ഇസ്‌ലാമിക വിശ്വാസ സംഹിത

[മൻഹജും മസ്അലയും]


മനുഷ്യരുടെ ഇഹപര വിജയത്തിനായി അല്ലാഹു ഇറക്കിയ മതത്തെ കുറിച്ച് വ്യവഹരിക്കാൻ ഇസ്‌ലാം എന്ന പദമാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ അതിനു പകരം ഈമാൻ എന്ന വാക്ക് ഉപയോഗിക്കും. സൂക്ഷ്മാർത്ഥത്തിൽ, ഈമാൻ എന്നത് മതത്തിൻെറ ആന്തരികാംശത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്‌ലാം, ഈമാൻ എന്നീ വാക്കുകൾ വ്യത്യസ്ത സന്ദർഭങ്ങളിൽ തനിച്ച് ഉപയോഗിക്കുമ്പോൾ രണ്ടിനും ഒരേ അർത്ഥമാണ് കൽപിക്കുക. അല്ലാഹു അവതരിപ്പിച്ച സത്യമതം എന്നതാണ് അതിൻെറ വിവക്ഷ. രണ്ടും ഒരുമിച്ചു പ്രയോഗിക്കുമ്പോൾ ഇസ്‌ലാം എന്നത് ദീനിൻെറ ബാഹ്യാംശത്തെയും ഈമാൻ എന്നത് ദീനിൻെറ ആന്തരികാംശത്തെയും സൂചിപ്പിക്കുന്നു. ഈമാൻ എന്ന വാക്കിൻെറ പര്യായമായിട്ടാണ് അഖീദഃ (عقيدة ج عقائد) എന്ന ശബ്ദം പണ്ഡിതന്മാർ ഉപയോഗിച്ചു വരുന്നത്.

ഈമാൻ രൂപപ്പെടുന്നത്
അഴിക്കാനാവാത്ത വിധം ഹൃദയത്തിൽ കുരുക്കിയിട്ടത് (عقد القلب), അതാണ് ഈമാൻ. മലയാളത്തിൽ അതിനു വിശ്വാസം എന്നു പറയുന്നു. ഒരു ധാരണ ഈമാൻ ആയി രൂപപ്പെടണമെങ്കിൽ കുറേ ഘട്ടങ്ങൾ തരണം ചെയ്യേണ്ടതുണ്ട്.

1. ഏതു കാര്യത്തെ കുറിച്ചാണോ വിശ്വാസം രൂപപ്പെടുത്തുന്നത് അതിനെ കുറിച്ച് ഒരു ധാരണ അനിവാര്യമാണ്. അക്കാര്യം യഥാർത്ഥത്തിൽ എങ്ങനെയാണോ ഉള്ളത് അതിനു വിരുദ്ധമായ ഒരു മുൻധാരണ മനസ്സിലുണ്ടെങ്കിൽ ആ മുൻധാരണക്ക് സങ്കീർണ്ണമായ അജ്ഞത (جهل مركب) എന്നു പറയാം. ഈമാൻ രൂപപ്പെടണമെങ്കിൽ ആദ്യമായി ഈ സങ്കീർണ്ണമായ അജ്ഞത ദൂരീകരിക്കണം. അതിനായി അക്കാര്യത്തെ കുറിച്ചുള്ള തെറ്റായ മുൻധാരണകളും മൂഢസങ്കൽപങ്ങളും ആദ്യമേ തുടച്ചുമാറ്റി മനസ്സിനെ വൃത്തിയാക്കണം.

2. വിശ്വാസം രൂപപ്പെടുത്താൻ പോകുന്ന കാര്യത്തെ കുറിച്ച് മുകളിൽ പറഞ്ഞ തരത്തിലുള്ള സങ്കീർണ്ണമായ അജ്ഞത നിലനിൽക്കുന്നില്ല. അതേ പോലെ അതിനെ കുറിച്ച് ശരിയായ ധാരണകളും മനസ്സിലില്ല; ശൂന്യത മാത്രമാണ് നിലനിൽക്കുന്നത്. ഈ അവസ്ഥക്ക് ലളിതമായ അജ്ഞത (جهل بسيط) എന്നു പറയാം. ഈമാൻ രൂപപ്പെടുത്തണമെങ്കിൽ ലളിതമായ അജ്ഞതയും ദൂരീകരിക്കണം. ഒന്നാമത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തെ അവസ്ഥ കൈകാര്യം ചെയ്യാനും പരിഹരിക്കാനും എളുപ്പമാണെന്നു മാത്രം.

3. ഒരു വിഷയത്തെ കുറിച്ചുള്ള ധാരണ ശരിയോ തെറ്റോ എന്നു തീർച്ചയില്ല. തെറ്റായിരിക്കാൻ കൂടിയ സാധ്യതയുണ്ട്. ശരിയായിരിക്കാൻ വളരെ കുറഞ്ഞ സാധ്യതയേ ഉള്ളു. എങ്കിൽ അതിന് ഹീനമായ പരികൽപന (وهم) എന്നു പറയാം. ധാരണകളിൽ ഏറ്റവും ദുർബ്ബലമത്രെ ഇത്. ഇത്തരം ധാരണകൾ അറിവിൻെറയോ വിശ്വാസത്തിൻെറയോ പരിധിയിൽ വരില്ല.

4. ഒരു വിഷയത്തെ കുറിച്ചുള്ള ധാരണ തെറ്റാനും ശരിയാകാനുമുള്ള സാധ്യത തുല്യമാണെങ്കിൽ അതിന് സന്ദേഹം (شك) എന്നു പറയാം. ഇതും അറിവിൻെറയോ വിശ്വാസത്തിൻെറയോ പരിധിയിൽ വരുന്നില്ല.

5. ഒരു വിഷയത്തെ കുറിച്ചുള്ള ധാരണ ശരിയായിരിക്കാൻ കൂടിയ സാധ്യതയുണ്ട്. എന്നാൽ തെറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല താനും. ഇത്തരം ധാരണകൾക്ക് മികച്ച ഊഹം (ظن) എന്നു പറയാം. ഇതും വിശ്വാസത്തിൻെറ പരിധിയിൽ വരില്ല.

6. ഒരു വിഷയത്തെ കുറിച്ചുള്ള ധാരണ യഥാതഥവും സുദൃഢവുമാണ്. അത് തെറ്റാനുള്ള സാധ്യത നിലനിൽക്കുന്നില്ല താനും. എങ്കിൽ ആ ധാരണക്ക് അറിവ് (علم) എന്ന് പറയാം. ഇത്തരം അറിവുകൾ ഘനീഭവിക്കുകയും, എല്ലാവിധ സംശയങ്ങൾക്കും ചാഞ്ചല്യങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും അതീതമായി നിലക്കൊള്ളുകയും, അപ്രതിഹതമാം വിധം മനസ്സിനെ പുണരുകയും ചെയ്യുമ്പോൾ അത് ഈമാനായി രൂപപ്പെടുന്നു. അല്ലാഹു പറയുന്നു:

﴿إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ أُولَٰئِكَ هُمُ الصَّادِقُونَ﴾  (الحجرات: 15)

[അല്ലാഹുവിലും അവൻെറ ദൂതനിലും വിശ്വസിക്കുകയും അതിൽ ഒട്ടും സംശയിക്കാതിരിക്കുകയും, സ്വത്തുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിൻെറ മാർഗ്ഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാണ് വിശ്വാസികൾ. അവർ തന്നെയാണ് സത്യവാന്മാർ.] (ഹുജുറാത് 15)

വിശ്വാസത്തിൻെറ പൊരുൾ
ഈമാനിൻെറ പൊരുൾ എന്താണ്? അതിൽനിന്ന് ഒഴിവാക്കാനാവാത്ത ഘടകങ്ങൾ ഏതൊക്കെയാണ്? ഇതു സംബന്ധിച്ച് പ്രമുഖമായ എട്ടു വീക്ഷണങ്ങൾ നിലവിലുണ്ട്. ഒന്നൊഴികെ മറ്റെല്ലാം പിഴച്ചവയാണ്. ഈമാനിൻെറ പൊരുളിനെ കുറിച്ച് (ِمُسَمَّى الإِيمَان) അല്ലാഹു അവതരിപ്പിച്ചതും മുഹമ്മദ് നബി ﷺ പഠിപ്പിച്ചതും സ്വഹാബത് സ്വീകരിച്ച് അടുത്ത തലമുറക്ക് കൈമാറിയതും ലോകാവസാനം വരെയുള്ള സത്യത്തിൻെറ കക്ഷി പുലർത്തുന്നതുമായ വിശ്വാസം ഇപ്രകാരമാണ്:

  • ഈമാൻ അഥവാ വിശ്വാസം വാക്കും പ്രവർത്തിയും ചേർന്നതാണ്.
  • പ്രവർത്തി മനസ്സുകൊണ്ടാവാം ശരീരാവയവങ്ങൾ കൊണ്ടാകാം.
  • അതിനാൽ ഈമാൻ എന്നത് ഹൃദയം കൊണ്ടുള്ള സത്യപ്പെടുത്തലും നാവുകൊണ്ടുള്ള പ്രഖ്യാപനവും ശരീരാവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങളുമാണ്.
  • ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
  • പുണ്യകർമ്മങ്ങൾ ഈമാൻ വർദ്ധിപ്പിക്കുന്നു. പാപങ്ങൾ ഈമാൻ കുറക്കുന്നു.

നബി ﷺ പറഞ്ഞതായി അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം ചെയ്യുന്നു:

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: الْإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ. [مسلم في صحيحه]

[ഈമാൻ എഴുപതിൽപരമോ അല്ലെങ്കിൽ അറുപതിൽപരമോ ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠം لا إله إلا الله എന്ന സത്യസാക്ഷ്യത്തിൻെറ പ്രഖ്യാപനമാണ്. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽനിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ ഈമാനിൻെറ ഒരു ശാഖയത്രെ.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ വചനത്തിൽ നബി ﷺ ഈമാനിൻെറ പൊരുൾ എന്താണെന്നും അതിൻെറ അവിഭാജ്യ ഘടകങ്ങൾ ഏതൊക്കെയാണെന്നും സോദാഹരണം വിവരിച്ചിരിക്കുന്നു. നബി ﷺ പറയുന്നു: ”ഈമാനിൽ ഏറ്റവും ശ്രേഷ്ഠം, അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ലെന്ന പരമസത്യം മനസ്സുകൊണ്ട് സത്യപ്പെടുത്തി നാവുകൊണ്ട് പ്രഖ്യാപിക്കലാണ്.” വാക്ക് അഥവാ നാവുകൊണ്ടുള്ള ഉരുവിടൽ ഈമാനിൻെറ പൊരുളിൽ ഉൾപ്പെടുമെന്നതിനുള്ള മതിയായ തെളിവും ഉദാഹരണവുമാണിത്.

ശേഷം നബി ﷺ വിവരിക്കുന്നു: ”ഈമാനിൽ ഏറ്റവും താഴെയുള്ളത് വഴിയിൽനിന്ന് ഉപദ്രവം നീക്കലാണ്.” ഇത് ശരീരാവയവങ്ങൾ കൊണ്ടുള്ള ഒരു പ്രവർത്തനമാണ്. അല്ലാഹു അനുശാസിച്ചത് അവനു വേണ്ടി അവൻ നിർദ്ദേശിച്ച രൂപത്തിൽ ഞാൻ നിർവ്വഹിക്കുന്നു എന്ന ഉത്തമ ബോധ്യത്തിൽ ശരീരാവയവങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ ഈമാനിൻെറ ഭാഗമാണ്, വഴിയിൽനിന്ന് ഉപദ്രവം നീക്കുന്നതു പോലും. ശരീരാവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങൾ ഈമാനിൻെറ പൊരുളിൽ ഉൾപ്പെടുമെന്നതിന് ഇതിനപ്പുറം ഒരു തെളിവോ ഉദാഹരണമോ വേണ്ടതില്ല.

തുടർന്ന് നബി ﷺ പറയുന്നു: ”ലജ്ജ ഈമാനിൻെറ ഒരു ശാഖയത്രെ.” ലജ്ജ ഹൃദയത്തിൻെറ പ്രവർത്തനമാണ്; ഒരു മനോവ്യാപാരമാണ്. ഹൃദയം ലജ്ജയാൽ സക്രിയമാകുമ്പോൾ അനാവശ്യമായ കാര്യങ്ങളെ മസ്തിഷ്കത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.വിലക്കപ്പെട്ട വസ്തുക്കൾ തൻെറ വയറിലെത്തുകയുമില്ല. ഇത്തരം ഉന്നതമായ ഒരു സംസ്കൃതി രൂപപ്പെടുന്നത് മാനസികമായ പ്രവർത്തനങ്ങളുടെ ഫലമായാണ്. മനസ്സിൻെറ ഇത്തരം പ്രവർത്തനങ്ങൾ ഈമാനിൽനിന്ന് ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ്. ഹൃദയം തൊട്ടുള്ള സത്യപ്പെടുത്തലുകളും ഹൃദയം കൊണ്ടുള്ള മറ്റു പ്രവർത്തനങ്ങളും അല്ലാഹുവിനു വേണ്ടി അവൻ നിർദ്ദേശിച്ച വിധേനയാണെങ്കിൽ അത് ഈമാനിൻെറ പൊരുളിൽ പെട്ടതാണെന്നതിനുള്ള മതിയായ രേഖയാണിത്. ഈ നബിവചനവും സമാനമായ മറ്റു പ്രമാണ രേഖകളും മുൻനിർത്തി അഹ്‌ലുസ്സുന്നഃ വിശ്വസിക്കുന്നത് മനസ്സുകൊണ്ടുള്ള സത്യപ്പെടുത്തലും നാവുകൊണ്ടുള്ള പ്രഖ്യാപനവും ശരീരാവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനവും ഈമാനിൻെറ പൊരുളിൽ (مُسَمَّى الإِيمَان) ഉൾപ്പെടുന്നു എന്നാണ്.

ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്നു. മനസ്സിൻെറയും നാവിൻെറയും ശരീരാവയവങ്ങളുടെയും പരിശ്രമങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. പുണ്യകർമ്മങ്ങൾ ചെയ്യുമ്പോൾ ഈമാൻ വർദ്ധിക്കുന്നു. പാപങ്ങൾ കൊണ്ട് ഈമാൻ കുറയുന്നു. ഒരാൾ ചെയ്യുന്ന പുണ്യ പാപങ്ങൾക്കനുസരിച്ച് അയാളുടെ ഈമാൻ വൃദ്ധിക്ഷയങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കും എന്ന് നിരവധി പ്രമാണരേഖകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാൽ ഈമാൻ കൂടുകയും കുറയുകയും ചെയ്യുമെന്നതും അഹ്‌ലുസ്സുന്നഃയുടെ വിശ്വാസ കാര്യങ്ങളിൽപെട്ടതാണ്. അല്ലാഹു പറയുന്നു:

﴿إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ (الأنفال: 2)

[അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ നടുങ്ങുകയും അവൻെറ വചനങ്ങൾ വായിച്ചു കേൾപ്പിക്കപ്പെട്ടാൽ അത് അവരിൽ ഈമാൻ വർദ്ധിപ്പിക്കുകയും അവരുടെ റബ്ബിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവർ; അവർ മാത്രമാണ് വിശ്വാസികൾ.] (അൽ അൻഫാൽ 2)

അല്ലാഹുവിനെ കുറിച്ച് സ്മരിക്കുമ്പോൾ ഹൃദയം നടുങ്ങുന്നവരാണ് വിശ്വാസികൾ. ഈ സ്മരണ മനസ്സുകൊണ്ടാവാം. അല്ലെങ്കിൽ നാവുകൊണ്ടുള്ള ഉരുവിടലാകാം. രണ്ടും പുണ്യകർമ്മം തന്നെ. ഈ പുണ്യകർമ്മം ഈമാൻ വർധിപ്പിക്കുന്നു. അതിൻെറ പ്രതിഫലനമാണ് ഹൃദയത്തിൻെറ നടുക്കവും വിറയലും. അല്ലാഹുവിൻെറ വചനങ്ങൾ വായിക്കപ്പെട്ടാൽ അത് അവരുടെ ഈമാൻ വർധിപ്പിക്കും. വായന നാവിൻെറ പ്രവർത്തനമാണ്. പാരായണം ചെയ്യപ്പെടുന്നത് അല്ലാഹുവിൻെറ വചനങ്ങളാകയാൽ അത് പുണ്യകർമ്മമാണ്. അത് സാകൂതം ശ്രവിക്കുന്നത് കാതിൻെറയും മനസിൻെറയും പ്രവർത്തനങ്ങളാണ്. ശ്രവിക്കപ്പെടുന്നത് അല്ലാഹുവിൻെറ വചനങ്ങളാകയാൽ അതും പുണ്യകർമ്മമാണ്. ആ പുണ്യകർമ്മം അവരുടെ ഈമാൻ വർധിപ്പിക്കുന്നു. പുണ്യകർമ്മങ്ങൾ മുഖേന ഈമാൻ വർദ്ധിക്കുന്നു എന്ന യഥാർത്ഥ്യം സുതരാം വ്യക്തമാക്കിയിരിക്കുകയാണിവിടെ. ഈമാൻ വർധിപ്പിക്കുന്നു എന്ന പരാമർശം ഈമാനിൻെറ നിലയിലുള്ള ഏറ്റ വ്യത്യാസത്തെയാണ് കുറിക്കുന്നത്. ഇത് ഈമാനിൻെറ വൃദ്ധിക്ഷയങ്ങൾക്കുള്ള വ്യക്തമായ തെളിവാണ്.

