പ്രകാരം അല്ലാഹുവിനെ ആരാധിച്ചാൽ പോരാ, മറ്റാരെയും ആരാധിക്കാതിരുന്നാൽ പോരാ, അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന കള്ളദൈവങ്ങളിൽ, അവരെ ആരാധിക്കുന്ന മുശ്‌രിക്കുകളിൽ, അവർക്ക് സമർപ്പിക്കുപ്പെടുന്ന ആരാധനകളിൽ,  അവിശ്വാസം രേഖപ്പെടുത്തുകയും, ആ പക്ഷത്ത് ഞാനില്ല, അതിൽനിന്ന് തീർത്തും പേർത്തും ഞാൻ ഒഴിവാണെന്നു പ്രഖ്യാപിക്കുക കൂടി വേണം. ത്വാഗൂത്തുകളുടെ കാര്യത്തിൽ നിലപാടില്ലാത്ത ഷണ്ഡന്മാരായ മൗനികൾക്കുള്ളതല്ല ഈ വചനം. ഇതു സത്യാസത്യത്തിൻെറ വിവേചനമാണ്. സ്വർഗ്ഗനരകങ്ങൾക്കിടയിലെ വിഭജനരേഖയാണ്.

സാക്ഷ്യവചനമാണ് സ്വർഗ്ഗത്തിൻെറ താക്കോൽ. അതിന് ഏഴു പല്ലുകളുണ്ട്. അതിലൊന്നിനെങ്കിലും വല്ല ന്യൂനതയും സംഭവിച്ചാൽ സ്വർഗ്ഗം തുറക്കാനാവില്ല. ഈ വചനത്തെ കുറിച്ച് അജ്ഞത പൂർണ്ണമായും ഇല്ലാതാക്കുന്ന അറിവ്, സർവ്വ സന്ദേഹങ്ങളും അകറ്റുന്ന ദൃഢബോധ്യം, എല്ലാവിധ പങ്കാളിത്തവും നിരാകരിച്ചുള്ള ഏകത്വം, കള്ളത്തരങ്ങളെല്ലാം തള്ളുന്ന സത്യത, ലവലേശം വെറുപ്പ് അവശേഷിപ്പിക്കാത്ത പരമമായ സ്നേഹം, യാതൊരു ഉപേക്ഷയുമില്ലാതെയുള്ള കീഴ്‌പ്പെടൽ, തിരസ്കാരമൊട്ടുമില്ലാത്ത സ്വീകാരം, അല്ലാഹുവിനു പുറമെ, ആരാധിക്കപ്പെടുന്ന മുഴുവൻ ത്വാഗൂത്തുകളിലുമുള്ള അവിശ്വാസം ഇവയാണ് സാക്ഷ്യവചനത്തിൻെറ നിബന്ധനകൾ.

സത്യസാക്ഷ്യത്തെ റദ്ദ്ചെയ്യുന്ന കാര്യങ്ങൾ പലതാണ്. സുപ്രധാനമായവ മാത്രം പറയാം. ആരാധനയിൽ പങ്കുചേർക്കുക, അല്ലാഹുവിന് മധ്യവർത്തികളെ നിശ്ചയിക്കുക, മുശ്‌രിക്കുകൾ അവിശ്വാസികളല്ലെന്നോ അവരുടെ പക്ഷം ശരിയാണെന്നോ വെക്കുകയോ അതിൽ സംശയിക്കുകയോ ചെയ്യുക, മുഹമ്മദ് നബി ﷺ കാണിച്ച സാന്മാർഗ്ഗിക ദർശനങ്ങളെക്കാൾ പൂർണ്ണവും ഉത്തമവും മറ്റുള്ളവയാണെന്ന് വിശ്വസിക്കുക, അവിടുന്ന് കാണിച്ചു തന്ന ഏതെങ്കിലും ഒരു കാര്യത്തെ വെറുക്കുക, അവിടുന്ന് കൊണ്ടുവന്ന ദീനിനെ പരിഹസിക്കുക, സിഹ്ർ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ അതിൽ തൃപ്തിപ്പെടുകയോ ചെയ്യുക, സത്യവിശ്വാസത്തിനെതിരിൽ അവിശ്വാസത്തോടൊപ്പം ചേർന്ന് പോരാടുക, ചിലർക്ക് മുഹമ്മദ് നബി ﷺ യുടെ ശരീഅത്ത് ബാധകമല്ലെന്ന് വിശ്വസിക്കുക, ദീനിൽനിന്ന് പൂർണ്ണമായി വിമുഖത കാണിക്കുക.

സത്യസാക്ഷ്യം അംഗീകരിക്കാതെയോ അത് റദ്ദ് ചെയ്തവനായോ മരിക്കുന്നവൻ നരകത്തിൽ ശാശ്വതനാണ്. ശിർക്ക് ചെയ്യാതെ സത്യസാക്ഷ്യത്തോടെ ഒരാൾ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിലുമാണ്; മറ്റു പാപങ്ങൾ അല്ലാഹുവിൻെറ വേണ്ടുകയാൽ പൊറുക്കപ്പെടാം. പാപമോചനം ലഭിക്കാത്ത വല്ലതുമുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷ കഴിഞ്ഞ് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും.

