തക്‌ഫീർ അഥവാ മുസ്‌ലിമിനെ കാഫിറാക്കൽ:
ആധാരങ്ങളും വ്യവസ്ഥകളും

ഈ സൃഷ്ടി പ്രപഞ്ചത്തെ സക്രിയവും അർത്ഥപൂർണ്ണവുമാക്കുന്ന ചാലക ശക്തി വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടമാണ്. സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് പ്രകൃതിയുടെ സമഗ്രമായ നൈതികതയും മനോഹാരിതയും കുടികൊള്ളുന്നത്. സത്യവിശ്വാസമാണ് എല്ലാ ധർമ്മങ്ങളുടെയും ന്യായങ്ങളുടെയും നന്മകളുടെയും വെളിച്ചങ്ങളുടെയും സൗന്ദര്യങ്ങളുടെയും ആധാരം. അവിശ്വാസമാണ് എല്ലാ അധർമ്മങ്ങൾക്കും അന്യായങ്ങൾക്കും തിന്മകൾക്കും ക്രമരാഹിത്യങ്ങൾക്കും വൈരൂപ്യങ്ങൾക്കും കാരണം. അതു കൊണ്ടു തന്നെ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സമീകരണം ഒരു നിലയിലും സാധ്യമല്ല. അല്ലാഹു പറയുന്നു:

﴿ أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ ﴾ [السجدة 18]

«അപ്പോള്‍ ഒരു വിശ്വാസി അധർമ്മകാരിയായ ഒരാളെപ്പോലെയാകുമോ?  അവര്‍ ഒരിക്കലും തുല്യരാകുകയില്ല». (സജ്‌ദഃ 18)

ഇഹലോകത്തെന്നല്ല, പരലോകത്തും അവർ സമമാവുകയില്ല. അവർക്കിടയിലുള്ള അന്തരം ആത്യന്തികമായ വിജയ പരാജയങ്ങളുടേതാണ്, അഥവാ സ്വർഗ്ഗ നരകങ്ങളുടേതാണ്. അല്ലാഹു പറയുന്നു:

﴿ لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ ﴾ [الحشر 20]

«നരകാവകാശികളും സ്വർഗ്ഗാവകാശികളും സമമാവുകയില്ല. സ്വർഗ്ഗാവകാശികൾ, അവർ തന്നെയാണ് വിജയികൾ». (ഹശ്ർ 20)

വിശ്വാസവും അവിശ്വാസവും തമ്മിലുള്ള അകലം വളരെ വലുതാണ്. അവ മനുഷ്യ ജീവിതത്തിൻെറ ആത്യന്തികമായ വിജയ പരാജയങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഒന്ന് അല്ലാഹുവിൻെറ പ്രീതിയും സാമീപ്യവും നേടിത്തരുമ്പോൾ, മറ്റേത് അവൻെറ ശാപകോപങ്ങൾക്ക് വഴിമരുന്നിടുന്നു. ഒന്ന് സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുമ്പോൾ മറ്റേത് നരകത്തിലേക്ക് നയിക്കുന്നു.

അതിനാൽ അവിശ്വാസത്തെ അവിശ്വാസമായി തന്നെ കാണാൻ കഴിയണം. അവിശ്വാസിയെ അവിശ്വാസിയെന്ന് വിളിക്കാനുള്ള ആർജ്ജവം പുലർത്തുകയും വേണം. അല്ലാത്ത പക്ഷം അത് തൻെറ മതവിശ്വാസത്തെ തന്നെ ചോദ്യം ചെയ്തേക്കാം. മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് –رَحِمَهُ اللهُ– പറയുന്നത് കാണുക:

من لم يكفر المشركين أو شك في كفرهم أوصحح مذهبهم كفر بالإجماع؛ والدليل قوله تعالى: ﴿ فمن يكفر بالطاغوت ويؤمن بالله فقد استمسك بالعروة الوثقى لا انفصام لها ﴾ (البقرة ٢٥٦). [محمد بن عبد الوهاب | نواقض الإسلام]

«മുശ്‌രിക്കുകളെ അവിശ്വാസികളായി കാണാത്തവരും, അവർ കാഫിറാണെന്ന കാര്യത്തിൽ സംശയിക്കുന്നവരും, അവരുടെ പക്ഷം ശരിവെക്കുന്നവരും ഇജ്‌മാഅ് പ്രകാരം കാഫിറായിത്തീരും. അതിനുള്ള തെളിവ് അല്ലാഹുവിൻെറ വചനമാണ്: “ഏതൊരാൾ ത്വാഗൂത്തുകളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നുവോ തീർച്ചയായും അവൻ ഒരിക്കലും മുറിഞ്ഞുപോകാത്ത ബലിഷ്ഠമായ പാശമാണ് മുറുകെപ്പിടിച്ചിരിക്കുന്നത്”». (ബഖറഃ 256)

ഒരു അവിശ്വാസിയെ അവിശ്വാസിയായി കാണാനും അവനെ അവിശ്വാസിയെന്ന് പറയാനുമുള്ള ആർജ്ജവം എല്ലാവരും കാണിക്കാറില്ല. അത് താൻ ഉയർത്തിപ്പിടിക്കുന്ന വിശ്വാസദാർഢ്യത്തിനും ധാർമ്മികമായ ആർജ്ജവത്തിനും അനുസരിച്ചിരിക്കും. മതം ത്യാഗമാണ്. ത്യാഗത്തിലൂടെയല്ലാതെ ആർക്കും സ്വർഗ്ഗം നേടാനാവില്ല.  ആത്മബലമില്ലാത്ത ഷണ്ഡന്മാർക്ക് അനായാസം സ്വായത്തമാക്കാവുന്നതല്ല അല്ലാഹു വാഗ്‌ദാനം ചെയ്തിരിക്കുന്ന മഹത്തായ പ്രതിഫലങ്ങൾ. ന്യായമായും അവിശ്വാസിയെന്നു പറയേണ്ട ഒരാളെ ശരിയായ മാർഗ്ഗങ്ങളിലൂടെ അവിശ്വസിയെന്നു പ്രഖ്യാപിക്കുന്നത് പ്രതിഫലാർഹമായ കാര്യമാണ്.

وأما إن كان المكفر لأحد من هذه الأمة يستند في تكفيره له إلى نص وبرهان من كتاب الله وسنة نبيه، وقد رأى كفرا بواحا كالشرك بالله، وعبادة ما سواه، والاستهزاء به تعالى، أو بآياته، أو رسله، أو تكذيبهم، أو كراهة ما أنزل الله من الهدى ودين الحق، أو جحد صفات الله تعالى ونعوت جلاله ونحو ذلك، فالمكفر بهذا وأمثاله مصيب مأجور، مطيع لله ورسوله. [عبد اللطيف بن عبد الرحمن بن حسن آل الشيخ | الدرر السَّنية في الأجوبة النجدية]

«അല്ലാഹുവിൽ പങ്കുചേർക്കുക, അവനു പുറമെ മറ്റാർക്കെങ്കിലും ഇബാദത്ത് ചെയ്യുക, അല്ലാഹുവിനെയോ അവൻെറ വചനങ്ങളെയോ അവൻെറ ദൂതന്മാരെയോ പരിഹസിക്കുക, അവരെ കളവാക്കുക, അല്ലാഹു അവതരിപ്പിച്ച സാന്മാർഗ്ഗികദർശനങ്ങളെയോ സത്യമതത്തെയോ വെറുക്കുക, അല്ലാഹുവിൻെറ ഗുണങ്ങളും വിശേഷണങ്ങളും നിഷേധിക്കുക പോലുള്ള സ്പഷ്ടമായ കുഫ്ർ ഈ സമുദായത്തിൽപെട്ട ഒരാളിൽ കാണുകയും, ഖുർആനിൽനിന്നോ നബിചര്യയിൽനിന്നോ ഉള്ള വ്യക്തമായ രേഖയും തെളിവും അവലംബമാക്കി അയാളെ യോഗ്യനായ ഒരു വ്യക്തി കാഫിറായി പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കിൽ തക്‌ഫീർ നടത്തുന്ന ആ വ്യക്തി ശരിയായ മാർഗ്ഗം അവലംബിച്ചവനും പ്രതിഫലത്തിന് അർഹനും അല്ലാഹുവിനെയും അവൻെറ ദുതനെയും അനുസരിച്ചവനുമാകുന്നു». (അബ്ദുല്ലത്വീഫ് ആലുശ്ശൈഖ് | അദ്ദുററുസ്സനിയ്യഃ)

ചുരുക്കത്തിൽ, ഒരു അവിശ്വാസിയെ അവിശ്വാസിയായി കാണുന്നതും അവിശ്വാസിയെന്നു വിളിക്കുന്നതും വിശ്വാസത്തിൻെറ താൽപര്യമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് കടുത്ത പാതകവും വിശ്വാസരാഹിത്യവുമാണ്.

അതേ പോലെ, ഒരു വിശ്വാസിയെ അവിശ്വാസിയായോ (كَافِرٌ) അല്ലാഹുവിൻെറ ശത്രുവായോ (عَدُوُّ اللهِ) കാണുന്നതും അഭിസംബോധന ചെയ്യുന്നതും കുഫ്റാണ്, കടുത്ത പാതകമാണ്. കാഫിറിനെ കാഫിറായി കാണാതിരിക്കുന്നത് വിശ്വാസപരമായ ജീർണ്ണതയും ദൗർബ്ബല്യവുമാണെങ്കിൽ, വിശ്വാസിയെ മതഭ്രഷ്ടനായി മുദ്രകുത്തുന്നത് മതതീവ്രതയുടെയും രക്തദാഹത്തിൻെറയും അധികാരക്കൊതിയുടെയും ഭാഗമാണ്. ഇത് മാരകമായ ഒരു അഭീഷ്ടത്തിൻെറയും (هَوَى) നൂതന നിർമ്മിതിയുടെയും (بِدْعَة) ലക്ഷണമാണ്. ആദ്യകാലത്തു തന്നെ ഇസ്‌ലാമിൽനിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകളുടെ സവിശേഷമായ അടയാളമാണ് تَكْفِيرٌ അഥവാ മുസ്‌ലിമിനെ കാഫിറാക്കി ചാപ്പകുത്തൽ. തൻെറ അധികാര ഭ്രാന്തിനു കൂട്ടുനിൽക്കുന്നില്ലെന്ന കാരണത്താൽ നിരപരാധിയായ ഒരു വിശ്വാസിയെ തീർത്തുകളയുക എന്ന ദുഷ്ടമനോഭാവമാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്. ഒരു മുസ്‌ലിമിൻെറ പവിത്രമായ രക്തം ചൊരിയാനുള്ള ന്യായീകരണമായി ആദ്യം അവനിൽ ശിർക്ക് ആരോപിക്കുന്നു. പിന്നീട് അവനുമേൽ ഖഡ്‌ഗം പ്രയോഗിക്കുന്നു. ഇതാണ് ഖവാരിജുകളുടെ രീതി. നബി ﷺ പറയുന്നത് കാണുക:

عن حذيفة رضي الله عنه قال، قال رسول الله ﷺ: إن ما أتخوف عليكم؛ رجل قرأ القرآن حتى إذا رئيت بهجته عليه، وكان ردئا للإسلام، غيَّره إلى ما شاء الله، فانسلخ منه ونبذه وراء ظهره، وسعى على جاره بالسيف ورماه بالشرك، قال: قلت يا نبي الله! أيهما أولى بالشرك؛ المرمي أم الرامي؟ قال: بل الرامي. [أخرجه ابن حبان والبخاري في الكبير والبزار في مسنده، قال ابن كثيير إسناده جيد، وحسنه الألباني في الصحيحة]

«ഹുദൈഫഃ – رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങളുടെ മേൽ ഞാൻ ഏറെ ഭയപ്പെടുന്നത് ഖുർആൻ പാരായണം ചെയ്യുന്ന ഒരു വ്യക്തിയെയാണ്. അവനിൽ ഖുർആനിൻെറ ഓജസ്സ് പ്രകടമാവുകയും അവൻ ഇസ്‌ലാമിന് ഒരു പിൻബലമായിത്തീരുകയും ചെയ്ത ശേഷം, മുൻനിർണ്ണയമനുസരിച്ച് അല്ലാഹു ഉദ്ദേശിച്ച മറ്റൊരവസ്ഥയിലേക്ക് അയാളെ മാറ്റുകയായി. അങ്ങനെ അവനതാ സത്യത്തിൽനിന്ന് ഊരിപ്പോവുകയും അതിനെ പിറകോട്ട് വലിച്ചെറിയുകയും ചെയ്യുന്നു. തൻെറ അയൽവാസിക്കെതിരിൽ വാളുമായി ഓടിയുക്കുന്നു. അവനിൽ ശിർക്ക് ആരോപിക്കുന്നു. നിവേദകനായ ഹുദൈഫഃ – رَضِيَ اللهُ عَنْهُ– പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ നബിയേ, അവർ രണ്ടു പേരിൽ ആരാണ് ശിർക്കിൻെറ വിശേഷണം ചാർത്തപ്പെടാൻ കൂടുതൽ തരപ്പെട്ടവൻ? ആരോപിതനോ അതോ ആരോപകനോ? അവിടുന്ന് പറഞ്ഞു: അല്ല, ആരോപകൻ തന്നെ». (ഇബ്‌നു ഹിബ്ബാൻ തൻെറ സ്വഹീഹിൽ ഉദ്ധരിച്ചത്)

നിരപരാധിയായ ഒരു മുസ്‌ലിമിനെ കാഫിറാക്കുക എന്നത് കടുത്ത പാതകവും കുഫ്റുമാണ്. ഒരു മുസ്‌ലിമിനെതിരിൽ  കുഫ്ർ ആരോപിക്കുന്നവൻ ഓർക്കട്ടെ: അയാൾ കാഫിറല്ലെങ്കിൽ അത് തനിക്കെതിരിൽ തിരിച്ചടിക്കും. ആ പ്രവൃത്തി മൂലം താൻ തന്നെ കാഫിറായിത്തീരുകയും ചെയ്യും.

عن ابْنَ عُمَرَ، يَقُولُ: قَالَ رَسُولُ اللهِ ﷺ: أَيُّمَا امْرِئٍ قَالَ لِأَخِيهِ: يَا كَافِرُ، فَقَدْ بَاءَ بِهَا أَحَدُهُمَا، إِنْ كَانَ كَمَا قَالَ، وَإِلَّا رَجَعَتْ عَلَيْهِ. [مسلم في صحيحه]

ഇബ്‌നു ഉമർ –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പഞ്ഞു: ഏതൊരാൾ തൻെറ സഹോദരനെ കാഫിർ എന്ന് അഭിസംബോധന ചെയ്യുന്നുവോ, അവരിലൊരാൾ കുഫ്റുമായി മടങ്ങേണ്ടിവരും തീർച്ച. അവൻ ആരോപിച്ചതു ശരിയാണെങ്കിൽ കാര്യം അങ്ങനെ പോകും. അല്ലാത്ത പക്ഷം അത് അവനിലേക്കു തന്നെ തിരിച്ചടിക്കും. (മുസ്‌ലിം തൻെറ സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇസ്‌ലാമിനും കുഫ്റിനും മധ്യെയുള്ള സ്ഥാനം (مَنْزِلَةٌ بَيْنَ الْمَنْزِلَتَيْنِ) എന്നത് മുഅ്തസിലികളുടെ ആധാരങ്ങളിലൊന്നാണ്. അത് തത്ത്വത്തിൽ ഖവാരിജുകൾ നടത്തുന്ന തക്‌ഫീറിനു തുല്യമാണ്.

വൻപാപം ചെയ്യുന്ന വ്യക്തി മുസ്‌ലിമല്ല, എന്നാൽ അവനെ കാഫിറെന്ന് വിളിക്കാനും പറ്റില്ല. പ്രത്യുത, അവൻെറ സ്ഥാനം വിശ്വാസത്തിനും അവിശ്വാത്തിനും മധ്യെയാണ്. എന്നാൽ പരലോകത്ത് അവൻ നരകത്തിൽ ശാശ്വതനായിരിക്കുകയും ചെയ്യും. ഇതത്രെ ഈ സങ്കൽപത്തിൻെറ ആകെത്തുക. ഇത് തക്‌ഫീറിനു തുല്യമാണെന്നു പറയാൻ കാരണം വൻപാപം ചെയ്തവരും കാഫിറുകളും പരലോകത്ത് വരുമ്പോൾ ഒരു പോലെയാണ്. ഇരു കൂട്ടരും നരകത്തിൽ ശാശ്വതരാണ്. ആത്യന്തികമായി നോക്കേണ്ടത് പരലോകത്തെ സ്ഥിതിയാണല്ലോ.