മേൽ വിവരണത്തിൽനിന്നും ഇസ്‌ലാമിക വിശ്വാസ സംഹിത ദീനിൻെറ കാതലായ എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്നതാണെന്ന് വ്യക്തമായല്ലോ. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ, വിശ്വാസം എന്നത് കേവലമായ അറിവോ മനസ്സമ്മതമോ മാത്രമല്ല. മറിച്ച്, മനസ്സിൻെറയും നാവിൻെറയും ശരീരാവയവങ്ങളുടെയും പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് വിശ്വാസം. ഇസ്‌ലാമിക വിശ്വാസ സംഹിതക്ക് സുപ്രധാനമായ രണ്ടു വശങ്ങളുണ്ട്.

(ഒന്ന്) മൻഹജ് (المنهج أو المناهج)
മൻഹജ് (منهج ج مناهج) എന്ന അറബി പദത്തിൻെറ അർത്ഥം മാർഗ്ഗം, വഴി എന്നൊക്കെയാണ്. സാങ്കേതികമായി, മതപരമായ വിഷയങ്ങളോടുള്ള സമീപന രീതികളും നയനിലപാടുകളുമാണ് മൻഹജ് എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി, പ്രമാണ വാക്യങ്ങളെ സലഫുകൾ മനസ്സിലാക്കിയ പോലെ മാത്രമേ വ്യാഖ്യാനിക്കാവൂ എന്നത് അഹ്‌ലുസ്സുന്നഃയുടെ മൻഹജാണ്. എന്നാൽ അവയെ യുക്തിയനുസരിച്ച് വ്യാഖ്യാനിക്കുക എന്നത് ബിദ്അത്തിൻെറയും അഭീഷ്ടങ്ങളുടെയും ആളുകൾ പിന്തുടരുന്ന തെറ്റായ മൻഹജാണ്.

ദീൻ സ്വീകരിക്കുകയും ജീവിതത്തിൽ പകർത്തുകയും പ്രബോധനം നടത്തുകയും ചെയ്യുമ്പോൾ ഒരു വിശ്വാസി കൈക്കൊള്ളേണ്ട സമീപന രീതികളാണ് മൻഹജിൻെറ വിഷയം. ഒരു വ്യക്തി പിന്തുടരുന്ന മൻഹജിനനുസരിച്ചായിരിക്കും അയാളുടെ മതപരമാരമായ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത്. സലഫുകളുടെ മൻഹജ് പിന്തുടരുന്നവർ ജീവിതത്തിലുടനീളം ശരിയായ മാർഗ്ഗത്തിൽ മുന്നോട്ടുപോയി ലക്ഷ്യം പ്രാപിക്കുന്നു. സലഫുകളുടെതല്ലാത്ത മൻഹജ് പിന്തുടരുന്നവർക്ക് ഗുരുതരമായ വ്യതിയാനം സംഭവിക്കുകയും പിഴച്ച കക്ഷികളോടൊപ്പം നരകത്തിൽ എത്തുകയും ചെയ്യുന്നു. സലഫുകൾ കാണിച്ചു തന്ന മൻഹജിൻെറ ആകത്തുകയും അതിലെ സുപ്രധാനമായ വഴിയടയാളങ്ങളും ചുവടെ വിവരിക്കുന്നുണ്ട്.

(രണ്ട്)  മസാഇൽ (المسائل العقدية)
മസ്അലഃ (مسألة ج مسائل) എന്ന അറബി പദത്തിൻെറ അർത്ഥം വിഷയം, പ്രശ്നം എന്നൊക്കെയാണ്. ഒരു മുസ്‌ലിം മനസാ വാചാ കർമ്മണാ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കേണ്ടവനാണ്. അല്ലാഹുവിന് വഴിപ്പെടുക എന്നത് വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസ സംഹിതയിൽപെട്ട ഓരോരോ വിഷയങ്ങൾക്കുമാണ് അറബിയിൽ മസാഇൽ അഖ്‌ദിയ്യഃ (مسائل عقدية) എന്നു പറയുന്നത്. ഉദാഹരണമായി, അല്ലാഹു എവിടെയാണ് എന്നത് വിശ്വാസപരമായ ഒരു മസ്അലഃയാണ്. ചിലർ വാദിക്കുന്നത് അവൻ സർവ്വവ്യാപിയാണ് എന്നത്രെ. ഈ വാദത്തിലൊട്ടും ശരിയില്ല. മറിച്ച്, അവൻ സൃഷ്ടികൾക്ക് അതീതനും അർശിനും മീതെ ഉപരിയിലുള്ളവനുമാണ്. ഈ മസ്അലഃയെ കുറിച്ചുള്ള ശരിയായ വിശ്വാസം ഇതാണ്. ഇക്കാര്യം അനവധി നിരവധി പ്രമാണ രേഖകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. അത് എണ്ണുകയാണെങ്കിൽ ആയിരത്തിലധികം രേഖകൾ കാണുമെന്ന് പോലും പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ദീനായി ഒരു മുസ്‌ലിം അനുഷ്ഠിക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിശ്വാസപരമായ ഒരു പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരിക്കും. കർമ്മാനുഷ്ഠാനങ്ങളിൽനിന്ന് വിശ്വാസത്തെ വേർപെടുത്തുക സാധ്യമല്ല. അങ്ങനെ ചെയ്താൽ ആ കർമ്മം അല്ലാഹുവിങ്കൽ സ്വീകാര്യ യോഗ്യമായിരിക്കുകയുമില്ല. ഇക്കാരണത്താലാണ് മുൻഗാമികളായ അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാർ വിശ്വാസപരമായ വിഷയങ്ങളിൽ ബൂട്ടിന്മേൽ (المسح على الخفين) തടവൽ പോലുള്ള കാര്യങ്ങൾ വരെ ഉൾപ്പെടുത്തി ചർച്ച ചെയ്തിട്ടുള്ളത്.

വിശ്വാസ സംഹിത മൻഹജുകളും മസ്അലകളും കൂടിചേർന്നതാണ്. ഈ രണ്ടു വശങ്ങൾക്കും വലിയ പ്രാധാന്യമാണ് ദീനിലുള്ളത്. എങ്കിലും മൻഹജ് കൂടുതൽ ഗൗരവതരവും അതിലെ തെറ്റുശരികൾ ദൂരവ്യാപകമായ പ്രതികരണങ്ങൾ ഉളവാക്കുന്നവയുമായിരിക്കും. ഇസ്‌ലാമിൻെറ മുഖ്യധാരയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ തെറ്റിപ്പോയ കക്ഷികളുടെ പിഴവ് മൻഹജിലായിരുന്നു. അതിൻെറ പ്രത്യാഘാതം അവരുടെ ഇസ്‌ലാമിക ജീവിതത്തെ മൊത്തമായി തന്നെ ബാധിക്കുകയും ചെയ്തു. മൻഹജിയായ വ്യതിയാനം പ്രതിഫലിക്കുന്നത് ഒന്നോ രണ്ടോ മസ്അലകളിലായിരിക്കില്ല. മറിച്ച്, മതപരമായ നിരവധി വിഷയങ്ങളിലേക്ക് അത് നീണ്ടുപോവുക തന്നെ ചെയ്യും. അതിനാൽ സത്യത്തിൻെറ കക്ഷിയായ അഹ്‌ലുസ്സുന്നഃ പിന്തുടരുന്ന മൻഹജിൻെറ അഥവാ നയനിലപാടുകളുടെ ഒരു സംഗ്രഹം ചുവടെ ചേർക്കാം.

1. മതപരമായ അറിവും ദീനും സ്വീകരിക്കാനുള്ള സ്രോതസ്സ് വഹ്‌യ് മാത്രമായിരിക്കണം. അതായിരുന്നു സലഫുകളുടെ മാർഗ്ഗം. മറ്റൊരു സ്രോതസ്സിൽനിന്നും അവർ അറിവും ദീനും സ്വീകരിച്ചിട്ടില്ല. അവരുടെ രീതി കൈവിട്ടാൽ മതപരമായ മൊത്തം വിഷയങ്ങളിലും ഗുരുതരമായ പിഴവുകൾ സംഭവിക്കും.

2. വഹ്‌യിലൂടെ ലഭിച്ച പ്രമാണവാക്യങ്ങൾ മനസ്സിലാക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും അല്ലാഹു അറിയിച്ച, നബി ﷺ വിവരിച്ച, സ്വഹാബത്ത് മനസ്സിലാക്കിയ അതേ രൂപത്തിലായിരിക്കണം. ബുദ്ധി കൊണ്ടോ യുക്തി കൊണ്ടോ ശാസ്ത്രം കൊണ്ടോ  വേദം കൊണ്ടോ പ്രായോഗികതകൊണ്ടോ അല്ല അവയെ വ്യാഖ്യാനിക്കേണ്ടത്. അത്തരം വ്യാഖ്യാനങ്ങൾ അല്ലാഹുവിൻെറയും റസൂലിൻെറയും ഉദ്ദേശ്യങ്ങളിൽനിന്ന് വചനങ്ങളെ തെറ്റിച്ചു കളയുകയേ ചെയ്യൂ. പ്രമാണങ്ങളുടെ ശരിയായ വ്യാഖാനത്തിൽ അഹ്‌ലുസ്സുന്നഃയുടെ മൻഹജ് കൈവെടിഞ്ഞാൽ ദീൻ അക്ഷരങ്ങളിൽ ഒതുങ്ങുകയും ദീനിൻെറ ശരിയായ ആശയങ്ങൾ ചോർന്നു പോവുകയും ചെയ്യും.

3. തെളിവു പിടിക്കുന്ന രീതി(طريقة الاستدلال): ഒരു മുസ്‌ലിം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങളുടെയും മതവിധി കണ്ടെത്തുന്നതിനായി അവ ഖുർആനിലേക്കും സുന്നത്തിലേക്കുമാണ് മടക്കേണ്ടത്. അവയിൽനിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് മതവിധി നിശ്ചയിക്കേണ്ടത്. ഖുർആനിൽനിന്നും സുന്നത്തിൽനിന്നും ലഭിക്കുന്ന തെളിവുകളുടെ ശരിയായ അർത്ഥവും വ്യാഖ്യാനവും പ്രയോഗവും ഗ്രഹിക്കുന്നതിനു വേണ്ടി സലഫുകൾ മനസ്സിലാക്കിയ രീതിയെ (فهم السلف) അവലംബിക്കണം. സലഫുകൾ അവ എങ്ങനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തുവോ അതേ വിധത്തിൽ അവയെ ഗ്രഹിക്കുകയും വ്യാഖ്യാനിക്കുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്യണം. അതിനു വിപരീതമോ വ്യത്യസ്തമോ ആയ വ്യാഖ്യാനങ്ങൾ തെറ്റും വഴികേടുമാണ്.

ജീവിത പ്രശ്നങ്ങൾക്ക് ശരിയായ മതവിധി കണ്ടെത്തുകയെന്നത് പണ്ഡിതന്മാരുടെ ധർമ്മമാണ്.  തെളിവുകൾ കണ്ടെത്താനും മതവിധി നിശ്ചയിക്കാനും വേണ്ടി പണ്ഡിതന്മാരോട് ചോദിക്കുന്നതിനു പകരം അറിവില്ലാത്ത പാമര ജനങ്ങൾ പ്രമാണങ്ങൾ കൈകാര്യം ചെയ്യുന്നത് ആശാസ്യമായ പ്രവണതയല്ല. അത് അപകടം വരുത്തുകയേ ഉള്ളു. മറിച്ച് അറിയാത്ത കാര്യങ്ങൾ അവർ അറിവും സൂക്ഷ്മതയുമുള്ള അഹ്‌ലുസ്സുന്നത്തിൻെറ പണ്ഡിതന്മാരോട് ചോദിക്കുകയാണ് വേണ്ടത്. പണ്ഡിതന്മാർ പ്രമാണങ്ങളിൽനിന്ന് തെളിവുകൾ കണ്ടെത്തണം. നമുക്ക് മാതൃകയായി നബി ﷺ നിശ്ചയിച്ചു തന്നിട്ടുള്ള ഉത്തമരായ മൂന്നു തലമുറക്കാർ ആ തെളിവുകൾ എങ്ങനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്തു എന്ന് പരിശോധിക്കണം. തുടർന്ന് മാറിവരുന്ന ജീവിത സന്ദർഭങ്ങളിലേക്ക് അത് എങ്ങനെ പകർത്തണമെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യണം. ഇതാണ് പണ്ഡിത ധർമ്മം.

4. രാത്രിയും പകലും സമമല്ലാത്ത പോലെ പാമരരും പണ്ഡിതരും സമമാവില്ല. അല്ലാഹുവിനെ യഥാവിധം അറിഞ്ഞ് ഭയപ്പെടുന്നവരാണ് പണ്ഡിതന്മാർ. നവംനവങ്ങളായ പ്രശ്നങ്ങൾക്ക് പ്രമാണ രേഖകളുടെ വെളിച്ചത്തിൽ ശരിയായ മതവിധി കണ്ടെത്തുക എന്നത് അൽപം ശ്രമകരമായ ദൗത്യമാണ്. പണ്ഡിതന്മാർക്ക് മാത്രമേ അതിനു സാധിക്കുകയുള്ളു. തെളിവുകളുടെ സ്വീകാര്യത, വ്യക്തത, ബലാബലം, സാമാന്യത, സവിശേഷത, നിരുപാധികവും സോപാധികവുമായ പരാമർശങ്ങൾ, ദുർബ്ബലപ്പെടുത്തപ്പെട്ടവ, ഭേദഗതിവരുത്തപ്പെട്ടവ, മുൻഗണനാ വിഷയങ്ങൾ, പൊതു താൽപര്യങ്ങൾ തുടങ്ങി നിരവധി വസ്തുതകൾ പരിശോധിച്ചും വിലയിരുത്തിയും വേണം മതവിധി നിശ്ചയിക്കാൻ. മതവിധി നൽകുക എന്നത് ഒരു അമാനത്താണ്. അല്ലാഹുവിനെ കുറിച്ചും അവനു വേണ്ടിയുമാണ് മതവിധി നൽകുന്ന പണ്ഡിതൻ സംസാരിക്കുന്നത്. അത് ഏറെ ഗൗരവമുള്ള കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. സാധാരണക്കാർ അവർക്ക് അറിയാത്ത കാര്യങ്ങൾ സലഫുകളുടെ മാർഗ്ഗം പിന്തുടരുന്ന പണ്ഡിതന്മാരോട് ചോദിക്കണം. അവർ തെളിവിൻെറ അടിസ്ഥാനത്തിൽ നൽകുന്ന വിധികളും ഉപദേശങ്ങളും സ്വീകരിക്കണം. അവർക്ക് അർഹമായ ആദരവ് നൽകണം. ഇതാണ് സാധാരക്കാരുടെ കടമ. പണ്ഡിതരുടെ മാർഗ്ഗോപദേശങ്ങളില്ലായിരുന്നെങ്കിൽ ജനം കാലികളെക്കാൾ അധഃപതിക്കുമായിരുന്നു. അവരുടെ മേൽനോട്ടത്തിലും മാർഗ്ഗോപദേശത്തിലും ജീവിക്കുന്ന ജനം ഉപ്പമാരുടെ മടിത്തട്ടിൽ വളരുന്ന കുഞ്ഞുങ്ങളെ പോലെ സുരക്ഷിതരായിരിക്കും.

5. ബുദ്ധിയെക്കാൾ പ്രമാണങ്ങൾക്ക് മുൻഗണന നൽകണം. പ്രമാണ രേഖകൾക്ക് ആത്യന്തികതയും അപ്രമാദിത്വവുമുണ്ട്. അവയെക്കൊണ്ട് ബുദ്ധിയെയും യുക്തിയെയും നിയന്ത്രിക്കുകയാണ് വേണ്ടത്. അല്ലാതെ, പ്രമാണങ്ങളെക്കാൾ ബുദ്ധിക്ക് മേൽക്കൈ നൽകാവതല്ല. അഹ്‌ലുസ്സുന്നഃയുടെ ഈ മൻഹജിൽ നിന്ന് വ്യതിചലിച്ചാൽ മനുഷ്യരുടെ അഭീഷ്ടങ്ങളായിരിക്കും ലോകത്തെ വാഴുക. അതിൻെറ ഫലം സംഘർഷവും സർവ്വനാശവുമല്ലാതെ മറ്റൊന്നുമായിരിക്കില്ല.