4. തക്ബീർ [اَللهُ أَكْبَرُ]
‘അല്ലാഹു അക്ബർ’ അല്ലാഹുവാണ് ഏറ്റവും വലിയവൻ!! അല്ലാഹുവിനെ കുറിച്ച് ഒറ്റവാക്കിലുള്ള ഏറ്റവും മഹത്തായ വർണ്ണന. അതിൽ എല്ലാം അടങ്ങിയിരിക്കുന്നു. അവനെ സ്മരിക്കാൻ, അവനെ നമസ്കരിക്കാൻ, അവനെ പ്രകീർത്തിക്കാൻ, നന്മയും വിജയവും വിളംബരം ചെയ്യാൻ ഇതിനെക്കാൾ സമഗ്രവും സംക്ഷിപ്തവുമായ മറ്റൊരു ശബ്ദം വേറെയില്ല.

അല്ലാഹുവാണ് ഏറ്റവും വലിയവൻ!! മനുഷ്യൻെറ ഗ്രാഹ്യശേഷിക്കും ഭാവനാവിലാസങ്ങൾക്കും പരിമിതികളുണ്ട്. വസ്തുക്കളെയും വസ്തുതകളെയും കുറിച്ചുള്ള സങ്കൽപനങ്ങളിൽ ഭൗതിക മാനങ്ങളുടെ ചട്ടക്കൂടുകൾ ഭേദിക്കാൻ അവനു സാധിക്കില്ല. അല്ലാഹുവിൻെറ വലിപ്പത്തിനും മഹത്വത്തിനും പെരുമക്കും ഗരിമക്കും ഭൗതികമായ മാനങ്ങൾക്കപ്പുറം ധാരാളം അർത്ഥങ്ങളും തലങ്ങളുമുണ്ട്. അവയെ പൂർണ്ണമായി ഗ്രഹിക്കാനുള്ള ബൗദ്ധികക്ഷമത മനുഷ്യനു നൽകപ്പെട്ടിട്ടില്ല. അവയെല്ലാം സ്പർശിക്കാനുള്ള ഭാഷാശേഷിയും അവനില്ല. എന്നാൽ സൃഷ്ടികളുടെ മുമ്പിലും പിന്നിലുമുള്ള എല്ലാം അല്ലാഹു സൂക്ഷ്മമായറിയുന്നു. അതിലൊന്നു പോലും പൂർണ്ണമായി അറിയാനുള്ള കഴിവ് മനുഷ്യനില്ല. ഇതാണ് യഥാർത്ഥമായ മനുഷ്യാവസ്ഥ. അതിനാൽ തക്ബീർ ഉൾക്കൊള്ളുന്ന ആശയങ്ങളിൽ മനുഷ്യന് ഗ്രഹിക്കാവുന്നതും വിനിമയം ചെയ്യാവുന്നതുമായ ഏതാനും ചില കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഈ പരിചിന്തനം.

അല്ലാഹുവിൻെറ മഹത്വത്തിലും വലിപ്പത്തിലും ഉയർന്നു നിൽക്കുന്നത് അവൻെറ ഏകത്വമാണ്. അല്ലാഹുവിനെ മഹത്വപ്പെടുത്തുക എന്നാൽ അവൻെറ ഏകത്വം ഉയർത്തിപ്പിടിക്കുക എന്നാണർത്ഥം. കാരണം, അവൻെറ മഹത്വവും വലിപ്പവും ഗരിമയും പെരുമയുമെല്ലാം അവനു മാത്രം അവകാശപ്പെട്ടതാണ്. അവയെല്ലാം അവനു മാത്രം നിരക്കുന്നതുമാണ്. അവയെല്ലാം അവനെ ഏകനും അതുല്യനുമാക്കുന്നു. അവനോളം മഹത്വമുള്ള ആരുമില്ല. അവൻെറ ഗരിമയും പെരുമയും മറ്റാർക്കും അവകാശപ്പെടാനുമാവില്ല. അവൻ ഒഴികെയുള്ള എല്ലാം അവൻെറ സൃഷ്ടികളും അടിമകളും മാത്രം. അവനെക്കാളോ അവനോളമോ വലിയവനായി ആരുമില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെന്നു നിരൂപിക്കുന്നതു തന്നെ അവൻെറ ഏകത്വത്തിനു വിരുദ്ധവും അവൻെറ ശാസനകളുടെ ലംഘനവുമാണ്. അവൻെറ മഹത്വവും വലിപ്പവുമാണ് അവനെ ഏകനും അദ്വിതീയനുമാക്കുന്നത്. അവൻെറ ഏകത്വം തന്നെയാണ് അവൻെറ വലിപ്പവും.

അല്ലാഹുവിനെ കുറിച്ച് അവൻ തന്നെ വർണ്ണിക്കുന്നു:

﴿هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ﴾ (الحديد 3)

[അവൻ ആദിയും അന്തിമനും ഉപരിയിലുള്ളവനും ഉള്ളായവനുമാണ്. അവൻ സർവ്വ കാര്യങ്ങളെ കുറിച്ചും സൂക്ഷ്മജ്ഞനുമാണ്.] (ഹദീദ് 3)

മേൽ സൂക്തത്തിൻെറ ഒരു പ്രയോഗ രൂപം കാണുക:

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ﷺ، كَانَ يَدْعُو عِنْدَ النَّوْمِ: اللَّهُمَّ رَبَّ السَّماوَاتِ السَّبْعِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، مُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ، فَالِقَ الْحَبِّ وَالنَّوَى، لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، أَنْتَ الْأَوَّلُ لَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ لَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ لَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ لَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ، وَأَغْنِنَا مِنَ الْفَقْرِ. [أحمد في مسنده وصححه الألباني]

[അബൂ ഹുറെയ്റഃ رضي الله عنه നിവേദനം. നബി ﷺ ഉറങ്ങുമ്പോൾ ഇപ്രാകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു. “ഏഴാകാശങ്ങളുടെയും റബ്ബേ, മഹത്തായ അർശിൻെറ റബ്ബേ, ഞങ്ങളുട റബ്ബേ, സർവ്വചാരചരങ്ങളുടെയും റബ്ബേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ, ധാന്യമണിയും വിത്തും പിളർക്കുന്നവനേ, നീ അല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമേ ഇല്ല. ഏതൊന്നിൻെറയെല്ലാം കുടുമ നീ പിടിച്ചിരിക്കുന്നവോ അവയുടെയെല്ലാം ദോഷങ്ങളിൽനിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ ആദിയാണ്, നിനക്ക് മുമ്പ് ഒന്നുമില്ല. നീ അന്തിമനാണ്, നിനക്ക് ശേഷം ഒന്നുമേ ഇല്ല. നീ മീതെയുള്ളവനാണ്, നിനക്കുപരിയിൽ ഒന്നുമില്ല. നീ ഉള്ളായവനാണ്, നിന്നെക്കാൾ അടുത്തവനായി ആരുമില്ല. ഞങ്ങളുടെ ഋണബാധ്യതകൾ നീ തീർത്തു തരികയും, ദാരിദ്ര്യത്തിൽനിന്ന് ഞങ്ങൾക്ക് നീ ഐശ്വര്യമേകുകയും ചെയ്യണേ”.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

അല്ലാഹു ‘അവ്വൽ’ അഥവാ ആദിയാണ്. എന്നു വെച്ചാൽ ഒന്നാമൻ. സൂക്ഷ്മമായി പറഞ്ഞാൽ ആദ്യമോ തുടക്കമോ ഇല്ലാത്തവൻ. കാരണം അവൻ ഉണ്ടായവനല്ല, ഉള്ളവനാണ്. അവനു മുമ്പ് ഒന്നുമേ ഇല്ല. ‘ആദി’യെന്നും ‘അവനു മുമ്പ്’ എന്നുമൊക്കെ പറയുമ്പോൾ അത് മനുഷ്യർക്ക് വ്യവഹരിക്കാൻ പാകത്തിലുള്ള ഒരു ഭാഷാപ്രയോഗം മാത്രം. അവനു മുമ്പ് എന്നു പറയാവുന്ന ഒരവസ്ഥ തന്നെയില്ലെന്നതാണ് വസ്തുത.

അവൻ ‘ആഖിർ’ അഥവാ അന്തിമനാണ്. അവന് ഒടുക്കമില്ല. അവൻ അമരനാണ്. അവനു ശേഷം ഒന്നുമേയില്ല. ‘അന്തിമൻ’ എന്നും ‘അവനു ശേഷം’ എന്നുമൊക്കെ പറയുന്നതും ഒരു ഭാഷാപരമായ പ്രയോഗം മാത്രമാണ്. അവനു ശേഷം എന്നു പറയാവുന്ന ഒരവസ്ഥ തന്നെയില്ല എന്നതാണു കാര്യം.

അവൻ ‘ളാഹിർ’ അഥവാ എല്ലാറ്റിനും മീതെയാണ്. ഉയരങ്ങൾക്കെല്ലാം ഉപരിയിലാണ്. സൃഷ്ടികൾക്കെല്ലാം മീതെയാണ്. ഏറ്റവും വലിയതും ഉയർന്നു പോകുന്ന ശ്രേണിയിൽ അവസാന സൃഷ്ടിയുമായ മഹത്തായ അർശിനും ഉപരിയിലാണവൻ. അവനു മീതെ ഒന്നുമില്ല. ‘അവനു മീതെ’ എന്നത് കേവലമൊരു പ്രയോഗം മാത്രം. കാരണം, അവനു മീതെ എന്നു പറയാവുന്ന ഒരിടമില്ല.

സൃഷ്ടികൾക്കെല്ലാം മീതെ അർശിനും ഉപരിയിൽ അത്യുന്നതനായി വാഴുന്ന അല്ലാഹു ബാത്വിൻ അഥവാ ഉള്ളായവൻ കൂടിയാണ്; അവൻ ഏറ്റവും അടുത്തവനാണ്. അന്തസ്ഥമായ എല്ലാം അവനറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കണ്ണിൻെറ കട്ടുനോട്ടവും അന്തരാള രഹസ്യങ്ങളും ഹൃദയത്തിൻെറ വികാര വിചാരങ്ങളും അറിയുന്നവനാണവൻ. ഉള്ളുകൾക്കെല്ലാം അരികിലാണവൻ. ജീവനാഡിയെക്കാളും സമീപസ്ഥനാണവൻ. അവനാണ് ഏറ്റവും ഉള്ളായവൻ; അവനാണ് ഏറ്റവും അടുത്തവൻ. അതിനും ഉള്ളിൽ ആരുമില്ല. അവനെക്കാൾ അടുത്തവനായി ആരുമില്ല. ഇതൊരു പരിമിതമായ ഭഷാപ്രയോഗം മാത്രം. കാരണം അവൻ എത്തുന്നതിനപ്പുറം, അതിനും ഉള്ളിൽ, അതിനും താഴെ എന്ന ഒരിടം തന്നെയില്ലെന്നതാണ് യാഥാർത്ഥ്യം.