മഹാരഥന്മാർ കാലിടറുകയും വൻമരങ്ങൾ കടപുഴകുകയും ചെയ്ത സങ്കീർണ്ണമായ വിഷയമാണ് മുസ്‌ലിമിനെ കാഫിറാക്കുക (تَكْفِيرٌ) എന്നത്. ഏതാണ്ട് എല്ലാ പിഴച്ച കക്ഷികളും തങ്ങളോട് വിയോജിക്കുന്നവർക്കെതിരിൽ വിവേചന രഹിതമായി പ്രയോഗിക്കുന്ന ആയുധമാണ് തക്‌ഫീർ. മുഅ്തസിലികൾക്കിടയിൽ ഏറെ പ്രശസ്തനും ആദരണീയനുമായ ബുദ്ധിജീവിയാണ് അംറു ബിൻ ഉബൈദ്. അദ്ദേഹവുമായി അബൂ അംറ് ബിൻ അലാഅ് നടത്തിയ സംവാദം പ്രസിദ്ധമാണ്. സംവാദ മധ്യെ തക്‌ഫീറിൻെറ വിഷയത്തിൽ അംറു ബിൻ ഉബൈദ് കാലിടറുന്നത് എപ്രകാരമാണെന്ന് നോക്കുക:

وقال عمرو بن العلاء لعمرو بن عبيد حين ناظر في مسألة خلود أهل الكبائر في النار إن هذا وعد والله لا يخلف وعده، فقال له ابن العلاء: من العجمة أُتيت، هذا وعيد، لا وعد. [عبد اللطيف بن عبد الرحمن بن حسن آل الشيخ | الدرر السَّنية في الأجوبة النجدية]

«വൻപാപം ചെയ്തവർ നരകത്തിൽ ശാശ്വതരാണ്, നിശ്ചയമായും അത് അല്ലാഹുവിൻെറ വാഗ്‌ദാനമാണ്, അല്ലാഹു അവൻെറ വാഗ്‌ദാനം ലംഘിക്കുകയില്ല എന്ന് അംറു ബിൻ ഉബൈദ് പറഞ്ഞപ്പോൾ അദ്ദേഹത്തോട് അബൂ അംറ് ബിൻ അലാഅ് പറഞ്ഞത് ഉജ്‌മത്ത് മൂലമാണ് താങ്കൾക്ക് ഈ അബദ്ധം പിണഞ്ഞത്, ഇത് വാഗ്‌ദാനമല്ല, ഭീഷണിയാണ് എന്നായിരുന്നു». (അബ്ദുല്ലത്വീഫ് ആലുശ്ശൈഖ് | അദ്ദുററുസ്സനിയ്യഃ)

തനി അറബികളല്ലാത്തവർ അറബി ഭാഷ കൈകാര്യം ചെയ്യുമ്പോൾ ഭാഷക്കു സംഭവിക്കുന്ന അപചയവും കലർപ്പുമാണ് ഉജ്‌മത്ത്. ഇസ്‌ലാം അറേബ്യയുടെ പുറത്തേക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ അനറബികൾ ഇസ്‌ലാമിലേക്ക് ഒഴുകാൻ തുടങ്ങി. അവർ മതവും ഭാഷയും യഥേഷ്ടം കൈകാര്യം ചെയ്യുകയും ഉജ്‌മത്ത് മുകളിൽ കണ്ടതുപോലെ പല പ്രമാദങ്ങൾക്കും കാരണമായിത്തീരുകയും ചെയ്തു എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്.

മുഅ്തസിലികളുടെ ഇമാമായ അംറു ബിൻ ഉബൈദിന് ഉജ്‌മത്ത് കാരണം വാഗ്‌ദാനവും ഭീഷണിയും തമ്മിൽ കൃത്യമായി വേർതിരിക്കാനായില്ല. അതിൽ അദ്ദേഹം ആശയക്കുഴപ്പത്തിലായി. ഇത്തരം ആശയക്കുഴപ്പങ്ങളായിരിക്കാം അവരെ വഴികേടിലേക്ക് നയിച്ചത്. വാഗ്‌ദാനവും ഭീഷണിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു നോക്കാം.

അല്ലാഹുവിൻെറ നല്ലവരായ ദാസന്മാർ ചെയ്യുന്ന സുകൃതങ്ങൾക്ക് അവൻ മഹത്തായ പ്രതിഫലങ്ങൾ വാഗ്‌ദാനം ചെയ്തിരിക്കുന്നു. അതിനാണ് وَعْدٌ എന്ന് പറയുന്നത്. അങ്ങനെ അല്ലാഹു നൽകിയ ഒരു വാഗ്‌ദാനവും അവൻ ലംഘിക്കുകയില്ല. അല്ലാഹു പറയുന്നു:

﴿ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ ﴾ (آل عمران 9]

നിശ്ചയമായും അല്ലാഹു വാഗ്‌ദാനം ലംഘിക്കുകയില്ല. (ആലു ഇംറാൻ 9)

മനുഷ്യർ ചെയ്യുന്ന തെറ്റു കുറ്റങ്ങൾക്ക് നൽകപ്പെടുന്ന ശിക്ഷകളെ കുറിച്ചുള്ള ഭീഷണിക്കും താക്കീതിനുമാണ് وَعِيد എന്ന് പറയുന്നത്. ഭീഷണികൾ വാഗ്‌ദാനം പോലെയല്ല. താക്കീതു ചെയ്ത പല ശിക്ഷകളും നടപ്പിലാക്കാതെ വിട്ടുവീഴ്ച ചെയ്യുന്നവനാണ് അല്ലാഹു. അവൻ പറയുന്നത് കാണുക:

﴿ وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ﴾ [الشورى 30]

«നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയാണ് ചെയ്യുന്നത്». (ശൂറാ 30)

അല്ലാഹുവിൻെറ വാഗ്‌ദാനവും ഭീഷണിയും തമ്മിലുള്ള വ്യത്യാസം ഇതാണ്: വാഗ്‌ദാനം അവൻ ലംഘിക്കുകയില്ല. വാഗ്‌ദാനം ലംഘിക്കാതിരിക്കുക എന്നത് പൂർണ്ണതയും സൗന്ദര്യവുമാണ്. അത് ലംഘിക്കുന്നത് ന്യൂനതയും വൈരൂപ്യവുമാണ്. എന്നാൽ ഭീഷണികളും താക്കീതുകളും വിട്ടുവീഴ്ച ചെയ്യുന്നതാണ് പൂർണ്ണത.

ഭീഷണികളെ വാഗ്‌ദാനമായി കാണുന്നവരാണ് മുഅ്തസിലികൾ. വൻപാപങ്ങൾ ചെയ്യുന്നവർക്ക് മാപ്പില്ല, അവർ നരകത്തിൽ ശാശ്വതരാണ് എന്ന് വിശ്വസിക്കുന്നവരാണ് ഖവാരിജുകൾ. രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കളാണ് ആധുനിക കാലത്ത് ഖുറൂജ് എന്ന ബിദ്അത്ത് അതിൻെറ രൗദ്രഭാവത്തിൽ ഉയർത്തിപ്പിടിക്കുന്നത്. ഇഖ്‌വാനുൽ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയുമാണ് അതിനു നേതൃത്വം നൽകുന്നത്. പക്ഷെ, അവയ്ക്ക് ഇന്ന് അറിയപ്പെട്ടതും അല്ലാത്തതുമായ നിരവധി ശാഖകൾ വേറെയുണ്ട്. ഖുത്വ്‌ബികൾ, സുറൂരികൾ, ജമാഅത്തുൽ ഹിജ്‌റത്തി വത്തക്‌ഫീർ, ജബ്ഹതുന്നുസ്വ്‌റഃ, അൽഖാഇദഃ, ഇസ്‌ലാമിക് സ്റ്റേറ്റ് മുതലായവ അവയിൽ ചിലതു മാത്രമാണ്. അവയുടെയെല്ലാം ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനങ്ങൾ മുസ്‌ലിം സമുദായത്തിൻെറ മത–സാമൂഹിക–രാഷ്ട്രീയ മേഖലകളെ എത്രത്തോളം ദുഷിപ്പിച്ചു എന്നത് കൃത്യമായി വർണ്ണിക്കുക സാധ്യമല്ല. അയുടെയെല്ലാം പൊതുവായ പ്രവർത്തന ശൈലി ഇങ്ങനെ സംഗ്രഹിക്കാം:

1-  മുസ്‌ലിം ഭരണാധികാരികളെ മതഭ്രഷ്ടരും ത്വാഗൂത്തുകളുമായി പ്രഖ്യാപിക്കുക

2-  നിലവിലുള്ള ഇസ്‌ലാമിക സമൂഹങ്ങളെ കാഫിറാക്കുകയും ജാഹിലീ സമൂഹങ്ങളായി മുദ്രയടിക്കുകയും ചെയ്യുക

3-  ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനു കൂട്ടുനിൽക്കാത്തവരെയെല്ലാം മുശ്‌രിക്കുകളും കാഫിറുകളുമാക്കുക

4-  അനിസ്‌ലാമിക വ്യവസ്ഥിതിക്കു കീഴിൽ ജീവിക്കുന്നത് ശിർക്കും കുഫ്റുമാണെന്ന് ആരോപിക്കുക

5-  നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ച് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാൻ കലാപങ്ങളും വിപ്ലവങ്ങളും ഉണ്ടാക്കുക

6-  ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ വേണ്ടി സ്വകാര്യ സംഘടനകൾ സ്ഥാപിക്കുകയും കാറ്റലിസ്റ്റുകളെ വിന്യസിക്കുകയും ചെയ്യുക

ഈ ലക്ഷ്യങ്ങൾക്കായി ഇസ്‌ലാമിക മൂല്യങ്ങളെയും പ്രമാണവാക്യങ്ങളെയും ദുർവ്യാഖ്യാനിക്കുക

അപ്രകാരം അവർ ദുർവ്യാഖ്യാനിച്ച ഇസ്‌ലാമിൻെറ മൗലികമായ ആശയാവലികളിൽ ഒന്ന് ‘അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാതിരിക്കൽ’ എന്നുള്ളതാണ്. അതിനായി അവർ മാഇദഃ 44, 45, 47, നിസാഅ് 60 എന്നീ സൂക്തങ്ങളാണ് ദുരുപയോഗിക്കാറുള്ളത്. അതു കൊണ്ടു തന്നെ അവയുടെ ശരിയായ വ്യാഖ്യാനം കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.

﴿ إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِن كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ ۞ وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ ۞ وَقَفَّيْنَا عَلَىٰ آثَارِهِم بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ ۞ وَلْيَحْكُمْ أَهْلُ الْإِنجِيلِ بِمَا أَنزَلَ اللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ ﴾ [المائدة 44-47]

«44- തീര്‍ച്ചയായും നാമാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്‌. അതിലുള്ളത് സന്മാർഗ്ഗദർശനവും വെളിച്ചവുമാണ്. അതനുസരിച്ചാണ് അല്ലാഹുവിന്‌ സർവഥാ സമർപ്പിച്ച നബിമാര്‍ യഹൂദര്‍ക്ക് വിധിനൽകിയിരുന്നത്. അതു പോലെ തന്നെയായായിരുന്നു പുണ്യവാളന്മാരും പണ്ഡിതന്‍മാരും ചെയ്തിരുന്നത്. കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവരെയാണ് ഏല്‍പിക്കപ്പെട്ടിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുഛമായ വിലക്ക് വിൽക്കാതിരിക്കുക. അല്ലാഹു അവതരിപ്പച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു കാഫിറുകൾ.

( 45 ) അതിൽ അവർക്കു നാം നിയമമാക്കിയിരുന്നത്  ജീവനു ജീവന്‍, കണ്ണിനു കണ്ണ്‌, മൂക്കിനു മൂക്ക്‌, ചെവിക്കു ചെവി, പല്ലിനു പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ്. വല്ലവനും മാപ്പുനല്‍കി ധർമ്മം ചെയ്യുന്നപക്ഷം അത് അവന്ന് പ്രായശ്ചിത്തമായിരിക്കും. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.

46- അവരുടെ കാല്‍പാടുകളിൽ അവരുടെ തുടർച്ചയായി മര്‍യമിന്‍റെ മകന്‍ ഈസായെ തൻെറ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗദർശനവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീൽ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു. അതിൻെറ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള സദുപദേശവുമത്രെ അത്‌.

47- ഇന്‍ജീലിൻെറ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അധർമ്മകാരികൾ».

സൂറത്തു മാഇദഃയിലെ മൂന്ന് സൂക്തങ്ങളും അസാനിപ്പിക്കുന്നത് ഇപ്രകാരമാണ്:

  1. അല്ലാഹു അവതരിപ്പച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു കാഫിറുകൾ
  2. അല്ലാഹു അവതരിപ്പച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അക്രമികൾ
  3. അല്ലാഹു അവതരിപ്പച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അധർമ്മകാരികൾ

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവൻ കാഫിറാണ് എന്ന വചനം മുൻനിർത്തി രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ നിലവിലുള്ള ഭരണാധികാരികളെ മുഴുക്കെ കാഫിറുകളും മതഭ്രഷ്ടരുമായി ചിത്രീകരിക്കുന്നു. അവരുടെ കീഴിൽ ജീവിക്കുന്ന പ്രജകൾ അവർക്ക് ഇബാദത്ത് ചെയ്യുന്നവരും മുശ്‌രിക്കുകളുമാണെന്ന് ആരോപിക്കുന്നു. അതിനാൽ മുസ്‌ലിമായി ജീവിക്കണമെങ്കിൽ അവരെ അട്ടിമറിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിക്കണമെന്നും, അതാണ് ഏതൊരു മുസ്‌ലിമിൻെറയും പ്രാഥമികമായ കടമ എന്നും അവർ വാദിക്കുന്നു. എന്നാൽ സ്വഹാബികളിലെ ഏറ്റവും പ്രഗത്ഭനായ ഖുർആൻ വ്യാഖ്യാതവും മഹാപണ്ഡിതനുമായ ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം കാണുക.

عن طاؤوس قال: قال ابن عباس رضي الله عنهما: إنه ليس بالكفر الذي يذهبون إليه، إنه ليس كفرا ينقل عن الملة، ﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ ﴾ [المائدة 44] كفر دون كفر. [أخرجه الحاكم في المستدرك وقال: هذا حديث صحيح الإسناد ولم يخرجاه، وصححه الذهبي في التلخيص]

«ത്വാഊസ് നിവേദനം. ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– പറഞ്ഞു: തീർച്ചയായു അത് അവർ വിവക്ഷിക്കുന്ന കുഫ്ർ അല്ല. അത് മതത്തിൽനിന്ന് പുറത്തുപോകാൻ കാരണമാകുന്ന കുഫ്റല്ല. “അല്ലാഹു അവതരിപ്പച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു കാഫിറുകൾ” (മാഇദ് 44) അത് വലിയ കുഫ്റിനു താഴെയുള്ള ചെറിയ കുഫ്റാണ്». (ഹാകിം മുസ്‌തദ്റകിൽ ഉദ്ധരിച്ചത്)

മുകളിൽ കൊടുത്ത വ്യാഖ്യാനത്തിൽ ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– മൂന്ന് കാര്യങ്ങളാണ് അടിവരയിടുന്നത്:

  1. അതിൽ പറയുന്നത് അവർ വിവക്ഷിക്കുന്ന കുഫ്ർ അല്ല
  2. അത് മതഭ്രഷ്ടിനു കാരണമാകുന്ന കുഫ്റുമല്ല
  3. അത് വലിയ കുഫ്റിനു താഴെയുള്ള ചെറിയ കുഫ്റാണ്

മേൽ വ്യാഖ്യാനത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത് അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാത്തവരെല്ലാം മതഭ്രഷ്ടരല്ല. കാരണം പരാമൃഷ്ട സൂക്തത്തിൽ പറഞ്ഞ കുഫ്ർ  വലിയ കുഫ്റിനു താഴെയുള്ള ചെറിയ കുഫ്റാണ് എന്ന വസ്തുതയത്രെ.

യഥാർത്ഥത്തിൽ കുഫ്ർ രണ്ടു തരമുണ്ട്; വലിയ കുഫ്റും ചെറിയ കുഫ്റും. മതത്തിൽനിന്ന് പുറത്തു പോകുന്നതും ശാശ്വതമായ നരക ശിക്ഷ ലഭിക്കുന്നതുമായ വൻപാപമാണ് വലിയ കുഫ്ർ. അല്ലാഹുവിൽ പങ്കുചേർക്കുക, അവനു പുറമെ മറ്റാരെയെങ്കിലും ആരാധിക്കുക, അവൻെറ നാമ ഗുണവിശേഷങ്ങളിൽ കൃത്യവിലോപം കാണിക്കുക, അവൻെറ വചനങ്ങളെയും ദൂതന്മാരെയും കളവാക്കുകയും പരിഹസിക്കുകയും ചെയ്യുക പോലുള്ളവ വലിയ കുഫ്റിനുള്ള ഉദാഹരണങ്ങളാണ്.

മതത്തിൽനിന്ന് പുറത്തു പോകാത്തതും ശാശ്വതമായ നരക ശിക്ഷക്ക് കാരണമാകാത്തതുമായ വൻപാപമാണ് ചെറിയ കുഫ്ർ. ഒരു മുസ്‌ലിമിനോട് യുദ്ധം ചെയ്യുക, ജനങ്ങളെ തറവാടുപരമായും വംശീയമായും അധിക്ഷേപിക്കുക, സ്വന്തം പിതാവിലേക്കല്ലാതെ മറ്റൊരാളിലേക്ക് ചേർത്തു വിളിക്കുക പോലുള്ളവ ചെറിയ കുഫ്റിനുള്ള ഉദാഹണങ്ങളാണ്.

അഹ്‌ലുസ്സുന്നഃ കാര്യങ്ങൾ വ്യവഛേദിച്ചു വിശകലനം ചെയ്യുകയും ഓരോന്നിനും അതിൻെറ തോതനുസരിച്ച് ശർഇൽ പറഞ്ഞതു പ്രകാരമുള്ള ഗൗരവം കൽപിക്കുകയും ചെയ്യുന്നവരാണ്. കുഫ്റിനെയെല്ലാം അവർ ഒന്നായി കാണുകയില്ല. ഓരോ തരം കുഫ്റിനും അതിന്റേതായ വിവക്ഷയും പരിഗണനയുമാണ് അവർ നൽകുക.

ഭർത്താവിനോട് കാണിക്കുന്ന കുഫ്ർ (كفران العشير), അനുഗ്രഹങ്ങളോടുള്ള കുഫ്ർ (كفران النعمة) വലിയ കുഫ്റിനു താഴെയുള്ള ചെറിയ കുഫ്ർ (كفر دون كفر) പോലുള്ള പ്രയോഗങ്ങൾ ഈ പരിപ്രേക്ഷ്യത്തിൽ വേണം മനസ്സിലാക്കാൻ. ഇതേ പ്രകാരം, ശിർക്ക് (شِرْكٌ), അധർമ്മം (فِسْقٌ), അക്രമം (ظُلْمٌ) എന്നിവയെയും ചെറുതും വലുതുമാക്കി വേർതിരിക്കാറുണ്ട്.