6. മതപരമായ കാര്യങ്ങളിൽ തർക്കങ്ങളോ വിവാദങ്ങളോ കലഹങ്ങളോ പാടുള്ളതല്ല. പ്രതിയോഗിയെ കീഴ്‌പ്പെടുത്താനും അഹത്തെ തൃപ്തിപ്പെടുത്താനും നടത്തുന്ന സംവാദങ്ങൾ സത്യം കണ്ടെത്താനുള്ളതല്ല. അവ സത്യം നിഷേധിക്കാനും സത്യത്തെ ഹനിക്കാനും മാത്രമേ ഉതകുകയുള്ളു. അറിവില്ലാത്തവന് തെളിവ് കാണിച്ച് കാര്യം ബോധിപ്പിക്കുക. സ്വീകരിച്ചാൽ വക്താവിനും ശ്രോതാവിനും നല്ലത്. നിരാകരിച്ചാൽ ദോഷം നിരാകരിച്ചവനു മാത്രം. വിവരിച്ചു കൊടുത്തവൻ ബാധ്യത നിറവേറ്റി. അവനു അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യാം. അല്ലാതെ, നിരാകരിക്കുന്നവരെ സംവാദ വൈദഗ്ധ്യവും സമർത്ഥന വൈഭവവും ഉപയോഗിച്ച് ബലാൽക്കാരമായി നേർവഴി നടത്താൻ സാധ്യമല്ല. അതിന് അല്ലാഹു കൽപിച്ചിട്ടുമില്ല. ഇന്നു കാണുന്ന സംവാദ രീതികൾ അഹ്‌ലുസ്സുന്നത്തിന് അപരിചിതമാണ്. പ്രബോധനത്തിന് ഇത്തരം കൃത്രിമ രീതികൾ അവലംബിച്ചതും സലഫുകളുടെ മാർഗം കൈവിട്ടതുമാണ് ഇസ്‌ലാമിൻെറ നിർവ്യാപനത്തിനുള്ള മുഖ്യകാരണം. എന്നല്ല, ബിദ്അത്തുകാരെ വളർത്തുന്നതും അവർക്ക് ഊർജ്ജം നൽകുന്നതും ഇത്തരം അനാവശ്യ തർക്കങ്ങളും സംവാദങ്ങളുമാണ്.

7. അല്ലാഹുവിന്, അവൻെറ ശാസനകൾക്ക് സർവഥാ കീഴ്‌പ്പെടുക. മതപരമായ ഒരു കൽപനയെ കുറിച്ച് കേട്ടാൽ ആദ്യം ചെയ്യേണ്ടത് അത് അല്ലാഹുവിൻേറത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുകയാണ്. ആണെങ്കിൽ പിന്നെ യാതൊരു വിധ സന്ദേഹത്തിനും വീണ്ടുവിചാരത്തിനും പഴുത് നൽകാതിരിക്കുക. പിന്നീട് താൻ സ്വീകരിക്കേണ്ട നിലപാട്, അത് കേൾക്കുക, സ്വീകരിക്കുക, വിശ്വസിക്കുക, സർവഥാ കീഴ്‌പ്പെടുക എന്നതു മാത്രമായിരിക്കണം. യുക്തിയോ പ്രായോഗികതയോ ശാസ്ത്രമോ ആനുകാലികതയോ ഒന്നും തൻെറ മുന്നിൽ ഒരു തടസ്സമായിരിക്കാൻ പാടില്ല. അല്ലാഹുവിൻെറ കൽപനക്കു മുന്നിൽ, അവൻ പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ, വീണ്ടുവിചാരമില്ലാതെ കീഴ്‌പ്പെടുന്നതിലാണ് ഈമാനിൻെറ ആത്മാവ് കുടികൊള്ളുന്നത്. ഇതാണ് സലഫുകളുടെ മാർഗ്ഗം. ഈ മാർഗം ഉപേക്ഷിക്കുന്നവർ പിശാചിൻെറ മാർഗത്തിലേക്കാണ് വഴുതിപ്പോകുക.

8. ഐക്യം മുറുകെ പിടിക്കുക, ഭിന്നിപ്പ് വെടിയുക. ഇസ്‌ലാം അല്ലാഹുവിൻെറ മതമാണ്. അതിൻെറ പ്രബോധനം സാർവ്വകാലികവും സാർവ്വലൗകികവും സാർവ്വജനീനവുമാണ്. അതിൽ കക്ഷിത്വങ്ങൾക്ക് സ്ഥാനമില്ല. മനുഷ്യരെ ഒന്നായി കാണുന്ന മതമാണ് ഇസ്‌ലാം. അതിൽ സത്യവും അസത്യവും എന്ന വേർതിരിവു മാത്രമേയുള്ളു. ആർക്കും ആരെയും മുൻനിർത്തി കക്ഷിത്വവും ധ്രുവീകരണവും ഉണ്ടാക്കാനുള്ള വേദിയല്ല ഇസ്‌ലാം. മറിച്ച് എല്ലാവരും അല്ലാഹുവിൻെറ പാശം മുറുകെ പിടിക്കുക. ഈ ബലിഷ്ഠമായ ചരട് മനുഷ്യരെ ആകമാനം ഐക്യത്തിൽ കോർത്തിണക്കും. സത്യത്തിൻെറ മനോഹരമായ ഈ കോർവയിൽനിന്ന് തെറിച്ചു പോകുന്നത് സലഫുകളുടെ രീതിയല്ല. അനൈക്യത്തിനും ഛിദ്രതക്കും കാരണമാകുന്ന ചെറിയ സ്ഖലിതങ്ങൾ പോലും യഥാവിധം പഴുതടച്ച് പരിഹരിക്കുന്നതാണ് സലഫുകളുടെ മാർഗ്ഗം. ഇസ്‌ലാമിനെ ഒരു വൃത്തമായി കാണുകയും ആ വൃത്തത്തിനുള്ളിൽ ഭിന്നിപ്പിൻെറ വൃത്തങ്ങൾ വരക്കുന്ന ഛിദ്രശക്തികളെ പാടെ നിരാകരിക്കുകയും ചെയ്യുക എന്നതാണ് സലഫുകളുടെ അടിസ്ഥാന നിലപാട്. വ്യക്തികളുടെയോ, മദ്ഹബുകളുടെയോ, സംഘടനകളുടെയോ പേരിൽ മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്നതോ ഉടലെടുത്തു കൊണ്ടിരിക്കുന്നതോ ആയ ഒരു കക്ഷിയുമായും ഇസ്‌ലാമിന് യാതൊരുവിധ ബന്ധവുമില്ലെന്നത് അനിഷേധ്യമായ ഖുർആനികാശയമാണ്. ഈ തത്ത്വം മുൻനിർത്തി കൊണ്ടല്ലാതെ മതപരമോ സാമൂഹികമോ ആയ വിഷയങ്ങളിൽ യാതൊരുവിധ നീക്കങ്ങളും ഇസ്‌ലാം അനുവദിക്കുന്നുമില്ല.

9. ഭരണാധികാരികളെ അനുസരിക്കൽ: മുസ്‌ലിംകളെ ഭരിക്കാൻ അധികാര സ്ഥാനത്ത് വരികയും വ്യവസ്ഥാപിതമായ ഭരണക്രമം സ്ഥാപിക്കുകയും ചെയ്ത ഏതൊരു മുസ്‌ലിമിനെയും മുസ്‌ലിം ഭരണാധികാരി എന്നു പറയാം. മുസ്‌ലിം പ്രജകൾക്ക് അദ്ദഹത്തെ കേൾക്കാനും അനുസരിക്കാനുമുള്ള ബാധ്യതയുണ്ട്. അധികാരത്തിലേറിയ രീതി നോക്കി ഭരണാധികാരികളെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുക എന്നത് അഹ്‌ലുസ്സുന്നഃയുടെ നയനിലപാടുകളിൽ പെട്ടതല്ല. അവർ ഏത് രൂപത്തിൽ അധികാരത്തിലേറിയാലും, അധികാരത്തിൽ ഉറച്ചു കഴിഞ്ഞാൽ ഭരണാധികാരികളായി അംഗീകരിക്കാനും കലവറയില്ലാത്ത ഗുണകാംക്ഷ പുലർത്താനുമാണ് നബി ﷺ കൽപിച്ചിരിക്കുന്നത്. അല്ലാഹുവിനെ ധിക്കരിക്കാനുള്ള കൽപനയൊഴികെ മറ്റെല്ലാ കാര്യങ്ങളും കേൾക്കുകയും അനുസരിക്കുകയും ചെയ്യുക, അവർക്കെതിരിൽ വിപ്ലവമോ കലാപമോ ഉയർത്താതിരിക്കുക, ഭരണാധികാരികളെ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു മാർഗ്ഗത്തിലൂടെയും എതിർക്കാതിരിക്കുക, അവരെ തിരുത്താനോ ഉപദേശിക്കാനോ ഉദ്ദേശിക്കുന്നുവെങ്കിൽ അർഹരായ ആളുകൾ പരസ്യപ്പെടുത്താതെ അത് സ്വകാര്യമായി മാത്രം നിർവ്വഹിക്കുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, ഇവയെല്ലാം അവരോടുള്ള ഗുണകാംക്ഷയുടെ ഭാഗമാണ്.

10. മതപരമായ കാര്യങ്ങളിലെല്ലാം, അവ നയനിലപാടുകളാവട്ടെ (مَنَاهِج) സവിശേഷമായ പ്രശ്നങ്ങളാവട്ടെ (مَسَائِل), പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായ വ്യക്തത നേടുക എന്നത് സലഫുകളുടെ രീതിയാണ്. അല്ലാഹുവിൻെറ പാശം മുറുകെ പിടിക്കുന്നവരാകയാൽ അവർക്ക് എല്ലാ വിഷയങ്ങളിലും സൂക്ഷ്മവും വ്യക്തവുമായ ധാരണയുണ്ടായിരിക്കും. എന്നാൽ വ്യതിചലിച്ച കക്ഷികൾ സത്യവും അസത്യവും കൂട്ടിക്കുഴക്കുകയും വിഷയങ്ങളെ സങ്കീർണ്ണവൽകരിക്കുകയും നേർവഴികാണാനാവാതെ ഇരുട്ടിൽ തപ്പുകയും ചെയ്യുന്നത് കാണാം. അവർക്ക് മൻഹജിലുണ്ടായ പിഴവാണ് അതിനു കാരണം. മുകളിൽ പറഞ്ഞ മൻഹജിൻെറ ആധാരങ്ങൾ സന്ദർഭോചിതം വിശദീകരിക്കുന്നുണ്ട്. അവയും സമാനമായ മറ്റു കാര്യങ്ങളും മൻഹജിൻെറ ബാലപാഠങ്ങളാണ്.

മൻഹജ് പോലെ തന്നെ പ്രാധാന്യമുള്ള കാര്യങ്ങളാണ് വിശ്വാസപരമായ വിഷയങ്ങളും പ്രശ്നങ്ങളും. നബി ﷺ ഇഹലോകവാസം വെടിയുമ്പോൾ തൻെറ അനുയായികൾ ഒന്നടങ്കം മതപരമായ നയനിലപാടുകളിലും, മൗലികവും മൗലികേതരവുമായ വിഷയങ്ങളിലും ഏക മനസ്സോടെ ഒരേ മാർഗ്ഗത്തിൽ മുന്നോട്ടു പോകുന്നവരായിരുന്നു.

ഇസ്‌ലാമിൻെറ വിശ്വാസ സംഹിതയുടെ സവിശേഷത അവയുടെ വ്യക്തതയും ഭദ്രതയും പ്രായോഗികതയും മനോഹാരിതയുമാണ്. അത് മനസ്സിലാക്കുന്നതിന്ന്  ഇസ്‌ലാമിൽ വിശ്വാസപരമായ മസ്അലകൾ ക്രമീകരിച്ചിരിക്കുന്ന രീതി ഒന്നു പരിശോധിച്ചാൽ തന്നെ മതിയാകുന്നതാണ്.

• ദീൻ ആശ്ലേഷിക്കാൻ ആവശ്യമായ കാര്യം: അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ തരപ്പെട്ടവനായി ആരുമില്ലെന്നും മുഹമ്മദ് ﷺ അവൻ നിയോഗിച്ച അവസാത്തെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യത്തിൻെറ വചനം മനസാ വിശ്വസിച്ച് നാവു കൊണ്ട് പ്രഖ്യാപിക്കൽ.

• ഇസ്‌ലാമിക സമൂഹത്തിലെ ഒരു അംഗമായി ഗണിക്കാനാവശ്യമായ കാര്യം: സത്യസാക്ഷ്യത്തിൻെറ ഇരു മൊഴികളും പ്രഖ്യാപിച്ച ശേഷം അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം നിർവ്വഹിക്കുകയും സ്വത്തിൽ അല്ലാഹു നിശ്ചയിച്ച വിഹിതമായ സക്കാത്ത് നൽകുകയും ചെയ്യുന്നതോടെ ഒരു വ്യക്തിക്ക് ഇസ്‌ലാമിക സാഹോദര്യവും മുസ്‌ലിം സമൂഹത്തിലെ അംഗത്വവും ലഭിക്കുന്നു. ഇതോടെ മറ്റേതൊരു മുസ്‌ലിമിനും ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും അയാൾക്കു ലഭിക്കും. മറ്റേതൊരു മുസ്‌ലിമും വഹിക്കേണ്ടിവരുന്ന ബാധ്യതകൾ അയാൾക്കും ബാധകമായിത്തീരും.

﴿فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ (التوبة: 11)

[എന്നാല്‍ അവര്‍ സത്യത്തിലേക്ക് മടങ്ങുകയും, നമസ്കാരം യഥാവിധം നിര്‍വ്വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. കാര്യങ്ങൾ മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം വചനങ്ങൾ വിശദീകരിക്കുകയാണ്.] (തൗബഃ 11)

• ഈമാൻ നിലനിൽക്കണമെങ്കിൽ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ അഥവാ ഈമാനിൻെറ സ്തംഭങ്ങൾ (أَرْكَانُ الْإِيمَان): ജനങ്ങളെ ദീൻ പഠിപ്പിക്കാൻ വേണ്ടി ജിബ്‌രീൽ عَلَيْهِ السَلَام വരികയും ചോദ്യോത്തര രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ. ആ സന്ദർഭത്തിൽ ഈമാനിനെ കുറിച്ച് ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞത്: അല്ലാഹുവിൽ വിശ്വസിക്കുക, അവൻെറ മലക്കുകളിൽ വിശ്വസിക്കുക, അവൻെറ ഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, അവൻെറ ദൂതരിൽ വിശ്വസിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, വിധിയിൽ വിശ്വസിക്കുക എന്നാണ്. ഇവയാണ് ഈമാനിൻെറ റുക്‌നുകൾ. ഈ സ്തംഭങ്ങളിൽ ഒന്ന് വീണാൽ ഈമാൻ എന്ന സൗധം തന്നെ നിലം പൊത്തും. അതോടു കൂടി അയാൾ ഇസ്‌ലാമിൽ നിന്ന് പരിത്യാഗം ചെയ്തവനായിത്തീരുകയും ചെയ്യും.

