വ്യക്തത: അഹ്ലുസ്സുന്നഃയുടെ വ്യതിരിക്തത ‌


നബി ﷺ യുടെ മാർഗ്ഗം പിന്തുടരുന്ന അഹ്‌ലുസ്സുന്നഃയെ മനുഷ്യയുക്തിയും തന്നിഷ്ടങ്ങളും പിന്തുടരുന്ന അഭീഷ്ടക്കാരിൽനിന്നും (أهل الأهواء) വേർതിരിക്കുന്ന മുഖ്യമായ വ്യതിരിക്തതകളിൽപെട്ടതാണ് വിശ്വാസപരമായ വിഷയങ്ങളിലും (المسائل) നയനിലപാടുകളിലുമുള്ള (المناهج) വ്യക്തതയും കൃത്യതയും. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:

وأهل السنة يتبعون الحق من ربهم الذي جاء به الرسول ولا يكفرون من خالفهم فيه، بل هم أعلم بالحق، وأرحم بالخلق. [ابن تيمية في منهاج السنة النبوية]

[അഹ്ലുസ്സുന്നഃ പിന്തുടരുന്നത് അവരുടെ റബ്ബിൻെറ അടുക്കൽനിന്ന് റസൂൽ ﷺ കൊണ്ടുവന്നിട്ടുള്ള സത്യത്തെയാണ്. തങ്ങളോട് വിയോജിക്കുന്നവരെ കാഫിറാക്കുന്നവരല്ല അവർ. അവരാണ് സത്യത്തെ ഏറ്റവും നന്നായി അറിയുന്നവരും സൃഷ്ടികളോട് ഏറ്റവും കാരുണ്യമുള്ളവരും.] (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നത്തിന്നബവിയ്യഃയിൽ രേഖപ്പെടുത്തിയത്)

ശൈഖുൽ ഇസ്‌ലാമിൻെറ മേൽ വാക്കുകൾ വളരെ ഗഹനമാണ്. അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സുപ്രധാന ആശയങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം:

  1. അഹ്ലുസ്സുന്നഃ പിൻപറ്റുന്നത് അല്ലാഹു റസൂലിന് അവതരിപ്പിച്ച സത്യത്തെ മാത്രമാണ്.
  2. വിയോജിക്കുന്നവരെ മതഭ്രഷ്ടരായി മുദ്രകുത്തുക (تكفير) എന്നത് അവരുടെ രീതിയല്ല. തന്നിഷ്ടങ്ങൾ പിന്തുടരുന്ന അഭീഷ്ടക്കാരുടെ (أهل الأهواء والبدع) ഈ പിഴച്ച രീതിയിൽ നിന്ന് അവർ മുക്തരാണ്.
  3. സത്യത്തെ ഏറ്റവും നന്നായി അറിയുന്നു എന്നതാണ് അഹ്ലുസ്സുന്നഃയുടെ ശ്രദ്ധേയമായ സവിശേഷത.
  4. ‘ജനങ്ങളിൽ വെച്ച് സത്യം ഏറ്റവും നന്നായി അറിയുന്നവർ’ (أعلم الناس بالحق) എന്ന പ്രയോഗത്തിൽ ഒന്നാമതായി അവർ അവരുടെ റബ്ബിനെയും, രണ്ടാമതായി അവൻ അവർക്ക് നൽകിയ ദീനിനെയും, മൂന്നാമതായി അവൻ അവരിലേക്ക് നിയോഗിച്ച ദൂതനെയും സംബന്ധിച്ച് സൂക്ഷ്മവും സമഗ്രവുമായി അറിയുന്നവരാണ് എന്ന വിഷയം ഉൾക്കൊള്ളുന്നു.
  5. അല്ലാഹുവിനെയും അവൻെറ ദീനിനെയും ദൂതനെയും ശരിയായ നിലയിൽ മനസ്സിലാക്കിയവരായതിനാൽ തന്നെ അവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ കഴിയില്ല.
  6. അറിവിൻെറയും കരുണയുടെയും അടിസ്ഥാനത്തിലാണ് പടപ്പുകളോടുള്ള അവരുടെ മുഴുവൻ ഇടപെടലുകളും. അതിനാൽ ശിർക്കിനെ ശിർക്കായും കുഫ്റിനെ കുഫ്റായും ബിദ്അത്തിനെ ബിദ്അത്തായും മറ്റു തെറ്റുകളെ അവയുടെ ഗൗരവമനുസരിച്ചുമാണ് അവർ വിലയിരുത്തുന്നതും വിധിക്കുന്നതും. അതിരുവിട്ട അന്യായങ്ങളോ അലംഭാവപൂർണ്ണമായ വീഴ്ചകളോ അവർ വരുത്തില്ലെന്നു സാരം.
വ്യക്തതയുടെ അടിസ്ഥാനം

