അറിവിൻെറ ആധികാരികതയിലേക്ക്…


മനുഷ്യൻ ഭൂമിയിൽ പിറന്നുവീഴുന്നത് ഒന്നും അറിയാത്തവനായിട്ടാണ്. സ്രഷ്ടാവായ അല്ലാഹു അറിവു നേടുന്നതിനും സന്മാർഗ്ഗം പ്രാപിക്കുന്നതിനുമുള്ള ഉപാധികൾ അവനു നൽകി അനുഗ്രഹിച്ചു. അല്ലാഹു പറയുന്നു:

﴿وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ﴾ (النحل: 78)

[നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽനിന്ന് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നത് യാതൊന്നും അറിയാത്തവരായിട്ടാണ്. അവൻ നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയവും നൽകി. നിങ്ങൾ നന്ദിയുള്ളവരായേക്കാം.] (നഹ്ൽ 78)

അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു പഠിക്കാനുള്ള ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുകയാണ് അല്ലാഹുവും റസൂലും ചെയ്തിട്ടുള്ളത്. സന്മാർഗ്ഗത്തിലെത്തിച്ചേരാനുള്ള പ്രധാന വഴികളിൽ ഒന്നത്രെ പ്രാമാണികരായ പണ്ഡിതന്മാരോടുള്ള അർത്ഥവത്തായ ചോദ്യം. അല്ലാഹു പറയുന്നു:

﴿فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ﴾ (النحل: 43، الأنبياء: 7)

[അതിനാൽ, അറിയില്ലെങ്കിൽ മഹദ്‌സന്ദേശത്തി ൻെറ വാഹകരോട് നിങ്ങൾ ചോദിച്ചറിയുവീൻ.] (നഹ്ൽ 43, അൻബിയാഅ് 7)

അതീവ ലജ്ഞാവതികളായിരുന്ന അൻസാരി മഹിളകൾ മതകാര്യങ്ങൾ അന്വേഷിച്ച് പഠിക്കാനും അറിവു നേടാനും കാണിച്ചിരുന്ന ഉത്ക്കടമായ താൽപര്യത്തെ ആയിശ رَضِيَ اللهُ عَنْهُ പ്രശംസിക്കുകയുണ്ടായി.

عن عائشة رَضِيَ اللهُ عَنْهَا أنها قالت: نعم النساء نساء الأنصار، لم يكن يمنعهن الحياء أن يتفقهن في الدين، وأن يسألن عنه ولما نزلت سورة النور شققن حواجز أو حجز مناطقهن فاتخذنها خمرا، وجاءت فلانة فقالت: يا رسول الله! إن الله لا يستحيي من الحق، كيف أغتسل من الحيض… [عبد الرزاق في مصنفه]

[ആയിശ رَضِيَ اللهُ عَنْهَا പറയുന്നു: അൻസാരീ സ്ത്രീകൾ എത്ര നല്ല മഹിളകളാണ്! മതകാര്യങ്ങളിൽ അറിവ് നേടുന്നതിനും അതിനെ കുറിച്ച് ചോദിച്ച് പഠിക്കുന്നതിനും ലജ്ജ അവർക്ക് തടസ്സമായിരുന്നില്ല. സൂറത്തുന്നൂർ അവതരിച്ചപ്പോൾ അവർ അവരുടെ കച്ചകൾ കീറി മുഖമക്കനയാക്കി. ഒരുവൾ വന്ന് ചോദിച്ചു: അല്ലാഹുവി ൻെറ ദൂതരേ, സത്യത്തി ൻെറ കാര്യത്തിൽ അല്ലാഹുവിന് ലജ്ജയില്ലല്ലോ. ആർത്തവ ശുദ്ധിക്കു വേണ്ടി ഞാൻ കുളിക്കേണ്ടത് എങ്ങനെയാണ്?…] (അബ്ദുറസാഖ് മുസ്വന്നഫിൽ ഉദ്ധരിച്ചത്)

അറിവ് ആരോട് ചോദിക്കണം 

അല്ലാഹു പറഞ്ഞത് (فاسألوا أهل الذكر) ദിക്റി ൻെറ ആളുകളോട് ചേദിക്കാനാണ്. അഥവാ അല്ലാഹു അവതരിപ്പിച്ച വഹ്‌യിനെ കുറിച്ച് ജ്ഞാനമുള്ള, അതി ൻെറ യഥാർത്ഥ വാഹകരായ പണ്ഡിതന്മാരോട് ചോദിക്കണം. അർഹരല്ലാത്തവരോട് ചോദിക്കുന്നതും അവർ മതവിധിനൽകുന്നതും അപകടകരമാണെന്ന് ഹദീസിൽ വിശദീകരിച്ചിരിക്കുന്നു.

عن جابر رضي الله عنه قال: خرجنا في سفر، فأصاب رجلا منا حجر فشجه في رأسه، ثم احتلم، فسأل أصحابه فقال: هل تجدون لي رخصة في التيمم؟ فقالوا: ما نجد لك رخصة وأنت تقدر على الماء، فاغتسل فمات. فلما قدمنا على النبي ﷺ أخبر بذلك، فقال: قتلوه قتلهم الله، ألا سألوا إذا لم يعلموا؟ فإنما شفاء العي السؤال. [أبو داود في سننه، وصححه الألباني]

[ജാബിർ رَضِيَ اللهُ عَنْهُ പറയുന്നു: ഞങ്ങൾ ഒരു യാത്ര പുറപ്പെട്ടു. കൂട്ടത്തിൽ ഒരാളുടെ തലയിൽ കല്ലുകൊണ്ട് ആഴത്തിൽ മുറിവേറ്റു. അനന്തരം അയാൾക്ക് സ്വപ്നസ്ഖലനം സംഭവിച്ചു. അയാൾ ത ൻെറ കൂട്ടാളികളോട് അതിനെ കുറിച്ച് ചോദിച്ചു: എനിക്ക് തയമ്മും ചെയ്യാനുള്ള ഇളവ് നിങ്ങൾ കാണുന്നുണ്ടോ? അവർ പറഞ്ഞു: വെള്ളം ഉപയോഗിക്കാൻ കഴിയുന്നവനായിരിക്കെ നിനക്ക് ഒരിളവും ഞങ്ങൾ കാണുന്നില്ല. അങ്ങനെ അദ്ദേഹം കുളിക്കുകയും അക്കാരണത്താൽ മരണപ്പെടുകയും ചെയ്തു. ഞങ്ങൾ നബി ﷺ യുടെ അടുക്കൽ എത്തിയപ്പോൾ അക്കാര്യം അറിയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: അവർ അദ്ദേഹത്തെ കൊലപ്പെടുത്തി. അവരുടെ മേൽ അല്ലാഹുവി ൻെറ ശാപം! അവർക്ക് അറിയില്ലായിരുന്നെങ്കിൽ ചോദിക്കാമായിരുന്നില്ലേ? അജ്ഞതക്കുള്ള പ്രതിവിധി അന്വേഷിച്ചറിയുക എന്നതു മാത്രമാണ്.] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