• ഈമാനിൻെറ ശാഖകൾ: ഈമാൻ സ്തംഭങ്ങളിൽ ഒതുങ്ങുന്ന കാര്യമല്ല. അതിന്  എഴുപതിൽ പരം ശാഖകളുണ്ട്. ഇതു സംബന്ധിച്ച് നാം നേരത്തെ ഉദ്ധരിച്ച ഹദീസിനെ കുറിച്ച് ഇബ്‌നു ഹിബ്ബാൻ رَحِمَهُ اللهُ നൽകുന്ന വിവരണം വായിക്കുക:

فَجَعَلْتُ أَعُدُّ الطَّاعَاتِ مِنَ الْإِيمَانِ فَإِذَا هِيَ تَزِيدُ عَلَى هَذَا الْعَدَدِ شَيْئًا كَثِيرًا فَرَجَعْتُ إِلَى السُّنَنِ فَعَدَدْتُ كُلَّ طَاعَةٍ عَدَّهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ الْإِيمَانِ فَإِذَا هِيَ تَنْقُصُ مِنَ الْبِضْعِ وَالسَّبْعِينَ فَرَجَعْتُ إِلَى مَا بَيْنَ الدَّفَّتَيْنِ مِنْ كَلَامِ رَبِّنَا وَتَلَوْتُهُ آيَةً آيَةً بِالتَّدَبُّرِ وَعَدَدْتُ كُلَّ طَاعَةٍ عَدَّهَا اللَّهُ جَلَّ وَعَلَا مِنَ الْإِيمَانِ فَإِذَا هِيَ تَنْقُصُ عَنِ الْبِضْعِ وَالسَّبْعِينَ فَضَمَمْتُ الْكِتَابَ إِلَى السُّنَنِ وَأَسْقَطْتُ الْمُعَادَ مِنْهَا فَإِذَا كُلُّ شَيْءٍ عَدَّهُ اللَّهُ جَلَّ وَعَلَا مِنَ الْإِيمَانِ فِي كِتَابِهِ وَكُلُّ طَاعَةٍ جَعَلَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ الْإِيمَانِ فِي سُنَنِهِ تِسْعٌ وَسَبْعُونَ شُعْبَةً لَا يَزِيدُ عَلَيْهَا وَلَا يَنْقُصُ مِنْهَا شَيْءٌ فَعَلِمْتُ أَنَّ مُرَادَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ فِي الْخَبَرِ أَنَّ الْإِيمَانَ بِضْعٌ وَسَبْعُونَ شُعْبَةً فِي الْكِتَابِ وَالسُّنَنِ فَذَكَرْتُ هَذِهِ المسألة. [ابن حبان في صحيحه]

[ഈമാനിൽപെട്ട പുണ്യകർമ്മങ്ങൾ ഞാൻ എണ്ണിനോക്കി. അത് ഈ സംഖ്യയെക്കാൾ (എഴുപതിൽ പരം) കുറേ അധികമാണ്. അങ്ങനെ ഞാൻ നബിചര്യയിലേക്ക് മടങ്ങി. ഈമാനിൽപെട്ടതാണെന്ന് നബി ﷺ പറഞ്ഞ പുണ്യകർമ്മങ്ങൾ ഞാൻ എണ്ണിനോക്കി. അത് എഴുപതിൽ കുറവാണ്. അപ്പോൾ രണ്ടു ചട്ടകൾക്കിടയിൽ രേഖപ്പെടുത്തപ്പെട്ട നമ്മുടെ റബ്ബിൻെറ വചനത്തിലേക്ക് ഞാൻ മടങ്ങി. അതിലെ സൂക്തങ്ങൾ ഓരോന്നായി മതിയായ വിചിന്തനം ചെയ്തുകൊണ്ട് ഞാൻ പാരായണം നടത്തി. ഈമാനിൽപെട്ടതായി അല്ലാഹു എണ്ണിയ പുണ്യകർമ്മങ്ങളെല്ലാം ഞാൻ എണ്ണി. അത് എഴുപതിലും അൽപം കുറവാണ്. അപ്പോൾ ഖുർആനിൽ വന്നത് സുന്നത്തിൽ വന്നതിലേക്ക് ഞാൻ കൂട്ടിച്ചേർത്തു. എന്നിട്ട് ആവർത്തനങ്ങൾ ഒഴിവാക്കി. അപ്പോൾ അല്ലാഹുവിൻെറ ഗ്രന്ഥത്തിൽ ഈമാനിൽപെട്ടതാണെന്ന് പറഞ്ഞ മുഴുവൻ കാര്യങ്ങളും, നബി ﷺ തൻെറ ചര്യയിൽ ഈമാനിൽപെട്ടതായി നിശ്ചയിച്ചിട്ടുള്ള മുഴവൻ കാര്യങ്ങളും കൂടിച്ചേരുമ്പോൾ എഴുപത്തി ഒമ്പത് ശാഖകളാണെന്ന് കണ്ടു. അതിൽ ഒന്നും കുറക്കാനോ കൂട്ടാനോ ഇല്ല. അപ്പോൾ എനിക്കു ബോധ്യമായി. ഈമാൻ എഴുപതിൽ പരം ശാഖകളാണെന്ന നബിവചനത്തിൻെറ വിവക്ഷ ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള കാര്യങ്ങളാണ്. അങ്ങനെ അത് ഞാൻ ഈ മസ്അലയുടെ തീർപ്പായി പറഞ്ഞു.] (ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ രേഖപ്പെടുത്തിയത്)

• വിശ്വാസത്തിൻെറ അടിസ്ഥാനവും (مطلق الإيمان) പരമമായ വിശ്വസവും (الإيمان المطلق): ഒരു വ്യക്തിയെ വിശ്വാസിയായി പരിഗണിക്കാൻ അയാളിൽ ഈമാനിൻെറ അടിസ്ഥാന വശങ്ങൾ ഉണ്ടായാൽ മതി. സത്യസാക്ഷ്യം പ്രഖ്യാപിച്ച് ഇസ്‌ലാം സ്വീകരിച്ച ഒരു വ്യക്തിയെയും അയാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങളുടെ പേരിൽ ഇസ്‌ലാമിൽനിന്ന് പുറത്താക്കാനോ അടിസ്ഥാനപരമായ വിശ്വാസം (أَصْلُ الْإِيمَان) അയാൾക്ക് നിഷേധിക്കാനോ കഴിയില്ല. ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്ന കാര്യമാണ്. ഈമാനിൻെറ നില അയാളിൽ താണുപോകുകയും വിശ്വാസത്തിൻെറ അടിസ്ഥാനം (أَصْلُ الْإِيمَان) മാത്രം അയാളിൽ അവശേഷിക്കുകയും ചെയ്യും.

എന്നാൽ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനനുസരിച്ച് അയാളുടെ ഈമാൻ വർദ്ധിക്കുകയും അയാളിൽ പരമമായ വിശ്വാസം (اَلْإِيمَانُ الْمُطْلَق) ഉടലെടുക്കുകയും ചെയ്യും.

• ഈമാനിൻെറ പൂർണ്ണത: ഈമാനിൻെറ പൂർണ്ണത രണ്ടു തരത്തിലാണ്. (ഒന്ന്) നിർബ്ബന്ധമായും പൂർത്തീകരിച്ചരിക്കേണ്ട ഘടകങ്ങൾ (الكمال الواجب). ഇതിൽ കുറവു സംഭവിച്ചാൽ വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടും. (രണ്ട്) വിശ്വാസത്തിൻെറ നിരാസത്തിനു കാരണമാകാത്തതും എന്നാൽ അഭിലഷണീയവുമായ പൂർണ്ണതയുടെ കാര്യങ്ങൾ (الكمال المستحب). പല ഹദീസുകളിലും വിശ്വാസിയാവുകയില്ല എന്നു പറയപ്പെട്ടിട്ടുള്ളത് ഈ പൂർണ്ണത ഉദ്ദേശിച്ചു കൊണ്ടാണ്. ഒരു പാപി തെറ്റു ചെയ്യുമ്പോൾ അയാളുടെ വിശ്വാസത്തിന് ഊനം സംഭവിക്കുന്നു. പക്ഷെ വിശ്വാസത്തിൻെറ അടിസ്ഥാനത്തെ അത് നിരസിക്കുകയില്ല.

ചുരുക്കത്തിൽ ഈമാൻ ആറു സ്തംഭങ്ങളും എഴുപതിൽ പരം ശാഖകളും കൂടിയതാണ്. ഏതെങ്കിലും ഒരു റുക്‌നിനെ നിഷേധിച്ചാൽ അതു മുഖേന അയാൾ മതപരിത്യാഗിയാകും. ഈമാനിൻെറ റുക്‌നുകളെ സംബന്ധിച്ച് ഒരു വിവരണം സാന്ദർഭികമായിരിക്കും.

[ഒന്ന്] അല്ലാഹുവിലുള്ള വിശ്വാസം:
ഈമാനിൻെറ ആറു സ്തംഭങ്ങളിൽ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അല്ലാഹുവിലുള്ള വിശ്വാസം നാലു കാര്യങ്ങൾ കൂടിച്ചേർന്നതാണ്.

1. അല്ലാഹുവിൻെറ ആസ്തിക്യത്തിലുള്ള വിശ്വാസം:
മനുഷ്യ മഹാവിസ്മയം എന്നത് ഒരു സൃഷ്ടിയാണ്. ആ വിസ്മയത്തിൻെറ കേന്ദ്ര തന്തു അവൻെറ ബോധമാണ്. ഈ ബോധത്തിൽ താൻ എന്ന യാഥാർത്ഥ്യം തെളിഞ്ഞു നിൽക്കുന്നു. തനിക്കു ചുറ്റും അതിബഹുലവും സങ്കീർണ്ണവുമായ ഒരു മഹാ പ്രപഞ്ചം വലയം ചെയ്തു നിൽക്കുന്നു. ഈ സൃഷ്ടി പ്രപഞ്ചം അതിൻെറ അംശത്തിലും സാകല്യത്തിലും സ്രഷ്ടാവിൻെറ ആസ്തിക്യത്തിനുള്ള അനിഷേധ്യമായ സാക്ഷ്യമാണ്. അല്ലാഹുവിൻെറ ആസ്തിക്യത്തിന് പ്രമുഖമായ നാലു തരം തെളിവുകളുണ്ട്.

  • പ്രകൃതിപരമായ തെളിവ്: ഏതൊരു സൃഷ്ടിയും ചിന്തയോ പഠനമോ കൂടാതെ പ്രകൃത്യാ തന്നെ തൻെറ സ്രഷ്ടാവിനെ അറിയുന്നു. സൃഷ്ടികളുടെ ശുദ്ധമായ പ്രകൃതിയിൽ അന്തർലീനമായിട്ടുള്ള ഒരു ബോധ്യവും തെളിവുമാണ് അതിനു കാരണം. അല്ലാഹുവിൻെറ ആസ്തിക്യത്തിനുള്ള ഒന്നാമത്തെ തെളിവും അതു തന്നെ. നബി ﷺ പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ ﷺ: كُلُّ مَوْلُودٍ يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ، أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ، كَمَثَلِ البَهِيمَةِ تُنْتَجُ البَهِيمَةَ هَلْ تَرَى فِيهَا جَدْعَاءَ. [البخاري في صحيحه]

[അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് പിറന്നുവീഴുന്നത്. പിന്നീട് അവൻെറ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രൈസ്തവനോ അഗ്‌നി ആരാധകനോ ആക്കുന്നത്. ഒരു മൃഗത്തിൻെറ കാര്യം പോലെ തന്നെ. ഒരു കിടാവ് ജന്മമെടുക്കുമ്പോൾ അതിനു വല്ല ന്യൂനതയും നീ കാണാറുണ്ടോ?] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

  • ബുദ്ധിപരമായ തെളിവ്: വിശേഷ ബുദ്ധിയുള്ള ഏതൊരാളും അല്ലാഹുവിൻെറ ആസ്തിക്യം ഒരു അനിഷേധ്യ യാഥാർത്ഥ്യമായി അംഗീകരിക്കുന്നത് ബുദ്ധിയുടെ നിർബ്ബന്ധം കൊണ്ടാണ്. ഈ മഹാപ്രപഞ്ചം എങ്ങനെ ഉടലെടുത്തു? വാദത്തിനു വേണ്ടി കേവല യാദൃഛികതയിൽനിന്ന് രൂപപ്പെട്ടു എന്നു പറയാം. പക്ഷെ, ആ വാദം മനുഷ്യ ബുദ്ധിക്ക് ഒരു തരത്തിലും സ്വീകാര്യമാവുകയില്ല. അത് തൻെറ ജിജ്ഞാസയുടെ ദാഹം തീർക്കുകയില്ല. മറിച്ച് ബൗദ്ധികമായ വലിയ പ്രതിസന്ധിയിൽ അവനെ അകപ്പെടുത്തുക കൂടി ചെയ്യും. എന്നാൽ ഏകനായ ഒരു സ്രഷ്ടാവിൻെറ സോദ്ദേശ്യപരമായ സൃഷ്ടിയാണെന്നത് യുക്തിഭദ്രമായ ഒരുത്തരം തന്നെയാണ്. അത് മനുഷ്യ ബുദ്ധിക്കു നൽകുന്നത് വലിയൊരു സമാധാനമാണ്. ഈ ഗഹനമായ വിഷയം അല്ലാഹു ഖുർആനിൽ അയത്ന ലളിതമായി വിവരിച്ചിട്ടുണ്ട്. അത് കേട്ടവരും വായിച്ചവരും അതിൽ ആകൃഷ്ടരാവുകയും സമാധാനമടയുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി, ജുബൈർ ബിൻ മുത്വ്ഇം رَضِيَ اللهُ عَنْهُ ൻെറ കാര്യമെടുക്കാം. അന്ന് അദ്ദഹം ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഒരു മുശ്‌രിക്കായിരുന്നു. അത്വൂർ എന്ന അധ്യായത്തിലെ 35 മുതൽ 37 വരെയുള്ള വചനങ്ങൾ നബി ﷺ പാരായണം ചെയ്യുന്നത് തികച്ചും യാദൃഛികമായി അദ്ദേഹം കേൾക്കാൻ ഇടവന്നു.

﴿ أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ۞ أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَلْ لَا يُوقِنُونَ۞ أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ (الطور: 35-37)

[അതല്ല, അവർ ഒന്നിൽനിന്നുമല്ലാതെ സ്വയം ഉണ്ടായിട്ടുള്ളവരാണോ? അതല്ല, അവർ തന്നെയാണോ അവരുടെ സ്രഷ്ടാക്കൾ? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ശരിയായ വിശ്വാസം ഉൾക്കൊള്ളുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിൻെറ റബ്ബിൻെറ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം കൈയടക്കിയവർ?] (ത്വൂർ 35-37)

ജുബൈർ رَضِيَ اللهُ عَنْهُ പറയുന്നു: (كَادَ قَلْبِي أَنْ يَطِيرَ) “ഇതു കേട്ടപ്പോൾ എൻെറ ഹൃദയം പറന്നു പോകാറായി” (وَذَلِكَ أَوَّلَ مَا وَقَرَ الإِيمَانُ فِي قَلْبِي) “അതായിരുന്നു ഈമാൻ എൻെറ ഹൃദയത്തിൽ ആദ്യമായി കോറിയിട്ട സന്ദർഭം.” (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

  • മതപ്രമാണങ്ങളുടെ തെളിവ്: അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങൾ അല്ലാഹുവിൻെറ ആസ്തിക്യത്തിനുള്ള അനിഷേധ്യമായ ഒരു ലക്ഷ്യമാണ്. ഇത്തരം ഗ്രന്ഥങ്ങൾ അവതീർണ്ണമാകണമെങ്കിൽ അതിനു പിന്നിൽ സൂക്ഷ്മജ്ഞാനിയായ ഒരു സ്രഷ്ടാവ് ഉണ്ടായേ പറ്റൂ. മാത്രമല്ല, ഈ ഗ്രന്ഥങ്ങളെല്ലാം അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്ന കാര്യം ഇതാണ്: ഈ പ്രപഞ്ചത്തിന് എന്തിനും കഴിവുള്ള, എല്ലാം അറിയുന്ന ഒരു സ്രഷ്ടാവുണ്ട്. അവൻെറ അറിവിലും നിയന്ത്രണത്തിലുമല്ലാതെ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല.
  • അനുഭവങ്ങളുടെ തെളിവ്: കോടാനുകോടി ജനങ്ങൾ ഭൂലോകത്തിൻെറ വിവിധ കോണുകളിൽ വെച്ച് വിവിധ കാലങ്ങളിൽ അവരുടെ ബഹുമുഖമായ ആവശ്യങ്ങളും നിസ്സഹായതകളുമായി മുകളിലേക്ക് കൈ ഉയർത്തുമ്പോൾ ക്ഷണനേരം കൊണ്ട് അതിന് ഉത്തരം ലഭിക്കുന്നത് പ്രാർത്ഥനക്ക് ഉത്തരം ചെയ്യുന്ന ഒരുവൻ ഉപരിയിലുള്ളതു കൊണ്ടാണല്ലോ. നിസ്വരും നിരാലംബരുമായ ജനകോടികളുടെ അനുഭവ സാക്ഷ്യത്തെ നിഷേധിക്കാൻ സാധിക്കുമോ?

2. അല്ലാഹുവിൻെറ രക്ഷാധികർതൃത്തിലുള്ള വിശ്വാസം:
അല്ലാഹുവാണ് റബ്ബ്. അവനല്ലാതെ ഒരു റബ്ബും ഇല്ല. റബ്ബ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായിട്ടുള്ളവൻ എന്നാണ്. മുഴുസൃഷ്ടിജാലങ്ങളെയും സൃഷ്ടിക്കുകയും ഓരോ സൃഷ്ടിക്കും അനിതരമായ സവിശേഷതകൾ നൽകുകയും ചെയ്തവനായ റബ്ബ്. അവയുടെയെല്ലാം ഉടമസ്ഥനും അധിപനും അല്ലാഹു മാത്രമാണ്. അവനല്ലാതെ മറ്റൊരാൾക്കും സൃഷ്ടികളുടെ മേൽ ആത്യന്തികമായ ഉടമസ്ഥതയോ ആധിപത്യമോ ഇല്ല. മുഴുവൻ സൃഷ്ടിപ്രപഞ്ചങ്ങളെയും നിയന്ത്രിച്ചു പരിപാലിക്കുന്നത് അവനാണ്. സൃഷ്ടി, സ്ഥിതി, പരിപാലനം, ഉടമസ്ഥത, ഭാഗഥേയം തുടങ്ങി റുബൂബിയ്യത്തിൻെറ എല്ലാ അധികാരങ്ങളും അവനിൽ മാത്രം നിക്ഷിപ്തമാണ്. ഈ ബഹുമുഖമായ ആശയങ്ങൾ സമന്വയിപ്പിക്കുന്ന അറബി പദമാണ് റബ്ബ്.