പരാമൃഷ്ട ഖുർആൻ സൂക്തവും നബിവചനവും തെര്യപ്പെടുത്തുന്നത് അല്ലാഹു സ്ഥലകാലങ്ങളെ ചൂഴ്ന്നുനിൽക്കുന്നു എന്നാണ്. സ്ഥലവും കാലവും അവൻെറ രണ്ടു സൃഷ്ടികൾ. അവയെ മാത്രമല്ല മുഴു സൃഷ്ടികളെയും അവൻ ചൂഴ്ന്നുനിൽക്കുന്നു. അവ ദൃശ്യാദൃശ്യ പ്രപഞ്ചങ്ങളോ, അവയിലുള്ള വസ്തുക്കളോ വസ്തുതകളോ പ്രതിഭാസങ്ങളോ എന്തുമായിക്കൊള്ളട്ടെ, അവൻ സമസ്ത സൃഷ്ടികളെയും ചൂഴ്ന്നുനിൽക്കുന്നു. അവൻെറ അറിവും കഴിവും നിയന്ത്രണവും അധീശത്വവും എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു.

﴿أَلَا إِنَّهُمْ فِي مِرْيَةٍ مِّن لِّقَاءِ رَبِّهِمْ ۗ أَلَا إِنَّهُ بِكُلِّ شَيْءٍ مُّحِيطٌ﴾ (فصلت 54)

[അറിയുക! അവരുടെ റബ്ബിനെ കണ്ടുമുട്ടുമോ എന്ന സംശയത്തിലാണവർ. ശ്രദ്ധിക്കുക! അവൻ എല്ലാറ്റിനെയും ചൂഴ്ന്നുനിൽക്കുന്നവനാണ്.] (ഫുസ്സ്വിലത് 54)

അവനാണ് റബ്ബ്, അവനാണ് ന്യായമായും അരാധിക്കപ്പെടേണ്ട ഇലാഹ്.

﴿إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَيْءٍ عِلْمًا﴾ (طه 98)

[നിങ്ങൾ ന്യായമായും ആരാധിക്കേണ്ടവൻ അല്ലാഹു മാത്രമാണ്. അവനല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുമില്ല. അറിവിനാൽ അവൻ എല്ലാറ്റിനെയും ചൂഴ്‌ന്നു നിൽക്കുന്നു. (ത്വാഹാ 98)

അവൻ എല്ലാറ്റിനെയും ചൂഴ്‌ന്നുനിൽക്കുന്നു. എന്നാൽ അവൻ സൃഷ്ടികളിൽ വ്യാപിച്ചു കിടക്കുന്നവനല്ല. മറിച്ച്, സൃഷ്ടികൾക്കധീതനും സൃഷ്ടികൾക്കെല്ലാം ഉപരിയിലുമാണവൻ. ചൂഴ്‌ന്നുനിൽക്കുക (إِحَاطَة) എന്ന പരാമർശത്തെ അദ്വൈതത്തിലേക്കോ, സർവ്വവ്യാപിയെന്ന തെറ്റായ സങ്കൽപത്തിലേക്കോ വഴിമാറ്റിക്കളയരുത്. അവൻ എല്ലാറ്റിനെയും ചൂഴ്‌ന്നുനിൽക്കുന്നത് അവൻെറ അറിവ്, കഴിവ്, ഉടമസ്ഥത, അധികാരം, നിയന്ത്രണം ഇത്യാദി കാര്യങ്ങളിലൂടെയാണ്.

എന്നാൽ സൃഷ്ടികൾക്കാർക്കും അവനെയോ അവൻെറ ഏതെങ്കിലും ഒരു കാര്യത്തെയോ ചൂഴ്‌ന്നുനിൽക്കാനാവില്ല. അവനെ കുറിച്ച് നമുക്കറിയാൻ കഴിയുക ഹിതാനുസാരം അവൻ അറിയിച്ചു തന്നത് മാത്രം.

﴿يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ﴾ (البقرة 255)

[അവരുടെ മുമ്പിലും പിന്നിലുമുള്ള എല്ലാം അവൻ സൂക്ഷ്മമായി അറിയുന്നു. അവൻ ഇഛിക്കുന്നതൊഴികെ അവൻെറ അറിവിൽപെട്ട ഒന്നും അവർക്കറിയാൻ കഴിയില്ല. അവൻെറ കുർസിയ്യ് ആകാശഭൂമികളെ മുഴുവനും ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ പരിപാലനം അവനൊരു ഭാരമേയല്ല. അവൻ ഉന്നതനും മഹാനുമത്രെ.] (ബഖറഃ 255)

കുർസിയ്യ് എന്നത് അല്ലാഹുവിൻെറ പാദസ്ഥാനം. അർശിനു കീഴിലെ കുർസിയ്യ് അനന്ത വിസ്തൃതമായ മരുഭൂമിയിൽ ഒരു വട്ടക്കണ്ണി എന്ന പോലെ മാത്രം. കുർസിയ്യിനു കീഴിൽ ഏഴാകാശവും തഥൈവ. അതാണ് അല്ലാഹുവിൻെറ രണ്ടു സൃഷ്ടികളായ അർശും കുർസിയ്യും തമ്മിലുള്ള അനുപാതം! അതേപോലെ, വലിപ്പത്തിൽ കുർസിയ്യും ഏഴാകാശങ്ങളും തമ്മിലുള്ള അനുപതാവും!! അപ്പോൾ അല്ലാഹുവിൻെറ വലിപ്പവും മഹത്വവും എങ്ങനെ വർണ്ണിക്കാനാണ്. അവൻെറ മഹത്വം വർണ്ണിക്കാൻ നമുക്ക് വാക്കുകളില്ല. നമ്മുടെ ഭാവനാ വിലാസങ്ങൾക്കതിനെ ഉൾക്കൊള്ളാനാവില്ല. നമുക്ക് പറയാം:

أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِك !!