ഒരാൾ അല്ലാഹു അവതരിപ്പിച്ച മതനിയമങ്ങൾ നിഷേധിക്കുകയോ അവയിൽ ഭേദഗതിവരുത്തുകയോ ചെയ്യുന്നില്ല. ഭൗതിമായ നേട്ടങ്ങൾക്കു വേണ്ടിയോ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ മറ്റോ അയാൾ അല്ലാഹു അവതരിപ്പിച്ചതു പ്രകാരമല്ലാതെ വിധിക്കുകയും ചെയ്യുന്നു. എങ്കിൽ അയാൾ ചെറിയ കുഫ്റിൽ മാത്രമേ അകപ്പെടുകയുള്ളു.

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാതിരിക്കുന്ന ഒരാൾ അതിനെ മതാനുസാരമായി (اِسْتِحْلَالٌ) കാണുമ്പോഴാണ് വലിയ കുഫ്റിൽ അകപ്പെടുന്നത്. മേൽ സൂക്തത്തിന് ത്വബ്‌രി -رَحِمَهُ اللهُ- നൽകിയ വിവരണം ശ്രദ്ധിക്കുക:

الْقَوْلُ فِي كُلِّ مَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ جَاحِدًا بِهِ هُوَ بِاللَّهِ كَافِرٌ، كَمَا قَالَ ابْنُ عَبَّاسٍ، لِأَنَّهُ بِجُحُودِهِ حُكْمَ اللَّهِ بَعْدَ عِلْمِهِ أَنَّهُ أَنْزَلَهُ فِي كِتَابِهِ نَظِيرَ جُحُودِهِ نُبُوَّةَ نَبِيِّهِ بَعْدَ عِلْمِهِ أَنَّهُ نَبِيّ. [الطبري في جامع البيان]

«ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– പറഞ്ഞതു പോലെ, അല്ലാഹു അവതരിപ്പിച്ചതിനെ നിഷേധിച്ചുകൊണ്ട് (جُحُودٌ) അതനുസരിച്ചു വിധിക്കാത്തവൻ അല്ലാഹുവിൽ അവിശ്വസിച്ചവനാണ്. അല്ലാഹു അവൻെറ കിതാബിൽ അവതരിപ്പിച്ചതാണെന്ന് അറിവുണ്ടായിട്ടും അവൻെറ വിധികളെ നിഷേധിക്കുന്നത് നബി ﷺ നബിയാണെന്ന് അറിഞ്ഞിട്ടും അവിടുത്തെ നുബുവ്വത്ത് നിഷേധിക്കുന്നിനു തുല്യമാണ്». (ത്വബ്‌രി തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

വൻപാപങ്ങൾ ഇസ്‌തിഹ്‌ലാൽ ചെയ്യാത്തിടത്തോളം വലിയ കുഫ്റാവുകയില്ല. എന്നാൽ കുഫ്റാണെന്ന് ശർഇൽ പറഞ്ഞ കാര്യങ്ങൾ ഇസ്‌തിഹ്‌ലാൽ ചെയ്യാതെ തന്നെ കുഫ്റാവുകയും ചെയ്യും.

ഇസ്‌തിഹ്‌ലാൽ എന്നാൽ ഏതെങ്കിലും ഒരു മതനിയമം ഭേദഗതി വരുത്താമെന്ന് വെക്കലാണ്. ഉദാഹരണമായി ഇസ്‌ലാമിക ശരീഅത്ത് പ്രകാരം മദ്യപാനം ഹറാമാണ്. ഒരു മദ്യപാനി അത് നിഷിദ്ധമാണെന്ന് വിശ്വാസിക്കുകയും, ദേഹേഛക്കു വഴങ്ങി മദ്യപിക്കുക എന്ന തെറ്റ് ചെയ്യുകയുമാണെങ്കിൽ അത് കുഫ്ർ ആവുകയില്ല, പാപം (مَعْصِيَةٌ)  മാത്രമേ ആവുകയുള്ളു. മറിച്ച്, മദ്യപാനം നിഷിദ്ധമാണെന്ന നിയമം അയാൾ മാറ്റിമറിക്കുകയും നിയമാനുസാരമാണ് താൻ മദ്യപിക്കുന്നതെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ അയാൾ ഇസ്‌തിഹ്‌ലാൽ ചെയ്യുന്നു. അപ്പോൾ അത് വലിയ കുഫ്ർ ആയിത്തീരുകയും ചെയ്യും. അത് വെറും ഒരു പാപം (مَعْصِيَةٌ)  മാത്രമായിരിക്കുകയില്ല.

ഇസ്‌തിഹ്‌ലാൽ ഒരു മനോവ്യാപാരമാണ്. അതിനു ബന്ധം ഹൃദയവും വിശ്വാസവുമായിട്ടാണ്. അല്ലാഹു അവതരിപ്പിച്ച മതനിയമങ്ങളെ മാറ്റിമറിക്കുന്നത് അനുവദനീയവും നിയമാനുസാരവും ആണെന്ന് വിശ്വസിക്കലാണ് ഇസ്‌തിഹ്‌ലാൽ. കുഫ്ർ ആവാൻ ആ വിശ്വാസം തന്നെ മതിയാകും, അയാൾ അക്കാര്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരണമെന്നില്ല.

തക്‌ഫീറുമായി ബന്ധപ്പെട്ട് അനിവാര്യമായി നാം മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാനപരമായ ചില വസ്തുതകളുണ്ട്. അവയുടെ ഒരു സംക്ഷേപമാണ് ചുവടെ ചേർക്കുന്നത്.

( 1 ) തക്‌ഫീർ അല്ലാഹുവിൻെറ അധികാരാവകാശങ്ങളിൽപെട്ടതാണ്; സൃഷ്ടികളുടെ അധികാര പരിധിയിൽപെട്ടതല്ല. ഒരു വ്യക്തിയെ തക്‌ഫീർ ചെയ്യേണ്ടത് സംശയരഹിതമായി തെളിയിക്കപ്പെട്ട തെറ്റുകൊണ്ടായിരിക്കണം. ആ തെറ്റ് കുഫ്റാണെന്ന കാര്യം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതുമായിരിക്കണം. കൂടാതെ യോഗ്യനായ ഒരു വ്യക്തിക്ക് മാത്രമേ തക്‌ഫീർ ചെയ്യാൻ അനുവാദമുള്ളു. അല്ലാതെ അല്ലാഹുവിനെയും അവൻെറ റസൂലിനെയും മറികടന്നു കൊണ്ട് ഓരോരുത്തർക്കും തൻെറ അഭീഷ്ടമനുസരിച്ച് കൈകാര്യം ചെയ്യാവുന്ന വിഷയമല്ല തക്‌ഫീർ. അല്ലാഹു പറയുന്നു:

﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللهِ وَرَسُولِهِ وَاتَّقُوا اللهَ إِنَّ اللهَ سَمِيعٌ عَلِيمٌ ﴾ [الحجرات 1]

വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവൻെറ റസൂലിനെയും മറികടക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. നിശ്ചയം അല്ലാഹു എല്ലാം കേൾക്കുന്നവനും സർവ്വജ്ഞനുമാകുന്നു. (ഹുജുറാത്ത് 1)

( 2 ) വിശ്വാസവും ദൃഢബോധ്യവും (يَقِين) കൊണ്ട് ഇസ്‌ലാമിൽ വന്ന ഒരാളെ സംശയാസ്പദമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കാഫിറാക്കാനാവില്ല. ദൃഢബോധ്യം (يَقِين)  കൊണ്ട് സ്ഥിരപ്പെട്ട ഒരു കാര്യവും സംശയം (شَكٌّ) കൊണ്ട് നീങ്ങുകയില്ല എന്നത്  ദീനിൽ സർവ്വാംഗീകൃതമായ തത്ത്വമാണ്. ഒരാൾ മുസ്‌ലിമാകണമെങ്കിൽ സാക്ഷ്യവചനം വിശ്വാസത്തോടും ദൃഢബോധ്യത്തോടും കൂടി പ്രഖ്യാപിക്കണം. അങ്ങനെ മുസ്‌ലിമായ ഒരാൾ ഖണ്ഡിതമായ വസ്തുതകളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ, സംശയാസ്പദമായ കാരണങ്ങൾ കൊണ്ട് ഇസ്‌ലാമിൽനിന്ന് പുറത്തു പോവുകയുമില്ല.

( 3 ) വിശ്വാസം, വാക്ക്, പ്രവൃത്തി, സംശയം എന്നിവ കൊണ്ടെല്ലാം വലിയ കുഫ്ർ സംഭവിക്കാം. വിശ്വാസത്തിൽ പിഴച്ചാൽ കുഫ്റിനു കാരണമാകും. കുഫ്റിൻെറ വാക്ക് ഉച്ചരിക്കുന്നതും കുഫ്റിൻെറ പ്രവൃത്തി ചെയ്യുന്നതും അതു പോലെ തന്നെയാണ്. മാത്രമല്ല, ചില സംശയങ്ങൾ പോലും കുഫ്റിനു കാരണാകും. ഖുർആൻ അല്ലാഹു അവതരിപ്പിച്ചതു തന്നെയാണോ എന്ന് സംശയിക്കുക, മുശ്‌രിക്കായ ഒരു വ്യക്തി കാഫിറാണോ എന്ന് സംശയിക്കുക പോലുള്ളവ ഉദാഹരണം. അല്ലാഹു പറയുന്നത് കാണുക:

﴿ وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ۞ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴾ (التوبة 65–66)

താങ്കൾ അവരോട് ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ കളി തമാശകളിൽ മുഴുകുക മാത്രമായിരുന്നു.  പറയുക: അല്ലാഹുവിനെയും അവൻെറ വചനങ്ങളെയും അവൻെറ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?

നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ടതില്ല. വിശ്വസിച്ചതിനു ശേഷം നിങ്ങള്‍ അവിശ്വാസത്തിലേക്കു തന്നെ പോയിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തെ നാം ശിക്ഷിക്കും. കാരണം അവര്‍ അപരാധികൾ തന്നെയാണ്. (തൗബഃ 65, 66)

( 4 ) കാഫിറാക്കൽ രണ്ടു തരമാണ്. (1) ഇന്ന വ്യക്തിയെന്നു നിർണ്ണയിക്കാതെ ഒരു നടപടി കുഫ്ർ ആണെന്നു മാത്രം പറയുന്ന പൊതുവായ തക്‌ഫീർ. (2) ഒരു വ്യക്തിയെ നിർണ്ണയിച്ച് അയാളെ കാഫിറായി പ്രഖ്യാപിക്കുന്ന നിശ്ചിതമായ തക്‌ഫീർ. ഇവ രണ്ടും വ്യവഛേദിച്ചു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഒരു നടപടി കുഫ്ർ ആണെന്നു പറയാൻ അതിനു ഖുർആനിലോ സുന്നത്തിലോ ഖണ്ഡിതമായ തെളിവുണ്ടോ എന്നു മാത്രമാണ് നോക്കേണ്ടത്. വ്യാഖ്യാന സാധ്യതകളുള്ള വിവാദപരവും സംശയാസ്പദവുമായ തെളിവുകൾ മതിയാവില്ലെന്ന കാര്യം ഓർക്കേണ്ടതാണ്.

التكفير العام كالوعيد العام يجب القول بإطلاقه وعمومه، وأما الحكم على المعين بأنه كافر أو مشهود له بالنار فهذا يقف على الدليل المعين، فإن الحكم يقف على ثبوت شروطه وانتفاء موانعه. [ابن تيمية في مجموع فتاويه]

ഒരു നടപടിയെ കുറിച്ച് പറയുന്ന പൊതുവായ തക്‌ഫീർ ശിക്ഷയെ കുറിച്ചുള്ള പൊതുവായ ഭീഷണി പോലെ തന്നെയാണ്. അവ രണ്ടും നിരുപാധികമായും പൊതുവായ നിലയിലും മാത്രമേ പറയാവതുള്ളു. എന്നാൽ ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിർ എന്നോ അല്ലെങ്കിൽ അയാൾക്ക് നരകം സുനിശ്ചിതമാണെന്നോ പറയണമെങ്കിൽ അങ്ങനെ നിർണ്ണയിച്ചു പറയാനുള്ള പ്രത്യേകമായ തെളിവു തന്നെ വേണം. അത്തരം ഒരു വിധി പ്രസ്താവം നടത്തുക എന്നത് നിബന്ധനകൾ പൂർത്തീകരിക്കുകയും തടസ്സങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നതിനെ ആശ്രയിച്ചു നിൽക്കുന്നു. (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ഒരു വ്യക്തിയെ കാഫിറായി പ്രഖ്യാപിക്കാൻ ഒന്നിലധികം കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

1– അയാൾ പാപം ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏതു തരത്തിലുള്ളതാണ്

2– ആ പാപം കുഫ്റാണെന്ന് ഖണ്ഡിതമായ തെളിവുകളാൽ സ്ഥിരപ്പെട്ടിട്ടുണ്ടോ

3– ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിറായി പ്രഖ്യാപിക്കാനുള്ള നിബന്ധനകൾ അയാളിൽ പൂർത്തീകരിച്ചിട്ടുണ്ടോ

4– ഒരു വ്യക്തിയെ കാഫിറായി പ്രഖ്യാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ വല്ലതും നിലനിൽക്കുന്നുണ്ടോ

5– കാഫിറാക്കാനുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ

ഇബ്‌നു ഉഥൈമീൻ -رَحِمَه اللهُ- ഇക്കാര്യങ്ങൾ സംഗ്രഹിക്കുന്നത് കാണുക:

الواجب قبل الحكم بالتكفير أن ينظر في أمرين؛ الأمر الأول: دلالة الكتاب والسنة على أن هذا مكفر لئلا يفتري على الله الكذب، والأمر الثاني: فانطباق الحكم على الشخص المعين بحيث تتم شروط التكفير في حقه وتنتفي الموانع. [مجموع فتاوى ورسائل ابن عثيمين]

«കാഫിർ എന്ന് വിധിക്കും മുമ്പ് രണ്ടു കാര്യങ്ങൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഒന്നാമത്തെ കാര്യം: അക്കാര്യം കാഫിറാക്കുന്ന വിഷയമാണെന്ന് ഖുർആനും സുന്നത്തും അറിയിച്ചിട്ടുണ്ടോ? അല്ലാത്ത പക്ഷം അത് അല്ലാഹുവിനെ കുറിച്ച് കളവ് ചമച്ചുണ്ടാക്കലായിത്തീരും.

രണ്ടാമത്തെ കാര്യം: ആ വിധി ആ നിർണ്ണിത വ്യക്തിക്ക് ബാധകമാകുമോ? കാഫിറെന്ന് വിധിക്കാനുള്ള നിബന്ധനകൾ അയാളിൽ പൂത്തീകരിക്കപ്പെടുകയും തടസ്സങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്തിട്ടുണ്ടോ?» (ഇബ്‌നു ഉഥൈമീൻെറ ഫതാവാ വ റസാഇലിൽ രേഖപ്പെടുത്തിയത്)

( 5 ) ഒരു വാക്കോ പ്രവൃത്തിയോ കുഫ്റാണെന്ന് വിധിക്കാൻ (تَكْفِيرٌ مُطْلَقٌ) ഖുർആനിൽനിന്നോ സുന്നത്തിൽനിന്നോ ഉള്ള രേഖാപരമായ തെളിവുമതി. എന്നാൽ, ഒരു പ്രവൃത്തി കുഫ്ർ ആണെന്നു പറയുന്നതു പോലെയല്ല ഒരു വ്യക്തി കാഫിറാണെന്ന് പറയുന്നത്. വ്യക്തിയെ കാഫിർ എന്ന് വിധിക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി സാക്ഷാൽകരിക്കപ്പെടേണ്ടതും നടപടികൾ  പൂർത്തീകരിക്കേണ്ടതുമുണ്ട്.

പലരും കാലിടറി അബദ്ധത്തിൽ വീണുപോകുന്ന ഒരു മേഖലയാണിത്. അബദ്ധത്തിനു കാരണം മറ്റൊന്നുമല്ല, അവരുടെ സാമാന്യ യുക്തിയുടെ പ്രയോഗം തന്നെ:  ഒരു വാക്ക് കുഫ്ർ ആണോ എങ്കിൽ ആ വാക്ക് പറഞ്ഞവൻ കാഫിറാണ്. അതേ പോലെ, ഒരു പ്രവർത്തി കുഫ്ർ ആണോ എങ്കിൽ ആ പ്രവർത്തി ചെയ്തവൻ കാഫിറുമാണ്. ലളിതമായ ഈ യുക്തി പ്രത്യക്ഷത്തിൽ ശരിയല്ലേ എന്നു തോന്നാം. യഥാർത്ഥത്തിൽ കാര്യം അങ്ങനെയല്ല. ഒരു വ്യക്തിയെ നിർണ്ണയിച്ച് അയാൾ കാഫിർ എന്ന് പറയണമെങ്കിൽ ഇതിലപ്പുറം ചില നിബന്ധനകൾ പൂർത്തീകരിക്കേണ്ടതും നടപടിക്രമങ്ങൾ പാലിക്കേണ്ടതുമുണ്ട്.