അല്ലാഹു മാത്രമാണ് റബ്ബ്. റുബൂബിയ്യത്ത് അവനു മാത്രം അവകാശപ്പെട്ടതുമാണ്. റുബൂബിയ്യത്തിൻെറ ഒരംശത്തിൽ പോലും മറ്റാർക്കും യാതൊരു പങ്കുമില്ല. ഈ വിശ്വാസം അല്ലാഹുവിൽ വിശ്വസിക്കുക എന്നതിൻെറ ഒരു വശമാണ്. റുബൂബിയ്യത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണെന്ന് മക്കാ മുശ്‌രിക്കുകൾ വരെ തത്വത്തിൽ അംഗീകരിച്ചിരുന്നതുമാണ്. അല്ലാഹു പറയുന്നു:

﴿ قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ۞ سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ۞ قُلْ مَنْ رَبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ۞ سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ۞ قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ۞ سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ (المؤمنون: 84-89)

[നീ ചോദിക്കൂ: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയുമെങ്കില്‍ പറയൂ. അവര്‍ പറയും, അല്ലാഹുവിൻെറതാണെന്ന്‌. നീ പറയുക: അപ്പോൾ നിങ്ങള്‍ ആലോചിക്കുന്നില്ലേ? നീ ചോദിക്കൂ: ഏഴാകാശങ്ങളുടെയും മഹത്തായ അർശിൻെറയും റബ്ബ് ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിനുള്ളതാകുന്നു. നീ പറയുക: എങ്കിൽ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കൂ: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവൻെറ കൈയിലാണ്‌. അവന്‍ അഭയമേകുന്നു. അവന്നെതിരായി എവിടെനിന്നും അഭയം ലഭിക്കാൻ പോകുന്നുമില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറയൂ. അവര്‍ പറയും: എല്ലാം അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ അകപ്പെട്ടു പോകുന്നത്‌?] (മുഅ്മിനൂൻ 84-89)

3. ഉലൂഹിയ്യത്തിലുള്ള വിശ്വാസം:
സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും പരിപാലകനുമായി ഒരുവൻ മാത്രമേ ഉള്ളു; അവനാണ് അല്ലാഹു. അതിനാൽ മുഴു സൃഷ്ടികളും ന്യായമായും ആരാധന ചെയ്യേണ്ടത് അവനെ മാത്രമായിരിക്കണം. അവൻെറ മഹത്വം വാഴ്ത്തികൊണ്ട് അവൻ നിർദ്ദേശിച്ച പ്രകാരം നിത്യമായി അവനുള്ള ഇബാദത്തിൽ മുഴുകണം. വിശ്വാസികൾക്കായി അല്ലാഹു ഒരുക്കിയ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും അവിടെ വെച്ച് അവൻെറ മുഖം ദർശിക്കുന്നതിനു വേണ്ടിയുമായിരിക്കണം ഈ ആരാധന. മറ്റു ലക്ഷ്യങ്ങൾ അതിൽ കലരാൻ പാടില്ല. സൃഷ്ടികൾക്ക് സ്രഷ്ടാവിനോടുള്ള കടമയാണ് അത്. അഥവാ അല്ലാഹുവിന് അവൻെറ അടിയാറുകളിൽനിന്ന് ലഭിക്കാനുള്ള അവകാശം. അവനെയല്ലാതെ മറ്റാരെയെങ്കിലും സൃഷ്ടികൾ ആരാധന ചെയ്യുന്നുവെങ്കിൽ അത് കടുത്ത അന്യായമായിരിക്കും. അതിലും വലിയ ഒരു അക്രമം വേറെയുണ്ടാവില്ല. അല്ലാഹു പറയുന്നു:

﴿ وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (لقمان: 13)

[മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ ലുഖ്‌മാൻ പറഞ്ഞത് ഓർക്കുക: എൻെറ കുഞ്ഞുമകനേ, നീ അല്ലാഹുവിനോട് ആരെയും പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും ശിർക്കാണ് ഏറ്റവും വലിയ അക്രമം.] (ലുഖ്‌മാൻ 13)

സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും അല്ലാഹു മാത്രമാണെന്നിരിക്കെ, അവനു പുറമെ ആരാധിക്കപ്പെടുന്നവർ വ്യാജന്മാർ മാത്രമാണ്. അവർക്ക് ആരാധനയിൽ പങ്കുനൽകുന്നത് കടുത്ത അന്യായവും അക്രമവുമാണ്. അല്ലാഹു പറയുന്നു:

﴿ ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج: 62)

[അത് എന്തെന്നു വെച്ചാൽ അല്ലാഹുവാണ് ന്യായമായും (ആരാധനക്ക്) അർഹതപ്പെട്ടവൻ. അവനു പുറമെ അവര്‍ ആരാധിക്കുന്നവ വ്യാജമാണ്.   അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍.] (ഹജ്ജ് 62)

ഉലൂഹിയ്യത്തിലുള്ള വിശ്വാസം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രമാണെന്ന യാഥാർത്ഥ്യമാണ്. ആരാധ്യതയുടെ കാര്യത്തിലും അവൻ ഏകനാണ്; അവനു പങ്കുകാരില്ല. ഇവിടെ ആരാധിക്കപ്പെടുന്ന ദൈവങ്ങളെല്ലാം തന്നെ തീർത്തും അതിക്രമപരമായും അന്യായമായും ആരാധിക്കപ്പെടുന്ന വ്യാജന്മാർ മാത്രമാണ്.

അല്ലാഹു മാത്രമാണ് റബ്ബ്. രക്ഷാകർതൃത്ത്വത്തിൽ അവനു പങ്കുകാരോ സഹായികളോ ഇല്ല. എങ്കിൽ ആരാധ്യതയും അവനു മാത്രം അവകാശപ്പെട്ടതാണ്. ആരാധ്യതയിൽ ആരെയും പങ്കുചേർക്കാൻ പാടില്ലാത്തതാണ്. ഈ മൗലികവും പ്രകൃതിപരവുമായ യാഥാർത്ഥ്യത്തിൽനിന്ന് പല കാരണങ്ങളാലും ജനങ്ങൾ വ്യതിചലിച്ചു പോകാറുണ്ട്. അവരെ സത്യത്തിൻെറ നേർവഴിയിലേക്ക് തിരിച്ചു വിളിക്കാനാണ് കാലാകാലങ്ങളിൽ ദൂതന്മാർ വന്നതും അവരുടെ കൂടെ അല്ലാഹു ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. ഇതാണ് സാക്ഷ്യപ്പെടുത്തപ്പെട്ട പരമമായ സത്യം. അല്ലാഹു പറയുന്നു:

﴿ شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (آل عمران: 18)

[നീതിയുടെ നിർവ്വാഹകനെന്ന നിലയിൽ, ന്യായമായും ആരാധിക്കപ്പെടേണ്ടവനായി താനല്ലാതെ ആരുമില്ലെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു; അതേപോലെ മലക്കുകളും അറിവുള്ളവരും. ന്യായമായി ആരാധിക്കപ്പെടേണ്ടവനായി അവനല്ലാതെ ആരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.] (ആലു ഇംറാൻ 18)

ആരാധ്യത (أُلُوهِيَّة) അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അതിൽ ഒരു പങ്കും ആർക്കും അനുവദിച്ചു കൊടുക്കാവതല്ല. ഇതാണ് പരമവും ആത്യന്തികവുമായ സത്യം. ഇത് തീർത്തും നീതിയുക്തവും പ്രകൃതിപരവുമായ വസ്തുതയാണ്. നീതിയുടെ നിർവ്വാഹകനായ അല്ലാഹു തന്നെ അത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവൻെറ മലക്കുകളും ജ്ഞാനികളും ഇക്കാര്യത്തിനുള്ള സാക്ഷികളാണ്. സാക്ഷികളുടെ മഹത്വവും സാക്ഷ്യപ്പെടുത്തപ്പെട്ട വിഷയത്തിൻെറ ഗൌരവവും മുൻനിർത്തി ഇതിന് സത്യസാക്ഷ്യം (الشَهَادَةُ) എന്നു പറയുന്നു.

4. നാമ ഗുണ വിശേഷങ്ങളിലുള്ള വിശ്വാസം:
ഒരു മനുഷ്യന് തൻെറ ജീവിതത്തിന് അർത്ഥം പകരാൻ സാധിക്കുന്നത് സ്രഷ്ടാവും ഏകാരാധ്യനുമായ അല്ലാഹുവിനെ അറിയുന്നതിലൂടെ മാത്രമാണ്. യഥാർത്ഥമായ അറിവ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ അല്ലാഹുവിനെ അറിയുക, അവൻ അവതരിപ്പിച്ച മതം അറിയുക, അവൻ നിയോഗിച്ച ദൂതന്മാരെ കുറിച്ച് അറിയുക എന്നുള്ളതാണ്. അതിൽ തന്നെ ഏറ്റവും പ്രധാനം സ്രഷ്ടാവിനെ കുറിച്ചുള്ള അറിവാണ്. അല്ലാഹുവിനെ അറിയുമ്പോൾ മാത്രമേ അവനെ സ്നേഹിക്കാൻ കഴിയൂ. അവനോടുള്ള സ്നേഹമാണ് സൃഷ്ടികൾക്ക് നേടാനാവുന്ന ഏറ്റവും മഹത്തായ കാര്യം. അല്ലാഹു പറയുന്നത് കാണുക:

﴿ اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا (الطلاق: 12)

[ഏഴ് ആകാശങ്ങളെയും കീഴ്‌ലോകങ്ങളിൽ അവക്കു തുല്യമായതിനെയും സൃഷ്ടിച്ചവനായ അല്ലാഹു. അവക്കിടയിൽ അവൻെറ കൽപന ഇറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു എന്തിനും കഴിവുള്ളവനാണെന്ന് നിങ്ങൾ അറിയുന്നതിനു വേണ്ടിയാണിത്. നിശ്ചയമായും അല്ലാഹു അറിവു കൊണ്ട് എല്ലാറ്റിനെയും ചൂഴ്ന്നു നിൽക്കുന്നു.] (ത്വലാഖ് 12)

ആകാശ ഭൂമികളും അവയിലുള്ള മുഴുചരാചരങ്ങളും സൃഷ്ടിച്ചത്, ഉപരിലോകത്തിനും കീഴ്‌ലോകത്തിനുമിടയിൽ അവൻ സദാ കൽപന ഇറക്കിക്കൊണ്ടിരിക്കുന്നത്, ഈ ബൃഹദ് വ്യവസ്ഥ മുഴുവനും അവയുടെ സൂക്ഷ്മവും സ്ഥൂലവുമായ സ്വരൂപങ്ങളിൽ  സംവിധാനിച്ചത്, എല്ലാമെല്ലാം മനുഷ്യൻ അല്ലാഹുവിനെ അറിയുന്നതിനും അവൻെറ പരിപൂർണ്ണവും അപരിമേയവുമായ ഗുണവിശേഷങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടിയാണ്.  അവൻെറ പൂർണ്ണതയും അനന്യതയും, അപാരമായ അനുഗ്രഹങ്ങളും അജയ്യമായ ശക്തിയും അറിയുമ്പോൾ അവനോടുള്ള സ്നേഹം വർദ്ധിക്കുന്നു. ആ സ്നേഹം അവനോടുള്ള വിധേയത്വവും താഴ്‌മയും ഇരട്ടിപ്പിക്കുന്നു. ഇതു തന്നെയാണ് അവനുള്ള ഇബാദത്തിൻെറ ചൈതന്യമായി വർത്തിക്കുന്ന ഉബൂദിയ്യത്ത്.

ഉബൂദിയ്യഃ സാക്ഷാൽക്കരിക്കണമെങ്കിൽ സ്രഷ്ടാവായ അല്ലാഹുവിനെ അറിയണം. അപഗ്രഥനമോ താരതമ്യമോ അവനെ കുറിച്ച് അറിയാനുള്ള മാർഗ്ഗമല്ല. അപഗ്രഥനാത്മകമായ പഠന രീതിക്ക് വഴങ്ങുന്നതല്ല അല്ലാഹുവിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും തന്നെ. അതേ പോലെ, അതുല്യനും അദ്വിതീയനും അനന്യനുമായിട്ടുള്ള അല്ലാഹുവിനെ കുറിച്ച് താരതമ്യ പഠനത്തിനും സാധ്യതകളില്ല.

അവശേഷിക്കുന്ന ഏകമായ മാർഗ്ഗം അവനെ കുറിച്ച് അവൻ നൽകുന്ന വിവരണങ്ങൾ മാത്രമാണ്. അവൻ നിയോഗിച്ച ദൂതന്മാരിലൂടെയാണ് നമുക്കത് ലഭിക്കുന്നത്. അവനെ കുറിച്ച് അവൻെറ ദൂതന്മാർ നൽകുന്ന വിവരണങ്ങൾ ആധികാരികമായിരിക്കും. അവ തീർത്തും സത്യസന്ധമായ കാര്യങ്ങളും സൃഷ്ടികളെല്ലാം സത്യപ്പെടുത്തേണ്ട വൃത്താന്തങ്ങളുമായിരിക്കും. പുറമെ, പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങൾ ധാരാളമുണ്ട്. അവയെല്ലാം അവൻെറ മഹത്വവും അപാരതയും വിളിച്ചോതുന്ന, ബുദ്ധിശാലികളെ അവനിലേക്ക് നയിക്കുന്ന ചൂണ്ടുപലകകളാണ്. എന്നാൽ അവനെ കുറിച്ചുള്ള കൃത്യവും സൂക്ഷ്മവും ആധികാരികവുമായ അറിവ് അവൻെറ ദൂതന്മാരിലൂടെ അറിയിച്ചു തന്ന കാര്യങ്ങളാണ്. ഈ ബൃഹത്തായ അറിവു തന്നെയാണ് അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളിൽ അടങ്ങിയിരിക്കുന്നത്.

അല്ലാഹു നാമങ്ങളിലും ഗുണവിശേഷങ്ങളിലും ഏകനാണ്. അവൻെറ നാമങ്ങളും  വിശേഷണങ്ങളും അവനു മാത്രമുള്ളതാണ്. അതു മറ്റാർക്കും നൽകാൻ പാടില്ല. സൃഷ്ടികളുടെ പേരുകളും വിശേഷണങ്ങളും അതിൻെറ സൂക്ഷ്മാർത്ഥത്തിൽ അല്ലാഹുവിന് ചാർത്താനും പാടില്ല. നാമ ഗുണവിശേഷങ്ങളിലുള്ള ഈ അതുല്യതയും അദ്വിതീയതയും അംഗീകരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന് നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വം (توحيد الأسماء والصفات ) എന്നു പറയുന്നു.

അല്ലാഹുവിൻെറ ഏകത്വം (تَوْحِيدُ اللهِ) എന്നത് അവൻെറ രക്ഷാകർതൃത്ത്വത്തിലും (الرُبُوبِيَّة) ആരാധ്യതയിലും (اَلْأُلُوهِيَّة) നാമ ഗുണവിശേഷങ്ങളിലുമുള്ള (اَلْأَسْمَاء وَالصِفَات) ഏകത്വമാണ്.  തൗഹീദിനെ ഇങ്ങനെ വകതിരിച്ച് വിവരിക്കുന്നത് അനുചിതമോ മുൻകാലത്ത് അറിയപ്പടാത്തതോ അല്ല. പ്രമാണ വചനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതും അവയുടെ സൂക്ഷ്മ പരിശോധനയിലൂടെ പ്രാമാണികരായ പണ്ഡിതന്മാർ വിവരിച്ചിട്ടുള്ളതുമാണ്. അല്ലാഹു പറയുന്നു:

﴿ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا (مريم: 65)

[ആകാശ ഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും റബ്ബ്; അവനു മാത്രം നിങ്ങൾ ഇബാദത്ത് ചെയ്യുക. അവനുള്ള ഇബാദത്തിൽ ക്ഷമയോടെ മുന്നേറുക. അവനു പേരൊത്ത ആരെയെങ്കിലും താങ്കൾക്ക് അറിയാമോ?] (മർയം 65)

ഈ വചനം മുവഹ്ഹിദുകളും മുശ്‌രിക്കുകളും പരക്കെ അംഗീകരിക്കുന്ന അല്ലാഹുവിൻെറ റുബൂബിയ്യത്തിലുള്ള ഏകത്വം പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. അത് ഉലൂഹിയ്യത്തിലുള്ള ഏകത്വം അംഗീകരിക്കാൻ മനുഷ്യനെ നിർബ്ബന്ധിക്കുന്നു. അതിനാൽ അല്ലാഹുവിൻെറ ആരാധ്യതയിലുള്ള ഏകത്വം ഉയർത്തിപ്പിടിക്കാനാണ് രണ്ടാമതായി ആജ്ഞാപിക്കുന്നത്. തുടർന്ന് അല്ലാഹുവിൻെറ നാമങ്ങളെ കുറിച്ച്, നാമങ്ങൾ ഉൾക്കൊള്ളുന്ന വിശേഷണങ്ങളെ കുറിച്ച് നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തിൻെറ അനിഷേധ്യതയെ കുറിച്ച് ഉണർത്തിക്കൊണ്ട് വചനം അവസാനിപ്പിക്കുന്നു.

