ഖുർആനും സുന്നത്തുമാണ് ഒന്നും രണ്ടും പ്രമാണങ്ങൾ. മൂന്നാമത്തേത് ഇജ്‌മാഉം. ഈ പദത്തിൻെറ ഭാഷാർത്ഥം ഏകോപനം എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലുള്ള മുജ്‌തഹിദുകളെല്ലാവരും, ഖുർആനിലോ സുന്നത്തിലോ വ്യക്തമായ വിധി വന്നിട്ടില്ലാത്ത ഒരു കാര്യത്തിൻെറ വിധി കണ്ടെത്തുന്നതിൽ ഏകോപിക്കുന്നതിനാണ് സാങ്കേതികമായി ഇജ്‌മാഅ് എന്നു പറയുക. മതവിധി നിർദ്ധാരണം ചെയ്തെടുക്കാൻ പ്രാപ്തരായ പണ്ഡിതന്മാരെയാണ് മുജ്‌തഹിദുകൾ എന്ന് വിശേഷിപ്പിക്കാറുള്ളത്. മുസ്‌ലിം സമുദായത്തിലെ മുജ്‌തഹിദുകളെയാണ് ഇജ്‌മാഇനു പരിഗണിക്കുക. പാമരന്മാർക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വ്യക്തവും ശക്തവുമായ പ്രമാണരേഖകളില്ലാത്ത വിഷയങ്ങളിലാണ് ഇജ്‌മാഇന് സാധുതയുള്ളത്. മുജ്‌തതഹിദുകൾ ഇപ്രകാരം ഒരു മതവിധിയിൽ ഏകോപിക്കുന്നതിന് അവർക്ക് ഖുർആനിൽനിന്നോ സുന്നത്തിൽനിന്നോ ഉള്ള ഒരു അവലംബം അനിവാര്യമാണ്. അതു കൊണ്ടു തന്നെ ഇജ്‌മാഅ് വഹ്‌യിൽനിന്ന് അന്യവും ഭിന്നവുമായി നിലക്കൊള്ളുന്ന ഒരു സ്വതന്ത്ര പ്രമാണമല്ലെന്നു പറയാം.
ഇസ്‌ലാം മനുഷ്യരാശിക്ക് മൊത്തമായി അല്ലാഹു അവതരിപ്പിച്ച മതമാണ്. ആദമിനെ സ്വർഗ്ഗലോകത്തു നിന്ന് ഭൂലോകത്തേക്ക് മാറ്റിപാർപ്പിച്ചതു മുതൽ ലോകാവസാനം വരെയുള്ള മനുഷ്യർക്കു പിന്തുടരാനുള്ള മതം. അത് ഒരു സിദ്ധാന്തമല്ല, ആത്യന്തിക യാഥാർത്ഥ്യമാണ്. അതിനു താത്വികമായ തലം മാത്രമല്ല പ്രായോഗിക വശം കൂടിയുണ്ട്. അത് പുസ്തകത്താളുകളിൽ ഒതുങ്ങാനുള്ളതല്ല, ജീവിത യാഥാർത്ഥ്യങ്ങളിൽ പുലരാനുള്ളതാണ്. മുൻകാല ദൂതന്മാർ പ്രബോധനം ചെയ്തതിനെ സാമാന്യ ഇസ്‌ലാമെന്നും അന്തിമ ദൂതനായ മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്തതിനെ സവിശേഷ ഇസ്‌ലാമെന്നും പറയാം. അവിടുത്തെ പ്രബോധനത്തിൻെറ പൂർത്തീകരണം അറിയിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا…﴾ إلخ. (المائدة: 3)
[ഇന്നേ ദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം സമ്പൂർണ്ണമാക്കിത്തന്നിരിക്കുന്നു. എൻെറ അനുഗ്രഹം നിങ്ങളിൽ ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. ദീനായി ഇസ്‌ലാമിനെ നിങ്ങൾക്ക് ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.] (മാഇദഃ 3)
ഈ സൂക്തം സാമാന്യവും സവിശേഷവുമായ ഇസ്‌ലാമിൻെറ പൂർത്തീകരണം കൂടിയാണ് വിളംബരം ചെയ്യുന്നത്. ഇനി ഒരു നബി വരാനില്ല. ഒരു ഗ്രന്ഥം ഇറങ്ങാനുമില്ല. അന്ത്യനാൾ വരെയുള്ള മുഴുവൻ ജനങ്ങൾക്കും മാർഗ്ഗദർശനം മുഹമ്മദ് നബി ﷺ ക്ക് ഖുർആനായും സുന്നത്തായും ലഭിച്ച വഹ്‌യ് മാത്രമാണ്. ലോകാവസാനം വരെ അല്ലാഹു തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ (الحجر: 9)
