ജീവിതലക്ഷ്യം സാക്ഷാത്കരിക്കാനും ഇഹപരവിജയം നേടിയെടുക്കാനും മനുഷ്യൻ എന്തു ചെയ്യണം, എന്തു ചെയ്തുകൂടാ എന്നതു സംബന്ധിച്ച് അല്ലാഹു അവതരിപ്പിച്ച നിയമോപദേശങ്ങളുടെ ആധികാരിക രേഖയാണ് പ്രമാണം.
പ്രമാണങ്ങൾക്ക് ഭൗതികവും ആത്മീയവുമായ തലങ്ങളുണ്ട്. അവ അന്യൂനവും സ്ഥലകാലങ്ങൾക്ക് അതീതവും ആത്യന്തികവുമായിരിക്കും. സർവ്വജ്ഞനായ അല്ലാഹു അവതരിപ്പിച്ച വഹ്‌യ് എന്ന നിലക്ക് അവക്ക് ആധികാരികതയും അപ്രമാദിത്വവുമുണ്ടായിരിക്കും. മനുഷ്യനിർമ്മിത ഭരണഘടനകൾ ഒരിക്കലും അങ്ങനെയായിരിക്കില്ല. അവ ഭൗതിക തലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയായിരിക്കും. അവ ധാരാളം ന്യൂനതകളും പരിമിതികളുമുള്ളവയായിരിക്കും. പ്രമാണങ്ങളെ അവയുമായി താരതമ്യപ്പെടുത്തുന്നതും, രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കളായ ഇസ്‌ലാമിസ്റ്റുകളുടെ ശൈലിയിൽ ഒരു ലോക ഭരണഘടനയായി അതിനെ അവതരിപ്പിക്കുന്നതും ശരിയായ നടപടിയല്ല. അത് വഹ്‌യിനെ ഇകഴ്ത്തലായിരിക്കും. മാത്രമല്ല, ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യവഹരിക്കുമ്പോൾ ശറഇൽ ഉപയോഗിച്ച ശബ്ദങ്ങളും പദാവലികളും തന്നെ പ്രയോഗിച്ചില്ലെങ്കിൽ വലിയ അപാകങ്ങൾ വരികയും ചെയ്യും.
പ്രമാണങ്ങൾക്കനുസൃതമായി കാര്യങ്ങൾ തീരുമാനിക്കുകയും ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്താൽ ഇഹപരവിജയം സുനിശ്ചിതമാണ്. എന്നാൽ മനുഷ്യയുക്തിക്കും അഭീഷ്ടങ്ങൾക്കും അനുസരിച്ചാണ് കാര്യങ്ങൾ തീർച്ചപ്പെടുത്തുന്നതെങ്കിൽ ഫലം സർവ്വത്ര നാശം മാത്രമായിരിക്കും. അല്ലാഹു പറയുന്നു:
﴿وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ﴾ (المؤمنون: 71)
[അവരുടെ അഭീഷ്ടങ്ങളെയായിരുന്നു സത്യം പിന്തുടർന്നിരുന്നത് എങ്കിൽ ആകാശഭൂമികളും അവയിലുള്ളവയുമെല്ലാം കുഴപ്പത്തിലായിട്ടുണ്ടാകുമായിരുന്നു. മറിച്ച്, അവർക്കുള്ള സന്ദേശം നാം തന്നെ എത്തിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടും അവർ അവർക്കുള്ള സന്ദേശത്തിൽനിന്ന് തിരിഞ്ഞു കളയുകയാണല്ലോ!] (മുഅ്മിനൂൻ 71)
നസ്സ്വും ഇജ്‌മാഉമാണ് (النص والإجماع) ഇസ്‌ലാമിൻെറ പ്രമാണങ്ങൾ. നസ്സ്വ് എന്നതുകൊണ്ടുള്ള വിവക്ഷ ഖുർആൻ സുക്തങ്ങളും നബിവചനങ്ങളുമാണ്. അവ രണ്ടും അല്ലാഹുവിൻെറ വഹ്‌യാണ്. വഹ്‌യാകുന്ന പ്രമാണങ്ങൾ പിൻപറ്റണമെന്നും അതൊഴികെ മറ്റൊന്നിനെയും പിൻപറ്റരുതെന്നും അല്ലാഹു അനുശാസിച്ചിട്ടുണ്ട്.