ഇതിൽ ഏതെങ്കിലും ഒരു വശം നിഷേധിക്കുകയോ മറ്റൊന്ന് കൂട്ടിച്ചേർക്കുകയോ ചെയ്താൽ തൗഹീദീ വിശ്വസത്തിൽ ഗുരുതരമായ പിഴവു സംഭവിക്കും തീർച്ച. ഉദാഹരണമായി രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ അവരുടെ പുത്തൻ വാദം ന്യായീകരിക്കാൻ തൗഹീദിലേക്ക് നാലാമത് ഒരു വകുപ്പ് കൂടി കൂട്ടിച്ചേർത്തു. അതാണ് തൗഹീദുൽ ഹാകിമിയ്യഃ അഥവാ അധികാരത്തിലുള്ള ഏകത്വം. ഇത് യഥാർത്ഥമായ തൗഹീദ് വിഭാവനയെ അട്ടിമറിക്കുകയും വിശ്വാസപരമായും സാമൂഹ്യമായും ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തു.

അതു പോലെ, നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തെ കുറിച്ച് വേണ്ടത്ര അവബോധമില്ലായ്മ വിശ്വാസപരമായ ജീർണ്ണതകൾക്കും കൃത്യവിലോപങ്ങൾക്കും (إِلْحَاد)  കാരണമായിത്തീരുന്നു. കേരളീയ സമൂഹം തന്നെ ഇതിനു മതിയായ തെളിവാണല്ലോ.

അല്ലാഹുവിൻെറ ആസ്തിക്യവും ഏകത്വവും സ്ഥിരീകരിക്കാനും സമർത്ഥിക്കാനും ഏതെല്ലാം തെളിവുകൾ അവലംബിക്കാം? തെളിവുകളെ എങ്ങനെ സമീപിക്കുകയും സമർത്ഥിക്കുകയും ചെയ്യണം? ഇതും മൗലിക പ്രാധാന്യമുള്ള വിഷയമാണ്. പിൽക്കാലത്ത് യവന റോമൻ ഭാരതീയ തത്വശാസ്ത്രങ്ങൾ അറിബിയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അവയിലുള്ള ദൈവ സങ്കൽപങ്ങളും സമർത്ഥന രീതികളും മുസ്‌ലിംകൾക്കിടയിൽ പ്രചരിക്കുകയും ചെയ്തപ്പോൾ അതിൻെറ ചുവടൊപ്പിച്ച് ബുദ്ധി, യുക്തി, തർക്കശാസ്ത്രം മുതലായ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി അല്ലാഹുവിൻെറ ആസ്തിക്യത്തെയും തൗഹീദിനെയും സമർത്ഥിക്കാനുള്ള ശ്രമങ്ങളുണ്ടായി. അതാണ് വചനശാസ്ത്രമായി പിന്നീട് രൂപപ്പെട്ടത്. വിശ്വാസപരമായ വിഷയങ്ങളിൽ പലപ്പോഴും അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്ന അതേ കാര്യമായിരിക്കും ഇക്കൂട്ടർ സമർത്ഥിക്കുന്നത്. പക്ഷെ, അഹ്‌ലുസ്സുന്നഃ അത് പ്രമാണരേഖകൾ കൊണ്ട് സ്ഥിരീകരിക്കുമ്പോൾ വചന ശാസ്ത്രത്തിൻെറ വക്താക്കൾ അതിനെ ബുദ്ധി കൊണ്ടോ യുക്തി കൊണ്ടോ തർക്കം കൊണ്ടോ ശാസ്ത്രം കൊണ്ടോ സമർത്ഥിക്കാൻ ശ്രമിക്കും. പിന്നീട് തത്വശാസ്ത്രത്തിൻെറ അതിപ്രസരം കൂടി ആയപ്പോൾ പിൽക്കാലക്കാരായ വചനശാസ്ത്ര പടുക്കൾ വിശ്വാസപരമായ വിഷയങ്ങളിൽ പലതിലും സത്യത്തിൽനിന്ന് ബഹുദൂരം അകന്നുപോയി എന്ന കാര്യം പ്രത്യേക പരാമർശം അർഹിക്കുന്നതാണ്.  ദൗർഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ ഇസ്വ്‌ലാഹികളും, വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കൾ പോലും, വചനശാസ്ത്രത്തെ തൗഹീദായും, ആശയപ്രചാരണത്തിനുള്ള ഒരു കുറ്റമറ്റ രീതിയായും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ സമൂഹത്തിൽ അതിനു സ്വീകാര്യതയും വ്യാപകമായ പ്രചാരവും ലഭിച്ചു.

[രണ്ട്] മലക്കുകളിലുള്ള വിശ്വാസം:
ഈമാനിൻെറ റുക്‌നുകളിൽ രണ്ടാമത്തേത് മലക്കുകളിലുള്ള വിശ്വാസമാണ്. മലക്കുകളിലുള്ള വിശ്വാസം നാലു കാര്യങ്ങൾ ഉൾക്കൊള്ളുന്നു.

മലക്കുകൾ അദൃശ്യലോകത്തെ സൃഷ്ടികളാണ്. അവർക്ക് രക്ഷാധികർതൃത്ത്വത്തിൻെറയോ ആരാധ്യതയുടെയോ യാതൊരു സവിശേഷതയുമില്ല. അവർ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടവരാണ്. അഹങ്കാരം ഒട്ടുമില്ലാതെ, പൂർണ്ണ വിധേയത്വത്തോടെ, മടുപ്പും ക്ഷീണവും കൂടാതെ, രാപ്പകൾ ഭേദമന്യെ അല്ലാഹുവിന്ന് ആരാധന ചെയ്യലാണ് അവരുടെ ജോലി. അവരുടെ അംഗബലം അല്ലാഹുവിനല്ലാതെ ആർക്കും ക്ലിപ്തപ്പെടുത്തുക സാധ്യമല്ല. ഇങ്ങനെയുള്ള ഒരു സൃഷ്ടി വിഭാഗത്തിൻെറ ആസ്തിക്യത്തെ കുറിച്ച് നാം വിശ്വസിക്കേണ്ടതുണ്ട്. അവരിൽ ചിലരുടെ പേരുകൾ വഹ്‌യിലൂടെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത് നാം വിശ്വസിച്ചേ പറ്റൂ. പേര് അറിയിച്ചു തന്നിട്ടില്ലാത്തവരെ കുറിച്ച് മൊത്തത്തിലും വിശ്വസിക്കണം. മലക്കുകളെ കുറിച്ചുള്ള ചില വർണ്ണനകൾ പ്രമാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ അതേ രൂപത്തിൽ വിശ്വസിക്കേണ്ടത് അനിവാര്യമാണ്. അവരിൽ ചിലരുടെ ചുമതലകളെ കുറിച്ചും പ്രവർത്തികളെ കുറിച്ചും പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. അത്തരം കാര്യങ്ങളും അതേപടി നാം വിശ്വസിക്കണം. ഇക്കാര്യങ്ങളെല്ലാം മലക്കുകളെ കുറിച്ചുള്ള വിശ്വാസം എന്നതിൻെറ പരിധിയിൽപെടുന്നു.

[മൂന്ന്] ഗ്രന്ഥങ്ങളിലുള്ള വിശ്വാസം:
അല്ലാഹു കാലാകാലങ്ങളിൽ മാനവരാശിക്കു നേർവഴികാണിക്കുന്നതിനായി നബിമാരോടൊപ്പം ഗ്രന്ഥങ്ങളിറക്കിയിട്ടുണ്ട്. ആ ഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ ഈമാനിൻെറ സ്തംഭംങ്ങളിൽ പെട്ടതാണ്. ഇതിൽ മുഖ്യമായും നാലു കാര്യങ്ങളാണ് ഉൾപ്പെടുന്നത്.

  1. ഗ്രന്ഥങ്ങൾ അല്ലാഹു ഇറക്കിയിട്ടുള്ള അവൻെറ വചനങ്ങളാണെന്ന് വിശ്വസിക്കുക.
  2. അവയിൽ പേരു പറയപ്പെട്ട ഗ്രന്ഥങ്ങളെ അതേ പേരിൽ തന്നെ വിശ്വസിക്കുക. പേരു പഠിപ്പിക്കപ്പെട്ടിട്ടില്ലാത്തവയിൽ മൊത്തമായി വിശ്വാസം രേഖപ്പെടുത്തുക.
  3. അവയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വൃത്താന്തങ്ങൾ മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാത്തവയാണെങ്കിൽ അതു സത്യപ്പെടുത്തുക.
  4. ദുർബ്ബലപ്പെടുത്തപ്പെടാത്ത പ്രാബല്യത്തിലുള്ള വിധികൾ ജീവിത്തിൽ പ്രാവർത്തികമാക്കുക.
  5. ഖുർആൻ

[നാല്] ദൂതന്മാരിലുള്ള വിശ്വാസം:
അല്ലാഹു തൻെറ ദൂതുമായി മലക്കുകളെയും മനുഷ്യരെയും നിയോഗിക്കുന്നു. മനുഷ്യരാശിയിലേക്ക് നിയുക്തരായ ദൂതന്മാരിലുള്ള വിശ്വാസം ഈമാനിൻെറ സ്തംഭങ്ങളിൽ പെട്ടതാണ്. അവർക്കിടയിൽ  വിവേചനം കാണിക്കാൻ പാടില്ല. അവരിലുള്ള വിശ്വാസം ഊന്നൽ നൽകുന്നത് നാലു കാര്യങ്ങളിലാണ്.

  1. അവർക്കു നൽകപ്പെട്ട ദൗത്യം അല്ലാഹുവിങ്കൽനിന്നുള്ള സത്യമാണെന്ന് വിശ്വസിക്കൽ. അവരിൽ ഒരാളെയെങ്കിലും അവിശ്വസിച്ചാൽ മുഴുവൻ നബിമാരെയും അവിശ്വസിക്കുന്നതിനു തുല്യമാണ്.
  2. അവരിൽ ആരുടെയൊക്കെ പേര് അറിയിച്ചു തന്നിട്ടുണ്ടോ ആ പേരിൽ തന്നെ വിശ്വസിക്കൽ നിർബന്ധമാണ്. നൂഹ്, ഇബ്റാഹീം, മൂസ, ഈസ, മുഹമ്മദ് عليهم السلام എന്നിവർ ഉയർന്ന സ്ഥൈര്യവും ദാർഢ്യതയുമുള്ള (أُولُو الْعَزْمِ) എന്ന വിഭാഗത്തിൽ പെട്ടവരാണ്. സൂറതുൽ അഹ്സാബിലും ശൂറായിലും ഇവരുടെ പേരുകൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഇവരുൾപ്പെടെ ഇരുപത്തഞ്ചോളം നബിമാരുടെ പേരുകൾ പ്രമാണരേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പേര് അറിയിച്ചു തന്നിട്ടില്ലാത്ത നബിമാരെ കുറിച്ച് മൊത്തമായിട്ടാണ് വിശ്വസിക്കേണ്ടത്.
  3. അവരിൽനിന്നും സംശയരഹിതമായി റിപ്പോർട്ട് ചെയ്യപ്പെട്ട വൃത്താന്തങ്ങൾ സത്യപ്പെടുത്തുക.
  4. അവരിൽനിന്നും നമുക്ക് നിയോഗിച്ചു തന്ന നബിയുടെ ശരീഅത്ത് മുറുകെ പിടിക്കുകയും അതനുസരിച്ച് കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക.

[അഞ്ച്] അന്ത്യനാളിലുള്ള വിശ്വാസം
മനുഷ്യരും മറ്റു സൃഷ്ടിജാലങ്ങളും ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാൾ. ഏടുകൾ നിവർത്തി വെച്ച് സാക്ഷികളെ ഹാജരാക്കി വിസ്തരിക്കുകയും അവരുടെ ചെയ്തികളെ കുറിച്ച് ന്യായവിധി നടത്തി അർഹമായ പ്രതിഫലം നൽകുകയും ചെയ്യുന്ന ദിവസം. സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിലേക്കും നരകാവകാശികൾ നരകത്തിലേക്കും നയിക്കപ്പെടുന്ന ദിവസം. അതിനു ശേഷം മറ്റൊരു ദിവസം വരാനില്ല. അതിനാൽ ആ ഘട്ടത്തിനു അന്ത്യദിനമെന്നു പറയുന്നു.

മരണാനന്തര ജീവിതം യാഥാർത്ഥ്യമാണെന്ന  കാര്യത്തിൽ വിശ്വാസികൾ ഏകോപിച്ചിട്ടുണ്ട്. അത് പ്രകൃതിയുടെയും ബുദ്ധിയുടെയും താൽപര്യമാണ്. മരണാനന്തര ജീവിതമില്ലെങ്കിൽ ഭൗതിക ജീവിതം അർത്ഥപൂർണ്ണമാവുകയോ ന്യായത്തിനും നീതിക്കും വിലയുണ്ടാവുകയോ ചെയ്യില്ല. ഈ വസ്തുത നിർമ്മത-നിരീശ്വരവാദികൾ വരെ അംഗീകരിക്കേണ്ടി വന്ന കാര്യമാണ്.

മരണാനന്തര ജീവിതം അനിവാര്യമായ ഒരു യാഥാർത്ഥ്യമാണ്. അതു സംഭവിക്കും, അതിൽ അസംഭവ്യമായി ഒന്നും തന്നെയില്ല. ഇക്കാര്യം സമർത്ഥിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും പ്രാമാണിക തെളിവുകളും ഖുർആനിൽ സവിശദം പ്രതിപാദിച്ചിട്ടുണ്ട്. സ്വതസിദ്ധമായ പ്രകൃതിയെ കളങ്കപ്പെടുത്താത്ത ഏതൊരാൾക്കും അനായാസം ബോധ്യമാകാവുന്ന തെളിവുകളാണ് അവയെല്ലാം.

അന്ത്യനാളിനെ കുറിച്ചുള്ള വിശ്വാസം എന്നതിനു കുറേയേറെ വിശദാംശങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം.

1. പുനരുത്ഥാനത്തിലുള്ള വിശ്വാസം: ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ച അവധി എത്തിക്കഴിഞ്ഞാൽ അതിനെ അവൻ നശിപ്പിക്കുക തന്നെ ചെയ്യും. അതോടെ നിലവിലുള്ള വ്യവസ്ഥ അവസാനിച്ച് പുതിയൊരു വ്യവസ്ഥ സംജാതമാവുകയും സൃഷ്ടികൾ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. മനുഷ്യരും മറ്റു സൃഷ്ടിജാലങ്ങളും പുനരുജ്ജീവിപ്പിക്കപ്പെടുകയും അവരുടെ ലൗകിക ജീവിതത്തിൻെറ കണക്ക് ചോദിക്കപ്പെടുകയും ചെയ്യും. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തിൽ ഏറെ പ്രാധാന്യമുള്ള കാര്യമാണ് പുനരുത്ഥാനം. അല്ലാഹു പറയുന്നത് കാണുക:

﴿ وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ (الزمر: 68)

[കാഹളത്തില്‍ ഊതപ്പെട്ടു കഴിഞ്ഞാൽ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശഭൂമികളിലുള്ള എല്ലാവരും ബോധരഹിതരായി വീഴും. പിന്നീട് ഒരിക്കൽ കൂടി അതില്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റുനിന്ന് നോക്കുന്നു.]  (സുമർ 68)

പുനരുത്ഥാനത്തെ കുറിച്ച് ഖുർആനിലും ഹദീസിലും അനവധി നിരവധി വിശദീകരണങ്ങളാണ് വന്നിട്ടുള്ളത്. വിസ്താരഭയത്താൽ അതിലേക്ക് പ്രവേശിക്കുന്നില്ല. കുറച്ചു കാര്യങ്ങൾ ഖുർആൻ സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട് താനും.