ഗൗരവതരമായ നൂതനപ്രശ്നങ്ങൾ കൈകാര്യകർത്താക്കളോട് ചോദിക്കണം

മുസ്‌ലികളെ പൊതുവായി ബാധിക്കുന്ന ഗൗരവതരമായ കാലിക പ്രശ്നങ്ങളുടെ വിധിയും അവക്കുള്ള പരിഹാരവും അന്വേഷിക്കേണ്ടത് أولو الأمر എന്ന് അല്ലാഹു വിശേഷിപ്പിച്ച കൈകാര്യകർത്താക്കളോട് മാത്രമാണ്. അൽപം ഓതിപ്പടിച്ച ആർക്കും കേറി അഭിപ്രായം പറയാവുന്ന മേഖലയല്ല അത്. അത്തരം വിഷയങ്ങളിൽ ആരോടെങ്കിലുമൊക്കെ ചോദിച്ച് അവർ നൽകുന്ന മറുപടിയും കേട്ട് നിലപാട് എടുക്കലല്ല സാധാരണക്കാർ ചെയ്യേണ്ടത്. അല്ലാഹു പറയുന്നു: ‌

﴿وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا﴾ (النساء: 83)

[സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്കെത്തിയാൽ അതവർ പ്രചരിപ്പിക്കുകയായി. റസൂലിനും അവരിലെ കൈകാര്യകർത്താക്കൾക്കും അത് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്നും വസ്തുതകൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവർ അതി ൻെറ യാഥാർത്ഥ്യം മനസ്സിലാക്കിയെടുക്കുമായിരുന്നു. നിങ്ങളുടെ മേൽ അല്ലാഹുവി ൻെറ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ അൽപം ചിലരൊഴികെ നിങ്ങളെല്ലാവരും പിശാചിനെ പിൻപറ്റിപ്പോകുമായിരുന്നു.] (നിസാഅ് 83)

സ്ഥാപിതമായ പ്രത്യക്ഷ വിഷയങ്ങൾ

ഇസ്‌ലാമിൽ വിധിവിലക്കുകൾ നിർണ്ണയിക്കുന്നത് പ്രമാണങ്ങളിൽനിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മനുഷ്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒട്ടുമിക്ക വിഷയങ്ങളുടെയും വിധിവിലക്കുകൾ പ്രത്യക്ഷവും സ്ഥാപിതവുമാണ്. ഇത്തരം വിഷയങ്ങളിൽ തെളിവുനോക്കി വിധിപറയുക താരതമ്യേന എളുപ്പമായിരിക്കും. മതപരമായി നമുക്ക് അറിവില്ലാത്ത കാര്യങ്ങളിൽ ദീനിനെ കുറിച്ച് അവഗാഹമുള്ള പണ്ഡിതന്മാരോട് ചോദിച്ച് മനസ്സിലാക്കുകയേ വേണ്ടൂ. ദീൻ കാര്യങ്ങൾ ചോദിക്കാനും സ്വീകരിക്കാനും യോഗ്യരായ പണ്ഡിതന്മാർ ആരാണെന്ന് നാം വേർതിരിച്ചു മനസ്സിലാക്കുക തന്നെ വേണം. ഇവ്വിഷയകമായി മഹാനായ താബിഈവര്യൻ മുഹമ്മദ് ബിൻ സീരീൻ رَحِمَهُ اللهُ നടത്തിയ പ്രസ്താവന വളരെ അർത്ഥവത്താണ്:

إِنَّ هَذَا الْعِلْمَ دِينٌ، فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ. [مسلم في مقدمة صحيحه]

[നിശ്ചയമായും ഈ അറിവ് ദീൻ തന്നെയാണ്. അതിനാൽ നിങ്ങളുടെ ദീൻ ആരിൽ നിന്നാണ് നിങ്ങൾ സ്വീകരിക്കുന്നതെന്ന് നോക്കണം.] (മുസ്‌ലിം സ്വഹീഹി ൻെറ മുഖവുരയിൽ ഉദ്ധരിച്ചത്)

പക്വമതികളായ പണ്ഡിതന്മാരോട് ചോദിക്കൂ, അവിവേകികളായ അൽപന്മാരോടല്ല

ദീനി ൻെറ തെളിവുകളിൽ കൃത്യവിലോപം കാണിച്ച് തങ്ങളുടെ ബിദ്അത്തുകൾക്ക് ന്യായം പറയുന്ന അധമന്മാരായ അൽപജ്ഞാനികളോടല്ല (الأصاغر) മതകാര്യങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്. സുന്നത്തിൽ അടിയുറച്ച, വിജ്ഞാനം കൊണ്ട് പക്വതയാർജ്ജിച്ച, വിവേകമതികളായ പണ്ഡിതന്മാരിൽനിന്നാണ് (الأكابر) ദീൻ പഠിക്കേണ്ടത്. വേഷഭൂഷാദികളിലും ബഹിർപ്രകടനങ്ങളിലും വഞ്ചിതരായി അൽപന്മാരിൽ നിന്ന് അറിവ് തേടുന്ന രീതി ഇന്ന് വ്യാപകമായിരിക്കുന്നു. ഇത് നബി ﷺ യുടെ വാക്കുകളുടെ പുലർച്ചയാണെന്ന് കരുതാനേ നിർവ്വാഹമുള്ളു. അവിടുന്ന് പറഞ്ഞു:

إن من أشراط الساعة أن يلمتس العلم عند الأصاغر. [ابن المبارك في الزهد واللالكائي في شرح أصول اعتقاد أهل السنة والجماعة، وصححه الألباني]