അല്ലാഹുവേ, നിന്നെ കുറിച്ച് നീ എന്താണോ വർണ്ണിച്ചത് അതേ പ്രകാരമാണു നീ..

﴿وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا﴾ (الإسراء 111)

[പറയൂ! ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലാത്ത, ആധിപത്യത്തിൽ ഒരു പങ്കാളിയുമില്ലാത്ത, നിന്ദ്യതയിൽനിന്ന് മോചിപ്പിക്കാൻ ഒരു രക്ഷകനെയും ആവശ്യമില്ലാത്ത അല്ലാഹുവിന് സ്തുതി. അവനെ നീ ശരിയാംവണ്ണം മഹത്വപ്പെടുത്തുക.] (ഇസ്റാഅ് 111)

അവൻെറ ഏകത്വം ഉയർത്തിപ്പിടിക്കാൻ, അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്താൻ അവൻ തന്നെ പഠിപ്പിച്ച വാക്കാണ് അല്ലാഹു അക്ബർ. മഹത്വത്തിൻെറ ഈ വചനം ഭൂഗോളം തിരിയുന്ന കാലമത്രയും സദാ അതിൻെറ മുക്കുമൂലകളിൽനിന്ന് ഉയർത്തപ്പെടും. ദിഗന്ദങ്ങളിൽ അത് മുഴങ്ങിക്കേൾക്കും. ജനകോടികളുടെ മനസ്സുകളിൽ അതിൻെറ അനുരണനങ്ങളുയരും. അല്ലാഹു അക്ബർ! അല്ലാഹുവാണ് ഏറ്റവും വലിയവൻ!!

എനിക്കുള്ളത്? മൂന്നെണ്ണം…

മുകളിൽ പറഞ്ഞ നാലും അല്ലാഹുവിന്നുള്ളതാണ്. ശരി, എനിക്കുള്ളതെന്താണ്? – ഗ്രാമീണനായ ആ അറബിയുടെ നിഷ്കപടമായ ചോദ്യം! അതെ, മൂന്നു കാര്യങ്ങൾ!

(ഒന്ന്) അടിയൻ ഇരക്കുന്നു: അല്ലാഹുവേ, എനിക്ക് مَغْفِرَة നൽകണേ.. റബ്ബ് പറയുന്നു: ഞാൻ അതു ചെയ്തിരിക്കുന്നു. അടിയരായ മനുഷ്യരുടെ കുറ്റങ്ങളും കുറവുകളും മായ്ക്കുക. മണൽതിട്ടയിൽ പതിഞ്ഞ കാൽപ്പാടുകൾ കാറ്റ് മണൽ വീഴ്‌ത്തി മൂടിക്കളയുന്ന പോലെ ഒരടയാളവും അവശേഷിപ്പിക്കാതെ മായ്ച്ചുകളയുക. അതാണ് മഗ്‌ഫിറഃ. തെറ്റുകളിൽ നിന്ന് മടങ്ങിയവന് തെറ്റുചെയ്യാത്തവനെ പോലെ ആദിവിശുദ്ധിയിലേക്ക് തിരിച്ചെത്താനുള്ള പോംവഴി.

ഞാൻ മടങ്ങുന്നു, എന്നെ സ്വീകരിച്ചാലും! മടക്കത്തിൻെറ ഒരു വാക്ക്, പാപമോചനത്തിൻെറ ഒരു തേട്ടം. അതുമതി അല്ലാഹു കൈനീട്ടി സ്വീകരിക്കാൻ. അവൻ പറയും: ഞാൻ അത് ചെയ്തിരിക്കുന്നു!!

അടിയരായ നമുക്ക് ഇതു പോരേ? എന്തിന് നിരാശപ്പെടുന്നു? അത്രമേൽ തെറ്റുകൾ അധികരിപ്പിച്ചു എന്ന ഭയമാണോ? എങ്കിൽ അല്ലാഹുവിൻെറ വചനം കേൾക്കുക:

﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ [الزمر: 53]

〈പറയുക: സ്വന്തത്തോട് അതിരുവിട്ട് അക്രമം കാണിച്ച എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ക്കു നിരാശ വേണ്ട. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. നിശ്ചയം, അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും കരുണാനിധിയും.〉 (സുമർ 53)

തെറ്റ് ചെയ്യുന്നവൻ മനുഷ്യൻ. തെറ്റ് ചെയ്യാത്തവൻ മലക്ക്. മനുഷ്യരിൽ നിന്ന് അല്ലാഹു പ്രതീക്ഷിക്കുന്നത് തെറ്റ് ചെയ്യാതിരിക്കലല്ല. തെറ്റ് ചെയ്തിട്ട് അവനെ ഓർത്ത് മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുക എന്നതാണ്. അവരുടെ കണ്ണീരു കാണാനും മാപ്പു നൽകാനുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. മനുഷ്യർ മലക്കുകളെ പോലെ തെറ്റ് ചെയ്യാത്തവരായാൽ തെറ്റു ചെയ്യുന്ന സാക്ഷാൽ മനുഷ്യരെ അവൻ പുനഃസ്ഥാപിക്കും.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: وَالَّذِي نَفْسِي بِيَدِهِ لَوْ لَمْ تُذْنِبُوا لَذَهَبَ اللهُ بِكُمْ، وَلَجَاءَ بِقَوْمٍ يُذْنِبُونَ، فَيَسْتَغْفِرُونَ اللهَ فَيَغْفِرُ لَهُمْ. (مسلم في صحيحه)