അവർ പിന്തുടരുന്നത് അല്ലാഹുവിങ്കൽനിന്നുള്ള വഹ്‌യിനെയാണ്. അത് സത്യാസത്യങ്ങളെ വേർതിരിക്കുന്നതും വിഷയങ്ങളിൽ മതിയായ വ്യക്തത നൽകുന്നതുമാണ്. അല്ലാഹു പറയുന്നു:

﴿وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ فَيُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ وَهُوَ الْعَزِيزُ الْحَكِيمُ﴾ (إبراهيم: 4)

[കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കേണ്ടതുള്ളതിനാൽ ഒരു റസൂലിനെയും തൻെറ ജനതയുടെ ഭാഷയിലല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേർവഴിയിൽനിന്ന് തെറ്റിക്കുകയും അവനുദ്ദേശിക്കുന്നവരെ നേർവഴിയെ നയിക്കുകയും ചെയ്യുന്നു. അല്ലാഹു ഏറെ പ്രതാപവാനും സൂക്ഷ്മജ്ഞാനിയായ വിധികർത്താവുമാണ്.] (ഇബ്റാഹീം 4)

﴿وَكَذَلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ﴾ (الأنعام: 55)

[അപ്രകാരം നമ്മുടെ ദൃഷ്ടാന്തങ്ങൾ നാം വിശദമാക്കിക്കൊടുക്കുന്നു. അപരാധികുളുടെ വഴി വേർതിരിഞ്ഞു വ്യക്തമാകേണ്ടതുള്ളതിനാൽ.] (അൽ അൻആം 55)

സത്യവും അസത്യവും സന്മാർഗ്ഗവും ദുർമാഗ്ഗവും വേർതിരിച്ച് വ്യക്തമാക്കിത്തരലാണ് വഹ്‌യിൻെറ ലക്ഷ്യം. അല്ലാഹു പറയുന്നു:

﴿لِيَهْلِكَ مَنْ هَلَكَ عَنْ بَيِّنَةٍ وَيَحْيَى مَنْ حَيَّ عَنْ بَيِّنَةٍ وَإِنَّ اللَّهَ لَسَمِيعٌ عَلِيمٌ﴾ (الأنفال: 42)

[നശിച്ചവൻ വ്യക്തമായ തെളിവ് ലഭിച്ചിട്ട് നശിക്കുകയും ജീവിക്കുന്നവൻ വ്യക്തമായ തെളിവുകളിൽ അതിജീവിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണത്. നിശ്ചയം അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.] (അൽ അൻഫാൽ 42)

ഫുർഖാൻ അഥവാ സത്യാസത്യ വിവേചനം എന്നത് ഖുർആനിൻെറ വിശേഷണവും, ഖുർആനിൻെറ മറ്റൊരു നാമവും കൂടിയാണ്. ഇതേ വിശേഷണം തന്നെ മുഹമ്മദ് നബി ﷺ ക്ക് നൽകപ്പെട്ടതായും കാണാം.

ومحمد فَرْقٌ بين الناس. [البخاري في صحيحه]

[മുഹമ്മദ് നബി ﷺ യാകട്ടെ ജനങ്ങൾക്കിടയിൽ സത്യാസത്യങ്ങളെ വിവേചിച്ചു കാണിക്കുന്നവനാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ജീവിതത്തിൽ സത്യവിശ്വാസവും സൂക്ഷ്മതയും പുലർത്തുന്നവർക്കുള്ള അല്ലാഹുവിൻെറ വാഗ്ദാനവും ഫുർഖാൻ തന്നെയാണ്. അല്ലാഹു പറയുന്നു:

﴿يَا أَيُّهَا الَّذِينَ آمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا وَيُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ﴾ (الأنفال: 29)

[സത്യവിശ്വാസികളെ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചാൽ അവൻ നിങ്ങൾക്ക് ഫുർഖാൻ (സത്യാസത്യ വിവേചനം) നൽകും. നിങ്ങളുടെ തെറ്റുകൾ മാപ്പാക്കുകയും നിങ്ങൾക്ക് പാപമോചനം നൽകുകയും ചെയ്യും. അല്ലാഹു മഹത്തായ ഔദാര്യമുള്ളവനാണ്.] (അൻഫാൽ 29)