[അൽപന്മാരിൽനിന്ന് അറിവു തേടൽ അന്ത്യനാളിൻെറ അടായളങ്ങളിൽപെട്ടതു തന്നെയാണ്.] (ഇബ്‌നുൽ മുബാറക്, ലാലകാഈ എന്നിവർ ഉദ്ധരിച്ചത്)

عن ابن عباس أن النبي قال: البركة مع أكابركم. [ابن حبان في صحيحه وصححه الألباني]

[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: എല്ലാ നന്മകളും പക്വമതികളായ പണ്ഡിതന്മാരോടൊപ്പമായിരിക്കും.] (ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചത്)

قال عبد الله بن مسعود رَضِيَ اللهُ عَنْهُ: لا يزال الناس بخير ما أتاهم العلم من قبل كبرائهم، فإذا أتاهم العلم من قبل أصاغرهم هلكوا. [اللالكائي في شرح أصول اعتقاد أهل السنة والجماعة]

[അബ്ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ പറയുന്നു: ജനങ്ങൾ നന്മയിൽ തന്നെ അവശേഷിക്കും, അറിവ് അവരിലെ പക്വമതികളായ പണ്ഡിതന്മാരിൽനിന്ന് വന്നെത്തുന്ന കാലത്തോളം. അവരിലെ അൽപന്മാരിൽനിന്ന് വരാൻ തുടങ്ങിയാൽ അവർ നശിച്ചതു തന്നെ.] (ലാലകാഈ ഉദ്ധരിച്ചത്)

عن عبد الله بن عكيم قال: كان عمر رَضِيَ اللهُ عَنْهُ يقول: إن أصدق القيل قيل الله، ألا وإن أحسن الهدي هدي محمد ﷺ وشر الأمور محدثاتها، كل محدثة ضلالة، ألا وإن الناس بخير ما أخذوا العلم عن أكابرهم، ولم يقم الصغير على الكبير، فإذا قام الصغير على الكبير فقد. [اللالكائي في شرح أصول اعتقاد أهل السنة والجماعة]

[അബ്ദുല്ലാഹ് ബിൻ ഉകൈം പറയുന്നു: ഉമർ رَضِيَ اللهُ عَنْهُ പറയാറുണ്ടായിരുന്നു: തീർച്ചയായും ഏറ്റവും സത്യമായ വചനം അല്ലാഹുവി ൻെറ വചനമാണ്. അറിയുക! ഏറ്റവും നല്ല മാർഗ്ഗദർശനം മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗദർശനമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം പുത്തൻ നിർമ്മിതികളാണ്. എല്ലാ പുത്തൻ നിർമ്മിതികളും വഴികേടുകളാണ്. അറിയുക! ജനം നന്മയിൽ തന്നെ അവശേഷിക്കും, അവർ പക്വമതികളിൽനിന്ന് അറിവ് സ്വീകരിക്കുകയും അൽപന്മാർ പക്വമതികൾക്കു മീതെ നിൽക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം. അൽപന്മാർ പക്വമതികൾക്കു മീതെ നിന്നാൽ തീർന്നതു തന്നെ.] (ലാലകാഈ ഉദ്ധരിച്ചത്)

ആരാണ് ‘അകാബിറുകൾ’ എന്നും ആരാണ് ‘അസാഗിറുകൾ’ എന്നും മേൽ ഉദ്ധരിച്ച രിവായതുകൾ വ്യക്തമാക്കുന്നു. സുന്നത്തിനെ കുറിച്ച് ശരിയായ അറിവും ഫിഖ്ഹും ഫഹ്‌മും തദനുസൃതമായ അമലും ഉള്ള പക്വതമതികളായ പണ്ഡിതന്മാരാണ് അകാബിറുകൾ. ബിദ്അത്തുകാരും അധമന്മാരുമായ അൽപജ്ഞാനികളാണ് അസാഗിറുകൾ.

الأصاغر من أهل البدع. [اللالكائي في شرح أصول اعتقاد أهل السنة والجماعة]

[അസാഗിറുകൾ ബിദ്അത്തിൻെറ ആളുകളിൽപെട്ടവരായിരിക്കും.] (ലാലകാഈ)

ഇമാം ബർബഹാരി رَحِمَهُ اللهُ പറയുന്നു:

واعلم رحمك الله أن العلم ليس بكثرة الرواية والكتب، إنما العالم من اتبع العلم والسنن، وإن كان قليل العلم والكتب، ومن خالف الكتاب والسنة فهو صاحب بدعة، وإن كان كثير العلم والكتب. [البربهاري في شرح السنة]

[അറിയുക! – അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ – യഥാർത്ഥമായ അറിവ് എന്നത് അധികരിച്ച ഉദ്ധരണികളോ പുസ്തത്താളുകളോ അല്ല. യഥാർത്ഥ പണ്ഡിതൻ അറിവും സുന്നത്തുകളും പിൻപറ്റുന്നവനാണ്; അവൻ വിവരങ്ങളും പുസ്തകങ്ങളും കുറഞ്ഞവനായിരുന്നാൽ പോലും. ഏതൊരാൾ കിതാബിനോടും സുന്നത്തിനോടും വിയോജിക്കുന്നുവോ അവൻ ബിദ്അത്തുകാരനാണ്. അവൻ ധാരാളം വിവരങ്ങളും പുസ്തകത്താളുകളും ഉള്ളവനാണെങ്കിലും.] (ബർബഹാരി ശർഹുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)

സുന്നത്ത് അഥവാ നബി ﷺ കാണിച്ച മാർഗ്ഗം, അതാണ് യഥാർത്ഥ അറിവ്. ബിദ്അത്തിനെ കുറിച്ചുള്ള അധികരിച്ച വിവരങ്ങൾ അറിവില്ലായ്മ മാത്രമേ വർദ്ധിപ്പിക്കുകയുള്ളു. പുറത്തുനിന്ന് നോക്കിക്കാണുന്ന പാമരജനങ്ങൾക്ക് അൽപന്മാർ പറയുന്നതും അറിവല്ലേ എന്ന് തോന്നാം. യഥാർത്ഥത്തിൽ അവർ അറിവുകെട്ടവരാണ്. അവരുടേത് അഭീഷ്ടങ്ങൾക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങളും വഴികേടുകളും മാത്രമാണ്.