[തീർച്ചയായും നാമാണ് ഈ സന്ദേശം ഇറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും.] (ഹിജ്ർ 9)
ഏടുകളിൽ നിലനിൽക്കുന്ന ഈ സന്ദേശം ഇസ്ലാമിൻെറ താത്വിക തലത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാൽ ആ വഹ്‌യിൻെറ ജീവിക്കുന്ന പ്രതികളും സത്യത്തിൻെറ സാക്ഷികളുമായ ഒരു ന്യൂനപക്ഷത്തെ അല്ലാഹു ലോകാവസാനം വരെ ഭൂലോകത്ത് നിലനിർത്തും. അനുഗൃഹീതരായ ഈ വിഭാഗം ഇസ്‌ലാമിൻെറ പ്രയോഗതലത്തെ പ്രതിനിധാനം ചെയ്യുന്നു. അല്ലാഹുവിൻെറ സംരക്ഷണ വാഗ്‌ദാനം ഇസ്‌ലാമിൻെറ താത്വികവും പ്രായോഗികവുമായ തലങ്ങൾക്ക് ഒരു പോലെ ബാധകമാണ്. അല്ലാഹുവിൻെറ ഈ സംരക്ഷണ വാഗ്‌ദാനമാണ് ഇജ്‌മാഇനുള്ള അടിസ്ഥാനവും. നബി ﷺ പറയുന്നു:
عَنْ عُمَيْرَ بْنِ هَانِئٍ، أَنَّهُ سَمِعَ مُعَاوِيَةَ، يَقُولُ: سَمِعْتُ النَّبِيَّ ﷺ يَقُولُ: لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خَذَلَهُمْ، وَلاَ مَنْ خَالَفَهُمْ، حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ. [البخاري في صحيحه]
[മുആവിയഃ പറയുന്നു, നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: എൻെറ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിൻെറ ശാസനയിൽ തന്നെ നിലക്കൊള്ളും. അവരുടെ എതിരാളികളോ, കൂടെ നിന്നു കൈയൊഴിയുന്നവരോ അവർക്ക് ഒരു ദോഷവും വരുത്തില്ല. അല്ലാഹുവിൻെറ അന്തിമ കൽപന അവർക്ക് വന്നെത്തുന്നതുവരെ അവർ അതിൽ തന്നെയായിരിക്കും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്).
നബി ഇക്കാര്യം ഒന്നുകൂടി വ്യക്താക്കുന്നത് കാണുക:
عن كعب بن عاصم الأشعري: سمع النبي ﷺ يقول: إن الله قد أجار أمتي من أن تجتمع على ضلالة. [ابن أبي عاصم في السنة، وحسنه الألباني]
[കഅ്ബു ബിൻ ആസ്വിം നിവേദനം. നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു: ഒരു വഴികേടിൽ ഏകോപിക്കുന്നതിൽനിന്ന് എൻെറ സമുദായത്തെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)
മുസ്‌ലിംകൾ ഒന്നടങ്കം ഒരു കാര്യത്തിൽ ഏകോപിച്ചാൽ അക്കാര്യം ശരിയായിരിക്കും, ഒരിക്കലും തെറ്റായിരിക്കില്ല. വഴികേടിൽ ഏകോപിക്കുന്നതിൽനിന്ന് ഈ സമുദായത്തിന് അല്ലാഹു സംരക്ഷണം നൽകിയിരിക്കുന്നു. സത്യത്തിൽ നിലകൊള്ളുന്ന ഒരു വിഭാഗം ലോകാവാസാനം വരെ ഇവിടെ ഉണ്ടായിരിക്കും. ഏകോപനത്തിൽ അവരും പങ്കാളികളാകയാൽ അത് സത്യമാകാതിരിക്കാൻ നിർവ്വാഹമില്ല. ഈ വസ്തുത യാണ് ഇജ്‌മാഇൻെറ ആധികാരികതക്കും പ്രാമാണികതക്കും അടിസ്ഥാനം.