〈അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: എൻെറ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! നിങ്ങൾ ഒരു തെറ്റും ചെയ്യാത്തവരായാൽ അല്ലാഹു നിങ്ങളെ നിഷ്കാസനം ചെയ്യും. തെറ്റ് ചെയ്യുന്ന, എന്നിട്ട് അല്ലാഹുവിനോട് പാപമോചനത്തിന് ഇരക്കുന്ന, അവൻ അവർക്ക് പൊറുത്തുകൊടുക്കുന്ന മറ്റൊരു ജനതയെ അവൻ പുനഃസ്ഥാപിക്കും.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

പാപങ്ങൾ പൊറുക്കുന്ന അല്ലാഹു, തെറ്റ് ചെയ്യുന്ന മനുഷ്യൻ, പാപം, പാപമോചനം, തിരിച്ചുവരവ്, കാരുണ്യം… എത്ര മനോഹരം! എന്തൊരാശ്വാസം!!

ആശ്വാസം കൊണ്ടും ആനന്ദം കൊണ്ടും മനസ്സിനെ ത്രസിപ്പിക്കുന്ന, സിരകളെ ഊഷ്മളമാക്കുന്ന ഒരു നബിവചനം കാണുക:

عن أَبَي هُرَيْرَةَ، قَالَ: سَمِعْتُ النَّبِيَّ ﷺ قَالَ: إِنَّ عَبْدًا أَصَابَ ذَنْبًا فَقَالَ: رَبِّ أَذْنَبْتُ فَاغْفِرْ لِي، فَقَالَ رَبُّهُ: أَعَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ؟ غَفَرْتُ لِعَبْدِي، ثُمَّ مَكَثَ مَا شَاءَ اللَّهُ ثُمَّ أَصَابَ ذَنْبًا، فَقَالَ: رَبِّ أَذْنَبْتُ آخَرَ، فَاغْفِرْهُ؟ فَقَالَ: أَعَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ؟ غَفَرْتُ لِعَبْدِي، ثُمَّ مَكَثَ مَا شَاءَ اللَّهُ، ثُمَّ أَذْنَبَ ذَنْبًا، قَالَ: رَبِّ أَصَبْتُ آخَرَ، فَاغْفِرْهُ لِي، فَقَالَ: أَعَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ؟ غَفَرْتُ لِعَبْدِي ثَلاَثًا، فَلْيَعْمَلْ مَا شَاءَ. (البخاري في صحيحه)

〈അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിശ്ചയമായും അടിയൻ ഒരു തെറ്റ് ചെയ്തിട്ട് പറഞ്ഞു: റബ്ബേ, എനിക്ക് തെറ്റുപറ്റി; നീ എന്നോട് പൊറുക്കണേ. അപ്പോൾ അവൻെറ റബ്ബ് പ്രതിവചിച്ചു: പാപങ്ങൾ പൊറുക്കുകയും തന്നെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു റബ്ബ് തനിക്കുണ്ടെന്ന് എൻെറ അടിയന് ബോധ്യമുണ്ടല്ലോ! ഞാൻ അവനോട് പൊറുത്തിരിക്കുന്നു.

അല്ലാഹു ഉദ്ദേശിച്ച കാലമത്രയും അവനങ്ങനെ കഴിച്ചുകൂട്ടി. ശേഷം ഒരു തെറ്റു കൂടി ചെയ്തു. എന്നിട്ടവൻ പറഞ്ഞു: റബ്ബേ, ഞാൻ മറ്റൊരു തെറ്റുകൂടി ചെയ്തുപോയി. അതുകൂടി നീ പൊറുക്കുമോ? അപ്പോൾ അവൻെറ റബ്ബ് പറഞ്ഞു: പാപങ്ങൾ പൊറുക്കുകയും തന്നെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു റബ്ബ് തനിക്കുണ്ടെന്ന് എൻെറ അടിയന് ബോധ്യമുണ്ടല്ലോ! ഞാൻ അവനോട് പൊറുത്തിരിക്കുന്നു.

അല്ലാഹു ഉദ്ദേശിച്ച കാലമത്രയും പിന്നെയും അവൻ കഴിച്ചുകൂട്ടി. ശേഷം ഒരു തെറ്റു കൂടി ചെയ്തു. എന്നിട്ട് അവൻ പറഞ്ഞു: റബ്ബേ, എനിക്ക് ഒരു തെറ്റുകൂടി പറ്റിപ്പോയി. അതുകൂടി നീ പൊറുക്കുമോ? അപ്പോൾ അവൻെറ റബ്ബ് പറഞ്ഞു: പാപങ്ങൾ പൊറുക്കുകയും തന്നെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു റബ്ബ് തനിക്കുണ്ടെന്ന് എൻെറ അടിയന് ബോധ്യമുണ്ടല്ലോ! ഞാൻ അവനോട് പൊറുത്തിരിക്കുന്നു.

അങ്ങനെ മൂന്നു തവണ!!! അവൻ ഉദ്ദേശിച്ചത് പ്രവർത്തിക്കട്ടെ.〉 (ബുഖാരി, സ്വഹീഹിൽ ഉദ്ധരിച്ചത്)

തെറ്റ് ചെയ്യുന്നതിലല്ല പ്രശ്നം. അത് മാനുഷികമാണ്. സംഭവിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ ഓർത്ത് അതിൽനിന്ന് മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് കാര്യം. അങ്ങനെ ചെയ്യുന്നവരാണെങ്കിൽ കുഴപ്പമില്ല. അവർ ഉദ്ദേശിച്ചത് ചെയ്യട്ടെ. റബ്ബിൻെറ കാരുണ്യം അടിയൻെറ തെറ്റുകളെക്കാൾ എത്ര വലുതാണ്! ഈ തിരിച്ചുവരവും പാപമോചനത്തിനുള്ള തേട്ടവും തന്നെയാണ് അതിജീവന തന്ത്രം.