عن علي رَضِيَ اللهُ عَنْهُ قال: سمعت رسول الله ﷺ يقول: يأتي في آخر الزمان قوم حدثاء الأسنان، سفهاء الأحلام، يقولون من قول خير البرية، يمرقون من الإسلام كما يمرق السهم من الرمية، لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم، فإن قتلهم أجر لمن قتلهم يوم القيامة. [البخاري في صحيحه]

[അലി رَضِيَ اللهُ عَنْهُ പറയുന്നു. അല്ലാഹുവിൻെറ റസൂൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: അവസാന കാലത്ത് ഒരു പറ്റം ആളുകൾ വരാനിരിക്കുന്നു. പ്രായം കുറഞ്ഞവരും വിവേകശൂന്യരുമായവർ. മാനവശ്രേഷ്ഠനായ നബി യുടെ വചനങ്ങൾ അവർ ഉദ്ധരിക്കും. ഉരുവിനെ തുളച്ച് അമ്പ് പുറത്തുപോകുന്നതു പോലെ അവർ ഇസ്‌ലാമിനെയും തുളച്ച് പുറത്ത് പോകും. അവരുടെ ഈമാൻ തൊണ്ടക്കുഴികൾ വിട്ടുകടക്കില്ല. അവരെ എവിടെ വെച്ചുകണ്ടാലും നിങ്ങൾ കൊലപ്പെടുത്തുക. അവരെ കൊല ചെയ്യുന്നവർക്ക് അന്ത്യനാളിൽ പ്രതിഫലമുണ്ട്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഈ ഹദീസ് ശരിയാം വിധം വിശകലനം ചെയ്യുകയാണെങ്കിൽ ധാരാളം ഗുണപാഠങ്ങൾ ലഭിക്കാനുണ്ട്. നബി യുടെ വാക്ക് ഉദ്ധരിച്ച് സംസാരിക്കുന്ന എല്ലാവരും ഒരു പോലെയല്ല. വാഗ്‌ചാതുരിയും ഉദ്ധരണികളുടെ ധാരാളിത്തവുമല്ല അറിവും ദീനും സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ. അറിവ് (علم) എന്നു പറയുന്നത് ശേഖരിച്ചു വെക്കുകയോ മനഃപാഠമാക്കുകയോ ചെയ്യുന്ന കുറേ വിവരങ്ങളല്ല. യഥാവിധം പ്രാവർത്തികമാക്കാത്ത വിവരങ്ങൾ അറിവായിത്തീരുകയില്ല. വിവരങ്ങൾ ശരിയായ സ്രോതസ്സുകളിൽനിന്നുള്ളത് മാത്രമായിരിക്കണം. മര്യാദകൾ പാലിച്ചുകൊണ്ട് യോഗ്യരായ പണ്ഡിതന്മാരുടെ ശിക്ഷണത്തിൽ അത് കരസ്ഥമാക്കുകയും പ്രവർത്തനശേഷിയുള്ള അറിവായി ജീവിതത്തിലേക്ക് അതിനെ പകർത്തുകയും ചെയ്യുണം. അറിവ് നേടുന്നത് ഏകനായ അല്ലാഹുവിന്നു വേണ്ടി, അവൻെറ തൃപ്തി കരസ്ഥമാക്കാനും സ്വർഗ്ഗം നേടി അവിടെ വെച്ച് അവൻെറ മുഖം ദർശിക്കുന്നതിനു വേണ്ടിയും മാത്രമായിരിക്കണം. സ്വന്തം ജീവിതത്തിലേക്ക് അത് പകർത്തുമ്പോൾ മുഹമ്മദ് നബി യുടെ മാതൃക നിശിതമായി പിന്തുടരണം. മതകാര്യങ്ങളിലുള്ള സൂക്ഷ്മതയും അല്ലാഹുവിന്നുള്ള അർപ്പണവുമാണ് പക്വമായ അറിവിൻെറ ലക്ഷണങ്ങൾ. അഭീഷ്ടങ്ങളുടെയും ബിദ്അത്തിൻെറയും ആളുകളോടല്ല, സുന്നത്തിൻെറ വാഹകരായ പക്വമതികളായ ജ്ഞാനികളോടാണ് മതകാര്യങ്ങൾ ചോദിക്കേണ്ടതും അറിവ് പഠിക്കേണ്ടതും.

മതകാര്യങ്ങളെല്ലാം നിർണ്ണയിക്കുന്നത് അല്ലാഹുവാണ്. അവൻ ജിബ്‌രീൽ മുഖേന മുഹമ്മദ് നബി ക്ക് അത് പഠിപ്പിച്ചുകൊടുത്തു. വഹ്‌യിലൂടെ ലഭിച്ച കാര്യങ്ങൾ അവിടുന്ന് ദീനിൻെറ പ്രഥമ അഭിസംബോധിതരായ സ്വഹാബികളെ പരിശീലിപ്പിച്ചു. അവർ രണ്ടാം തലമുറക്കാരായ താബിഉകൾക്കും അവർ മൂന്നാം തലമുറക്കാരായ താബിഉത്താബിഉകൾക്കും അത് സത്യസന്ധമായി കൈമാറി. ഉത്തമരായ ഈ മൂന്ന് തലമുറകളെ കുറിച്ച് നബി പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ قَالَ: خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ. [البخاري في صحيحه]

[അബ്ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ എൻെറ തലമുറക്കാരാണ്. പിന്നെ അവരുടെ തൊട്ടടുത്ത തലമുറ. പിന്നെ അവരുടെ തൊട്ടടുത്ത തലമുറയും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

സച്ചരിതരായ ഈ മൂന്നു തലമുറകളെയാണ് വിശാലമായ അർത്ഥത്തിൽ പൂർവ്വസൂരികൾ അഥവാ സലഫുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇവർക്കു ശേഷമുള്ളവരെ പിൻതലമുറകൾ അഥവാ ഖലഫുകൾ (خلف) എന്നും പറയുന്നു. വഹ്‌യിലൂടെ ലഭിച്ച ദീനീവിജ്ഞാനങ്ങളുടെ വാഹകരായി വർത്തിക്കുകയും വിനിമയം നടത്തുകയും ചെയ്തത് ആദ്യകാലങ്ങളിൽ സലഫുകൾ മൊത്തത്തിലായിരുന്നു. എന്നാൽ പിൻതലമുറകളിൽ അത് പ്രാമാണികരായ പണ്ഡിതന്മാരിൽ ഒതുങ്ങി. അറിവിൻെറ ഈ വിനമയ പ്രക്രിയയെ കുറിച്ച് നബി പറയുന്നത് കാണുക:

عَنْ إِبْرَاهِيمَ بْنِ عَبْدِ الرَّحْمَنِ الْعُذْرِيِّ قَالَ: قَالَ رَسُولُ اللَّهِ : يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ، وَانْتِحَالَ الْمُبْطِلِينَ، وَتَأْوِيلَ الْجَاهِلِينَ. [الآجري في الشريعة، وصححه الألباني]

[ഇബ്റാഹീം ബിൻ അബ്ദിറഹ്‌മാൻ അൽ ഉദ്‌രി നിവേദനം. നബി പറഞ്ഞു: പിൻതലമുറകളിൽ ഈ അറിവ് വഹിക്കുക അതിലോരോന്നിലുമുള്ള യോഗ്യരായ നീതിമാന്മാരായിരിക്കും. അതിരുവിട്ടവർ വരുത്തുന്ന ഭേദഗതികളെയും വ്യജവാദികൾ നടത്തുന്ന അപനിർമ്മിതികളെയും വിവരംകെട്ടവർ ചമക്കുന്ന ദുർവ്യാഖ്യാനങ്ങളെയും അവർ നിരാകരിക്കും.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)

പ്രമാണവും പ്രയോഗവും

ഖുർആനും സുന്നത്തും സഹാബത്ത് മനസ്സിലാക്കിയ അതേ പ്രകാരം മുതിർന്നവരിൽനിന്ന് കേട്ടും കണ്ടും പഠിച്ചു പോന്നവരാണ് അറിവിൻെറ വാഹകർ. ആദ്യഘട്ടത്തിൽ അറിവിൻെറ വിനിമയം പുരോഗമിച്ചത് നബി ൽനിന്ന് സഹാബത്തിലേക്കും അവരിൽനിന്ന് താബിഉകളിലേക്കും അവരിൽനിന്ന് താബിഉത്താബിഉകളിലേക്കുമാണ്. പിന്നീട് വന്ന ഓരോ തലമുറയിലെയും യോഗ്യരായ പണ്ഡിതന്മാർ ഈ അറിവിൻെറ വാഹകരായി നിലക്കൊള്ളുകയും പിൻതലമുറക്കത് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്തു. പണ്ഡിതന്മാരുടെ ധർമ്മം മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന ഓരോ പ്രശ്നത്തിൻെറയും മതവിധി പ്രമാണങ്ങളിൽ നിന്ന് കണ്ടെത്തുകയാണ്. തുടർന്ന്, പ്രമാണ ലബ്ധമായ ആ അറിവ് നിലവിലുള്ള സവിശേഷ സന്ദർഭത്തിൽ എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്ന് ജനങ്ങളെ പഠിപ്പിക്കുകയാണ്. അവർ സ്വന്തം വാക്കുകളിലേക്കോ സ്വാഭിപ്രയാങ്ങളിലേക്കോ അല്ല ജനങ്ങളെ ക്ഷണിക്കുക. വ്യക്തിപരമായ യുക്തികൾക്കും അഭിപ്രായങ്ങൾക്കും അഭീഷ്ടങ്ങൾക്കും ദീനിൽ യാതൊരു സ്ഥാനവുമില്ലെന്നാണ് അവർ നിരന്തരം ജനങ്ങളെ ഉണർത്തിക്കൊണ്ടിരിക്കുക. എന്നാൽ പണ്ഡിതന്മാർ മാനുഷികമായ അബദ്ധങ്ങളിൽനിന്ന് മുക്തരല്ല. അവരിൽനിന്നും സംഭവിക്കുന്ന അബദ്ധങ്ങളിൽ അവരെ പിന്തുടരാൻ പാടില്ലാത്തതുമാണ്. ഉലമാക്കളുടെ വാക്കുകൾ പ്രമാണങ്ങളല്ല. അവക്ക് അപ്രമാദിത്വവുമില്ല. അവർ പ്രമാണങ്ങൾ പിന്തുടരുന്നവരാണ്. അവരുടെ വാക്കുകൾക്ക് പ്രമാണ രേഖകളുടെ പിൻബലം തേടേണ്ടതുമാണ്. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നത് കാണുക:

فإن أقوال العلماء يحتج لها بالأدلة الشرعية، لا يحتج بها على الأدلة الشرعية. [ابن تيمية في مجموع فتاويه]

[നിശ്ചയമായും പണ്ഡിതന്മാരുടെ വാക്കുകൾ സ്ഥാപിക്കേണ്ടത് പ്രമാണങ്ങളിൽനിന്നുള്ള തെളിവുകൾ കൊണ്ടാണ്. അവയെ പ്രമാണരേഖകൾക്കെതിരിൽ തെളിവാക്കാവതല്ല.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ഇസ്‌ലാമിക പ്രമാണങ്ങൾക്കനുസൃതമായി സമുദായത്തെ ശരിയായ ശിക്ഷണ ശീലങ്ങളിൽ വളർത്തുന്നവരാണ് പണ്ഡിതന്മാർ. അവരാണ് റബ്ബാനിയ്യുകൾ. അവർ ജനങ്ങളുടെ ബുദ്ധിപരവും മാനസികവുമായ പക്വതക്കനുസരിച്ച് അനുചിതമായ അറിവുകളാണ് അവരെ അഭ്യസിപ്പിക്കുക. ചെറുതും ലളിതവുമായ കാര്യങ്ങളിൽ തുടങ്ങി സൂക്ഷ്മവും ബൃഹത്തുമായ കാര്യങ്ങളിലേക്ക് ക്രമാനുഗതമായി പുരോഗമിക്കുന്ന ശിക്ഷണരീതിയാണ് അവർ പിന്തുടരുക. വിശ്വാസകാര്യങ്ങളിൽ തുടങ്ങും. പിന്നീട് ഖുർആൻ ഘട്ടം ഘട്ടമായി പഠിപ്പിക്കും. അതിലൂടെ ഈമാൻ ദൃഢീകരിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും. പഠിതാവിൻെറ കഴിവും ക്ഷമയും പരിഗണിക്കും. ഉൾക്കൊള്ളാൻ ആവശ്യമായ പരിപക്വനം സിദ്ധിച്ചിട്ടില്ലാത്തവരോട് വലിയ കാര്യങ്ങൾ പറഞ്ഞ് അല്ലാഹുവും റസൂലും കളവാക്കപ്പെടുന്ന സ്ഥിതിവിശേഷം ഒഴിവാക്കും. അവരാണ് നബിമാരുടെ അനന്തരാവകാശികൾ. പ്രമാണങ്ങളുടെ ശരിയായ പ്രായോഗ രൂപങ്ങൾ അവരുടെ നിലപാടുകളിലൂടെ വരച്ചു കാണിച്ചു തരും. സ്ഥലകാല വ്യത്യാസങ്ങൾക്കനുസരിച്ച് കടന്നുവരുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ പ്രമാണബദ്ധമായി വിലയിരുത്തുകയും അതിനനുസരിച്ച് ഇടപെടുകയും ചെയ്യും. പ്രമാണവാക്യങ്ങൾ ഏതു സന്ദർഭത്തിൽ എങ്ങനെയാണ് പ്രായോഗിക്കേണ്ടത് എന്നറിയാതെ ഇരുട്ടിൽ തപ്പുന്ന ആളുകൾ ധാരാളമുണ്ട്. മിക്കപ്പോഴും അവർ ഫിത്നഃയിൽ അകപ്പെടുകയാണുണ്ടാവുക. ഉലമാക്കളുടെ കൂടെ സഹവസിക്കുകയും പ്രമാണങ്ങൾക്ക് അനുസരിച്ച് ജീവിതത്തിലെ ഓരോ പ്രശ്നത്തിലും അവർ സ്വീകരിച്ചു പോരുന്ന നിലപാടുകൾ കണ്ടു മനസ്സിലാക്കുകയും ചെയ്യുന്നവർ ഫിത്നഃകളിൽനിന്ന് സുരക്ഷിതരായിരിക്കും.