അതുകൊണ്ടാണ്, അഹ്‌ലുസ്സുന്നഃ ഒരു തെറ്റിനയും (مُخَالَفَةٌ) അതു ചെയ്യുന്ന കുറ്റവാളിയെയും (مٌخَالِفٌ) തമ്മിൽ വേർതിരിക്കുന്നവരാണ് എന്ന് പറയാറുള്ളത്. കുറ്റം വേറെ, കുറ്റവാളി വേറെ. പരിഗണനീയമായ മറ്റു കാര്യങ്ങളൊന്നും നോക്കാതെ അവ തമ്മിൽ ബന്ധിപ്പിക്കാവതല്ല. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ –رَحِمَهُ اللهُ– പറയുന്നത് കാണുക:

فإن نصوص الوعيد التي في الكتاب والسنة، ونصوص الأئمة بالتكفير والتفسيق ونحو ذلك لا يستلزم ثبوت موجبها في حق المعين إلا إذا وُجدت الشروط وانتفت الموانع. [ابن تيمية في مجموع فتاويه]

«പ്രമാണ രേഖകളിൽ കുഫ്റാണെന്ന് താക്കീത് ചെയ്യപ്പെട്ടതോ, കുഫ്റും (كُفْرٌ) അധർമ്മവും (فِسْقٌ) ആണെന്ന് ഇമാമുകൾ പറഞ്ഞിട്ടുള്ളതോ, അതു പോലുള്ള മറ്റു കാര്യങ്ങളോ ഒരാളിൽനിന്ന് സംഭവിച്ചു എന്നിരിക്കട്ടെ, അതു കൊണ്ടു മാത്രം ആ വ്യക്തിയെ കാഫിറാണെന്നു വിധിക്കാനാവില്ല. മറിച്ച് വ്യക്തിയെ നിർണ്ണയിച്ച് കാഫിറായി പ്രഖ്യാപിക്കാനുള്ള നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും തടസ്സങ്ങൾ ഇല്ലാതാവുകയും ചെയ്യണം». (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

കുറ്റുവും കുറ്റവാളിയും വേറെയാണ്. കുഫ്റും കാഫിറും വേറെയാണ്. അധർമ്മവും അധർമ്മകാരിയും വേറെയാണ്. അവയെ തമ്മിൽ മറ്റു പരിഗണനകൾ ഒന്നും നോക്കാതെ ബന്ധിപ്പിക്കുന്നത് അന്യായമാണ്. പ്രവൃത്തികളെ കുറിച്ച് പറയുമ്പോൾ അത് ഏത് ഇനത്തിൽപെട്ടതാണെന്ന് പറയാൻ പ്രമാണങ്ങളിൽനിന്നുള്ള രേഖാപരമായ തെളിവുമതി. മറിച്ച്, ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിർ (അവിശ്വാസി), ഫാസിഖ് (അധർമ്മകാരി) എന്നൊക്കെ വിധിക്കണമെങ്കിൽ മറ്റു ചില നിബന്ധനകൾ കൂടി പൂർത്തീകരിക്കേണ്ടതുണ്ട്, സാങ്കേതികമായ മറ്റു തടസ്സങ്ങൾ ഇല്ലാതാവേണ്ടതുമുണ്ട്, നടപടിക്രമങ്ങൾ പാലിക്കേണ്ടതുമുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ –رَحِمَهُ اللهُ– പറയുന്നത് കാണുക:

لكن تكفير الواحد المعين منهم والحكم بتخليده في النار موقوف على ثبوت شروط التكفير وانتفاء موانعه، فإنا نطلق القول بنصوص الوعيد والتكفير والتفسيق، ولا نحكم للمعين بدخوله في ذلك العام حتى يقوم المقتضي الذي لا معارض له. [ابن تيمية في مجموع فتاويه]

«ഒരു വ്യക്തിയെ നിർണ്ണയിച്ച് അയാൾ കാഫിറാണെന്ന് പ്രഖ്യാപിക്കുന്നതും അയാൾ ശാശ്വതമായി നരകത്തിലാണെന്ന് വിധിക്കുന്നതും, അതിനുള്ള നിബന്ധനകൾ പൂർത്തീകരിക്കുന്നതിനെയും തടസ്സങ്ങൾ നീങ്ങുന്നതിനെയും ആശ്രയിച്ചു നിൽക്കുന്നു. ഒരു കാര്യം കുഫ്റാണ്, അധർമ്മമാണ്, ശാശ്വതമായ നരക ശിക്ഷക്കു കാരണമാണ് എന്നൊക്കെ പ്രമാണരേഖകൾ വെച്ച് നമുക്ക് പൊതുവായി പറയാം. എന്നാൽ, എതിരുകൾ ഒന്നുമില്ലാതെ അവശ്യമായ വ്യവസ്ഥകൾ പൂത്തീകരിക്കുന്നതു വരെ, പൊതുവായി പറഞ്ഞ അക്കാര്യത്തിൽ ഒരു വ്യക്തിയെ നിർണ്ണയിച്ച് അയാൾ ഉൾപ്പെടുമെന്ന് നമുക്ക് വിധിക്കാൻ പറ്റില്ല». (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്നത് ശിർക്കാണ്. മുഹ്‌യുദ്ദീൻ ശൈഖേ കാക്കണേ, ബദ്‌രീങ്ങളേ രക്ഷിക്കണേ എന്നിങ്ങനെ പ്രാർത്ഥിക്കുന്നവർ മുശ്‌രിക്കുകളാണ്. അവർക്ക് പരലോകത്ത് ശാശ്വതമായ നരക ശിക്ഷയാണ് ലഭിക്കുക. ഇത് പൊതുവായ ഒരു വിധിയാണ്. അത് പറയാൻ പ്രമാണങ്ങളിൽനിന്നുള്ള രേഖാപരമായ തെളിവു മതി.

പക്ഷെ ഒരു നിർണ്ണിത വ്യക്തിയെ കുറിച്ച് അയാൾ അങ്ങനെ ദുആ ചെയ്യുന്നവനാണ്. അതിനാൽ അയാൾ മുശ്‌രിക്കായിരിക്കുന്നു. അയാൾക്ക് ശാശ്വതമായ നരകശിക്ഷയാണ് ലഭിക്കുക എന്ന് വിധിക്കാൻ നമുക്ക് പറ്റില്ല. അങ്ങനെ വിധിക്കണമെങ്കിൽ അതിനു പറയപ്പെട്ട നിബന്ധനകൾ പൂർത്തീകരിക്കണം, തടസ്സങ്ങൾ ഇല്ലാതാവണം, നടപടിക്രമങ്ങൾ പാലിക്കണം.

മതപരമായ ശാസനകൾ സ്പഷ്ടവും സംശയ രഹിതവുമായ രീതിയിൽ ബോധിപ്പിക്കപ്പെടാതെ ഒരു വ്യക്തിയെയും കാഫിറായി മുദ്രയടിക്കാൻ പാടില്ല. തെളിവും ന്യായപ്രമാണവും സ്ഥാപിക്കുക എന്നത് ഏതൊരാളുടെയും മൗലികമായ അവകാശമാണ്. അജ്ഞത അല്ലാഹുവിങ്കൽ വകവെച്ചു കിട്ടുന്ന ഒരു ഒഴികഴിവുമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ –رَحِمَهُ اللهُ– ഇവ്വിഷയകമായി പറഞ്ഞത് താഴെ കൊടുക്കാം:

وأيضاً فإن تكفير الشخص المعين وجواز قتله موقوف على أن تبلغه الحجة النبوية التي  يكفر من خالفها، وإلا فليس كل من جهل شيئاً من الدين يكفر، ولهذا لما استحل طائفة من الصحابة والتابعين كقدامة بن مظعون وأصحابه شرب الخمر وظنوا أنها تباح لمن عمل صالحاً، على ما فهموه من آية المائدة؛ اتفق علماء الصحابة كعمر وعلي وغيرهما على أنهم يستتابون فإن أصروا على الاستحلال كفروا، وإن أقروا به جلدوا فلم يكفروهم ابتداء لأجل الشبهة التي عرضت لهم، حتى يتبين لهم الحق. [ابن تيمية في الرد على البكري]

«ഒരു നിർണ്ണിത വ്യക്തിയെ കാഫിറാക്കണമെങ്കിലും അയാളെ വധിച്ചുകളയൽ അനുവദിക്കപ്പെടണമെങ്കിലും, മതപരമായ ഏതെല്ലാം കൽപനകൾ ലംഘിച്ചാലാണ് കാഫിറാവുക എന്ന കാര്യം അയാൾക്ക് ബോധിപ്പിക്കപ്പെട്ടിരുന്നുവോ എന്നു നോക്കണം. മതകാര്യങ്ങളെ കുറിച്ച് അജ്ഞനായ ഒരാളെയും കാഫിറായി പ്രഖ്യാപിക്കാവതല്ല. ഖുദാമതു ബിൻ മള്ഊനിനെയും കൂട്ടാളികളെയും പോലെ സ്വഹാബത്തിലും താബിഉകളിലും പെട്ട ഒരു വിഭാഗമാളുകൾ മദ്യപാനം നിയമാനുസൃതമാക്കി. സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നവർക്ക് മദ്യപാനം അനുവദനീയമാണ് എന്നാണ് സൂറതുൽ മാഇദഃയിലെ ആയത്തിൽനിന്ന് അവർ മനസ്സിലാക്കിയത്. അപ്പോൾ സ്വഹാബത്തിലെ പണ്ഡിതന്മാരായ ഉമർ, അലി പോലുള്ളവർ –رَضِيَ اللهُ عَنْهُمْ– അവരുടെ കാര്യത്തിൽ ഏകോപിച്ചെടുത്ത തീരുമാനം ഇപ്രകാരമാണ്: ആദ്യം അവർക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുത്ത് പശ്ചാത്തപിക്കാൻ ആവശ്യപ്പടണം. എന്നിട്ടും അത് മതാനുസാരമാണെന്ന നിലപാടിൽ  ഉറച്ചു നിൽക്കുന്ന പക്ഷം അവരെ കാഫിറായി കാണേണ്ടിവരും. മറിച്ച് തെറ്റു സമ്മതിക്കുന്ന പക്ഷം മദ്യപിച്ചതിനുള്ള ശിക്ഷ നൽകുകയും വേണം. അവർ സംശയത്തിൽ അകപ്പെട്ടപ്പോൾ തുടക്കത്തിൽ തന്നെ, അഥവാ സത്യം ബോധിപ്പിക്കും വരെ, അവരെ കാഫിറാക്കുകയുണ്ടായില്ല». (ഇബ്‌നു തൈമിയ്യഃ അൽറദ്ദു അലൽ ബക്‌രിയിൽ രേഖപ്പെടുത്തിയത്]

സലഫുകൾ അജ്ഞത ഒരു ഒഴികഴിവായി കണക്കിലെടുത്താണ് ജഹ്‌മികളോട് പോലും പെരുമാറിയിരുന്നത്. അവരുടെ ഭാഗത്തുനിന്നുള്ള പരീക്ഷണം രൂക്ഷമായ സന്ദർഭങ്ങളിൽ പോലും അവർ ചെയ്യുന്നത് കുഫ്റാണെന്നു അറിയാത്തവരെ അത് ബോധിപ്പിക്കും മുമ്പ് കാഫിറായി കണക്കാക്കിയിരുന്നില്ല. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ –رَحِمَهُ اللهُ– പറയുന്നത് താഴെ കൊടുക്കാം:

ولهذا كنت أقول للجهمية من الحلولية والنفاة الذين نفوا أن الله تعالى فوق العرش لما وقعت محنتهم: أنا لو وافقتكم كنت كافرا، لأني أعلم أن قولكم كفر، وأنتم عندي لا تكفرون لأنكم جهال، وكان هذا خطابا لعلمائهم وقضاتهم وشيوخهم وأمرائهم. [ابن تيمية في كتاب الاستغاثة في الرد على البكري]

«അല്ലാഹു സൃഷ്ടികളിൽ അവതരിക്കുന്നു എന്ന് വാദിക്കുന്ന അവതാരവാദികളും,  അല്ലാഹു അർശിനും ഉപരിയിലാണ്എന്നതു പോലുള്ള വിശേഷണങ്ങൾ അംഗീകരിക്കാത്ത സ്വിഫാത് നിഷേധികളുമാണ് ജഹ്‌മികൾ. അവരുടെ ഭാഗത്തു നിന്ന് കടുത്ത പരീക്ഷണങ്ങളുണ്ടായ സന്ദർഭങ്ങളിൽ പോലും ഞാൻ പറഞ്ഞിരുന്നത്, നിങ്ങളോട് യോജിക്കുന്നപക്ഷം ഞാൻ കാഫിറാകും, കാരണം നിങ്ങളുടെ വാദം കുഫ്റാണെന്ന അറിവ് എനിക്കുണ്ട്. എന്നാൽ എൻെറ വീക്ഷണത്തിൽ നിങ്ങൾ കാഫിറാവുകയില്ല താനും. കാരണം ഇക്കാര്യങ്ങളെ കുറിച്ച് നിങ്ങൾ അജ്ഞരാണ്. ഇത് അവരുടെ പണ്ഡിതന്മാരോടും ന്യായാധിപന്മാരോടും മുഖ്യന്മാരോടും നേതാക്കളോടുമുള്ള അഭിസംബോധനയായിരുന്നു». (ഇബ്‌നു തൈമിയ്യഃ അൽ ഇസ്തിഗാസഃയിൽ രേഖപ്പെടുത്തിയത്)

( 6 ) അനിഷേധ്യവും അവിതർക്കിതവുമായ പ്രമാണ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാതെ  സാധ്യതകളുടെയും സാഹചര്യങ്ങളുടെയും മറപിടിച്ചുകൊണ്ട് ഒരാളെയും കാഫിർ എന്നു പറയാൻ പാടില്ല. കുഫ്ർ ആവാനും ആവാതിരിക്കാനും സാധ്യതയുള്ള കാര്യമാണെങ്കിൽ സാധ്യത വെച്ച് കുഫ്ർ വിധിക്കാവതുമല്ല. ഒരാൾ ചെയ്തത് കുഫ്ർ തന്നെയാണ് എന്ന ഉറപ്പിലും വ്യക്തതയിലും മാത്രമേ കുഫ്ർ വിധിക്കാവൂ. ഇക്കാര്യത്തിലേക്ക് മതിയായ വെളിച്ചം വീശുന്ന ഒരു സംഭവം താഴെ ഉദ്ധരിക്കാം:

عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ، قَالَ: بَعَثَنِي رَسُولُ اللَّهِ ﷺ وَالزُّبَيْرَ بْنَ العَوَّامِ وَأَبَا مَرْثَدٍ الغَنَوِيَّ، وَكُلُّنَا فَارِسٌ، فَقَالَ: انْطَلِقُوا حَتَّى تَأْتُوا رَوْضَةَ خَاخٍ، فَإِنَّ بِهَا امْرَأَةً مِنَ المُشْرِكِينَ، مَعَهَا صَحِيفَةٌ مِنْ حَاطِبِ بْنِ أَبِي بَلْتَعَةَ إِلَى المُشْرِكِينَ، قَالَ: فَأَدْرَكْنَاهَا تَسِيرُ عَلَى جَمَلٍ لَهَا حَيْثُ قَالَ لَنَا رَسُولُ اللَّهِ ﷺ، قَالَ: قُلْنَا أَيْنَ الكِتَابُ الَّذِي مَعَكِ؟ قَالَتْ: مَا مَعِي كِتَابٌ، فَأَنَخْنَا بِهَا، فَابْتَغَيْنَا فِي رَحْلِهَا فَمَا وَجَدْنَا شَيْئًا، قَالَ صَاحِبَايَ: مَا نَرَى كِتَابًا، قَالَ: قُلْتُ لَقَدْ عَلِمْتُ مَا كَذَبَ رَسُولُ اللَّهِ ﷺ، وَالَّذِي يُحْلَفُ بِهِ، لَتُخْرِجِنَّ الكِتَابَ أَوْ لَأُجَرِّدَنَّكِ، قَالَ: فَلَمَّا رَأَتِ الجِدَّ مِنِّي أَهْوَتْ بِيَدِهَا إِلَى حُجْزَتِهَا، وَهِيَ مُحْتَجِزَةٌ بِكِسَاءٍ، فَأَخْرَجَتِ الكِتَابَ، قَالَ: فَانْطَلَقْنَا بِهِ إِلَى رَسُولِ اللَّهِ ﷺ، فَقَالَ: مَا حَمَلَكَ يَا حَاطِبُ عَلَى مَا صَنَعْتَ؟ قَالَ: مَا بِي إِلَّا أَنْ أَكُونَ مُؤْمِنًا بِاللَّهِ وَرَسُولِهِ، وَمَا غَيَّرْتُ وَلاَ بَدَّلْتُ، أَرَدْتُ أَنْ تَكُونَ لِي عِنْدَ القَوْمِ يَدٌ يَدْفَعُ اللَّهُ بِهَا عَنْ أَهْلِي وَمَالِي، وَلَيْسَ مِنْ أَصْحَابِكَ هُنَاكَ إِلَّا وَلَهُ مَنْ يَدْفَعُ اللَّهُ بِهِ عَنْ أَهْلِهِ وَمَالِهِ، قَالَ: صَدَقَ، فَلاَ تَقُولُوا لَهُ إِلَّا خَيْرًا، قَالَ: فَقَالَ عُمَرُ بْنُ الخَطَّابِ: إِنَّهُ قَدْ خَانَ اللَّهَ وَرَسُولَهُ وَالمُؤْمِنِينَ، فَدَعْنِي فَأَضْرِبَ عُنُقَهُ، قَالَ: فَقَالَ: يَا عُمَرُ، وَمَا يُدْرِيكَ لَعَلَّ اللَّهَ قَدِ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ: اعْمَلُوا مَا شِئْتُمْ، فَقَدْ وَجَبَتْ لَكُمُ الجَنَّةُ، قَالَ: فَدَمَعَتْ عَيْنَا عُمَرَ وَقَالَ: اللَّهُ وَرَسُولُهُ أَعْلَمُ ـ [البخاري في صحيحه]

«അലി –رَضِيَ اللهُ عَنْهُ– നിവേദനം. അദ്ദേഹം പറയുന്നു: എന്നെയും സുബൈർ ബിൻ അവ്വാം, അബൂ മർഥദ് അൽ ഗനവി എന്നിവരെയും നബി ﷺ ഒരു ദൗത്യ നിർവ്വഹണത്തിനായി നിയോഗിച്ചു – ഞങ്ങൾ മൂവരും അശ്വഭടൻമാരായിരുന്നു. നബി ﷺ പറഞ്ഞു: നിങ്ങൾ റൗളതുഖാഖ് വരെ പോവുക. അവിടെ മുശ്‌രിക്കുകളിൽപ്പെട്ട ഒരു സ്ത്രീയുണ്ടായിരിക്കും. അവളുടെ കൈവശം ഹാത്വിബ് ബിൻ അബീ ബൽതഅഃ മക്കാ മുശ്‌രിക്കുകൾക്ക് എഴുതി അയക്കുന്ന ഒരു കത്തുണ്ട്. അലി –رَضِيَ اللهُ عَنْهُ– പറയുന്നു: അല്ലാഹുവിൻെറ റസൂൽ ﷺ പറഞ്ഞ അതേ സ്ഥലത്ത് വെച്ച് അവളെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നതായി ഞങ്ങൾ കണ്ടു. ഞങ്ങൾ ചോദിച്ചു: നിൻെറ കൈവശമുള്ള ആ കത്തെവിടെ? അവൾ പറഞ്ഞു: എൻെറ കൈയിലൊരു കത്തുമില്ല. അവളുടെ വാഹനത്തെ മുട്ടുകുത്തിച്ച് ഞങ്ങൾ അവളുടെ ഒട്ടകക്കട്ടിൽ പരിശോധിച്ചു. പക്ഷെ ഒന്നും കണ്ടെത്താനായില്ല. എൻെറ കൂട്ടാളികൾ പറഞ്ഞു: നമുക്കൊരു പത്രവും കിട്ടിയില്ലല്ലോ. ഞാൻ പറഞ്ഞു: അല്ലാഹുവിൻെറ റസൂൽ ﷺ പറഞ്ഞത് കളവാകില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. യാതൊരുവനെ മുൻനിർത്തിയാണോ ശപഥം ചെയ്യുക അവൻ തന്നെ സത്യം! ആ പത്രം നീ പുറത്തെടുക്കുക തന്നെ വേണം. അല്ലങ്കിൽ നിന്നെ ഞാൻ വിവസ്ത്രയാക്കും. എൻെറ ഗൗരവം കണ്ടപ്പോൾ, തുണികൊണ്ട് കച്ചകെട്ടിയിരുന്ന അവൾ തൻെറ അരക്കച്ചയിൽ കൈയിട്ട് ആ കത്ത് പുറത്തെടുത്തു. അങ്ങനെ ഞങ്ങൾ ആ പത്രവുമായി റസൂൽ ﷺ യുടെ അടുക്കലേക്ക് പുറപ്പെട്ടു.