﴿وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنْتَ فِيهِمْ وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ﴾ (الأنفال: 33)

〈നീ അവരിൽ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.〉 (അൻഫാൽ 33)

നബി യുടെ സാന്നിധ്യം സമൂഹത്തിന് ഒരു സുരക്ഷയായിരുന്നു. അത് അവസാനിച്ചു. ഇനിയുള്ള സുരക്ഷാമാർഗ്ഗം പാപമോചനത്തിനുള്ള തേട്ടമാണ്. അതു തന്നെയാണ് ഇസ്തിഗ്‌ഫാറിൻെറ വിലയും.

വിശ്വാസിയാണെങ്കിൽ ഒരു തെറ്റും സംഭവിക്കാൻ പാടില്ലെന്നത് ഒരി ശരിയായ മനോഭാവമല്ല. വിശ്വാസി മനുഷ്യനാണ്. മനുഷ്യനാണെങ്കിൽ തെറ്റ് ചെയ്തിരിക്കും. പക്ഷെ അവൻ അല്ലാഹുവിൽ വിശ്വസിക്കുന്നു. സദാ അവനെ ഓർക്കുന്നു. തെറ്റുകൾ സംഭവിച്ചാൽ അവനെ ഓർത്ത് മടങ്ങുന്നു.

﴿وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ﴾ [آل عمران: 135]

〈വല്ല നീചകൃത്യമോ, അല്ലെങ്കിൽ സ്വന്തത്തോടു തന്നെ അക്രമമോ ചെയ്തു പോയാൽ അല്ലാഹുവിനെ കുറിച്ച് ഓർമ്മവരികയും  തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുകയും ചെയ്യുന്നവരാണ് അവർ – അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക! –  ചെയ്തുപോയതിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാണ് അവർ.〉 (ആലു ഇംറാൻ 135)

(രണ്ട്) അടിയൻ യാചിക്കുന്നു: അല്ലാഹുവേ, എനിക്ക് رَحْمَة നൽകണേ.. റബ്ബ് പറയുന്നു: ഞാൻ അതു ചെയ്തിരിക്കുന്നു. കാരണം അവൻ റഹ്‌മാനും റഹീമുമാണ്. അവൻെറ ഉൽകൃഷ്ട നാമങ്ങളാണ് അവ രണ്ടും. അവയിൽ ഉൾച്ചേർന്നിരിക്കുന്നത് رَحْمَةٌ എന്ന ഗുണവിശേഷവും. അവനോട് മാത്രമേ റഹ്‌മത്ത് ചോദിക്കാവൂ. അവൻെറ ആ രണ്ടു പേരുകൾ വിളിച്ചു കൊണ്ട് റഹ്‌മത്ത് ചോദിക്കുന്നതാണ് കൂടുതൽ അഭികാമ്യം. അല്ലാഹു റഹ്‌മത്ത് ചെയ്യുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നതെന്താണ്?

  1. അവൻ ഉദാത്തമായ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചു തരുന്നു,
  2. ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്നെല്ലാം സംരക്ഷണമേകുന്നു,
  3. സംഭവിച്ചുപോയ തെറ്റുകളിൽനിന്ന് പാപവിമുക്തി നൽകുന്നു.

ഈ മൂന്ന് ആശയങ്ങളുടെയും സമുച്ചയം (ensemble) ആണ് റഹ്‌മത്ത്. കാരുണ്യം എന്ന പദം ഇതിനു പകരമാവില്ല. അത് ഉദ്ദിഷ്ട ആശയങ്ങളെ പ്രകാശിപ്പിക്കാൻ പര്യാപ്തമല്ലെന്നു വ്യക്തമായല്ലോ. കാരുണ്യം എന്ന പദം ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിച്ചു കാണുമ്പോൾ അതിൻെറ വിവക്ഷ മേൽ വിശദീരിച്ച കാര്യങ്ങളാണെന്ന് മനസ്സിലാക്കുക.

ചർച്ചക്ക് ആധാരമാക്കിയ ദിക്റിലുള്ളതു പോലെ, മുകളിൽ കൊടുത്ത മൂന്നു കാര്യങ്ങളിൽ അവസാനത്തേത് പ്രത്യേകം വേർതിരിച്ച് പരാമർശിക്കുന്ന ശൈലിയുണ്ട്. അഥവാ റഹ്‌മത്തും മഗ്‌ഫിറത്തും ഒരുമിച്ച് പറയും. അത്തരം സന്ദർഭങ്ങളിൽ റഹ്‌മത്തിൻെറ വിവക്ഷ ആദ്യത്തെ രണ്ടു കാര്യങ്ങൾ മാത്രമായിരിക്കും എന്നോർത്തുവെക്കുക.

ഒരു വാക്ക്. മൂന്ന് ആശയങ്ങൾ. മനുഷ്യാവശ്യങ്ങളുടെ മുഴുപ്രപഞ്ചങ്ങളെയും അത് വലയം ചെയ്തിരിക്കുന്നു. പ്രാർത്ഥനാ വചനങ്ങൾ അങ്ങനെയാണ് – നബി പഠിപ്പിച്ചതാണെങ്കിൽ. എനിക്കുള്ളതെന്താണ് എന്നതിന് ഇതിൽ കവിഞ്ഞ ഒരുത്തരമുണ്ടോ?!