قال ربيعة بن عبد الرحمن: الناس في حجور علمائهم كالصبيان في حجور آبائهم. [ابن بطة في الإبانة الكبرى]

[റബീഅഃ ബ്‌നു അബ്ദിറഹ്‌മാൻ رَحِمَهُ اللهُ പറയുന്നു: പണ്ഡിതന്മാരുടെ നിയന്ത്രണത്തിലുള്ള ജനങ്ങൾ പിതാക്കളുടെ മടിത്തട്ടിൽ കിടക്കുന്ന കുഞ്ഞുങ്ങളെ പോലെയാണ്.] (ഇബ്‌നു ബത്വഃ അൽ ഇബാനതുൽ കുബ്റായിൽ ഉദ്ധരിച്ചത്)

ഫിത്നഃ ബാധിക്കാതിരിക്കണമെങ്കിൽ ഒന്നുകിൽ ദീൻ കാര്യങ്ങളിൽ മതിയായ അറിവു വേണം, അല്ലെങ്കിൽ പക്വമതികളായ പണ്ഡിതന്മാരുടെ സംരക്ഷണത്തിലായിരിക്കണം. ഫിത്നഃയുടെ യാഥാതർത്ഥ്യമെന്തെന്നും അതിൽനിന്നുള്ള സംരക്ഷണം എങ്ങനെ സാധ്യമാകുമെന്നും ഹുദൈഫഃ വിവരിക്കുന്നത് കാണുക:

قال حذيفة بن اليمان رَضِيَ اللهُ عَنْهُ: ما تضرك الفتنة ما عرفت دينك، إنما الفتنة إذا اشتبه عليك الحق والباطل فلم تدر أيهما تتبع، فتلك الفتنة. [ابن أبي شيبة في مصنفه]

[ഹുദൈഫഃ رَضِيَ اللهُ عَنْهُ പറയുന്നു: നി ൻെറ ദീൻ നിനക്ക് അറിയുന്നിടത്തോളം കാലം ഫിത്നഃ നിനക്ക് ദോഷംവരുത്തില്ല. സത്യവും അസത്യവും വേർതിരിക്കാനാവാതെ നീ ആശയക്കുഴപ്പത്തിലാവുകയും ഏതു പിന്തുടരണമെന്ന് അറിയാതിരിക്കുകയും ചെയ്യുന്നതാണ് ഫിത്നഃ. അതാണ് ഫിത്നഃ.] (ഇബ്‌നു അബീ ശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്)

ദീനിനെ ബാധിക്കുന്ന ഫിത്നഃയാണ് ഏറ്റവും വലുത്. അത് നമ്മെ വലിയ പ്രതിസന്ധിയിലും ആശയക്കുഴപ്പത്തിലുമാക്കും. അങ്ങനെ നാം ഏതാണ് സത്യം, ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ കഴിയാതെ വലയും. ഫിത്നഃയെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നതെന്നു പോലും മനസ്സിലാവില്ല. അങ്ങനെ പിശാച് നമ്മെ ചതിക്കുഴിയിൽ വീഴ്ത്തുകയും ചെയ്യും. ഹസനുൽ ബസ്വ്‌രി പറയുന്നത് കാണുക:

قال الحسن البصري: إن هذه الفتنة إذا أقبلت عرفها كل عالم، وإذا أدبرت عرفها كل جاهل. [أبو نعيم في حلية الأولياء]

[തീർച്ചയായും ഈ ഫിത്നഃ മുന്നിട്ടു വരുമ്പോൾ തന്നെ പണ്ഡിതന്മാർക്ക് അതിനെ തിരിച്ചറിയാൻ സാധിക്കും. പാമരന്മാർക്കത് തിരിച്ചറിയാൻ കഴിയുക അവ പിന്തിരിഞ്ഞു പോകുമ്പോൾ മാത്രമാണ്.] (അബു നുഐം ഹിൽയതുൽ ഔലിയായിൽ ഉദ്ധരിച്ചത്)

സത്യത്തിൻെറ മുഖാവരണം അണിഞ്ഞുകൊണ്ടായിരിക്കും ഫിത്നഃകൾ കടന്നുവരുന്നത്. ഖവാരിജുകളെ കുറിച്ച് നബി ﷺ പറഞ്ഞതു പോലെ, മാനവശ്രേഷ്ഠനായ നബി ﷺ യുടെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരിക്കും അവർ ഫിത്നഃ പ്രചരിപ്പിക്കുക. ആവരണം നീക്കി ഉള്ളിലൊളിപ്പിച്ച അസത്യത്തെ തിരിച്ചറിയുന്നത് പണ്ഡിതന്മാർ മാത്രമാണ്. അവരുടെ കൂടെ സഹവസിക്കുകയും അവരുടെ സംരക്ഷണ വലയത്തിൽ ഒതുങ്ങിനിൽക്കുകയും ചെയ്യുന്നവർ ഫിതനഃകളിൽനിന്ന് രക്ഷപ്പെടും. നശിപ്പിക്കേണ്ടതെല്ലാം നശിപ്പിച്ച് ഫിത്നഃ സമൂഹത്തിൽനിന്ന് തിരിച്ചുപോകുന്ന വൈകിയ വേളയിലായിരിക്കും ജാഹിലുകൾ കാര്യങ്ങൾ തിരിച്ചറിയുക. അപ്പോഴേക്കും പുറത്ത് കടക്കാൻ കഴിയാത്തവിധം അവരതിൽ അകപ്പെട്ടിരിക്കും.

