ഖുർആൻ അല്ലാഹുവിൻെറ വചനമാണ്. അത് സൃഷ്ടിയല്ല, അവതരിപ്പിക്കപ്പെട്ടതാണ്. അല്ലാഹുവിൽനിന്നുള്ളതും അവനിലേക്കു തന്നെ മടങ്ങാനുള്ളതുമാണ്. ഇതാണ് ഖുർആനിനെ കുറിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം. ഖുർആൻ അല്ലാഹുവിൻെറ സൃഷ്ടിയാണ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അങ്ങനെയല്ല കാര്യം. അതിനെ കുറിച്ച് പറയേണ്ടത് അല്ലാഹുവിൻെറ വചനം എന്നാണ്. വചനമോ അല്ലാഹുവിൻെറ ഗുണവിശേഷവും. ലിപിയും ശബ്ദവും സഹിതമാണ് അല്ലാഹു ഖുർആനിനെ വചിച്ചിരിക്കുന്നത്. ഇങ്ങനെയായിരിക്കണം ഖുർആനിനെ കുറിച്ചുള്ള ഒരു മുഅ്മിനിൻെറ വിശ്വാസം. ലോകചരിത്രത്തിൻെറ ഗതിവിഗതികൾ നിർണ്ണയിച്ച, അനുകൂലികൾക്കും പ്രതിയോഗികൾക്കും അത്ഭുതം തീരാത്ത, വിശ്വാസത്തിൻെറയും വിജ്ഞാനത്തിൻെറയും അക്ഷയ സ്രോതസ്സായി വർത്തിക്കുന്ന മഹാവിസ്‌മയമാണ് ഖുർആൻ. മുഹമ്മദ് നബി ﷺ ക്ക് നൽകപ്പെട്ട മുഅ്ജിസത്! മനുഷ്യ-ജിന്ന് വർഗ്ഗങ്ങളെ അല്ലാഹു വെല്ലുവിളിച്ച ഗ്രന്ഥം! ഇതു പോലെ മറ്റൊരു ഖുർആൻ കൊണ്ടുവരൂ. സാധ്യമല്ലെങ്കിൽ പത്ത് അധ്യാങ്ങൾ, അല്ലെങ്കിൽ ഒരു അധ്യായമെങ്കിലും. മനുഷ്യരും ജിന്നുകളും സംയുക്തമായി ശ്രമിച്ചാലും സാധിക്കില്ലെന്ന് അല്ലാഹു കട്ടായം പറയുന്നു. അല്ലാഹു അവതരിപ്പിച്ച അവസാനത്തെ ഗ്രന്ഥം. മാനവരാശിക്കുള്ള മാർഗ്ഗദർശനം. ലോകാവസാനം വരെ അതിനെ ഭൂലോകത്ത് നിലനിർത്തുമെന്നത് അല്ലാഹുവിൻെറ വാഗ്‌ദാനം!!
മനുഷ്യ വംശത്തിൻെറ ഇഹപര വിജയത്തിനുള്ള മാർഗ്ഗദർശനം അല്ലാഹു നൽകിയിരിക്കുന്നത് വഹ്‌യ് മുഖേനയാണ്. അത് രണ്ടു തരം: ഖുർആനും സുന്നത്തും. പ്രാമാണ്യത്തിൻെറ കാര്യത്തിൽ അവ തമ്മിൽ ഒരു വ്യത്യാസവുമില്ല. മനുഷ്യർ പിന്തുടരേണ്ട ജീവിത പ്രമാണങ്ങളാണ് രണ്ടും. ഖുർആനിലുള്ളത് മൂലവാക്യങ്ങളാണ്. അത് മനുഷ്യൻെറ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് പകർത്തുകയാണ് വേണ്ടത്. അതിൻെറ പ്രായോഗിക രൂപം ജനങ്ങൾക്കു കാണിച്ചു കൊടുക്കുക എന്നതാണ് നബി ﷺ യുടെ കർത്തവ്യം. ഖുർആൻ സൂക്തങ്ങളിൽ ചിലത് മറ്റു ചിലതിനുള്ള വിശദീകരണമായിരിക്കാം. നബിചര്യയാണ് ഖുർആനിൻെറ പ്രായോഗികമായ വ്യാഖ്യാനം. അവ പരസ്പര പൂരകങ്ങളാണ്. ഒന്നിനെ മറ്റൊന്നിൽനിന്ന് വേർപ്പെടുത്തുനാവില്ല. ഹദീസിനെ മാറ്റിനിർത്തി ഖുർആനിനെ പൂർണ്ണമായി മനസ്സിലാക്കുക അസാധ്യം. അവക്കിടയിൽ വിവേചനം കാണിക്കുന്നത് അവിശ്വാസവും.