മുകളിൽ വിശദീകരിച്ച യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിലാണ് ഇജ്‌മാഅ് ലംഘിക്കാൻ പാടില്ലാത്ത ഒരു പ്രമാണമായി മുസ്‌ലിംകൾ സ്വീകരിച്ചുപോരുന്നത്. ഇജ്മാഅ് ലംഘിക്കുകയും മുസ്‌ലിംകളുടെ ഏകോപനത്തിൽനിന്ന് വിഘടിച്ചു നിൽക്കുകയും ചെയ്യുന്നത് പാപമാണ്, കടുത്ത ശിക്ഷ ലഭിക്കുമെന്ന് താക്കീത് ചെയ്യപ്പെട്ട കുറ്റമാണ്. അല്ലാഹു പറയുന്നത് കാണുക:
﴿وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا﴾ (النساء: 115)
[സന്മാർഗ്ഗം വ്യക്തമായതിനു ശേഷം ആരെങ്കിലും നബി ﷺ യോട് വിഘടിക്കുകയും വിശ്വാസികളുടെതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നുവോ അവൻ തിരിഞ്ഞിടത്തേക്ക് അവനെ നാം തിരിച്ചുവിടും. അവനെ നാം നരകത്തിൽ വെച്ച് കരിക്കുകയും ചെയ്യും. അത് എത്രയോ ദുഷിച്ച പര്യവസാനം തന്നെ.] (നിസാഅ് 115)
ഇജ്‌മാഇൻെറ സാധുതയും പ്രാമാണികതയും മുകളിൽ കൊടുത്ത വിശദീകരണത്തിൽനിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇജ്‌മാഇൻെറ പേരിലുള്ള വാദങ്ങളും യാഥാർത്ഥ്യവും അൽപം സങ്കീർണ്ണവും ഗഹനവുമായ ചർച്ചയാണ്. നിദാന വിഷയങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ അതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ കാണാം. ഏതെല്ലാം കാലങ്ങളിൽ ഏതെല്ലാം വിഷയങ്ങളിൽ ഇജ്‌മാഅ് ഉണ്ടായിട്ടുണ്ട് എന്നത് സൂക്ഷ്മമായ പഠനം അർഹിക്കുന്നു. ഇജ്‌മാഅ് എന്ന പേരിൽ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം യഥാർത്ഥ ഇജ്‌മാഅല്ല. തദ്വിഷയകമായി തുടക്കക്കാരായ പഠിതാക്കൾ അറിഞ്ഞിരിക്കേണ്ട ലളിതമായ ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കാം.
സച്ചരിതരായ മുൻഗാമികളുടെ കാലത്ത് പല വിഷയങ്ങളിലും ഇജ്‌മാഅ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രാമാണികരായ പണ്ഡിതന്മാരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും സർവ്വാംഗീകൃതമായ ഒരു ചരിത്ര യാഥാർത്ഥ്യവുമാണ്. നബി ﷺ യുടെ വിയോഗത്തിനു ശേഷം നടക്കേണ്ടതും നടന്നതുമായ പലകാര്യങ്ങളിലും സഹാബത്തിൻെറ ഇജ്‌മാഅ് ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി ഖുർആൻ ക്രോഡീകരണത്തിൻെറ കാര്യം തന്നെ എടുക്കാം. നബി ﷺ യുടെ വിയോഗം വരെ വഹ്‌യ് തുടർന്നിരുന്നതിനാൽ ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെടാതെയാണ് അവിടുന്ന് മരണപ്പെട്ടത്. അവിടുത്തെ വിയോഗാനന്തരം സ്വഹാബത്തിൻെറ ഏകോപിച്ച വിധി അഥവാ ഇജ്‌മാഅ് പ്രകാരമാണ് ഖുർആൻ ഗ്രന്ഥമായി ക്രോഡീകരിച്ചത്. അതുമൂലം പിന്നീടുള്ള മുസ്‌ലിംകൾക്ക് അതു നിഷേധിക്കാനോ ലംഘിക്കാനോ പാടില്ലാത്ത കാര്യമായിത്തീർന്നു.