﴿اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلًا مَا تَذَكَّرُونَ﴾ (الأعراف: 3)
[നിങ്ങളുടെ റബ്ബിൽനിന്ന് നിങ്ങൾക്ക് അവതരിച്ചത് നിങ്ങൾ പിന്തുടരണം. അതിനു പുറമെ മറ്റു ഔലിയാക്കളാരെയും നിങ്ങൾ പിൻപറ്റിപ്പോകരുത്. കുറച്ചു മാത്രമല്ലേ നിങ്ങൾ ആലോചിക്കുന്നുള്ളു!] (അഅ്റാഫ് 3)
മനുഷ്യൻ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സകലമാന പ്രശ്നങ്ങൾക്കും മതവിധി അന്വേഷിക്കേണ്ടത് ഖുർആൻ സൂക്തങ്ങളിലും നബിവചനങ്ങളിലുമാണ്. അല്ലാഹു പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾ (النساء 59)
[വിശ്വാസികളേ! നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക, റസൂലിനെ അനുസരിക്കുക, നിങ്ങളിൽനിന്നുള്ള കൈകാര്യ കർത്താക്കളെയും. ഏതൊരു കാര്യത്തിൽ നിങ്ങൾ ഭിന്നിച്ചാലും, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരാണെങ്കിൽ, അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. അതാണ് ഗുണകരവും ഉത്തമ പര്യവസായിയും.] (നിസാഅ് 59)
പ്രാമാണികതയുടെ കാര്യത്തിൽ ഖുർആനും സുന്നത്തും ഒരുപോലെ തന്നെയാണ്. രണ്ടും അല്ലാഹു ഇറക്കിയ വഹ്‌യാണ്. വിധി അന്വേഷിക്കേണ്ടത് അവ രണ്ടിലും ഒരുമിച്ചാണ്. നബി ﷺ നൽകുന്ന വിശദീകരണങ്ങൾ വഹ്‌യല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു പറയുന്നു:
﴿وَمَا يَنْطِقُ عَنِ الْهَوَى ۞ إِنْ هُوَ إِلَّا وَحْيٌ يُوحَى﴾ (النجم: 3، 4)
[അവിടുന്ന് അഭീഷ്ടമനുസരിച്ചല്ല സംസാരിക്കുന്നത്. അത് ബോധനം ചെയ്യപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല.] (നജ്‌മ് 3, 4)
പ്രാമാണികതയുടെ കാര്യത്തിൽ നബിചര്യ ഖുർആനിനു തുല്യമാണെന്ന് നബി ﷺ തന്നെ വ്യക്തമാക്കിയിരിക്കുന്നു:
عَنِ الْمِقْدَامِ بْنِ مَعْدِي كَرِبَ الْكِنْدِيِّ، قَالَ: قَالَ رَسُولُ اللَّهِ ﷺ: أَلَا إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ… إلخ. [أبو داود في سننه، وصححه الألباني]
[മിഖ്‌ദാം ബിൻ മഅ്ദീകരിബ് അൽകിന്ദി നിവേദനം. നബി ﷺ പറഞ്ഞു: അറിയുവീൻ! എനിക്ക് ഗ്രന്ഥം നൽകപ്പെട്ടിരിക്കുന്നു, അതിൻെറ കൂടെ തത്തുല്യമായ മറ്റൊന്നും…] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