അനന്തരം നബി ﷺ ഹാത്വിബിനോട് ചോദിച്ചു: താങ്കളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണ്?

അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരാളല്ലാതെ മറ്റൊരുമല്ല. എൻെറ നിലപാടുകളിൽ ഞാൻ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഖുറൈശികളുടെ അടുക്കൽ എനിക്കൊരു സ്വാധീനമുണ്ടാകട്ടെ എന്നും അതു മുഖേന അല്ലാഹു എൻെറ സ്വത്തിനും സന്താനങ്ങൾക്കും സംരക്ഷണം നൽകട്ടെ എന്നുമേ ഞാനുദ്ദേശിച്ചുള്ളൂ. താങ്കളുടെ മറ്റു അനുചരന്മാർക്കെല്ലാം അവരുടെ സ്വത്തിനും സന്താനങ്ങൾക്കും അല്ലാഹു സംരക്ഷണം നൽകാവുന്ന വിധത്തിൽ ആരെങ്കിലുമൊക്കെ അവിടെയുണ്ടല്ലോ. നബി ﷺ പറഞ്ഞു: അദ്ദേഹം പറഞ്ഞത് സത്യം. അദ്ദേഹത്തോട് നിങ്ങൾ നല്ലതല്ലാതെ മറ്റൊന്നും പറയാതിരിക്കുക.

അലി –رَضِيَ اللهُ عَنْهُ– പറയുന്നു: അപ്പോൾ ഉമർ പറഞ്ഞു: അയാൾ അല്ലാഹുവിനെയും അവൻെറ ദൂതനെയും വിശ്വാസികളെയും വഞ്ചിച്ചിരിക്കുകയാണ്. അയാളുടെ പിരടി വെട്ടാൻ എന്നെ അനുവദിക്കൂ.. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലയോ ഉമർ, നിനക്ക് എന്തറിയാം! ബദ്‌രീങ്ങളെ കുറിച്ച് അല്ലാഹുവിന്ന് അറിവള്ളതു കൊണ്ടാണല്ലോ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഉദ്ദേശിക്കുന്നതു ചെയ്തുകൊള്ളുക, നിങ്ങൾക്ക് സ്വർഗ്ഗം സുനിശ്ചിതമായിരിക്കുന്നു എന്ന്. അപ്പോൾ നിറകണ്ണുകളുമായി ഉമർ പറഞ്ഞു: അല്ലാഹുവും അവൻെറ ദൂതനുമാണ് നന്നായി അറിയുന്നത്». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മക്ക വിജയിച്ചടക്കാനായി നബി ﷺ സൈന്യവുമായി അങ്ങോട്ട് നീങ്ങാൻ പോകുന്ന വിവരമാണ് ആ കത്തിലുള്ളത്. അവിടുത്തെ സൈനിക നീക്കത്തെ കുറിച്ച് എതിരാളികളായ ഖുറൈശികൾക്ക് മുൻകൂട്ടി വിവരം നൽകുക എന്നത് എത്ര ഗുരുതരമാണെന്ന് പറയേണ്ടതില്ലല്ലോ.

( 7 ) എല്ലാവർക്കും കൈകാര്യം ചെയ്യാവുന്ന ലളിതമായ വിഷയമല്ല തക്‌ഫീർ. മുതിർന്ന പണ്ഡിതന്മാർ, ന്യായാധിപന്മാർ, കൈകാര്യകർത്താക്കൾ ഇവരൊക്കെയാണ് തക്‌ഫീർ ചെയ്യാൻ അർഹതപ്പെട്ടവർ. പണ്ഡിതന്മാർക്ക് ചെയ്യാവുന്നത് പൊതുവായ തക്‌ഫീറാണ്. പ്രമാണ രേഖകളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു വാക്കോ പ്രവൃത്തിയോ നടപടിയോ കുഫ്ർ ആണെന്ന് പറയാൻ അവർക്ക് സാധിക്കും. എന്നാൽ ഒരു വ്യക്തിയെ നിർണ്ണയിച്ച് തക്‌ഫീർ ചെയ്യാനുള്ള യോഗ്യത ന്യായാധിപന്മാർക്കും ഭരണകർത്താക്കൾക്കുമാണുള്ളത്. അവരാണ് അതു ചെയ്യേണ്ടത്. സാധാരണക്കാർ ഇത്തരം വിഷയങ്ങൾ കൈകാര്യ കർത്താക്കളിലേക്ക് മടക്കുകയാണ് വേണ്ടത്. അവർ തങ്ങൾക്ക് അനിഷ്ടം തോന്നുന്നവരെയും തങ്ങളോട് വിയോജിക്കുന്നവരെയും കാഫിറാക്കി മുദ്രയടിക്കാൻ മുതിരരുത്. അത് ഖവാരിജുകളുടെ രീതിയാണെന്ന് നടേ വിശദീകരിച്ചുവല്ലോ. അല്ലാഹു പറയുന്നു:

﴿ وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا ﴾ [النساء ٨٣]

«സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്കെത്തിയാൽ അതവർ പ്രചരിപ്പിക്കുകയായി. റസൂലിനും അവരിലെ കൈകാര്യ കർത്താക്കൾക്കും അത് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്നും വസ്തുതകൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവർ അതിൻെറ യാഥാർത്ഥ്യം മനസ്സിലാക്കിയെടുക്കുമായിരുന്നു. നിങ്ങളുടെ മേൽ അല്ലാഹുവിൻെറ ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ അൽപം ചിലരൊഴികെ എല്ലാവരും പിശാചിനെ പിൻപറ്റിപ്പോകുമായിരുന്നു». (നിസാഅ് 83)

( 8 ) എപ്പോഴും ബാഹ്യമായ കാര്യങ്ങൾ നോക്കിയാണ് വിധിക്കേണ്ടത്. ആന്തരികമായ അവസ്ഥ അറിയുന്നവൻ അല്ലാഹുവാണ്. അത് അവനെ ഏൽപിക്കാനേ നിർവ്വാഹമുള്ളു. ഒരാളുടെ ഉള്ളിലിരുപ്പിനെ കുറിച്ച് അനുമാനിക്കാനും തദടിസ്ഥാനത്തിൽ അയാൾക്കെതിരിൽ കുഫ്റോ ഫിസ്‌ഖോ വിധിക്കാനും പാടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം താഴെ ഉദ്ധരിക്കാം.

عَنْ أُسَامَةَ بْنِ زَيْدٍ قَالَ: بَعَثَنَا رَسُولُ اللهِ ﷺ إِلَى الْحُرُقَاتِ مِنْ جُهَيْنَةَ، فَصَبَّحْنَاهُمْ وَقَدْ نُذِرُوا بِنَا فخَرَجْنا في آثَارِهِمْ فَأَدْرَكْتُ مِنْهُمْ رَجُلًا فَجَعَلَ إِذَا لَحِقْتُهُ قَالَ: لَا إِلَهَ إِلَّا اللهُ فَظَنَنْتُ أَنَّهُ يَقُولُهَا فَرَقًا مِنَ السِّلَاحِ فَحَمَلْتُ عَلَيْهِ فَقَتَلْتُهُ فَعَرَضَ فِي نَفْسِي مِنْ قَتْلِهِ شَيْءٌ، فَأَتَيْتُ النَّبِيَّ ﷺ، قَالَ لِي: أَقَالَ لَا إِلَهَ إِلَّا اللهُ ثُمَّ قَتَلْتَهُ؟ قُلْتُ: إِنَّهُ لَمْ يَقُلْهَا مِنْ قَبَلِ نَفْسِهِ، إِنَّمَا قَالَهَا فَرَقًا مِنَ السِّلَاحِ قَالَ لِي: أَقَالَ لَا إِلَهَ إِلَّا اللهُ ثُمَّ قَتَلْتَهُ فَهَلَّا شَقَقْتَ عَنْ قَلْبِهِ حَتَّى تَعْلَمَ أَنَّهُ إِنَّمَا قَالَهَا فَرَقًا مِنَ السِّلَاحِ؟ قَالَ أُسَامَةُ: فَمَا زَالَ يُكَرِّرُهَا عَلَيَّ: أَقَالَ لَا إِلَهَ إِلَّا اللهُ ثُمَّ قَتَلْتَهُ، حَتَّى وَدِدْتُ أَنِّي لَمْ أَكُنْ أَسْلَمْتُ إِلَّا يَوْمَئِذٍ. [مسلم في صحيحه والنسائي في سننه واللفظ له]

«ഉസാമതു ബിൻ സൈദ് –رَضيَ اللهُ عَنْهُ– നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഞങ്ങളെ ജുഹൈനഃ യിൽപെട്ട ഹുറഖാത് ഗോത്രക്കാരിലേക്ക് യുദ്ധത്തിനയച്ചു. ഒരു പുലർകാലത്താണ് ഞങ്ങൾ അവരുടെ അടുക്കൽ എത്തുന്നത്. ഞങ്ങളെ കുറിച്ച് അവർക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ അവരെ പിന്തുടർന്നു. അവരിൽ ഒരാളെ എനിക്ക് കിട്ടി. അദ്ദേഹത്തെ ഞാൻ പിടികൂടാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യം പ്രഖ്യാപിച്ചു. ആയുധം പേടിച്ചാണ് അങ്ങനെ പറഞ്ഞതെന്നു കരുതി ഞാൻ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തി. അദ്ദേഹത്തെ കൊലപ്പെടുത്തിയതിൽ ഒരു വല്ലായ്മ എൻെറ മനസ്സിലുണ്ടായി. പിന്നിട് ഞാൻ നബി ﷺ യെ സമീപിച്ചു. അവിടുന്ന് എന്നോട് ചോദിച്ചു: അദ്ദേഹം ലാ ഇലാഹ ഇല്ലല്ലാഹു എന്നു പറഞ്ഞിട്ടും താങ്കൾ അദ്ദേഹത്തെ കൊലപ്പെടുത്തിയോ? ഞാൻ പറഞ്ഞു: അദ്ദേഹം അത് സ്വമനസ്സാലെ പറഞ്ഞതല്ല, മറിച്ച് ആയുധം ഭയന്നാണ് അങ്ങനെ പറഞ്ഞത്. അവിടുന്ന് എന്നോട് പറഞ്ഞു: അദ്ദേഹം ലാ ഇലാഹ ഇല്ലല്ലാഹു എന്നു പറഞ്ഞിട്ടും താങ്കൾ അദ്ദേഹത്തെ കൊലപ്പെടുത്തിയോ? ആയുധ ഭയം കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാൻ താങ്കൾ അദ്ദേഹത്തിൻെറ ഹൃദയം പിളർത്തി നോക്കിയിരുന്നോ? അനന്തരം നബി ﷺ എന്നോട് ആവർത്തിച്ചു കൊണ്ടേയിരുന്നു: അദ്ദേഹം ലാ ഇലാഹ ഇല്ലല്ലാഹു എന്നു പറഞ്ഞിട്ടും താങ്കൾ അദ്ദേഹത്തെ കൊലപ്പെടുത്തിയോ? അന്നേ ദിവസമല്ലാതെ അതിനു മുമ്പ് ഞാൻ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞാൻ കൊതിച്ചു പോയി». (മുസ്‌ലിം സ്വഹീഹിലും നസാഈ സുനനിലും ഉദ്ധരിച്ചത്)

നബി ﷺ ക്ക് പോലും പ്രത്യക്ഷമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ വിധിക്കാൻ നിർവ്വാഹമുണ്ടായിരുന്നുള്ളു. അത് അവിടുന്ന് തുറന്നു പറഞ്ഞതാണ് താനും.

عَنْ أُمِّ سَلَمَةَ، زَوْجِ النَّبِيِّ ﷺ، أَنَّ رَسُولَ اللهِ ﷺ سَمِعَ جَلَبَةَ خَصْمٍ بِبَابِ حُجْرَتِهِ، فَخَرَجَ إِلَيْهِمْ، فَقَالَ: إِنَّمَا أَنَا بَشَرٌ، وَإِنَّهُ يَأْتِينِي الْخَصْمُ، فَلَعَلَّ بَعْضَهُمْ أَنْ يَكُونَ أَبْلَغَ مِنْ بَعْضٍ، فَأَحْسِبُ أَنَّهُ صَادِقٌ، فَأَقْضِي لَهُ، فَمَنْ قَضَيْتُ لَهُ بِحَقِّ مُسْلِمٍ، فَإِنَّمَا هِيَ قِطْعَةٌ مِنَ النَّارِ، فَلْيَحْمِلْهَا أَوْ يَذَرْهَا. (مسلم في صحيحه)

«നബി ﷺ യുടെ പത്നി ഉമ്മു സലമഃ –رَضيَ اللهُ عَنْهَا– നിവേദനം. അല്ലാഹുവിൻെറ റസൂൽ ﷺ ഒരിക്കൽ തൻെറ വീട്ടുവാതിൽക്കൽ വെച്ച് കക്ഷികൾ തമ്മിൽ ബഹളം വെക്കുന്നത് കേട്ട് അവരുടെയടുക്കലേക്ക് ചെന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. കക്ഷികൾ എൻെറയടുക്കൽ വരും, അവരിൽ ചിലർ മറ്റുചിലരെക്കാൾ വാഗ്‌വൈഭവം കൂടിയവരായിരിക്കും. അപ്പോൾ സത്യവാനാണെന്ന് കരുതി അവന് അനുകൂലമായി ഞാൻ വിധിച്ചെന്നു വരാം. മറ്റൊരു മുസ്‌ലിമിൻെറ അവകാശം ആർക്കെങ്കിലും ഞാൻ പതിച്ചുനൽകിയാൽ അത് നരകത്തിൻെറ ഒരു കഷ്‌ണം മാത്രമായിരിക്കും. അവനത് എടുത്തു കൊള്ളട്ടെ അല്ലങ്കിൽ വേണ്ടെന്നുവെക്കട്ടെ». (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

( 9 ) ഒരു നിർണ്ണിത വ്യക്തിയെ കാഫിറായി പ്രഖ്യാപിക്കണമെങ്കിൽ അയാൾക്ക് പ്രബോധനം എത്തിക്കണം, തെളിവും ന്യായവും ബോധിപ്പിക്കുകയും വേണം. അല്ലാഹു പറയുന്നു:

رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللهُ عَزِيزًا حَكِيمًا. [النساء 165]

«സുവിശേഷം അറിയിക്കുന്നവരും താക്കീത്‌ നല്‍കുന്നവരുമായ ദൂതന്‍മാരായിട്ടാണ് അവരെ (നാം നിയോഗിച്ചത്). അവർക്കു ശേഷം ജനങ്ങള്‍ക്ക്‌ അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപവാനും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു». (നിസാഅ് 165)

( 10 ) ഒരു വ്യക്തിയെ നിർണ്ണയിച്ച് തക്‌ഫീർ നടത്തണമെങ്കിൽ അയാളെ കാഫിറായി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ പ്രതിബന്ധങ്ങളും നീങ്ങണം. മറ്റു സാഹചര്യങ്ങളെല്ലാം ഒത്തുവന്നാലും സാങ്കേതികമായ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അയാളെ കാഫിറാക്കാൻ പറ്റില്ല.

