ഖിയാസ് ഒരു പ്രമാണമല്ല. മലയാളത്തിൽ എഴുതപ്പെട്ട ഖുർആൻ പരിഭാഷകളും വിവരണങ്ങളും ഉൾപ്പെടെ മിക്ക ഇസ്‌ലാമിക രചനകളിലും അതിനെ നാലാം പ്രമാണമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. കർമ്മപരമായ നൂതനവിഷയങ്ങൾക്ക് പ്രമാണങ്ങളിൽനിന്ന് തെളിവുകൾ ലഭിക്കാതെ വരുമ്പോൾ ആവശ്യക്കാരനു മതവിധി കണ്ടെത്തി കൊടുക്കേണ്ട നിവൃത്തിക്കു വേണ്ടി ഫുഖഹാക്കളിൽ ചിലർ അവലംബിക്കുന്ന ഒരു മാർഗ്ഗം മാത്രമാണത്. അതിൻെറ നടപടിക്രമങ്ങൾ ഇപ്രകാരമാണ്:
കർമ്മപരമായ ഒരു പുതിയ പ്രശ്നം ഉടലെടുക്കുന്നു. അതിൻെറ മതവിധി തീർച്ചപ്പെടുത്താനാവശ്യമായ പ്രമാണരേഖ ഖുർആനിലോ സുന്നത്തിലോ കാണുന്നില്ല. അപ്പോൾ മുജ്‌തഹിദുകളായ ഫുഖഹാക്കൾ ആ പ്രശ്നത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് അതിൻെറ അടിസ്ഥാന സ്വഭാവവും മൂലഹേതുവും നിർണ്ണയിക്കുന്നു. അനന്തരം അതേ സ്വഭാവവും മൂലകാരണവുമുള്ള വല്ല വിഷയവും ഖുർആനിലോ സുന്നത്തിലോ പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അങ്ങനെ ഒരു വിഷയം ലഭിച്ചാൽ അതിനെ അടിസ്ഥാന വിഷയമായി കണക്കാക്കുകയും അതിനു നിശ്ചയിക്കപ്പെട്ട അതേ വിധി ഉപവിഷയമായ നൂതനപ്രശ്നത്തിനു ചാർത്തിക്കൊടുക്കുകയും ചെയ്യുന്നു. ഇതിനാണ് സാങ്കേതികമായി ഖിയാസ് അഥവാ സമധർമ്മപ്രയോഗം എന്ന് പറുയന്നത്.
മേൽ നടപടിയിൽ അൽപജ്ഞാനികൾക്ക് പ്രഥമദൃഷ്ട്യാ അപാകം തോന്നിക്കൊള്ളണമെന്നില്ല. പക്ഷെ, ഇവിടെ ഓർമ്മിക്കേണ്ട ചില വസ്തുതകളുണ്ട്.
ചുരുക്കത്തിൽ, ഖിയാസിനെ ഒരു പ്രമാണമായി പരിഗണിക്കുന്നതു പോകട്ടെ, മതവിധി കണ്ടെത്താനുള്ള ഒരു സ്വാഭാവിക ഉപാധിയായിപ്പോലും കണക്കാക്കാവതല്ല. മിക്കപ്പോഴും ഖിയാസ് അവലംബിക്കേണ്ടി വരുന്നത് സുന്നത്തിലുള്ള അവഗാഹമില്ലായ്മ കൊണ്ടാണ്. ഇമാം അഹ്‌മദ് ബിൻ ഹൻബൽ رَحِمَهُ اللهُ യെ പോലെ സുന്നത്തിൽ അവഗാഹമുള്ളവർക്ക് ഖിയാസ് അവലംബിക്കേണ്ടി വരാറില്ല. അതുകൊണ്ടു തന്നെയാണ് സുന്നത്തിൻെറ ഇമാമായ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായത്:
وليس في السنة قياس. [أحمد بن حنبل، أصول السنة]
[സുന്നത്തിൽ (നബി ﷺ യുടെ മാർഗ്ഗത്തിൽ) ഖിയാസു തന്നെയില്ല.] (അഹ്‌മദ് ബിൻ ഹൻബൽ, ഉസൂലുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്).