2. വിചാരണയിലും ന്യായവിധിയിലുമുള്ള വിശ്വാസം: സൃഷ്ടികൾക്ക് ഉയിർത്തെഴുന്നേൽപ്പും മരണാനന്തര ജീവിതവും അല്ലാഹു സംവിധാനിച്ചത് വിചാരണയും ന്യായവിധിയും ശിക്ഷാരക്ഷകളും നടപ്പിലാക്കാനാണ്. അത് പ്രകൃതിയുടെ അനിവാര്യതകളിലൊന്നാണ്. മനുഷ്യന് അല്ലാഹു സ്വതന്ത്രമായ ആവിഷ്കാര ശേഷി നൽകിയിട്ടുണ്ട്. സ്വന്തമായി നിർമ്മിക്കാനും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുമുള്ള അവസരം അവനു നൽകിയിരിക്കുന്നു. മാത്രമല്ല അവൻെറ സവിശേഷമായ പ്രകൃതവും ജീവിത പരിസരങ്ങളും ദ്വന്ദാത്മകമാണ്. നന്മകളും തിന്മകളും ഇഴചേർന്നു കിടക്കുന്ന അസ്തിത്വമാണ് അവനുള്ളത്. പരീക്ഷണാർത്ഥം അവനു നൽകിയിരിക്കുന്ന ഈ ജീവിതം അർത്ഥപൂർണ്ണമാകണമെങ്കിൽ ന്യായവിധി അനിവാര്യമാണ്. മനുഷ്യൻെറ പ്രകൃതിയും ബുദ്ധിയും അത് താൽപര്യപ്പെടുന്നു. ഖുർആനും സുന്നത്തും ഇജ്‌മാഉം ഇക്കാര്യം സംശയരഹിതമായി സ്ഥാപിക്കുന്നു. അല്ലാഹു പറയുന്നത് കാണുക:

﴿ إِنَّ إِلَيْنَا إِيَابَهُمْ ۞ ثُمَّ إِنَّ عَلَيْنَا حِسَابَهُمْ (الغاشية: 25-26)

[തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്‌, അവരെ വിസ്തരിക്കൽ നമ്മുടെ കാര്യമാണ്.] (ഗാശിയഃ 25-26)

﴿ وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا وَإِنْ كَانَ مِثْقَالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِينَ (الأنبياء: 47)

[ഉയിര്‍ത്തെഴുന്നേല്‍പ്പിൻെറ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകളാണ് നാം സ്ഥാപിക്കുക. അപ്പോള്‍ ഒരാളും ഒട്ടും അനീതിക്ക് ഇരയാവുകയില്ല. ഒരു കടുകുമണിത്തൂക്കമാണെങ്കിലും നാം അത് ഹാജരാക്കുക തന്നെ ചെയ്യും. കണക്കു തീർക്കാൻ മതിയായവരാണു നാം.] (അൻബിയാ 47)

അല്ലാഹുവിൻെറ വിചാരണ കാരുണ്യത്തിലധിഷ്ഠിതമായിരിക്കും. അവൻെറ കാരുണ്യത്തിൻെറ അപാരത വിശ്വാസികൾ അന്ന് അനുഭവിക്കുക തന്നെ ചെയ്യും. അതിലേക്ക് വെളിച്ചം വീശുന്ന ഒരു നബിവചനം താഴെ ഉദ്ധരിക്കാം:

عن ابْنَ عُمَرَ رَضِيَ اللهُ عَنْهما، سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِنَّ اللَّهَ يُدْنِي المُؤْمِنَ، فَيَضَعُ عَلَيْهِ كَنَفَهُ وَيَسْتُرُهُ، فَيَقُولُ: أَتَعْرِفُ ذَنْبَ كَذَا، أَتَعْرِفُ ذَنْبَ كَذَا؟ فَيَقُولُ: نَعَمْ أَيْ رَبِّ، حَتَّى إِذَا قَرَّرَهُ بِذُنُوبِهِ، وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ، قَالَ: سَتَرْتُهَا عَلَيْكَ فِي الدُّنْيَا، وَأَنَا أَغْفِرُهَا لَكَ اليَوْمَ، فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الكَافِرُ وَالمُنَافِقُونَ، فَيَقُولُ الأَشْهَادُ: ﴿هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلاَ لَعْنَةُ اللَّهِ عَلَى الظَّالِمِينَ (هود: 18) [البخاري ومسلم في صحيحيهما]

[ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُما നിവേദനം. നബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹു വിശ്വാസിയായ ഒരു മനുഷ്യനെ ചേർത്തുനിർത്തുന്നു. അവനുമേൽ തൻെറ കനഫ് (പക്ഷം) വെച്ച് മറച്ചുപിടിക്കുന്നു. എന്നിട്ട് അവനോട് ചോദിക്കുന്നു. ഈ പാപം നിനക്കറിയുമോ? ഈ പാപം നിനക്ക് അറിയുമോ? അവൻ പറയുന്നു: അതെ, റബ്ബേ. അങ്ങനെ തൻെറ പാപങ്ങളെല്ലാം അവനെക്കൊണ്ട് സമ്മതിപ്പിക്കുകയും താൻ നശിച്ചതു തന്നെ എന്ന് സ്വയം തീർച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ അല്ലാഹു പറയുന്നു: അവയെല്ലാം ദുനിയാവിൽ വെച്ച് ഞാൻ നിനക്ക് മറച്ചുപിടിച്ചുതന്നു. ഇന്നേ ദിവസം അവയെല്ലാം ഞാൻ നിനക്ക് പൊറുത്തു തരികയും ചെയ്തിരിക്കുന്നു. അനന്തരം അവൻെറ നന്മയുടെ ഏടുകൾ അവനു നൽപ്പെടുകയായി. എന്നാൽ അവിശ്വാസികളുടെയും കപടന്മാരുടെയും കാര്യത്തിൽ സാക്ഷികൾ വിളിച്ചു പറയും: “ഇവരാണ് തങ്ങളുടെ റബ്ബിനെ കളവാക്കിയവർ. അറിയുക! അക്രമികളുടെ മേൽ അല്ലാഹുവിൻെറ ശാപം ഉണ്ടായിരിക്കട്ടെ.” (ഹൂദ് 18)] (ബുഖാരിയും മുസ്‌ലിമും സ്വഹീഹുകളിൽ ഉദ്ധരിച്ചത്)

അല്ലാഹുവിൻെറ വിചാരണയും പ്രതിഫലവും എത്രത്തോളം നീതിപൂർവ്വകമായിരിക്കും എന്ന് മനസ്സിലാക്കാൻ ഖുർആനിലെ ചെറിയ രണ്ടു സൂക്തങ്ങൾ മാത്രം വായിച്ചാൽ മതി.

﴿ فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ۞ وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (الزلزلة: 7-8)

[ഏതൊരാൾ ഒരു കാരുറുമ്പിനോളം നന്മ ചെയ്തുവോ അത് അവിടെ വെച്ച് അവൻ കാണുക തന്നെ ചെയ്യും. ഏതൊരാൾ ഒരു കാരുറുമ്പിനോളം തിന്മ ചെയ്തുവോ അതും അവിടെ വെച്ച് അവൻ കാണുക തന്നെ ചെയ്യും.] (സൽസലഃ 7-8)

വിചാരണയും ന്യായവിധിയും മനുഷ്യർക്കോ ജിന്നുകൾക്കോ മാത്രമുള്ളതല്ല; മറ്റു ജീവികൾക്കുമുള്ളതാണ്.

عن أبي ذر قال: رأى رسول الله ﷺ شاتين تنتطحان، فقال: يا أبا ذر أتدري فيما تنتطحان؟ قلت: لا، قال: ولكن ربك يدري، وسيقضي بينهما يوم القيامة. [أحمد والطيالسي في مسندهما وصححه الألباني]

[അബൂ ദർ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: രണ്ട് ആടുകൾ കൊമ്പുകോർക്കുന്നത് നബി കാണാനിടയായി. അവിടുന്ന് ചോദിച്ചു: അബൂ ദർ! എന്തിനു വേണ്ടിയാണ് അവ പരസ്പരം കുത്തുകൂടുന്നതെന്ന് നിനക്ക് അറിയാമോ? ഇല്ല, ഞാൻ പറഞ്ഞു. അവിടുന്ന് തുടർന്നു: എന്നാൽ നിൻെറ റബ്ബ് അതറിയുന്നു. അന്ത്യനാളിൽ അവക്കിടയിൽ അവൻ തീർപ്പുകൽപിക്കുകയും ചെയ്യും.] (അഹ്‌മദും ത്വയാലസിയും മുസ്‌നദുകളിൽ ഉദ്ധരിച്ചത്)

3. സ്വർഗ്ഗ നരകങ്ങളിലുള്ള വിശ്വാസം: സ്വർഗ്ഗനരകങ്ങളാണ് സൃഷ്ടികളുടെ ശാശ്വത സങ്കേതം. അവ രണ്ടും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അവ നശിക്കാൻ പോകുന്നില്ല; ശാശ്വതമായി നിലനിൽക്കുക തന്നെ ചെയ്യും. ഇത് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസമാണ്. സ്വർഗ്ഗം സൂക്ഷ്മതയോടെ ജീവിച്ച വിശ്വാസികൾക്കായി ഒരുക്കപ്പെട്ട സുഖവാസ കേന്ദ്രമാണ്. ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു കാതും കേട്ടിട്ടില്ലാത്ത ഒരാളുടെ മനസ്സിലോ ഭാവനയിലോ വന്നിട്ടില്ലാത്ത സുഖാനുഭൂതികളാണ് അവിടെ വിശ്വാസികൾക്കായി അല്ലാഹു സജ്ജീകരിച്ചിരിക്കുന്നത്.

﴿ جَزَاؤُهُمْ عِنْدَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ لِمَنْ خَشِيَ رَبَّهُ (البينة: 8)

[അവര്‍ക്ക് അവരുടെ റബ്ബിൻെറ അടുക്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്ഥിരവാസത്തിനായുള്ള ആരാമങ്ങളാണ്. അവരതില്‍ എന്നെന്നും ശാശ്വതരായിരിക്കും. അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെയും തൃപ്തിപ്പെട്ടിരിക്കുന്നു. തൻെറ റബ്ബിനെ അറിഞ്ഞുകൊണ്ട് ഭയപ്പെടുന്നവനാരോ അവനുള്ളതാകുന്നു അത്.] (ബയ്യിനഃ 8)

﴿ فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (السجدة: 17)

[എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമായി സംവിധാനിച്ചിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവതല്ല.] (സജ്‌ദഃ 17)

എന്നാൽ നരകം അവിശ്വാസികളും കപടന്മാരുമായ അക്രമികൾക്ക് ഒരുക്കപ്പെട്ട ശിക്ഷയുടെയും പീഢനങ്ങളുടെയും ഭവനമാണ്. അല്ലാഹു പറയുന്നത് കാണുക:

﴿ وَقُلِ الْحَقُّ مِنْ رَبِّكُمْ فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا وَإِنْ يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا (الكهف: 29)

[പറയൂ: നിങ്ങളുടെ റബ്ബിൽനിന്നുള്ളതാണ് സത്യം. ഇഷ്ടമുള്ളവര്‍ അത് വിശ്വസിക്കട്ടെ, അല്ലെങ്കിൽ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിൻെറ കൂടാരം അവരെ ആവരണം ചെയ്തിരിക്കുന്നു. അവര്‍ ദാഹജലത്തിനായി കേഴുമ്പോൾ ലോഹം ഉരുക്കിയതു പോലുള്ള ഒരു പാനീയമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക. അത് മുഖങ്ങൾ തന്നെ കരിച്ച് കളയും. ആ പാനീയം എത്ര ദുഷിച്ചതാണ്! ആ നരകം എത്ര മോശം വിശ്രമസ്ഥാനമാണ്!!] (അൽകഹ്‌ഫ് 29)

﴿ إِنَّ اللَّهَ أَعَدَّ لِلْكَافِرِينَ عَذَابًا مُهِينًا (النساء: 102)

[തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത്‌.] (നിസാഅ് 102)

മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട കുറേയധികം കാര്യങ്ങൾ വേറെയുമുണ്ട്. അവയിൽപെട്ടതാണ് ഖബ്റിൽ വെച്ചുള്ള ചോദ്യം. ആരാണ് നിൻെറ റബ്ബ്, ഏതാണ് നിൻെറ മതം, ആരാണ് നിൻെറ റസൂൽ എന്നീ കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടും. തുടർന്ന് അന്ത്യനാൾ വരെ സ്വർഗ്ഗീയാനുഭൂതികളോ നരകയാതനകളോ നൽകപ്പെടും. അതേ പ്രകാരം പുനരുത്ഥാന നാളിലെ സംഭവ വികാസങ്ങളെ കുറിച്ചും ധാരാളം വർണ്ണനകൾ പ്രമാണരേഖകളിലുണ്ട്. വിചാരണ വേളയിൽ സ്ഥാപിക്കപ്പെടുന്ന നീതിയുടെ തുലാസ് (الميزان), നരകത്തിനുമീതെയുള്ള പാലം (صراط), ഹൌളുൽ കൗഥർ (الحوض الكوثر).. ഇതുപോലുള്ള കാര്യങ്ങൾ നിരവധിയാണ്. ഖുർആനിക സൂക്തങ്ങളിലോ സ്ഥിരപ്പെട്ട നബിവചനങ്ങളിലോ പറയപ്പെട്ട ഇത്തരം കാര്യങ്ങൾ അതേപടി വിശ്വസിക്കാൻ ഒരു മുഅ്മിൻ ബാധ്യസ്ഥനാണ്.

മരണാനന്തര ജീവിതത്തിൻെറ സത്യത തെളിയിക്കാനുതകുന്ന പലതരം തെളിവുകളുണ്ട് അവയിൽ പ്രധാനപ്പെട്ടവ താഴെ സൂചിപ്പിക്കാം.

1) ശർഇയ്യായ തെളിവുകൾ: മരണാനന്തര ജീവിതം യാഥാർത്ഥ്യമാണ്. അതിൻെറ സംഭവ്യതയിൽ സംശയിക്കേണ്ടതില്ല. അതിൽ അവിശ്വസിക്കുകയോ സംശയിക്കുകയോ ചെയ്യുന്നവൻ കാഫിറാണ്. അത്തരക്കാർ പരലോകത്ത് ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരും. ഈ അടിസ്ഥാന ധാരണകൾ  അല്ലാഹു ഇറക്കിയ എല്ലാ ഗ്രന്ഥങ്ങളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക:

﴿ زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِيرٌ (التغابن: 7)

[തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് അവിശ്വാസികള്‍ ജല്‍പിക്കുന്നു. പറയൂ: അതെ; എൻെറ റബ്ബ് തന്നെ സത്യം! നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യും. പിന്നീട് നിങ്ങളുടെ ചെയ്തികളെ കുറിച്ച് നിങ്ങളെ അറിയിക്കുകയും ചെയ്യും. അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതാകുന്നു.] (തഗാബുൻ 7)

2) അനുഭവ സാക്ഷ്യങ്ങൾ: ഗതകാല ചരിത്രത്തിൽ മരണപ്പെട്ടവരെ അല്ലാഹു ജീവിപ്പിച്ച് കാണിച്ചു കൊടുത്ത സംഭവങ്ങളുണ്ട്. അവയിൽപെട്ട അഞ്ച് ഉദാഹരണങ്ങൾ സൂറത്തുൽ ബഖറഃയിൽ തന്നെ വിവരിച്ചിട്ടുണ്ട്.

1. അല്ലാഹുവിനെ പരസ്യമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയില്ല എന്ന് ഇസ്രാഈല്യർ മൂസാ عليه السلام നോട് പറയുകയുണ്ടായി. അവർ നോക്കി നിൽക്കെ ഇടിത്തീ വീഴുകയും അവരെല്ലാം മരണപ്പെടുകയും ചെയ്തു. അനന്തരം അല്ലാഹു അവരെ പുനരുജ്ജീവിപ്പിച്ചു. (ബഖറഃ 55-56 സൂക്തങ്ങൾ കാണുക)
2. ഇസ്രാഈല്യരിൽ ഒരാൾ വധിക്കപ്പെട്ടു. പരസ്പരം കുറ്റാരോപണം നടത്തി അവർ ഒഴിഞ്ഞുമാറി. ഘാതകനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ഒരു പശുവിനെ അറുക്കാനും അതിൻെറ മാംസഭാഗം കൊണ്ട് മൃതദേഹത്തിൽ അടിക്കാനും അല്ലാഹു ആജ്ഞാപിച്ചു. അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തെ അല്ലാഹു പുനരുജ്ജീവിപ്പിച്ചു. തൻെറ ഘാതകനെ കുറിച്ച് അയാൾ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. (ബഖറഃ 72-73 കാണുക)
3. അസ്തിത്വബോധവും ആത്മാഭിമാനവും നഷ്ടപ്പെട്ട ആയിരക്കണക്കായ ഇസ്രാഈല്യർ മരണഭയം കൊണ്ട് സ്വന്തം വീടുവിട്ട് പേടിച്ചോടിയപ്പോൾ അല്ലാഹു അവരെ മരിപ്പിക്കുകയും അനന്തരം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. (ബഖറഃ 243 കാണുക)
4. മേല്‍ക്കൂരകൾ നിലംപൊത്തി തകർന്നു തരിപ്പണമായ ഒരു അധിവാസകേന്ദ്രം. അതു വഴി വന്ന ഒരു സഞ്ചാരി സംശയം രേഖപ്പെടുത്തുന്നു. ജീവൻെറ യാതൊരു തുടിപ്പുമില്ലാത്ത ഇതിനെ അല്ലാഹു എങ്ങനെ പുനരുജ്ജീവിപ്പിക്കാനാണ്? തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷത്തേക്ക് മരിപ്പിക്കുകയും പിന്നീട് പുനരുജ്ജീവിപ്പിച്ച് കാണിച്ചു കൊടുക്കുകയും ചെയ്തു. (ബഖറഃ 259 കാണുക)
5. ഇബ്‌റാഹീം عَلَيْهِ السَلَامُ അല്ലാഹുവിനോട് പ്രാർത്ഥിച്ചു:  മരണപ്പെട്ടവരെ നീ എങ്ങനെ പുനരുജ്ജീവിപ്പിക്കുന്നു എന്നത് എനിക്ക് കാണിച്ചുതരേണമേ. അല്ലാഹു പറഞ്ഞു: നാലു പക്ഷികളെ പിടിച്ച് കഷ്ണംവെട്ടി ഓരോ അംശവും ഓരോ മലയിലെറിയുക. എന്നിട്ട് അവയെ നീ തിരിച്ചു വിളിക്കുക. അവ നിൻെറ അടുക്കലേക്ക് ഓടിവരുന്നതായിരിക്കും. (ബഖറഃ 260)