അറിവി ൻെറ തീരമണയുക

ജീവിതത്തിലുണ്ടാകുന്ന സകലമാന പ്രശ്നങ്ങളിലും അല്ലാഹുവിൻെറയും റസൂലിൻെറയും വിധി അംഗീകരിക്കുകയും പ്രമാണങ്ങളിൽ വന്ന കൽപനകൾ പ്രായോഗവൽക്കരിക്കേണ്ട ശരിയായ രീതി പണ്ഡിതന്മാരിൽനിന്ന് മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുകയല്ലാതെ മറ്റൊരു വഴിയും വിശ്വാസിയുടെ മുന്നിലില്ല. അറിവിൻെറ കേന്ദ്രങ്ങളിൽനിന്ന് അകന്നു നിൽക്കുകയും പണ്ഡിതന്മാരുമായുള്ള സഹവാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് സത്യനിഷേധവും കാപട്യവുമാണ്. അല്ലാഹു പറയുന്നു:

﴿الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنْزَلَ اللَّهُ عَلَى رَسُولِهِ وَاللَّهُ عَلِيمٌ حَكِيمٌ﴾ (التوبة: 97)

[അഅ്റാബികൾ കടുത്ത കുഫ്റിലും നിഫാഖിലുമാണ്. അല്ലാഹു അവൻെറ ദുതന് അവതരിപ്പിച്ച അതിർ വരുമ്പുകളെ കുറിച്ച് അറിവില്ലാതിരിക്കുന്നതിന് ഏറ്റവും അർഹരുമാണവർ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയായ അധികാരസ്ഥനുമാകുന്നു.] (തൗബഃ 97)

എന്തുകൊണ്ടാണ് അഅ്റാബികൾ കടുത്ത കുഫ്റിലും നിഫാഖിലും അകപ്പെട്ടുപോയതെന്ന് ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ജരീർ رَحِمَهُ اللهُ വ്യക്തമാക്കുന്നത് കാണുക:

لقلة مشاهدتهم لأهل الخير، فهم لذلك أقسى قلوبا وأقل علما بحقوق الله. [ابن جرير في تفسيره]

[നല്ലവരുമായുള്ള ചാർച്ചയുടെ കുറവു കാരണത്താലാണത്. അങ്ങനെ അവർ ഹൃദയം വളരെ കടുത്തുറച്ചവരും അല്ലാഹുവിനോടുള്ള കടമകളെ കുറിച്ച് നന്നേ അറിവു കുറഞ്ഞവരുമായി.] (ഇബ്‌നു ജരീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഇമാം ബഗവി ഖതാദഃയിൽനിന്ന് رَحِمَهُما اللهُ ഉദ്ധരിക്കുന്നത് കാണുക:

هم أقل علما بالسنن، وذلك لبعدهم عن سماع القرآن ومعرفة السنن. [البغوي في تفسيره]

[സുന്നത്തുകളെ കുറിച്ച് ഏറ്റവും അറിവു കുറഞ്ഞവരാണവർ. ഖുർആൻ കേൾക്കുന്നതിൽനിന്നും സുനനുകൾ മനസ്സിലാക്കുന്നതിൽനിന്നുമുള്ള അകൽച്ചയാണ് അതിനു കാരണം.] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)

പണ്ഡിതന്മാരോട് ചോദിക്കുമ്പോൾ

ഉപകാരപ്രദമായ ചോദ്യങ്ങളാണ് അല്ലാഹുവും റസൂലും പ്രോത്സാഹിപ്പിച്ചത്. യോഗ്യരായ ആളുകളോട് മാത്രമായിരിക്കണം ആ ചോദ്യങ്ങൾ. പക്വമതികളായ സുന്നത്തിൻെറ പണ്ഡിതന്മാരാണ് ചോദിക്കപ്പെടാൻ അർഹതയുള്ളവർ. അവരുമായി സഹവസിക്കുകയും അവരോട് ആവശ്യമായ കാര്യങ്ങൾ അതിൻെറ മര്യാദകൾ പാലിച്ച് ചോദിക്കുകയും ചെയ്യണം. അവർ വിവരിച്ചു തരുന്ന കാര്യങ്ങൾ താത്വികമായും പ്രായോഗികമായും വിലയിരുത്തി പഠിക്കണം. എങ്കിൽ മാത്രമേ കുഫ്റിൽനിന്നും നിഫാഖിൽ നിന്നും രക്ഷപ്രാപിക്കുകയുള്ളു. ഫിത്നഃകളിൽനിന്ന് രക്ഷ ലഭിക്കുകയുള്ളു. തർക്കത്തിനും കേവലമായ വിവര ശേഖരണത്തിനും അറിവിൻെറ ആഴം അളക്കുന്നതിനുമൊക്കെ ചോദിക്കുന്ന അനാവശ്യമായ ചോദ്യങ്ങളെ അല്ലാഹുവും അവൻെറ റസൂലും വിലക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു പറയുന്നു.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِنْ تُبْدَ لَكُمْ تَسُؤْكُمْ وَإِنْ تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا وَاللَّهُ غَفُورٌ حَلِيمٌ﴾ (المائدة: 101)

[സത്യവിശ്വാസികളെ! ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾ ചോദിക്കരുത്. അവ നിങ്ങൾക്ക് വെളിവാക്കപ്പെട്ടാൽ നിങ്ങൾക്കത് ദോഷം വരുത്തും. ഖുർആൻ അവതരിപ്പിക്കുന്ന സമയത്ത് അവയെപ്പറ്റി നിങ്ങൾ ചോദിച്ചാൽ അവ നിങ്ങൾക്ക് വെളിവാക്കപ്പെടും. അല്ലാഹു അവ ഒഴിവാക്കിയിരിക്കുകയാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം സഹിക്കുന്നവനുമാണ്.] (മാഇദഃ 101)