എന്നാൽ നിർബ്ബന്ധിത സാഹചര്യത്തിൽ ഖിയാസ് അവലംബിക്കുന്നതിനെ കുറിച്ചുള്ള പണ്ഡിതാഭിപ്രായം ഇബ്‌നു ഖയ്യിം رحمه الله രേഖപ്പെടുത്തുന്നത് കാണുക:
وَالْقِسْمُ الثَّالِثُ: سَوَّغُوا الْعَمَلَ وَالْفُتْيَا وَالْقَضَاءَ بِهِ عِنْدَ الِاضْطِرَارِ إلَيْهِ حَيْثُ لَا يُوجَدُ مِنْهُ بُدٌّ، وَلَمْ يُلْزِمُوا أَحَدًا الْعَمَلَ بِهِ، وَلَمْ يُحَرِّمُوا مُخَالَفَتَهُ، وَلَا جَعَلُوا مُخَالِفَهُ مُخَالِفًا لِلدِّينِ، بَلْ غَايَتُهُ أَنَّهُمْ خَيَّرُوا بَيْنَ قَبُولِهِ وَرَدِّهِ؛ فَهُوَ بِمَنْزِلَةِ مَا أُبِيحَ لِلْمُضْطَرِّ مِنْ الطَّعَامِ وَالشَّرَابِ الَّذِي يَحْرُمُ عِنْدَ عَدَمِ الضَّرُورَةِ إلَيْهِ كَمَا قَالَ الْإِمَامُ أَحْمَدُ: سَأَلَتْ الشَّافِعِيَّ عَنْ الْقِيَاسِ، فَقَالَ لِي: عِنْدَ الضَّرُورَةِ، وَكَانَ اسْتِعْمَالُهُمْ لِهَذَا النَّوْعِ بِقَدْرِ الضَّرُورَةِ: لَمْ يُفَرِّطُوا فِيهِ وَيُفَرِّعُوهُ وَيُوَلِّدُوهُ وَيُوَسِّعُوهُ كَمَا صَنَعَ الْمُتَأَخِّرُونَ بِحَيْثُ اعْتَاضُوا بِهِ عَنْ النُّصُوصِ وَالْآثَارِ، وَكَانَ أَسْهَلَ عَلَيْهِمْ مِنْ حِفْظِهَا. [ابن قيم الجوزية في إعلام الموقعين عن رب العالمين]
[അനുഷ്ഠാനങ്ങൾ ചെയ്യാനും ഫത്‌വഃ നൽകാനും വിധി പ്രസ്താവിക്കാനും നിവൃത്തിയില്ലാതെ വരുന്ന നിർബ്ബന്ധിത ഘട്ടങ്ങളിൽ ആവാമെന്ന് അവർ പറഞ്ഞ മൂന്നാത്തെ വിഭാഗമാണ് അത്. ആരെയും അതനുസരിച്ച് പ്രവർത്തിക്കാൻ അവർ നിർബ്ബന്ധിച്ചില്ല. അതിന്ന് ഏതിരു പ്രവർത്തിക്കുന്നത് അവർ നിഷിദ്ധമാക്കിയില്ല. അതിനെ എതിർക്കുന്നവനെ മതത്തിൻെറ ഏതിരാളിയായി ഗണിച്ചതുമില്ല. അത് സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകി എന്നതാണ് പരമാവധി അവർ ചെയ്തത്. നിർബ്ബന്ധിതാവസ്ഥ ഇല്ലാത്തപ്പോൾ നിഷിദ്ധമായിത്തീരുന്ന ഭക്ഷണ പാനീയങ്ങൾ നിർബ്ബന്ധിതാവസ്ഥയിലുള്ള ഒരാൾക്ക് അനുവദിക്കപ്പെടുന്ന അതേ സ്ഥാനത്താണ് ഇത്. ഇമാം അഹ്‌മദ് തന്നെ അപ്രകാരം പറഞ്ഞത് കാണുക. ഞാൻ ഇമാം ശാഫിഈ رَحِمَهُ اللهُ യോട് ഖിയാസിനെ കുറിച്ച് ചോദിച്ചു: അദ്ദേഹം എന്നോട് പറഞ്ഞു: നിർബ്ബന്ധിതാവസ്ഥയിൽ ആവാം. ഈ ഇനം അവർ പ്രയോഗിച്ചിരുന്നത് നിർബ്ബന്ധിതാവസ്ഥയുടെ തോതനുസരിച്ച് മാത്രമായിരുന്നു. അവർ അതിൽ വീഴ്ച വരുത്തിയില്ല, അതിൻെറ ശാഖോപശാഖകളിലേക്ക് പോയില്ല, അതിനെ പെരുപ്പിച്ചില്ല, അതിനെ വിപുലീകരിച്ചതുമില്ല. പിൻഗാമികൾ ചെയ്ത പോലെ അതിനെ പ്രമാണവാക്യങ്ങൾക്കും രേഖകൾക്കും പകരമാക്കിയില്ല. അവ മനഃപാഠമാക്കുന്നതിനെക്കാൾ പിൻഗാമികൾക്ക് ലളിതം അത് (ഖിയാസ്) പ്രയോഗിക്കലായിരുന്നു.] (ഇബ്‌നുൽ ഖയ്യിം ഇഅ്ലാമുൽ മുവഖിഈനിൽ രേഖപ്പെടുത്തിയത്)
ഇസ്‌ലാമിക ശരീഅത്ത് അവതരിപ്പിച്ചത് മനുഷ്യൻെറ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവാണ്. അന്ത്യനാൾവരെയുള്ള മനുഷ്യരുടെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന മുഴുപ്രശ്നങ്ങളുടെയും വിധികൾ ഉൾക്കൊള്ളുന്ന വിധത്തിലാണ് ഖുർആൻ സൂക്തങ്ങളെയും നബിവചനങ്ങളെയും അവൻ ക്രമീകരിച്ചിരിക്കുന്നത്. പ്രമാണരേഖകളിൽനിന്ന് അത് കണ്ടെത്താനുള്ള അറിവും കഴിവും അല്ലാഹുവിൻെറ വേണ്ടുകയാൽ സ്വായത്തമാക്കണമെന്നു മാത്രം. പ്രമാണങ്ങളെ കുറിച്ച് വേണ്ടത്ര അവഗാഹവും സുന്നത്തിൽ മതിയായ പരിജ്ഞാനവുമില്ലാത്തവർ നേരെ ഖിയാസിലേക്ക് എടുത്തു ചാടുകയാണ് ചെയ്യുന്നത്. അത് ശരിയായ നടപടിയല്ല, താർക്കികന്മാരുടെ രീതിയാണ്. എന്നാൽ അടിയന്തിരമായി തീർപ്പു കൽപിക്കേണ്ട കർമ്മപരമായ ഒരു വിഷയം മുന്നിൽവരികയും അതിനു സവിശേഷമായ തെളിവൊന്നും സുന്നത്തിൽനിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഒരു അറ്റകൈ പ്രയോഗം എന്ന നിലക്ക് അനുഷ്ഠാന വിഷയങ്ങളിൽ ചിലർക്ക് ഖിയാസ് പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് ഇമാം ശാഫിഈ رَحِمَهُ اللهُ യെ പോലുള്ളവർ മുകളിൽ ഉദ്ധരിച്ച തരത്തിലുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ഖിയാസ് ഒരു സാമാന്യ സംജ്ഞയാണ്. അതിൽ പല ഇനങ്ങളുമുണ്ട്. അതിൽപെട്ട സർവ്വാംഗീകൃതമായ ഇനമാണ് ഖിയാസുൽ ഔലാ (قياس الأولى). ലളിതമായ ഒരു ഉദാഹരണത്തിലൂടെ അതെന്തെന്നു മനസ്സിലാക്കാം. മാതാപിതാക്കളോട് കയർത്തു സംസാരിക്കുന്നത് സൂറത്തുൽ ഇസ്റാഇൽ അല്ലാഹു വിലക്കിയിട്ടുണ്ട്. അപ്പോൾ അവരെ തെറിവിളിക്കുന്നതും ദേഹോപദ്രവം ചെയ്യുന്നതും ഖിയാസുൽ ഔലാ പ്രകാരം വിലക്കപ്പെട്ടതായിരിക്കും.