عَنِ الْمِقْدَامِ بْنِ معْدِ يكَرِبَ الْكِنْدِيِّ، أَنَّ رَسُولَ اللَّهِ ﷺ قَالَ: يُوشِكُ الرَّجُلُ مُتَّكِئًا عَلَى أَرِيكَتِهِ، يُحَدَّثُ بِحَدِيثٍ مِنْ حَدِيثِي، فَيَقُولُ: بَيْنَنَا وَبَيْنَكُمْ كِتَابُ اللَّهِ عَزَّ وَجَلَّ، فَمَا وَجَدْنَا فِيهِ مِنْ حَلَالٍ اسْتَحْلَلْنَاهُ، وَمَا وَجَدْنَا فِيهِ مِنْ حَرَامٍ حَرَّمْنَاهُ، أَلَّا وَإِنَّ مَا حَرَّمَ رَسُولُ اللَّهِ مِثْلُ مَا حَرَّمَ اللَّهُ. [ابن ماجة في سننه، وصححه الألباني]
[മിഖ്‌ദാം ബിൻ മഅ്ദീകരിബ് അൽകിന്ദിയിൽനിന്ന് നിവേദനം. തീർച്ചയായും നബി ﷺ പറയുകയുണ്ടായി: ഒരാൾ തൻെറ സോഫയിൽ ചാരിക്കിടന്ന് എൻെറ വചനങ്ങളിലൊന്ന് ഉദ്ധരിക്കുന്ന കാലം വരാറായി. എന്നിട്ട് അയാൾ പറയും: നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻെറ ഗ്രന്ഥമുണ്ടല്ലോ. അതിൽ ഹലാലായി കാണുന്നതിനെ നാം നിയമാനുസാരമായി ഗണിക്കും. അതിൽ ഹറാമായി കാണുന്നതിനെ നാം നിഷിദ്ധമായി കാണുകയും ചെയ്യും. അറിയുക! അല്ലാഹുവിൻെറ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിനു തുല്യമാണ്.] (ഇബ് നു മാജഃ സുനനിൽ ഉദ്ധരിച്ചത്).
ചുരുക്കത്തിൽ, ഖുർആനും സുന്നത്തും അല്ലാഹു അവതരിപ്പിച്ചതാണ്. രണ്ടും മനുഷ്യരാശിക്കുള്ള സന്ദേശമാണ്. രണ്ടിനെയും വഹ്‌യ് എന്ന ഒരു ഏകകമായിട്ടാണ് പരിഗണിക്കേണ്ടത്. അവ പരസ്പര പൂരകങ്ങളും വേർപ്പെടുത്താനാവാത്തവയുമാണ്. മനുഷ്യർക്കാവശ്യമായ വിധിവിലക്കുകൾ അന്വേഷിക്കേണ്ടത് അവ രണ്ടിലും ഒരുമിച്ചാണ്.
عن أبي هريرة رَضِيَ اللهُ عَنْهُ، قال: قال رسول الله صلى الله عليه وسلم: إني قد تركت فيكم شيئين، لن تضلوا بعدهما، كتاب الله وسنتي، ولن يتفرقا حتى يردا عليَّ الحوض. [الحاكم في مستدركه، وصححه الألباني]
[അബൂഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവക്കു ശേഷം നിങ്ങൾ പിഴക്കുകയില്ല – അല്ലാഹുവിൻെറ ഗ്രന്ഥവും എൻെറ ചര്യയും. ഹൗളിനരികിൽ വെച്ച് ഞാനുമായി സന്ധിക്കുന്നതുവരെ അവ രണ്ടും വേർപിരിയുകയുമില്ല.] (ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്)
പ്രമാണങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ ഒന്ന് ഖുർആൻ, രണ്ട് സുന്നത്ത് എന്നിങ്ങനെ പറയുന്നത് എണ്ണാൻ വേണ്ടി മാത്രമാണ്. അല്ലാതെ പ്രാമാണികതയുടെ കാര്യത്തിൽ സുന്നത്തിന് രണ്ടാം സ്ഥാനമേ ഉള്ളു എന്ന് അതുകൊണ്ട് വിവക്ഷിക്കുന്നില്ല.