عَنِ المُغِيرَةِ بْنِ شُعْبَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: إِنَّ اللَّهَ حَرَّمَ عَلَيْكُمْ عُقُوقَ الأُمَّهَاتِ، وَمَنْعًا وَهَاتِ، وَوَأْدَ البَنَاتِ، وَكَرِهَ لَكُمْ قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةَ المَالِ. [البخاري في صحيحه]

[മുഗീറതു ബിൻ ശുഅ്ബഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: മാതാക്കളെ ധിക്കരിക്കലും ബാധ്യതപ്പെട്ടത് തടുക്കലും അനർഹമായത് അവകാശപ്പെടലും പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടലും അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. കേട്ടുകേൾവികൾ പ്രചരിപ്പിക്കലും അധികരിച്ച വിഡ്ഢിച്ചോദ്യങ്ങൾ ഉന്നയിക്കലും സമ്പത്ത് പാഴാക്കാലും അല്ലാഹു നിങ്ങൾക്ക് വെറുത്തിരിക്കുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

عن أبي هريرة رَضِيَ اللهُ عَنْهُ، قال رسول الله ﷺ: ذَرُونِي مَا تَرَكْتُكُمْ، فَإِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِكَثْرَةِ سُؤَالِهِمْ وَاخْتِلَافِهِمْ عَلَى أَنْبِيَائِهِمْ، فَإِذَا أَمَرْتُكُمْ بِشَيْءٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، وَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَدَعُوهُ. [مسلم في صحيحه]

[അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഞാൻ നിങ്ങൾക്ക് ഒഴിവാക്കിത്തന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ വിട്ടേക്കുക. നിങ്ങൾക്കു മുമ്പുള്ളവർ നശിച്ചത് അവരുടെ അനാവശ്യമായ ചോദ്യങ്ങളാലും അമ്പിയാക്കളോടുള്ള വിയോജപ്പിനാലുമായിരുന്നു. ഞാൻ നിങ്ങളോട് ഒരു കാര്യം കൽപിച്ചാൽ കഴിയുന്നത്ര നിങ്ങളത് നിർവ്വഹിച്ചുകൊള്ളുക. ഞാൻ ഒരു കാര്യം വിലക്കിയാൽ അതു നിങ്ങൾ പരിവർജ്ജിക്കുകയും ചെയ്യുക.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ, ഇസ്‌ലാം ദീനിൻെറ സ്രോതസ്സ് വഹ്‌യ് മാത്രമാണ്. ഖുർആനിലും സുന്നത്തിലും അത് രേഖപ്പെട്ടു കിടക്കുന്നു. അവ രണ്ടിലുമുള്ള മൂലവാക്യങ്ങൾ സ്വഹാബത്ത് മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത പ്രകാരത്തിൽ വേണം നാം സ്വീകരിക്കാൻ. മതകാര്യങ്ങൾ പഠിക്കേണ്ടത് ഗുരുമുഖത്തു നിന്നാണ്, അതും നിർദ്ദേശിക്കപ്പെട്ട മര്യാദകൾ പാലിച്ചുകൊണ്ടു മാത്രം. ഗുരുനാഥന്മാർ ഇസ്‌ലാമിക മാനദണ്ഡങ്ങളനുസരിച്ച് യോഗ്യരായിരിക്കണം. യോഗ്യതയില്ലാത്തവരിൽ നിന്ന് അറിവ് നേടാവതല്ല. കാരണം, ഈ അറിവു തന്നെയാണ് പരലോകത്ത് നാം വിസ്തരിക്കപ്പെടുന്ന ദീൻ. മതകാര്യങ്ങളെ കുറിച്ച് ചോദിക്കാനും അറിവ് പഠിക്കാനും യോഗ്യരായ പണ്ഡിതന്മാരെ എല്ലാ തലമുറകളിലും അല്ലാഹു നിലനിർത്തിയിട്ടുണ്ട്. അറിവിൻെറ സ്വകീയമായ ആർജ്ജനം എന്നത് (Autodidactism) ഇസ്‌ലാമിക രീതിയിൽപെട്ടതല്ല. ഇസ്‌ലാംമത വിജ്ഞാനീയങ്ങളുടെ പഠന പ്രക്രിയയിൽ അധ്യാപകനാണ് പ്രാധാന്യം, പുസ്തകങ്ങൾക്കല്ല. അഹ്ലുസ്സുന്നഃയുടെ പണ്ഡിതന്മാർ റബ്ബാനികളായിരിക്കും. അവർ നബി ﷺ യുടെ അനന്തരാവകാശികളാണ്. അവരുടെ ശിക്ഷണത്തിലും നിയന്ത്രണത്തിലും ജീവിക്കുക എന്നത് എല്ലാ വിധ ഫിത്നഃകളിൽനിന്നുള്ള സംരക്ഷണം കൂടിയാണ്.

വിശുദ്ധ ഖുർആൻ വിവരണമോ മറ്റേതെങ്കിലും ഗ്രന്ഥങ്ങളോ പണ്ഡിതന്മാർക്ക് പകരമാവില്ല. ഒരു ഖുർആൻ പരിഭാഷയും അൽപം അറബി ഭാഷയും ചേർത്ത് അയത്ന ലളിതമായി വേവിച്ചെടുക്കാവുന്നതല്ല ശറഈ വിജ്ഞാനം. അങ്ങനെ ചില തെറ്റിദ്ധാരണകൾ സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്നു. അവക്കെല്ലാം ഉപകരണപരമായ പങ്ക് മാത്രമേയുള്ളു. ഇക്കാര്യം മാന്യ വായനക്കാർ സൂക്ഷ്മമായി മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു. കാര്യം ഇസ്‌ലാം ദീനാണെങ്കിൽ അത് സച്ചരിതരായ മുൻഗാമികളുടെ മാതൃകയനുസരിച്ചു തന്നെ വേണം കൈകാര്യം ചെയ്യാൻ. അപ്പോൾ മാത്രമേ നാം അല്ലാഹുവി ൻെറ അനുഗ്രഹാശിസ്സുകൾക്ക് അർഹരായിത്തീരുകയുള്ളു.