എന്നാൽ ഖിയാസുൽ മുസാവീ (قِيَاسُ الْمُسَاوِي) ഖിയാസുൽ അദ്‌നാ (قِيَاسُ اْلأَدْنَى) ഖിയാസ് മഅൽ ഫാരിഖ് (قِيَاسٌ مَعَ الْفَارِقِ) ഖിയാസ് ഖഫിയ്യ് (قِيَاسٌ خَفِيٌّ) പോലുള്ള ഖിയാസിൻെറ ഇതര ഇനങ്ങളാണ് വിമർശിക്കപ്പെട്ടിട്ടുള്ളത്. നിദാനവിഷയങ്ങൾ ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങളിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ കാണാവുന്നതാണ്. മതവിധി കണ്ടെത്തുന്നതിനു വേണ്ടി യുക്തിയെ അവലംബിക്കുന്ന അഹ്‌ലു റഅ്‌യുകാരായ (أهل الرأي) ഇമാം അബൂഹനീഫഃയും അദ്ദേഹത്തെ പിന്തുടരുന്ന ഫുഖഹാക്കളുമാണ് ഖിയാസിൻെറ വിശാലമായ പ്രയോക്താക്കൾ. ചില വിഷയങ്ങളിൽ മതവിധി കണ്ടെത്തുന്നതിന് വ്യക്തിയധിഷ്ഠിത ഹദിസുകൾ (أخبار الآحاد) പോലും അവഗണിച്ച് കൊണ്ട് ഖിയാസിനെ അവലംബിക്കുന്ന രീതി അവർ പിന്തുടരുന്നു. ഈ നിലപാട് പണ്ഡിത ലോകത്തിൻെറ, വിശിഷ്യാ അഹ്ലുസ്സുന്നഃയുടെ ഏറിയ വിമർശനങ്ങൾക്ക് കാരണായിട്ടുള്ളതുമാണ്. മഹാനായ ഖലീഫഃ ഉമർ رَضِيَ اللهُ عَنْهُ ൻെറ ഒരു വചനം ഇവിടെ ഉദ്ധരിക്കുന്നത് ആനുഷംഗികമായിരിക്കും.
إياكم وأصحاب الرأي، فإنهم أعداء السنن، أعيتهم أحاديث الرسول ﷺ أن يحفظوها، فقالوا بالرأي فضلّوا وأضلّوا. [اللالكائي في شرح أصول اعتقاد أهل السنة والجماعة، وابن عبد البر في جامع بيان العلم وفضله]
[നിങ്ങൾ താർക്കികന്മാരെ സൂക്ഷിക്കുക! അവർ സുന്നത്തിൻെറ ശത്രുക്കളാണ്. നബി ﷺ യുടെ വചനങ്ങൾ ഹൃദിസ്ഥമാക്കുന്നത് അവരെ തളർത്തിക്കളഞ്ഞു. അപ്പോൾ അവർ യുക്തിയനുസരിച്ച് വാദിക്കാൻ തുടങ്ങി. അങ്ങനെ അവർ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്തു.] (ലാലകാഈ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നത്തി വൽ ജമാഅഃയിലും, ഇബ്‌നു അബ്ദിൽ ബർ ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹിയിലും ഉദ്ധരിച്ചത്)
മുകളിൽ പറഞ്ഞ വസ്തുതളുടെ വെളിച്ചത്തിലാണ് ഖിയാസ്, ഇജ്‌തിഹാദ് എന്നീ സങ്കേതങ്ങളെ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും. എന്നാൽ, ‘വിശുദ്ധ ഖുർആൻ വിവരണ’ത്തിലെ ഇതു സംബന്ധിച്ചുള്ള പരാമർശങ്ങളിൽ വലിയ അപാകങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉദാഹരണമായി, മുഖവര, പുറം 53, അന്നഹ്ൽ 89-ാം സൂക്തത്തിൻെറ വ്യാഖ്യാനം, പുറം 1758.
സൂന്നത്തിൽ സ്ഥിരപ്പെട്ട സവിശേഷമായ തെളിവുകളും അവയുടെ വിശദാംശങ്ങളും കണ്ടെത്താനും പ്രയോഗിക്കാനുമുള്ള അലസതയും പിടിപ്പുകേടും മൂലം ഖിയാസിൻെറയും ഇജ്‌തിഹാദിൻെറയും പ്രയോഗത്തിലേക്ക് ചിലർ ചുവടുമാറിയതാണ് ഇസ്‌ലാമിലെ അനുഷ്‌ഠാന കാര്യങ്ങളിൽ വർദ്ധമാനമായ തോതിൽ അഭിപ്രായഭിന്നതകൾ ഉടലെടുക്കാനുണ്ടായ പ്രധാന കാരണം. എന്നാൽ, മതിയായ അറിവും സൂക്ഷ്മതയും ഇല്ലാത്ത ചിലർ ഖിയാസിനെ ന്യായീകരിക്കാനായി ഉന്നയിക്കുന്ന ദുർബ്ബലമായ ഒരു സംഭവമുണ്ട്. പ്രസ്തുത സംഭവവും അതിൻെറ ന്യൂനതയും ഇസ്‌ലാമിൻെറ പ്രമാണങ്ങൾ എന്ന ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് അത് വായിച്ചു നോക്കാവുന്നതാണ്.