وأما إلحاق الوعيد المرتب على بعض الذنوب والكبائر فقد يمنع منه مانع في حق المعين كحب الله ورسوله والجهاد في سبيله، ورجحان الحسنات ومغفرة الله ورحمته وشفاعة المؤمنين والمصائب المكفرة في الدور الثلاثة. [عبد اللطيف آل الشيخ في أصول وضوابط التكفير]

«സാങ്കേതികമായ വല്ല പ്രതിബന്ധവും നിലനിൽക്കുന്നുണ്ടെങ്കിൽ, അത് ചില കുറ്റകൃത്യങ്ങളും വൻപാപങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാ ഭീഷണി ഒരു നിർണ്ണിത വ്യക്തിയുടെമേൽ ചുമത്തുന്നതിനെ തടുക്കും. അത്തരം പ്രതിബന്ധങ്ങൾക്കുള്ള ഉദാഹരണമാണ്  അല്ലാഹുവിനോടും അവൻെറ റസൂലിനോടുമുള്ള സ്നേഹം, അവൻെറ മാർഗ്ഗത്തിലുള്ള ജിഹാദ്, നന്മകളുടെ മുൻതൂക്കം, അല്ലാഹുവിൻെറ പാപമോചനവും കാരുണ്യവും, വിശ്വാസികളുടെ ശിപാർശ, ഇഹലോകം–ബർസഖ്–പരലോകം എന്നീ മൂന്നു ഘട്ടങ്ങളിലായി അനുഭവിക്കേണ്ടിവരുന്ന ആപത്തുകൾ പോലുള്ളവ». (അബ്ദുല്ലത്വീഫ് ആലുശ്ശൈഖ് ഉസ്വൂൽ വ ളവാബിതുത്തക്‌ഫീറിൽ രേഖപ്പെടുത്തിയത്)

പ്രായോഗികമായ മറ്റൊരു ഉദാഹരണത്തിലൂടെ കാര്യം ഒന്നു കൂടെ വ്യക്തമാക്കാം.

عَنْ عُمَرَ بْنِ الخَطَّابِ، أَنَّ رَجُلًا عَلَى عَهْدِ النَّبِيِّ ﷺ كَانَ اسْمُهُ عَبْدَ اللَّهِ، وَكَانَ يُلَقَّبُ حِمَارًا، وَكَانَ يُضْحِكُ رَسُولَ اللَّهِ ﷺ، وَكَانَ النَّبِيُّ ﷺ قَدْ جَلَدَهُ فِي الشَّرَابِ، فَأُتِيَ بِهِ يَوْمًا فَأَمَرَ بِهِ فَجُلِدَ، فَقَالَ رَجُلٌ مِنَ القَوْمِ: اللَّهُمَّ العَنْهُ، مَا أَكْثَرَ مَا يُؤْتَى بِهِ؟ فَقَالَ النَّبِيُّ ﷺ: لاَ تَلْعَنُوهُ، فَوَاللَّهِ مَا عَلِمْتُ إِنَّهُ يُحِبُّ اللَّهَ وَرَسُولَهُ. [البخاري في صحيحه]

«ഉമർ –رَضيَ اللهُ عَنْهُ– നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ യുടെ കാലത്ത് അബ്ദുല്ലാ എന്നു പേരുള്ള ഒരു വ്യക്തി – അദ്ദേഹത്തിൻെറ വിളിപ്പേര് ഹിമാർ എന്നായിരുന്നു – നബി ﷺ യെ ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനം നടത്തിയതിൻെറ പേരിൽ അദ്ദേഹത്തെ അവിടുന്ന് ചമ്മട്ടി കൊണ്ട് അടിക്കുകയുണ്ടായിട്ടുണ്ട്. മദ്യപാനത്തിൻെറ പേരിൽ തന്നെ മറ്റൊരിക്കൽ അദ്ദേഹത്തെ ഹാജരാക്കുകയും അവിടുത്തെ കൽപന പ്രകാരം ചാട്ടവാർ കൊണ്ട് അടിക്കുകയും ചെയ്യുകയുണ്ടായി. അപ്പോൾ ജനങ്ങളിലൊരാൾ പറഞ്ഞു: അല്ലാഹുവേ, അയാളെ നീ ശപിക്കണേ. എത്ര തവണയാണ് അയാൾ ഇങ്ങനെ ഹാജരാക്കപ്പെടുന്നത്!? അപ്പോൾ നബി ﷺ  പറഞ്ഞു: അദ്ദേഹത്തെ നിങ്ങൾ ശപിക്കരുത്. അല്ലാഹു തന്നെ സത്യം, അദ്ദേഹം അല്ലാഹുവിനെയും അവൻെറ റസൂലിനെയും സ്നേഹിക്കുന്നു എന്നതാണ് എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയാവുന്നത്». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇവിടെ, നിർണ്ണിതമായ ഒരു വ്യക്തിക്കെതിരിൽ അല്ലാഹുവിൻെറ ശാപ കോപത്തെ കുറിച്ചുള്ള ഭീഷണി മുഴക്കുകയാണ്. പക്ഷെ, നബി ﷺ ആ ഭീഷണി അദ്ദേഹത്തിനെതിരിൽ ഉയർത്താൻ അനുവദിച്ചില്ല. ആ ശാപ കോപങ്ങൾ അദ്ദേഹത്തിനുമേൽ പതിക്കുന്നതിനെ തടുക്കുന്ന ഒരു പ്രതിബന്ധം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. അത് എന്തെന്നു വെച്ചാൽ അയാൾ അല്ലാഹുവിനെയും റസൂലിനെയും അത്രമേൽ സ്നേഹിച്ചിരുന്നു എന്നുള്ളതാണ്.

കൂടാതെ, ഹാത്വിബ് ബിൻ അബീ ബൽതഅഃ –رَضيَ اللهُ عَنْهُ– യുടെ സംഭവം നടേ വിവരിച്ചുവല്ലോ. ഖുറൈശികൾക്ക് നബി ﷺ യുടെ സൈനിക നീക്കത്തെ കുറിച്ച് കത്തെഴുതിയിട്ടും അതിനുള്ള ശിക്ഷാ ഭീഷണി അദ്ദേഹത്തിനെതിരിൽ ഉയർത്തപ്പെട്ടില്ല. അദ്ദേഹം ബദ്റിൽ പങ്കെടുത്തു എന്നതാണ് അതിനുള്ള പ്രതിബന്ധമായി നബി ﷺ ചൂണ്ടിക്കാണിച്ചത്.

ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിറായി പ്രഖ്യാപിക്കാൻ ചില നിബന്ധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിനു വിഘാതമായി നിൽക്കുന്ന പ്രതിബന്ധങ്ങൾ നീങ്ങേണ്ടതുമുണ്ട് എന്നു പറഞ്ഞുവല്ലോ. അത്തരം നിബന്ധനകളെയും പ്രതിബന്ധങ്ങളെയും സംബന്ധിച്ചുള്ള ഒരു ലഘുവിവരണം താഴെ കൊടുക്കാം.

( 11 ) നിബന്ധന ഒന്ന്:
താൻ ചെയ്യുന്നത് കുഫ്റാണെന്ന അറിവുണ്ടായിരിക്കുക
താൻ ചെയ്യുന്നത് കാഫിറായിത്തീരുന്ന പ്രവൃത്തിയാണെന്ന കൃത്യമായ അറിവ് അയാൾക്കുണ്ടായിരിക്കണം. ഒരാൾ അജ്ഞത മൂലം കുഫ്റാകുന്ന പ്രവൃത്തി ചെയ്താൽ അതു വെച്ച് അയാളെ കാഫിറാക്കാനാവില്ല. വ്യക്തമായ അറിവ് നൽകിയിട്ടല്ലാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. അവൻ പറയുന്നത് കാണുക:

﴿ مَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴾ [الإسراء 15]

«വല്ലവനും നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്ന പക്ഷം അവനു വേണ്ടി തന്നെയാണ് അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. വല്ലവനും പിഴച്ചുപോകുന്ന പക്ഷം സ്വന്തത്തിനെതിരായി തന്നെയാണ് അവന്‍ പിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കാതെ നാം ആരെയും ശിക്ഷിക്കുന്നതല്ല». (ഇസ്റാഅ് 15)

മേൽ നിബന്ധന പൂർത്തീകരിക്കുന്നതിന് വിഘാതം നിൽക്കുന്ന ചില പ്രതിബന്ധങ്ങളുണ്ട് അവ ഏതാണെന്ന് കൂടി പരിശോധിക്കാം

1. അറിവിനെ നിരാകരിക്കുന്ന അജ്ഞത
ഒരാൾ കുഫ്റായിത്തീരുന്ന പ്രവൃത്തികളെ കുറിച്ച് അറിവു നേടിയിട്ടില്ല. അയാൾ അജ്ഞതയിൽ തന്നെ അവശേഷിക്കുന്നു. എങ്കിൽ അത് ഒന്നാമത്തെ നിബന്ധന പൂർത്തീകരിക്കുന്നതിനുള്ള പ്രതിബന്ധമാണ്. ഈ പ്രതിബന്ധം നിലനിൽക്കുമ്പോൾ അയാളെ കാഫിറായി മുദ്രകുത്താനാവില്ല. ഉദാഹരണമായി ഒരു സംഭവം കാണുക:

عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ ﷺ لَمَّا خَرَجَ إِلَى حُنَيْنٍ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ، فَقَالُوا: يَا رَسُولَ اللَّهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ، فَقَالَ النَّبِيُّ ﷺ: سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى: اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ. [الأعراف: ١٣٨] وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ. [الترمذي في سننه وصححه الألباني]

«അബൂ വാഖിദ് അല്ലൈഥീ –رَضيَ اللهُ عَنْهُ– നിവേദനം. നബി ﷺ ഹുനൈനിലേക്ക് പോകുമ്പോൾ  ദാത്തു അൻവാത്വ് എന്നു പറയുന്ന മുശ്‌രിക്കുകളുടെ ഒരു പുണ്യമരത്തിനരികിലൂടെ കടന്നു പോകാനിടയായി. യുദ്ധ വിജയത്തിനായി അതിന്മേലാണ് അവർ അവരുടെ ആയുധങ്ങൾ തൂക്കിയിടാറുണ്ടായിരുന്നത്. അത് കണ്ടപ്പോൾ അവർ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിൻെറ റസൂലേ, അവർക്ക് ദാത്ത് അൻവാത്വ് ഉള്ളതു പോലെ ഞങ്ങൾക്കും ഒരു ദാത്ത് അൻവാത്വ് നിശ്ചയിച്ചു തരൂ. അപ്പോൾ നബി ﷺ പറഞ്ഞു: സുബ്ഹാനല്ലാഹ്! നിങ്ങൾ ഈ പറഞ്ഞത് മൂസാ —عَلَيْهِ السَلَامُ— യുടെ ജനത പറഞ്ഞതിനു സമമാണ്: അവരുടെ ആരാധ്യന്മാരെ പോലുള്ള ഒരു ആരാധ്യനെ നീ ഞങ്ങൾക്കും നിശ്ചയിച്ചു തരൂ (അഅ്റാഫ് 138) എൻെറ ആത്മാവ് യാതൊരുവൻെറ കൈയിലാണോ അവൻ തന്നെ സത്യം! നിങ്ങളുടെ പൂർവ്വീകരുടെ ജീർണ്ണിച്ച ചര്യകൾ നിങ്ങളും പിന്തുടരും, തീർച്ചൽ». (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

ഹുനൈൻ യുദ്ധത്തിന് നബി ﷺ യുടെ കൂടെ പോയവരിൽ അടുത്തിടെ ഇസ്‌ലാമിലേക്ക് വന്ന ധാരാളം പേരുണ്ടായിരുന്നു. ത്വബ്റാനിയുടെ രിവായത്തിൽ وَنَحْنُ حُدَثَاءُ عَهْدٍ بِكُفْرٍ (ഞങ്ങൾ വളരെ അടുത്തു വരെ കുഫ്റുമായി ബന്ധമുള്ളവരായിരുന്നു) എന്നു തന്നെ പറഞ്ഞിട്ടുണ്ട്. അത് അർത്ഥമാക്കുന്നത് ഇസ്‌ലാമിക വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ച് അവർ അപ്പോൾ അജ്ഞരായിരുന്നു എന്നാണ്. അത്തരം ഒരു ഘട്ടത്തിൽ ശിർക്കിൻെറയും കുഫ്റിൻെറയും അവശേഷിപ്പുകൾ അവരുടെ മനോഭാവത്തിൽ തങ്ങിനിൽക്കുക സ്വാഭാവികമാണ്. അതു കൊണ്ടാണ് മുശ്‌രിക്കുകൾക്ക് അനുഗ്രഹം തേടാൻ പുണ്യവൃക്ഷമുള്ളതു പോലെ ഞങ്ങൾക്കും അനുഗ്രഹം തേടാൻ ഒരു പുണ്യവൃക്ഷം നിശ്ചയിച്ചു തരൂ എന്നവർ ആവശ്യപ്പെട്ടത്. മൂസാ –عَلَيْهِ السَلَامُ– യോട് ഇസ്റാഈല്യർ അവർക്ക് ഒരു കൺകാണുന്ന ദൈവത്തെ നിശ്ചയിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടതു പോലെയുള്ള ശിർക്കൻ നടപടിയായിട്ടാണ് നബി ﷺ അതിനെ വിശേഷിപ്പിച്ചത്. പക്ഷെ, അത് ചെയ്ത വ്യക്തികളെ അവിടുന്ന് കാഫിറാക്കുകയോ, കുഫ്റിനുള്ള ശിക്ഷാ ഭീഷണി അവർക്കെതിരിൽ ഉയർത്തുകയോ ചെയ്തില്ല. കാരണം, അവർ ചെയ്ത പ്രവൃത്തി കുഫ്റാണെന്ന അറിവ് അവർക്കുണ്ടായിരുന്നില്ല. ആ അറിവിനെ നിരാകരിക്കുന്ന അജ്ഞതയിലാണ് അപ്പോൾ അവരുണ്ടായിരുന്നത്. ഇതൊരു പ്രതിബന്ധമാണ്. അത് നീങ്ങാതെ അവരെ കാഫിറാക്കാൻ പറ്റില്ല താനും.

അജ്ഞത അല്ലാഹുവിൻെറ ഭീഷണിയും ശിക്ഷയും  നടപ്പിലാക്കുന്നതിനെ തടയുന്ന ഒരു പ്രതിബന്ധമാണ്. അതിനുള്ള ഒരു തെളിവു കൂടി ഉദ്ധരിക്കാം.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ، قَالَ: كَانَ رَجُلٌ يُسْرِفُ عَلَى نَفْسِهِ فَلَمَّا حَضَرَهُ المَوْتُ قَالَ لِبَنِيهِ: إِذَا أَنَا مُتُّ فَأَحْرِقُونِي، ثُمَّ اطْحَنُونِي، ثُمَّ ذَرُّونِي فِي الرِّيحِ، فَوَاللَّهِ لَئِنْ قَدَرَ عَلَيَّ رَبِّي لَيُعَذِّبَنِّي عَذَابًا مَا عَذَّبَهُ أَحَدًا، فَلَمَّا مَاتَ فُعِلَ بِهِ ذَلِكَ، فَأَمَرَ اللَّهُ الأَرْضَ فَقَالَ: اجْمَعِي مَا فِيكِ مِنْهُ، فَفَعَلَتْ، فَإِذَا هُوَ قَائِمٌ، فَقَالَ: مَا حَمَلَكَ عَلَى مَا صَنَعْتَ؟ قَالَ: يَا رَبِّ خَشْيَتُكَ، فَغَفَرَ لَهُ. [البخاري في صحيحه]

«അബൂ ഹുറെയ്റഃ –رَضيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറഞ്ഞു: സ്വന്തത്തോട് യാതൊരു പരിധിയുമില്ലാതെ അതിക്രമാം കാണിക്കുന്ന ഒരാൾ മുൻകാലക്കാരിലുണ്ടായിരുന്നു. മരണം ആസന്നമായപ്പോൾ അയാൾ മക്കളോട് പറഞ്ഞു: ഞാൻ മരിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്നെ കരിക്കുകയും പിന്നീട് ഭസ്‌മമാക്കി അത് കാറ്റിൽ വിതറുകയും ചെയ്യുവീൻ. അല്ലാഹു തന്നെ സത്യം! എൻെറ റബ്ബിന് എന്നെ പിടികൂടാൻ കഴിയുകയാണെങ്കിൽ മറ്റാരെയും ശിക്ഷിച്ചിട്ടില്ലാത്ത വിധം അവൻ എന്നെ ശിക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ അയാൾ മരണപ്പെട്ടപ്പോൾ അയാളെ അയാൾ പറഞ്ഞ പ്രകാരം തന്നെ ചെയ്യുകയുമുണ്ടായി. അപ്പോൾ അല്ലാഹു ഭൂമിയോട് ആജ്ഞാപിച്ചു: നിന്നിൽ അയാളുടേതായി എന്തെല്ലാമുണ്ടോ അതെല്ലാം സംയോജിപ്പിക്കുക. അങ്ങനെ ഭൂമി അതു ചെയ്തു. അപ്പോൾ അയാൾ അതാ എഴുന്നേറ്റു നിൽക്കുന്നു. അല്ലാഹു അയാളോട് ചോദിച്ചു: നീ ഈ ചെയ്തതിനു നിന്നെ പ്രേരിപ്പിച്ചതെന്താണ്? അയാൾ പറഞ്ഞു: എൻെറ റബ്ബേ, നിന്നോടുള്ള പേടി തന്നെ. അപ്പോൾ അയാൾക്ക് അവൻ പൊറുത്ത് കൊടുത്തു». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മൽ വ്യക്തിയുടെ വിശ്വാസമെന്തായിരുന്നു?  ജഡം കരിച്ച് ഭസ്മമാക്കി കാറ്റിൽ വിതറിയാൽ അല്ലാഹുവിന് അയാളെ പിടികൂടാനാവില്ല. അതു കൊണ്ടാണ് അങ്ങനെ ചെയ്യാൻ അയാൾ മക്കളോട് കൽപിച്ചത്. അക്കാര്യം അയാളുടെ വാക്കുകളിൽ വ്യക്തവുമാണ്: “എൻെറ റബ്ബിന് എന്നെ പിടികൂടാൻ കഴിയുകയാണെങ്കിൽ മറ്റാരെയും ശിക്ഷിച്ചിട്ടില്ലാത്ത വിധം അവൻ എന്നെ ശിക്ഷിക്കുക തന്നെ ചെയ്യും.” ഈ വിശ്വാസവും ഈ വാക്കും അതനുസരിച്ച് മക്കൾക്കു നൽകിയ കൽപനയും കുഫ്റാണ്, തന്നോടു തന്നെ ചെയ്ത ഒരു പിരിധിയുമില്ലാത്ത അതിക്രമമാണ്.