എന്നാൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് മതവിധി അന്വേഷിക്കേണ്ടത് ആദ്യം ഖുർആനിലാണ്. അതിൽ കണ്ടില്ലെങ്കിൽ പിന്നെ സുന്നത്ത് പരിശോധിക്കുക. അതിലും കണ്ടില്ലെങ്കിൽ യുക്തി പ്രയോഗിക്കുക. ഇങ്ങനെ ഒരു ക്രമം പലരും തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്. അത്തരത്തിലുള്ള പരാമർശങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിലുമുണ്ട്. അതു ന്യായീകരിക്കാൻ ദുർബ്ബലമായ ഒരു സംഭവം ഉയർത്തിക്കാണിക്കാറുണ്ട്. വിശുദ്ധ ഖുർആൻ വിവരണത്തിൻെറ മുഖവുര, പുറം 54, 63 ലും സൂറത്തുൽ ഹുജുറാത് 1-ാം സൂക്തത്തിൻെറ വ്യാഖ്യാനം, പുറം 3074 ലും അത് ഉദ്ധരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:
“യമനിലെ മുസ്ലിംകൾക്കു മതകാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുവാനായി മുആദ് (معاذ بن جبل ) നെ അയച്ച അവസരത്തിൽ നബി (സ) അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി: താൻ എന്തുകൊണ്ടാണ് – അഥവാ ഏതിനെ ആസ്പദമാക്കിയാണ് – വിധി കൊടുക്കുക? മുആദ് പറഞ്ഞു: അല്ലാഹുവിൻെറ ഗ്രന്ഥം കൊണ്ട്. തിരുമേനി: അതിൽ കണ്ടെത്തിയില്ലെങ്കിലോ? മുആദ് : അല്ലാഹുവിൻെറ റസൂലിൻെറ സുന്നത്തു (ചര്യ) കൊണ്ട്. തിരുമേനി: അതിലും കണ്ടെത്തിയില്ലെങ്കിലോ? മുആദ് : ഞാൻ എൻെറ അഭിപ്രായം ആരാഞ്ഞെടുക്കും. അപ്പോൾ തിരുമേനി, അദ്ദേഹത്തിൻെറ നെഞ്ചിനു കൊട്ടിക്കൊണ്ടു ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിൻെറ റസൂലിൻെറ ദുതന്ന് അല്ലാഹുവിൻെറ റസൂൽ തൃപ്തിപ്പെടുന്ന കാര്യത്തിലേക്കു സഹായം ചെയ്തുകൊടുത്ത അല്ലാഹുവിനു സ്തുതി!” (വിശുദ്ധ ഖുർആൻ വിവരണം, പുറം 3074)
മേൽ സംഭവം ദുർബ്ബലവും തെളിവിനു കൊള്ളാത്തതുമാണ്. തിർമുദി, ദാരിമി മുതലായവരുടെ ഹദീസ് സമാഹാരങ്ങളിൽ ഇതു കാണാവുന്നതാണ്. മുൻഗാമികളും പിൻഗാമികളുമായ നിരവധി ഹദീസ് നിരൂപകന്മാർ ഇതിൻെറ പൊള്ളത്തരം തുറന്നുകാണിച്ചിട്ടുണ്ട്. ഇമാം അൽബാനി رحمه الله അവ സംഗ്രഹിച്ചത് ഇവിടെ ഉദ്ധരിക്കാം:
فيجب أن نعلم أن هذا الحديث لا يصح من حيث إسناده عند علماء الحديث تنصيصا وتفريعا، وأعني بالتنصيص أن كثيرا من علماء الحديث قد نصوا على ضعف إسناد هذا الحديث كالإمام البخاري إمام المحدثين وغيره، وقد جاوز عددهم العشرة من أئمة الحديث قديما وحديثا من أقدمهم الإمام البخاري فيما أذكر، ومن آخرهم الإمام ابن حجر العسقلاني، وما بينهما أئمة آخرون، كنت ذكرت أقوالهم في كتابي سلسلة الأحاديث الضعيفة والموضوعة وأثرها السيئ في الأمة، ومن أراد البسط والتفصيل رجع إليه، الشاهد؛ أن هذا الحديث لا يصح بتنصيص الأئمة على ذلك، وأيضا كما تدل على ذلك قواعدهم حيث أن هذا الحديث مداره على رجل معروف بالجهالة، أي ليس معروفا بالرواية فضلا عن أن يكون معروفا بالصدق، فضلا عن أن يكون معروفا بالحفظ، كل ذلك مجهول عنه، فكان مجهول العين كما نص على جهالته الإمام الناقد الحافظ الذهبي الدمشقي في كتابه العظيم المعروف بميزان الاعتدال في نقد الرجال. [الألباني في كيف يجب أن نفسر القرآن]