3) ബുദ്ധിപരമായ തെളിവുകൾ: അനന്ത വിസ്തൃതമായി പരന്നു കിടക്കുന്ന ഉപരിലോകങ്ങളെയും കീഴ്‌ലോകങ്ങളെയും മാതൃകയില്ലാതെ സൃഷ്ടിച്ചവനായ അല്ലാഹു. ആദിജഢത്വവും ശൂന്യാവസ്ഥയും ഭേദിച്ച് സൃഷ്ടിപ്പിനു പ്രാരംഭം കുറിച്ച റബ്ബ്. അവന് സൃഷ്ടിപ്പിൻെറ ആവർത്തനമോ പുനരാവിഷ്‌കാരമോ ഒട്ടും പ്രയാസമാവില്ലെന്ന സ്വതഃസ്പഷ്ടമായ യാഥാർത്ഥ്യം. ഇതാണ് സത്യാന്വേഷികളുടെ മുമ്പിൽ അല്ലാഹു അവതരിപ്പിക്കുന്ന അനിഷേധ്യമായ ഒരു തെളിവ്. അല്ലാഹു പറയുന്നു:

﴿ وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ وَلَهُ الْمَثَلُ الْأَعْلَى فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ (الروم: 27)

[അവനാകുന്നു സൃഷ്ടിപ്രക്രിയ ആരംഭിക്കുന്നവന്‍. പിന്നീട് അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതവും പൂർണ്ണവുമായ ഗുണവിശേഷങ്ങളുള്ളത് അവന്നാകുന്നു. അവനാണ് അജയ്യനും ജ്ഞാനിയായ അധികാരസ്ഥനും.] (റൂം 27)

അതേപോലെ, മനുഷ്യൻ ജീവിക്കുന്ന ഈ ഭൗമലോകത്ത് അനുസ്യൂതം ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചില പ്രതിഭാസങ്ങളിലേക്ക് അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അവ മുൻനിർത്തി മനുഷ്യ ബുദ്ധിയെയും മനസ്സാക്ഷിയെയും അവൻ തട്ടിയുണർത്തുന്നു. മരണാനന്തര ജീവിതത്തിൻെറ സംഭവ്യത സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകൾ മനോഹരമായ ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നത് കാണുക:

﴿ وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ إِنَّ الَّذِي أَحْيَاهَا لَمُحْيِ الْمَوْتَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ (فصلت: 39)

[ഭൂമി ഉണങ്ങിയമർന്ന് കിടക്കുന്നത് നിനക്ക് കാണാം. അതിലേക്ക് നാം വെള്ളമിറക്കിയാൽ അത് സടകുടഞ്ഞ് എഴുന്നേറ്റ് വളർന്നു വരുന്നു. ഇതും അവൻെറ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവരെയും പുനരുജ്ജീവിപ്പിക്കും. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.] (ഫുസ്സിലത്ത് 39)

[ആറ്] വിധി വിശ്വാസം
നന്മയായോ തിന്മയായോ ഭവിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹു മുൻകൂട്ടി നിർണ്ണയിച്ചവയാണെന്ന വിശ്വാസം. അല്ലാഹുവിൻെറ മുൻകൂട്ടിയുള്ള വിധിപ്രകാരമല്ലാതെ യാതൊന്നും ഈ സൃഷ്ടിപ്രപഞ്ചത്തിൽ സംഭവിക്കുകയില്ല എന്നത് ആത്യന്തിക യാഥാർത്ഥ്യമാണ്. ഈ ദൃഢബോധ്യം ഒരു വിശ്വാസിയുടെ മനസ്സിൽ ഏറ്റവുമധികം സമാധാനവും ധൈര്യവും കർമ്മോത്സുകതയും അങ്കുരിപ്പിക്കുന്നു. അതേ സമയം, അവിശ്വാസികൾക്കും കപടന്മാർക്കും കടുത്ത ബൗദ്ധിക പ്രതിസന്ധി സൃഷ്ടിക്കുന്ന സങ്കീർണ്ണതകളുടെ മായാലോകമായി അത് വർത്തിക്കുന്നു. സർവ്വോപരി, അല്ലാഹു ഗുപ്തമാക്കിവെച്ച അവൻെറ രഹസ്യങ്ങളുടെ നിലവറയാണത്. അല്ലാഹുവിൻെറ പരിപൂർണ്ണമായ അറിവിൻെറയും അധികാരത്തിൻെറയും പ്രയുക്ത മേഖലയാണത്.

സങ്കീർണ്ണമായ ബൗദ്ധിക വ്യാപാരങ്ങളിലും ആശയപരമായ നൂലാമാലകളിലും അകപ്പെടാതെ വിധിവിശ്വാസത്തെ അയത്നലളിതമായി തന്നെ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അതിൽ നാലു കാര്യങ്ങൾ ഉൾപ്പെടുന്നു.

1. അല്ലാഹുവിൻെറ പരിപൂർണ്ണമായ അറിവ്. അവൻെറ അറിവ് എല്ലാ തലങ്ങളെയും ചൂഴ്ന്നുനിൽക്കുന്നു. വസ്തുക്കളെയും വസ്തുതകളെയും സംബന്ധിച്ച് സാമാന്യമായും സവിശേഷമായും മൊത്തമായും വിശദമായും സൂക്ഷ്മമായും സ്ഥൂലമായും അവൻ അറിയുന്നു. അവൻെറ പ്രവർത്തനങ്ങളെ കുറിച്ചും സൃഷ്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവൻ അറിയുന്നു. അവൻെറ അറിവിന് തുടക്കവും ഒടുക്കവുമില്ല. അത് അനാദിയും അനന്തവുമാണ്. വസ്തുക്കളും വസ്തുതകളും സൃഷ്ടിയായി സംഭവ ലോകത്ത് പുലരുന്നതിനു മുമ്പ് അവയെ കുറിച്ചുള്ള അറിവ് ആദിയിലേ അല്ലാഹുവിന്നുള്ളതാണ്. അത് ഒടുക്കമില്ലാതെ അനന്തമായി തുടരുന്നതുമാണ്. എല്ലാറ്റിനെ കുറിച്ചും അല്ലാഹുവിന്നുള്ള സൂക്ഷ്മമായ ഈ അറിവിൽ വിശ്വസിക്കുക. അതാണ് വിധിവിശ്വാസത്തിൻെറ ആദ്യപടി.

2. ലൗഹുൽ മഹ്ഫൂളിൽ എല്ലാം രേഖപ്പെടുത്തിവെച്ചു എന്ന വിശ്വാസം. സൃഷ്ടികളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അല്ലാഹുവിൻെറ അനാദിയായ അറിവിൽ ഉള്ളതാണ്. സൃഷ്ടികളുടെ വിധികളുമായി (مَقَادِيرُ الْخَلَائِقِ) ബന്ധപ്പെട്ട് അല്ലാഹുവിൻെറ അനാദിയായ അറിവിൽ ഉള്ള കാര്യങ്ങൾ അല്ലാഹു സുരക്ഷിതമായ ഒരു ഫലകത്തിൽ (اللَوْحُ الْمَحْفُوظُ) ഉല്ലേഖനം ചെയ്തുവെച്ചിരിക്കുന്നു. അല്ലാഹുവിൻെറ അനാദിയായ അറിവിൽ മുൻകടന്നിട്ടുള്ളതും ലൗഹിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ കാര്യങ്ങളല്ലാതെ യാതൊന്നും ഈ സൃഷ്ടിപ്രപഞ്ചത്തിൽ സംഭവിക്കുകയില്ല എന്നതാണ് വിധിവിശ്വാസത്തിൻെറ കാതൽ.

മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക:

﴿ أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ (الحج: 70)

[ഉപരിലോകത്തും കീഴ്‌ലോകത്തുമുള്ളതെല്ലാം അല്ലാഹു അറിയുന്നു എന്നത് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അവ ഉല്ലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞവയാണ്‌.  അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാണ്, തീർച്ച.] (ഹജ്ജ് 70)

عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ. [مسلم في صحيحه]

[അബ്ദുല്ലാ ബിൻ അംറ് ബിൻ അൽ ആസ്വ് رَضِيَ اللهُ عَنْهُمَا നിവേദനം. നബി പറയുന്നത് ഞാൻ കേട്ടു. ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷം മുമ്പ് സൃഷ്ടികളുടെ വിധി അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു.] (മുസ്‌ലിം സ്വഹീഹിൽ രേഖപ്പെടുത്തിയത്)

3. അല്ലാഹുവിൻെറ ഹിതം (مشيئة الله).  മുഴുവൻ സൃഷ്ടിജാലങ്ങളും ഉണ്ടാകുന്നത് അല്ലാഹു ഉദ്ദേശിക്കുമ്പോൾ, അവൻ ഉദ്ദേശിക്കുന്ന പ്രകാരത്തിലും സന്ദർഭത്തിലും മാത്രമാണ്. അവൻെറ ആദിയായ അറിവിൽ മുൻകടന്നതും ലൗഹിൽ രേഖപ്പെടുത്തപ്പെട്ടതുമായ കാര്യം സ്വയമേവ പുലരുകയല്ല ചെയ്യുന്നത്. അതതിൻെറ സന്ദർഭങ്ങളിൽ അല്ലാഹു ഉദ്ദേശിക്കുന്നു; അപ്പോൾ മാത്രം അവ പുലരുന്നു. അല്ലാഹുവിൻെറ പ്രവർത്തനങ്ങളോ സൃഷ്ടികളുടെ പ്രവർത്തനങ്ങളോ ആവട്ടെ എല്ലാം തന്നെ അവൻെറ ഹിതമനുസരിച്ച് മാത്രമേ സംഭവിക്കുകയുള്ളു. എല്ലാമെല്ലാം അവൻെറ ഹിതത്തിനും ഉദ്ദേശത്തിനും വിധേയമാണ്. അവൻെറ ഉദ്ദേശത്തിൽ വരാത്ത ഒന്നും അവൻെറ സൃഷ്ടി പ്രപഞ്ചത്തിൽ സംഭവിക്കുന്ന പ്രശ്നമില്ല. അല്ലാഹു പറയുന്നു:

﴿ وَيَفْعَلُ اللَّهُ مَا يَشَاءُ (إبراهيم: 27)

[അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ അത് അവൻ ചെയ്യുന്നു.] (ഇബ്‌റാഹീം 27)

﴿ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ (الأنعام: 112)

[നിൻെറ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ ചമച്ചുണ്ടാക്കുന്നതുമായി അവരെ നീ വിട്ടുകളയുക.] (അൻആം 112)

﴿ وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ (التكوير: 29)

 [ലോകരുടെ റബ്ബായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ക്ക് ഉദ്ദേശിക്കാൻ കഴിയില്ല.] (തക്‌വീർ 29)

4. സൃഷ്ടിപ്പ്: സൃഷ്ടിജാലങ്ങൾ അഖിലവും – അവയുടെ സത്തയും ഗുണവിശേഷങ്ങളുമാവട്ടെ, ചലനങ്ങളും പ്രവർത്തികളുമാവട്ടെ, അനക്കവും ഒതുക്കവുമാവട്ടെ, എല്ലാമെല്ലാം – അല്ലാഹുവിൻെറ സൃഷ്ടിയാണ്. അവൻെറ ആദിയായ അറിവിൽ മുൻകഴിഞ്ഞതാണ്, ലൗഹിൽ രേഖപ്പെടുത്തപ്പെട്ടതാണ്, അവൻെറ മുൻനിർണ്ണയ പ്രകാരം അവൻ ഉദ്ദേശിച്ചപ്പോൾ മാത്രം സംഭിച്ചവയാണ്. അവൻെറ സൃഷ്ടിയായി പുലർന്നതും വികസിച്ചതുമാണ്. അല്ലാഹു പറയുന്നത് കാണുക:

﴿ اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ (الزمر: 62)

[അല്ലാഹുവാണ് എല്ലാറ്റിൻെറയും സ്രഷ്ടാവ്. എല്ലാറ്റിനും മേൽ അധികാരസ്ഥനും അവൻ തന്നെ.] (സുമർ 62)

﴿ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا (الفرقان: 2)

[എല്ലാറ്റിനെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ മുൻനിർണ്ണയ പ്രകാരം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു.] (ഫുർഖാൻ 2)

﴿ وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (الصافات: 96)

[അല്ലാഹുവാണ് നിങ്ങളെയും നിങ്ങൾ പ്രവർത്തിക്കുന്നതിനെയും സൃഷ്ടിച്ചത്‌.] (സ്വാഫ്‌ഫാത്ത് 96)

﴿ مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ۞ لِكَيْلَا تَأْسَوْا عَلَى مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ (الحديد: 22-23)

[ഭൂലോകത്തെയോ നിങ്ങളുടെ ദേഹങ്ങളെ തന്നെയോ ബാധിച്ച യാതൊന്നും  അതിനെ നാം സൃഷ്ടിയാക്കുന്നതിനു മുമ്പ് ഒരു രേഖയില്‍ ഉള്‍പ്പെടുത്താതെ വിട്ടിട്ടില്ല. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍  ഉന്മാദം കാണിക്കാതിരിക്കാനും വേണ്ടി തന്നെയാണ് അത്. അല്ലാഹു ഒരഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുന്നില്ല.] (ഹദീദ് 22-23)
വിധിവിശ്വാസത്തെ നാം മനസ്സിലാക്കേണ്ടത് ക്രമാനുസാരം മുകളിൽ വിവരിച്ച പോലെ നാലു പടികളിലായിട്ടാണ്. ഇവ്വിഷയകമായി ബന്ധപ്പെട്ട ആശയങ്ങൾ അപൂർണ്ണമായോ ക്രമരഹിതമായോ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് സങ്കീർണ്ണതകൾ ഉടലെടുക്കുന്നത്. തൽഫലമായാണ് വിധി വിശ്വാസത്തിൻെറ ഉള്ളടക്കത്തെയും ആശയമൂല്യങ്ങളെയും ചിലർ നിഷേധപരവും വൈരുദ്ധ്യാത്മകവുമായി തെറ്റിദ്ധരിക്കാൻ ഇടവരുന്നത്.
ഞാനും എൻെറ മുഴുപ്രശ്നങ്ങളും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അല്ലാഹുവിൻെറ അനാദിയായ അറിവിൽ മുൻകടന്ന കാര്യമാണ്, അത് ലൗഹിൽ രേഖപ്പെട്ടു കിടപ്പുള്ളതാണ്, അവൻെറ ഹിതാനുസാരം മാത്രമാണ് എൻെറ എല്ലാ കാര്യങ്ങളും പുലർന്ന് വികസിക്കുന്നത്. അതിസൂക്ഷ്മമായ കാര്യങ്ങളിൽ പോലും റഹ്‌മാനും റഹീമുമായ അല്ലാഹുവിൻെറ ഇടപെടലുകളുണ്ട്. ഇനിയെന്ത് എന്ന അവ്യക്തതയോ അനിശ്ചിതത്വമോ ആശങ്കയോ എൻെറ കാര്യത്തിലില്ല. എല്ലാം മുൻനിർണ്ണയമനുസരിച്ച് സംഭവിക്കുന്നു. എല്ലാം ഭദ്രം! സുനിശ്ചിതം!! ഈ ദൃഢബോധ്യം നൽകുന്ന മനസ്സമാധാനം മറ്റേതൊരു വിശ്വാസത്തിൽനിന്നാണ് ലഭിക്കുക?
എനിക്ക് മുൻകൂട്ടി കണക്കാക്കപ്പെട്ടത് ഞാൻ കർമ്മം ചെയ്ത് നേടിയെടുക്കണം. കർമ്മത്തിലൂടെയല്ലാതെ അത് ആർജ്ജിക്കുക സാധ്യമല്ല. അത് എൻെറ ഭാഗം. എൻെറ സമീപനം ക്രിയാത്മകമാണെങ്കിൽ അല്ലാഹുവിൻെറ സഹായം അപാരമായിരിക്കും. അവൻ കാരുണ്യാവാനാണ്. അവൻ തൻെറ സൃഷ്ടികളോട് ഒരു തരിമ്പു പോലും അനീതി കാണിക്കില്ല. ഈ വിശ്വാസം ഒരാളെയും പിറകോട്ട് വലിക്കില്ല. നിഷ്ക്രിയനാക്കില്ല, നിഷേധിയാക്കില്ല. മറിച്ച് ഈ വിധിവിശ്വാസം അവനു പകരുന്നത് അളവറ്റ ഊർജ്ജമാണ്, കർമ്മോത്സുകതയാണ്, കഠിനാദ്ധ്വാനമാണ്. അവിടെയാണ് നബി ﷺ ഉണർത്തിയത്: (قَالُوا: إِذًا نُكْثِرُ، قَالَ: اللَّهُ أَكْثَرُ – الترمذي) നിങ്ങൾക്ക് അല്ലാഹുവിൻെറ പെരുപ്പത്തെയും സമൃദ്ധിയെയും അപാരതയെയും മറികടക്കാനാവില്ലെന്ന്.