പക്ഷെ, അയാളുടെ വിശ്വാസവും വാക്കും പ്രവൃത്തിയും കുഫ്റാണെന്ന കൃത്യമായ അറിവ് അയാൾക്കുണ്ടായിരുന്നില്ല. ആ അറിവിനെ നിരാകരിക്കുന്ന അജ്ഞതയും വിവരദോഷവുമാണ് അയാളെ ഭരിച്ചിരുന്നത്. ഇതൊരു പ്രതിബന്ധമാണ്. ഈ പ്രതിബന്ധം നിലനിൽക്കുമ്പോൾ അയാളെ കാഫിറാക്കാനാവില്ല.  ആ പ്രതിബന്ധ മൂലം അല്ലാഹു അവൻെറ ശിക്ഷ തടയുയകയും അയാളോട് അല്ലാഹു പൊറുക്കുകയുമാണ് ചെയ്തത്.

2. അറിവിനെ നിരാകരിക്കുന്ന തെറ്റായ വ്യാഖ്യാനം
ഒരു വിഷയത്തിൻെറ യാഥാർത്ഥ്യവും നിജസ്ഥിതിയും ഗ്രഹിക്കണമെങ്കിൽ അക്കാര്യം നേരാംവണ്ണം വായിക്കാനും വിലയിരുത്താനും വ്യാഖ്യാനിക്കാനും സാധിക്കണം. മതിയായ പക്വതയുണ്ടെങ്കിലേ ഒരാൾക്ക് അതിനു സാധിക്കുകയുള്ളു. ‘അല്ലാഹു ഏതൊരാൾക്ക് നന്മ ഉദ്ദേശിക്കുന്നുവോ അയാൾക്ക് മതപരമായ കാര്യങ്ങളിൽ അറിവ് നൽകും’ എന്ന നബിവചനത്തിൽ അറിവിൻെറ ഉന്നത തലമായ ഈ പക്വത കൂടി ഉൾപ്പെടുന്നു. തെറ്റായ വ്യാഖ്യാനങ്ങൾ വരുന്നത് മിക്കപ്പോഴും പക്വതയില്ലായ്മയിൽ നിന്നാണ്. അല്ലാഹുവിൻെറ തൗഫീഖ് നഷ്ടപ്പെടുന്നതു കൊണ്ടാണ് അറിവും പക്വതയും നിഷേധിക്കപ്പെടുന്നത്. തെറ്റായ വ്യാഖ്യാനങ്ങൾ ശരിയായ അറിവിനെ നിഷേധിക്കുന്ന പ്രതിബന്ധമാണ്. അങ്ങനെ ഒരാൾ തെറ്റായ വ്യാഖ്യനത്തിൽ അകപ്പെട്ട് ഒരു കുഫ്ർ ചെയ്താൽ തന്നെ അയാളെ കാഫിറാക്കാൻ പറ്റില്ല. അയാളെ കാഫിറാക്കണമെങ്കിൽ ആ പ്രതിബന്ധം നീക്കി അയാൾ ചെയ്തത് കുഫ്ർ ആണെന്ന അറിവ് ബോധിപ്പിക്കണം. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം.

عَنِ الزُّهْرِيِّ عَنْ سَالِمٍ عَنْ أَبِيهِ، قَالَ: بَعَثَ النَّبِيُّ ﷺ خَالِدَ بْنَ الوَلِيدِ إِلَى بَنِي جَذِيمَةَ، فَدَعَاهُمْ إِلَى الإِسْلاَمِ فَلَمْ يُحْسِنُوا أَنْ يَقُولُوا: أَسْلَمْنَا، فَجَعَلُوا يَقُولُونَ: صَبَأْنَا صَبَأْنَا، فَجَعَلَ خَالِدٌ يَقْتُلُ مِنْهُمْ وَيَأْسِرُ، وَدَفَعَ إِلَى كُلِّ رَجُلٍ مِنَّا أَسِيرَهُ، حَتَّى إِذَا كَانَ يَوْمٌ أَمَرَ خَالِدٌ أَنْ يَقْتُلَ كُلُّ رَجُلٍ مِنَّا أَسِيرَهُ، فَقُلْتُ: وَاللَّهِ لاَ أَقْتُلُ أَسِيرِي، وَلاَ يَقْتُلُ رَجُلٌ مِنْ أَصْحَابِي أَسِيرَهُ، حَتَّى قَدِمْنَا عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَذَكَرْنَاهُ، فَرَفَعَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدَهُ فَقَالَ: اللَّهُمَّ إِنِّي أَبْرَأُ إِلَيْكَ مِمَّا صَنَعَ خَالِدٌ مَرَّتَيْنِ. [البخاري]

«ഇബ്‌നു ഉമർ –رَضيَ اللهُ عَنْهُمَا– നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഖാലിദ് ബിൻ വലീദ് –رَضيَ اللهُ عَنْهُ– നെ ബനൂ ജദീമഃ ഗോത്രത്തിലേക്ക് നിയോഗിച്ചു. ആദ്യമായി, അദ്ദേഹം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അപ്പോൾ ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന ആശയം വ്യക്തമായി പ്രകാശിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.  അവർ പറഞ്ഞത്, صَبَأْنَا (ഞങ്ങൾ മതം പരിത്യജിച്ചിരിക്കുന്നു) എന്നാണ്. അതോടുകൂടി ഖാലിദ് –رَضيَ اللهُ عَنْهُ– അവരെ ബന്ദികാളാക്കാനും വധിക്കാനും തുടങ്ങി. ഓരോരുത്തരും ബന്ദികളാക്കി പിടിച്ചവരുടെ കാര്യം അവരവരെ തന്നെ ഏൽപിച്ചു. അങ്ങനെ ഒരു ദിവസം എല്ലാവരോടും അവരുടെ കീഴിലുള്ള തടവുകാരെ വധിച്ചു കളയാൻ ഖാലിദ് –رَضيَ اللهُ عَنْهُ– ഉത്തരവിട്ടു. നിവേദകനായ ഇബ്‌നു ഉമർ –رَضيَ اللهُ عَنْهُمَا– പറയുന്നു, അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു തന്നെ സത്യം! എൻെറ കൈവശമുള്ള ബന്ദിയെ ഞാൻ വധിക്കില്ല. എൻെറ കൂട്ടാളികളിൽപെട്ട ഒരാളും തൻെറ കൈവശമുള്ള ബന്ദികളെ വധിക്കാൻ പോകുന്നുമില്ല. അങ്ങനെ ഞങ്ങൾ നബി ﷺ യെ സമീപിച്ച് ഇക്കാര്യം ഉണർത്തി. അവിടുന്ന് തൻെറ കൈ ഉയർത്തി രണ്ടു തവണ ഇപ്രകാരം പറഞ്ഞു: അല്ലാഹുവേ, ഖാലിദിൻെറ ചെയ്തിയിൽനിന്ന് ഞാൻ തീർത്തും ഒഴിവാണെന്ന കാര്യം നിന്നെ ബോധിപ്പിക്കുന്നു». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ബനൂ ജദീമഃക്കാർ ഇസ്‌ലാം സ്വീകരിച്ചു എന്നു പറയാൻ ഉപയോഗിച്ച വാചകം صَبَأْنَا എന്നായിരുന്നു. അതിനെ തെറ്റായി വ്യാഖ്യാനിച്ചതു കൊണ്ടാണ് ഖാലിദ് ബിൻ വലീദ് –رَضيَ اللهُ عَنْهُ– ഇത്തരം ഒരു അബദ്ധത്തിൽ ചാടിയത്. അങ്ങനെ ഇസ്‌ലാം സ്വീകരിച്ചു എന്നു പ്രഖ്യാപിച്ച പലരെയും അദ്ദേഹം വധിച്ചു കളഞ്ഞു.

തെറ്റായ വ്യാഖ്യാനം ശരിയായ അറിവിനെ നിരാകരിക്കുന്ന ഒരു പ്രതിബന്ധമാണെന്ന് പറഞ്ഞുവല്ലോ. അതിനാൽ തെറ്റായി വ്യാഖ്യനിച്ചു കൊണ്ട് ഒരാൾ കുഫ്റിൻെറ പ്രവർത്തനം ചെയ്താൽ തന്നെ അയാളെ കാഫിറാക്കാൻ പറ്റില്ല. ഇവിടെ ഖാലിദ് ബിൻ വലീദ് –رَضيَ اللهُ عَنْهُ– ൻെറ ചെയ്തിയിൽനിന്ന് നബി  തീർത്തും ഒഴിവാണെന്ന കാര്യം അല്ലാഹുവിൻെറ മുമ്പാകെ ബോധിപ്പിച്ചുവെങ്കിലും അദ്ദേഹത്തെ അവിടുന്ന് കാഫിറാക്കിയില്ല, അദ്ദേഹത്തിനെതിരെ പ്രതിക്രിയയോ ശിക്ഷാ നടപടികളോ കൈക്കൊണ്ടതുമില്ല.

ഉസാമതു ബിൻ സൈദ് –رَضيَ اللهُ عَنْهُمَا– ന് സംഭവിച്ചത് നടേ വിശദീകരിച്ചുവല്ലോ. അതും സമാനമായ മറ്റൊരുദാഹരണമാണ്. അതേ പോലെ, ഖുദാമതു ബിൻ മള്ഊനും കൂടെയുള്ളവരും മാഇദഃയിലെ ഒരു സൂക്തം തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് മദ്യപാനം നിയമാനുസൃതമാക്കിയപ്പോൾ ഉമർ, അലി –رَضيَ اللهُ عَنْهُمَا– പോലെയുള്ളവർ തെറ്റായ വ്യാഖ്യാനത്തെ ഒരു പ്രതിബന്ധമായി കണ്ട് പ്രാഥമികമായി അവർക്കെതിരിൽ കുഫ്ർ വിധിക്കാതിരിക്കുകയാണുണ്ടായത്. വായനക്കാർ മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.

( 12 ) നിബന്ധന രണ്ട്: ഉദ്ദേശ്യപൂർവ്വം ചെയ്യുക
കുഫ്ർ ആകുന്ന ഒരു പ്രവൃത്തി ഒരാൾ ചെയ്യുമ്പോൾ അത് ഉദ്ദേശ്യപൂർവ്വമായിരിക്കണം. സോദ്ദേശ്യത്തോടെയല്ലാതെ അബദ്ധത്തിലോ നിർബ്ബന്ധിതാവസ്ഥയിലോ കുഫ്റാകുന്ന പ്രവൃത്തി ഒരാൾ ചെയ്താൽ അതു വെച്ച് അയാളെ കാഫിറാക്കാനാവില്ല. തൻെറ സ്വതന്ത്രമായ ഉദ്ദേശ്യത്തിലും തീരുമാനത്തിലും ചെയ്യുന്ന പ്രവൃത്തികൾക്കേ ഒരാൾ ഉത്തരം പറയേണ്ടി വരികയുള്ളു. ഇത് അല്ലാഹു തൻെറ അടിയാറുകൾക്ക് നൽകിയ വിട്ടുവീഴ്ചയാണ്. അല്ലാഹു പറയുന്നു:

﴿ مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴾ [النحل 106]

«വിശ്വസിച്ചതിന് ശേഷം തുറന്ന മനസ്സോടെ കുഫ്ർ വരിച്ച് അല്ലാഹുവിൽ അവിശ്വസിച്ചവരാരോ അവരുടെമേൽ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും, വലിയ ശിക്ഷയും ഉണ്ടായിരിക്കും. എന്നാൽ നിർബ്ബന്ധിതാവസ്ഥയിൽ കുഫ്ർ ചെയ്തുപോയവർ, അവരുടെ ഹൃദയം വിശ്വാസത്താൽ സമാധാനമടഞ്ഞ നിലയിലാണെങ്കിൽ അവർ അതിൽനിന്ന് ഒഴിവാക്കപ്പെടും». (നഹ്ൽ 106)

മേൽ സൂക്തത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത്, തുറന്ന മനസ്സോടെ കുഫ്ർ വരിച്ചവരാണ് യഥാർത്ഥ കാഫിറുകൾ എന്നും, അവരാണ് അല്ലാഹുവിൻെറ കടുത്ത കോപത്തിനും ശിക്ഷക്കും വിധേയരാകേണ്ടി വരിക എന്നുമാണ്. ഒരു പ്രവൃത്തി കുഫ്റായി പരിഗണിക്കാനുള്ള നിബന്ധനയാണ് സ്വന്തവും സ്വതന്ത്രവുമായ ഉദ്ദേശ്യം എന്ന് ഇത് സുതരാം വ്യക്തമാക്കുന്നു.

രണ്ടാമത്തെ ഈ നിബന്ധന സാക്ഷാൽകരിക്കുന്നതിനും ചില തടസ്സങ്ങളുണ്ട് അവ കൂടി പരിശോധിക്കാം

1. സോദ്ദേശ്യത്തെ നിരാകരിക്കുന്ന അബദ്ധങ്ങൾ
സ്വന്തവും സ്വതന്ത്രമായ ഉദ്ദേശ്യവും തീരുമാനവുമില്ലാതെ അബദ്ധത്തിൽ സംഭവിച്ചു പോകുന്ന കുഫ്റിൻെറ പ്രവൃത്തികളെ കുഫ്റായി പരിഗണിക്കുകയില്ല. അതിൻെറ പേരിൽ ഒരാളെയും കാഫിറായി പ്രഖ്യാപിക്കാനും പാടില്ല. കാരണം അബദ്ധം സോദ്ദേശ്യത്തെ നിരാകരിക്കുന്നു. അത് സോദ്ദേശ്യം എന്ന നിബന്ധ പൂർത്തീകരിക്കുന്നതിന് പ്രതിബന്ധമായി നിലക്കൊള്ളുകയും ചെയ്യുന്നു. അബദ്ധത്തിൽ സംഭവിക്കുന്ന തെറ്റുകൾ ഏതും, അവ കുഫ്റാകാവുന്നവയാണെങ്കിലും പൊറുക്കപ്പെടുന്നതാണ്. ഇത് അല്ലാഹു അവൻെറ അടിയാറുകളോട് കാണിക്കുന്ന ഒരു വിട്ടുവീഴ്ചയുമാണ്. നബി ﷺ പറയുന്നു:

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ ﷺ: تَجَاوَزَ اللَّهُ عَنْ أُمَّتِي الْخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ. [الحاكم في مستدركه وصححه الألباني]

ഇബ്‌നു അബ്ബാസ് –رَضيَ اللهُ عَنْهُمَا– നിവേദനം. നബി ﷺ പറയുന്നു: അല്ലാഹു എൻെറ സമുദായത്തിന് അബദ്ധവും മറവിയും നിർബ്ബന്ധിതാവസ്ഥയിൽ ചെയ്ത കാര്യങ്ങളും വിട്ടുവീഴ്ച ചെയ്തുകൊടുത്തിരിക്കുന്നു. (ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്)

അബദ്ധം സംഭവിക്കുന്നത് പലവിധ കാരണങ്ങളാലും സാഹചര്യങ്ങളാലുമായിരിക്കാം. സന്തോഷത്തിൻെറയോ ദുഃഖത്തിൻെറയോ അതിരേകത്താൽ മനുഷ്യ മനസ്സ് ചിലപ്പോഴെങ്കിലും മറിഞ്ഞു പോയെന്നു വരും. അതിനെ കുറിച്ച് വ്യവഹരിക്കാൻ അറബിയിൽ غَلَبَةٌ എന്നാണ് പ്രയോഗിക്കാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ ചെയ്തുപോകുന്ന കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ഒരു നബിവചനം കാണുക:

عن أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللهِ ﷺ: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ، مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلَاةٍ، فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ، فَأَيِسَ مِنْهَا، فَأَتَى شَجَرَةً، فَاضْطَجَعَ فِي ظِلِّهَا، قَدْ أَيِسَ مِنْ رَاحِلَتِهِ، فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا، قَائِمَةً عِنْدَهُ، فَأَخَذَ بِخِطَامِهَا، ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ: اللهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ، أَخْطَأَ مِنْ شِدَّةِ الْفَرَحِ. [مسلم في صحيحه]

«അനസ് ബിൻ മാലിക് –رَضيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറഞ്ഞു: തൻെറ അടിമ തൗബഃ ചെയ്യുമ്പോൾ അവൻെറ തൗബഃ കൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അല്ലാഹുവാണ് – നിങ്ങളിൽ ഒരാൾക്കുണ്ടാകുന്ന സന്തോഷത്തെക്കാൽ കവിഞ്ഞ സന്തോഷം! അയാൾ വിജനമായ മരുഭൂമിയിലൂടെ തൻെറ വാഹനപ്പുറത്തേറി യാത്ര പോവുകയാണ്. അപ്പോൾ ആ വാഹനം തൻെറ അടുക്കൽനിന്ന് ഓടിപ്പോയി. അതിൻെറ പുറത്താണ് അയാൾക്കുള്ള ഭക്ഷണപാനീയങ്ങളെല്ലാെം. അങ്ങനെ അതിനെ കുറിച്ച് അയാൾ നിരാശനാവുകയും ഒരു വൃക്ഷച്ചുവട്ടിലേക്ക് ചെന്ന് അതിൻെറ നിഴലിൽ ചെരിഞ്ഞു കിടക്കുകയും ചെയ്യുന്നു. തൻെറ വാഹനത്തെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം തീർത്തും അസ്തമിച്ചു കഴിഞ്ഞിരിക്കുകയാണ്. അങ്ങനെയിരിക്കെ, പെട്ടന്ന് അയാൾ തന്നെക്കാണുന്നത് അതിൻെറയടുത്താണ്. അത് തൻെറയരികിൽ അതാ വന്നുനിൽക്കുന്നു!! ഉടനെ അയാൾ അതിൻെറ കടിഞ്ഞാൺ കൈവശപ്പെടുത്തി സന്തോഷത്തിൻെറ അതിരേകത്താൽ പറയുന്നു: അല്ലാഹുവേ, നീയെൻെറ അടിമയും, ഞാൻ നിൻെറ റബ്ബുമാണ്. സന്തോഷത്തിൻെറ തള്ളിച്ചയിൽ അദ്ദേഹത്തിനു സംഭവിച്ച ഒരു അബദ്ധം!» (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹുവേ, നീ എൻെറ അടിമയാണ്, ഞാൻ നിൻെറ റബ്ബും എന്ന് ഒരു മനുഷ്യൻ ഉച്ചരിച്ചാൽ ആ വാക്ക് പച്ചയായ കുഫ്റാണ്. അതിനെക്കാൾ വലിയ കുഫ്ർ വേറെയില്ല. പക്ഷെ, മേൽ സംഭവത്തിൽ വിവരിച്ചതു പോലെയാണ് കാര്യമെങ്കിൽ അതു മുഖേന അതു പറഞ്ഞയാൾ കാഫിറാകാൻ പോകുന്നില്ല. കാരണം, ഒരു പ്രവൃത്തി കുഫ്ർ ആകണമെങ്കിൽ അത് ഉദ്ദേശ്യപൂർവ്വം ചെയ്യണമെന്നത് അതിനുള്ള നിബന്ധനയാണ്. ആ നിബന്ധന പൂർത്തീകരിക്കുന്നതിന് അബദ്ധം എന്ന ഒരു പ്രതിബന്ധം ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രതിബന്ധങ്ങൾ നീങ്ങുകയും നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും ചെയ്യാതെ ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിറാക്കുക എന്നത് പാടില്ലാത്തതാണ്.