[നിർബ്ബന്ധമായും നാം അറിഞ്ഞിരിക്കുക! ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ ഈ വചനം അതിൻെറ നിവേദക പരമ്പര വെച്ചുകൊണ്ടു തന്നെ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ലാത്തതാണ്. ഇക്കാര്യം അവർ മൗലികമായി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. അതേ പോലെ, അവർ അവലംബിക്കുന്ന തത്വങ്ങളിൽനിന്ന് അത് വ്യക്തവുമാണ്. മൗലികമായി രേഖപ്പെടുത്തുക എന്നതു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് മുഹദ്ദിസുകളുടെ നായകനായ ഇമാം ബുഖാരിയും അല്ലാത്തവരുമായ കുറേയധികം ഹദീസ് പണ്ഡിതന്മാർ അതിൻെറ നിവേദക പരമ്പര ദുർബ്ബലമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു എന്നാണ്. പൗരാണികരും ആധുനികരുമായ അത്തരം മുഹദ്ദിസുകളുടെ സംഖ്യ പത്തിൽ കവിയും. എൻെറ ഓർമ്മയിൽ അവരിൽ ഏറ്റവും പൗരാണികൻ ഇമാം ബുഖാരിയും അവസാനത്തെയാൾ ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനിയുമാണ്. അവർക്കിടയിൽ മറ്റു ഇമാമുകളുമുണ്ട്. അവരുടെയൊക്കെ പരാമർശങ്ങൾ ഞാൻ سلسلة الأحاديث الضعيفة എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങളും വിവരണങ്ങളും ഉദ്ദേശിക്കുന്നവർക്ക് അതു പരിശോധിക്കാവുന്നതാണ്. വസ്തുത ഇതാണ്: ഇമാമുകളുടെ മൗലികമായ പരാമർശം കൊണ്ടു തന്നെ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല. കൂടാതെ അവർ അവലംബിക്കുന്ന തത്വങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കാരണം, ഈ ഹദീസിൻെറ അച്ചുതണ്ടായി വർത്തിക്കുന്നത് ഒട്ടും അറിയപ്പെടാത്ത ഒരു വ്യക്തിയാണ്. അഥവാ ഈ ഹദീസ് അവലംബിക്കുന്നത് നിവേദന രംഗത്ത് ഒട്ടും അറിയപ്പെടാത്ത ഒരാളെയാണ്. മാത്രമല്ല അദ്ദേഹത്തിൻെറ സത്യസന്ധത തെളിയിക്കപ്പെട്ടിട്ടില്ല. അതിനും പുറമെ അദ്ദേഹത്തിൻെറ സൂക്ഷ്മതയും അറിയപ്പെട്ടിട്ടില്ല. അയാളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങളെല്ലാം തന്നെ അജ്ഞാതമായി കിടക്കുന്നു. ആ വ്യക്തി തന്നെ അിറയപ്പെടാത്തയാളാണ്. അയാൾ അറിയപ്പെടാത്തവനാണെന്ന കാര്യം നിരൂപകനും ഹാഫിളുമായ ഡമസ്കസുകാരൻ ഇമാം ദഹബി തൻെറ ബൃഹദ് ഗ്രന്ഥമായ മീസാനുൽ ഇഅ്തിദാലിൽ വ്യക്തമാക്കിയിട്ടുണ്ട്.] (അൽബാനി, നാം എങ്ങനെ ഖുർആൻ വ്യാഖ്യാനിക്കണം)
ഖുർആനിനും സുന്നത്തിനുമിടയിൽ വിവേചനം കാണിക്കാനോ അവയെ തമ്മിൽ വേർപിരിക്കാനോ പാടില്ല. സുന്നത്തിൽ സ്ഥിരപ്പെട്ട ഏതെങ്കിലും ഒരു കാര്യം നിഷേധിച്ചാൽ ഖുർആനിൽനിന്നും സമാനമായത് തള്ളേണ്ടിവരും. അതേ പോലെ, ഖുർആനിലുള്ള ഒരു കാര്യം നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്താൽ സമാനമായത് സുന്നത്തിൽനിന്നും നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്യേണ്ടിവരും. കാരണം അവ രണ്ടും പരസ്പര പൂരകങ്ങളായ വഹ്‌യാണ്. അവ ഒരിക്കലും തമ്മിൽ വേർപിരിയാത്തവയുമാണ്. എന്നാൽ ഖുർആനിനെയും സുന്നത്തിനെയും ഒരു ഏകകമായി കാണാതെ അവക്കിടയിൽ വിവേചനം കാണിക്കുന്നത് കുഫ്ർ തന്നെയാണ്. അല്ലാഹു പറയുന്നു:
﴿إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَنْ يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَنْ يَتَّخِذُوا بَيْنَ ذَلِكَ سَبِيلًا ۞ أُولَئِكَ هُمُ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا﴾ (النساء: 150، 151)
[നിശ്ചയമായും അല്ലാഹുവിലും അവൻെറ ദൂതരിലും അവിശ്വസിക്കുന്നവർ. അവർ അല്ലാഹുവിൻെറയും അവൻെറ ദുതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കാനുദ്ദേശിക്കുന്നു. ഞങ്ങൾ ചിലരിൽ വിശ്വസിക്കും, ചിലരിൽ അവിശ്വസിക്കും എന്ന് പറയുകയും അതിനിടക്കുള്ള ഒരു മാർഗ്ഗം സ്വീകരിക്കാനുദ്ദശിക്കുകയും ചെയ്യുന്നു. അവർ തന്നെയാണ് സത്യമായും അവിശ്വാസികൾ. ആ കാഫിറുകൾക്കു നാം ഒരുക്കിവെച്ചിരിക്കുന്നത് നിന്ദ്യമായ ശിക്ഷയാണ്.] (അന്നിസാഅ് 150-151)
ഈ സൂക്തം വിവരിച്ചുകൊണ്ട് ഖുർതുബി തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത് കാണുക:
ومعنى (يُرِيدُونَ أَنْ يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ) أي بين الإيمان بالله ورسله، فنص سبحانه على أن التفريق بين الله ورسله كفر، وإنما كان كفرا لأن الله سبحانه فرض على الناس أن يعبدوه بما شرع لهم على ألسنة الرسل، فإذا جحدوا الرسل ردوا عليهم شرائعهم ولم يقبلوها منهم. [القرطبي في الجامع لأحكام القرآن]
[‘അവർ അല്ലാഹുവിൻെറയും അവൻെറ ദുതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കാനുദ്ദേശിക്കുന്നു’ എന്നതിൻെറ വിവക്ഷ അല്ലാഹുവിലും അവൻെറ ദൂതന്മാരിലുമുള്ള വിശ്വാസത്തിനിടയിൽ എന്നാണ്. അങ്ങനെ, അല്ലാഹുവിൻെറയും അവൻെറ ദൂതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കുന്നത് അവിശ്വാസമാണെന്ന് അവൻ സ്പഷ്ടമാക്കിയിരിക്കുന്നു. അത് അവിശ്വാസമാകാൻ കാരണം ദൂതന്മാരുടെ ജിഹ്വകളിലൂടെ അല്ലാഹു നിശ്ചയിച്ച നിയമവ്യവസ്ഥ പ്രകാരം ജനങ്ങൾ അവനെ ആരാധിക്കണമെന്നാണ് അവൻ അവർക്ക് നിയമമാക്കിയിരിക്കുന്നത്. അവർ ദൂതന്മാരെ നിഷേധിച്ചാൽ ദൂതന്മാർ കൊണ്ടുവന്ന നിയമവ്യവസ്ഥകളെ അവർ തള്ളിക്കളയാനിടവരും. ദൂതന്മാരിൽനിന്ന് അവരത് സ്വീകരിക്കുകയില്ല താനും.] (ഖുർതുബി തഫ്‌സീറിൽ ഉദ്ധരിച്ചത്)
ഈ സൂക്തത്തിനു തന്നെ പ്രമുഖമായ വ്യാഖ്യാനങ്ങൾ വേറെയുമുണ്ട് എന്ന കാര്യം വിസ്മരിക്കാവതല്ല.
ഖുർആൻ അംഗീകരിക്കാം, എന്നാൽ ഹദീസ് അംഗീകരിക്കാനാവില്ല എന്ന ചിന്താഗതി ആരൊക്കെ ഏതെല്ലാം രുപത്തിൽ അവതരിപ്പിച്ചാലും അത് കടുത്ത അവിശ്വാസത്തിൽ കുറഞ്ഞ മറ്റൊന്നുമായിരിക്കില്ലെന്നതിന് മേൽ സൂക്തം മതിയായ തെളിവാണ്.