സത്യത്തെത്തെയും അസത്യങ്ങളെയും വേർതിരിച്ചറിയാനുള്ള ആ ഫുർഖാൻ ലഭിച്ചു എന്നതാണ് അഹ്ലുസ്സുന്നഃയുടെ സവിശേഷത. അത് ഖുർആനിൽനിന്നും സുന്നത്തിൽനിന്നും കാര്യങ്ങൾ തെറ്റാതെ ഗ്രഹിക്കാനുള്ള പക്വമായ ഗ്രാഹ്യതയുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻ തൻെറ ബുദ്ധിയെ വഹ്‌യിലൂടെ നൽകപ്പെട്ട അറിവുകൊണ്ട് കടിഞ്ഞാണിടാതെ അവൻെറ ഗ്രാഹ്യത അഥവാ ഫഹ്‌മ് നേരെയാവില്ല. ഫഹ്‌മ് നേരെയാവാതെ ഫുർഖാൻ അഥവാ സത്യാസത്യവിവേചനം സിദ്ധിക്കുകയുമില്ല.

അവ്യക്തമായ സംഗ്രഹമല്ല, സുവ്യക്തമായ വിശദീകരണമാണ് അഹ്ലുസ്സുന്നഃയുടെ രീതി

ദീനിൻെറ മൗലികമോ മൗലികേതരമോ ആയ ഏതു വിഷയത്തിലും അഹ്ലുസ്സന്നഃയുടെ പണ്ഡിതന്മാർക്ക് മതിയായ വ്യക്തയുണ്ടായിരിക്കും. അവർ വിഷയങ്ങളെ സമീപിക്കുന്നത് അവയുടെ വിശദാംശങ്ങളിലും സവിശേഷ തലങ്ങളിലുമായിരിക്കും. കാര്യങ്ങൾ സാമാന്യമായി അവതരിപ്പിക്കുകയും അവ്യക്തതകൾ അവശേഷിപ്പിക്കുകയും ചെയ്യുക എന്ന രീതി അവർക്കില്ല. വിഷയങ്ങൾ സവിസ്തരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണവർ. സവിശേഷവും അനന്യവുമായ തലങ്ങളിലാണ് അവർ വിഷയങ്ങൾ വിശകലനം ചെയ്യുന്നത്. കാരണം അവർ അറിവ് തേടുന്ന സ്രോതസ്സ് വഹ്‌യ് മാത്രമാണ്. അവർ പിന്തുടരുന്ന വൈജ്ഞാനിക മാർഗ്ഗം നബി ﷺ യുടെയും അനുചരന്മാരുടേതുമാണ്. അതിൽ വക്രതകളോ അവ്യക്തതകളോ ഇല്ല.

عن العرباض بن سارية رَضِيَ اللهُ عَنْهُ يقول: وعظنا رسول الله ﷺ موعظة ذرفت منها العيون ووجلت منها القلوب، فقلنا يا رسول الله، إن هذه لموعظة مودع، فماذا تعهد إلينا؟ قال: قد تركتكم على البيضاء، ليلها كنهارها، لا يزيغ عنها بعدي إلا هالك… [ابن ماجة في سننه وصححه الألباني]

[ഇർബാള് ബിൻ സാരിയഃ رَضِيَ اللهُ عَنْهُ നിവേദനം. റസൂലുല്ലാഹി ഞങ്ങൾക്ക് ഒരു ഉപദേശം നൽകി – കണ്ണുകൾ നിറയുകയും ഹൃദയങ്ങൾ വിറകൊള്ളുകയും ചെയ്ത ഉപദേശം! ഞങ്ങൾ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, തീർച്ചയായും ഇത് യാത്ര പറയുന്നവൻ നൽകുന്ന ഉപദേശമാണല്ലോ!! അതിനാൽ താങ്കൾ ഞങ്ങൾക്കു നൽകുന്ന ഉടമ്പടി എന്താണ്? അവിടുന്ന് പറഞ്ഞു: വെള്ളിവെളിച്ചമുള്ള ഒരു മഹാവീഥിയിലാണ് ഞാൻ നിങ്ങളെ വിട്ടേച്ചുപോകുന്നത്. അതിലെ രാവുകൾ പോലും പകലുകൾ പോലെയാണ്. നശിച്ചവനല്ലാതെ എൻെറ ശേഷം അതിൽനിന്ന് വ്യതിചലിച്ചു പോവുകയില്ല.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