(മൂന്ന്) അടിയൻ പ്രാർത്ഥിക്കുന്നു: അല്ലാഹുവേ, എനിക്ക് رِزْقٌ നൽകണേ.. റബ്ബ് പറയുന്നു: ഞാൻ അതു ചെയ്തിരിക്കുന്നു. അപ്പോൾ رِزْقٌ എന്നാൽ എന്താണ്? മലയാളി പറയും ഭക്ഷണം. അല്ല, അതിലെ ചെറിയ ഒരിനം മാത്രമാണത്. വാഹനമെന്നാൽ എന്താണ് എന്ന ചോദ്യത്തിന് സൈക്കിൾ എന്ന ഉത്തരം പോലെ. ഭക്ഷണം മാത്രമല്ല, അല്ലാഹു നൽകുന്ന എല്ലാ വിഭവങ്ങളും رِزْقٌ ആണ്. ബൗദ്ധികവും മാനസികവും കായികവുമായ ക്ഷമതകൾ, കഴിവുകൾ, നിപുണികൾ.. പ്രത്യക്ഷവും പരോക്ഷവുമായ വിഭവങ്ങൾ.. പ്രകൃതിപരവും പ്രാപഞ്ചികവുമായ ഉപജീവന മാർഗ്ഗങ്ങൾ.. അതിൻെറ പട്ടിക നമുക്ക് തിട്ടപ്പെടുത്താനാവില്ല. ഹദീസ് നിഘണ്ടു അന്നിഹായഃയിൽ  പറയുന്നത്, أَرْزاق രണ്ടു തരമാണ്: ഭക്ഷണം പോലെ ശരീരത്തിനു വേണ്ട പ്രത്യക്ഷമായവയും, അറിവും വിജ്ഞാനവും പോലെ ഹൃദയത്തിനും മനസ്സിനും വേണ്ട പരോക്ഷമായവയും. ആയൂരാരോഗ്യ സമ്പൽ സന്താന സമൃദ്ധിയെല്ലാം ഭൌതിക തലത്തിളുള്ളതാണെങ്കിൽ അറിവ്, വിശ്വാസം, തഖ്‌വ, സൽസ്വഭാവം, ധാർമ്മികത, നൈതികത പോലുള്ളവ ആത്മീയ തലത്തിലുള്ളതാണ്. പ്രകൃതിപരം, പ്രാപഞ്ചികം എന്നു പറയാവുന്ന നിരവധി أَرْزاق കൾ വേറെയുണ്ട്.

﴿وَمَا أَنْزَلَ اللهُ من السَّماءَ من رِزْقٍ فأحْيا بهِ الأَرضً بعدَ مَوْتِها…﴾ (الجاثية 5)

〈അല്ലാഹു ആകാശത്തു നിന്ന് വിഭവമിറക്കിയതിലും, അതുമുഖേന ഭൂമിയുടെ നിർജ്ജീവാവസ്ഥക്കു ശേഷം അതിനെ ജീവസ്സുറ്റതാക്കിയതിലും…〉 (ജാഥിയഃ 5)

﴿وَفِي السَّماءَ رِزْقُكُم وَمَا توعَدُونَ﴾ (الذاريات 22)

〈ഉപരിലോകത്ത് നിങ്ങള്‍ക്കുള്ള വിഭവവും, നിങ്ങൾക്ക് നൽകപ്പെടുന്ന വാഗ്ദാനവുമുണ്ട്.〉 (ദാരിയാത് 22)

ഞാൻ അല്ലാഹുവിൻെറ സൃഷ്ടി. എൻെറ ആവശ്യങ്ങൾ സൂക്ഷ്മമായി അറിയുന്നത് സ്രഷ്ടാവായ അല്ലാഹുവിന് തന്നെയാണ്, എനിക്കല്ല. ഞാൻ അത് നിർണ്ണയിക്കാൻ മുതിരുന്നതിൽ വലിയ അർത്ഥമില്ല. അവൻ കൽപിച്ച പോലെ ഞാൻ ചോദിക്കുന്നു, എനിക്കാവശ്യമായ വിഭവം (resources) നീ നൽകണേ റഹ്‌മാനേ… ആമീൻ

ഇതാണ് നാലും മൂന്നും എഴിൻെറ കഥ. ഇതിനപ്പുറം ഒരു കഥയില്ല. പറയപ്പെട്ട കഥകളെല്ലാം ഈ ദിക്റിൻെറ സംസ്ഥാപനത്തിനാണ്. ദാനം ചെയ്യാൻ വെള്ളിയും സ്വർണ്ണവുമില്ലാത്തവർ, യുദ്ധം ചെയ്യാൻ ശേഷിയും ശേമുഷിയുമില്ലാത്തവർ, രാത്രി കാലങ്ങളിൽ ആരാധനയിൽ മുഴുകാൻ ക്ഷമയും സഹനവുമില്ലാത്തവർ… ആരും നിരാശപ്പെടേണ്ടതില്ല. അറിയുക! ഇത് പകരം പോലുമല്ല. ഇതാണ് അടിസ്ഥാനം. നാലും മൂന്നും ഏഴ്.. അതാണ് ബാക്കിയാവുന്നത്, അതാണ് അവശേഷിക്കുന്ന സുകൃതങ്ങൾ.