അതേപോലെ, മുസ്‌ലിം ദായക്രമമനുസരിച്ച് മതവിധി കണ്ടെത്തേണ്ട അപൂർവ്വമായ ചില പ്രശ്നങ്ങൾ നബി ﷺ യുടെ കാലശേഷം ഉടലെടുക്കുകയുണ്ടായി. അത്യപൂർവ്വമായ ഇത്തരം പ്രശ്നങ്ങൾ ഒരു തലമുറക്കുള്ളിൽ സംഭവിച്ചുകൊള്ളണമെന്നില്ല. നബി ﷺ യുടെ കാലത്ത് സംഭവിക്കാതെ ഖുലഫാക്കളുടെ കാലത്തുണ്ടായ ഇത്തരം വിഷയങ്ങളിലും സ്വഹാബത്ത് ഏകകണ്ഠമായ വിധി കൈകൊണ്ടിട്ടുള്ളതും ഇജ്‌മാഅ് രേഖപ്പെടുത്തിയിട്ടുള്ളതുമാകുന്നു.
എന്നാൽ മുൻഗാമികളുടെ കാല ശേഷം പല വിഷയങ്ങളിലും ഇജ്‌മാഅ് ഉണ്ടായതായി ഉദ്ധരിക്കപ്പെടാറുണ്ട്. അവയുടെ സാധുതയും യാഥാർത്ഥ്യവും സംശയത്തിൻെറ നിഴലിലാണ്. പണ്ഡിതന്മാർ കാര്യകാരണ സഹിതം അവ ചോദ്യംചെയ്തു കാണുന്നു. അവയുടെ ന്യായാന്യായങ്ങളിലേക്കും വിശദാംശങ്ങളി ലേക്കും പ്രവേശിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. അതേപോലെ, ഏതെങ്കിലും ഒരു മദ്ഹബിലെ ഫുഖഹാക്കൾ ഒരു കാര്യത്തിൽ ഏകോപിച്ചാൽ ആ മദ്ഹബുകാർ അതിനെ ഇജ്‌മാആയി വിശേഷിപ്പിക്കുന്നതു കാണാം. കൂടാതെ, അൽ ഇജ്‌മാഅ് എന്ന പേരിൽ ഒന്നിലധികം ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുമുണ്ട്. അവയെല്ലാം തന്നെ യഥാർത്ഥത്തിൽ ഇജ്‌മാഅ് അല്ലെന്നു പറയേണ്ടതില്ലല്ലോ. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ യെ ഉദ്ധരിച്ചുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കാം.
والإجماع هو الأصل الثالث الذي يعتمد عليه في العلم والدين، وهم يزنون بهذه الأصول الثلاثة جميع ما عليه الناس من أقوال وأعمال باطنة أو ظاهرة مما له تعلق بالدين، والإجماع الذي ينضبط هو ما كان عليه السلف الصالح، إذ بعدهم كثر الاختلاف وانتشرت الأمة. (ابن تيمية في مجموع فتاويه)
[ഇജ്‌മാഅ് ആണ് അറിവിനും ദീനിനും അവലംബിക്കാനുള്ള മൂന്നാമത്തെ ആധാരം. ഈ മൂന്ന് ആധാരങ്ങൾ കൊണ്ടാണ് മതവുമായി ബന്ധപ്പെട്ട് ജനം കൈകൊള്ളുന്ന പ്രത്യക്ഷവും പരോക്ഷവുമായ മുഴുവൻ വാക്കുകളെയും പ്രവർത്തനങ്ങളെയും അവർ അളക്കുന്നത്. വ്യവസ്ഥാപിതമായ ഇജ്‌മാഅ് സച്ചരിതരായ മുൻഗാമികൾ കൈകൊണ്ടതു മാത്രമാണ്. എന്തെന്നാൽ അവർക്കു ശേഷം അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കുകയും സമുദായം വ്യാപിച്ചു പോവുകയും ചെയ്തു.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)