അഹ്ലുസ്സുന്നഃ പിന്തുടരുക സുവ്യക്തവും ഖണ്ഡിതവുമായ പ്രമാണ രേഖകളെയാണ്. വ്യാഖ്യാനങ്ങൾക്ക് പഴുതു നൽകുന്ന, ഇരു ഭാഗങ്ങളോടും സാദൃശ്യം പുലർത്തുന്ന സംശയാസ്പദമായ പരാമർശങ്ങളെ അവർ ഖണ്ഡിതമായ വചനങ്ങളിലേക്ക് മടക്കും. കാരണം ഖണ്ഡിതമായ വചനങ്ങളെയാണ് ദീനിൻെറ ആധാരങ്ങളായി കണക്കാക്കേണ്ടത്. എന്നാൽ ഇസ്‌ലാമിൻെറ മുഖ്യധാരയിൽനിന്ന് വ്യതിചലിച്ച കക്ഷികൾ സംശയാസ്പദമായ വചനങ്ങളുടെ മറപിടിക്കുകയും ഖണ്ഡിതവും സുവ്യക്തവുമായ വചനങ്ങളെ മറികടക്കുകയും ചെയ്യും. അവർ ആഗ്രഹിക്കുന്നത് ദീൻ അവരുടെ തന്നിഷ്ടങ്ങൾക്ക് വഴങ്ങണമെന്നാണ്. അതിനു വേണ്ടി ഇത്തരം സംശയാസ്പദമായ വചനങ്ങളുടെ മറവിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും തങ്ങളുടെ യുക്തികളും അഭീഷ്ടങ്ങളും വ്യാഖ്യാന രൂപേണ ദീനിലേക്ക് കടത്തിക്കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നത് കാണുക:

﴿هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ﴾ (آل عمران: 7)

[അവനാണ് താങ്കൾക്ക് ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നത്. അതിൽ ഖണ്ഡിതമായ വചനങ്ങളുണ്ട് – അവയാണ് ഗ്രന്ഥത്തിൻെറ അടിസ്ഥാനം – മറ്റു ചില സംശയാസ്പദമായ വചനങ്ങളുമുണ്ട്. ഹൃദയങ്ങളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചും ദുർവ്യാഖ്യാനം നടത്താൻ ആഗ്രഹിച്ചും സംശയാസ്പദമായ വചനങ്ങളെ പിന്തുടരുന്നു. അവയുടെ സാക്ഷാൽ വ്യാഖ്യാനം അല്ലാഹുവിന്നല്ലാതെ അറിയുകയില്ല. അറിവിൽ അടിയുറച്ചവർ പറയുക ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു, എല്ലാം ഞങ്ങളുടെ റബ്ബിൽനിന്നുള്ളതാകുന്നു എന്നാണ്. ബുദ്ധിശാലികളല്ലാതെ കാര്യങ്ങൾ ഉൾക്കൊള്ളുകയില്ല.] (ആലു ഇംറാൻ 7)

ദീൻ ആദിമവിശുദ്ധിയോടെ നിലനിൽക്കുമ്പോൾ മാത്രമേ സംശയങ്ങൾ ദൂരീകരിക്കപ്പെടുകയും വ്യതിരിക്തത കൈവരികയും ചെയ്യുകയുള്ളു. യുക്തിയും അഭീഷ്ടങ്ങളും ദീനിലേക്ക് കടത്തിക്കൂട്ടിയാൽ അവിടെ സംശയങ്ങളും അവ്യക്തതകളും അനിവാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ അഭീഷ്ടങ്ങളുടെയും അനാചാരങ്ങളുടെയും വക്താക്കൾ തങ്ങളുടെ വൈരുദ്ധ്യങ്ങളെ സാമാന്യത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. വല്ലപ്പോഴും വിശദീകരണങ്ങളിലേക്ക് പ്രവേശിക്കേണ്ടി വന്നാൽ അവർ സത്യാസത്യങ്ങൾ കൂട്ടിക്കുഴക്കുന്നതു കാണാം. ഇത് എല്ലാ വ്യാജവാദികളുടെയും പൊതുവായ ശൈലിയാണ്. അഹ്ലുസ്സുന്നഃ മാത്രം ഇതിൽനിന്ന് മുക്തരാണ്. അവർ പിന്തുടരുന്ന സത്യമാർഗ്ഗത്തിൽ അവ്യക്തമായി ഒന്നുമില്ല. എല്ലാം വ്യക്തവും വിശദവുമാണ്. അവർ ഓരോ വിശദാംശത്തിലും കൃത്യത പാലിക്കുന്നവരുമാണ്. സുന്നത്തിൻെറ മാർഗ്ഗത്തിൽനിന്നും വ്യതിചലിച്ച് നാശം സ്വയം തെരഞ്ഞെടുത്തവരാകട്ടെ അവരുടെ അടുക്കലുള്ളതിൽ ഏറ്റവും വിശിഷ്ടമായത് പോലും സത്യവുമായി കൂട്ടികലർത്തിയ അസത്യമായിരിക്കും. അത് കേവല അസത്യത്തെക്കാൾ അപകടകരവുമാണ്. അല്ലാഹു പറയുന്നു:

﴿وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ﴾ (البقرة: 42)

[നിങ്ങൾ സത്യവും അസത്യവും തമ്മിൽ കൂട്ടിക്കുഴക്കുകയും അറിഞ്ഞുകൊണ്ട് സത്യത്തെ മൂടിവെക്കുകയും ചെയ്യരുത്.] (ബഖറഃ 42)

﴿يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ﴾ (آل عمران: 71)

[ഗ്രന്ഥാവകാശികളേ! എന്തിനാണ് നിങ്ങൾ സത്യത്തെ അസസത്യവുമായി കൂട്ടിക്കുഴക്കുകയും അറിഞ്ഞുകൊണ്ട് സത്യത്തെ മറച്ചുവെക്കുകയും ചെയ്യുന്നത്.] (ആലു ഇംറാൻ 71)

സാമാന്യവും നിരുപാധികവുമായുള്ള പ്രതിപാദനങ്ങൾ കൊണ്ട് വിഷയങ്ങളിൽ മതിയായ വ്യക്തതയും വ്യതിരിക്തതയും വരുത്താനാവില്ല. മറിച്ച് കാര്യങ്ങൾ വ്യവഛേദിക്കുകയും വിസ്തരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ മൗലിക യാഥാർത്ഥ്യത്തെ കുറിച്ച് ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ നൂനിയ്യഃയിൽ പറയുന്നത് കാണുക:

فعليك بالتفصيل والتمييز ۞  فالإطلاق والإجمال دون بيان
قد أفسدا هذا الوجود وخبطا ۞   الأذهان والآراء كل زمان

ഈ വരികളിലടങ്ങിയ ആശയങ്ങൾ നമുക്ക് പരിശോധിക്കാം: നീ അവലംബിക്കേണ്ടത് കാര്യങ്ങൾ വിശദീകരിക്കുയും വസ്തുതകൾ വ്യവഛേദിച്ചു കാണിക്കുകയും ചെയ്യുന്ന രീതിയാണ്. ആവശ്യമായ വിശദീകരണങ്ങളില്ലാത്ത പൊതുവായ പ്രതിപാദനങ്ങളും സംഗ്രഹങ്ങളുമാണ് ഈ ലോകത്തെ കുഴപ്പത്തിലാക്കിയത്. അതേ പോലെ, വ്യക്തത വരുത്താതെ മൊത്തത്തിൽ അവതരിപ്പിക്കുന്ന രീതിയാണ് ജനങ്ങളുടെ ബുദ്ധിയെയും ചിന്തയെയും താറുമാറാക്കിയതും.

അഹ്ലുസ്സുന്നഃ സത്യത്തെ അതിൻെറ വിശദമായ രൂപത്തിൽ പിൻപറ്റുകയും ജനങ്ങൾക്ക് അത് വേർതിരിച്ചു വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. അവരുടെ കരുത്ത് ആശയങ്ങളുടെ വ്യക്തതയിലാണ്. എന്നാൽ അഭീഷ്ടങ്ങളുടെയും അനാചാരങ്ങളുടെയും വക്താക്കൾ ഒരിക്കലും കാര്യങ്ങൾ വിസ്തരിക്കുകയില്ല. മറിച്ച് സാമാന്യങ്ങളുടെയും സംഗ്രഹങ്ങളുടെയും മറപിടിച്ച് തങ്ങളുടെ ന്യൂനതകളിൽനിന്നും ആന്തരവൈരുധ്യങ്ങളിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയേ ഉള്ളു. അഹ്ലുസ്സുന്നഃയുടെ രീതികളിൽനിന്ന് അകലുന്നതിനനുസരിച്ച് വിഷയങ്ങളിൽ അവ്യക്തയും ആശയക്കുഴപ്പവും കടന്നു വരിക സ്വാഭാവികമാണ്. ഇത്തരം സന്ദർഭങ്ങൾ വിശുദ്ധ ഖൂർആൻ വിവരണത്തിൻെറ താളുകളിൽ കാണാൻ സാധിക്കുന്നുണ്ട്. അതിനുള്ള പരിഹാരം വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അഹ്ലുസ്സുന്നഃയുടെ രീതികൾ അവലംബിക്കുക മാത്രമാണ്.