2. സോദ്ദേശ്യത്തെ നിരാകരിക്കുന്ന നിർബ്ബന്ധിതാവസ്ഥ
സ്വന്തവും സ്വതന്ത്രവുമായ തീരുമാനപ്രകാരമല്ലാതെ, വാൾമുനയിലോ മറ്റു നിർബ്ബന്ധിതാവസ്ഥയിലോ വെച്ച് ചെയ്യേണ്ടി വരുന്ന കുഫ്റിൻെറ പ്രവർത്തനങ്ങൾ മുൻനിർത്തി ഒരാളെ കാഫിറായി പ്രഖ്യാപിക്കാൻ പാടില്ല. കാരണം, നിർബ്ബന്ധിതാവസ്ഥ എന്ന പ്രതിബന്ധം അവിടെ നിലനിൽക്കുന്നു. ഈ പ്രതിബന്ധം നീങ്ങാതെ ഉദ്ദേശ്യപൂർവ്വമുള്ള പ്രവർത്തനം എന്ന രണ്ടാമത്തെ നിബന്ധന സാക്ഷാൽകരിക്കപ്പെടുകയില്ല. പ്രതിബന്ധങ്ങൾ നീങ്ങി നിബന്ധനകൾ പൂർത്തീകരിക്കപ്പെടാതെ ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിറാക്കാനും പാടില്ല. മുകളിൽ ഉദ്ധരിച്ച നഹ്ൽ 106-ാം സൂക്തം ഇക്കാര്യവും വ്യക്തമാക്കുന്നുണ്ട്. അതിനാൽ അത് ഒന്നു കൂടി ആവർത്തിക്കട്ടെ.

﴿ مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴾ [النحل 106]

«വിശ്വസിച്ചതിന് ശേഷം തുറന്ന മനസ്സോടെ കുഫ്ർ വരിച്ച് അല്ലാഹുവിൽ അവിശ്വസിച്ചവരാരോ അവരുടെമേൽ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും, വലിയ ശിക്ഷയും ഉണ്ടായിരിക്കും. എന്നാൽ നിർബ്ബന്ധിതാവസ്ഥയിൽ കുഫ്ർ ചെയ്തുപോയവർ, അവരുടെ  ഹൃദയം വിശ്വാസത്താൽ സമാധാനമടഞ്ഞ നിലയിലാണെങ്കിൽ അവർ അതിൽനിന്ന് ഒഴിവാക്കപ്പെടും». (നഹ്ൽ 106)

ചുരുക്കത്തിൽ, ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിറാണെന്നു പ്രഖ്യാപിക്കണമെങ്കിൽ നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും പ്രതിബന്ധങ്ങൾ ഇല്ലാതാവുകയും ചെയ്യണം. നിബന്ധനകൾ പൂർത്തീകരിക്കപ്പെടാതിരിക്കുകയോ പ്രതിബന്ധങ്ങൾ നിലനിൽക്കുകയോ ചെയ്യുന്ന പക്ഷം വ്യക്തിയെ നിർണ്ണയിച്ചുള്ള തക്‌ഫീർ പാടുള്ളതല്ല. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ –رَحِمَهُ اللهُ– പറയുന്നത് കാണുക:

إن التكفير له شروط وموانع قد تنتفي في حق المعين، وإن تكفير المطلق لا يستلزم تكفير المعين إلا إذا وجدت الشروط وانتفت الموانع، يبين هـذا أن الإمام أحمد وعامة الأئمة الذين أطلقوا هذه العمومات لم يكفروا أكثر من تكلم بهذا الكلام بعينه، فإن الإمام أحمد مثلا قد باشر الجهمية الذين دعوه إلى خلق القرآن، ونفي الصفات، وامتحنوه وسائر علماء وقته، وفتنوا المؤمنين والمؤمنات الذين لم يوافقوهم على التجهم بالضرب والحبس والقتل والعزل عن الولايات وقطع الأرزاق ورد الشهادات وترك تخليصهم من أيدي العدو، بحيث كان كثير من أولي الأمر إذ ذاك من الجهمية، من الولاة والقضاة وغيرهم يكفرون كل من لم يكن جهميا موافقا لهم على نفي الصفات، مثل القول بخلق القرآن ويحكمون فيه بحكمهم في الكافر… ثم إن الإمام أحمد دعا للخليفة وغيره ممن ضربه وحبسه واستغفر لهم وحللهم مما فعلوه به من الظلم والدعاء إلى القول الذي هو كفر، ولو كانوا مرتدين عن الإسلام لم يجز الاستغفار لهم؛ لأن الاستغفار للكفار لا يجوز بالكتاب والسنة والإجماع، وهذه الأقوال والأعمال منه رحمه الله ومن غيره من الأئمة صريحة في أنهم لم يكفروا المعينين من الجهمية الذين كانوا يقولون إن القرآن مخلوق وإن الله لا يرى في الآخرة، وقد نقل عن أحمد ما يدل على أنه كفر به قوما معينين، فأما أن يذكر عنه في المسألة روايتان ففيه نظر، أو يحمل الأمر على التفصيل فيقال: من كفر بعينه فلقيام الدليل على أنه وجدت فيه شروط التكفير وانتفت موانعه، ومن لم يكفر بعينه فلانتفاء ذلك في حقه، هذا مع إطلاق قوله بالتكفير على سبيل العموم. [ابن تيمية في مجموع فتاويه]

«കാഫിറായി പ്രഖ്യാപിക്കുന്നതിന് (تَكْفِيرٌ) ചില നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും പ്രതിബന്ധങ്ങൾ ഇല്ലാതാവുകയും ചെയ്യേണ്ടതുണ്ട്. ഒരു നിർണ്ണിത വ്യക്തിയുടെ കാര്യത്തിൽ ചിലപ്പോൾ അത് നടക്കാതെ പോകാം. ഒരു പ്രവൃത്തിയെ കുറിച്ച് നടത്തന്നു പൊതുവായ തക്‌ഫീർ, നിബന്ധനകൾ പൂർത്തീകരിക്കുകയും പ്രതിബന്ധങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നതു വരെ ഒരു നിർണ്ണിത വ്യക്തിയുടെമേൽ  ബാധകമാക്കാനാവില്ല. ചില വിഷയങ്ങളിൽ പൊതുവായ തക്‌ഫീർ നടത്തിയിട്ടുള്ള ഇമാം അഹ് മദോ മറ്റു ഇമാമുകളോ ആരും തന്നെ അത്തരം വാദങ്ങൾ ഉന്നയിച്ചിരുന്നവരിൽ മിക്കവരെയും വ്യക്തിഗതമായി തക്‌ഫീർ നടത്തിയിരുന്നില്ല എന്ന വസ്തുത ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഉദാഹരണമായി ഇമാം അഹ് മദിൻെറ കാര്യം തന്നെയെടുക്കാം. ഖുർആൻ സൃഷ്ടിയാണെന്ന വാദത്തിലേക്കും സ്വിഫാത് നിഷേധത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ച, അദ്ദേഹത്തെയും സമകാലികരായ മറ്റു പണ്ഡിതന്മാരെയും പീഡിപ്പിച്ച, ജഹ്‌മിയ്യാ വാദഗതികളോട് വിയോജിക്കുന്ന വിശ്വാസി വിശ്വാസിനികളെ പ്രഹരിച്ചും തുറുങ്കിലടച്ചും വധിച്ചും സ്ഥാനഭ്രഷ്ടരാക്കിയും ഉപജീവനം മുടക്കിയും സാക്ഷ്യം തള്ളിയും ശത്രുക്കളിൽനിന്ന് രക്ഷപ്പെടുത്താതെ കൈയൊഴിഞ്ഞും കുഴപ്പത്തിലാക്കിയിരുന്ന ജഹ് മികളുമായി അദ്ദേഹത്തിന് നേരിട്ട് ഇടപഴകേണ്ടി വന്നു. ഭരണത്തലവന്മാരും ന്യായാധിപരും അടക്കം കൈകാര്യ കർത്താക്കളിലധികവും ജഹ് മികളുടെ പക്ഷത്തായിരുന്ന സന്ദർഭമായിരുന്നു അത്. അവർ ജഹ്‌മികളോടൊപ്പം  നിന്ന് ഖുർആൻ സൃഷ്ടിയാണെന്നതുപോലുള്ള സ്വിഫാത് നിഷേധത്തിൽ ജഹ് മികളല്ലാത്തവരെ മുഴുവൻ കാഫിറാക്കി. കാഫിറിൻെറ എല്ലാവിധികളും അത്തരക്കാരുടെമേൽ ചുമത്തി… എന്നിട്ടും ഇമാം അഹ് മദ് തന്നെ തുറുങ്കിലടക്കുകയും മർദ്ദിക്കുകയും ചെയ്ത ഭരണാധികാരിക്കുവേണ്ടി പ്രാർത്ഥിക്കുകയും പാപമോചനംതേടുകയും ചെയ്തു. തന്നോട് അവർ ചെയ്ത അക്രമങ്ങളിൽ നിന്നും, കുഫ്റിൻെറ വാദഗതികളിലേക്ക് ക്ഷണിക്കുകപോലുള്ള ചെയ്തികളിൽ നിന്നും അവരെ മുക്തരാക്കി. അവർ മതഭ്രഷ്ടരായിരുന്നുവെങ്കിൽ അവർക്കുവേണ്ടി പാപമോചനം തേടൽ അനുവദനീയമാവില്ലല്ലോ. കാരണം കാഫിറിനുവേണ്ടി പാപമോചനമർത്ഥിക്കൽ കിതാബും സുന്നത്തും ഇജ്‌മാഉം കൊണ്ട് അനുവദനീയമല്ലാത്തതാണ്. ഇമാം അഹ്‌മദിൻെറയും മറ്റും ഇമാമുകളുടെയും മേൽ വാക്കുകളിൽനിന്നും പ്രവൃത്തികളിൽനിന്നും വ്യക്തമാകുന്നത്, ഖുർആൻ സൃഷ്ടിയാണ്, അല്ലാഹുവിനെ പരലോകത്ത് വെച്ച് കാണുക സാധ്യമല്ല എന്നൊക്കെ വാദിക്കുന്ന ജഹ്‌മികളികളെ തന്നെ അവർ വ്യക്തികളെ  നിർണ്ണയിച്ചു കാഫിറാക്കിയിട്ടില്ല എന്നാണ്. എന്നാൽ ഇമാം അഹ്‌മദ് അവരിൽപെട്ട നിർണ്ണിതരായ ചില വ്യക്തികളെ കാഫിറാക്കിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഇമാം അഹ്‌മദിൽനിന്ന് രണ്ട് രൂപത്തിലും ഉദ്ധരണികൾ വന്നിട്ടുണ്ടെന്നുള്ള പ്രസ്താവം സംശയാസ്പദമാണ്. അല്ലെങ്കിൽ അത് വിശദീകരിക്കേണ്ടതായി വരും. അങ്ങനെയെങ്കിൽ പറയാവുന്നത്, അദ്ദേഹം ഏതെങ്കിലും ഒരു വ്യക്തിയെ നിർണ്ണയിച്ച് കാഫിറാക്കിയിട്ടുണ്ടെങ്കിൽ അത് ആ വ്യക്തിയിൽ നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും പ്രതിബന്ധങ്ങൾ ഇല്ലാതാവുകയും ചെയ്തിട്ടുള്ളതിനാലാണ്. എന്നാൽ അവരിൽ പലരെയും അദ്ദേഹം കാഫിർ ആക്കാതിരുന്നത് അവരുടെ കാര്യത്തിൽ അത് പൂർത്തീകരിക്കപ്പെടാത്തതിനാലുമാണ്. അതേ സമയം ജഹ്‌മിയ്യഃത്തിൻെറ കാര്യത്തിൽ അദ്ദേഹം പൊതുവായ തക്‌ഫീർ നടത്തുകയും ചെയ്തിട്ടുണ്ട്». (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

(13) മുസ്‌ലിം ഭരണാധികാരികളെ കാഫിറായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥകൾ മുസ്‌ലിം ബഹുജനങ്ങളുടേതിനെക്കാൾ കണിശമാണ്. ഭരണാധികാരികളുടെ അവകാശങ്ങളും അവരോട് പ്രജകൾക്കുള്ള കടമകളും വിശദീകരിക്കുന്ന ഹദീസുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിനായി രണ്ടു നബിവചനങ്ങൾ മാത്രം ഉദ്ധരിക്കാം.

عَنْ جُنَادَةَ بْنِ أَبِي أُمَيَّةَ، قَالَ: دَخَلْنَا عَلَى عُبَادَةَ بْنِ الصَّامِتِ، وَهُوَ مَرِيضٌ، قُلْنَا: أَصْلَحَكَ اللَّهُ، حَدِّثْ بِحَدِيثٍ يَنْفَعُكَ اللَّهُ بِهِ، سَمِعْتَهُ مِنَ النَّبِيِّ ﷺ، قَالَ: دَعَانَا النَّبِيُّ ﷺ فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا: أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ، فِي مَنْشَطِنَا وَمَكْرَهِنَا، وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لاَ نُنَازِعَ الأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا، عِنْدَكُمْ مِنَ اللَّهِ فِيهِ بُرْهَانٌ. [البخاري في صحيحه]

«ജുനാദഃ ബിൻ അബീ ഉമയ്യഃ പറയുന്നു: ഉബാദതു ബിൻ അസ്സ്വാമിത് –رَضيَ اللهُ عَنْهُ– രോഗിയായിരിക്കെ ഞങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചു. ഞങ്ങൾ പറഞ്ഞു: അല്ലാഹു താങ്കൾക്ക് എല്ലാം ഭേദമാക്കട്ടെ. നബി ﷺ യിൽനിന്ന് താങ്കൾ കേട്ട ഒരു ഹദീസ് ഞങ്ങൾക്ക് പറഞ്ഞു തന്നാലും. അതു മുഖേന താങ്കൾക്ക് അല്ലാഹു നന്മ വരുത്തുട്ടെ. അദ്ദേഹം പറഞ്ഞു: നബി ﷺ ഒരിക്കൽ ഞങ്ങളെ വിളിച്ചു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിനു ബൈഅത്ത് ചെയ്തു. അവിടുന്ന് ഞങ്ങളോട് വാങ്ങിയ ഉടമ്പടിയിൽ ഇപ്രകാരം പറഞ്ഞു: ഞങ്ങളുടെ ഉന്മേഷത്തിലും മുഷിപ്പിലും പ്രയാസത്തിലും എളുപ്പത്തിലും ഞങ്ങളുടെ മേൽ സ്വാർത്ഥത കാണിക്കുമ്പോഴുമെല്ലാം ഞങ്ങൾ കേൾക്കാമെന്നും അനുസരിക്കാമെന്നും ബൈഅത്ത് ചെയ്യുന്നു; ഭരണാധികാരത്തിൻെറ കാര്യത്തിൽ അതിൻെറ അവകാശികളോട് ഞങ്ങൾ എതിർപ്പ് ഉയർത്തുകയില്ലെന്നും – അവരിൽനിന്നും പ്രത്യക്ഷമായ കുഫ്ർ കണ്ടാലല്ലാതെ. അതിന് ഞങ്ങളുടെ പക്കൽ അല്ലാഹുവിങ്കൽനിന്നുള്ള സ്പഷ്ടമായ തെളിവുണ്ട് താനും». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

عَنْ أُمِّ سَلَمَةَ، زَوْجِ النَّبِيِّ ﷺ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ، فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ، وَمَنْ أَنْكَرَ فَقَدْ سَلِمَ، وَلَكِنْ مَنْ رَضِيَ وَتَابَعَ، قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ: لَا، مَا صَلَّوْا. [مسلم في صحيحه]

«നബി ﷺ യുടെ പത്നി ഉമ്മു സലമഃ –رَضيَ اللهُ عَنْهَا– നിവേദനം. നബി ﷺ പറയുന്നു: നിങ്ങളുടെ മേൽ ചില നേതാക്കൾക്കു ചുമതല നൽകപ്പെടും. നിങ്ങൾ നന്മയായി മനസ്സിലാക്കിയതും തിന്മയായി മനസ്സിലാക്കിയതുമായ കാര്യങ്ങൾ അവരിൽനിന്നും നിങ്ങൾ കാണാനിടവരും. അതിനോട് ആർ അനിഷ്ടം പുലർത്തിയോ അവൻ മുക്തനായി. ആർ എതിർപ്പ് കാണിച്ചോ അവൻ രക്ഷപ്പെട്ടു. മറിച്ച്, ആരെങ്കിലും തൃപ്തിപ്പെടുകയും പിന്തുടരുകയും ചയ്താൽ… അവർ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടെ? അവിടുന്ന് പറഞ്ഞു: അരുത്, അവർ നമസ്കാരം നിലനിർത്തുന്നിടത്തോളം». (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)