ഖുർആൻ വ്യാഖ്യാനിക്കേണ്ടത് മനുഷ്യ ബുദ്ധിയും യുക്തിയും അനുസരിച്ചല്ല. അല്ലാഹു അത് ബുദ്ധിക്കും യുക്തിക്കും വിട്ടുകൊടുത്തിട്ടുമില്ല. അഭിപ്രായങ്ങളും അഭീഷ്ടങ്ങളും പ്രയോഗിക്കാനുള്ള വേദിയല്ല പ്രമാണങ്ങൾ. അല്ലാഹു തന്നെയാണ് നബി ﷺ ക്ക് ഖുർആൻ വിശദീകരിച്ചു കൊടുത്തത്. അത് നബി ﷺ അനുചരന്മാർക്ക് കൈമാറി. നബിചര്യ മുഴുവനും ഖുർആനിൻെറ വിശദീകരണങ്ങളാണ്. നേരിൽ കണ്ടും കേട്ടും പഠിച്ച സ്വഹാബികൾ അടുത്ത തലമുറയിലേക്കത് വിനിമയം ചെയ്തു. താബിഉകളും, ശേഷം വന്ന മൂന്നാം തലമുറയും അതേ മാർഗ്ഗം പിന്തുടർന്നു. ഖുർആൻ വ്യാഖ്യാനം എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് അല്ലാഹു വിശദീകരിച്ചു കൊടുത്തതും നബി ﷺ കൈമാറിയതുമായ കാര്യങ്ങളാണ്. സ്വഹാബത്തിലും താബിഉകളിലും മൂന്നാം തലമുറയിലുംപെട്ട ഖുർആൻ പണ്ഡിതന്മാരാണ് അതിൻെറ പ്രമുഖരായ വാഹകർ. അവർ ഉദ്ധരിച്ച വ്യാഖ്യാനങ്ങൾ ക്രോഡീകരിച്ച ഗ്രന്ഥകാരന്മാരുണ്ട്. എന്നാൽ വീക്ഷണങ്ങളും അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളല്ല. അത് കൂട്ടിക്കലർത്തുന്നവർ വ്യാഖ്യാതാക്കളുമല്ല.
ഖുർആൻ അല്ലാഹുവിൻെറ വചനമാണ്. അത് പരിഭാഷപ്പെടുത്തക സാധ്യമല്ല. മനുഷ്യ കൃതികളുടെ പരിഭാഷകൾ പോലും അപൂർണ്ണമായിരിക്കും. വചനങ്ങൾക്ക് പ്രാഥമികവും ദ്വിതീയവുമായ ആശയ തലങ്ങളുണ്ട്. അവ ഉൾക്കൊള്ളുന്ന വിവിധങ്ങളായ വൈകാരിക മൂല്യങ്ങൾ വേറെയും. ഖുർആൻ സൂക്തികൾ അല്ലാഹുവിൻെറ വചനങ്ങളാണ്. സൃഷ്ടികൾക്ക് അവയെ അനുകരിക്കാനാവില്ല. അതേ ഭാഷയിലേക്കോ ഇതര ഭാഷകളിലേക്കോ തനതു രൂപത്തിൽ അത് മൊഴിമാറ്റം ചെയ്യുക തീർത്തും അസാധ്യമാണ്. ഖുർആനിക ആശയങ്ങളെ അല്ലാഹുവും റസൂലും വ്യാഖ്യാനിച്ച പോലെ വിശദീകരിക്കാം. ഖുർആൻ പരിഭാഷകൾ, വിവർത്തനങ്ങൾ, തർജ്ജമകൾ എന്നെല്ലാം പറയുന്നത് അത് തയ്യാറാക്കിയ വ്യക്തികൾക്ക് ഖുർആനിൽനിന്ന് ഗ്രഹിക്കാൻ കഴിഞ്ഞ ആശയങ്ങളുടെ ആവിഷ്കാരം മാത്രമാണ്. പരിഭാഷകളിലൂടെ ഖുർആൻ പഠിക്കാൻ മുതിരുന്നത് ആപൽക്കരമാണ്. നബിചര്യയിൽ ഖുർആൻ പഠനത്തിന് സവിശേഷമായ ഒരു രീതി നിർദ്ദേശിക്കുന്നുണ്ട്. അതു തന്നെ പിന്തുടരേണ്ടത് അനിവാര്യമാണ്.
മറ്റു ഭാഷകളിലെന്ന പോലെ മലയാളത്തിലും ധാരാളം ഖുർആൻ വിവരണങ്ങളും വിവർത്തനങ്ങളുമുണ്ട്. പരിഭാഷകൾ വായിക്കുന്നവർ പൊതുവിലും, മലയാള വായനക്കാർ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കുറിക്കാം. ദീൻ പഠിക്കാൻ നേരായ വഴി മാത്രമേ അവലംബിക്കാവൂ. അതിനുള്ള കുറുക്കുവഴിയായി പരിഭാഷകളെ കാണരുത്. വെറെ വഴിയില്ലാത്തതിനാൽ പരിഭാഷകൾ അവലംബിക്കുന്നു എന്നതും ശരിയല്ല. ഖുർആൻ പഠിക്കാനും മതവിജ്ഞാനീയങ്ങൾ അഭ്യസിക്കാനും നിയതമായ ഒരു രീതിയുണ്ട്. അതിനു പകരമാവില്ല പരിഭാഷകൾ. മലയാളത്തിലെ ഖുർആൻ പരിഭാഷകളും വിവരണങ്ങളും വലിയൊരളവോളം വികലവും അപൂർണ്ണവുമാണ്. അവ വായിച്ച് ബുദ്ധിയിൽ മൂഢ ധാരണകളും വികല സങ്കൽപങ്ങളും നിറക്കുന്നതിനെക്കാൾ ഭേദം അല്ലാഹു നൽകികയ ശുദ്ധ പ്രകൃതിയിൽ ജീവിച്ചു മരിച്ചു പോകലാണ്. ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരിക്കുന്നതാണ് അതിനെ കുറിച്ച് വികലമായ ധാരണകൾ വെച്ചു പുലർത്തുന്നതിനെക്കാൾ ഉത്തമം. ഖുർആൻ വിവരണങ്ങളും പരിഭാഷകളും വായിക്കുന്നവർ സൂക്ഷിക്കേണ്ട ഗൗരവതരമായ കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചരിക്കുന്നത്. അവ ഇതിലെ താളുകളിൽ തുടർന്നു വായിക്കാം.